Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 27

ഖദ്‌റും ഇഛാസ്വാതന്ത്ര്യവും

പി.പി അബ്ദുര്‍റസ്സാഖ്

എന്താണ് മനുഷ്യനില്‍ ഖുര്‍ആന്‍ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന മാറ്റം? കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ വിഷയങ്ങളില്‍ വെറും അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുന്ന ഒരു മനുഷ്യനെ മാത്രം ഉണ്ടാക്കുക എന്നതാണോ ഖുര്‍ആന്‍ അവതരണം കൊണ്ടും അതിന്റെ പ്രായോഗിക രൂപമായ പ്രവാചക ജീവിതം കൊണ്ടും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്? ഖുര്‍ആന്റെ ഉള്ളടക്കം, പ്രവാചകന്റെ ജീവിതം, നോമ്പ് ഉള്‍പ്പെടെയുള്ള ഇസ്‌ലാമിലെ ആരാധനകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അനുഷ്ഠാനങ്ങളുടെ സ്വഭാവ സവിശേഷതകള്‍, അത് അനുവദിച്ച രണ്ട് ആഘോഷങ്ങളും അതിന്റെ സ്വഭാവങ്ങളും, ഇസ്‌ലാമിന്റെ ചരിത്രം, ഇസ്‌ലാം എന്ന സംജ്ഞയുടെ തന്നെ അര്‍ഥം, അങ്ങനെയുള്ള ഒരു വ്യവസ്ഥയെ 'അദ്ദീന്‍' എന്ന പദം കൊണ്ട് വിശേഷിപ്പിച്ചത്, ആ വ്യവസ്ഥയുടെ പ്രാപഞ്ചിക വിവക്ഷ, അതിന്റെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ ചര്‍ച്ച ചെയ്യുന്ന- ജീവിതത്തെ മുച്ചൂടും ചൂഴ്ന്നു നില്‍ക്കുന്ന പ്രമേയങ്ങള്‍, എന്തിനേറെ പറയുന്നു തസ്ബീഹിന്റെയും തക്ബീറിന്റെയും തഹ്മീദിന്റെയും ജപമന്ത്രങ്ങള്‍ പോലും ഒന്നും തന്നെ ഇസ്‌ലാമിനെ അങ്ങനെ ഒരു പ്രാര്‍ഥനയില്‍ തളച്ചിടുന്ന പരിമിത തൗഹീദീ സങ്കല്‍പത്തോട് യോജിച്ചു പോകുന്നില്ല.
ഖുര്‍ആന്‍ അവതരിച്ച രാവിനെ ഖദ്‌റിന്റെ രാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ രാവിനെ എന്തുകൊണ്ടാണ് ഖദ്‌റിന്റെ രാവ് എന്ന് വിശേഷിപ്പിച്ചത് എന്ന് ഖുര്‍ആന്റെ പരിസരത്തു നിന്നു തന്നെയാണ് നാം ചിന്തിക്കേണ്ടത്. ഖുര്‍ആനികമായി ഖദ്ര്‍ എന്നത് പ്രപഞ്ചത്തിന്റെ ഉണ്മക്കും സ്ഥിതിക്കും ഇനി അതിന്റെ സംഹാരത്തിനും നിദാനമായ മൂലതത്ത്വമാണ്.
'നാം എല്ലാം ഖദ്‌റോടു കൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത്' എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. ഇത് പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങള്‍ക്കും ബാധകമായ തത്ത്വമാണ്. സൃഷ്ടിയും സ്ഥിതിയും സംഹാരവും ഖദ്ര്‍ അനുസരിച്ച് തന്നെ. പ്രപഞ്ചത്തിന്റെ ഭാഗമായ മനുഷ്യനും അവന്റെ വ്യക്തിപരമായ തലത്തില്‍ ഈ ഖദ്‌റിന് വിധേയമാണ്. എന്നാല്‍ മനുഷ്യന്റെ ഇഛാസ്വാതന്ത്ര്യം അവന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ഈ ഖദ്‌റിനു വിധേയമല്ല. കാരണം, ഖുര്‍ആന്‍ പറഞ്ഞു: 'അല്ലാഹു ഉദ്ദേശിച്ചത് കൊണ്ടല്ലാതെ മനുഷ്യന്‍ ഉദ്ദേശിക്കുന്നില്ല.' എന്നു പറഞ്ഞാല്‍, മനുഷ്യന്റെ കാര്യം മനുഷ്യന്‍ ഉദ്ദേശിക്കട്ടെ എന്ന് അല്ലാഹു ഉദ്ദേശിച്ചു. അതുകൊണ്ടാണ് അവന് ഇഛാസ്വാതന്ത്ര്യം ഉണ്ടായത്. എന്നാല്‍, ഈ ഇഛയെ കര്‍മമായി പരിവര്‍ത്തിപ്പിക്കുന്നതില്‍ കര്‍മം ആശ്രയിക്കുന്നതും മനുഷ്യന്റെ നിയന്ത്രണത്തില്‍ ഇല്ലാത്തതുമായ രണ്ട് ഘടകങ്ങളുണ്ട്. അതാണ് സ്ഥലവും കാലവും. ഏതൊരു കര്‍മവും മനുഷ്യന്റെ നിയന്ത്രണത്തില്‍ ഇല്ലാത്ത സ്ഥലകാല നിയമങ്ങളെ ആശ്രയിക്കുന്നുവെന്നിരിക്കെ, മനുഷ്യന്‍ 'ഞാന്‍ അത് നാളെ ചെയ്യാം' എന്ന് പറയരുത്, 'അല്ലാഹു ഇഛിച്ചെങ്കില്‍' എന്ന് പറയാതെ എന്ന് പറഞ്ഞത് മനുഷ്യന്റെ ഇഛാ സ്വാതന്ത്ര്യത്തിന്റെ പരിമിതിയെ സൂചിപ്പിക്കുന്നു.
മറിച്ച്, ആ സൂക്തം സംസാരിക്കുന്നത് തന്നെ 'ഞാന്‍ ചെയ്യും' എന്ന് പറയുന്നതിനെയാണ്. 'ഞാന്‍ ഉദ്ദേശിക്കുന്നു' എന്ന് പറയുന്നതിനെകുറിച്ചല്ല. പുറമെ, 'അത്' എന്നത് സ്ഥലത്തെയും 'നാളെ' എന്നത് കാലത്തെയും ദ്യോതിപ്പിക്കുന്ന പദങ്ങളാണ്. 'അല്ലാഹു ഇഛിച്ചെങ്കില്‍' എന്നതാവട്ടെ, സ്ഥലകാലങ്ങള്‍ പൂര്‍ണമായും അല്ലാഹുവിന്റെ നിയന്ത്രണത്തില്‍ ആണെന്നും ആയതിനാല്‍ തന്നെ അതിനെ ആശ്രയിക്കുന്ന കര്‍മങ്ങള്‍ മനുഷ്യന്‍ ഉദ്ദേശിച്ചതുകൊണ്ട് മാത്രം നടക്കണമെന്നില്ലെന്നും മറിച്ച്, അല്ലാഹുവിന്റെ ഉതവി ആവശ്യമാണ് എന്നുമാണ് ഇത് വ്യക്തമാക്കുന്നത്. ഖുര്‍ആന്‍ പറഞ്ഞത് പോലെ അല്ലാഹു ഇഛിച്ചു നല്‍കിയ നമ്മുടെ ഇഛാസ്വാതന്ത്ര്യത്തില്‍ നാം ഒരു തരത്തിലുള്ള തടസ്സവും നേരിടുന്നില്ല എന്നത് നമ്മുടെ ഓരോ നിമിഷത്തെയും അനുഭവമാണ്. അതുകൊണ്ടാണ് നമുക്ക് എന്തും വിചാരിക്കാന്‍ സാധിക്കുന്നത്. നിന്ന നില്‍പില്‍ തന്നെ നക്ഷത്രങ്ങളെ നോക്കി അവിടെ ഒന്ന് ചുറ്റിവരാന്‍ നമുക്ക് വിചാരിക്കാം. ആഴക്കടലിലേക്ക് നോക്കി സമുദ്രാന്തര്‍ഭാഗത്ത് ജീവിക്കാനും നമുക്ക് വിചാരിക്കാം.
ഇഛാസ്വാതന്ത്ര്യത്തെ ഖുര്‍ആന്‍ അതേപോലെ തന്നെ നിലനിര്‍ത്തി. ഖുര്‍ആന്‍ അവതരണത്തിലൂടെ സ്ഥലകാല നിയമങ്ങളാല്‍ മാത്രം നിയന്ത്രിക്കപ്പെട്ടിരുന്ന കര്‍മസ്വാതന്ത്ര്യത്തിന്റെ ഖദ്ര്‍, അഥവാ അതിരും പരിധിയും തോതും എന്തെന്നു ഖുര്‍ആന്‍ നിശ്ചയിച്ചു. അങ്ങനെ മനുഷ്യന്റെ കര്‍മസ്വാതന്ത്ര്യത്തിന്റെ ഖദ്ര്‍ പ്രകൃതിപരതയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് നിശ്ചയിക്കപ്പെട്ട രാവായതുകൊണ്ട് കൂടിയാണ് ആ രാവ് ഖദ്‌റിന്റെ രാവ് എന്ന് വിളിക്കപ്പെട്ടത്. ചുരുക്കത്തില്‍, സ്വാതന്ത്ര്യത്തോടു കൂടി ഒരു മനുഷ്യന്‍ ഖുര്‍ആന്‍ നിശ്ചയിച്ച കര്‍മസ്വാതന്ത്ര്യത്തിന്റെ ഖദ്‌റില്‍, അഥവാ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ജീവിക്കുമ്പോള്‍ അവന്‍ പ്രകൃതിയുടെ പൊതുധാരയോടു താദാത്മ്യം പ്രാപിക്കുന്നു. അതുതന്നെയാണ് ഇസ്‌ലാം എന്നതുകൊണ്ടും വിവക്ഷിക്കപ്പെടുന്നത്. ഈ സ്വാതന്ത്ര്യത്തെ മതപരമെന്നോ മതേതരമെന്നോ ഭൗതികമെന്നോ ആത്മീയമെന്നോ പ്രാര്‍ഥന എന്നോ പ്രയത്‌നമെന്നോ ഒക്കെ വിഭജിച്ചു, അതില്‍ ഏതാണെങ്കിലും ഒരു ഭാഗം മാത്രം ദൈവഹിതത്തിനു വിധേയപ്പെടുത്തിയാല്‍ മതിയെന്ന് പറയുന്നത് ഒരു ഉദ്ഗ്രഥിത വ്യക്തിത്വത്തെയും സമൂഹത്തെയും സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന തൗഹീദീ ലക്ഷ്യത്തിനോട് പൊരുത്തപ്പെടുന്നേയില്ല.
അല്ലെങ്കിലും നോമ്പ് ഉള്‍പ്പെടെയുള്ള ഇസ്‌ലാമിലെ അനുഷ്ഠാന കര്‍മങ്ങള്‍ പോലും വിലയിരുത്തിയാല്‍ കേവല പ്രാര്‍ഥനയുടെയും ആരാധനയുടെയും പരിധിക്കുള്ളില്‍ അത് ഒതുങ്ങുന്നില്ലെന്ന് ഏതൊരാള്‍ക്കും കൃത്യമായും ബോധ്യപ്പെടും. കേവലമായ ആരാധന വൈയക്തികതയിലാണ് സമ്പൂര്‍ണത പ്രാപിക്കുന്നതെങ്കില്‍, ഇസ്‌ലാമിലെ നോമ്പ് ഉള്‍പ്പെടെയുള്ള എല്ലാ അനുഷ്ഠാനങ്ങളും സാമൂഹികപരതയില്‍ അധിഷ്ഠിതമാണ്. നമസ്‌കാരം പോലും കേവല പ്രാര്‍ഥനയോ ആരാധനയോ ആയിരുന്നെങ്കില്‍ പ്രവാചകന്‍ പറയുമെന്ന് നാം പ്രതീക്ഷിക്കുന്നത്, ഒറ്റക്ക് നമസ്‌കരിക്കുന്നത് കൂട്ടായി നമസ്‌കരിക്കുന്നതിനേക്കാള്‍ ഇരുപത്തിയേഴിരട്ടി പ്രതിഫലം ലഭിക്കും എന്നായിരുന്നു. പക്ഷേ, പ്രവാചകന്‍ പഠിപ്പിച്ചത് നേരെ മറിച്ചായിരുന്നു. കേവല ആരാധനക്കും പ്രാര്‍ഥനക്കും വേണ്ടുന്ന ഏകാഗ്രതയും ശ്രദ്ധയും ലഭിക്കുമായിരുന്നത് ഏകാന്തതയിലായിരുന്നു. എന്നിട്ടും ഇസ്‌ലാം സാമൂഹികപരതക്കാണ് ഊന്നല്‍ നല്‍കിയത്. മാത്രമല്ല, നിരവധി സാമൂഹിക പാഠങ്ങളുടെ സാകല്യമാണ് ഇസ്‌ലാമിലെ അനുഷ്ഠാനകര്‍മങ്ങളൊക്കെയും എന്നതാണ് വസ്തുത.
വ്യക്തിക്ക് ആവശ്യമില്ലാത്തത് സമൂഹത്തിനോടൊപ്പം നിന്ന് സമൂഹത്തിനു വേണ്ടി ചെയ്യുന്നതിന്റെ പാഠങ്ങളും ഇസ്‌ലാമിലെ അനുഷ്ഠാനകര്‍മങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഇനി ഇതേ വിഷയത്തെതന്നെ മറ്റൊരു കോണില്‍ നിന്നും നമുക്ക് നോക്കിക്കാണാവുന്നതാണ്. കേവല പ്രാര്‍ഥനകള്‍ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനുള്ള ചോദനയുടെ പ്രതിഫലനങ്ങളാണ്. അത് സമയത്തിന്റെയും സ്ഥലത്തിന്റെയും ബന്ധനങ്ങളില്‍ നിന്നും മുക്തവുമായിരിക്കും. എന്നാല്‍ ഇസ്‌ലാമിലെ ഏതൊരു അനുഷ്ഠാന കര്‍മത്തിന്റെയും സാധുതക്ക് സമയവും സ്ഥലവും ഉപാധികളാണെന്നതാണ് വസ്തുത. തിരക്ക് കുറക്കാന്‍ (അത് ശുദ്ധ ആത്മീയതക്കും കേവല ആരാധനക്കും വളരെ നല്ലതാണെങ്കില്‍ പോലും) ഹജ്ജിന്റെ കാലമോ സ്ഥലമോ നോമ്പിന്റെ മാസമോ, നമസ്‌കാരത്തിന്റെ സമയമോ ഒന്നും മാറ്റുക സാധ്യമേ അല്ല. കേവല ആരാധനകളും പ്രാര്‍ഥനകളും ഒരു വ്യക്തിക്ക് എത്ര വേണമെങ്കിലും ആകാവുന്നതാണ്. എന്നാല്‍, ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലെ അനുഷ്ഠാന കര്‍മങ്ങളില്‍ എന്തെങ്കിലും വര്‍ധിപ്പിക്കാനോ കുറക്കാനോ നമുക്ക് സാധ്യമല്ല; നമ്മുടെ ആധ്യാത്മിക ചോദന നമ്മോട് എന്തുതന്നെ ആവശ്യപ്പെട്ടാലും. എന്തിനു പറയുന്നു, എന്നിലെ വര്‍ധിച്ച ആത്മീയദാഹത്തെ ശമിപ്പിക്കാന്‍ എന്റെ നോമ്പ് മുറിക്കുന്ന നേരത്തെ എനിക്ക് നീട്ടിവെക്കാന്‍ സാധ്യമല്ല. നമസ്‌കാരത്തിലെ സുജൂദോ റുകൂഓ കൂട്ടാനും സാധ്യമല്ല. ഹജ്ജിലെ ത്വവാഫിന്റെ എണ്ണമോ സഅ്‌യിന്റെ എണ്ണമോ കൂട്ടാന്‍ യാതൊരു മര്‍ഗവുമില്ല. ചുരുക്കത്തില്‍, ഈ അനുഷ്ഠാനങ്ങളുടെ സാധുതക്ക് പൂര്‍വനിശ്ചിതങ്ങളായ നിയമ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങുക നിര്‍ബന്ധമാണ്. ആരാധനകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എല്ലാ അനുഷ്ഠാനങ്ങള്‍ പോലും അതിന്റെ സാധുതക്ക്, അനുസരണം നിര്‍ബന്ധമാണെന്നര്‍ഥം. എന്നാല്‍ കേവല അനുസരണത്തെ പ്രതിഫലിപ്പിക്കുന്ന കര്‍മങ്ങള്‍ ആരാധന ആവേണ്ടതിന്റെ ആവശ്യവുമില്ല.
നോമ്പ് ഒരു അനുഷ്ഠാനമെന്ന നിലയില്‍ അല്ലാഹുവിനുള്ള സമ്പൂര്‍ണവും നിരുപാധികവുമായ അനുസരണത്തെ വിളംബരം ചെയ്യുന്ന ഇബാദത്താണ്. അതുകൊണ്ടാണ് പെരുന്നാള്‍ ദിവസം നോമ്പ് നോക്കാന്‍ പാടില്ലാത്തത് ഇബാദത്ത് ആകുന്നതും. അതിനോടനുബന്ധിച്ചു ഉരുവിടുന്ന തക്ബീര്‍ ധ്വനികളുടെ അര്‍ഥവും ഇത് വ്യക്തമാക്കുന്നുണ്ട്. നോമ്പ് നോറ്റതും അല്ലാഹു കല്‍പിച്ചതുകൊണ്ട്, നോമ്പ് നോല്‍ക്കാതെ പെരുന്നാള്‍ ആഘോഷിക്കുന്നതും അല്ലാഹു കല്‍പിച്ചതുകൊണ്ടുതന്നെ. അവനാണ് ഏറ്റവും വലിയവന്‍.ഇന്നലെ നോമ്പ് നോക്കുന്നതാണ് പുണ്യം എന്ന് അവന്‍ പറഞ്ഞു. ഇന്ന് നോമ്പ് നോല്‍ക്കുന്നത് പുണ്യകരമല്ലെന്ന് തീരുമാനിക്കുന്നതും അവന്‍ തന്നെ. ഈ വിഷയത്തില്‍ പ്രപഞ്ചം മുഴുവന്‍ എനിക്ക് ഏറെ നിസ്സാരമാണ്. അത് എന്റെ കാല്‍ചുവട്ടിലാണ്. അല്ലാഹു മാത്രമേ എന്റെ മുകളിലായിട്ടുള്ളൂ. അവന്‍ കല്‍പിച്ചതെന്തോ അതാണ് ശരി. അത് സ്വപുത്രനെ അറുക്കാനാണെങ്കില്‍ പോലും; ഇബ്‌റാഹീം സന്നദ്ധനായത് പോലെ. അറുക്കപ്പെടാന്‍ ഞാന്‍ തല താഴ്ത്തി കൊടുക്കും; ഇസ്മാഈല്‍ തയാറായതുപോലെ. അവന്‍ സൃഷ്ടിയുടെ മുമ്പില്‍ സുജൂദ് ചെയ്യാന്‍ കല്‍പിച്ചാലും ഞാന്‍ ചെയ്യും; ആദമിന്റെ മുമ്പില്‍ ഇബ്‌ലീസ് ഒഴികെയുള്ള മാലാഖമാരുള്‍പ്പെടെയുള്ള മുഴുവന്‍ സൃഷ്ടിലോകവും ചെയ്തതുപോലെ. സ്വര്‍ഗത്തിലാണെങ്കില്‍ പോലും അവന്‍ വിലക്കിയാല്‍ അതിലെ പഴവും ഞാന്‍ ഭുജിക്കുകയില്ല. അതിനു വേണ്ടി കൂടിയാണ് ഞാന്‍ നിരന്തരമായി 'അല്ലാഹുവാണ് വലിയവന്‍' എന്നര്‍ഥമുള്ള തക്ബീര്‍ ധ്വനി നിരന്തരം ഉരുവിട്ടുകൊണ്ടിരിക്കുന്നത്.
ജീവിതത്തെ ഭൗതികമെന്നും ആത്മീയമെന്നും കൃത്രിമമായി വിഭജിച്ച്, വെള്ളം കടക്കാത്ത ഉള്ളറകളിലാക്കി, ജീവിതത്തിന്റെ ഏതെങ്കിലും ഭാഗത്ത് അല്ലാഹുവിനേക്കാള്‍ വലിയവനായി മറ്റാരെയെങ്കിലും കൊണ്ടു നടക്കുക സാധ്യമല്ലെനിക്ക്. അതാണ് അവനുള്ള അനുസരണം. അങ്ങനെ അല്ലാഹുവിനെ അനുസരിക്കുന്നതിലെ മനുഷ്യന്റെ നിശ്ചയ ദാര്‍ഢ്യക്കുറവാണ് മനുഷ്യന്റെ ഭൂമിയിലേക്കുള്ള പതനത്തിന് നിമിത്തമായത്. അതുകൊണ്ട് തന്നെ അതേ നിശ്ചയദാര്‍ഢ്യക്കുറവുമായി ജീവിച്ചുകൊണ്ട് എനിക്ക് സ്വര്‍ഗത്തിലേക്ക് തിരിച്ചുപോവുക സാധ്യമല്ല. ആയതിനാല്‍ ഇസ്‌ലാമിലെ നോമ്പ് ഉള്‍പ്പെടെയുള്ള എല്ലാ അനുഷ്ഠാനകര്‍മങ്ങളും ഈ നിശ്ചയദാര്‍ഢ്യം മനുഷ്യനില്‍ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് കൂടിയുള്ളതാകുന്നു. ഇബ്‌ലീസും പരിവാരവും സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ടത് അനുസരണക്കേട് കാരണമായിട്ടായിരുന്നു. ആ അനുസരണക്കേട് ഉണ്ടാക്കിയതാവട്ടെ അഹംബോധവും ശാഠ്യവുമായിരുന്നു. ഈ അനുസരണക്കേടുമായോ അഹംബോധവുമായോ ശാഠ്യവുമായോ എനിക്ക് സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാന്‍ സാധിക്കുകയില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. സാമൂഹികപരതയില്‍ അധിഷ്ഠിതമായ ഇസ്‌ലാമിലെ അനുഷ്ഠാനങ്ങളെല്ലാം എന്നിലെ അഹംബോധത്തിന്റെ നിഷേധം കൂടിയാണ്. നോമ്പുള്‍പ്പെടെയുള്ള ഇസ്‌ലാമിലെ എല്ലാ അനുഷ്ഠാനകര്‍മങ്ങളും മനുഷ്യനെ വിനയാന്വിതന്‍ കൂടിയാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. പ്രവാചകന്‍ പറയുകയുണ്ടായി: ''ഒരാളും വിനയാന്വിതനായിട്ടില്ല, അല്ലാഹു അവനെ ഉയര്‍ത്തിയിട്ടല്ലാതെ. ഒരാളും സഹജീവികളോട് വിട്ടുവീഴ്ചയോടെ പെരുമാറിയിട്ടില്ല, അല്ലാഹു അവനെ പ്രതാപവാനാക്കിയിട്ടല്ലാതെ.''

ആഘോഷങ്ങളിലെ മാനവികത
ഒരു സമൂഹം എന്ന നിലയില്‍ മനുഷ്യജീവിതത്തിന്റെ ഭൂമിയിലെ നിലനില്‍പ് അഞ്ച് ഭൗതിക കാര്യങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത് - വായു, വെള്ളം, വെളിച്ചം, ഭക്ഷണം, വിവാഹം. ഇതിലെ ക്രമം (sequence) അവ മനുഷ്യന്‍ എത്രയധികം അളവില്‍ ഉപയോഗിക്കുന്നു (frequence) എന്നതിനെ സൂചിപ്പിക്കുന്നുണ്ട്. ശഹാദത്തുല്‍ ഹഖ് ഇസ്‌ലാമിക സമൂഹത്തിന്റെ നിലനില്‍പിനും ഒരു വ്യക്തിയിലെ ഇസ്‌ലാം നിലനില്‍ക്കുന്നതിനും, നമ്മുടെ ജീവിത നിലനില്‍പിന് വായു ഏതുപോലെയാണോ, അതുപോലെ അനിവാര്യമാണ്. ജീവിതത്തിനു വെള്ളം എത്രമാത്രം ഒഴിച്ചുകൂടാനാവാത്തത് പോലെയാണോ അതുപോലെ ഒഴിച്ചുകൂടാനാവാത്തതാണ് നമസ്‌കാരം. ഇങ്ങനെ നോക്കുമ്പോള്‍ സകാത്ത് വെളിച്ചത്തിന്റെ സ്ഥാനത്തും നോമ്പ് ഭക്ഷണത്തിന്റെ സ്ഥാനത്തും ഹജ്ജ് വിവാഹത്തിന്റെ സ്ഥാനത്തും നിലകൊള്ളുന്നതായി മനസ്സിലാക്കാം.
ഹജ്ജും വിവാഹവും, ശാരീരികവും സാമ്പത്തികവുമായ ശേഷിയുള്ളവന്‍ ചെയ്യുക എന്ന് പറഞ്ഞാല്‍ അവന്‍ അതിനു വേണ്ടി അഥവാ അങ്ങനെ  ആയിത്തീരുന്നതിനു വേണ്ടി യ്തനിക്കണം എന്നാണര്‍ഥം. വിവാഹവും ലൈംഗിക ബന്ധവും നിലച്ചാല്‍ മനുഷ്യ തലമുറയുടെ തുടര്‍ച്ച നിലക്കും. ഒരു വ്യക്തിയിലെ ഇസ്‌ലാമും ഇസ്‌ലാമിന്റെ സാമൂഹികമായ നിലനില്‍പും ഇതേപോലെ അഞ്ചുകാര്യങ്ങളിലാണ് നിലകൊള്ളുന്നത്. ആ അഞ്ചു കാര്യങ്ങളുടെ ക്രമവും അവയുടെ അനുഷ്ഠാനത്തിലെ ഫ്രീക്വന്‍സിയും, സത്യവിശ്വാസി സമൂഹത്തിനും ഇസ്‌ലാമിനുമിടയിലെ ബന്ധത്തിന്റെ ഫ്രീക്വന്‍സിയെയും കൂടി സൂചിപ്പിക്കുന്നുണ്ട്. ഈ അഞ്ചു കാര്യങ്ങള്‍ മാത്രമല്ല നമ്മുടെ ജീവിതം. മറിച്ച്, അവ ജീവിതത്തിന്റെ നിലനില്‍പിന് അനിവാര്യമാണെന്ന് മാത്രം. അപ്പോള്‍ ജീവിതം മറ്റൊന്നാണ്. ഇതേപോലെ, നമ്മിലെ ഇസ്‌ലാം നിലനില്‍ക്കുന്നതിനു ഒഴിച്ചുകൂടാനാവാത്തതാണ് അഞ്ചു അനുഷ്ഠാന കര്‍മങ്ങളും. പക്ഷേ,അത് മാത്രമല്ല ഇസ്‌ലാം.
ഇതുതന്നെ നോമ്പും ഇതര അനുഷ്ഠാനങ്ങളെ പോലെ തന്നെ സ്വയം ലക്ഷ്യമല്ല എന്ന് തെളിയിക്കുന്നു. അത് വിശുദ്ധ ഖുര്‍ആന്‍ തന്നെയും വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് (2:183). ജീവിത യാത്രയില്‍ ഇടക്കിടെ ആവശ്യമായിവരുന്ന ഊര്‍ജ സംഭരണത്തിന് സത്യവിശ്വാസിക്ക് സ്രഷ്ടാവായ അല്ലാഹു നിശ്ചയിച്ച നിരവധി ഇന്ധനശാലകളില്‍ ഒന്നാണ് അത്. ജീവിതയാത്ര ഇന്ധന ശാലയില്‍ അവസാനിക്കാനുള്ളതല്ല. തഖ്‌വയുള്ള വിശ്വാസിയെ സൃഷ്ടിക്കുക എന്നതാണ് നോമ്പിന്റെയും ലക്ഷ്യം. തഖ്‌വ എന്നത് വിശാലമായ അര്‍ഥതലങ്ങളുള്ള അറബി പദമാണ്. അത് നിഷ്പന്നമായിരിക്കുന്നത് 'വിഖായ' എന്ന ക്രിയാധാതുവില്‍ നിന്നാണ്. 'വിഖായ' എന്നാല്‍ സുരക്ഷ ഉറപ്പുവരുത്തുക, മുന്‍കരുതല്‍ നടപടി എടുക്കുക എന്നൊക്കെയാണ്. അറബിഭാഷാ ക്രിയാരൂപ (conjugation) നിയമമനുസരിച്ച് 'വിഖായ'യുടെ ക്രിയാ രൂപമായ 'വഖാ' (ഫഅല രൂപ)യും 'തഖ്‌വ'യുടെ ക്രിയാ രൂപമായ 'ഇത്തഖാ' (ഇഫ്തഅല രൂപം)യും ഒരേ അര്‍ഥങ്ങളാണ് നല്‍കുക. വിശുദ്ധ ഖുര്‍ആനും ഒരേ അര്‍ഥത്തില്‍ ഭിന്ന സൂക്തങ്ങളില്‍ ഈ പദാവലികളെ നിരവധി സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട് (ഉദാഹരണം: ഖുര്‍ആന്‍ 66:6, 2:24).
ഖുര്‍ആന്‍ തന്നെ തഖ്‌വ എന്ന പദം യുദ്ധത്തിന് മുമ്പ് നടത്തുന്ന ആവശ്യമായ മുന്നൊരുക്കങ്ങളെ വിശേഷിപ്പിക്കാന്‍ പ്രയോഗിച്ചിട്ടുണ്ട് (3:125). ശത്രുക്കളുടെ ഉപജാപ പ്രവര്‍ത്തനങ്ങളെ മുന്‍കൂട്ടി കണ്ട് മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നതിനെയും വിശുദ്ധ ഖുര്‍ആന്‍ 'തഖ്‌വ' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. എന്തിനേറെ പറയുന്നു, പ്രവാചകനെയും ഇസ്‌ലാമിനെയും സ്വഭാവഹത്യ ചെയ്തുകൊണ്ട് മുസ്‌ലിംകളെ പ്രകോപിപ്പിച്ച് ചതിയില്‍ വീഴ്ത്താനുള്ള ശ്രമത്തെ പരാജയപ്പെടുത്താന്‍ വളരെ കരുതലോടെ സമീപിക്കുന്നതിനെയും വിശുദ്ധ ഖുര്‍ആന്‍ തഖ്‌വ എന്നാണ് വിശേഷിപ്പിച്ചത്. ചുരുക്കത്തില്‍, ആധ്യാത്മികത എന്നോ ഭൗതികത എന്നോ വിവേചനമില്ലാതെ ജീവിതത്തെ അതിന്റെ സാകല്യത്തിലും മുഴുവന്‍ വിശദാംശങ്ങളിലും വ്യവഹരിക്കാവുന്ന വിശാലമായ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഖുര്‍ആനിക സംജ്ഞയാണ് തഖ്‌വ. ഈ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ ഒരു വ്യവസായം അപകടം കൂടാതെ നടത്തുന്നതിനു സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ ഉള്‍പ്പെടെ എല്ലാതരം സുരക്ഷിതത്വ നടപടിക്രമങ്ങളും (safety & security measures) തഖ്‌വയുടെ ഭാഗമാണ്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ വിരിപ്പ് മുട്ടുന്നതും, അപകടവും പാഴ്‌ചെലവും ഒഴിവാക്കുന്നതിന് പ്രവാചകന്‍ ഉപദേശിച്ചത് പോലെ രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് വിളക്ക് അണക്കുന്നതും തഖ്‌വ തന്നെയാണ്. അല്ലാഹുവിനെ സൂക്ഷിക്കുക എന്ന അര്‍ഥത്തില്‍ തഖ്‌വ എന്ന പദം ഖുര്‍ആന്‍ ഉപയോഗിക്കുന്നത്, ജീവിതത്തെ സംബന്ധിച്ച അല്ലാഹുവിന്റെ വിചാരണയില്‍ പരാജയപ്പെടാതിരിക്കാനും വിജയം ഉറപ്പാക്കാനും ആവശ്യമായ മുന്‍കരുതല്‍ എടുക്കാനുള്ള കല്‍പനയാണ്. ജീവിതത്തെ അതിന്റെ സാകല്യത്തിലും വിശദാംശങ്ങളിലും വളരെ ജാഗരൂകമായി നോക്കിക്കാണുന്ന, അതിന്റെ ചതിക്കുഴികളെ തിരിച്ചറിഞ്ഞ് അതില്‍ അകപ്പെടാതിരിക്കുന്നതിനുള്ള ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്ന സത്യവിശ്വാസിയുടെ സവിശേഷ സ്വഭാവമാണ് തഖ്‌വ. ഈ അര്‍ഥത്തില്‍ ജീവിത യാത്രയിലെ ഏറ്റവും നല്ല പാഥേയമാണ് തഖ്‌വ. പ്രവാചകന്‍ തന്നെ നോമ്പിനെ വിശേഷിപ്പിച്ചത് പരിചയായിട്ടാണ്. പരിച ദ്വന്ദ്വ യുദ്ധത്തില്‍ സുരക്ഷിതത്വത്തിനു വേണ്ടി എടുക്കുന്ന മുന്‍കരുതല്‍ നടപടിയാണ്. തഖ്‌വയെ സംബന്ധിച്ച് ഖലീഫ ഉമറിനോട് ചോദിച്ചപ്പോള്‍ പറഞ്ഞ ഉത്തരവും ഇതേ അര്‍ഥത്തിലാണ്. 'മുള്ളും കുപ്പിച്ചില്ലുമുള്ള ചെങ്കുത്തായ ഒരു ഇടുങ്ങിയ ഒറ്റയടി പാതയിലൂടെ നടക്കുമ്പോള്‍ ഒരു വ്യക്തി കാണിക്കുന്ന സൂക്ഷ്മതയാണ് തഖ്‌വ' എന്നാണ് ഉമര്‍(റ) പറഞ്ഞത്. ജീവിതത്തിന്റെ ഈ ഇടുങ്ങിയ ഒറ്റയടി പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരേസമയം വശങ്ങളിലേക്ക് ആപതിക്കാതിരിക്കാനും ജീവിതത്തില്‍ കണ്ടുമുട്ടുന്ന മ്ലേഛതകളുടെ മുള്ളും കുപ്പിച്ചില്ലുകളും സ്പര്‍ശിക്കാതിരിക്കാനും സത്യവിശ്വാസി കാണിക്കുന്ന  ജാഗ്രതയും സൂക്ഷ്മതയുമാണ് തഖ്‌വ എന്നര്‍ഥം. ഇതാണ് നോമ്പ് കൊണ്ടും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ചൈതന്യം കാണാതെ ശില്‍പത്തില്‍ തളച്ചിടപ്പെടുന്ന അധികപേരും പലപ്പോഴും യാത്ര മറന്ന് ഇന്ധനശാലയില്‍ ജീവിതം കഴിക്കുന്നവരാണ്.
നോമ്പ് സ്വയം ഒരു ലക്ഷ്യമാണെങ്കില്‍ അതിനു ശേഷം പെരുന്നാള്‍ വേണ്ടിവരില്ലായിരുന്നു. ഹജ്ജ് സ്വയം ഒരു ലക്ഷ്യമായിരുന്നെങ്കില്‍ അതിനു ശേഷവും ഒരു പെരുന്നാള്‍ ആവശ്യമില്ലാത്തതുപോലെ. ജീവിതത്തെ സംബന്ധിച്ച വ്യതിരിക്തമായ ഒരു സന്ദേശം ഇത് ഉള്‍ക്കൊള്ളുന്നുണ്ട്. വിജയത്തിന് ഇസ്‌ലാം കുറുക്കുവഴികള്‍ അംഗീകരിക്കുന്നില്ല. കഷ്ടപാടിന് ശേഷമുള്ള കിരീടധാരണമാണ് നോമ്പിന് ശേഷമുള്ള പെരുന്നാള്‍. പ്രയത്‌നത്തിനു ശേഷമുള്ള പ്രതിഫലം. പരിശ്രമത്തിനു ശേഷമുള്ള വിജയം. കഠിനാധ്വാനത്തിനു ശേഷമുള്ള ആസ്വാദനം. ഇതുതന്നെയാണ് ഹജ്ജിനു ശേഷമുള്ള പെരുന്നാളിലും നാം കാണുന്നത്. നോമ്പും ഹജ്ജും ഉള്‍പ്പെടെയുള്ള എല്ലാ അനുഷ്ഠാനങ്ങളും ലക്ഷ്യത്തിലേക്കുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ മാര്‍ഗങ്ങളാണ്.
ഇവ രണ്ടിനും അതിന്റേതായ ചരിത്രപരതയുണ്ട്. അതിന്റെ ചരിത്രപരതയെ വര്‍ത്തമാനത്തില്‍നിന്ന് ഇസ്‌ലാം വേറിട്ട് കാണുന്നില്ല. വേരിന്റെ ആഴവും മരത്തിന്റെ വളര്‍ച്ചയും തമ്മില്‍ ബന്ധമുണ്ട്. വേരില്‍നിന്ന് വേര്‍പ്പെടുത്തപ്പെട്ടാല്‍ മരത്തിന് നിലനില്‍പുമില്ല. അതുകൊണ്ട് തന്നെ ഇസ്‌ലാമിന് അതിന്റെ പൂര്‍വകാല ചരിത്രം വെറും കഥപറച്ചിലിന്റെ പ്രമേയമല്ല, അത് അതിന്റെ ചരിത്രത്തെ വര്‍ത്തമാന കാലത്തില്‍നിന്ന് വേര്‍പ്പെടുത്തി കാണുന്നുമില്ല. ഇസ്‌ലാം മിത്തുകളില്‍ അഭിരമിച്ചു കഴിയുന്ന മതമല്ല. അതുകൊണ്ട് ഇസ്‌ലാം ചരിത്രസംഭവങ്ങളെ കേവല പഴമ്പുരാണങ്ങളുടെ ഓര്‍മപ്പെടുത്തലായി മാത്രം കാണാതെ, അതിനെ ദൈനംദിന അനുഭവമാക്കി അതിന്റെ അനുയായികളെ സ്ഫുടം ചെയ്‌തെടുക്കുന്നത്.
ഹാജറയുടെ വെള്ളം തേടിയുള്ള ഓട്ടത്തെ വെറുതെ ഓര്‍മിപ്പിച്ചു മതിയാക്കാതെ നിരന്തര അധ്വാനത്തിന്റെയും അന്വേഷണത്തിന്റെയും പ്രതീകങ്ങളാക്കി നിലനിര്‍ത്തി, ഇസ്‌ലാം അതിന്റെ അനുയായികളെ അതേ കര്‍മം ചെയ്യിക്കുന്നത് അതുകൊണ്ടാണ്. ഇബ്‌റാഹീമിന്റെ ബലി, മുസ്‌ലിംകളുടെ ഹജ്ജില്‍ സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ഭാഗമായതും അങ്ങനെയാണ്. ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും പ്രദക്ഷിണം ഹജ്ജിന്റെയും ഉംറയുടെയും ഒഴിച്ചുകൂടാനാവാത്ത ഘടകമായതും അങ്ങനെ തന്നെ. ഇബ്‌റാഹീം, പിശാചിനെതിരെ നടത്തിയ ഏറ് സകലമാന പൈശാചിക ശക്തികള്‍ക്കുമെതിരെയുള്ള നിരന്തര സമരത്തിന്റെ പ്രതീകമാക്കി ഹജ്ജില്‍ അനുഷ്ഠിക്കുന്നതും, ചരിത്രത്തെ വര്‍ത്തമാനകാല അനുഭവമാക്കുന്ന പ്രക്രിയയാക്കി സമൂഹത്തെ ആദര്‍ശാധിഷ്ഠിതമായി രൂപപ്പെടുത്തുന്നതിന്റെ മികച്ച മാതൃകയാണ്. നോമ്പുകാലത്തും അല്ലാത്തപ്പോഴുമുള്ള ഖുര്‍ആന്‍ പാരായണം, ജിബ്‌രീല്‍ നബിക്ക് പാരായണം ചെയ്തുകൊടുത്തത്തിന്റെ വര്‍ത്തമാനകാല അനുഭവം കൂടിയാണ്. ഖുര്‍ആന്‍ അവതീര്‍ണമായതിനെ അനുഭവിച്ചറിയുന്ന അവാച്യമായ അനുഭൂതി കൂടിയാണ് റമദാനിലെ നോമ്പ്. ആദ്യമായി ഖുര്‍ആന്‍ അവതീര്‍ണമായ ലൈലത്തുല്‍ ഖദ്ര്‍ ആവര്‍ത്തിച്ചുവരുന്ന രാവായതും അതിന് ഒരിക്കലും അവസാനിക്കാത്ത ആയിരം മാസങ്ങളുടെ പുണ്യം കൂടി കല്‍പിച്ചതും, ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ആ രാവിനെ നമ്മുടെ വര്‍ത്തമാനകാല അനുഭവമാക്കാന്‍ കൂടി തന്നെയാണ്.
നോമ്പ്, സത്യവിശ്വാസിയില്‍ ഖുര്‍ആന്‍ അവതരണം കൊണ്ട് ഉദ്ദേശിക്കപ്പെട്ട വൈയക്തികവും സാമൂഹികവുമായ നിരവധി സ്വഭാവ ഗുണങ്ങള്‍ സൃഷ്ടിക്കാന്‍ അല്ലാഹു ആവിഷ്‌കരിച്ച ഒരു അനുഷ്ഠാനമാണ്. അതില്‍ ഏറ്റവും ശക്തിയായി പ്രതിഫലിക്കുന്ന ഗുണവിശേഷങ്ങളിലൊന്ന് ജീവിതത്തെ മുച്ചൂടും ചൂഴ്ന്നുനില്‍ക്കുന്ന പ്രലോഭനങ്ങളെ പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള കരുത്ത്ആര്‍ജിക്കലാണ്. ഇത് ലക്കും ലഗാനുമില്ലാതെ പായുന്ന ഇഛയാവുന്ന കുതിരയെ നിയന്ത്രിച്ചുകൊണ്ടേ സാധിക്കൂ. ആര്‍ത്തിയെ നിയന്ത്രിച്ചുകൊണ്ടേ ഇഛയെ നിയന്ത്രിക്കാന്‍ സാധിക്കൂ. അഥവാ ആര്‍ത്തിയെ അറുത്തുമാറ്റലാണ് ഇഛയെ നിയന്ത്രിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആര്‍ത്തി, വയറിനും സെക്‌സിനും മുകളിലായി ഹൃദയത്തെയും തലയെയും മനുഷ്യനില്‍ സംവിധാനിച്ച അല്ലാഹുവിന്റെ സൃഷ്ടിഘടനയെ തലകീഴായി നിര്‍ത്തുന്ന സാംസ്‌കാരിക സാഹചര്യം സൃഷ്ടിക്കും (67:22); ആധുനിക മുതലാളിത്ത സംസ്‌കാരം ചെയ്തതുപോലെ. അങ്ങനെയാണ് ഹൃദയത്തിനും തലക്കും മുകളില്‍ സെക്‌സും വയറും നിലകൊള്ളുന്ന ആധുനിക മനുഷ്യന്‍ രൂപപ്പെട്ടത്. തലയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം തന്നെ പൂര്‍ണമായും വയറിനും സെക്‌സിനും മാത്രമായി ചുരുങ്ങി, തലയെയും ഹൃദയത്തെയും ഭോഗത്തിന്റെ അവയവങ്ങള്‍ വിഴുങ്ങി. സഹജീവി സ്‌നേഹത്തിന്റെ ബലിക്കല്ലിലാണ് ആര്‍ത്തി അതിന്റെ വല നെയ്യുന്നതും വീശുന്നതും. അതിന്റെ വലയില്‍ വീണുപോയവന് പാവങ്ങളുടെ വ്യഥയിലും വേദനയിലും പങ്കാളിയായി അവരുമായി താദാത്മ്യപ്പെടുന്നത് പോയിട്ട് അവരോട് അനുഭാവമോ അനുതാപമോ പോലും പ്രകടിപ്പിക്കാനാവുകയില്ല. ഇവിടെ ഇസ്‌ലാം പാവങ്ങളോടുള്ള സത്യവിശ്വാസി സമൂഹത്തിന്റെ ബന്ധത്തെ കേവലം അനുഭാവത്തില്‍(sympathy) ഒതുക്കാന്‍ അനുവദിക്കുന്നില്ല. മറിച്ച്, വിശപ്പിന്റെ വ്യഥയും വേദനയും സ്വയം അനുഭവിച്ചു കഷ്ടപ്പെടുന്ന ജനലക്ഷങ്ങളായി താദാത്മ്യപ്പെടാന്‍(empathize) ആവശ്യപ്പെടുന്നു. അങ്ങനെ വിശപ്പിന്റെ വിളി അറിയുന്ന സത്യവിശ്വാസി നോമ്പിന് ശേഷം പെരുന്നാള്‍ ദിവസം ആഘോഷിക്കുന്നതിനു മുമ്പേ ആദ്യം ചെയ്യേണ്ടത് പാവങ്ങളെ അന്നം ഊട്ടലാണ്. തന്റെ പ്രദേശത്ത് ഒരു മനുഷ്യനെങ്കിലും പട്ടിണി കിടക്കുന്നുണ്ടെങ്കില്‍ സത്യവിശ്വാസിയുടെ മനസ്സാക്ഷി പെരുന്നാള്‍ ആഘോഷിക്കാന്‍ കൂട്ടാക്കില്ല. അങ്ങനെയുള്ള ആഘോഷം ഇസ്‌ലാമിക ദൃഷ്ട്യാ സാധുവാകില്ല. നോമ്പില്‍ സംഭവിച്ചിരിക്കാവുന്ന കറ കഴുകിക്കളയാന്‍ ഇസ്‌ലാം നിര്‍ദേശിച്ച മാര്‍ഗം വിശക്കുന്നവന്റെ വിളിക്ക് ഉത്തരം നല്‍കലാണ്.
ഇതുതന്നെയാണ് ഹജ്ജിനെയും അറഫാ നോമ്പിനെയും തുടര്‍ന്ന് വരുന്ന ഹജ്ജ് പെരുന്നാളിലെ ബലിമാംസ വിതരണത്തിലും നാം കാണുന്നത്. ആഘോഷങ്ങള്‍ ഒരു സമൂഹത്തിന്റെ സാംസ്‌കാരിക ദര്‍പ്പണമാണെങ്കില്‍, ഇസ്‌ലാമിന്റെ മാനവിക മുഖമാണ് നാം നോമ്പിലൂടെയും ഹജ്ജിലൂടെയും അതിനെ തുടര്‍ന്ന് വരുന്ന രണ്ട് പെരുന്നാളുകളിലൂടെയും ദര്‍ശിക്കുന്നത്. ഒരു പക്ഷേ, ലോകത്തിലെ മറ്റൊരു മതത്തിനും മതേതര ദര്‍ശനത്തിനും കാഴ്ചവെക്കാന്‍ സാധിക്കാത്ത, ആഘോഷവേളയില്‍ പോലും വെള്ളിവെളിച്ചം പോലെ വെട്ടിത്തിളങ്ങുന്ന സഹജീവി സ്‌നേഹത്തിന്റെ ഉത്തമവും ഉദാത്തവുമായ മാതൃക.
ഏതൊരു സമൂഹവും അതിന്റെ ഏറ്റവും നല്ല രൂപത്തിലുള്ള ഭൗതിക നിലനില്‍പിന്റെ അടിസ്ഥാനമായി കാണുന്നത് സമാധാനവും സുഭിക്ഷതയുമാണ്. ഇസ്‌ലാം എല്ലാ വര്‍ഷവും ആവര്‍ത്തിച്ചുവരുന്ന പട്ടിണിയില്ലാത്ത രണ്ട് ദിനങ്ങളെ ലോകത്തിന് സുഭിക്ഷതയുടെയും സമൃദ്ധിയുടെയും പ്രതീകമായി കാണിച്ചു കൊടുക്കുന്നു. ഇസ്‌ലാം ഭൗതികമായി എന്തിനു വേണ്ടി നിലകൊള്ളുന്നു എന്നതിന്റെ ഒരു അടിസ്ഥാനത്തെയാണ് അത് സൂചിപ്പിക്കുന്നത്. അതെ, ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് തന്നെ. ഫിത്വ്ര്‍ സകാത്ത് ഈ അര്‍ഥത്തില്‍ സകാത്ത് വ്യവസ്ഥ നടപ്പിലാക്കിയാലുണ്ടാകാവുന്ന ഒരു ദിവസത്തിന്റെ പരിഛേദം മാത്രമാണ്. അതേപോലെ, അതിനു സമാന്തരമായി അസ്വസ്ഥഭരിതവും അശാന്തിപൂര്‍ണവുമായ ഈ ലോകത്ത്, സമസ്ത ജീവികള്‍ക്കും സമാധാനത്തോടെ ജീവിക്കാവുന്ന രണ്ട് ചീന്തു ഭൂമികളെയും സമാധാനത്തിന്റെ തുരുത്തുകളായി ഇസ്‌ലാം പ്രതീകമായും മാതൃകയായും നിശ്ചയിച്ചു. ഇസ്‌ലാം എന്തിനു വേണ്ടി നിലകൊള്ളുന്നുവെന്ന രണ്ടാമത്തെ അടിസ്ഥാനത്തെ സൂചിപ്പിച്ചുകൊണ്ട് തന്നെ. അതെ, അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ മനുഷ്യ ബാഹ്യമായ, പ്രപഞ്ചത്തിലുടനീളം കളിയാടുന്ന സമാധാനത്തിനുതന്നെ. പക്ഷേ, അത് പ്രപഞ്ചം മുഴുവനും വിധേയപ്പെട്ടതുപോലെ മനുഷ്യന്‍ അവന് നല്‍കപ്പെട്ട സ്വാതന്ത്ര്യത്തോടു കൂടി അവന്റെ ജീവിതത്തെ അവിഛിന്നമായി ദൈവഹിതത്തിനു വിധേയമാക്കുമ്പോള്‍ മാത്രമേ ലഭിക്കൂ എന്നു മാത്രം. അതാണ് മനുഷ്യനോടും ഇസ്‌ലാം ആവശ്യപ്പെടുന്നത്. ഖുര്‍ആന്‍ ആദ്യമായി അവതീര്‍ണമായ ഖദ്‌റിന്റെ രാവില്‍ സമാധാനത്തിന്റെ വിഭാതമായിരുന്നു പൊട്ടിവിടര്‍ന്നതെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (97:5). അതിനുള്ള നന്ദിപ്രകടനമായി അനുഷ്ഠിക്കുന്ന വ്രതത്തിന്റെ പരിസമാപ്തിയില്‍ നമുക്ക് ലഭിക്കുന്നതോ, സുഭിക്ഷതയും സമൃദ്ധിയും.
[email protected]

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം