Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 16

പൊതുസമൂഹത്തിന്റെ നിലനില്‍പാണ്‌ പ്രധാനം

കെ.എം റഷീദ്‌

``കുണ്ടോട്ടി അങ്ങാടീല്‌ മനുഷ്യത്തോല്‌ കൊണ്ടാണത്രെ ചെരിപ്പുണ്ടാക്കുന്നത്‌'' ``നേരോ'' ``പിന്നെ പൂക്കോട്ടൂരൊക്കെ അവരു പിടിച്ചടക്കിയത്രെ. അമ്പലമൊക്കെ നിസ്‌കാരപ്പള്ളിയാക്കി മാറ്റി'' ``എന്റെ ഈശ്വരന്മാരേ'' ``ശര്‍ശരാന്ന്‌ ആളുകളെ പിടിച്ച്‌ മാര്‍ഗം കൂട്ടുന്നുണ്ടത്രെ'' ``സര്‍ക്കാര്‍ ഇതു നോക്കി നില്‍ക്കാണോ'' ``യുദ്ധം നടക്കുന്നുണ്ടത്രെ. ഇന്നലെ അയ്യപ്പന്‍ നായരു ചന്തയില്‍നിന്ന്‌ വന്നപ്പോ എന്തൊക്കെ കഥകളാണ്‌ പറഞ്ഞത്‌'' ``കലി വന്നു'' ``കലി മുഴുത്തു'' `` ചേലക്കലാപം പോലെത്തന്നെ'' ``എന്തിനാ ഇവരു പുറപ്പെടുന്നത്‌'' ``രാജ്യം പിടിക്കാനും കൊള്ളയടിക്കാനും'' ``മാര്‍ഗം കൂട്ടുന്നതോ'' ``അവരൊക്കെ മാപ്പിളമാരല്ലേ?'' ``ഗാന്ധിം മാപ്പിളയാ'' ``പിന്നല്ലേ! അപ്പുക്കുട്ടന്‍ ഇന്നാള്‌ അയാളുടെ ചിത്രം കാട്ടിത്തന്നു. തലമൊട്ടയടിച്ച്‌ തൊപ്പിയും വെച്ചിട്ടുണ്ട്‌'' മാനുഷിക ബന്ധങ്ങളുടെ ഉജ്വലമായ കഥ പറഞ്ഞ ഉറൂബിന്റെ `സുന്ദരികളും സുന്ദരന്മാരും' എന്ന നോവലില്‍നിന്നുള്ള ഭാഗമാണിത്‌. മതപരിവര്‍ത്തനത്തിന്റെയും സാമൂഹികമായ കുഴമറിച്ചിലിന്റെയും കാലമായ 1920-കളുടെ പൊതുബോധത്തെ ഈ പരാമര്‍ശങ്ങള്‍ നന്നായി വ്യക്തമാക്കുന്നുണ്ട്‌. സാമൂഹിക ശ്രേണികള്‍ നിറഞ്ഞ കാര്‍ഷികബദ്ധ കാലത്തിന്റെ നിയമങ്ങളെ ശിഥിലമാക്കിയ സംഭവമായിരുന്നു അക്കാലത്തെ മതപരിവര്‍ത്തനങ്ങള്‍. നോവലിസ്റ്റ്‌ തുടര്‍ ഭാഗങ്ങളില്‍ വ്യക്തമാക്കുന്ന പോലെ സത്യത്തേക്കാള്‍ ഊതിവീര്‍പ്പിച്ച കഥകളായിരുന്നു അന്ന്‌ പ്രചരിച്ചവയില്‍ ഏറെയെങ്കിലും, നമ്മുടെ സാമൂഹിക ബോധത്തില്‍ അപരബോധത്തിന്റെ നിര്‍മിതിയില്‍ ഇത്‌ വല്ലാതെ സ്വാധീനം ചെലുത്തുന്നുണ്ട്‌. നോവലിസ്റ്റ്‌ തന്നെ `ആ മുസല്‍മാന്‍' എന്ന നിലക്കാണ്‌ മുസ്‌ലിം കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത്‌. കുമാരനാശാന്റെ `ദുരവസ്ഥ' ഇതിന്റെ മറ്റൊരു ഉദാഹരണമാണ്‌. മതപരവും വംശീയവുമായ തര്‍ക്കങ്ങളുടെ ആകെത്തുകയാണ്‌ നമ്മുടെ ചരിത്രമെന്നും അതില്‍ മതങ്ങള്‍ക്കതീതമായ സ്‌നേഹ സാഹോദര്യത്തിന്റെ നിമിഷങ്ങള്‍ക്ക്‌ ഒട്ടും ഇടമില്ലെന്നുമല്ല ഇപ്പറഞ്ഞതിന്‌ അര്‍ഥം. എന്നാല്‍, ഇത്തരം യാഥാര്‍ഥ്യങ്ങളെ കണ്ടില്ലെന്ന്‌ നടിച്ചുകൊണ്ടുള്ള സാമൂഹിക വിമര്‍ശനങ്ങള്‍ വസ്‌തുതാപരമാകില്ല. സാമൂഹികമായി താഴ്‌ന്ന ഇടങ്ങളിലേക്ക്‌ മുസ്‌ലിം സമൂഹം പ്രതിഷ്‌ഠിക്കപ്പെട്ടു എന്നതായിരുന്നു മലബാര്‍ കലാപത്തിന്റെ ഫലം. കേരളത്തിന്റെ മത, സാമൂഹിക, രാഷ്‌ട്രീയ, സാഹിത്യ മേഖലകള്‍ തുടര്‍ന്ന്‌ മുസ്‌ലിം വിഭാഗത്തോട്‌ പ്രകടിപ്പിച്ച മാനസിക പ്രതികരണങ്ങള്‍ ഇതിന്‌ തെളിവായി കാണാവുന്നതാണ്‌. ഇക്കാരണത്താല്‍ മാനവികവും സദാചാരപരവുമായ നിലപാടുകള്‍ അടങ്ങിയ ഒരു സമൂഹം എന്ന പരിഗണന പലപ്പോഴും മുസ്‌ലിംകള്‍ക്ക്‌ ലഭിച്ചില്ല. സാമ്പത്തികമായ പിന്നാക്കാവസ്ഥ കാരണം ജോലിപരമായ പ്രാതിനിധ്യം നന്നേക്കുറവായിരുന്നു. അറുപതുകളോടെ രാഷ്‌ട്രീയപരമായി മുസ്‌ലിംലീഗ്‌ ശക്തിപ്പെടുമ്പോള്‍ പോലും നിയമസഭാ സ്‌പീക്കര്‍, ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ വഹിക്കാന്‍ പാര്‍ട്ടി പ്രാഥമികാംഗത്വം രാജിവെക്കണമെന്ന നിബന്ധന വന്നത്‌ ഈ മനോഭാവത്തിന്റെ തുടര്‍ച്ചയാണ്‌. ഒന്നുകില്‍ ക്രൂരന്‍, അല്ലെങ്കില്‍ കോമാളി- മുസ്‌ലിം വ്യക്തിത്വത്തിന്‌ നമ്മുടെ സാഹിത്യം, സിനിമ എന്നിവ നല്‍കിയ പരികല്‍പനകള്‍ ഇതാണ്‌. നിരുപദ്രവിയായ അയല്‍ക്കാരന്റെ വേഷങ്ങളിലും ചിലപ്പോള്‍ അവതരിപ്പിക്കപ്പെടുമെങ്കിലും അയാളുടെ മതപരമായ അസ്‌തിത്വത്തെ നിഷ്‌കാസനം ചെയ്‌തുകൊണ്ടായിരിക്കും അത്‌ സംഭവിക്കുക. അയാളുടെ പേരിനെ അപ്രസക്തമാക്കും വിധം മതപരമായ അടയാളങ്ങള്‍ കഥാപാത്രത്തില്‍നിന്ന്‌ നീക്കിക്കൊണ്ടാവും ഇത്‌. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും കൊമേഴ്‌സ്യല്‍ ചിത്രങ്ങളുടെ പൊതുവായ ഫോര്‍മുല പോലും ഇതായിരുന്നു. സിനിമ, രാഷ്‌ട്രീയം, കല തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം പ്രമുഖരുടെ ജോലിപരമായ നിലനില്‍പ്‌ ഇത്തരം യാഥാര്‍ഥ്യങ്ങളോട്‌ സമരസപ്പെട്ടാണിരിക്കുന്നത്‌.മതപരമായ വ്യക്തിത്വത്തിന്‌ മേല്‍ അണിയുന്ന മതേതരത്വത്തിന്റെ മേല്‍കവചമാണ്‌ ഇവരുടെ വിജയത്തിന്റെ രസതന്ത്രമായി പ്രവര്‍ത്തിക്കുന്നത്‌. സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ ദേഹപരിശോധനക്കും ചോദ്യം ചെയ്യലുകള്‍ക്കും വിധേയമാക്കിയപ്പോള്‍ അത്‌ വ്യക്തിപരമായ കാര്യം മാത്രമാണെന്നാണ്‌ ഷാറൂഖ്‌ ഖാനും മമ്മൂട്ടിയും പ്രതികരിച്ചത്‌. തന്റെ ഭാര്യ ഹിന്ദുവാണെന്നും വീട്ടില്‍ ഖുര്‍ആനും ബൈബിളും ഗീതയുമെല്ലാം പഠിപ്പിക്കുന്നുവെന്നും ഷാറൂഖ്‌ എപ്പോഴും ഉരുവിടുന്നു. മതപരമായി താന്‍ ഒരിക്കലും വിവേചനത്തിന്‌ വിധേയമായിട്ടില്ലെന്ന്‌ മമ്മൂട്ടിയും പറയുന്നു. മമ്മൂട്ടിയുടെ നടനെന്ന നിലക്കുള്ള അംഗീകാരം പോലും സവര്‍ണ മേലങ്കിയുള്ള കഥാപാത്രങ്ങളുടെ വിജയകരമായ അവതരണത്തിലൂടെയാണെന്ന്‌ ഇതിനകം നിരീക്ഷിക്കപ്പെട്ടു. എം.ടി വാസുദേവന്‍ നായര്‍, കെ.ടി ജോര്‍ജ്‌, ഹരിഹരന്‍ തുടങ്ങിയ സംവിധായകരിലൂടെയാണ്‌ ഇത്‌ സംഭവിച്ചത്‌. ഓസ്‌കാര്‍ അംഗീകാരത്തിന്‌ അര്‍ഹനായപ്പോള്‍ താന്‍ ഓംകാരത്തിന്റെ നാട്ടില്‍നിന്നാണ്‌ വരുന്നത്‌ എന്നാണ്‌ റസൂല്‍ പൂക്കുട്ടി പ്രതികരിച്ചത്‌. മുന്‍ ഇന്ത്യന്‍ പ്രസിഡന്റ്‌ അബ്‌ദുല്‍ കലാം, ക്രിക്കറ്റ്‌ താരം അസ്‌ഹറുദ്ദീന്‍, നടന്‍ ആമിര്‍ഖാന്‍, സെയ്‌ഫ്‌ അലിഖാന്‍ എന്നിവരുടെയെല്ലാം അനുഭവങ്ങള്‍ ഇതിന്‌ സാക്ഷി. ഈ പൊതുബോധത്തിന്‌ കോട്ടംതട്ടുന്ന തരത്തില്‍ ഇവര്‍ പ്രതികരിച്ചപ്പോഴെല്ലാം അത്‌ വന്‍ കോലാഹലങ്ങള്‍ക്ക്‌ ഇടയാക്കിയിട്ടുണ്ട്‌. ഒരു മുസ്‌ലിമായതിന്റെ പേരില്‍ തനിക്ക്‌ മുംബൈയില്‍ ഒരു വീട്‌ പോലും തരപ്പെടുന്നില്ല എന്ന ശബാന ആസ്‌മിയുടെ വെളിപ്പെടുത്തലിനോടുള്ള പ്രതികരണം ഇതിന്‌ മികച്ച തെളിവാണ്‌. ഇത്തരമൊരു സാഹചര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ പോലൊരു പ്രസ്ഥാനം വിമര്‍ശിക്കപ്പെടുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇസ്‌ലാം എന്നത്‌ പേരില്‍ തന്നെ ഉള്‍ക്കൊള്ളുന്നതും അതിന്റെ പ്രചാരണം ലക്ഷ്യമായി കരുതുന്നതും പൊതുവേ, മതേതരത്വമെന്ന മേലങ്കി അണിയുന്ന കേരളീയ പൊതുബോധത്തില്‍ ഈ പ്രസ്ഥാനത്തെ ശത്രുപക്ഷത്ത്‌ നിര്‍ത്താന്‍ പര്യാപ്‌തമായിരുന്നു. ലോട്ടറി, മദ്യനിരോധനം തുടങ്ങിയ കാര്യങ്ങളില്‍ മുസ്‌ലിം ലീഗ്‌ എടുക്കാറുള്ള സാംസ്‌കാരികമായ വിഛേദിത നിലപാടുകള്‍ സാധ്യമല്ല എന്നതും ജമാഅത്തിനെ മതമൗലിക നിര്‍വചനത്തില്‍ നിര്‍ത്തി. വിഭജനവും മലബാര്‍ കലാപവും കഴിഞ്ഞ ഒരു വിഷമ സാഹചര്യമായിരുന്നു ജമാഅത്ത്‌ പ്രവര്‍ത്തനമാരംഭിച്ച നാല്‍പതുകളിലെ കേരളം. ഇത്തരം അനുഭവങ്ങള്‍ കാരണം മതമെന്നത്‌ വിഷമകരമായി മാത്രം വിവക്ഷിക്കപ്പെടുന്ന ഒന്നായിത്തീര്‍ന്നിരുന്നു. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ ഈ സാഹചര്യം ഉപയോഗപ്പെടുത്തി വളര്‍ന്നു. മതത്തെക്കുറിച്ച്‌ പരന്ന വ്യാപകമായ പുഛവും മതവിശ്വാസികളിലെ അപകര്‍ഷബോധവുമായിരുന്നു ഇതിന്റെ ഫലം. ഈ സാഹചര്യത്തില്‍, മതത്തിന്റെ സാംഗത്യത്തെ സ്ഥാപിക്കേണ്ടത്‌ അനിവാര്യതയായി കരുതുന്ന, സാമൂഹികമായി ഉയര്‍ന്ന വിഭാഗത്തിന്റെ മാനസികമായ താല്‍പര്യമാണ്‌ ജമാഅത്ത്‌ പിറവിയുടെ കാതല്‍ എന്ന്‌ അനുമാനിക്കാവുന്നതാണ്‌. തുടക്കം മുതല്‍തന്നെ പുസ്‌തക പ്രസാധനവും ആശയ സംവാദവും പ്രവര്‍ത്തന മാര്‍ഗമായി സ്വീകരിച്ചത്‌ വഴി ജമാഅത്ത്‌ സ്വയം തന്നെ നിലനില്‍ക്കാനാഗ്രഹിച്ച ഇടത്തെ വ്യക്തമാക്കുന്നുണ്ട്‌. 1948 ജനുവരി 30-ന്‌ കോഴിക്കോട്ട്‌ ആദ്യ ഘടകം രൂപീകൃതമാവും മുമ്പ്‌ തന്നെ 1945-ല്‍ ഇസ്‌ലാമിക്‌ പബ്ലിഷിംഗ്‌ ഹൗസ്‌ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. 1949-ല്‍ പ്രബോധനം പ്രസിദ്ധീകരണം തുടങ്ങി. പ്രത്യക്ഷമായിത്തന്നെ ഇസ്‌ലാമിനെ പൊതുസമൂഹവുമായി സംവാദക്ഷമമാക്കുകയാണ്‌ ഈ പ്രസിദ്ധീകരണങ്ങള്‍ ചെയ്‌തത്‌. ഇതര ആശയങ്ങളിലുള്ളവരുമായി തുറന്നതും ജീവസ്സുറ്റതുമായ സംവാദ സാധ്യതകള്‍ തുറക്കാന്‍ ജമാഅത്തിനായി. സമുദായങ്ങള്‍ തമ്മിലുള്ള ജനാധിപത്യപരമായ ബന്ധത്തിന്റെ സൃഷ്‌ടിപ്പിനും ഇത്‌ വഴിയൊരുക്കി. ഹിന്ദുസമൂഹത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലൂടെ ഈഴവ സമുദായം രാഷ്‌ട്രീയ ശക്തിയാര്‍ജിച്ചതിന്‌ അനുരോധമായി മുസ്‌ലിം ലീഗിലൂടെ മുസ്‌ലിംകളും ഇക്കാര്യത്തിന്‌ ശ്രമം നടത്തിയിരുന്നു. തദനുസൃതമായി സാഹിത്യപരവും സൈദ്ധാന്തികവുമായ ഇടങ്ങളില്‍ ഹിന്ദുസമൂഹത്തില്‍ നായര്‍ സമൂഹം ചെയ്‌തതിന്‌ തുല്യമാണ്‌ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കിയതെന്ന്‌ കാണാം. അറുപതുകളോടെ കേരളത്തില്‍ ശക്തമായ മുന്നണി രാഷ്‌ട്രീയം മുസ്‌ലിംലീഗിന്‌ കൂടുതല്‍ പ്രാമുഖ്യമുള്ള ഇടം നല്‍കുന്നുണ്ട്‌. മലബാര്‍ കലാപത്തോടെ തകര്‍ന്ന സാമൂഹിക ബന്ധത്തിന്റെ കൂട്ടിച്ചേര്‍ക്കല്‍ കൂടിയായിരുന്നു ഇത്‌. ഏതെങ്കിലും തരത്തില്‍ ഇടതുപക്ഷ സ്വഭാവമുള്ള പാര്‍ട്ടികളുമായായിരുന്നു ഈ സഖ്യങ്ങളെല്ലാം. എന്നാല്‍,1985-ലെ ശരീഅത്ത്‌ വിവാദത്തോടെ മുസ്‌ലിംലീഗുമായുള്ള ബന്ധം കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ വിഛേദിച്ചത്‌ കേരളത്തിലെ സാമുദായികമായ ബന്ധങ്ങള്‍ക്ക്‌ സാരമായി ദോഷം വരുത്തുന്നതായി കാണാം. ഏതാണ്ട്‌ മലബാര്‍ കലാപത്തിന്റെയോ വിഭജനത്തിന്റെയോ മാനസികാവസ്ഥയിലേക്ക്‌ വീണ്ടും മുസ്‌ലിം സമൂഹം എടുത്തെറിയപ്പെടുകയായിരുന്നു ഇതുവഴി. സാംസ്‌കാരികമായ ഈ എടുത്തെറിയപ്പെടലിന്റെ കാലത്ത്‌ ജമാഅത്ത്‌ മുസ്‌ലിം സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത നേടുന്നതായി കാണാം. ശരീഅത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി പറയുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചുകൊണ്ടായിരുന്നു ഇത്‌. മുസ്‌ലിം മുഖ്യധാരയിലേക്കുള്ള ജമാഅത്തിന്റെ പ്രവേശവും ഇതിലൂടെയാണ്‌ സംഭവിക്കുന്നത്‌. 1987-ല്‍ മാധ്യമം ദിനപത്രത്തിന്റെ സ്ഥാപനത്തിലൂടെ ഇത്‌ കൂടുതല്‍ ശക്തിപ്പെട്ടു. '92-ല്‍ ബാബരിമസ്‌ജിദിന്റെ പതനത്തിന്റെ കാലത്ത്‌ മുസ്‌ലിംപൊതുബോധത്തെ രൂപീകരിക്കുന്നതില്‍ നിര്‍ണായക സ്ഥാനം മാധ്യമം നിര്‍വഹിക്കുന്നുണ്ട്‌. പ്രാഥമികമായിത്തന്നെ ഒരു ഇടതുപക്ഷ മുസ്‌ലിം ഇടത്തിന്റെ സ്ഥാപനമാണ്‌ ഇതിലൂടെ സംഭവിച്ചത്‌. 1991-ലെ ഇറാഖിന്റെ കുവൈത്ത്‌ അധിനിവേശത്തോടെ ഈ മാനസികാവസ്ഥക്ക്‌ മുസ്‌ലിം സമൂഹത്തില്‍ ഇടം ലഭിച്ചിരുന്നു. ഒരു മുസ്‌ലിം രാജ്യത്തിനെതിരായ ആക്രമണമായിരുന്നെങ്കിലും ഒരു ഭാഗത്ത്‌ അമേരിക്ക വന്നതോടെ ഇറാഖിന്റേത്‌ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടമായി വ്യഖ്യാനിക്കപ്പെട്ടു. ഇറാഖ്‌ പ്രസിഡന്റ്‌ സദ്ദാമിനുണ്ടായ ഇടതുപക്ഷ അനുഭാവം ഇതിനെ സാമ്രാജ്യത്വത്തിനെതിരായ ഇടത്‌-മുസ്‌ലിം സഖ്യമായി വളര്‍ത്തി. ബാബരി മസ്‌ജിദ്‌ തകര്‍ന്നപ്പോള്‍ കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്ന മുസ്‌ലിംലീഗ്‌, ധ്വംസനത്തിന്‌ ഉത്തരവാദിയായ കോണ്‍ഗ്രസുമായി ബന്ധം വിഛേദിക്കാതിരിക്കുന്നതും വലിയൊരു വിഭാഗത്തെ മുസ്‌ലിംലീഗില്‍നിന്ന്‌ അടര്‍ത്തി ഇടതുപക്ഷവുമായി ചേര്‍ത്തു. ബാബരി മസ്‌ജിദിന്റെ പതനം മതേതരത്വത്തിന്റെ കൂടി പതനമാണെന്ന ഇടതുപക്ഷത്തിന്റെ പ്രചാരണം ഈ ബന്ധത്തെ കൂടുതല്‍ വളര്‍ത്തി. 2006-ല്‍ കേരളത്തിലെ എല്‍.ഡി.എഫിന്റെ അഭൂതപൂര്‍വമായ വിജയത്തിന്റെ അടിസ്ഥാനപരമായ ഉറവിടം ഈ ഇടതുപക്ഷ മുസ്‌ലിം ഇടത്തിന്റെ വളര്‍ച്ചയിലാണ്‌ നിലകൊള്ളുന്നത്‌. എന്നാല്‍, പിന്നീട്‌ ഈ ബന്ധത്തെ സാധൂകരിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല എന്ന വിലയിരുത്തലിലാവണം ഇക്കാലം വരെ ഇടതുപക്ഷത്തോടൊപ്പം നിന്ന പി.ഡി.പി, ഐ.എന്‍.എല്‍ എന്നീ കക്ഷികളെ ബന്ധം ഉപേക്ഷിക്കുന്നതിലേക്ക്‌ നയിച്ചത്‌. സി.പി.എമ്മില്‍ രൂപപ്പെട്ട വിഭാഗീയതക്കും ഇക്കാര്യത്തില്‍ നിര്‍ണായകമായ സ്വാധീനമുണ്ട്‌. അടിസ്ഥാനപരമായി, ഒരു മതസംഘടനയുടെ അടിത്തറയുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ നിലപാടുകള്‍ പൊതുസമൂഹത്തിലും മുസ്‌ലിം സമൂഹത്തിലും ഏറെ ചര്‍ച്ചകള്‍ക്ക്‌ വിധേയമായിട്ടുണ്ട്‌. ഒട്ടൊരു കൗതുകത്തോടെയും ചിലപ്പോഴൊക്കെ ആശ്ചര്യത്തോടെയുമാണ്‌ പൊതുസമൂഹം ജമാഅത്തിന്റെ ഇടത്‌ ചായ്‌വിനെ കണ്ടത്‌. പഴയ ശരീഅത്ത്‌ തര്‍ക്കങ്ങള്‍ മനസ്സിലുള്ളവര്‍ക്ക്‌ ഒട്ടും രുചിക്കുന്നതല്ല ഈ ബന്ധം. മറുഭാഗത്ത്‌ മതനിഷേധികളുമായി മുസ്‌ലിംകളെ കൂട്ടിക്കൊടുക്കലാണ്‌ ഇത്തരം ബന്ധമെന്ന്‌ മതവാദികളും ആരോപിക്കുന്നു. 2006-ലെ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എല്‍.ഡി.എഫിനെ പിന്തുണക്കാനുള്ള തീരുമാനത്തിനെതിരായി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഈ വാദം വ്യക്തമാക്കുന്നുണ്ട്‌. രണ്ടുതരത്തിലായാലും ജമാഅത്തിന്റെ രാഷ്‌ട്രീയ നിലപാടുകള്‍ പുതിയൊരു രാഷ്‌ട്രീയ അവബോധം സൃഷ്‌ടിച്ചതായി കാണാം. മതമോ പാര്‍ട്ടിയോ നോക്കാതെ കഴിവിന്റെയും മൂല്യബദ്ധതയുടെയും അടിസ്ഥാനത്തിലുള്ള ഒരു വോട്ടിങ്‌ രീതി മുസ്‌ലിംസമൂഹം പരിചയിക്കുന്നത്‌ ജമാഅത്തിലൂടെയാണ്‌. കേരളത്തില്‍ നിര്‍ണായകമായ ജനസംഖ്യയുള്ള സമുദായങ്ങള്‍ എന്ന നിലയില്‍ ഈഴവരും മുസ്‌ലിംകളും തമ്മിലുള്ള സംഘര്‍ഷ സാധ്യത ലഘൂകരിക്കാനും ഇത്‌ വഴിയൊരുക്കുന്നുണ്ട്‌. കേരള രാഷ്‌ട്രീയത്തില്‍ ഇടതുപക്ഷവുമായി മുസ്‌ലിം സംഘടനകള്‍ക്ക്‌ ബന്ധം നിലനിന്ന കാലത്ത്‌ കാര്യമായ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായില്ല എന്നത്‌ ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കാം. നാദാപുരം, പൂന്തുറ, മാറാട്‌ കലാപങ്ങളെല്ലാം ഉണ്ടായത്‌ യു.ഡി.എഫ്‌ ഭരണകാലത്താണ്‌. 1971-ലെ തലശ്ശേരി കലാപം മാത്രമാണ്‌ ഇതിന്‌ അപവാദം. അപ്പോള്‍ സി.പി.എം പ്രതിപക്ഷത്തും മുസ്‌ലിംലീഗ്‌ ഭരണപക്ഷത്തുമായിരുന്നു എന്ന കാര്യം ശ്രദ്ധേയമാണ്‌. എന്നാല്‍, കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ സ്വന്തം നിലക്ക്‌ മത്സരിക്കാനുള്ള ജമാഅത്ത്‌ തീരുമാനം ഈ ബന്ധത്തെ താളംതെറ്റിക്കുന്നുവെന്നാണ്‌ കിനാലൂരിലും കക്കോടിയിലുമെല്ലാമുണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയേറ്റ സി.പി.എമ്മിന്‌ സ്വന്തം മതേതരത്വം തെളിയിക്കാനുള്ള വടിയായി ഇത്‌ മാറുകയും ചെയ്‌തു. ഒരു ജനകീയ പ്രസ്ഥാനമായി ജമാഅത്തെ ഇസ്‌ലാമി മാറിയിട്ടില്ലെന്ന്‌ തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഫലം. മത്സരിച്ച സ്ഥാനങ്ങളില്‍ നാമമാത്രമായ എണ്ണത്തില്‍ മാത്രമേ ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍ വിജയം കണ്ടുള്ളൂ. ജമാഅത്ത്‌ പക്ഷത്തെയും എതിര്‍ പക്ഷത്തെയും അതിശയിപ്പിച്ച ഫലം കൂടിയായിരുന്നു ഇത്‌. യഥാര്‍ഥത്തില്‍, ജമാഅത്തെ ഇസ്‌ലാമിയുടെ ഇന്നത്തെ സമൂഹത്തിലുള്ള അസ്‌തിത്വവുമായി ബന്ധപ്പെട്ടതാണ്‌ ഈ പരാജയം എന്ന്‌ കാണാം. സാമൂഹികമായി നിലനില്‍ക്കുന്ന വരേണ്യബോധം കാരണം ജമാഅത്തോ സോളിഡാരിറ്റിയോ പോലുള്ള സംഘടനകള്‍ എടുക്കുന്ന മുന്‍കൈകളെ സംശയദൃഷ്‌ടിയോടെയാണ്‌ പൊതുസമൂഹം കണ്ടിരുന്നത്‌ എന്നതാണ്‌ യാഥാര്‍ഥ്യം. ചെങ്ങറ, കിനാലൂര്‍ സമരങ്ങളില്‍ സോളിഡാരിറ്റിയുടെ സാന്നിധ്യം മതമൗലിക, തീവ്രവാദസംഘടനളുടെ നുഴഞ്ഞുകയറ്റമായി ചിത്രീകരിച്ചുകൊണ്ടുളള മുഖ്യധാരാ മാധ്യമങ്ങളുടെ നിലപാട്‌ ഇതിന്‌ തെളിവാണ്‌. ഇതു കാരണം, പൊതുസമൂഹത്തിന്റെ വലിയ തോതിലുള്ള പിന്തുണ ജമാഅത്തിന്‌ ലഭിച്ചില്ല. മുസ്‌ലിം സമൂഹത്തിലാകട്ടെ, നേരത്തെ വിശദമാക്കിയ പോലെ, സാമൂഹികമായി ഉയര്‍ന്ന തലത്തിലുള്ള ഒരു വിഭാഗത്തിലാണ്‌ ജമാഅത്ത്‌ ആദ്യം മുതലേ സ്വാധീനം ചെലുത്തിയിരുന്നത്‌. അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, ബുദ്ധിജീവികള്‍ തുടങ്ങിയ വായനാ ശേഷിയുള്ള ഒരു വിഭാഗത്തിന്‌ മാത്രമേ ഘടനാപരമായിത്തന്നെ ജമാഅത്തില്‍ പ്രവേശിക്കുക എളുപ്പമായിരുന്നുള്ളൂ. ജമാഅത്തിന്റെ സൈദ്ധാന്തികവും ഇടപെടല്‍പരവുമായ ഇടം അംഗീകരിച്ചിരുന്നുവെങ്കിലും ഒരു പ്രായോഗിക പ്രസ്ഥാനമായി അതിനെ പൊതുമുസ്‌ലിം സമൂഹം കണ്ടിരുന്നില്ല എന്നതാണ്‌ സത്യം. പുറമേക്ക്‌ മറ്റുതരത്തില്‍ തോന്നാമെങ്കിലും സോളിഡാരിറ്റി അടക്കമുള്ള സംഘടനകളുടെ സമൂഹത്തിലുള്ള പ്രായോഗിക സ്വാധീനം താരതമ്യേന ദുര്‍ബലമാണെന്ന്‌ കാണാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അകലെനിന്ന്‌ കൈയടിച്ചേക്കാമെങ്കിലും സ്വന്തം പ്രസ്ഥാനമെന്ന നിലക്ക്‌ സംഘടനയുടെ കൂടെ നില്‍ക്കാന്‍ ആളുകള്‍ മടിച്ചു. സോളിഡാരിറ്റി ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ക്കുമുണ്ടായിരുന്നു ചില പ്രശ്‌നങ്ങള്‍. പൊതുവേ, നേരത്തെ തന്നെ ചര്‍ച്ച ചെയ്യപ്പെടുകയും സമൂഹത്തില്‍ കത്തിനില്‍ക്കുകയും ചെയ്‌ത പ്രശ്‌നങ്ങളിലാണ്‌ സോളിഡാരിറ്റി സ്വന്തം നിലക്ക്‌ ഇടപെട്ടത്‌. ചെങ്ങറക്കും കിനാലൂരിനും പുറമെ, മൂലമ്പിള്ളി, എന്‍ഡോസള്‍ഫാന്‍, ദേശീയപാത വികസനം പോലുള്ള സമരങ്ങള്‍ ഉദാഹരണം. എന്നാല്‍, ഇക്കാര്യത്തിലുള്ള ആത്മാര്‍ഥത ബോധ്യപ്പെടുത്തുന്നതില്‍ സംഘടന പരാജയപ്പെട്ടു. പലപ്പോഴും ഇക്കാര്യത്തിലുള്ള തുടര്‍ച്ചകള്‍ ഉണ്ടാകാതിരുന്നത്‌ ഈ പ്രവര്‍ത്തനങ്ങള്‍ ഒരു തരം ഗിമ്മിക്കാണെന്ന പ്രതീതി ജനിപ്പിച്ചു. ഉദാഹരണത്തിന്‌, മുതലാളിത്തം വലിച്ചെറിയുക എന്ന സോളിഡാരിറ്റിയുടെ പ്രഥമ മുദ്രാവാക്യം നോക്കുക. മുതലാളിത്ത ജീവിതരീതികള്‍ക്കൊപ്പം ഡിസ്‌പോസബിള്‍ സംസ്‌കാരമടക്കം ഉപേക്ഷിക്കണം എന്നതായിരുന്നു മുദ്രാവാക്യത്തിന്റെ കാതല്‍. എന്നാല്‍, അപ്പോഴും ജമാഅത്ത്‌ നിയന്ത്രണത്തിലുള്ള പള്ളികളിലും മറ്റുമുള്ള ചടങ്ങുകളില്‍ ഡിസ്‌പോസബിള്‍ ഉല്‍പന്നങ്ങള്‍ യഥേഷ്‌ടം ഉപയോഗിച്ചുപോന്നു. സൈദ്ധാന്തിക- പ്രായോഗിക തലത്തിലുള്ള ഈ വൈരുധ്യം സാധാരണ ജനത്തിന്‌ എളുപ്പത്തില്‍ പിടികിട്ടുന്ന ഒന്നായിരുന്നു. അതേസമയം, മുഖ്യധാരാ മുസ്‌ലിം സംഘടനകളുടെ നയനിലപാടുകളെ സ്വാധീനിക്കാന്‍ സോളിഡാരിക്ക്‌ കഴിഞ്ഞുവെന്നത്‌ യാഥാര്‍ഥ്യമാണ്‌. കേരളത്തില്‍ ഇനി വേണ്ടത്‌ പുകക്കുഴല്‍ വ്യവസായമല്ല എന്നും നഗരങ്ങളില്‍ വ്യവസായത്തിനെന്ന പോലെ, ഗ്രാമങ്ങളില്‍ കൃഷിക്കും ഇടം വേണം എന്നുള്ള മുസ്‌ലിം ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട്‌ ഇതിന്‌ തെളിവാണ്‌. ജമാഅത്തെ ഇസ്‌ലാമിയുടെ ജനകീയവത്‌കരണം സാധ്യമാകണമെങ്കില്‍ കൂടുതല്‍ ആത്മാര്‍ഥവും പ്രയോഗികവുമായ ശ്രമങ്ങള്‍ വേണം എന്നാണ്‌ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്‌. ജനങ്ങളെ ഗ്രസിച്ചതും വലക്കുന്നതുമായ പ്രശ്‌നങ്ങള്‍ക്ക്‌ അവരുടെ കൂടെ നിന്നുകൊണ്ടുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വേണം. മുകളില്‍നിന്നുകൊണ്ടുള്ള `ഉപദേശ, നിര്‍ദേശങ്ങ'ളില്‍നിന്ന്‌ ഏറെ വ്യത്യസ്‌തമാണ്‌ ഇക്കാര്യം. പ്രായോഗികമായി ഒരു മതസംഘടനയുടെ ചിട്ടവട്ടങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമല്ല ഇന്നും ജമാഅത്ത്‌. ക്രിസ്‌ത്യന്‍ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള പാലിയേറ്റീവ്‌, കാര്‍ഷിക സമുദ്ധാരണം പോലുള്ള പ്രവൃത്തികള്‍ മുസ്‌ലിം പള്ളികള്‍ കേന്ദ്രീകരിച്ച്‌ ഇന്നില്ല. കോഴിക്കോട്‌ ജില്ലയിലെ കൂടരഞ്ഞിയില്‍ ഉറവ്‌ എന്ന കാര്‍ഷിക പ്രസ്ഥാനത്തിന്‌ നേതൃത്വത്തിന്‌ നേതൃത്വം നല്‍കുന്നത്‌ സെബാസ്‌റ്റിയന്‍ കാഞ്ഞിരക്കാട്ടുകുന്നേല്‍ എന്ന അച്ചനാണ്‌. ചില സ്ഥലങ്ങളിലുള്ള പലിശരഹിത നിധി സംരംഭങ്ങള്‍ മാത്രമാണ്‌ ഇന്ന്‌ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ഇത്തരത്തിലുള്ള ഏക പ്രവര്‍ത്തനം. മതപരമായ തര്‍ക്കങ്ങളില്‍ കക്ഷിചേരാതിരിക്കുക എന്നത്‌ അടിയന്തരമായി ജമാഅത്ത്‌ കൈകൊള്ളേണ്ട നിലപാടാണ്‌. ഒരു മത രാഷ്‌ട്രീയ സംഘടനയായി നിലകൊള്ളാനല്ല, മതപരമായ ഉള്ളടക്കമുള്ള രാഷ്‌ട്രീയ പ്രസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ ജമാഅത്തിന്‌ കഴിയണം. സജീവ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയം എന്നത്‌ മാത്രമല്ല ഇതുകൊണ്ട്‌ അര്‍ഥമാക്കുന്നത്‌.ഇതിലെല്ലാമുപരി പൊതുസമൂഹത്തിന്‌ ജമാഅത്തിനെ കുറിച്ചുള്ള തെറ്റായ ധാരണകള്‍ ദുരീകരിക്കേണ്ടതുണ്ട്‌. ഇത്‌ ക്രമപ്രവൃദ്ധമായി മാത്രം നടക്കുന്ന പ്രക്രിയയാണ്‌. സാമൂഹികമായ കിടമത്സരങ്ങള്‍ കാരണം കൂടുതല്‍ സാമുദായിക സംഘര്‍ഷങ്ങളിലേക്ക്‌ നയിക്കുന്നതാണ്‌ ഇന്നത്തെ കേരളീയ സാഹചര്യം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഅ്‌ദനിയുമായി സി.പി.എം രൂപപ്പെടുത്തിയ ബന്ധം പാര്‍ട്ടിയുടെ ദയനീയ പരാജയത്തിലേക്ക്‌ നയിച്ചുവെന്നത്‌ ഏറെ ഞെട്ടിക്കുന്ന യാഥാര്‍ഥ്യമാണ്‌. ഒരു വേള സി.പി.എം പോലും നിനച്ചിരിക്കാനിടയില്ലാത്ത പതനം. പൊതുസമൂഹത്തിന്റെ വര്‍ഗീയവത്‌കരണമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ഈയിടെ ഇറങ്ങിയ `പാലേരിമാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ', `അന്‍വര്‍', `ട്രാഫിക്‌', `കഥ തുടരും' തുടങ്ങിയ സിനിമകളുടെ പ്രമേയം ശ്രദ്ധേയമാണ്‌. സ്‌ത്രീലമ്പടനായ മുസ്‌ലിം പ്രമാണി, ചാവക്കാട്ടെ കുഴല്‍പ്പണത്തിന്റെ നിഴലിലുള്ള തീവ്രവാദി, ഒരു ജീവന്‍ രക്ഷിക്കാന്‍ അടിയന്തരാവസ്ഥയില്‍ ഓടുന്ന ഒരു വാഹനത്തിന്‌ കടന്നുപോകാന്‍ കഴിയാത്തവിധം തടസ്സമാകുന്ന അപരിഷ്‌കൃതമായ മുസ്‌ലിം ഭൂരിപക്ഷ പ്രദേശം, ലൗ ജിഹാദ്‌ എന്നിവയാണ്‌ ഈ സിനിമകളുടെ പ്രമേയം. ഒരു സമൂഹമെന്ന നിലയില്‍ മുസ്‌ലിംകള്‍ നേടിയ സാമ്പത്തിക, സാമൂഹിക, വൈജ്ഞാനിക ഇടപെടല്‍ ശേഷി ഈ സംഘര്‍ഷത്തിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സി.പി.എം അടക്കമുള്ള പ്രസ്ഥാനങ്ങളിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളെ പോലും ഇത്തരം പ്രവണതകള്‍ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്നുണ്ട്‌. ഇടതുപക്ഷത്ത്‌ നിന്നുള്ള മുസ്‌ലിം സംഘടനകളുടെ പിന്മാറ്റം ഈ സംഘര്‍ഷത്തെ കൂടുതല്‍ ജ്വലിപ്പിച്ചേക്കാന്‍ ഇടയുണ്ട്‌. സജീവമായ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയ രംഗത്ത്‌ ജമാഅത്തെ ഇസ്‌ലാമി ഇറങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത്‌ കേരളത്തിന്റെ സാമൂഹിക ബന്ധങ്ങളെ തകര്‍ക്കാത്ത വിധമാണെന്ന്‌ ഉറപ്പുവരുത്തേണ്ടതുണ്ട്‌. സംഘടനാപരമായ വളര്‍ച്ചയേക്കാള്‍ പൊതുസമൂഹത്തിന്റെ നിലനില്‍പാണ്‌ ഏറ്റവും പ്രധാനം. (ലേഖകന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ്‌. ഇപ്പോള്‍ മാധ്യമം മലപ്പുറം യൂനിറ്റില്‍ സബ്‌ എഡിറ്ററായി ജോലി ചെയ്യുന്നു).

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം