Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 16

സയണിസമല്ല ജൂതായിസമെന്ന്‌ റബ്ബിസംഘം

സയണിസമല്ല ജൂതായിസമെന്ന്‌ റബ്ബിസംഘം -

- സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രവാചക മാതൃക പുനരുജ്ജീവിപ്പിച്ച് ഡോ. യൂസുഫുല്‍ ഖറദാവി, സയണിസത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ജൂതറബ്ബിമാരുമായി നടത്തിയ ആശയവിനിമയം കാലഘട്ടത്തിന്റെ തേട്ടമായി. ഖത്തറിലെ ഓഫീസില്‍ ഒരു കൂട പൂക്കളും സമാധാന സന്ദേശവുമായി ഖറദാവിയെ കാണാനെത്തിയ റബ്ബിസംഘത്തിന് ഡോ. ഖറദാവി ഹൃദ്യമായ സ്വീകരണം നല്‍കി. 2008ല്‍ നടന്ന അവിസ്മരണീയമായ മറ്റൊരു കൂടിക്കാഴ്ചയുടെ ചില്ലിട്ട് സൂക്ഷിച്ച ഓര്‍മച്ചിത്രവും അവര്‍ ശൈഖിനു കൈമാറി. അങ്ങേയറ്റം ഊഷ്മളവും ഹൃദയംഗമവുമായ ആ കൂടിക്കാഴ്ച ലോകത്തിനു കൈമാറുന്ന സന്ദേശം അമൂല്യമാണ്. 2004 ജൂലൈ 15ന് താന്‍ നടത്തിയ ലണ്ടന്‍ സന്ദര്‍ശത്തിനെതിരെ സയണിസ്റുകള്‍ അഴിച്ചുവിട്ട കുപ്രചാരണങ്ങളെ ഖണ്ഡിച്ചുകൊണ്ട് പ്രസ്തുത സംഘടന നടത്തിയ പ്രസ് മീറ്റും സംഘടനാ പ്രതിനിധികള്‍ വിമാനത്താവളം വരെ തന്നെ അനുഗമിച്ചതും അനുസ്മരിച്ചാണ് ശൈഖ് തന്റെ സംഭാഷണം തുടങ്ങിയത്. 2008ല്‍ നടന്ന കൂടിക്കാഴ്ചയില്‍ സമ്മാനിക്കപ്പെട്ട ഘടികാരം ഇപ്പോഴും തന്റെ വീട്ടില്‍ തൂങ്ങുന്നുവെന്നും അദ്ദേഹം സ്നേഹപൂര്‍വം അനുസ്മരിച്ചു. ശൈഖിനെ ഒരു സെമിറ്റിക് വിരുദ്ധനായി ചിത്രീകരിക്കാനുള്ള സയണിസ്റ് ശ്രമത്തിനെതിരെ തങ്ങള്‍ നടത്തിയ ചെറുത്തുനില്‍പ് വിജയം കണ്ടു. സയണിസ്റുകള്‍ നടത്തുന്ന അതിക്രമങ്ങള്‍ യഹൂദ മതത്തിന്റെ പേരില്‍ വരവുവെക്കപ്പെടുന്നു എന്നത് ഖേദകരമാണ്. യഥാര്‍ഥ ജൂത മതവിശ്വാസികള്‍ ഇത്തരം അതിക്രമങ്ങളെ എതിര്‍ക്കുന്നുവെന്ന് ലോകം തിരിച്ചറിയണം. ന്യൂയോര്‍ക്ക്, ലണ്ടന്‍, വാഷിംഗ്ടണ്‍, കാനഡ, ജറൂസലേം എന്നിവിടങ്ങളില്‍ സയണിസ്റ് അതിക്രമങ്ങള്‍ക്കെതിരെ ജൂതമതവിശ്വാസികള്‍ നടത്തിയ പ്രകടനങ്ങളുടെയും പ്രതിഷേധ സമരങ്ങളുടെയും ഫോട്ടോകള്‍ അവര്‍ ശൈഖിനെ കാണിച്ചു. തങ്ങളെ എവിടെയും അടിച്ചമര്‍ത്താനാണ് സയണിസ്റുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിശുദ്ധഭൂമിയില്‍ അവരഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന നിഷ്ഠൂരമായ മര്‍ദനങ്ങളാണ് കൂടുതല്‍ ആളുകളെ അവര്‍ക്കെതിരില്‍ സംഘടിക്കുന്നതില്‍ നിന്നും തടയുന്നത്. ജറൂസലമിലെയും ഫലസ്ത്വീനിലെയും ലോകത്തിന്റെ ഇതര ഭാഗങ്ങളിലെയും യഹൂദര്‍ ഗസ്സക്കാരുടെ അവസ്ഥയില്‍ ദുഃഖിതരാണ്. ഫലസ്ത്വീന്‍ വിഷയത്തിലുള്ള തങ്ങളുടെ ആധി ലോകം അറിയുന്നില്ല. തങ്ങളുടെ ആന്റി-സയണിസ്റ് പ്രക്ഷോഭങ്ങള്‍ മാധ്യമങ്ങള്‍ അവഗണിക്കുന്നു - റബ്ബീ വിയസ്സ് തന്റെ സമൂഹത്തിന്റെ വികാരങ്ങള്‍ പങ്കുവെച്ചു. ഉപരോധത്തിന്റെ പിടിയിലമര്‍ന്ന ഗസ്സാവാസികള്‍ക്കിടയില്‍ അമേരിക്ക, ഇംഗ്ളണ്ട്, അധിനിവേശ ഫലസ്ത്വീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യഹൂദര്‍ മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്ന ചിത്രവും അവര്‍ ശൈഖിനെ കാണിച്ചു. വാഗ്ദത്ത ഭൂമി പൂര്‍ണാര്‍ഥത്തില്‍ ദൈവപ്രോക്തമാണ്. മനുഷ്യകരങ്ങളുടെ കൈകടത്തലുകളില്ലാതെ ലഭ്യമാകേണ്ട ഒന്നാണ് അതെന്നാണ് തൌറാത്തിന്റെ അധ്യാപനം. ബലപ്രയോഗത്തിലൂടെ ഒരു രാഷ്ട്രസ്ഥാപനം ജൂതസങ്കല്‍പത്തിലില്ല. അത്തരമൊന്ന് സ്ഥാപിതമായാല്‍ അത് വിശുദ്ധരാജ്യമല്ല, ക്രിമിനല്‍ രാജ്യമായിരിക്കും. വിജനപ്രദേശത്തുപോലും സ്ഥാപിക്കപ്പെടേണ്ടതല്ല ജൂതരാഷ്ട്രം. അത് ദിവ്യാനുഗ്രഹത്തിലൂടെ അതിഭൌതികമായി വന്നുചേരേണ്ടതാണ്. കൊള്ളയും കൊലയും, തൌറാത്തീവിരുദ്ധവും ഹീനവുമാണ്. സയണിസ്റ് അധിനിവേശങ്ങള്‍ക്ക് ഏതാണ്ട് നൂറുവര്‍ഷത്തെ പഴക്കമേയുള്ളു. അവര്‍ ജൂതമതത്തെ വെറുക്കുകയും അതിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുകയുമാണ്. മുസ്ലിംകളും ജൂതരും സൌഹാര്‍ദത്തോടെ വസിച്ചിരുന്ന ഒരു നീണ്ട ചരിത്രം നമുക്കിടയിലുണ്ട്. മുസ്ലിം നാടുകളില്‍ ജൂതര്‍ സുരക്ഷിതത്വം അനുഭവിച്ചിരുന്നു. ആട്ടിയിറക്കപ്പെട്ട ജൂതര്‍ മുസ്ലിംനാടുകളുടെ ആതിഥേയത്വം അനുഭവിച്ചുകഴിഞ്ഞവരാണ്. പ്രസിദ്ധരായ പല റബ്ബിമാരും മുസ്ലിംനാടുകളില്‍ ജീവിച്ചവരാണ് - അദ്ദേഹം തുടര്‍ന്നു. ഈ അഭിപ്രായങ്ങളോട് ശൈഖ് ഖറദാവി യോജിച്ചു. മുസ്ലിംകള്‍ എക്കാലത്തും യഹൂദരെ ആദരിച്ചുപോന്നിട്ടുണ്ട്. സ്പെയ്നില്‍നിന്നും പുറത്താക്കപ്പെട്ട യഹൂദര്‍ക്ക് അഭയമേകിയത് മുസ്ലിം നാടുകളാണ്. ഇരുകൂട്ടര്‍ക്കും സമാധാനത്തില്‍ സഹവസിക്കാനാകും. ആദര്‍ശപരമായി ഇരുവിഭാഗവും ഏകദൈവവിശ്വാസികളും വിഗ്രഹാരാധനയെ എതിര്‍ക്കുന്നവരുമാണ്. അനുഷ്ഠാനപരമായ സാമ്യതകളുമുണ്ട്. ചേലാകര്‍മം, ബലികര്‍മം, പന്നിമാംസ നിരോധം എന്നിവ ഇരുവിഭാഗത്തിലുമുള്ള അനുഷ്ഠാനപരമായ സാമ്യതകളാണ് - ഖറദാവി പറഞ്ഞു. ജൂതായിസവും സയണിസവും രണ്ടും രണ്ടാണ്. ജൂതായിസം ഒരു മതവും സയണിസം സങ്കുചിത ദേശീയതയുമാണ്. രാഷ്ട്രീയ താല്‍പര്യങ്ങളാണ് സയണിസത്തെ നയിക്കുന്നത്. യഹൂദര്‍ എത്രത്തോളം മതാഭിമുഖ്യമുള്ളവരാകുന്നുവോ അത്രത്തോളം സയണിസ്റ് വിരോധികളുമാകുന്നു. ഫലസ്ത്വീനിന്റെ ഇന്നത്തെ അവസ്ഥയില്‍ ഞങ്ങള്‍ക്ക് അങ്ങേയറ്റം വിഷമവും സഹതാപവുമുണ്ട്. അത് ജൂതായിസത്തിന്റെ പേരിലാണ് അരങ്ങേറുന്നത് എന്നതാണ് ഏറ്റവും ഖേദകരം. റബ്ബി വീയെസ്സ് പറഞ്ഞു. പണ്ഡിതവര്യനായ യൂസുഫുല്‍ ഖറദാവിക്ക് ദീര്‍ഘായുസ്സും ആരോഗ്യവും നേര്‍ന്നുകൊണ്ടും ജൂതരും മുസ്ലിംകളും സമാധാനത്തോടെ വസിക്കുന്ന ഒരു സ്വതന്ത്ര ഫലസ്ത്വീന്‍ ആശംസിച്ചുകൊണ്ടുമാണ് അവര്‍ പിരിഞ്ഞത്. -

- ഷമീന അസീസ്, ജിദ്ദ -

- #### പോരാട്ടത്തിലും ഹനീന്‍ സുഅബി ഒന്നാമത് -

- പലതിലും ഒന്നാം സ്ഥാനക്കാരിയാണ് ഹനീന്‍ സുഅബി. ഒരു അറബ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ ഇസ്രയേല്‍ പാര്‍ലമെന്റി(ഗിലലൈ)ലെത്തുന്ന ആദ്യത്തെ അറബ് വംശജ. ഇസ്രയേലില്‍ ജീവിക്കുന്ന അറബികളില്‍ മീഡിയാ പഠനത്തില്‍ ആദ്യമായി ബിരുദം നേടുന്നതും ഹനീന്‍ തന്നെ. ജറൂസലേം യൂനിവേഴ്സിറ്റിയിലായിരുന്നു പഠനം. ഇഅ്ലാം എന്ന പേരില്‍ ഒരു മീഡിയാ സ്ഥാപനവും നടത്തിയിരുന്നു. കുറച്ച് കാലം അധ്യാപികയായും ജോലി നോക്കി. അതൊക്കെ ഒഴിവാക്കിയാണ് 2009ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ബലദ് എന്ന അറബ് വംശജരുടെ പാര്‍ട്ടിയുടെ ബാനറിലായിരുന്നു മത്സരം. പാര്‍ട്ടിക്ക് മൂന്ന് സീറ്റ് ലഭിച്ചപ്പോള്‍ അതിലൊന്ന് സുഅബിക്കായിരുന്നു. ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ പിറന്ന ഹനീന്‍, മുന്‍ നസറേത്ത് മേയറും ഇസ്രയേലി പാര്‍ലമെന്റ് അംഗവുമായിരുന്ന സൈഫുദ്ദീന്‍ സുഅബിയുടെ ബന്ധുവുമാണ്. ഇസ്രയേലിനെ ജൂതരാഷ്ട്രം എന്ന് വിശേഷിപ്പിക്കുന്നതിനെ ബലദ് പാര്‍ട്ടി ശക്തിയായി എതിര്‍ക്കുന്നു. അത് വംശീയ വാദമാണെന്നാണ് അവരുടെ നിലപാട്. ഈ വാദഗതികള്‍ പൊതുവേദികളില്‍ ഉന്നയിച്ചിരുന്ന പാര്‍ട്ടി വക്താവായിരുന്നു സുഅബി. അല്ലറചില്ലറ വിവാദങ്ങളും അതുണ്ടാക്കിയിരുന്നു. എന്നാല്‍ 2010 മെയ് 31-ന് ഉപരോധിക്കപ്പെട്ട ഗസ്സയെ സഹായിക്കാന്‍ പുറപ്പെട്ട മര്‍മറ കപ്പലില്‍ സുഅബി ഉണ്ടെന്നറിഞ്ഞതോടെ ഇസ്രയേല്‍ അധികൃതരുടെ മട്ടുമാറി. കപ്പലില്‍നിന്ന് സുഅബി ഇസ്രയേല്‍ മീഡിയയോട് സംസാരിക്കുകയും ചെയ്തിരുന്നു. തിരിച്ചെത്തിയ ശേഷം ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത സുഅബി, ഭൂരിപക്ഷം അംഗങ്ങളുടെയും അമര്‍ഷം ഒട്ടും വകവെക്കാതെ ഇസ്രയേല്‍ നടത്തിയ കപ്പലാക്രമണത്തെ കടല്‍ക്കൊള്ളയായി വിശേഷിപ്പിക്കുകയും ചെയ്തു. കലിപൂണ്ട പാര്‍ലമെന്റ് അംഗങ്ങളില്‍ ചിലര്‍ സുഅബിയെ കൈയേറ്റം ചെയ്യാന്‍ വരെ മുതിര്‍ന്നു. സുഅബിയെ പാര്‍ലമെന്റില്‍നിന്ന് പുറത്താക്കണമെന്ന് വാദമുയര്‍ന്നു. വിഷയം പഠിച്ച പാര്‍ലമെന്റ് സമിതി, പാര്‍ലമെന്റ് അംഗമെന്ന നിലക്കുള്ള അവരുടെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളയാനും ഡിപ്ളോമാറ്റിക് പാസ്പോര്‍ട്ട് പിന്‍വലിക്കാനും തീരുമാനിച്ചു. ഈ പാസ്പോര്‍ട്ട് ഉള്ളത് കൊണ്ടാണ് സകല കടമ്പകളും കടന്ന് ഈ അറബ് വംശജക്ക് ഗസ്സയിലെത്താന്‍ കഴിഞ്ഞെന്നാണ് സമിതി കണ്ടെത്തിയത്. സുഅബിയും വിട്ടുകൊടുത്തില്ല, അവര്‍ കോടതിയില്‍ കേസ് കൊടുത്തു. ഒരാഴ്ച മുമ്പ് നടന്ന വിചാരണക്കൊടുവില്‍ ജഡ്ജിമാര്‍ നടത്തിയ അഭിപ്രായ പ്രകടനം സുഅബിക്ക് അനുകൂലമായിരുന്നു. പാര്‍ലമെന്റേറിയന്‍ എന്ന നിലക്കുള്ള അവകാശങ്ങള്‍ തടഞ്ഞ് വെക്കുന്നത് അപകടകരമായ കീഴ്വഴങ്ങള്‍ക്ക് വഴിവെക്കും എന്നാണ് കോടതിയുടെ നിരീക്ഷണം. ഇതേ ന്യായം പറഞ്ഞ് എതിര്‍സ്വരമുയര്‍ത്തുന്നവരെല്ലാം അടിച്ചിരുത്താമല്ലോ. ഏതായാലും ആദ്യ റൌണ്ട് വിജയം സുഅബിക്ക് തന്നെ. -

- -

- #### ആയുധക്കച്ചവടം പൊടിപൊടിക്കുന്നു -

- സ്റോക്ഹോം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷ്നല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് (ടകജഞക), ആയുധക്കച്ചവടത്തെക്കുറിച്ച് ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് നമ്മുടെ നാട്ടിലെ തെരഞ്ഞെടുപ്പ് ബഹളങ്ങളില്‍ മുങ്ങിപ്പോയി. ഏറ്റവുമധികം ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. രണ്ടാം സ്ഥാനം ചൈനക്ക്. നേരത്തെയവര്‍ ഒന്നാം സ്ഥാനത്തായിരുന്നു. രണ്ടാം സ്ഥാനത്തിന് മറ്റൊരു അവകാശി കൂടിയുണ്ട്- ദക്ഷിണ കൊറിയ. മൂന്നാം സ്ഥാനം പാകിസ്താന്. "2006-2011 കാലത്ത് മൊത്തം ആയുധ ഇറക്കുമതിയുടെ 9 ശതമാനം ഓഹരി ഇന്ത്യയുടേതാണ്. ഇന്ത്യ 82 ശതമാനം ആയുധങ്ങളും വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്.'' ഇന്‍സ്റിറ്റ്യൂട്ടിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികയിലെ ആദ്യ നാല് സ്ഥാനങ്ങളും ഏഷ്യക്ക് തന്നെ. മൊത്തം ആഗോള ആയുധക്കച്ചവടത്തിന്റെ ശതമാനക്കണക്കെടുത്താല്‍ അതിങ്ങനെയാണ്: ഇന്ത്യ 9 ശതമാനം, ചൈന; ദക്ഷിണ കൊറിയ 6 ശതമാനം, പാകിസ്താന്‍ 5 ശതമാനം. 2005-നേക്കാള്‍ ഇന്ത്യക്ക് ആയുധം വാങ്ങലില്‍ 23 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പാകിസ്താനാകട്ടെ 123 ശതമാനം വര്‍ധനവും. ഈ രണ്ട് അയല്‍ രാജ്യങ്ങളും ആയുധം വാങ്ങിക്കൂട്ടുന്നതിന്റെ കാരണങ്ങളും ആര്‍ക്കും അവ്യക്തമല്ല. "പാകിസ്താനുമായും ചൈനയുമായുള്ള ശത്രുത, ആഭ്യന്തര പ്രശ്നങ്ങള്‍ ഇതൊക്കെയാണ് ഇന്ത്യ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാനുള്ള കാരണങ്ങള്‍.'' 2010-'11 ബജറ്റില്‍ ഇന്ത്യ പ്രതിരോധത്തിനായി നീക്കിവെച്ചത് ഏകദേശം 1.5 ട്രില്യന്‍ ഡോളറാണ്. രണ്ട് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 40 ശതമാനം വര്‍ധന. ആയുധങ്ങളില്‍ എഴുപത് ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. 126 ഫൈറ്റര്‍ ജെറ്റുകളും 200 ഹെലികോപ്റ്ററുകളും യുദ്ധക്കപ്പലുകളും ഇന്ത്യ വാങ്ങാന്‍ പരിപാടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. രാഷ്ട്രങ്ങളെ തമ്മില്‍ തല്ലിക്കുന്നതും ആയുധങ്ങള്‍ നിര്‍മിക്കുന്നതും ഒരേ കൂട്ടരായതുകൊണ്ട് വില്‍പന കുറയുമെന്ന പേടിയേ വേണ്ട. -

- -

-

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം