Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 16

നിയമസഭാ തെരഞ്ഞെടുപ്പും ജമാഅത്തെ ഇസ്‌ലാമിയും

ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌

കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്‌ പ്രക്രിയ പൂര്‍ത്തിയായി. ഫലം പുറത്തുവരാന്‍ ഒരു മാസത്തോളം കാത്തിരിക്കണം. ഇത്‌ പ്രവചനങ്ങളുടെയും കണക്കുകൂട്ടലുകളുടെയും കാലമാണ്‌. തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെട്ടത്‌ എന്തൊക്കെയാണ്‌? 2001-2006 കാലത്തെ ഐക്യ ജനാധിപത്യ മുന്നണി ഭരണവും 2006-2011 കാലത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണവും താരതമ്യം ചെയ്യപ്പെട്ടില്ല. രണ്ടിന്റെയും നേട്ട കോട്ടങ്ങള്‍ ചര്‍ച്ചാവിധേയമായതുപോലുമില്ല. മുന്നണികളുടെ പ്രകടന പത്രികകളും വാഗ്‌ദാനങ്ങളും വിശകലന വിധേയമായില്ല. സംസ്ഥാനത്തിന്റെ പുരോഗതിയും വികസനവും മുഖ്യ അജണ്ടകളിലേക്ക്‌ കടന്നുവന്നില്ല. ജനകീയ പ്രശ്‌നങ്ങള്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു. സ്ഥാനാര്‍ഥികളുടെ നന്മ-തിന്മകളോ ഗുണ-ദോഷങ്ങളോ ശക്തി-ദൗര്‍ബല്യങ്ങളോ പരിശോധിക്കപ്പെട്ടില്ല. ആകെ നടന്നത്‌ കുറേ ആരോപണ പ്രത്യാരോപണങ്ങളാണ്‌. കൂട്ടത്തില്‍ യു.ഡി.എഫ്‌ സാമുദായിക ധ്രുവീകരണം സൃഷ്‌ടിച്ചും വര്‍ഗീയ വികാരമിളക്കിവിട്ടും ഹിന്ദുവോട്ടുകള്‍ സ്വരൂപിക്കാനുള്ള ശ്രമവും നടത്തി. കുറേ വൈകാരിക പ്രശ്‌നങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമപ്പുറം നാടിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട മൗലിക വിഷയങ്ങളൊന്നും തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളില്‍ ഇടം നേടിയില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ പങ്കാളിത്തത്തോടെയും സഹകരണത്തോടെയും ദേശീയതലത്തില്‍ പുതിയ രാഷ്‌ട്രീയ പാര്‍ട്ടി വൈകാതെ രൂപം കൊള്ളുന്ന പശ്ചാത്തലത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ വളരെ സജീവമായി ഇടപെടേണ്ടതില്ലെന്നായിരുന്നു തീരുമാനം. എന്നിട്ടും ജമാഅത്ത്‌ ദിവസങ്ങളോളം മാധ്യമങ്ങളില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയും നിറഞ്ഞുനില്‍ക്കുകയും ചെയ്‌തു. അതിലൂടെ ഒരു കാര്യം അസന്ദിഗ്‌ധമായി തെളിയിക്കപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെടുകയും ചര്‍ച്ച നടത്തുകയും ചെയ്യാത്ത ഒരു പ്രധാന രാഷ്‌ട്രീയ പാര്‍ട്ടിയും ഇവിടെയില്ല. അതിന്റെ മേല്‍ നിരന്തരം വ്യാജാരോപണങ്ങളുന്നയിക്കുന്ന സംഘടനകളുടെ നേതാക്കളും സ്ഥാനാര്‍ഥികളുമെല്ലാം ജമാഅത്തിനോട്‌ വോട്ട്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്‌. ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ അവഗണിക്കാനാവാത്ത ശക്തിയാണെന്നത്‌ തന്നെയാണിതിനു കാരണം. പതിവു പോലെ ഇത്തവണയും ജമാഅത്തെ ഇസ്‌ലാമി അതിന്റെ പിന്തുണ നല്‍കുന്നതിലും വോട്ട്‌ രേഖപ്പെടുത്തുന്നതിലും പരിഗണിച്ചത്‌ സംസ്ഥാനത്തിന്റെ മുഖ്യ താല്‍പര്യങ്ങളും ജനങ്ങളുടെ ക്ഷേമവും സമൂഹത്തിന്റെ സുരക്ഷിതത്വവുമാണ്‌. തദടിസ്ഥാനത്തില്‍ 2001-2006 കാലത്തെ യു.ഡി.എഫ്‌ ഭരണവും 2006-2011 കാലത്തെ എല്‍.ഡി.എഫ്‌ ഭരണവും സൂക്ഷ്‌മമായി വിലയിരുത്തി. താരതമ്യേന മെച്ചപ്പെട്ട ഭരണം ഇടതുപക്ഷ മുന്നണിയുടേതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യ പരിഗണനയും പിന്തുണയും അവര്‍ക്ക്‌ നല്‍കാമെന്ന്‌ തീരുമാനിക്കുകയാണുണ്ടായത്‌. സംസ്ഥാന കൂടിയാലോചനാ സമിതി നല്‍കിയ മാര്‍ഗദര്‍ശനത്തിന്റെ വെളിച്ചത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരുടെയും അഭിപ്രായം ആരാഞ്ഞ ശേഷം വിശദമായ ചര്‍ച്ചക്കു ശേഷമാണ്‌ കേരള ശൂറാ തീരുമാനമെടുത്തത്‌. 2006-ല്‍ യു.ഡി.എഫ്‌ ഭരണം അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കേരളം അകപ്പെട്ട ജീര്‍ണതയുടെ ആഴവും പരപ്പും മറവിരോഗം ബാധിക്കാത്ത ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ജനം അന്ന്‌ എങ്ങനെയെങ്കിലും ഒരു മോചനം കൊതിക്കുകയായിരുന്നു. ആ ഭരണത്തെ അപേക്ഷിച്ച്‌ അഴിമതി ആരോപണങ്ങളില്‍ നിന്നും അധോലോക ആധിപത്യത്തില്‍നിന്നും താരതമ്യേന മോചിതമായ ഭരണമാണ്‌ ഈ അഞ്ചു വര്‍ഷത്തെ എല്‍.ഡി.എഫ്‌ ഭരണം. അതോടൊപ്പം ഒട്ടേറെ ജനക്ഷേമ പദ്ധതികളും നടപ്പാക്കപ്പെട്ടു. കര്‍ഷകരുടെ കടം എഴുതിത്തള്ളുകയും അവര്‍ക്ക്‌ ആശ്വാസകരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തതില്‍ കര്‍ഷക ആത്മഹത്യകള്‍ക്ക്‌ അറുതിവരുത്താന്‍ സാധിച്ചു. പൂട്ടിക്കിടന്നിരുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചു. നഷ്‌ടത്തിലായിരുന്നവ കാര്യക്ഷമമാക്കുക വഴി ലാഭകരമാക്കി; ട്രഷറികള്‍ അടച്ചുപൂട്ടേണ്ടിവന്നില്ല. വൈദ്യുതി മുടക്കവും ഒഴിവാക്കാനായി. സ്‌മാര്‍ട്ട്‌ സിറ്റി പോലുള്ളവയില്‍ സംസ്ഥാനത്തിന്റെ ഒട്ടേറെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സാധിച്ചു. പൊതു വിതരണ സംരംഭങ്ങളെ ഒരു പരിധിയോളമെങ്കിലും പിടിച്ചുനിര്‍ത്താനായി. വികസന ഭൂപടത്തില്‍ ഏറെ പുറംതള്ളപ്പെട്ടിരുന്ന മലബാര്‍ പരിഗണിക്കപ്പെടാന്‍ തുടങ്ങി. ചമ്രവട്ടം പദ്ധതി യാഥാര്‍ഥ്യമായി. വിദ്യാഭ്യാസ രംഗത്ത്‌ മുസ്‌ലിം ലീഗിന്റെ ദീര്‍ഘകാലത്തെ ഭരണത്തിനു ശേഷവും നിലനിന്നിരുന്ന തികഞ്ഞ അവഗണന ശ്രദ്ധയില്‍ കൊണ്ടുവരികയും ചിലതെല്ലാം പരിഹരിക്കാന്‍ ശ്രമങ്ങളുണ്ടാവുകയും ചെയ്‌തു. പാണക്കാട്‌ കുടുംബത്തിന്റേതുള്‍പ്പെടെയുള്ള സ്‌കൂളുകള്‍ അപ്‌ഗ്രേഡ്‌ ചെയ്യപ്പെട്ടു. 22000 പ്ലസ്‌ടു സീറ്റുകള്‍ പുതുതായി അനുവദിക്കപ്പെട്ടു. വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ യു.ഡി.എഫിനെ അപേക്ഷിച്ച്‌ ആവാസ വ്യവസ്ഥയോടും പ്രകൃതിയോടും ഇരകളോടും ഇണങ്ങുന്ന സമീപനം സ്വീകരിക്കാന്‍ ഭരണകൂടത്തിനകത്തുനിന്നുതന്നെ കുറെയൊക്കെ സമ്മര്‍ദങ്ങളുണ്ടായി. എന്നിട്ടും ജനവിരുദ്ധമായ ചില സമീപനങ്ങളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു. ഭരണകൂടത്തിന്റെ അത്തരം തെറ്റായ സമീപനങ്ങളെ ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ വിദ്യാര്‍ഥി-യുവജന സംഘടനകളും മാധ്യമങ്ങളും യഥാസമയം ശക്തമായിത്തന്നെ എതിര്‍ത്തുപോന്നിട്ടുമുണ്ട്‌. ചെങ്ങറയും മൂലമ്പള്ളിയും കിനാലൂരമെല്ലാം ഇതിന്റെ നേര്‍ സാക്ഷ്യങ്ങളാണ്‌. അതോടൊപ്പം പ്ലാച്ചിമടയിലെ ഇരകള്‍ക്ക്‌ നഷ്‌ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതും അതിനായി ട്രൈബ്യൂണല്‍ സ്ഥാപിക്കാനാവശ്യമായ നിയമനിര്‍മാണം നടത്തിയതും ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ സംരംഭമെന്ന നിലയില്‍ പ്രശംസനീയമാണ്‌. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോടും യു.ഡി.എഫ്‌ സര്‍ക്കാറിനെ അപേക്ഷിച്ച്‌ കുറേ കൂടി മാനുഷികമായ സമപീനം എല്‍.ഡി.എഫ്‌ ഭരണകൂടം സ്വീകരിക്കുകയുണ്ടായി. വല്ലാര്‍പാടം പദ്ധതി ഉദ്‌ഘാടനം ചെയ്യപ്പെട്ടത്‌ നല്ല കാര്യമാണെങ്കിലും അതിനായി മൂലമ്പള്ളിയില്‍ നിന്ന്‌ പുറംതള്ളപ്പെട്ടവര്‍ മാന്യമായി പുനരധിവസിപ്പിക്കപ്പെട്ടില്ലെന്നത്‌ സംസ്ഥാന സര്‍ക്കാറിന്റെ ഗുരുതരമായ വീഴ്‌ച തന്നെ. മെച്ചപ്പെട്ട പാക്കേജ്‌ പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും നടപ്പാക്കപ്പെട്ടില്ല. ന്യൂനപക്ഷ താല്‍പര്യങ്ങള്‍ രാജ്യത്തെ ഏറ്റം പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗമാണ്‌ മുസ്‌ലിംകള്‍. അതിനാല്‍ അവരെ ഉയര്‍ത്താനും വളര്‍ത്താനുമുള്ള ഏതൊരു ശ്രമവും ദേശീയ താല്‍പര്യങ്ങളുടെയും നാടിന്റെ പുരോഗതിക്കായുള്ള യത്‌നങ്ങളുടെയും ഭാഗമാണ്‌. ഐക്യ കേരളം നിലവില്‍ വന്ന ശേഷം മുസ്‌ലിം ലീഗിനു കൂടി പങ്കാളിത്തമുള്ള 1967-ലെ ഇ.എം.എസ്‌ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്‌ത മുന്നണി സര്‍ക്കാറാണ്‌ മുസ്‌ലിം സമുദായത്തിനും അവര്‍ കൂടുതലുള്ള മലബാറിനും എടുത്തു പറയാവുന്ന നേട്ടങ്ങളുണ്ടാക്കിയത്‌. കോണ്‍ഗ്രസ്സിന്റെയും മുത്തശ്ശി പത്രത്തിന്റെയും അതിരൂക്ഷമായ എതിര്‍പ്പുകളെ അവഗണിച്ച്‌ മലപ്പുറം ജില്ലയും കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയും സ്ഥാപിച്ചു. സ്‌പെഷ്യലിസ്റ്റ്‌ അധ്യാപകരായിരുന്ന അറബിക്‌ ടീച്ചേഴ്‌സിനെ ഭാഷാധ്യാപകരാക്കി ഉയര്‍ത്തി. ആരാധനാലയങ്ങളുടെ നിര്‍മാണത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ്‌ വരുത്തി, സംവരണം നടപ്പാക്കി. പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയില്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന പോലീസ്‌ ഇടപെടലുകള്‍ക്ക്‌ അറുതിവരുത്തി. 1967-ലെ ഇ.എം.എസ്‌ മന്ത്രിസഭക്കു ശേഷം എടുത്തോതാവുന്ന മുന്നേറ്റമുണ്ടായത്‌ ഇക്കഴിഞ്ഞ എല്‍.ഡി.എഫ്‌ ഭരണകാലത്താണ്‌. അവയില്‍ ഏറ്റവും എടുത്തു പറയാവുന്ന ഒന്നാണ്‌ അലീഗഢ്‌ ഓഫ്‌ കാമ്പസ്‌. അതിനാവശ്യമായ സ്ഥലം വളരെ സാഹസപ്പെട്ട്‌ ശരിപ്പെടുത്തിക്കൊടുത്തത്‌ ഇടതുപക്ഷ സര്‍ക്കാറാണ്‌. അലീഗഢ്‌ യൂനിവേഴ്‌സിറ്റി അഞ്ചു സംസ്ഥാനങ്ങളില്‍ ഓഫ്‌ കാമ്പസുകള്‍ അനുവദിച്ചുവെങ്കിലും പ്രയോഗവത്‌കരിക്കപ്പെട്ടത്‌ കേരളത്തില്‍ മാത്രമാണെന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. അതോടൊപ്പം പലിശരഹിത സംരംഭത്തിന്‌ മുന്നിട്ടിറങ്ങുകയും അതിനെതിരെ സുബ്രഹ്മണ്യ സ്വാമി കേരള ഹൈക്കോടതിയില്‍ കൊടുത്ത കേസിനെ ഫലപ്രദമായി നേരിട്ട്‌ വിജയിപ്പിക്കുകയും ചെയ്‌തു. ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ ന്യൂനപക്ഷ വകുപ്പ്‌ സ്ഥാപിക്കുകയും ഡയറക്‌ടറേറ്റ്‌ ഉണ്ടാക്കുകയും ചെയ്‌തു. മദ്‌റസാ അധ്യാപകര്‍ക്ക്‌ പെന്‍ഷന്‍ ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ ആദ്യമായി സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ മുസ്‌ലിം സമുദായത്തിന്റെ ശാക്തീകരണം ലക്ഷ്യമാക്കി പാലോളി കമ്മിറ്റി രൂപവത്‌കരിക്കുകയും വിശദമായ പഠനത്തിനു ശേഷം അത്‌ മുന്നോട്ട്‌ വെച്ച പല പരിപാടികളും നടപ്പാക്കുകയും ചെയ്‌തു. എന്നാല്‍ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികയില്‍ വാഗ്‌ദാനം ചെയ്‌തിരുന്ന നരേന്ദ്ര കമീഷന്‍ ചൂണ്ടിക്കാണിച്ച ബാക്‌ ലോഗ്‌ നികത്താനുള്ള പ്രായോഗിക നടപടികളൊന്നും സ്വീകരിക്കപ്പെട്ടില്ലെന്നത്‌ എടുത്ത്‌ പറയേണ്ട വീഴ്‌ചതന്നെ. വിദ്യാഭ്യാസ രംഗത്ത്‌ പലപ്പോഴായി സ്വീകരിക്കപ്പെട്ട, മതവിരുദ്ധമെന്ന്‌ തോന്നിക്കുന്ന സമീപനങ്ങള്‍ മുസ്‌ലിം സമൂഹത്തില്‍ ഭരണവിരുദ്ധ വികാരങ്ങള്‍ വളര്‍ത്താന്‍ ഒരു പരിധിയോളം കാരണമായി. ഇന്ത്യയിലുടനീളം ഭീകരവേട്ടയുടെ പേരില്‍ മുസ്‌ലിംവിരുദ്ധ വികാരം വളര്‍ത്തുകയും അവരെ അരക്ഷിതബോധത്തില്‍ അകപ്പെടുത്തുകയും നിരപരാധികളായ ചെറുപ്പക്കാരെ വേട്ടയാടുകയും ജയിലലടക്കുകയും ചെയ്‌തപ്പോള്‍ കേരളത്തിലെ ഇടതുപക്ഷ ഭരണകൂടത്തിന്‌ ഒട്ടൊക്കെ വ്യത്യസ്‌ത നിലപാട്‌ സ്വീകരിക്കാനും മുസ്‌ലിംകളില്‍ സുരക്ഷിതബോധം നിലനിര്‍ത്താനും സാധിച്ചു. ലൗ ജിഹാദ്‌ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുയര്‍ത്തി മാധ്യമങ്ങളും വലതുപക്ഷ ശക്തികളും അന്തരീക്ഷം സംഘര്‍ഷഭരിതമാക്കാനും സാമുദായിക ധ്രുവീകരണം സൃഷ്‌ടിക്കാനും ശ്രമിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കുന്നതില്‍ ഒട്ടൊക്കെ നിഷ്‌പക്ഷ നിലപാട്‌ സ്വീകരിക്കാന്‍ എല്‍.ഡി.എഫ്‌ നേതൃത്വത്തിനു സാധിച്ചു. എങ്കിലും പോലീസിനെ ഫലപ്രദമായി നിയന്ത്രിക്കുന്നതില്‍ ഭരണകൂടം വിജയിച്ചുവെന്ന്‌ പറയാനാവില്ല. അപ്രകാരം തന്നെ നീണ്ട പത്ത്‌ വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം നിരപരാധിയാണെന്ന്‌ തെളിയിക്കപ്പെട്ട്‌ പുറത്തുവന്ന അബ്‌ദുന്നാസിര്‍ മഅ്‌ദനിയെ കള്ളക്കേസുണ്ടാക്കി വേട്ടയാടാനും ജയിലലടക്കാനും തല്‍പര കക്ഷികള്‍ നടത്തിയ ശ്രമത്തോട്‌ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ധീരമോ തന്റേടത്തോടെ ഉള്ളതോ ആയില്ല. മാധ്യമങ്ങളും വലതുപക്ഷ കക്ഷികളും വര്‍ഗീയ ശക്തികളും സൃഷ്‌ടിച്ച കോലാഹലങ്ങള്‍ക്കും ബഹളങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും മുമ്പില്‍ എല്‍.ഡി.എഫ്‌ ഗവണ്‍മെന്റ്‌ പകച്ചുനില്‍ക്കുകയായിരുന്നു. തങ്ങളെ പിന്തുണച്ച അബ്‌ദുന്നാസിര്‍ മഅ്‌ദനിയോട്‌ നീതി കാണിക്കാന്‍ കഴിഞ്ഞില്ലെന്നതായിരുന്നു പ്രായോഗികാനുഭവം. ഐക്യ ജനാധിപത്യമുന്നണി സമീപനം ഇസ്‌ലാമിനോടും ഇസ്‌ലാമിക പ്രസ്ഥാനത്തോടും ഐക്യ ജനാധിപത്യ മുന്നണി സ്വീകരിച്ച സമീപനവും അവഗണിക്കാനാവുകയില്ല. മുസ്‌ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറി എം.കെ മുനീറും യൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ കെ.എം ഷാജിയും ജമാഅത്തെ ഇസ്‌ലാമിയെ മുന്നില്‍ നിര്‍ത്തി കടന്നാക്രമിച്ചതും ആക്രമിച്ചുകൊണ്ടിരിക്കുന്നതും ഇസ്‌ലാമിനെയും ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളെയുമാണ്‌. അതിനായി കടുത്ത ഇസ്‌ലാംവിരുദ്ധ ശക്തികളെ പോലും കൂട്ടുപിടിക്കാന്‍ ഒട്ടും മടിയില്ലെന്നാണ്‌ മുനീര്‍, യുക്തിവാദി നേതാവ്‌ യു. കലാനാഥനും ഹമീദ്‌ ചേന്ദമംഗല്ലരൂം മറ്റുമായി ചേര്‍ന്ന്‌ ഈയിടെ നടത്തിയ ശ്രമങ്ങള്‍ തെളിയിക്കുന്നത്‌. ഇസ്‌ലാംവിരുദ്ധ ശക്തികളുടെ അഭയകേന്ദ്രമായി മുസ്‌ലിം ലീഗ്‌ മാറിക്കൊണ്ടിരിക്കുകയാണോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും എതിര്‍ക്കാന്‍ ഇടതുപക്ഷ വേദികള്‍ ഉപയോഗപ്പെടുത്തിയിരുന്നവര്‍ക്ക്‌ അവിടെ ഇടം നഷ്‌ടപ്പെട്ടപ്പോള്‍ അത്‌ വെച്ചുനീട്ടാന്‍ ലീഗ്‌ സംസ്ഥാന സെക്രട്ടറി മുന്നോട്ട്‌ വന്നുവെന്നത്‌ ഒട്ടും അവഗണിക്കാവുന്ന കാര്യമല്ല. മുസ്‌ലിം ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പിയും ജമാഅത്തെ ഇസ്‌ലാമിയോട്‌ സ്വീകരിച്ച സമീപനവും ഒട്ടും നീതിപൂര്‍വമോ സത്യസന്ധമോ അല്ല. ജമാഅത്തെ ഇസ്‌ലാമിയുമായി നിരവധി തവണ രാഷ്‌ട്രീയ ചര്‍ച്ച നടത്തുകയും വോട്ട്‌ ആവശ്യപ്പെടുകയും ചെയ്‌ത കുഞ്ഞാലിക്കുട്ടി അതൊക്കെയും പൂര്‍ണമായും നിഷേധിച്ചു. ലീഗ്‌ നേതാക്കള്‍ ജമാഅത്ത്‌ നേതാക്കളുമായി നിരവധി തവണ ചര്‍ച്ച നടത്തിയതിനും വോട്ട്‌ ആവശ്യപ്പെട്ടതിനും ഈ ലേഖകന്‍ സാക്ഷിയും പങ്കാളിയുമാണ്‌. എം.കെ മുനീര്‍ പോലും ജമാഅത്തെ ഇസ്‌ലാമി ഓഫീസില്‍ വരികയും വോട്ട്‌ ചോദിക്കുകയും ചെയ്‌തിട്ടുണ്ട്‌. മുസ്‌ലിം സമുദായത്തിന്റെ നേരെയെന്നപോലെ ജമാഅത്തിന്റെ നേരെയും കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല സ്വീകരിച്ച സമീപനവും ഒട്ടും നീതിപൂര്‍വകമല്ല. തീരെ സത്യസന്ധവുമല്ല. തലേക്കുന്നില്‍ ബഷീറും ടി.എച്ച്‌ മുസ്‌തഫയും എം.എം ഹസ്സനും തങ്ങളുടെ മതേതര വ്യക്തിത്വം തെളിയിക്കാനുള്ള ബദ്ധപ്പാടില്‍ ജമാഅത്തിന്റെ മേല്‍ തികച്ചും വ്യാജമായ ആരോപണങ്ങളാണുന്നയിച്ചത്‌. വയലാര്‍ രവിയുടെ സമീപനവും സത്യസന്ധതക്ക്‌ ഒട്ടും ചേര്‍ന്നതല്ല. ഇത്തരം വിവിധങ്ങളായ കാരണങ്ങളാലാണ്‌ ഇടതുപക്ഷത്തിന്‌ മുഖ്യ പരിഗണന നല്‍കാന്‍ ജമാഅത്തെ ഇസ്‌ലാമി തീരുമാനിച്ചത്‌. ജനങ്ങളുടെ ഭരണാനുഭവം തന്നെയാണ്‌ ഇതില്‍ പ്രധാനം. എന്നാല്‍, ചില പ്രത്യേക സാഹചര്യങ്ങളും പ്രവര്‍ത്തകരുടെ വ്യത്യസ്‌തമായ അഭിപ്രായങ്ങളും പരിഗണിച്ച്‌ ഈയൊരു തീരുമാനത്തില്‍ നിന്ന്‌ വ്യത്യസ്‌തമായി ഏതാനും മണ്ഡലങ്ങളില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥികളെയും പരിഗണിക്കാന്‍ ജമാഅത്ത്‌ തീരുമാനിച്ചു. പ്രസ്ഥാന പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളാണ്‌ ഈ തീരുമാനത്തിന്റെ പ്രധാന അടിസ്ഥാനം. ആഭ്യന്തര ജനാധിപത്യത്തിന്‌ സംഘടന ഇതഃപര്യന്തം നല്‍കിപ്പോന്ന പരിഗണനയുടെ സ്വാഭാവിക തുടര്‍ച്ച മാത്രമാണിത്‌.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം