Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 27

സ്ത്രീ പീഡനത്തിലെ കൂട്ടുപ്രതികള്‍

മജീദ് കുട്ടമ്പൂര്‍

കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരത്തില്‍ ഗുരുനാഥന്റെ പേര് മാത്രമല്ല അഛന്റെ പേരും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. പുതിയ കാലത്ത് പെണ്‍കുട്ടികളുടെ വെളിപ്പെടുത്തലുകള്‍ കേട്ട് കേരളീയ സമൂഹം വിറങ്ങലിച്ച് നില്‍ക്കുന്നു. വന്യമായ ഭാവനയില്‍ പോലും സങ്കല്‍പിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് പുറത്ത് വരുന്നത്. ഒരു ലൈംഗിക ഭീകരത തന്നെ ഇവിടെ ആഴത്തില്‍ വേരോടിക്കഴിഞ്ഞു. ഒരു അധോലോക ലൈംഗിക കമ്പോളം ഇവിടെ തഴച്ച് വളര്‍ന്നിട്ടുണ്ട്. ലൈംഗിക പീഡന കേസുകളില്‍ പ്രതികളാക്കപ്പെടുന്ന 12നും 17നും ഇടയില്‍ പ്രായമുള്ളവരുടെ എണ്ണം നാള്‍തോറും വര്‍ധിക്കുന്നു. മാതാപിതാക്കളും കുടുംബവുമാണ് ആരുടെയും അവസാന ആശ്വാസവും അഭയകേന്ദ്രവുമെങ്കില്‍, അവിടെപ്പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്നാണ് ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
സാമ്പത്തിക മോഹങ്ങളുടെ പിടിയിലാണ് സമൂഹം. എല്ലാം വിലകൊടുത്ത് വാങ്ങാവുന്നതേയുള്ളൂ എന്ന കാഴ്ചപ്പാട് ആധിപത്യം നേടിക്കഴിഞ്ഞു. സീരിയല്‍, മോഡലിംഗ്, അഭിനയം തുടങ്ങി പണം സമ്പാദിക്കാനുള്ള പുതിയ മേഖലകളില്‍ പെണ്‍കുട്ടികള്‍ ചേക്കേറുന്നതില്‍ പല രക്ഷിതാക്കള്‍ക്കുമെതിര്‍പ്പില്ലെന്നു മാത്രമല്ല പ്രോത്സാഹനവും നല്‍കുന്നു. മക്കളുടെ അഭീഷ്ടങ്ങള്‍ നടക്കുകയും മക്കള്‍ ഭരിക്കുകയും ചെയ്യുന്ന കുടുംബങ്ങളിന്ന് ധാരാളം. പുതിയ തലമുറക്ക് വേണ്ടതെല്ലാം അവര്‍ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. വീടുകളില്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് വേണ്ടി ചലിക്കുന്ന പാവകള്‍ മാത്രം. വീടും കുടുംബവും മാതാപിതാക്കളുമാണ് ഒരു പെണ്‍കുട്ടിയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത്. അവിടങ്ങളില്‍ നിന്നെല്ലാം പണമാണ് ജീവിതം എന്ന സന്ദേശമാണ് കുട്ടികള്‍ക്ക് ലഭിക്കുന്നത്. അപ്പോള്‍ എളുപ്പം പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങളാണ് അവര്‍ അന്വേഷിക്കുന്നതും നടപ്പാക്കുന്നതും.
മിക്ക പീഡനങ്ങള്‍ക്കും പിന്നിലുള്ളത് സീരിയല്‍ ഭ്രമമാണ്. പെണ്‍കുട്ടികളുമായി സൌഹൃദം സ്ഥാപിച്ച് വളയും ഹെയര്‍ബാന്റും ലിപ്സ്റിക്കും വാങ്ങിക്കൊടുത്ത് സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച ലതാ നായരുമാരാണ് പെണ്‍കുട്ടികളെ പാട്ടിലാക്കിയത്. അതിന് ശേഷവും ഒരു പാഠമായില്ല. കിളിരൂരിലെയും കവിയൂരിലെയും പെണ്‍കുട്ടികളും സീരിയലിന്റെ മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങിയവരാണ്. ഇപ്പോള്‍ സ്വന്തം പിതാവ് തന്നെ നടത്തിയ പീഡനത്തിലും വാണിഭത്തിലും സീരിയല്‍ പ്രലോഭനങ്ങളുണ്ട്.
സിനിമയിലും ടിവിയിലും എന്നും അധമവികാരങ്ങള്‍ക്കാണ് മേല്‍ക്കൈ. മിക്ക ടെലിവിഷന്‍ സീരിയലുകളുടെയും പരമ്പരകളുടെയും വിഷയം അവിഹിത ബന്ധവും വഴിവിട്ട ജീവിതവുമാണ്. മൃദുല വികാരങ്ങളെ ഇക്കിളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമ്മാനിക്കുന്ന ഏതൊരാഗ്രഹവും മൃഗീയമായെങ്കിലും സഫലീകരിക്കാനുള്ള പ്രവണത മനുഷ്യരില്‍ നാമ്പെടുക്കുന്നുണ്ട്.
'ആണ്‍കുട്ടികളെ എങ്ങനെ ആകര്‍ഷിക്കാം', 'എങ്ങനെ ശ്രദ്ധ പിടിച്ചു പറ്റാം' എന്നൊക്കെ പഠിപ്പിക്കുന്ന 'ഏറ്റവും പ്രചാര'മുള്ള വനിതാ പ്രസിദ്ധീകരണങ്ങളുണ്ട് നമ്മുടെ നാട്ടില്‍. സൌന്ദര്യ മോഡലിംഗ്, കവര്‍ ഗേള്‍ മത്സരങ്ങളാണ് ഇവരുടെ പംക്തികളില്‍ ചിലത്. വാലന്റൈന്‍സ് ഡേകളും കാമ്പസ് ഡേകളും ഇവര്‍ കൊഴുപ്പിക്കുന്നു. എല്ലാറ്റിനും പിന്നില്‍ ഹിഡന്‍ അജണ്ടകളുണ്ട്. കിളിരൂരിലെ പെണ്‍കുട്ടിയുടെ ദുരിതങ്ങളേക്കാള്‍ ലതാനായരുടെ ഇക്കിളക്കഥകള്‍ക്കാണ് മാഗസിനുകളില്‍ പ്രചാരം ലഭിച്ചത്. പെണ്‍വാണിഭക്കഥകള്‍ സെന്‍സേഷനലായി മൃഗീയ വാസനകള്‍ ഉത്തേജിപ്പിക്കും വിധം കൈകാര്യം ചെയ്യപ്പെടുന്നത് സ്ത്രീ പീഡനം വര്‍ധിക്കാനാണ് കാരണമാവുകയെന്ന് പലരും ചൂണ്ടിക്കാട്ടിയതാണ്.
വീടുകളില്‍ ബന്ധുക്കള്‍ ഒന്നിച്ചിരുന്ന് നഗ്നതാപ്രദര്‍ശനങ്ങളും സീരിയലുകളും കണ്ടാസ്വദിച്ച് ലജ്ജ നശിച്ചു പോയ സമൂഹത്തില്‍ പെണ്‍വാണിഭങ്ങളും സ്ത്രീ പീഡനങ്ങളും എങ്ങനെ സംഭവിക്കാതിരിക്കും? വാര്‍ത്തകള്‍ പോലും പൈങ്കിളിവല്‍ക്കരിച്ചില്ലെങ്കില്‍ സ്വീകരിക്കപ്പെടുകയില്ലെന്ന ചിന്ത ചില വാര്‍ത്താ മാധ്യമങ്ങള്‍ക്കുമുണ്ട്. ലൈംഗികതയെ പരമാവധി മാര്‍ക്കറ്റ് ചെയ്യാനുള്ള ഒരവസരവും ഉപയോഗപ്പെടുത്താതെ പോകുന്നില്ല. ചില ലൈംഗിക ഉത്തേജക മരുന്നുകളുടെ പരസ്യവും അത് സംബന്ധമായ ചില വാര്‍ത്തകളും കണ്ടാലറിയാം, കേരളം ലൈംഗിക വിചാരത്തിലും അസംതൃപ്തിയിലും എത്ര ചുട്ടുപൊള്ളുന്നുവെന്ന്. ലൈംഗികോദ്ദീപകങ്ങളായ കാഴ്ചകള്‍ക്കും കേള്‍വിക്കും സാമൂഹിക നിയന്ത്രണം ഏര്‍പ്പെടുത്തിയാലേ പെണ്‍വാണിഭങ്ങളും സ്ത്രീ പീഡനവും നിയന്ത്രിക്കാനാവൂ. സ്ത്രീ ഒരു ശരീരം മാത്രമാണെന്നാണ് നാനാവിധത്തില്‍ സമൂഹത്തെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ അനന്തര ഫലങ്ങള്‍ കൂടിയാണ് വര്‍ത്തമാന സംഭവങ്ങള്‍.
മീഡിയാ പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതിയും പരിഷ്കാരഭ്രമവും അവര്‍ക്ക് തന്നെ വിനയാവുകയാണ്. ആണിനെ ഹരം കൊള്ളിച്ചും പ്രലോഭിപ്പിച്ചും വെല്ലുവിളിച്ചുമുള്ള വസ്ത്രധാരണ രീതിയാണെവിടെയും. വളരെ താഴ്ന്ന വരുമാനമുള്ളവര്‍പോലും പെണ്‍കുട്ടികളെ ആധുനിക ഫാഷന്‍ രീതികളില്‍ അണിയിച്ചൊരുക്കുന്നു. എല്ലായ്പ്പോഴും ചായം തേച്ചും മിനുക്കിയും വെളുപ്പിച്ചും തുടിപ്പിച്ചും ആകര്‍ഷക വസ്തുവാക്കി ആകാരം പ്രദര്‍ശിപ്പിക്കാനുള്ള പരിശീലനം മാതാപിതാക്കള്‍ തന്നെ നല്‍കുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മാനം കവര്‍ന്നവരില്‍ ജാതി-മത-ലിംഗ ഭേദമന്യേ പലരും പ്രതികളാണ്. മീഡിയയുടെ ആഘോഷങ്ങള്‍ക്ക് ശേഷം, രാഷ്ട്രീയക്കാരും ദല്ലാളുമാരും ഉദ്യോഗസ്ഥരും തയാറാക്കുന്ന തിരക്കഥയില്‍ എല്ലാം തേഞ്ഞുമാഞ്ഞ് പോകുന്നതാണ് അനുഭവം. പെണ്‍കുട്ടികള്‍ക്ക് പൊതുഇടങ്ങള്‍ മാത്രമല്ല കുടുംബം പോലും ഭയാനകമാംവിധം അരക്ഷിതമാകുമ്പോള്‍ നിസ്സംഗരാവുകയും ഇത്തരം വാര്‍ത്തകള്‍ക്ക് നേരെ കണ്ണടക്കുകയും ചെയ്യുക എന്നത് ശീലമായി മാറിക്കഴിഞ്ഞു. ദുരന്തങ്ങളുടെ ആഴമറിഞ്ഞ പരിഹാരക്രിയകള്‍ ഇനിയും അകലെയാണ്.
പെണ്‍കുട്ടികളുടെ ദുരന്തങ്ങളില്‍ നിസ്സഹായരായി കൈമലര്‍ത്തുന്ന അമ്മമാരെ എത്രകണ്ട് വിശ്വസിക്കാം എന്നൊരു ചോദ്യവും ഇപ്പോള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. കേരളത്തില്‍ രജിസ്റര്‍ ചെയ്യപ്പെട്ട പീഡനക്കേസുകളില്‍ പകുതിയിലേറെ എണ്ണത്തിലും പുരുഷന്മാരോടൊപ്പം സ്ത്രീകളും പ്രതികളാണ്. മകളെ താരമാക്കാനും അഭിനയിപ്പിക്കാനും മുന്നിട്ടിറങ്ങുന്നതും പലപ്പോഴും സ്ത്രീകളാണ്. സ്വന്തം മാനത്തേക്കാള്‍ പണവും ആഡംബരജീവിതവും വിലപിടിച്ചതായി കാണുന്ന പെണ്ണുങ്ങള്‍ ധാരാളമുണ്ട്. സ്ത്രീയെ കമ്പോളവല്‍ക്കരിക്കാനും ആണിന്റെ ഇഛക്കൊത്ത് ജീവിക്കേണ്ടവളാക്കാനും സ്ത്രീ തന്നെയാണവളെ പഠിപ്പിക്കുന്നത്.
കമന്റടിക്കാന്‍ കാത്തിരുന്ന ചെറുപ്പക്കാരിന്ന് കൂട്ടബലാത്സംഗത്തിന് തയാറായി നില്‍ക്കുന്നത് പോലെ തോന്നുന്നുവെന്ന് ഒരു പ്രമുഖ മനഃശാസ്ത്രജ്ഞന്‍ കേരളത്തെ വിലയിരുത്തി അഭിപ്രായപ്പെടുകയുണ്ടായി. ആഗോളവല്‍ക്കരണത്തിന് ശേഷം ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്ന യുവത്വവും ബാല്യവുമാണ് നമുക്ക് മുമ്പില്‍. ദുഷ്പ്രേരണകളും അധമവികാരങ്ങളും കുട്ടികളിലേക്ക് എത്തിച്ചേരുന്ന ഒന്നാംഘട്ടം കുടുംബമായി മാറുകയാണ്. ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന അശ്ളീല-ലൈംഗിക സിഡികളും മറ്റും നല്‍കുന്ന ലൈംഗികതയെ കുറിച്ച അപകടകരമായ ധാരണകളാണ് പലപ്പോഴും ബാലകുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഒറ്റവര്‍ഷംകൊണ്ട് രണ്ടര ഇരട്ടിയാണ് വര്‍ധിച്ചത്. അവിഹിത ബന്ധങ്ങള്‍ ഞെട്ടിപ്പിക്കും വിധം വ്യാപകമാണ്. അബോര്‍ഷന് വിധേയമാക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നു. മയക്കുമരുന്നുപയോഗം കൌമാരക്കാരിലേക്കും പടരുന്നു. മദ്യവും വ്യഭിചാരവും തൊഴിലിന്റെയും വരുമാനത്തിന്റെയും പേരില്‍ ന്യായീകരിക്കപ്പെടുന്നു. പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്നവര്‍ വിഹരിക്കുന്ന നാടായി കേരളം മാറിയെന്ന വസ്തുത സമൂഹം ഇനിയും വേണ്ടത്ര ഉള്‍ക്കൊണ്ടിട്ടില്ല. സന്നദ്ധ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വേണ്ടത്ര ജാഗരൂകരുമല്ല. അശ്ളീലതയും അധാര്‍മികതയും സമൂഹത്തില്‍ പടര്‍ന്ന് പിടിക്കുകയും അതിനെതിരെ ആരും ശബ്ദമുയര്‍ത്താതിരിക്കുകയും ചെയ്യുന്നത് സമൂഹത്തിന്റെ സര്‍വ നാശത്തിന് കാരണമാകുമെന്നതാണ് ചരിത്രപാഠം.

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം