Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 27

ഹിജാസ് റെയില്‍വേ പുനര്‍നിര്‍മിക്കാന്‍ തുര്‍ക്കിക്ക് പദ്ധതി

ഇസ്‌ലാമിക ലോകത്തിലെ ഏറ്റവും വലിയ വഖ്ഫ് സ്വത്തായിരുന്ന ഹിജാസ് റെയില്‍വേ പുനര്‍നിര്‍മിക്കാന്‍ തുര്‍ക്കിക്ക് പദ്ധതി. മക്ക, മദീന പുണ്യനഗരങ്ങളെ തുര്‍ക്കിയിലെ ഇസ്തംബൂളുമായി ബന്ധിപ്പിക്കുന്ന ചരിത്രപ്രാധാന്യമുള്ള 2241 കി.മീറ്റര്‍ റെയില്‍വേ പദ്ധതിയില്‍ തുര്‍ക്കിക്ക് പുറമെ സിറിയ, ജോര്‍ദാന്‍, സുഊദി അറേബ്യ എന്നീ രാജ്യങ്ങളും തങ്ങളുടെ പങ്ക് നിര്‍വഹിക്കും. നാല് വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കുന്ന റെയില്‍വേ 20 ലക്ഷത്തിലധികം ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി യാഥാര്‍ഥ്യമാവുമ്പോള്‍ 24 മണിക്കൂറിനകം തീര്‍ഥാടകര്‍ക്ക് കര മാര്‍ഗം ഇസ്തംബൂളില്‍ നിന്ന് മദീനയിലെത്തിച്ചേരാനാവും.
ഉസ്മാനിയാ ഭരണകാലത്ത് നിര്‍മിച്ച പൗരാണിക ഹിജാസ് റെയില്‍വേ ഒന്നാം ലോകയുദ്ധകാലത്താണ് കുത്സിത ശ്രമഫലമായി തകര്‍ക്കപ്പെട്ടത്. തുര്‍ക്കിയിലെ മൂന്ന് നഗരങ്ങളിലൂടെ കടന്നുപോകുന്ന റെയില്‍വേ സിറിയയില്‍ ഹലബ്, ഹമാ, ദര്‍അ എന്നീ പ്രമുഖ നഗരങ്ങളിലൂടെ കടന്ന് ജോര്‍ദാനിലേക്ക് പ്രവേശിക്കും. വടക്കന്‍ അതിര്‍ത്തിയിലൂടെ സുഊദിയില്‍ രാജ്യത്ത് പ്രവേശിക്കുന്ന റെയില്‍വേ മദായിന്‍ സാലിഹിലൂടെയാണ് മദീനയിലെത്തുക. മദീനയിലെ പൗരാണിക റെയില്‍വേ സ്റ്റേഷന്‍ ചരിത്ര സൂക്ഷിപ്പുകളുടെ ഭാഗമായി ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്. 2008-ല്‍ സിറിയ ഹിജാസ് റെയില്‍വേയുടെ നൂറാം വാര്‍ഷികം ആഘോഷിച്ചിരുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് തന്റെ രാജ്യം ജോലി ആരംഭിച്ചിട്ടുണ്ടെന്നും സമാനമായ ആലോചന സിറിയ, ജോര്‍ദാന്‍, സുഊദി എന്നിവിടങ്ങളില്‍ നടക്കുന്നുണ്ടെന്നും ടി.ആര്‍.ടി ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ തുര്‍ക്കി റെയില്‍വേ മേധാവി സുലൈമാന്‍ കറാമാന്‍ പറഞ്ഞു. 1954-ലും 1965-ലും റെയില്‍വേ പുനര്‍ നിര്‍മാണത്തെക്കുറിച്ച് ആലോചന നടന്നിരുന്നെങ്കിലും പദ്ധതി വെളിച്ചം കണ്ടിരുന്നില്ല. എട്ട് വര്‍ഷമെടുത്ത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ പൂര്‍ത്തിയാക്കിയ റെയില്‍വേയുടെ പല ഭാഗങ്ങളും ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്നതിനാല്‍ പുനര്‍നിര്‍മാണം പ്രയാസകരമാവില്ലെന്നാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന തുര്‍ക്കി അധികൃതര്‍ പ്രതീക്ഷിക്കുന്നത്.


ഉര്‍ദുഗാന്‍ സോമാലിയ സന്ദര്‍ശിക്കും
തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കുടുംബസമേതം സോമാലിയ സന്ദര്‍ശിക്കും. ആ രാജ്യത്തെ പട്ടിണിയും അരക്ഷിതാവസ്ഥയും അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ കൊണ്ടുവരലാണ് സന്ദര്‍ശന ലക്ഷ്യം. സുരക്ഷാ കാരണങ്ങളാല്‍ രാഷ്ട്രനേതാക്കള്‍ സോമാലിയ സന്ദര്‍ശിക്കല്‍ അപൂര്‍വമായ സാഹചര്യത്തിലാണ്, താനും തന്റെ വിദേശകാര്യ മന്ത്രിയും കുടുംബസമേതം സോമാലിയയിലെ പട്ടിണി നേരിട്ട് കണ്ടറിയാനും ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും സോമാലിയ സന്ദര്‍ശിക്കുമെന്ന് എ.കെ പാര്‍ട്ടിയുടെ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ നവംബറില്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട പ്രസിഡന്റാണ് സോമാലിയ അവസാനമായി സന്ദര്‍ശിച്ച രാഷ്ട്രത്തലവന്‍. ഇതിന് ശേഷം മെഗദീശിലെത്തുന്ന വിദേശ നേതാവായിരിക്കും തുര്‍ക്കി പ്രധാനമന്ത്രി. സോമാലിയയിലെ വരള്‍ച്ച, പട്ടിണി എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 57 മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ അടിയന്തിര യോഗവും തുര്‍ക്കി ഇസ്തംബൂളില്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്തിരുന്നു.


ഖത്തര്‍ അമീര്‍ ഖാലിദ് മിശ്അലിനെ സ്വീകരിച്ചു
ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ഹമാസ് നേതാവ് ഖാലിദ് മിശ്അലിനെ ദോഹയില്‍ സ്വീകരിച്ചു. കയ്‌റോവില്‍ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തില്‍ ഹമാസും ഫത്ഹും ഇരു പാര്‍ട്ടികളുടെയും തടവുകാരെ റമദാന്‍ അവസാനത്തിന് മുമ്പായി മോചിപ്പിക്കുമെന്ന് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ മെയ് മാസത്തില്‍ ഈജിപ്തില്‍ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ നടപ്പിലായാലല്ലാതെ ഹമാസ് തദ്ദേശഭരണ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കില്ലെന്ന് ഹമാസ് വക്താവ് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി അഴിച്ചുപണിയണമെന്ന് വ്യവസ്ഥയില്‍ വ്യക്തമാക്കിയതാണ്. ഇത് ഉറപ്പുനല്‍കാതെ തെരഞ്ഞെടുപ്പില്‍ പങ്കെടുത്താല്‍ കൃത്രിമം നടന്നേക്കാം. 2005-ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച ഹമാസ് വീണ്ടും കബളിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.


നൈല്‍ നദീജല തര്‍ക്കം വീണ്ടും
തെക്കന്‍ സുഡാന്‍ എന്ന പുതിയ രാജ്യം കൂടി പിറന്നതോടെ നൈല്‍ നദീജല തര്‍ക്കം വീണ്ടും സങ്കീര്‍ണമായി. നൈലിന്റെ ഉത്ഭവ പ്രദേശത്തുള്ള മധ്യ-തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും നൈല്‍ ഒഴുകിയെത്തുന്ന രാജ്യങ്ങളായ ഈജിപ്ത്, സുഡാന്‍ എന്നിവയും തമ്മില്‍ ജല വിഹിതത്തിന് വേണ്ടിയുള്ള തര്‍ക്കം മുമ്പേ നിലനിന്നിരുന്നു. തെക്കന്‍ സുഡാന്‍ നിലവില്‍ വന്നത് മുതല്‍ പ്രശ്‌നം കൂടുതല്‍ മൂര്‍ച്ചിച്ചിരിക്കയാണ്. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ആഫ്രിക്കന്‍ രാജ്യങ്ങള്‍ കാര്യമായും ആശ്രയിക്കുന്നത് നൈല്‍ നദീജലത്തെയാണ്. ഈജിപ്ത് ടൂറിസത്തിനും നൈലിനെ ഉപയോഗപ്പെടുത്തുന്നുണ്ട്.


അഫ്ഗാനിലെ അല്‍ജസീറ മേധാവിയെ ഇസ്രയേല്‍ തടവിലാക്കി
അഫ്ഗാനിസ്താനിലെ അല്‍ജസീറ ഓഫീസ് മേധാവി സാമിര്‍ അല്ലാവിയെ ഇസ്രയേല്‍ തടവിലാക്കി. സ്വദേശമായ നാബ്‌ലുസില്‍ വന്ന് തിരിച്ചുപോകുമ്പോള്‍ പടിഞ്ഞാറെ കരയില്‍ നിന്നുള്ള കവാടത്തില്‍വെച്ചാണ് 46-കാരനായ അല്ലാവി അറസ്റ്റ് ചെയ്യപ്പെട്ടത്. അല്‍ജസീറക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്. നിയമാനുസൃതമായി സ്വദേശത്ത് പ്രവേശിച്ച അല്ലാവി നിയമവിരുദ്ധമായ വസ്തുക്കള്‍ ഫലസ്ത്വീനിലേക്ക് കടത്താന്‍ ശ്രമിച്ചതായി കുറ്റം ചുമത്തിയിട്ടുണ്ടെന്നും ഇസ്രയേല്‍ വൃത്തങ്ങളോട് സഹകരിച്ചില്ലെങ്കില്‍ കടുത്ത കുറ്റം ചുമത്തി തടവുകാലം നീട്ടുമെന്ന ഭീഷണിയുണ്ടെന്നും അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ച വക്കീല്‍ പറഞ്ഞു. അന്താരാഷ്ട്ര വേദികളും മനുഷ്യാവകാശ  സംഘടനകളും പ്രശ്‌നത്തില്‍ ഇടപെടണമെന്ന് അല്ലാവി ആവശ്യപ്പെട്ടിട്ടുണ്ട്.

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം