സുഊദി അറേബ്യയും ജമാഅത്തെ ഇസ്‌ലാമിയും ഊഷ്‌മള സൗഹൃദത്തിന്റെ ദശകങ്ങള്‍
സുഊദി അറേബ്യയും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള സൗഹൃദ ബന്ധത്തിനും പരസ്‌പര സഹകരണത്തിനും ദശകങ്ങളുടെ പഴക്കമുണ്ട്. ഫൈസല്‍ രാജാവിന്റെ കാലം മുതല്‍ക്ക് തുടങ്ങുന്നു അത്. ജമാഅത്ത് സ്ഥാപകനായിരുന്ന ഉസ്‌താദ് അബുല്‍ അഅ്‌ലാ മൗദൂദി ഒരു ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയെക്കുറിച്ചും കഅ്‌ബയിലെ മത്വാഫ് വികസനത്തെക്കുറിച്ചും അദ്ദേഹത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. അവ ഫൈസല്‍ രാജാവ് നടപ്പില്‍ വരുത്തുകയുണ്ടായി. പാക് ജമാഅത്ത് നേതാക്കള്‍ക്ക് സുഊദിയിലെ ഭരണാധികാരികളുമായും മറ്റു ഉന്നത വൃത്തങ്ങളുമായും നല്ല ബന്ധമുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാമാബാദില്‍ നടന്ന അഖില പാക് ജമാഅത്ത് സമ്മേളനത്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെയും തത്തുല്യ ഇസ്‌ലാമികപ്രസ്ഥാനങ്ങളുടെയും മറ്റും നേതാക്കളുമൊത്ത് അന്നത്തെ പാക് അമീര്‍ ഖാദി ഹുസൈന്‍ അഹ്‌മദ് ഒരു യോഗത്തില്‍ സംബന്ധിച്ചിരിക്കുകയായിരുന്നു. ഈ ലേഖകനും അവിടെ സന്നിഹിതനായിരുന്നു. അല്‍പം കഴിഞ്ഞ് ഖാദി അഹ്‌മദ് സാഹിബ് സ്ഥലം വിട്ടു. പാകിസ്‌താന്‍ സന്ദര്‍ശിക്കുന്ന അബ്‌ദുല്ല രാജാവുമായുള്ള കൂടിക്കാഴ്‌ചക്ക്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ സുഊദി അറേബ്യയിലെ സ്ഥിരം സന്ദര്‍ശകരും സ്വീകാര്യ വ്യക്തിത്വങ്ങളുമായിരുന്നു. പരേതനായ മുന്‍ ജ മാഅത്ത് അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബ് മുസ്‌ലിം വേള്‍ഡ് ലീഗിന്റെ സജീവ അംഗമായിരുന്നു. മുന്‍ റാബിത്വ ജനറല്‍ സെക്രട്ടറി ശൈഖ് മുഹമ്മദലി അല്‍ഹറകാനുമായി അദ്ദേഹത്തിന്റെ ബന്ധം വളരെ ശക്തവും കുടുംബതുല്യവുമായിരുന്നു. ഹറകാന്റെ പ്രമേഹത്തിന് ചികിത്സയായി ദുബൈയില്‍ നിന്ന് കയ്‌പക്ക വാങ്ങിപ്പോന്നത് ഈ ലേഖകന്‍ ഇപ്പോഴും ഓര്‍ക്കുന്നു. 35 വര്‍ഷങ്ങള്‍ക്ക് മുമ്പാവണം. ഇന്ത്യന്‍ ജമാഅത്ത് നേതാക്കളെ ബഹുമാനിച്ചാദരിച്ചിരുന്ന സുഊദി അറേബ്യയിലെ മറ്റൊരു ഉന്നത വ്യക്തിത്വം ശൈഖ് ഇബ്‌നുബാസായിരുന്നു. രിയാദിലെ ഓഫീസില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചാല്‍ സംഭാഷണാവസാനത്തില്‍ അദ്ദേഹം പറയും: `അല്‍ഗദാ ഇന്‍ദനാ' (ലഞ്ച് നമ്മുടെ കൂടെ). ശൈഖിന്റെ വസതിയില്‍ ലഞ്ചിനെത്തിയാല്‍ ഒന്ന് രണ്ട് മണിക്കൂര്‍ പിന്നെ ഒരു കുടുംബസംഗമം പോലെയാണ്. ശൈഖ് നേതാക്കളെ ഭക്ഷണത്തളികക്ക് ചുറ്റും തന്റെ അടുത്ത് തന്നെ ഇരുത്തും. അന്ധനായ അദ്ദേഹം ഭൃത്യനോട് അതിഥികളെ പ്രത്യേകം ശ്രദ്ധിക്കാന്‍ പറയും. മുഹമ്മദ് യൂസുഫ് സാഹിബ് ഭക്ഷണകാര്യത്തില്‍ വളരെ പിന്നിലായിരുന്നല്ലോ. അദ്ദേഹം നല്ലപോലെ ഉണ്ടോ എന്ന് ശൈഖ് അന്വേഷിക്കും. നിലത്തിരുന്നാണ് ഭക്ഷണം കഴിക്കുക. പത്തിരുപത് അതിഥികളെങ്കിലും ഉണ്ടാവാത്ത ദിവസം ചുരുക്കം. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും വരുന്ന പണ്ഡിതന്മാരും പ്രബോധകരും പ്രസ്ഥാന നായകന്മാരും അടുത്തിരിക്കുന്ന ഇന്ത്യന്‍ ജമാഅത്ത് നേതാക്കളോട് ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതുസ്ഥിതിയും ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളും ചോദിച്ചറിയും. വലിയ താല്‍പര്യത്തോടെ, അകമഴിഞ്ഞ സ്‌നേഹത്തോടെ ശൈഖ് അന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കും. സുഹ്‌ദിലും (ഐഹിക വിരക്തി) മുസ്‌ലിം ഐക്യത്തിലും പ്രബോധന വാഞ്‌ഛയിലുമുള്ള പരസ്‌പര താദാത്മ്യം ശൈഖിന്റെയും മുഹമ്മദ് യൂസുഫ് സാഹിബിന്റെയും വ്യക്തിത്വങ്ങളെ തമ്മിലിണക്കിയെന്ന് പറയാം. ഇപ്പോഴും തുടരുന്നു സുഊദി-ജമാഅത്ത് സൗഹൃദബന്ധം ഇപ്പോഴും ശക്തമായി തുടരുന്നു. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ പ്രഫ. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ നേതൃത്വത്തിലുള്ള ജമാഅത്ത് ഡെലിഗേഷന്റെ സന്ദര്‍ശനം ഈയിടെയാണ് നടന്നത്. നാലു പേരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. സിദ്ദീഖ് സാഹിബും ഈ ലേഖകനും വിഷന്‍ 2016-ന്റെ വിദേശകാര്യ ഡയറക്‌ടര്‍ റിസ്‌വാന്‍ റഫീഖി, സഹൂലത്ത് മൈക്രോഫിനാന്‍സ് വൈസ് പ്രസിഡന്റ് അര്‍ശദ് അജ്‌മല്‍ എന്നിവരും. കിരീടാവകാശി അമീര്‍ സുല്‍ത്താനു അബ്‌ദുല്‍ അസീസിന്റെ കീഴിലുള്ള സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് അഫഴ്‌സിന്റെ (ഇസ്‌ലാമിക കാര്യങ്ങള്‍ക്കുള്ള ഉന്നത ബോഡി) അതിഥികളായാണ് ഞങ്ങള്‍ രിയാദിലെത്തിയത്. സുപ്രീം കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോക്‌ടര്‍ സ്വാലിഹ്‌ബ്‌നുല്‍ ആഇദ് ഞങ്ങളെ ഹാര്‍ദമായി സ്വീകരിക്കുകയും താമസത്തിനേര്‍പ്പാട് ചെയ്യുകയും ചെയ്‌തു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു ഡെലിഗേഷന്‍ ആഴ്‌ചകള്‍ക്ക് മുമ്പ് ദല്‍ഹിയിലെ ജമാഅത്ത് കേന്ദ്രം സന്ദര്‍ശിക്കുകയും ജമാഅത്ത് പ്രവര്‍ത്തനങ്ങള്‍ വിശിഷ്യാ വിഷന്‍ 2016 പദ്ധതികള്‍ നേരില്‍ കാണുകയും ചെയ്‌തിരുന്നു. അവിടെനിന്നാണ് ജമാഅത്ത് ഡെലിഗേഷന്റെ സുഊദി സന്ദര്‍ശം രൂപം കൊണ്ടത്. രിയാദിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെ അദ്ദേഹം രിയാദിലെ ഉന്നത വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് കൂടിക്കാഴ്‌ചക്ക് അവസരമൊരുക്കി. ആദ്യമായി ഞങ്ങള്‍ കണ്ടത് ഔഖാഫ് ഇസ്‌ലാമിക കാര്യങ്ങള്‍ക്കുള്ള മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി ഡോക്‌ടര്‍ അബ്‌ദുല്‍ അസീസ് അമ്മാറിനെയാണ്. ഇദ്ദേഹത്തെ ഞാന്‍ വളരെക്കാലമായി അറിയും. അദ്ദേഹം ഞങ്ങളെ സ്വീകരിച്ച രീതി തന്നെ ബഹുമാനസൂചകമായിരുന്നു. സാധാരണ അത്തരം ഉന്നത സ്ഥാനീയര്‍ സ്വന്തം കസേരയിലിരുന്ന് അതിഥികളെ സ്വീകരിച്ച് ഹസ്‌തദാനം ചെയ്യുകയാണ് പതിവ്. ഇവിടെ വെയിറ്റിംഗ് റൂമില്‍ കാത്തിരിക്കുന്ന ഞങ്ങളെ അവിടെ വന്ന് സ്വീകരിക്കുകയാണ് ചെയ്‌തത്. മണിക്കൂറോളം നീണ്ടുനിന്ന ഞങ്ങളുടെ സംഭാഷണത്തില്‍ ഒരുപാട് കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെട്ടു. ജമാഅത്ത് -സുഊദി ബന്ധമായിരുന്നു ഒരു മുഖ്യ വിഷയം. അദ്ദേഹം ആ നീണ്ട ബന്ധത്തെ പരാമര്‍ശിച്ച് സംസാരിച്ചപ്പോള്‍ വ്യക്തിപരമായ അദ്ദേഹത്തിന്റെ ബന്ധവും വിശദീകരിച്ചു. പാകിസ്‌താനിലെയും ഇന്ത്യയിലെയും ജമാഅത്തിനെക്കുറിച്ച് അകവും പുറവും അറിയുന്ന വ്യക്തിയാണദ്ദേഹം. രണ്ട് സംഘടനകളുടെയും നേതാക്കളെ അദ്ദേഹം നിരന്തരം സന്ദര്‍ശിക്കാറുണ്ട്. ദീര്‍ഘ സംഭാഷണത്തിന് ശേഷം പിരിയുമ്പോള്‍ അദ്ദേഹം പറഞ്ഞു: `ഇനിയും കാണണം.' സുഊദിയിലെ ഗ്രാന്റ് മുഫ്‌തി ശൈഖ് അബ്‌ദുല്‍ അസീസ് ആലുശൈഖ് ഞങ്ങളെ അദ്ദേഹത്തിന്റെ ഓഫീസില്‍ സാദരം സ്വീകരിച്ചു. ഭീമാകാരമായ ആ വെള്ളക്കെട്ടിടത്തിലേക്ക് കാലെടുത്ത് വെച്ചപ്പോള്‍ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ സലഫി പണ്ഡിതനായ ശൈഖ് ഇബ്‌നുബാസിനെ ഓര്‍ത്തുപോയി. ഇവിടെയായിരുന്നു അദ്ദേഹത്തിന്റെ ആസ്ഥാനം ഒടുവില്‍. ഗ്രാന്റ് മുഫ്‌തി ഞങ്ങളോട് ജമാഅത്ത് പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിച്ചു. അന്ധനാണദ്ദേഹം. സെക്രട്ടറിമാര്‍ പലതും വിശദീകരിച്ചുകൊടുത്തു. ജമാഅത്തിനെയും വിഷന്‍ 2016-നെയും പരിചയപ്പെടുത്തുന്ന ലഘുലേഖകളുടെ സഹായത്തോടെ. ഗ്രാന്റ് മുഫ്‌തിയുടെ അസിസ്റ്റന്റ് ശൈഖ് മുത്‌ലഖിനെയാണ് അടുത്തായി ഞങ്ങള്‍ കണ്ടത്. അദ്ദേഹവും കസേരയില്‍ നിന്നെഴുന്നേറ്റ് വന്ന് ഞങ്ങളെ സാദരം സ്വീകരിച്ചു. പിന്നെയങ്ങോട്ട് ഒരു ദീര്‍ഘ സംഭാഷണമാണ്. ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ക്ക്, വിശിഷ്യാ ഹദീസ്-തഫ്‌സീര്‍ വിജ്ഞാനീയങ്ങള്‍ക്ക് ചെയ്‌ത സേവനങ്ങളെ അദ്ദേഹം മുക്തകണ്‌ഠം പ്രശംസിച്ചു. ഹൈദരാബാദിലെ ദാറുത്തസ്‌നീഫിന്റെ വൈജ്ഞാനിക സേവനങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. ദൈര്‍ഘ്യം ഭയന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രശംസാ പത്രങ്ങള്‍ കുറെക്കൂടി ലഭിച്ചേനെ. ഇമാം മുഹമ്മദ്‌ബ്‌നു സഊദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ ഞങ്ങളെ സ്വീകരിച്ചത് ഒരു ഉന്നത ഔദ്യോഗിക ഡെലിഗേഷനെപ്പോലെയാണ്. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കായി, വിശിഷ്യാ വിദ്യാഭ്യാസ രംഗത്ത് പലതും അദ്ദേഹം ഓഫര്‍ ചെയ്‌തു. നല്ല ലോക വിവരവും ദീര്‍ഘദൃഷ്‌ടിയും വിശാലമനസ്‌കതയുമുള്ള ഒരുത്തമ വ്യക്തിത്വത്തിന്റെ ഉടമയാണദ്ദേഹം. അദ്ദേഹം നയിക്കുന്ന യൂനിവേഴ്‌സിറ്റി മുസ്‌ലിം ലോകത്ത് അതുല്യമാണെന്ന് പറയാം. ഓക്‌സ്‌ഫോര്‍ഡ്, ഹാവാര്‍ഡ് തുടങ്ങിയ ഉന്നത പാശ്ചാത്യ അമേരിക്കന്‍ യൂനിവേഴ്‌സിറ്റികളെ അഗാധമായി പഠിച്ച് അവയുടെ ദോഷവശങ്ങള്‍ ഒഴിവാക്കിയും ഗുണവശങ്ങള്‍ സ്വാംശീകരിച്ചും തയാറാക്കിയ ഒരു സ്‌കീമിന്റെ അടിസ്ഥാനത്തിലാണ് ഈ യൂനിവേഴ്‌സിറ്റി നടത്തപ്പെടുന്നത്. അമേരിക്കയടക്കം പല നാടുകളിലും അതിന്റെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു. ലോക മുസ്‌ലിം ഉമ്മക്ക് പ്രതീക്ഷ നല്‍കുന്ന ഒരു യൂനിവേഴ്‌സിറ്റിയാണത്. അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നു. സുഊദി അറേബ്യയെ അപരിഷ്‌കൃതവും പ്രാകൃതവുമാക്കി പുഛിച്ച് തള്ളുന്നവര്‍ നന്നെ ചുരുങ്ങിയത് ഈ യൂനിവേഴ്‌സിറ്റി സന്ദര്‍ശിക്കണം. 50 ചതുരശ്ര കിലോമീറ്ററില്‍, പടുകൂറ്റന്‍ ബില്‍ഡിംഗുകളിലായി പരന്ന് കിടക്കുന്ന കാമ്പസ് മുഴുവന്‍ നടന്ന് കാണാന്‍ ദിവസങ്ങള്‍ പിടിക്കും. എല്ലായിടത്തും കയറിയിറങ്ങാവുന്ന ഒരു വാഹനത്തിലൂടെ ഞങ്ങള്‍ക്കൊരു മിന്നല്‍ പര്യടനം അവര്‍ ഏര്‍പ്പാട് ചെയ്‌തു. വമിയില്‍ ഊഷ്‌മള സ്വീകരണം മുസ്‌ലിം യുവാക്കളില്‍ ഇസ്‌ലാമിക വീര്യവും പ്രാസ്ഥാനിക ചൈതന്യവും പ്രബോധനാവേശവും പകര്‍ന്നു കൊണ്ട് അരനൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ലോക മുസ്‌ലിം യുവ സംഘടനയാണ് വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത്. ഐക്യരാഷ്‌ട്ര സഭയില്‍ അംഗമായ ഈ സംഘടന യുവജനതക്ക് മാത്രമല്ല, ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും കനത്ത സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. പിന്നീട് ഈജിപ്‌തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ മുര്‍ശിദ് ആം ആയിത്തീര്‍ന്ന ശൈഖ് മുഹമ്മദ് ആഖിഫ് കുറച്ച് കാലം വമിയില്‍ പ്രവര്‍ത്തിച്ചിരുന്നു. അതിന്റെ സെക്രട്ടറി ജനറല്‍ ഡോ. സ്വാലിഹ് സുലൈമാന്‍ വുഹൈബിയുമായി ആ സ്ഥാനമേറ്റെടുത്തത് മുതല്‍ ഈ ലേഖകന് ബന്ധമുണ്ട്. ദീര്‍ഘദൃഷ്‌ടിയും വിശാല കാഴ്‌ചപ്പാടുമുള്ള ഒരു വ്യക്തിയാണദ്ദേഹം. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ ജക്കാര്‍ത്തയില്‍(ഇന്തോനേഷ്യ) നടന്ന അതിന്റെ അഖില ലോക സമ്മേളനത്തില്‍ പങ്കെടുത്തപ്പോഴാണ് അദ്ദേഹത്തിന്റെ സംഘടനാ പാടവവും നേതൃവൈഭവവും എനിക്ക് കൂടുതല്‍ ബോധ്യപ്പെട്ടത്. ഞങ്ങള്‍ രിയാദിലെ പ്രവിശാലമായ വമി കെട്ടിടത്തിലേക്കാനയിക്കപ്പെട്ടു. ഞങ്ങളുടെ സന്ദര്‍ശനത്തെക്കുറിച്ച വിവരം വളരെ അടുത്തേ കിട്ടിയിരുന്നുള്ളൂവെങ്കിലും ഡോ. വുഹൈബി സാഹ്ലാദം സ്വാഗതം ചെയ്‌തു. സ്വതസിദ്ധമായ പുഞ്ചിരിയോടെ. ഞങ്ങളുടെ ഡെലിഗേഷന്‍ ലീഡര്‍ സിദ്ദീഖ് ഹസന്‍ സാഹിബിനോടും എത്രയോ കാലം പരിചയമുള്ള പോലെയാണദ്ദേഹം പെരുമാറിയത്. പല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനിടക്ക് ളുഹര്‍ നമസ്‌കാരമായി. ഏതാണ്ട് വലിയ ഒരു പള്ളി വമി ബില്‍ഡിംഗില്‍ തന്നെയുണ്ട്. നമസ്‌കാരാനന്തരം ഡോ. വുഹൈബി സംക്ഷിപ്‌തവും എന്നാല്‍ അര്‍ഥസംപുഷ്‌ടവുമായ ഏതാനും വാക്കുകളില്‍ ഞങ്ങളെ പരിചയപ്പെടുത്തി. ആശ്ലേഷത്തിന്റെയും ആലിംഗനത്തിന്റെയും ഹസ്‌തദാനത്തിന്റെയും പരമ്പരയായിരുന്നു പിന്നെ. സ്‌നേഹ സാഹോദര്യത്തിന്റെയും ബഹുമാനാദരത്തിന്റെയും ഊഷ്‌മള പ്രകടനം. തിരിച്ച് അദ്ദേഹത്തിന്റെ ഓഫീസിലെത്തി വീണ്ടും പല കാര്യങ്ങളും ചര്‍ച്ച ചെയ്‌തു. ഇന്ത്യയില്‍ വമിയുടെ ഓഫീസ് തുറക്കുന്ന കാര്യവും ചര്‍ച്ചാ വിഷയമായി. ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹകരണക്കുറവിനാല്‍ അത് നീണ്ടുപോവുകയാണ് (ഡോ. അബ്‌ദുസ്സലാം വാണിയമ്പലം ഇപ്പോള്‍ വമിയുടെ ഇന്ത്യാ പ്രതിനിധിയാണ്). ഞങ്ങളുടെ അടുത്ത സ്റ്റോപ്പ് ജിദ്ദയിലായിരുന്നു. പരിപാടിയനുസരിച്ച് രണ്ട് ദിവസം മാത്രമേ ഇവിടെയുള്ളൂ. ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് പ്രസിഡന്റ് ഡോ. അഹ്‌മദ് മുഹമ്മദലി, ഇന്റര്‍നാഷ്‌നല്‍ ഖുര്‍ആന്‍ പാരായണ മത്സര സംഘടനയുടെ പ്രസിഡന്റും ഉന്നത പണ്ഡിതനുമായ ശൈഖ് ബസ്‌ഫര്‍, മുന്‍ റാബിത്വ സെക്രട്ടറി ജനറലും രാജാവിന്റെ ഉപദേഷ്‌ടാവുമായിരുന്ന ഡോ. അബ്‌ദുല്ലാ നസീഫ് എന്നിവരൊക്കെ ലിസ്റ്റിലുണ്ടായിരുന്നു. പക്ഷേ, മുന്‍കൂട്ടിയുള്ള അപ്പോയിന്റ്‌മെന്റുകളില്ലാത്തതിനാല്‍ പലതും മറ്റൊരു അവസരത്തിലേക്ക് നീട്ടിവെക്കേണ്ടിവന്നു. ഏതായാലും നസീഫിനെ പിടികൂടുക തന്നെ ചെയ്‌തു. ജിദ്ദയിലെ അദ്ദേഹത്തിന്റെ പുതിയ ഓഫീസിലെത്തിയപ്പോള്‍ ഫോണുകളും കടലാസുകളില്‍ ഒപ്പിടലുമായി തിരക്കുപിടിച്ച നിലയിലായിരുന്നു അദ്ദേഹം. എന്നാല്‍ വിനയാന്വിതനായ അദ്ദേഹത്തെ നാല്‍പത് വര്‍ഷത്തെ സ്‌നേഹബന്ധത്തിന്റെ ബലത്തില്‍ കോണ്‍ഫറന്‍സ് റൂമില്‍ കൊണ്ട് വന്നിരുത്തി. വിഷന്‍ 2016 പരിചയപ്പെടുത്തുന്നതില്‍ ഞങ്ങള്‍ വിജയിച്ചു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഡോ. മുഹമ്മദലിക്കും (ഐ.ഡി.ബി) പരേതനായ ഡോ. മുഹമ്മദ് അബൂയമാനിയുടെ മകന്‍ ഡോ. യാസിറിനും രണ്ട് സുപ്രധാന കത്തുകളെഴുതി ഒപ്പിട്ട് തന്നു. `ഇന്ത്യയിലെ മുസ്‌ലിം നേതാക്കള്‍' എന്നാണ് കത്തുകളില്‍ അദ്ദേഹം ഞങ്ങളെ പരിചയപ്പെടുത്തിയത്. സുഊദി അറേബ്യയുമായി ഇന്ത്യന്‍ ജമാഅത്തിന്റെ ബന്ധം ഇവിടെ അവസാനിക്കുന്നില്ല അതെഴുതാന്‍ ഇനിയുമെത്രയോ പേജുകള്‍ വേണം. ആ ബന്ധം പൂര്‍വോപരി വളരുകയും ശക്തിപ്പെടുകയുമാണ്. വലില്ലാഹില്‍ ഹംദ്.....
Comments