Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 16

പൂര്‍വോത്തര ദേശത്തെ മുസ്‌ലിം രാഷ്‌ട്രീയം

ഇഹ്‌സാന്‍

ബംഗ്ലാദേശിനോടു ചേര്‍ന്നു കിടക്കുന്ന ആസാമില്‍ മുസ്‌ലിംകള്‍ എന്നൊരു കൂട്ടര്‍ ജീവിക്കുന്നതായി രാഷ്‌ട്രീയക്കാരന്റെ നിഘണ്ടുവില്‍ സാധാരണ കാണാറില്ല. `വിദേശി'കളും ആസാമികളും മാത്രമേ ഈ സംസ്ഥാനത്ത്‌ വരവു വെക്കപ്പെട്ടവരിലുള്ളൂ. അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ എന്നും വിദേശി നുഴഞ്ഞുകയറ്റം മുഖ്യ ചര്‍ച്ചയാവാറുള്ള ആസാമില്‍ ഇത്തവണയും പതിവ്‌ തെറ്റിയിട്ടില്ല. പക്ഷേ, മുസ്‌ലിംകളുടെ സംഘടിത രാഷ്‌ട്രീയബലം ഏകദേശം 20 ശതമാനം വോട്ടുബാങ്കിന്റെ ആസ്‌തിയും മറികടന്ന്‌ കരുത്തുകാട്ടാന്‍ തയാറെടുക്കുന്നതോടെ പഴകിത്തേഞ്ഞ പല്ലവികള്‍ കോണ്‍ഗ്രസിനും എ.ജി.പിക്കും മാറ്റിയെഴുതുകയല്ലാതെ വേറെ വഴിയില്ലെന്നായി. ആസാമികളല്ലാത്ത എല്ലാവരെയും കണ്ടെത്തി സംസ്ഥാനത്തു നിന്ന്‌ പുറത്താക്കണമെന്ന്‌ ഇന്ന്‌ ഏറ്റവുമുച്ചത്തില്‍ വിളിച്ചു പറയുന്നത്‌ ബദ്‌റുദ്ദീന്‍ അജ്‌മലും കൂട്ടരുമാണ്‌. അതോടെ ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞു കടക്കുന്ന ഹിന്ദു `അഭയാര്‍ഥികളെ' സൗകര്യപൂര്‍വം കണ്ടില്ലെന്നു നടിക്കാറുള്ള കോണ്‍ഗ്രസിനും എ.ജി.പിക്കും ബി.ജെ.പിക്കുമൊക്കെ പൊള്ളാന്‍ തുടങ്ങുന്ന രസകരമായ കാഴ്‌ചയാണ്‌ ആസാമിലുള്ളത്‌. എത്രത്തോളമെന്നാല്‍ ആസാമില്‍ ബംഗ്ലാദേശികളില്ലെന്ന്‌ സംസ്ഥാന മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി തന്റെ തെരഞ്ഞെടുപ്പു റാലികളില്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്‌. ഏറ്റവുമൊടുവിലത്തെ സെന്‍സസ്‌ റിപ്പോര്‍ട്ടിനു ശേഷം ബി.ജെ.പിയും ഹൈന്ദവ രാഷ്‌ട്രീയ സംഘടനകളും അസാധാരണമായ മറ്റൊരു പ്രതിസന്ധിയും നേരിടുന്നുണ്ട്‌. മുസ്‌ലിം നുഴഞ്ഞു കയറ്റത്തിന്റെ തോത്‌ ഓരോ പതിറ്റാണ്ടിലും ലക്ഷങ്ങള്‍ പെരുകുന്നുവെന്ന അവരുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ്‌ ഒടുവില്‍ വ്യക്തമാവുന്നത്‌. കേവലം 2.5 ശതമാനം മാത്രമാണ്‌ സംസ്ഥാനത്ത്‌ മുസ്‌ലിം ജനസംഖ്യയിലുണ്ടായ വര്‍ധന. ഇത്‌ ഉയര്‍ത്തിക്കാട്ടി `ആസാമി' വികാരത്തിന്റെ ചവിട്ടുതറയിലേക്ക്‌ ബദ്‌റുദ്ദീന്‍ അജ്‌മല്‍ കൂടുതല്‍ ഗോത്രവിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ നവജാത മുസ്‌ലിം രാഷ്‌ട്രീയത്തെ എങ്ങനെ നേരിടണമെന്ന്‌ അറിയാതെ വിയര്‍ക്കുകയാണ്‌ കോണ്‍ഗ്രസും മറ്റുള്ളവരും. രാഷ്‌ട്രീയത്തിലെ ഏറ്റവും സാധാരണമായ അളവുകോലുകള്‍ വെച്ച്‌ പറയാനൊരുമ്പെട്ടാല്‍ കോണ്‍ഗ്രസിനും എ.ജി.പിക്കുമിടയില്‍ ആരാണ്‌ നാടു ഭരിക്കേണ്ടതെന്ന തര്‍ക്കത്തിലെ പ്രധാന വിധികര്‍ത്താവ്‌ ആസാം യുനൈറ്റഡ്‌ ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌ ആയിരിക്കുമെന്ന്‌ ഏതാണ്ട്‌ തീര്‍ച്ചയായി കഴിഞ്ഞു. 12 മുതല്‍ 20 വരെയോ അതിലേറെയോ സീറ്റുകള്‍ എ.യു.ഡി.എഫിനും 6 മുതല്‍ 15 വരെ സീറ്റുകള്‍ ബി.ജെ.പിക്കും ലഭിക്കാനിടയുണ്ട്‌. 126 അംഗ അസംബ്ലിയില്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതം കുറച്ചൊന്നുമല്ല. എ.ജി.പി രഹസ്യമായി തുണച്ചാല്‍ ബി.ജെ.പി മുഖ്യ കക്ഷികളിലൊന്നായി മാറുകയും ചെയ്യും. എ.ജി. പിയുടെ കരുത്തനായ നേതാവും കടുത്ത മുസ്‌ലിം വിരുദ്ധനുമായ സര്‍ബാനന്ദ്‌ സോനുവാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ആസാം ഗണപരിഷത്തില്‍ നിന്ന്‌ വര്‍ഗീയ ചിന്താഗതിക്കാരായ മുഴുവന്‍ പേരും സോനുവാലിനൊപ്പം കൂടാരം വിട്ടതായാണ്‌ ഉത്തര ആസാമിലെങ്കിലും കാണാനാവുന്ന ചിത്രം. മുസ്‌ലിംകള്‍ക്ക്‌ ആസാമില്‍ സ്വന്തമായ രാഷ്‌ട്രീയം ആവശ്യമില്ലെന്ന്‌ വാദിച്ച കോണ്‍ഗ്രസാണ്‌ വെട്ടിലാവുന്നത്‌. എ.യു.ഡി.എഫിനെ ഒന്നുകില്‍ ഒപ്പം നിര്‍ത്തുകയോ അല്ലെങ്കില്‍ പിളര്‍ത്തുകയോ ചെയ്‌തില്ലെങ്കില്‍ ചിലപ്പോള്‍ എ.ജി.പി-ബി.ജെ.പി മുന്നണിയാവും ആസാം ഭരിക്കുകയെന്ന സത്യം ഇപ്പോള്‍ കോണ്‍ഗ്രസിനെ തുറിച്ചു നോക്കുന്നു. നിസ്സംശയം, ബി.ജെ.പിയാണ്‌ ഈ സാഹചര്യത്തില്‍ നേട്ടം കൊയ്യാനൊരുങ്ങുന്നത്‌. അടിയൊഴുക്കുകളും കാണാച്ചുഴികളും ഏറെയുള്ള ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ആസാമിനെ കേന്ദ്രീകരിച്ച്‌ പലതരം അത്ഭുതങ്ങളാണ്‌ നടന്നുവരുന്നത്‌. ബി.ജെ.പിയുടെ ദേശീയ നിര്‍വാഹക സമിതി യോഗം ഗുവാഹതിയില്‍ നടക്കുന്ന അവസരത്തിലായിരുന്നു ദാറുല്‍ ഉലൂം ദയൂബന്ദിന്‍െറ ഗുജറാത്തുകാരനായ വൈസ്‌ ചാന്‍സലര്‍ ഗുലാം മുഹമ്മദ്‌ വസ്‌താന്‍വി നരേന്ദ്ര മോഡിയെ പുകഴ്‌ത്തിപ്പറയുന്ന പ്രസ്‌താവനയിറക്കിയത്‌. ആസന്നമായ തെരഞ്ഞെടുപ്പില്‍ ആസാമിന്റെ വടക്കന്‍ മേഖലയിലെ ചായത്തോട്ടം തൊഴിലാളികളില്‍, വിശിഷ്യ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്‌ സ്വാധീനമുള്ള ആസാമിലെ മുസ്‌ലിം മേഖലകളില്‍, ഈ പ്രസ്‌താവനക്ക്‌ നിര്‍ണായകമായ അനുരണനം സൃഷ്‌ടിക്കാന്‍ കഴിയുമായിരുന്നു. സോനുവാലാണ്‌ ഈ മേഖലയിലെ സുപ്രധാന രാഷ്‌ട്രീയ നേതാവ്‌ എന്നോര്‍ക്കുക. വസ്‌താന്‍ ഉള്‍പ്പെടുന്ന സൂറത്ത്‌ ജില്ലയിലെ ബര്‍ദോലിയില്‍ ഹിന്ദുക്കളോടൊപ്പം രാജ്യത്തിന്റെ റിപ്പബ്ലിക്‌ ദിനം ആഘോഷിക്കാനൊരുമ്പെട്ടതിന്‌ നിരവധി മുസ്‌ലിംകളെ, അതും ആറു മാസം മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞ്‌ ഉള്‍പ്പടെ, മോഡി സര്‍ക്കാര്‍ കള്ളക്കേസെടുത്ത്‌ ജയിലിലടച്ചത്‌ കണ്ടില്ലെന്ന്‌ നടിച്ച്‌ ഇതുപോലൊരു പ്രസ്‌താവനയിറക്കാന്‍ ദയൂബന്ദിനെയോ അതിന്റെ നേതാക്കളെയോ പ്രേരിപ്പിച്ച അസാധാരണമായ എന്തോ സാഹചര്യം ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഉണ്ടായിരുന്നുവെന്നര്‍ഥം. ഈ ദുരൂഹതയുടെ തുടര്‍ച്ചയാണ്‌ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ ഒടുവിലത്തെ നീക്കത്തിലും കാണാനാവുന്നത്‌. ആസാമില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തയാറെടുക്കുന്നുവെന്ന്‌ ആരോപിച്ച്‌ ബദ്‌റുദ്ദീന്‍ അജ്‌മലിനെയും കൂട്ടരെയും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദില്‍ നിന്ന്‌ പുറത്താക്കിയത്‌ വെറുമൊരു ഉള്‍പ്പാര്‍ട്ടി തര്‍ക്കത്തിന്റെ ഭാഗമായാണ്‌ മാധ്യമങ്ങള്‍ കാണുന്നത്‌. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്‌ രാഷ്‌ട്രീയത്തിന്‌ അതീതമാണെന്നാണ്‌ പുറത്താക്കലിന്‌ അതിന്റെ അധ്യക്ഷന്‍ അര്‍ശദ്‌ മദനി കാരണം പറയുന്നതെങ്കിലും ആ സംഘടനക്ക്‌ കോണ്‍ഗ്രസ്സിനെ അനുകൂലിച്ച ചരിത്രമല്ലേയുള്ളൂ. ഇതേ കോണ്‍ഗ്രസ്‌ വെച്ചു നീട്ടിയ സീറ്റില്‍ അവര്‍ എത്ര തവണ രാജ്യസഭയില്‍ അംഗങ്ങളായി ഇരുന്നിട്ടുണ്ട്‌? കോണ്‍ഗ്രസുമായി എ.യു.ഡി.എഫ്‌ കൂട്ടുകൂടരുതെന്ന ഈ ആഗ്രഹം ജംഇയ്യത്ത്‌ നേതൃത്വത്തിന്റെ ഒരു വിഭാഗത്തിലൂടെ പുറത്തുവരുമ്പോള്‍ അതിന്‌ കാരണമായ പ്രേരണ ആരുടേതാവാമെന്നത്‌ ഒരിക്കല്‍ കൂടി ചോദ്യചിഹ്നമായി മാറുന്നു. ബദ്‌റുദ്ദീന്‍ അജ്‌മലിന്റെ സംഘടന അകത്ത്‌ നിന്നാവും വലിയ വെല്ലുവിളി നേരിടേണ്ടി വരിക. ഒരുവേള സംഘടന പിളര്‍പ്പിലേക്കു പോലും നീങ്ങിയേക്കും. കോണ്‍ഗ്രസിനെ എതിര്‍ത്തും അനുകൂലിച്ചും മുന്നോട്ടു പോകുന്ന രണ്ട്‌ ചേരികള്‍ പാര്‍ട്ടിയില്‍ സജീവമായി കഴിഞ്ഞു. എന്ത്‌ സംഭവിക്കുമെന്ന്‌ കാത്തിരുന്ന്‌ കാണുക തന്നെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം