ജാമിഅ മില്ലിയ്യയുടെ ന്യൂനപക്ഷ പദവി
നീണ്ട 23 കൊല്ലത്തിനു ശേഷം ദല്‍ഹിയിലെ പ്രസിദ്ധമായ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യക്ക് അതിന്റെ ന്യൂനപക്ഷ സ്വഭാവം തിരിച്ചുകിട്ടിയത് ഇക്കഴിഞ്ഞ ഫെബ്രുവരി 22-നായിരുന്നു. 2001 മുതല്‍ നടന്നുവന്ന സുദീര്‍ഘമായ വിചാരണയിലൂടെ അനുകൂലികളുടെയും പ്രതികൂലികളുടെയും തെളിവുകളും ന്യായങ്ങളും സൂക്ഷ്‌മമായി വിലയിരുത്തിയ ശേഷം അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷനാണ് ജാമിഅയുടെ ന്യൂനപക്ഷ പദവി പുനഃസ്ഥാപിച്ചുകൊണ്ട് വിധി പ്രസ്‌താവിച്ചത്. ഉടനെ വന്നു അതിനെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ കേസ്. ജയ്‌കുമാര്‍ എന്നൊരാള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി അടുത്ത മെയ് 18-ലേക്ക് മാറ്റിയിരിക്കുകയാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷന്റെ വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരന്റെ അപേക്ഷ കോടതി നിരസിച്ചു. കേസിലെ എല്ലാ കക്ഷികള്‍ക്കും നോട്ടീസയച്ച് മറുപടി തേടാന്‍ ഉത്തരവിടുകയും ചെയ്‌തിരിക്കുന്നു. എങ്കിലും ന്യൂനപക്ഷ പദവി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചുകൊണ്ട് നല്‍കിയ ഇടക്കാല വിധിയില്‍ കോടതി നടത്തിയ പ്രഥമ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമാകുന്നു. കമീഷന്റെ വിധി റദ്ദാക്കാനാവില്ലെന്നും ന്യൂനപക്ഷവിദ്യാഭ്യാസ കമീഷന്‍ ഈ കേസില്‍ കക്ഷിയല്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. 1968-ല്‍ ജാമിഅ മില്ലിയ്യക്ക് യൂനിവേഴ്‌സിറ്റി പദവി ലഭിച്ചതോടെ അത് ന്യൂനപക്ഷ സ്ഥാപനം അല്ലാതായിരിക്കുന്നു എന്ന ഹരജിക്കാരന്റെ വാദം കേസ് കേട്ട ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്രയും ജസ്റ്റിസ് സഞ്‌ജീവ് ഖന്നയും ഒരുപോലെ തള്ളിക്കളഞ്ഞു എന്നത് പ്രാധാന്യമുള്ള കാര്യമാകുന്നു. കോടതിയുടെ ഈ നിലപാട് മുസ്‌ലിംകള്‍ക്ക് ഏറെ ആശ്വാസദായകമാണ്. ജാമിഅയുടെ ന്യൂനപക്ഷ പദവി പുനഃസ്ഥാപിക്കുന്നതിനെ രൂക്ഷമായി എതിര്‍ക്കുന്നവരെ അതു വല്ലാതെ നിരാശപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ അര്‍ഥഗര്‍ഭമായ മൗനം ഒരുതരം അനിശ്ചിതത്വം ഉളവാക്കിയിരുന്നു. എങ്കിലും ശക്തമായ സമ്മര്‍ദത്തിനും തര്‍ക്കങ്ങള്‍ക്കും ശേഷം യൂനിവേഴ്‌സിറ്റി അധികൃതര്‍ ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷന്റെ വിധി 2011-'12 വിദ്യാഭ്യാസ വര്‍ഷം തന്നെ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി ജാമിഅയുടെ ന്യൂനപക്ഷ പദവിക്കു വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നവരെ അതു തെല്ലൊന്നുമല്ല ആഹ്ലാദിപ്പിക്കുന്നത്. ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷന്‍ അതിന്റെ വിധിക്കാധാരമായി ഉന്നയിച്ച ന്യായം ഇതാണ്: ഭരണഘടനയുടെ 30(1) വകുപ്പ് പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് ഇത്തരം വിദ്യാലയങ്ങള്‍ സ്ഥാപിച്ചു നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. ന്യൂനപക്ഷ സ്വഭാവം പുലര്‍ത്തുക അത്തരം സ്ഥാപനങ്ങളുടെ അവകാശമാണ്. ഒരു സ്ഥാപനത്തെ സര്‍ക്കാര്‍ അംഗീകരിക്കുമ്പോള്‍ അതിന്റെ ന്യൂനപക്ഷ സ്വഭാവം നിഷേധിക്കപ്പെടുന്നില്ല. ധനസഹായത്തിന്റെ കാര്യമാണെങ്കില്‍, മുസ്‌ലിംകളും നികുതിദായകരാണ്. സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തിനു മറ്റു മതവിഭാഗങ്ങള്‍ക്കുള്ളത്ര തന്നെ അവകാശം അവര്‍ക്കുമുണ്ട്. ജാമിഅ മില്ലിയ്യ സ്ഥാപിച്ച ശേഷം അതൊരിക്കലും സ്വന്തം ക്യാരക്‌ടര്‍ സ്വയം മാറ്റിയിട്ടില്ല. സര്‍ക്കാറിന്റെ അംഗീകാരവും ഗ്രാന്റും ഒരു സ്ഥാപനത്തിന്റെ ക്യാരക്‌ടര്‍ മാറ്റുന്ന ഘടകങ്ങളുമല്ല. 1988-ലെ ആക്‌ട് കൊണ്ട് മാത്രം ജാമിഅയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ മാറ്റാനൊക്കുകയില്ല. ജാമിഅയുടെ ന്യൂനപക്ഷ പദവി പുനഃസ്ഥാപിച്ച ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷന്‍ ഒരു സാധാരണ കമീഷനല്ല; അര്‍ധ ജുഡീഷ്യല്‍ കമീഷനാണ്. കമീഷനിലെ മൂന്നംഗങ്ങളും മൂന്നു മതങ്ങളുമായി ബന്ധപ്പെട്ടവരാണ്. ജസ്റ്റിസ് എം.എസ് സിദ്ദീഖി, മഹേന്ദ്ര സിംഗ്, സി. തോമസ്. ഈ വിഷയത്തില്‍ 18 സിറ്റിംഗുകള്‍ നടത്തിയ ശേഷമാണ് കമീഷന്‍ തീര്‍പ്പു കല്‍പിച്ചത്. കമീഷന്റെ മുഖ്യ കണ്ടെത്തല്‍ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. `ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി മുസ്‌ലിംകള്‍ തന്നെ സ്ഥാപിച്ചതാണെന്നും അതൊരിക്കലും സ്വന്തം നിലപാട് മാറ്റിയിട്ടില്ലെന്നുമുള്ള യാഥാര്‍ഥ്യം അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് യാതൊരു സങ്കോചവുമില്ല. എന്നിരിക്കെ സര്‍ക്കാര്‍ യൂനിവേഴ്‌സിറ്റി പദവിയും ഗ്രാന്റും നല്‍കിയതുകൊണ്ട് ആ സ്ഥാപനത്തിന്റെ ന്യൂനപക്ഷ സ്വഭാവം ഇല്ലാതാകുന്നതെങ്ങനെയാണ്?' ഒരു വന്‍ ഗൂഢാലോചനയുടെ ഫലമായിട്ടാണ് 1988-ല്‍ ജാമിഅക്ക് ന്യൂനപക്ഷ പദവി നഷ്‌ടപ്പെട്ടത്. ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷന്റെ വിധി വന്നപ്പോള്‍ അത് നടപ്പിലാകുന്നത് തടയാന്‍ തല്‍പര കക്ഷികള്‍ വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നു. ദല്‍ഹി ഹൈക്കോടതിയില്‍ കേസ് വന്നത് ആ ഗൂഢാലോചനയുടെ ഭാഗമായി വേണം കാണാന്‍. കോടതിയെ സമീപിച്ചത് ഒരു വ്യക്തിയാണെങ്കിലും അയാള്‍ക്ക് പിന്നില്‍ ജാമിഅയുടെ ന്യൂനപക്ഷ പദവി സഹിക്കാനാവാത്ത വലിയൊരു സംഘമുണ്ടായിരിക്കണം. യൂനിവേഴ്‌സിറ്റി അധികൃതര്‍ ന്യൂനപക്ഷ പദവി യാഥാര്‍ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചതുകൊണ്ട് ഈ ഗൂഢശക്തികള്‍ പിന്തിരിയുമെന്ന് കരുതിക്കൂടാ. ദല്‍ഹി ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവാണ്. അന്തിമവിധി വരാനിരിക്കുന്നതേയുള്ളൂ. ജാമിഅയുടെ ന്യൂനപക്ഷ സ്വഭാവം നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുന്നവര്‍ യഥാര്‍ഥ പ്രതിലോമശക്തികളെ കണ്ടെത്തുകയും അവരുടെ നീക്കങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.
Comments