Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 16

ഇസ്‌ലാമിലെ അടിസ്ഥാന വിശ്വാസങ്ങള്‍

അബ്‌ദുല്‍ മുഇസ്സ്‌ അബ്‌ദുസ്സത്താര്‍

ഇസ്‌ലാമിലെ വിശ്വാസ കാര്യങ്ങള്‍ ആറ്‌ അടിസ്ഥാന സ്‌തംഭങ്ങളില്‍ നിലകൊള്ളുന്നു. 1. അല്ലാഹുവിലുള്ള വിശ്വാസം 2. മലക്കുകളിലുള്ള വിശ്വാസം 3. ദൈവിക ഗ്രന്ഥങ്ങളിലുള്ള വിശ്വാസം 4. പ്രവാചകന്മാരിലുള്ള വിശ്വാസം 5. അന്ത്യദിനത്തിലും പുനരുത്ഥാനം, വിചാരണ, സ്വര്‍ഗം, നരകം, പ്രതിഫലം, ശിക്ഷ എന്നിവയിലുമുള്ള വിശ്വാസം. അഥവാ പരലോക വിശ്വാസം 6. ഖദ്‌റിലുള്ള വിശ്വാസം. അഥവാ നന്മയും തിന്മയും അല്ലാഹുവിന്റെ നിശ്ചയമനുസരിച്ച്‌ സംഭവിക്കുന്നുവെന്ന വിശ്വാസം ഇക്കാര്യങ്ങള്‍ ദീനിന്റെ അനിവാര്യമായ അടിസ്ഥാനങ്ങളാണ്‌. ഖുര്‍ആനും നബിവചനങ്ങളുമവ വിശദീകരിക്കുന്നു. ഇസ്‌ലാമിക സമൂഹം ഈ വിഷയത്തില്‍ ഏകാഭിപ്രായത്തിലാകുന്നു. ``നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖം തിരിക്കുന്നതിലല്ല പുണ്യം. പിന്നെയോ, അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുന്നതിലാണ്‌'' (അല്‍ബഖറ 177). ``ദൈവദൂതന്‍ തന്റെ നാഥനില്‍ നിന്ന്‌ തനിക്ക്‌ ഇറക്കിക്കിട്ടിയതില്‍ വിശ്വസിച്ചിരിക്കുന്നു. അതുപോലെ സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദപുസ്‌തകങ്ങളിലും ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. ദൈവദൂതന്മാര്‍ക്കിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ലെന്ന്‌ അവര്‍ സമ്മതിക്കുന്നു'' (അല്‍ബഖറ 285). ജിബ്‌രീല്‍(അ) മനുഷ്യരൂപത്തില്‍ പ്രവാചകന്റെ സന്നിധിയില്‍ വരികയും ഈമാന്‍ എന്താണ്‌, ഇഹ്‌സാന്‍ എന്താണ്‌ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കുകയും പ്രവാചകന്‍(സ) അതിന്‌ വിശദീകരണം നല്‍കുകയും ചെയ്‌ത പ്രശസ്‌തമായ ഹദീസ്‌ ഇസ്‌ലാമിന്റെ ഉപരിസൂചിത അടിസ്ഥാനാദര്‍ശം വിശദീകരിക്കുന്നു. പ്രവാചകന്‍ പറയുന്നു: ``ഈമാന്‍ എന്നാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും അന്ത്യദിനത്തിലും ഖദ്‌റിലും-അത്‌ നന്മയായാലും തിന്മയായാലും- വിശ്വസിക്കുകയാകുന്നു'' (ഹദീസ്‌). അല്ലാഹുവിലുള്ള വിശ്വാസം മനുഷ്യജീവിതം ഒരേ ക്രമത്തിലും ഒരേ പാതയിലൂടെയുമല്ല സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. പ്രത്യുത, സന്തോഷവും സന്താപവും തെളിമയും കലക്കവും സുഖവും ദുഃഖവും നിറഞ്ഞതാണ്‌ മനുഷ്യജീവിതം. വ്യക്തികള്‍ക്ക്‌ ധാരാളം വ്യഥകളും വ്യസനങ്ങളും അഭിമുഖീകരിക്കേണ്ടിവരും. അപകടങ്ങളും വിപത്തുകളും സംഭവിക്കാറുണ്ട്‌. ഈ ആപത്തുകളെയെല്ലാം തരണം ചെയ്യാന്‍ മനുഷ്യനെ സഹായിക്കുന്ന ശക്തി എന്താണ്‌? ജീവിതസരണിയിലെ പ്രതിസന്ധികള്‍ അഭിമുഖീകരിക്കാനുള്ള ക്ഷമ പ്രദാനം ചെയ്യുന്നത്‌ എന്താണ്‌? അതിനുള്ള ഏക ഉത്തരം അല്ലാഹുവിലുള്ള വിശ്വാസം എന്നതാണ്‌. അല്ലാഹുവിലുള്ള വിശ്വാസം മനസ്സില്‍ ശാന്തിയും സമാധാനവും സുരക്ഷിതത്വവും സംതൃപ്‌തിയും ആശ്വാസവും ചൊരിയുന്നു. നിരാശയോ ഉത്‌കണ്‌ഠയോ കൂടാതെ ശാന്തമായ മനസ്സോടെ ജീവിത പ്രതിസന്ധികളും ആപത്തുകളും ദുഃഖങ്ങളും നേരിടാനുള്ള കരുത്ത്‌ നല്‍കുന്നു. ആപത്തുകളും പരീക്ഷണങ്ങളും സംഭവിക്കുകയും ജീവിതം കണ്‍മുമ്പില്‍ കുടുസ്സും സങ്കീര്‍ണവുമാവുകയും ഹൃദയം അസ്വസ്ഥകള്‍ നിറഞ്ഞതാവുകയും ഭൂമിയിലുള്ള എല്ലാ വസ്‌തുക്കളും തനിക്കെതിരാണെന്ന്‌ തോന്നുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ മനുഷ്യന്‌ ഈമാന്‍ ആവശ്യമായി വരുന്നു. അതിലൂടെ അവന്‌ തീക്ഷ്‌ണമായ മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന്‌ സമാധാനം നിറഞ്ഞ ഹൃദയത്തോടും കണ്‍കുളിര്‍മയോടും കൂടി രക്ഷപ്പെടാന്‍ സാധിക്കുന്നു. എന്തുകൊണ്ട്‌? പ്രയാസത്തിന്റെയും പരീക്ഷണത്തിന്റെയും ഘട്ടത്തില്‍ അല്ലാഹുവിലുള്ള വിശ്വാസം സമാധാനവും സംതൃപ്‌തിയും ശക്തിയും നല്‍കി. അതിനര്‍ഥം പ്രതിസന്ധികളും പ്രയാസങ്ങളും അഭിമുഖീകരിക്കാനുള്ള ശക്തി സംഭരിക്കുന്നതിന്‌ അല്ലാഹുവിലുള്ള വിശ്വാസം അനിവാര്യമാണെന്നാണ്‌. നിരാശാബോധമോ ദുഃഖഭാരമോ കൂടാതെ പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ വിശ്വാസം അത്യന്താപേക്ഷിതമാകുന്നു. അല്ലാഹുവിന്റെ അസ്‌തിത്വം അല്ലാഹുവിന്റെ അസ്‌തിത്വം പകല്‍ വെളിച്ചം പോലെ വ്യക്തമായ യാഥാര്‍ഥ്യമാണ്‌. അഹങ്കാരികള്‍ക്കും ധിക്കാരികള്‍ക്കും മാത്രമേ അത്‌ നിഷേധിക്കാനാവുകയുള്ളൂ. ദൈവം ഉണ്ടെന്നത്‌ മനുഷ്യന്റെ അന്തരംഗവും ആത്മാവും അനുഭവിച്ചറിയുന്ന യാഥാര്‍ഥ്യമാണ്‌. ഈ മഹാ പ്രപഞ്ചത്തിലെ ഓരോ കണികയും ദൈവം ഉണ്ടെന്നതിന്‌ സാക്ഷ്യം വഹിക്കുന്നു. അതിലേക്കൊന്ന്‌ കണ്ണോടിച്ചാല്‍ മാത്രം മതി, ദൈവാസ്‌തിക്യത്തിന്‌ ഒട്ടനവധി തെളിവുകള്‍ കണ്ടെത്താം. ദൈവാസ്‌തിക്യത്തിന്‌ പ്രധാനമായും രണ്ട്‌ തെളിവുകള്‍ ഇവിടെ നിരത്താം. 1. മനുഷ്യപ്രകൃതിയുടെ സാക്ഷ്യം ഈ പ്രപഞ്ചത്തിലെ സകല വസ്‌തുക്കളുടെ മേലും ആധിപത്യമുള്ളതും അവയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു ശക്തിയുണ്ടെന്ന ബോധം ഓരോ മനുഷ്യന്റെയും ഉള്ളിലുണ്ട്‌. അതവന്റെ പ്രകൃതിയില്‍ തുടക്കം മുതലേ അന്തര്‍ലീനമാകുന്നു. സൃഷ്‌ടിപ്പില്‍ ഉത്ഭവിച്ച ഈ ബോധം ആത്മാവിന്റെ ഉള്ളിന്റെ ഉള്ളില്‍ നിന്ന്‌ അനുഭവവേദ്യമാകേണ്ടതാണ്‌. മറ്റൊരാള്‍ പഠിപ്പിച്ചുകൊടുത്തതോ മറ്റൊരാളില്‍നിന്ന്‌ പകര്‍ത്തിക്കൊടുത്തതോ അല്ല. പ്രത്യുത, ഈ പ്രപഞ്ചത്തിലെ എല്ലാ വസ്‌തുക്കളിലും ആധിപത്യമുള്ളതും അവയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു സ്രഷ്‌ടാവുണ്ടെന്ന ബോധം അവന്റെ ഉള്ളില്‍ പ്രകൃത്യാ ഉള്ളതാണ്‌. മനുഷ്യന്‍ സ്വന്തത്തെക്കുറിച്ചും അല്ലെങ്കില്‍ ചുറ്റുമുള്ള പ്രപഞ്ചത്തെക്കുറിച്ചും ചിന്തിക്കുമ്പോഴെല്ലാം ഈബോധം അനുഭവിച്ചറിയാന്‍ കഴിയുന്നു. അവന്റെ അസ്‌തിത്വത്തില്‍ ഈ ബോധം പ്രബലമായി നിലനില്‍ക്കുന്നു. ആധിപത്യവും നിയന്ത്രണാധികാരവുമുള്ള ഒരു സ്രഷ്‌ടാവിന്റെ അല്ലെങ്കില്‍ അത്യുന്നതമായ ഒരു ശക്തിയുടെ സാന്നിധ്യവും അസ്‌തിത്വവും അവന്‍ അംഗീകരിക്കാന്‍ ബാധ്യസ്ഥനാകുന്നു. ഈ മഹാശക്തിയാണ്‌ `അല്ലാഹു.' പ്രപഞ്ചത്തിന്റെ സ്രഷ്‌ടാവും സംരക്ഷകനും അവനാകുന്നു. പ്രതീക്ഷകള്‍ അറ്റുപോവുകയും എവിടെയും നിരാശ വലയം ചെയ്യപ്പെടുകയും ചെയ്യുന്ന പ്രതിസന്ധിഘട്ടത്തില്‍ ഈ അവബോധം പ്രകടവും വ്യക്തവുമായി വരുന്നു. അവനില്‍ അടക്കിവാഴുന്ന അഗാധമായ ഈ അവബോധം അല്ലാഹുവിന്റെ അസ്‌തിത്വം അംഗീകരിക്കാന്‍ പ്രേരിപ്പിക്കുന്നു. ഈ യാഥാര്‍ഥ്യം വിശുദ്ധ ഖുര്‍ആന്‍ അടിവരയിട്ട്‌ ഉറപ്പിക്കുന്നുണ്ട്‌. അല്ലാഹു പറയുന്നു: ``മനുഷ്യന്‌ വല്ല വിപത്തും ബാധിച്ചാല്‍ അവന്‍ തന്റെ നാഥനിലേക്ക്‌ താഴ്‌മയോടെ മടങ്ങി അവനോട്‌ പ്രാര്‍ഥിക്കുന്നു'' (അസ്സുമര്‍ 8). ഇമാം ജഅ്‌ഫറുസ്വാദിഖിനോട്‌ ഒരാള്‍ അല്ലാഹുവിനെക്കുറിച്ച്‌ ചോദിച്ചു. ഇമാം ചോദ്യകര്‍ത്താവിനോട്‌: `താങ്കള്‍ കടല്‍ യാത്ര നടത്തിയിട്ടില്ലേ?' `ഉണ്ട്‌.' `യാത്രക്കിടയില്‍ എപ്പോഴെങ്കിലും കൊടുങ്കാറ്റ്‌ അടിച്ചുവീശിയിട്ടുണ്ടോ?' `ഉണ്ട്‌'. `രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞുപോവുകയും പ്രതീക്ഷ അസ്‌തമിക്കുകയും ചെയ്‌ത സന്ദര്‍ഭം ഉണ്ടായിട്ടുണ്ടോ?' `ഉണ്ട്‌'. `ഇനി ഈ അപകടാവസ്ഥയില്‍ നിന്ന്‌ സര്‍വശക്തനായ ഒരാള്‍ വിചാരിച്ചാല്‍ മാത്രമേ രക്ഷപ്പെടുത്താന്‍ കഴിയൂ എന്നൊരു തോന്നല്‍ അന്നേരം മനസ്സില്‍ തോന്നിയിട്ടുണ്ടോ?' `ഉണ്ട്‌.' `എങ്കില്‍ ആ ഒരു ശക്തിയാണ്‌ അല്ലാഹു'- ഇമാം വ്യക്തമാക്കി. വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: ``കരയിലും കടലിലും നിങ്ങളെ ചരിപ്പിക്കുന്നത്‌ അവനാകുന്നു. അങ്ങനെ നിങ്ങള്‍ കപ്പലില്‍ യാത്ര ചെയ്യവെ അനുകൂലമായ കാറ്റടിക്കുന്നു. സന്തുഷ്‌ടരും സംതൃപ്‌തരുമായി മുന്നോട്ട്‌ നീങ്ങവെ പെട്ടെന്നതാ പ്രതികൂലമായ കാറ്റ്‌ ശക്തിയായി അടിച്ചുവീശുന്നു. നാനാഭാഗങ്ങളില്‍ നിന്നും തിരമാലകളുയരുന്നു. തങ്ങള്‍ കുടുങ്ങിപ്പോയെന്ന്‌ സഞ്ചാരികള്‍ക്ക്‌ തോന്നിപ്പോകുന്നു. അന്നേരം എല്ലാവരും തങ്ങളുടെ വണക്കം നിഷ്‌കളങ്കമായി അല്ലാഹുവിന്‌ മാത്രമായി സമര്‍പ്പിച്ചുകൊണ്ട്‌ അവനോടിപ്രകാരം പ്രാര്‍ഥിക്കുന്നു: നീ ഞങ്ങളെ ഈ വിപത്തില്‍നിന്ന്‌ രക്ഷപ്പെടുത്തുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ള ദാസന്മാരായിത്തീരും'' (യൂനുസ്‌ 22). (തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം