കര്‍മങ്ങള്‍ നിഷ്ഫലമാകാതിരിക്കാന്‍
യഥാര്‍ഥ മുസ്ലിം ജനങ്ങളെ കാണിക്കാന്‍ വേണ്ടി സല്‍കര്‍മങ്ങള്‍ ചെയ്യുന്നവനല്ല. അതു കര്‍മങ്ങളെ നിഷ്ഫലമാക്കുമെന്നും പരലോകത്ത് അല്ലാഹുവിന്റെ ശിക്ഷക്ക് കാരണമാക്കുമെന്നും അവന്‍ മനസ്സിലാക്കുന്നു. വാക്കിലും പ്രവൃത്തിയിലും അല്ലാഹുവിനോട് നിഷ്കളങ്കത പുലര്‍ത്തലാണ് ഇസ്ലാമിന്റെ അന്തസ്സത്ത. "മനുഷ്യനെയും ജിന്നിനെയും എനിക്ക് ഇബാദത്ത് ചെയ്യാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല'' (അദ്ദാരിയാത്ത് 56) എന്ന് അല്ലാഹു പറയുന്നുണ്ട്. ഇബാദത്ത് സ്വീകാര്യമാകണമെങ്കില്‍ അത് അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചും നിഷ്കളങ്ക മനസ്സോടെയും ആയിരിക്കണം. "കീഴ്വണക്കം അല്ലാഹുവിന് മാത്രമാക്കി, ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കാനല്ലാതെ അവരോട് കല്‍പിക്കപെട്ടിട്ടേയില്ല'' (ബയ്യിന 5). ഇബാദത്ത് ചെയ്യുമ്പോള്‍ ഈ ഗുണം നഷ്ടപ്പെടുന്നുവോ, അപ്പോഴെല്ലാം കര്‍മങ്ങള്‍ നിഷ്ഫലമായി എന്ന് ഉറപ്പിക്കാം. ജനങ്ങളെ കാണിക്കാനും കേള്‍പ്പിക്കാനും പ്രശസ്തിക്കു വേണ്ടിയും ചെയ്യുന്ന ഇബാദത്തുകള്‍ ഈ ഗണത്തില്‍പ്പെടും. പാവപ്പെട്ടവരെ സഹായിക്കുകയും പിന്നീടത് എടുത്ത് പറയുകയും ചെയ്ത ആളുകളുടെ അവസ്ഥ വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. "സത്യ വിശ്വാസികളേ, എടുത്തുപറഞ്ഞ് കൊണ്ടും (കൊടുത്തത്) ശല്യമുണ്ടാക്കി കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ നിഷ്ഫലമാക്കി കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെ പോലെ നിങ്ങളാവരുത്. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറമേല്‍ ഒരു കനത്ത മഴ വര്‍ഷിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റി കളഞ്ഞു. അവര്‍ അധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല'' (അല്‍ബഖറ: 264). ദരിദ്രരായ ആളുകള്‍ക്ക് നല്‍കിയ ദാനം എടുത്തു പറഞ്ഞതിന്റെ പേരില്‍ അതിന്റെ പ്രതിഫലം നഷ്ടമാകുമെന്നാണ് ഈ ഖുര്‍ആന്‍ വാക്യം ഓര്‍മിപ്പിക്കുന്നത്. സൂക്തത്തിന്റെ അവസാനത്തില്‍ അവര്‍ അല്ലാഹുവിന്റെ സന്മാര്‍ഗത്തിന് അര്‍ഹതയില്ലാത്തവരും സത്യനിഷേധികളായി ഗണിക്കപ്പെടുന്നവരാണെന്നും കൂടി പറഞ്ഞിരിക്കുന്നു. ജനങ്ങളെ കാണിക്കാന്‍ സല്‍കര്‍മങ്ങള്‍ ചെയ്യുന്നവരുടെ യഥാര്‍ഥ ഉദ്ദേശ്യം അവരുടെ പ്രശംസയും മതിപ്പും നേടലാണ്. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവുമല്ല. വിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെ കാണാം. "ജനങ്ങളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നവരാണിവര്‍. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവിനെ ഓര്‍മിക്കുകയുള്ളൂ'' (അന്നിസാഅ്: 142). സല്‍കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ പ്രീതിയും സംതൃപ്തിയും മാത്രമേ സത്യവിശ്വാസികള്‍ കാംക്ഷിക്കുകയുള്ളൂ. അത്തരം കര്‍മങ്ങളേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. മറ്റാരുടെയെങ്കിലും പ്രീതിയും പ്രശംസയുമാണ് കാംക്ഷിക്കുന്നതെങ്കില്‍ അത് അല്ലാഹുവിന് സമന്മാരെ കല്‍പിക്കുന്നതിനു തുല്യമാണ്. അബൂഹുറയ്റ(റ) ഉദ്ധരിക്കുന്ന ഒരു ഹദീസിലിങ്ങനെ കാണാം. നബി(സ) പറയുന്നതായി ഞാന്‍ കേട്ടു: "അല്ലാഹു പറഞ്ഞിരിക്കുന്നു, 'പങ്കുകാരെ ആവശ്യമില്ലാത്തവനാണ് ഞാന്‍. എന്നില്‍ ആരെങ്കിലും പങ്കുകാരെ ചേര്‍ക്കുകയാണെങ്കില്‍ ഞാനവരെയും അവന്റെ പങ്കുചേര്‍ക്കലിനെയും തള്ളിപറയുന്നതാണ്'' (മുസ്ലിം). യാതൊരു സഹായമോ സംരക്ഷണമോ ഇല്ലാത്ത അന്ത്യനാളില്‍ ഇത്തരക്കാര്‍ക്കുണ്ടാകുന്ന ഹീനമായ ശിക്ഷയെക്കുറിച്ച് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അബൂഹുറയ്റ(റ)യില്‍നിന്ന് ഉദ്ധരിക്കുന്നു. നബി(സ) പറയുന്നതായി ഞാന്‍ കേട്ടു: "അന്ത്യനാളില്‍ ആദ്യമായി തീരുമാനം കൈക്കൊള്ളുക അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിച്ചവന്റെ കാര്യത്തിലായിരിക്കും. അവനുണ്ടായ അനുഗ്രഹത്തെ ഓര്‍മപ്പെടുത്തുകയും അവനത് ഓര്‍ക്കുകയും ചെയ്താല്‍ അല്ലാഹു ചോദിക്കും: നിനക്ക് തന്ന അനുഗ്രഹത്തിന്റെ പേരില്‍ നീ എന്ത് പ്രവര്‍ത്തിച്ചു? അവന്‍ പറയും. രക്തസാക്ഷിയാകുംവരെ ഞാന്‍ നിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു. അപ്പോള്‍ അല്ലാഹു പറയും: നീ കള്ളമാണ് പറഞ്ഞത്. ധീരനായി അറിയപ്പെടാന്‍ വേണ്ടിയാണ് നീ അങ്ങനെ പ്രവര്‍ത്തിച്ചത്. അങ്ങനെ(ധീരനാണെന്ന്) പറയപ്പെടുകയുണ്ടായല്ലോ. പിന്നീട് അല്ലാഹുവിന്റെ കല്‍പനപ്രകാരം അവനെ മുഖം കുത്തിയവനായി വലിച്ചിഴച്ച് നരകത്തിലേക്ക് എറിയും. ശേഷം തീരുമാനം കൈക്കൊള്ളുക, വിജ്ഞാനം കരസ്ഥമാക്കി അത് പഠിപ്പിക്കുകയും ഖുര്‍ആന്‍ പാരായണം നടത്തുകയും ചെയ്തവന്റെ കാര്യത്തിലാകും. അവന്ന് നല്‍കിയ അനുഗ്രഹത്തെ അവിടെ പരിചയപ്പെടുത്തുകയും അവനത് ഓര്‍ക്കുകയും ചെയ്ത ശേഷം അല്ലാഹു ചോദിക്കും: ആ അനുഗ്രഹത്തിന്റെ പേരില്‍ നീ എന്ത് പ്രവര്‍ത്തിച്ചു? അവന്‍ പറയും, വിജ്ഞാനം കരസ്ഥമാക്കി അത് മറ്റുള്ളവരെ പഠിപ്പിച്ചു. നിന്റെ പ്രീതി നേടാന്‍ ഖുര്‍ആന്‍ പാരായണം ചെയ്തു. അപ്പോള്‍ അല്ലാഹു പറയും: നീ കളവാണ് പറഞ്ഞത്. പണ്ഡിതനായി അറിയപ്പെടാന്‍ വേണ്ടിയല്ലേ നീ വിജ്ഞാനം നേടിയതും ഖുര്‍ആന്‍ പാരായണക്കാരനായതും? അതു അങ്ങനെ തന്നെ സംഭവിച്ചുവല്ലോ. പിന്നീട് അല്ലാഹുവിന്റെ കല്‍പന പ്രകാരം അവനെ മുഖം കുത്തിയവനായി വലിച്ചിഴച്ച് നരകത്തിലേക്ക് എറിയും. പിന്നെ തീരുമാനം കൈക്കൊള്ളുക, അല്ലാഹു സാമ്പത്തിക പ്രയാസമകറ്റുകയും വിവിധതരം സമ്പത്ത് നല്‍കുകയും ചെയ്തവന്റെ കാര്യത്തിലായിരിക്കും. അല്ലാഹു ചോദിക്കും: നിനക്ക് തന്ന അനുഗ്രഹത്തിന്റെ പേരില്‍ നീ എന്ത് പ്രവര്‍ത്തിച്ചു? അവന്‍ പറയും: നീ ഇഷ്ടപ്പെട്ട മാര്‍ഗത്തില്‍ ഞാനതിനെ ചെലവഴിച്ചു. അപ്പോള്‍ അല്ലാഹു പറയും, നീ കള്ളമാണ് പറഞ്ഞത്. നീയൊരു ധര്‍മിഷ്ടനായി അറിയപെടാന്‍ വേണ്ടിയാണത് ചെയ്തത്. അങ്ങനെ ആവുകയും ചെയ്തല്ലോ. പിന്നീട് അല്ലാഹുവിന്റെ കല്‍പന പ്രകാരം അവനെ മുഖം കുത്തിയ നിലയില്‍ വലിച്ചിഴച്ച് കൊണ്ടുപോയി നരകത്തിലെറിയും'' (മുസ്ലിം). ധീരത, അറിവ്, ഔദാര്യം തുടങ്ങിയ നല്ല സ്വഭാവങ്ങള്‍ അല്ലാഹുവിന്റെ പ്രീതിയും സംതൃപ്തിയും വേണ്ടെന്ന് വെച്ച്, ജനങ്ങളുടെ പ്രീതിയും പ്രശംസയും പിടിച്ചു പറ്റാന്‍ വേണ്ടിയാണ് ആരെങ്കിലും ഉപയോഗിക്കുന്നതെങ്കില്‍, അത്തരക്കാര്‍ക്ക് ലഭിക്കുന്ന നിന്ദ്യമായ ശിക്ഷയാണ് ഈ ഹദീസില്‍ വിവരിച്ചത്. അതിനാല്‍ യഥാര്‍ഥ മുസ്ലിം എല്ലാ പ്രവര്‍ത്തനങ്ങളിലും അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും മാത്രമേ കാംക്ഷിക്കാവൂ. മറ്റൊരു ഹദീസ് ഇങ്ങനെ: "പ്രശസ്തിക്ക് വേണ്ടി വല്ലവനും പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അല്ലാഹു അവനെ പ്രശസ്തനാക്കും. ജനങ്ങളുടെ ദൃഷ്ടിയില്‍ പെടാന്‍ വേണ്ടിയാണ് ആരെങ്കിലും പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അതും അല്ലാഹു അവന് നല്‍കും'' (ബുഖാരി, മുസ്ലിം) വിവ: അബ്ദുര്‍റഹ്മാന്‍ തുറക്കല്‍
Comments