Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 27

ഇസ്തിഗ്ഫാറിന്റെ സല്‍ഫലങ്ങള്‍

ഇബ്‌റാഹീം ശംനാട്

പാപമോചനാഭ്യര്‍ഥന അഥവാ ഇസ്തിഗ്ഫാര്‍  ഇസ്‌ലാമില്‍ ഏറെ പുണ്യമുള്ളതാണ്. തെറ്റ് ചെയ്യാത്ത മാലാഖമാരല്ല മനുഷ്യരെന്നും അവര്‍ പാപം ചെയ്യുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്ന സൃഷ്ടികളാണെന്നും ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നു. നിരന്തരമായ ഏറ്റ വ്യത്യാസങ്ങള്‍ക്ക് വിധേയമാവുന്ന പ്രതിഭാസമാണ് മനുഷ്യന്റെ മനസ്സ്. വിണ്ണിന്റെ ആത്മീയ ഉയരങ്ങളിലേക്കും മണ്ണിന്റെ പൈശാചിക പാതാളത്തിലേക്കും ഒരേ സമയം മാറി മാറി സഞ്ചരിക്കാന്‍ കഴിയുന്ന ഒരു അത്ഭുത പ്രതിഭാസം. ഇന്നുവരെ ചുരുളഴിക്കാന്‍ കഴിയാത്ത ആ പ്രതിഭാസത്തെ സന്തുലിതമായി നിലനിര്‍ത്താന്‍ ഇസ്തിഗ്ഫാര്‍ അനുപേക്ഷണീയമാണ് എന്ന് എല്ലാ പ്രവാചകന്മാരും ഉദ്‌ബോധിപ്പിച്ചു.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ അല്ലാഹുവിനോട് പാപമോചനത്തിനായി അര്‍ഥിക്കുക. അവന്‍ മാപ്പരുളുന്നവനും ദയാപരനുമല്ലോ'' (അന്നിസാഅ് 106). പ്രവാചകന്‍ (സ) ഒരു ദിവസം 100 പ്രാവശ്യം ഇസ്തിഗ്ഫാര്‍ ചെയ്തിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട്.
 അറബികളുടെ സംസാരത്തിലും രക്തത്തിലും അലിഞ്ഞു ചേര്‍ന്ന ഭാഷാ ശൈലിയാണ് 'പരിശുദ്ധനായ നാഥാ, നിന്നോട് ഞാനിതാ പാപമോചനാഭ്യര്‍ഥന നടത്തുന്നു' എന്ന വചനം. തര്‍ക്കമുണ്ടാവുമ്പോള്‍, ശുണ്ഠി വരുമ്പോള്‍, മനസ്സ് അസ്വസ്ഥമാവുമ്പോഴെല്ലാം അവര്‍ ഈ പദം  ഒരു രക്ഷാകവചം പോലെ ഉരുവിടുന്നു. അത്രയേറെ അത് പ്രയോജനം ചെയ്യുന്നു എന്നാണ് ഇത് കാണിക്കുന്നത്. 
ഇസ്തിഗ്ഫാര്‍ ചെയ്യുന്നതിലൂടെ മനുഷ്യന്‍ എക്കാലത്തും സദാ ഭയപ്പെടുന്ന ദാരിദ്ര്യത്തെ ഇല്ലാതാക്കാനാവുമെന്നും സമൃദ്ധിയും ഐശ്വര്യവും വന്നെത്തുമെന്നും ഖുര്‍ആന്‍ വാഗ്ദാനം ചെയ്യുന്നു. സൂറ ഹൂദിന്റെ ആരംഭത്തിലുള്ള സൂക്തങ്ങള്‍ ഇങ്ങനെ: ''നിങ്ങളുടെ റബ്ബിനോട് മാപ്പ് തേടുവിന്‍. അവങ്കലേക്ക് പാശ്ചാത്തപിച്ച് മടങ്ങുവിന്‍. എങ്കില്‍ ഒരു നിശ്ചിത കാലയളവ് വരെ അവന്‍ നിങ്ങള്‍ക്ക് മെച്ചമായ ജീവിത വിഭവങ്ങള്‍ നല്‍കുന്നതാകുന്നു. ശ്രേഷ്ഠതയുള്ളവര്‍ക്ക് അവരുടെ ശ്രേഷ്ഠതയനുസരിച്ച് പ്രതിഫലം നല്‍കുന്നതാകുന്നു. എന്നാല്‍, പിന്തിരിയുകയാണെങ്കിലോ, ഞാന്‍ ഭീകരമായ ഒരു മഹാ ദിനത്തിലെ ശിക്ഷയെ ഭയപ്പെടുന്നു''(11:3).
ഖലീഫ ഉമര്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കെ ഒരു വര്‍ഷം വരള്‍ച്ച നേരിട്ടപ്പോള്‍ അദ്ദേഹം മഴയ്ക്കു വേണ്ടി പ്രാര്‍ഥിക്കുകയുണ്ടായി. ആ പ്രാര്‍ഥനയില്‍ പാപമോചനാഭ്യര്‍ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആളുകള്‍ ഖലീഫയോട് ബോധിപ്പിച്ചു: ''അങ്ങ് മഴയ്ക്കുവേണ്ടി  പ്രാര്‍ഥിച്ചില്ലല്ലോ.'' അദ്ദേഹം പറഞ്ഞു: ''ഞാന്‍ ആകാശത്തിന്റെ  മഴ വര്‍ഷിക്കുന്ന വാതിലുകള്‍ മുട്ടിയിട്ടുണ്ട്.'' അനന്തരം അദ്ദേഹം നൂഹ് അധ്യായത്തിലെ ഈ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചു. ''നൂഹ് പറഞ്ഞു: റബ്ബിനോട് മാപ്പിരക്കുവിന്‍. നിസ്സംശയം, അവന്‍ വളരെ മാപ്പരുളുന്നവനാകുന്നു. നിങ്ങള്‍ക്ക് അവന്‍ ധാരാളം മഴ പെയ്യിച്ചുതരും. സമ്പത്തും സന്തതികളും പ്രദാനം ചെയ്യും. തോട്ടങ്ങളുണ്ടാക്കിത്തരും. നദികളൊഴുക്കിത്തരും'' (71:10-12).
ഒരിക്കല്‍ ഹസന്‍ ബസ്വരി(റ)യുടെ വിജ്ഞാന സദസ്സില്‍ ഒരാള്‍ വരള്‍ച്ചയെക്കുറിച്ച് ആവലാതിപ്പെട്ടു. അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിനോട് മാപ്പു തേടുക''. മറ്റൊരാള്‍ ദാരിദ്ര്യത്തെക്കുറിച്ച് ആവലാതിപ്പെട്ടു. മൂന്നാമതൊരാള്‍ മക്കളില്ലാത്തതിനെക്കുറിച്ചു പരാതിപ്പെട്ടു. തന്റെ വിള മോശമായതിനെക്കുറിച്ചായിരുന്നു നാലാമന്റെ പരാതി. എല്ലാവര്‍ക്കും അദ്ദേഹം നല്‍കിയ ഉത്തരം ''അല്ലാഹുവിനോട് മാപ്പിരക്കുക'' എന്നു തന്നെ. ആളുകള്‍ ചോദിച്ചു: ''ഗുരു വര്യരേ, ഇതെന്താണിങ്ങനെ? അങ്ങ് വ്യത്യസ്തമായ പരാതികള്‍ക്ക് ഒരേ പരിഹാരമാണല്ലോ നിര്‍ദേശിക്കുന്നത്?'' മറുപടിയായി സൂറ നൂഹിലെ മേല്‍ കൊടുത്ത സൂക്തങ്ങള്‍ കേള്‍പ്പിക്കുകയാണ് അദ്ദേഹവും ചെയ്തത് (കശ്ശാഫ്). 
പ്രവാചകരെ അഭിസംബോധന ചെയ്ത് ഖുര്‍ആന്‍ പറയുന്നു: ''നീ അവരില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കാന്‍ പോകുന്നില്ല. ജനം ഇസ്തിഗ്ഫാര്‍ അഥവാ പാപമോചനാഭ്യര്‍ഥന നടത്തികൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് ശിക്ഷ നല്‍കുക അല്ലാഹുവിന്റെ വഴക്കവുമല്ല'' (8:33).
അല്ലാഹുവിങ്കല്‍ നിന്ന് ശിക്ഷ അയക്കാത്തതിന് രണ്ട് കാരണങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഒരു നാട്ടില്‍ പ്രവാചകന്‍ പ്രബോധന ദൗത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നേടത്തോളം ദൈവിക ശിക്ഷ ഉണ്ടായിരിക്കുന്നതല്ല. തങ്ങളുടെ ഭൂതകാല ചെയ്തികളില്‍ മനംനൊന്ത് പാപമോചനാഭ്യര്‍ഥന നടത്തുകയാണെങ്കിലും ആ ജനതയെ അല്ലാഹു ശിക്ഷിക്കുകയില്ല. ജീവിതത്തില്‍ വിജയം കൈവരിക്കുമ്പോഴും അല്ലാഹു പ്രവാചകനോട് കല്‍പിച്ചതും ഇസ്തിഗ്ഫാര്‍ ചെയ്യാനായിരുന്നു. മക്കാ വിജയ സന്ദര്‍ഭത്തില്‍ അവതരിച്ച അധ്യായത്തില്‍ അക്കാര്യം ഉണര്‍ത്തുന്നുണ്ട്. ഇസ്തിഗ്ഫാറിന്റെ മാസമാണ് കടന്നു പോകുന്നത്. റമദാനിലെ രണ്ടാമത്തെ പത്ത് ഇസ്തിഗ്ഫാറിന് വേണ്ടി പ്രത്യേകമായി നീക്കിവെക്കപ്പെട്ട ദിനങ്ങളാണ്. ധാരാളമായി ഇസ്തിഗ്ഫാര്‍ ചെയ്ത് മേല്‍ പറഞ്ഞ പുണ്യങ്ങള്‍ നമുക്ക് ആര്‍ജിക്കാം.

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം