Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 16

മധ്യപൗരസ്‌ത്യദേശത്തെ പുതിയ മിത്ത്‌ ?

എന്‍.എം ഹുസൈന്‍

`മെമ്‌റി' (MEMRI) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഒരു ഗവേഷണ സ്ഥാപനമുണ്ട്‌. `മിഡിലീസ്റ്റ്‌ മീഡിയ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌' എന്നാണ്‌ പൂര്‍ണ രൂപം. സയണിസ്റ്റുകളാണ്‌ ഇതിന്റെ അണിയറ ശില്‍പികള്‍. മുസ്‌ലിം ലോക രാജ്യങ്ങളെപ്പറ്റി വിശദവും ആഴത്തിലുള്ളതും എന്നാല്‍ വിമര്‍ശനാത്മകവുമായ പഠനങ്ങളാണ്‌ ഇവര്‍ പുറത്തിറക്കാറ്‌. അവയിലേറെയും ഇസ്രയേല്‍-അമേരിക്കന്‍ അനുകൂല ഗവേഷണങ്ങളായിരിക്കും. 2002-ല്‍ ഈ സ്ഥാപനം പ്രസിദ്ധീകരിച്ച ലഘുകൃതിയാണ്‌ `മധ്യപൗരസ്‌ത്യ ദേശത്തെ മാധ്യമങ്ങളില്‍ കാണുന്ന പുതിയൊരു സെമിറ്റിക്‌ വിരുദ്ധ മിത്ത്‌: സെപ്‌റ്റംബര്‍ 11 ആക്രമണങ്ങള്‍ക്ക്‌ പിന്നില്‍ ജൂതന്മാര്‍.' അമ്പതോളം പേജുകളുള്ള ഈ റിപ്പോര്‍ട്ടിന്‌ ആമുഖമെഴുതിയത്‌ അമേരിക്കന്‍ കോണ്‍ഗ്രസ്‌ അംഗമായ ടോം ലാന്റോസാണ്‌. 2001-ലെ ട്രേഡ്‌ സെന്റര്‍-പെന്റഗണ്‍ ഭീകരാക്രമണങ്ങള്‍ക്ക്‌ പിന്നില്‍ ജൂതന്മാരാണെന്ന്‌ അറബ്‌ ലോകത്തെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന്‌ ഇതില്‍ സമര്‍ഥിക്കുന്നു. സാമ്പിളെന്നോണം അറബിയില്‍ പ്രസിദ്ധീകൃതമായ റിപ്പോര്‍ട്ടുകളുടെയും കുറിപ്പുകളുടെയും പ്രസക്ത ഭാഗങ്ങള്‍ അപ്പടി അനുബന്ധമായി നല്‍കിയിട്ടുമുണ്ട്‌. പുസ്‌തകത്തിന്റെ പേര്‌ സൂചിപ്പിക്കുന്ന പോലെ ഈ വീക്ഷണം നുണയാണെന്ന്‌ `മെമ്‌റി' ഇന്‍സ്റ്റിറ്റിയൂട്ട്‌ വിശ്വസിക്കുന്നു. എന്നാല്‍ അറബ്‌ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ഒന്നുപോലും വസ്‌തുതാപരമായോ വ്യാഖ്യാനപരമായോ അബദ്ധമായിരുന്നുവെന്ന്‌ സമര്‍ഥിക്കാന്‍ ഇവര്‍ ശ്രമിച്ചിട്ടില്ല. ഉദാഹരണമായി ഒന്നാം അധ്യായം പരിശോധിക്കാം. `കുറ്റാരോപണം നിഷേധിക്കുന്നു' എന്നാണ്‌ അധ്യായത്തിന്റെ തലക്കെട്ട്‌. `അറബികള്‍ അത്‌ ചെയ്‌തിട്ടില്ല; അവര്‍ക്കെതിരായ എല്ലാ തെളിവുകളും തെറ്റാണ്‌' എന്നാണ്‌ ഉപശീര്‍ഷകം. ആക്രമണകാരികളുടെ വ്യക്തിത്വത്തെ (identity) സംബന്ധിച്ച്‌ അമേരിക്കന്‍ സര്‍ക്കാര്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്‌.ബി.ഐ.യുടെയും പാശ്ചാത്യ മാധ്യമങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ അറബ്‌ മാധ്യമങ്ങളിലെ നിരവധി കോളമിസ്റ്റുകള്‍ തള്ളിക്കളഞ്ഞതായും അറബികള്‍ക്കാര്‍ക്കും യാതൊരു പങ്കുമില്ലെന്ന്‌ ശക്തമായി വാദിച്ചതായും ഒന്നാമത്തെ വാചകം വ്യക്തമാക്കുന്നു. റാഇദ്‌ സ്വലാഹ്‌ ഇസ്രയേലിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതാവാണ്‌. `സൗത്തു ഹഖ്‌ വല്‍ ഹുര്‍രിയ്യ' എന്ന പ്രസ്ഥാന മുഖപത്രത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതിയത്രെ: ``പെന്റഗണിലും വേള്‍ഡ്‌ ട്രേഡ്‌ സെന്ററിലും ഇടിച്ച അമേരിക്കന്‍ എയര്‍ലൈന്‍സ്‌, യുണൈറ്റഡ്‌ എയര്‍ലൈന്‍സ്‌ എന്നിവയുടെ വിമാനങ്ങളുടെ സഞ്ചാരികളുടെ ലിസ്റ്റില്‍ ഒരൊറ്റ അറബി പേരും ഉണ്ടായിരുന്നില്ല..... എന്നിട്ടും മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ എഫ്‌.ബി.ഐ 19 അറബ്‌ യാത്രക്കാരുടെ പേരുകള്‍ പുറത്തിറക്കി. ഇവര്‍ വിമാനറാഞ്ചികളായിരുന്നു എന്നവകാശപ്പെട്ടുകൊണ്ട്‌'' (2001 ഒക്‌ടോബര്‍ 19). മെമ്‌റിയുടെ റിപ്പോര്‍ട്ടില്‍ വിവരിച്ച ഇക്കാര്യങ്ങളെല്ലാം നൂറു ശതമാനവും ശരിയാണ്‌; ഉദ്ധരണിയുടെ ഉള്ളടക്കമടക്കം! റാഇദ്‌ സ്വലാഹ്‌ എഴുതിയത്‌ അബദ്ധമാണോ എന്ന്‌ പരിശോധിക്കാന്‍ മെമ്‌റിക്കാര്‍ തയാറായിട്ടില്ല. ഇതൊക്കെ പുതിയ സെമിറ്റിക്‌ വിരുദ്ധ നുണകളാണ്‌ എന്ന്‌ അവകാശപ്പെടുക മാത്രമാണ്‌ അവര്‍ ചെയ്‌തിട്ടുള്ളത്‌. ശ്രദ്ധേയമായ കാര്യം റാഇദ്‌ സ്വലാഹ്‌ എഴുതിയതെല്ലാം പൂര്‍ണമായും ശരിയാണ്‌ എന്നതാണ്‌. തീര്‍ത്തും ശരിയായ കാര്യങ്ങള്‍ അറബ്‌ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു എന്നതുകൊണ്ടു മാത്രം നുണയാവുമോ? ആകുമെന്ന വിശ്വാസക്കാരാണ്‌ മെമ്‌റി ഗവേഷകരെന്ന്‌ അനുമാനിക്കാവുന്നതാണ്‌. സ്വലാഹ്‌ സൂചിപ്പിച്ച രണ്ട്‌ വിമാനങ്ങളിലെ മാത്രമല്ല, നാലു വിമാനങ്ങളിലെയും യാത്രക്കാരുടെ ലിസ്റ്റില്‍ ഒരൊറ്റ വിമാനറാഞ്ചികളുടെയും പേരുണ്ടായിരുന്നില്ല. എന്നു മാത്രമല്ല, ഒരൊറ്റ അറബി-മുസ്‌ലിം പേരുകളും ഉണ്ടായിരുന്നില്ല. അറബ്‌ നാമധാരികളായ വിമാനറാഞ്ചികളോ മറ്റേതെങ്കിലും മുസ്‌ലിംകളോ നാലു വിമാനങ്ങളിലും ടിക്കറ്റെടുക്കുകയോ കയറുകയോ ചെയ്‌തിട്ടില്ലെന്നാണ്‌ ഇതില്‍നിന്നും തെളിയുന്നത്‌. ഇവിടെ എഫ്‌.ബി.ഐ ഒരു ദുര്‍ബലവാദം ഉന്നയിച്ചിട്ടുണ്ട്‌. സ്വന്തം പേരിലല്ല, മറ്റു വ്യാജ പേരുകളിലാണ്‌ റാഞ്ചികള്‍ കയറിയതത്രെ. എങ്കില്‍ 19 റാഞ്ചികളില്‍ ഒരാളെങ്കിലും ഉപയോഗിച്ച വ്യാജനാമം എഫ്‌.ബി.ഐ വെളിപ്പെടുത്തേണ്ടതായിരുന്നു. ഇന്നുവരെയും ഒരു റാഞ്ചിയെങ്കിലും ഉപയോഗിച്ച വ്യാജനാമം ഇന്നതായിരുന്നുവെന്ന്‌ എഫ്‌.ബി.ഐ വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ എഫ്‌.ബി.ഐയുടെ അവകാശവാദം കളവാണെന്ന്‌ തെളിയുന്നു; അറബ്‌ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്‌ സത്യമാണെന്നും. ഒന്നാം അധ്യായത്തിലെ രണ്ടാം ഖണ്ഡിക പി.എല്‍.ഒ അനുകൂല ദിനപത്രമായ അല്‍ അയ്യാമില്‍ ഖലീല്‍ സവാഹിരി എഴുതിയ ലേഖനത്തെ പരാമര്‍ശിക്കുന്നു. മുഹമ്മദ്‌ അത്തയുടെ ബാഗില്‍ നിന്ന്‌ കണ്ടെടുത്തു എന്ന്‌ എഫ്‌.ബി.ഐ അവകാശപ്പെട്ട കത്താണ്‌ ലേഖന വിഷയം. ഓറിയന്റലിസ്റ്റുകള്‍ കാലാകാലങ്ങളായി ചെയ്‌തതും ഹോളിവുഡ്‌ സിനിമകള്‍ ദശകങ്ങളായി ചെയ്‌തുകൊണ്ടിരിക്കുന്നതും ഒരേ ലക്ഷ്യത്തോടെയാണെന്നും അറബികളെ അപരിഷ്‌കൃതരായി ചിത്രീകരിക്കുകയെന്നതാണ്‌ ഇവയുടെയെല്ലാം ഗൂഢലക്ഷ്യമെന്നും സവാഹിരി എഴുതുന്നു. അത്തയുടെ കത്ത്‌ എന്ന വ്യാജേന എഫ്‌.ബി.ഐ ഹാജരാക്കിയത്‌ കൃത്രിമമായി കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ന്യായയുക്തമായാണ്‌ സവാഹിരി ഈ നിഗമനത്തിലെത്തിയത്‌. പരാമര്‍ശവിധേയമായ മുഹമ്മദ്‌ അത്തയുടെ കത്ത്‌ `വില്‍പത്ര'(ഒസിയത്ത്‌)മാണെന്ന്‌ എഫ്‌.ബി.ഐ പറയുന്നു. താന്‍ മരിച്ചാല്‍ മൃതദേഹം കുളിപ്പിക്കേണ്ടത്‌ എങ്ങനെയെന്നും മറവ്‌ ചെയ്യേണ്ടത്‌ എങ്ങനെയെന്നുമൊക്കെയാണ്‌ അതില്‍ പ്രതിപാദിക്കുന്നതത്രെ. വിമാനം റാഞ്ചിയെടുത്ത്‌ ട്രേഡ്‌ സെന്ററില്‍ ഇടിപ്പിച്ച്‌ ചാരമാകാന്‍ ഇറങ്ങിത്തിരിച്ച മുഹമ്മദ്‌ അത്ത ശവശരീരം കുളിപ്പിക്കേണ്ടതെങ്ങനെയെന്നും മറവ്‌ ചെയ്യേണ്ടതെങ്ങനെയെന്നും വിവരിക്കുന്ന വില്‍പത്രമെഴുതിയെന്നു പറഞ്ഞാല്‍ ബുദ്ധിമാന്മാരായ അമേരിക്കക്കാര്‍ വിശ്വസിച്ചെന്നിരിക്കും. എന്നാല്‍, അറബികളിലെ വിഡ്‌ഢികളെപ്പോലും അതിനു കിട്ടിയെന്നു വരില്ല- ഇതാണ്‌ സവാഹിരി നല്‍കിയ സന്ദേശം. ഈ വാദം ശരിയാണെന്നു മാത്രമല്ല, അത്തയുടെ കത്ത്‌ എഫ്‌.ബി.ഐ കെട്ടിച്ചമച്ചതാണെന്നതിന്‌ വേറെയും തെളിവുകളുണ്ട്‌. ഒരാള്‍ വില്‍പത്രമെഴുതുന്നത്‌ മറ്റുള്ളവര്‍ വായിക്കാനാണ്‌. മറ്റുള്ളവര്‍ വായിക്കാന്‍ തയാറാക്കിയ വില്‍പത്രവുമായി, കത്തിച്ചാമ്പലാവാന്‍ പോവുന്ന വിമാനത്തില്‍ മുഹമ്മദ്‌ അത്ത കയറിയെന്ന്‌ പറഞ്ഞാല്‍ സാമാന്യ ബുദ്ധിയെങ്കിലുമുള്ളവര്‍ വിശ്വസിക്കുമോ? ചാവേറായി വിമാനത്തോടൊപ്പം മരിക്കാന്‍ ഇറങ്ങിയ ഒരാള്‍ വില്‍പത്രവുമായി വിമാനത്തില്‍ കയറേണ്ട ആവശ്യമെന്താണ്‌? ഇത്തരം സാമാന്യ സംശയങ്ങള്‍ക്ക്‌ പോലും ലോകത്തെ ഏറ്റവും കഴിവുറ്റ കുറ്റാന്വേഷണ ഏജന്‍സിയെന്ന്‌ കരുതപ്പെടുന്ന എഫ്‌.ബി.ഐ വിശദീകരണം നല്‍കിയിട്ടില്ല. അഞ്ചു പേജുകളുള്ള നിര്‍ദേശങ്ങളടങ്ങിയ രേഖയും വില്‍പത്രവുമാണ്‌ അത്തയുടെ ലഗേജില്‍ നിന്നും കണ്ടെടുത്തതത്രെ. നിര്‍ദേശങ്ങളില്‍ ഒരു ഭാഗത്ത്‌ `അവസാനരാത്രി' എന്ന തലക്കെട്ടില്‍ ചില നിര്‍ദേശങ്ങളുണ്ട്‌. `നിങ്ങള്‍ പ്രാര്‍ഥിക്കണം, നിങ്ങള്‍ നോമ്പെടുക്കണം' എന്നതാണ്‌ ഒരു നിര്‍ദേശം. ഇത്‌ അവസാന രാത്രിയില്‍ ചെയ്യേണ്ട കാര്യങ്ങളാണ്‌! രാത്രിയില്‍ പ്രാര്‍ഥിക്കുന്നത്‌ മനസ്സിലാക്കാം. എന്നാല്‍ രാത്രിയില്‍ നോമ്പെടുക്കുന്നത്‌ എങ്ങനെയാണ്‌? മുസ്‌ലിംകളുടെ നോമ്പ്‌ പകലാണെന്നും രാത്രിയില്‍ ഭക്ഷണപാനീയങ്ങള്‍ കഴിക്കലാണ്‌ നോമ്പിന്റെ രീതിയെന്നും അറിയാത്ത ഒരാളാണ്‌ ഈ കത്ത്‌ കെട്ടിച്ചമച്ചതെന്ന്‌ വ്യക്തമല്ലേ? രാത്രിയില്‍ നോമ്പെടുക്കുക എന്നൊരു സങ്കല്‍പമേ മുസ്‌ലിംകള്‍ക്കില്ല എന്നറിയാത്ത അമേരിക്കന്‍ ചാരസംഘടനയിലെ ഒരു പടുവിഡ്‌ഢിയായിരിക്കും ഈ രേഖ തയാറാക്കിയതെന്ന്‌ ഏത്‌ അറബ്‌ എഴുത്തുകാരനും എളുപ്പം മനസ്സിലാക്കാനാവും. മുഹമ്മദ്‌ അത്തയുടെ കത്തിലെ നിര്‍ദേശങ്ങള്‍ ആരംഭിക്കുന്നത്‌ എങ്ങനെയാണെന്നോ? `ദൈവത്തിന്റെയും എന്റെയും എന്റെ കുടുംബത്തിന്റെയും നാമത്തില്‍' എന്ന്‌! ഏതു കാര്യവും മുസ്‌ലിംകള്‍ ഇങ്ങനെയല്ല ആരംഭിക്കാറ്‌. `പരമകാരുണികനും കരുണാവാരിധിയുമായ ദൈവത്തിന്റെ നാമത്തില്‍' എന്നാണ്‌. ദൈവത്തോടൊപ്പം തന്നെയും തന്റെ കുടുംബത്തെയും ചേര്‍ക്കുന്ന സമ്പ്രദായം മുസ്‌ലിംകള്‍ക്കില്ല. ഇതൊന്നുമറിയാത്ത ഒരു വിഡ്‌ഢിയായിരിക്കും കത്ത്‌ കെട്ടിച്ചമച്ചതെന്നും വ്യക്തമാണ്‌. അതുകൊണ്ടാണ്‌ അറബ്‌ എഴുത്തുകാരനായ സവാഹിരി കത്ത്‌ എഫ്‌.ബി.ഐ കെട്ടിച്ചമച്ചതാണെന്ന്‌ വാദിച്ചത്‌. അമ്പതോളം പേജുള്ള മെമ്‌റിയുടെ ലഘുലേഖയിലെ ഓരോ വരികളും ഇപ്രകാരം വിശകലനം ചെയ്യാവുന്നതാണ്‌. എന്നാല്‍ ഇവയിലൂടെ കടന്നുപോകുമ്പോള്‍ ശ്രദ്ധയില്‍ വരുന്ന കാര്യങ്ങള്‍ പരിഗണനയര്‍ഹിക്കുന്നു. ഒന്ന്‌, മധ്യപൗരസ്‌ത്യ ദേശത്ത്‌ സെപ്‌റ്റംബര്‍ ആക്രമണത്തിനു പിന്നില്‍ അറബികളല്ല എന്ന മിത്ത്‌ പ്രചരിക്കുന്നു എന്ന്‌ സമര്‍ഥിക്കുന്ന അമേരിക്കയിലെ ഗവേഷണ സ്ഥാപനത്തിന്റെ നിലവാരം എത്ര പരിതാപകരമാണ്‌! അറബ്‌ എഴുത്തുകാരുടെ ഈ നിഷേധം വസ്‌തുതാപരമാണോ എന്ന്‌ പരിശോധിക്കാതെ മിത്താണെന്ന്‌ മുദ്രകുത്തുക മാത്രമാണവര്‍ ചെയ്യുന്നത്‌. ഇതാണ്‌ ഗവേഷണം! രണ്ട്‌, അറബ്‌ മാധ്യമങ്ങളില്‍ സമര്‍ഥിക്കപ്പെട്ട കാര്യങ്ങള്‍ അമേരിക്കയിലെ ബദല്‍ മാധ്യമങ്ങളിലും വെബ്‌ സൈറ്റുകളിലും 2001 മുതല്‍ തന്നെ പ്രത്യക്ഷപ്പെട്ടവയാണ്‌. എന്നാല്‍ അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇവയെല്ലാം മൂടിവെച്ചപ്പോള്‍ അറബ്‌ മാധ്യമങ്ങള്‍ ഇവക്ക്‌ പ്രകാശന സ്വാതന്ത്ര്യം നല്‍കി. അതിനാല്‍ അമേരിക്കയിലെ പൊതുസമൂഹത്തിന്‌ അറിയാത്ത ഒട്ടേറെ വസ്‌തുതകള്‍ അറബ്‌ നാടുകളിലെ പൊതുസമൂഹത്തിന്‌ അറിയാനായി. മൂന്ന്‌, അമേരിക്കയിലെ അക്കാലത്തെ പൊതുസമൂഹം രഹസ്യാന്വേഷണ ഏജന്‍സികളെ അന്ധമായി വിശ്വസിക്കുന്നവരായിരുന്നു (ഇന്നതിന്‌ ഇടിവുണ്ടായിട്ടുണ്ട്‌). അതുകൊണ്ടാണ്‌ കത്തിച്ചാമ്പലാവാന്‍ തീരുമാനിച്ചയാള്‍ വില്‍പത്രം എഴുതി കീശയിലിട്ടെന്ന്‌ എഫ്‌.ബി.ഐ പറഞ്ഞത്‌ അവര്‍ വിശ്വസിച്ചത്‌. കത്തിച്ചാമ്പലാവാന്‍ തീരുമാനിച്ചയാള്‍ മൃതദേഹം എങ്ങനെ കുളിപ്പിക്കണമെന്ന്‌ വില്‍പത്രമെഴുതുമെന്ന എഫ്‌.ബി.ഐ ഭാഷ്യവും അവര്‍ വിഴുങ്ങിയത്‌. എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സികളിലുള്ള അന്ധമായ വിശ്വാസം പാശ്ചാത്യരിലേതുപോലെ ഒരു കള്‍ട്ടായി വളരാത്ത അറബ്‌ പൊതുസമൂഹം ഇതിലൊന്നും വിശ്വസിക്കാതിരുന്നതിന്റെ ലോജിക്കും വ്യക്തമാണ്‌. മൂന്ന്‌, കോര്‍പറേറ്റ്‌ മാധ്യമങ്ങളും ഔദ്യോഗിക ഏജന്‍സികളും പറയുന്നതെല്ലാം വിഴുങ്ങാന്‍ ശീലിച്ചവരാണ്‌ പാശ്ചാത്യരിലെ പൊതുസമൂഹം (ഇതിനും ഇപ്പോള്‍ മാറ്റം വരുന്നുണ്ട്‌). എന്നാല്‍ ഇവരുടെ അവകാശവാദങ്ങള്‍ മറിച്ചാണ്‌ താനും. യുക്തിപരമായും വസ്‌തുനിഷ്‌ഠമായും നിഷ്‌പക്ഷമായും ചിന്തിക്കുന്നവരാണ്‌ പാശ്ചാത്യരെന്നും മധ്യപൗരസ്‌ത്യര്‍ അന്ധവിശ്വാസികളാണെന്നുമാണ്‌ പ്രചാരണം. സെപ്‌റ്റംബര്‍ ആക്രമണത്തിന്റെ പ്രചാരണബലതന്ത്രം പരിശോധിച്ചാല്‍ മറിച്ചാണ്‌ യാഥാര്‍ഥ്യമെന്ന്‌ ഗ്രഹിക്കാനാവും. പാശ്ചാത്യരിലെ പൊതുസമൂഹം മുഖ്യധാരാ മാധ്യമങ്ങളില്‍ വന്നത്‌ വിഴുങ്ങിയപ്പോള്‍ അറബ്‌ പൊതുസമൂഹം വസ്‌തുനിഷ്‌ഠമായും നിരൂപണാത്മകമായും വാര്‍ത്തകള്‍ വിലയിരുത്തുകയും യാഥാര്‍ഥ്യത്തോട്‌ കൂടുതല്‍ അടുത്ത നിലപാടെടുക്കുന്നതില്‍ വിജയിക്കുകയും ചെയ്‌തു. പാശ്ചാത്യ സമൂഹത്തിലെ പല ഇസ്‌ലാമിക്‌ സെന്റര്‍ നേതാക്കളും ന്യൂയോര്‍ക്ക്‌ ടൈംസ്‌ പറയുന്നത്‌ അപ്പടി ഇന്നും വിശ്വസിക്കുന്നവരാണ്‌. പാശ്ചാത്യ പൊതുസമൂഹത്തിനിടയില്‍ കൂറ്‌ തെളിയിക്കാനുള്ള `ഭാരം' വരുന്നതുകൊണ്ടുമാകാം ഇത്തരം നിലപാട്‌. ഏതായാലും `പിന്നാക്ക'ക്കാരായ അറബ്‌ സമൂഹം യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ ഇവരേക്കാളൊക്കെ മുന്നാക്കം തന്നെയാണ്‌. നാല്‌, സെമിറ്റിക്‌ വിരുദ്ധത എന്നത്‌ ഒരു പാശ്ചാത്യന്‍ ക്രൂരതയാണ്‌. ആസൂത്രിത ജൂത പീഡനം നടത്തിയത്‌ പാശ്ചാത്യരാണ്‌. മധ്യപൗരസ്‌ത്യ ദേശത്ത്‌ അത്തരം സംഭവങ്ങളൊന്നും ചരിത്രപരമായി ഉണ്ടായിട്ടില്ല. മേല്‍ സൂചിപ്പിച്ച ലഘുകൃതിക്ക്‌ അമേരിക്കന്‍ കോണ്‍ഗ്രസ്‌ അംഗം ലാന്റോസ്‌ എഴുതിയ ആമുഖത്തിലെ ഒന്നാം വാചകം ഇങ്ങനെയാണ്‌: ``അടുത്ത കാലത്തുണ്ടായ ഞെട്ടിപ്പിക്കുന്ന പ്രവണത അറബ്‌ ലോകത്ത്‌ ഉണ്ടാകുന്ന പഴയ യൂറോപ്യന്‍ രീതിയിലുള്ള സെമിറ്റിക്‌ വിരുദ്ധതയാണ്‌.'' സെമിറ്റിക്‌ വിരുദ്ധത യൂറോപ്യന്‍ സംഭാവനയാണെന്ന്‌ ഈ വരിയില്‍ നിന്നുതന്നെ വ്യക്തമായില്ലേ? സെമിറ്റിക്‌ വിരുദ്ധ പാരമ്പര്യം സിരകളില്‍ ഇന്നുമുള്ള പാശ്ചാത്യ നേതാക്കളോട്‌ കൂട്ടുകൂടി അറബികളെ തുരത്താമെന്ന്‌ വ്യാമോഹിക്കുന്ന സയണിസ്റ്റ്‌ `ബുദ്ധി' യഥാര്‍ഥത്തില്‍ മഠയത്തമാണെന്ന്‌ ഗ്രഹിക്കാന്‍ സാമാന്യ ചരിത്രബോധം മതിയാകും. ചരിത്രഗതിയും അങ്ങോട്ടാണിപ്പോള്‍ തിരിയുന്നത്‌. ഇസ്രയേലി പ്രതിരോധ വിശാരദന്മാര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം എന്താണെന്നോ? `ഇസ്രയേലിന്‌ എത്രകാലം നിലനില്‍ക്കാനാവുമെന്ന്‌?' പാശ്ചാത്യ കോളനി വാഴ്‌ചാ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ സൃഷ്‌ടിക്കപ്പെട്ടതെല്ലാം കോളനിക്കാരുടെ ശക്തി-ദൗര്‍ബല്യങ്ങള്‍ക്ക്‌ വിധേയമായിരിക്കുമല്ലോ. ഉത്ഭവം എന്നപോലെ അന്ത്യവും അതിനെ ആശ്രയിച്ചിരിക്കും. അമേരിക്കയിലെ മുനിസിപ്പാലിറ്റികള്‍ക്കും സ്റ്റേറ്റുകള്‍ക്കും കൊടുക്കാന്‍ കാശില്ലാതെ ഫെഡറല്‍ ഗവണ്‍മെന്റ്‌ ബുദ്ധിമുട്ടുമ്പോള്‍ ഇസ്രയേലിനെ തീറ്റിപ്പോറ്റാന്‍ എത്രകാലം സാധിക്കും? ഏതായാലും ആഗോള രാഷ്‌ട്രീയ-സാമ്പത്തിക കുഴമറിച്ചിലുകള്‍ പുതിയ രാഷ്‌ട്രീയ ചേരുവകള്‍ക്ക്‌ കാതോര്‍ക്കുകയാണെന്ന്‌ കരുതാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം