Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 16

പണ്ഡിതനോട്‌ ചോദിക്കാം

ശൈഖ്‌ അഹ്‌മദ്‌ കുട്ടി

അല്ലാഹുവിനെ പേടിക്കേണ്ടതുണ്ടോ? ചോദ്യം: ദൈവത്തെ ഇത്രയധികം പേടിക്കണമെന്ന്‌ പറയുന്നത്‌ എന്തുകൊണ്ടാണ്‌? ദൈവത്തെ സ്‌നേഹിക്കയല്ലേ വേണ്ടത്‌, പേടിക്കുകയല്ലല്ലോ? ഉത്തരം: നാം ദൈവത്തെ സ്‌നേഹിക്കണം എന്ന്‌ താങ്കള്‍ പറഞ്ഞത്‌ ശരിയാണ്‌. എന്നാല്‍ ഈ ദൈവസ്‌നേഹത്തില്‍ ദൈവഭയം വേണ്ടതില്ല എന്ന്‌ പറഞ്ഞാല്‍ അത്‌ തെറ്റുമാണ്‌. ദൈവത്തെ നിരുപാധികം സ്‌നേഹിക്കുന്ന പോലെ തന്നെ, അവന്റെ കോപത്തിന്‌ ഇരയാകുന്നത്‌ നാം പേടിക്കുകയും വേണം. ഉന്നതനും മഹത്വമുടയവനും കരുണാവാരിധിയുമൊക്കെയായ അല്ലാഹു, കര്‍ക്കശമായി നീതി പാലിക്കുന്നവനും പാപികളെ കഠിനമായി ശിക്ഷിക്കുന്നവനുമായതുകൊണ്ടാണിത്‌. അല്‍പം കൂടി ആഴത്തിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ നോക്കാം. ദൈവസ്‌നേഹം എങ്ങനെയെന്ന്‌ നിര്‍ണയിക്കേണ്ടത്‌ നമ്മുടെ യുക്തിബോധമോ താര്‍ക്കിക ബുദ്ധിയോ ഒന്നുമല്ല. പ്രവാചകന്മാര്‍ക്ക്‌ ലഭിക്കുന്ന ദിവ്യബോധന(വഹ്‌യ്‌)ത്തിന്റെ അടിസ്ഥാനത്തിലാണ്‌ അത്‌ തീരുമാനിക്കുന്നത്‌. ദൈവത്തെ എങ്ങനെ സമീപിക്കണം എന്ന്‌ പറഞ്ഞ്‌ തരുന്നത്‌ ദിവ്യബോധനമാണ്‌. നമ്മുടെ യുക്തിക്ക്‌ അതില്‍ പങ്കൊന്നുമില്ല. ദൈവത്തെ എങ്ങനെ സമീപിക്കണം എന്ന്‌ നമുക്ക്‌ പഠിപ്പിച്ചുതരേണ്ടത്‌ ദൈവം മാത്രമാണ്‌. ഇതിന്‌ വിരുദ്ധമാണ്‌ നമ്മുടെ സമീപനമെങ്കില്‍, ദൈവത്തെ അവന്റെ തന്നെ സൃഷ്‌ടികളുമായി താരതമ്യപ്പെടുത്തുകയാവും നാം ചെയ്യുന്നത്‌. അങ്ങനെ നാം സ്വയം തന്നെ ദൈവത്തെക്കുറിച്ച്‌ ഒരു ചിത്രം നമ്മുടെ മനസ്സില്‍ വരഞ്ഞുണ്ടാക്കും. അതിനാല്‍, നാം മനുഷ്യര്‍ക്ക്‌ ദൈവത്തിന്റെ പ്രകൃതമെന്തെന്ന്‌ അറിയാന്‍ അവന്റെ തന്നെ ദിവ്യവെളിപാടുകളല്ലാതെ വേറൊരു വഴിയും ഇല്ല. തന്റെ പ്രകൃതം എന്ത്‌ എന്ന്‌ അല്ലാഹു ഖുര്‍ആനില്‍ വിവരിച്ചിട്ടുണ്ട്‌. ``എന്റെ ദാസന്മാര്‍ക്ക്‌ പറഞ്ഞു കൊടുക്കൂ: ഞാന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു. അതോടൊപ്പം എന്റെ ശിക്ഷ ഏറെ നോവുറ്റതുമാകുന്നു'' (15:49,50). ``പ്രതാപവാനും സര്‍വജ്ഞനും പാപങ്ങള്‍ പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും മഹത്തായ അനുഗ്രഹമുടയവനുമായ അല്ലാഹു. അവനല്ലാതെ ദൈവമേതുമില്ല. അവങ്കലേക്കാകുന്നു അവസാന യാത്ര'' (40:2,3). കാരുണ്യവാനായ ദൈവം തമ്പുരാനെ സ്‌നേഹിക്കുന്നതോടൊപ്പം അവന്‍ കഠിന ശിക്ഷ നല്‍കുമെന്ന ഭയവും നമുക്കുണ്ടാവണം. ഒട്ടും പ്രതീക്ഷയില്ലാത്ത ഭയമോ, ഭയം തീരെയില്ലാത്ത പ്രതീക്ഷയോ അല്ലാഹുവെക്കുറിച്ച്‌ വെച്ചുപുലര്‍ത്തുക വയ്യ. ദൈവഭയത്തെ ദൈവകാരുണ്യവുമായി ഇണക്കി ചേര്‍ത്തുള്ള ഒരു രീതിയാണ്‌ സ്വീകരിക്കേണ്ടത്‌. മനുഷ്യ സമൂഹത്തിന്റെ ആദര്‍ശപുരുഷന്മാരായ പ്രവാചകന്മാര്‍ സ്വീകരിച്ച രീതിയാണിത്‌. ``ഈയാളുകള്‍ (പ്രവാചകന്മാര്‍) നല്ല കാര്യങ്ങളില്‍ ഉത്സാഹമുള്ളവരായിരുന്നു. പ്രത്യാശയോടും ഭയത്തോടും കൂടി നമ്മോട്‌ പ്രാര്‍ഥിക്കുന്നവരുമായിരുന്നു. നമ്മുടെ മുന്നില്‍ കുനിഞ്ഞവരുമായിരുന്നു'' (21:90). അല്ലാഹുവിന്റെ ക്രോധം ക്ഷണിച്ചുവരുത്തുന്നതില്‍ നിന്നൊക്കെ വിട്ടുനില്‍ക്കുക-ഇതാണ്‌ ദൈവഭയം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. തെറ്റ്‌ ചെയ്‌തുപോയാല്‍ ഒട്ടും അമാന്തിക്കാതെ പശ്ചാത്തപിച്ച്‌ ദൈവകാരുണ്യത്തിന്‌ അര്‍ഹനാവുക എന്നാണ്‌ മേല്‍ സൂക്തത്തില്‍ സൂചിപ്പിച്ച `പ്രത്യാശ' കൊണ്ട്‌ അര്‍ഥമാക്കുന്നത്‌. യുക്തിപരമായി ഇത്‌ മറ്റൊരു തരത്തിലും വിശദീകരിക്കാം. സ്‌നേഹിക്കുന്ന ഏതൊരാളും അവന്റെ/അവളുടെ സ്‌നേഹഭാജനത്തിന്റെ അപ്രീതിക്ക്‌ പാത്രമാവുമോ എന്ന്‌ ഭയന്ന്‌ അത്‌ സംഭവിക്കാതിരിക്കാന്‍ ആത്മാര്‍ഥമായും മനസ്സറിഞ്ഞും ശ്രമിക്കുമല്ലോ. അപ്പോള്‍ അപ്രീതിക്ക്‌ കാരണമാകുന്ന വാക്കും പ്രവൃത്തിയും പരോക്ഷമായി പോലും വന്നുപോകാതിരിക്കാന്‍ അവന്‍/ അവള്‍ നിതാന്ത ജാഗ്രത പുലര്‍ത്തും. ദിക്‌റിന്റെ മഹത്വം ചോദ്യം: ദിവസവും വാഹനം കയറി വേണം എനിക്ക്‌ ജോലി സ്ഥലത്തെത്താന്‍. വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കാര്യമായൊന്നും ചെയ്യാനില്ല. അപ്പോള്‍ ഞാന്‍ ധാരാളം ദൈവസ്‌തുതി കീര്‍ത്തനങ്ങളും (തസ്‌ബീഹ്‌) പ്രാര്‍ഥനകളും (ദുആ) നബി(സ)യുടെ പേരില്‍ സ്വലാത്തുകളും ചൊല്ലിക്കൊണ്ടിരിക്കും. പക്ഷേ, പലപ്പോഴും അംഗശുദ്ധി (വുദൂ) ഇല്ലാതെയാണ്‌ ഈ ദുആകളും മറ്റും ചൊല്ലേണ്ടിവരിക. വുദൂ ഇല്ലാതെയും തസ്‌ബീഹും മറ്റും ചൊല്ലാന്‍ പറ്റുമോ? ഉത്തരം: ഏറ്റവും മഹത്തരമായ ദൈവസ്‌മരണ (ദിക്‌റുല്ലാഹ്‌) എന്ന കര്‍മത്തിലാണ്‌ താങ്കള്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. വളരെ പ്രശംസനീയമായ ഒരു കര്‍മമാണിത്‌. കാരണം നിര്‍ബന്ധ നമസ്‌കാരങ്ങളും മറ്റും നിര്‍വഹിക്കപ്പെടാത്ത ഇത്തരം ഒഴിവ്‌ സമയങ്ങളില്‍ ഇതിനേക്കാള്‍ മഹത്തരമായൊരു കര്‍മവും നമുക്ക്‌ ചെയ്യാനില്ല. ഈ ശീലം താങ്കള്‍ തുടരുക തന്നെ വേണം. ദിക്‌ര്‍ താങ്കളുടെ രണ്ടാം പ്രകൃതിയായി തീരട്ടെ. താങ്കള്‍ നിരന്തരം ദിക്‌റില്‍ മുഴുകുന്നവനാണെങ്കില്‍ ഒരു കാര്യം ഉറപ്പിക്കാം: സ്വര്‍ഗത്തില്‍ കടക്കുന്നതിന്‌ മുമ്പ്‌ തന്നെ താങ്കള്‍ സ്വര്‍ഗത്തില്‍ കടന്നിരിക്കുന്നു! നമ്മുടെ മുന്‍ഗാമികളില്‍ പെട്ട ഒരു മഹാ പണ്ഡിതന്‍ ഒരിക്കല്‍ പറഞ്ഞു: ``ഈ ലോകത്തെ സ്വര്‍ഗത്തില്‍ കടക്കാത്തവന്‌ പരലോകത്തെ സ്വര്‍ഗത്തില്‍ കടക്കാനാവില്ല.'' ഗുരു പറഞ്ഞതിന്റെ അര്‍ഥം ശിഷ്യര്‍ക്ക്‌ പിടികിട്ടിയില്ല. അവര്‍ വിശദീകരണം ചോദിച്ചു. അപ്പോള്‍ ഗുരു: ``അല്ലാഹുവിനെ നിരന്തരം സ്‌മരിച്ചുകൊണ്ടിരിക്കലാണ്‌ ഈ ലോകത്തെ സ്വര്‍ഗം.'' താങ്കള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന കര്‍മത്തിന്റെ മഹത്വം മനസ്സിലായല്ലോ. ഇനി താങ്കളുടെ ചോദ്യത്തിലേക്ക്‌. തസ്‌ബീഹും ദുആയും സ്വലാത്തും ചൊല്ലുന്നതിന്‌ വുദൂ നിര്‍ബന്ധമില്ല. വുദൂ ഇല്ലാതെയും ദിക്‌റില്‍ ഏര്‍പ്പെടാം. ടോയ്‌ലറ്റില്‍ പോകുമ്പോഴും മറ്റും അത്‌ നിര്‍ത്തിവെക്കാന്‍ ശ്രദ്ധിച്ചാല്‍ മതി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം