അണ്ണയും അമേരിക്കയും കോണ്‍ഗ്രസും
അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്ത് ജയിലിടച്ച യു.പി.എ സര്‍ക്കാറിന്റെ നടപടിയോടെ കളികൈവിട്ടു. രാജ്യമൊട്ടുക്കും പൊതുജനം തെരുവിലിറങ്ങിയത് സര്‍ക്കാറിന്റെ മാത്രമല്ല ആരുടെ കണക്കുകൂട്ടലിനെയും കവച്ചുവെക്കുന്ന തരത്തിലായിരുന്നു. സമീപകാല അഴിമതി വീരന്മാരുടെ കൂട്ടത്തില്‍ പൊതുജനം ഏറ്റവും വെറുത്ത കഥാപാത്രങ്ങളിലൊന്നായ സുരേഷ് കല്‍മാഡിയോടൊപ്പമാണ് അണ്ണയെ തടവലിട്ടതെന്ന വാര്‍ത്ത കൂടി പുറത്തുവന്നതോടെ ഇന്റര്‍നെറ്റിലെ ചാറ്റ്‌റൂമുകള്‍ അക്ഷരാര്‍ഥത്തില്‍ കൊടുമ്പിരി കൊണ്ടു. ഈ ഗവണ്‍മെന്റിന്റെ ഉപദേശകര്‍ ആരായാലും അവര്‍ മന്‍മോഹന്‍ സിംഗിന്റെ 'കട്ടയും പടവും' മടക്കി ഓടിച്ചു വിടുന്ന എല്ലാ ലക്ഷണവും കാണാനുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസം ആദ്യമായി അണ്ണയുടെ സമരം ദല്‍ഹിയിലെത്തിയപ്പോള്‍ മഹാരാഷ്ട്രയിലെയും ദല്‍ഹിയിലെയും കോണ്‍ഗ്രസ് നേതാക്കള്‍ കാണിച്ച അബദ്ധങ്ങളാണ് ആ സമരത്തെ വമ്പിച്ച ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. രാംദേവിന്റെ സമരകാലത്തും അറസ്റ്റും ലാത്തിച്ചാര്‍ജുമായി ഇതേ അബദ്ധങ്ങള്‍ വീണ്ടുമാവര്‍ത്തിച്ചു. ചിദംബരം, കപില്‍ സിബല്‍, അംബികാസോണി, പവന്‍ കുമാര്‍ ബന്‍സാല്‍, സല്‍മാന്‍ ഖുര്‍ശിദ് പ്രഭൃതികള്‍ നേരിട്ടാണ് ഇത്തവണ 'പ്രതിസന്ധി നിവാരണ' സംഘത്തെ നയിച്ചത്. അണ്ണയെ അറസ്റ്റു ചെയ്താല്‍ തലവേദന ഒഴിവാക്കാം എന്നതായിരുന്നു വിലയിരുത്തല്‍. മാധ്യമങ്ങളുമായി നല്ല അടുപ്പമുള്ള ഈ മന്ത്രിമാര്‍ ഒരു മണിക്കൂറോളം വാര്‍ത്താ സമ്മേളനം നടത്തിയിട്ടും പഴി പോലീസിന്റെ തലയില്‍ കെട്ടിവെക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല എന്നു മാത്രമല്ല, ഗവണ്‍മെന്റിനെ തികച്ചും പിന്‍കാലില്‍ നിര്‍ത്തുന്നതായി പിന്നീടുണ്ടായ സംഭവവികാസങ്ങള്‍. കപില്‍ സിബല്‍ കുറെക്കൂടി അപമാനകരമായ ചില സാഹചര്യങ്ങളും നേരിട്ടു. ദല്‍ഹിയില്‍ അപ്രശസ്തമായ ഏതോ സംഘടനയുടെ ബാനറില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത് ഗണ്‍മെന്റിന്റെ നിലപാട് വിശദീകരിക്കാനെത്തിയ സിബലിനെ സ്ഥലത്തെത്തിയ ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ കൂവിവിളിച്ച് പരിപാടി അലങ്കോലപ്പെടുത്തുകയായിരുന്നു.
സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലെ പതിവ് പ്രസംഗത്തില്‍ മന്‍മോഹന്‍ സിംഗ് ദുര്‍ബലമായ ശബ്ദത്തില്‍ അഴിമതിയെ കുറിച്ചു പറഞ്ഞത് എന്തുകൊണ്ട് പൊതുജനത്തെ അല്‍പം പോലും സ്വാധീനിച്ചില്ല എന്നും അന്നേ ദിവസം അണ്ണാ ഹസാരെ രാജ്ഘട്ടില്‍ നടത്തിയ മൗനവ്രതാചരണം കൂടുതല്‍ ശക്തമായി രാജ്യത്ത് അലയൊലികളുണ്ടാക്കി എന്നും കോണ്‍ഗ്രസ് ഒരുവേള ആലോചിക്കുന്നത് നന്ന്. മന്‍മോഹന്‍ സിംഗ് നടത്തിവരുന്ന ഭരണത്തെ കുറിച്ച് ഇന്ത്യയില്‍ സാമാന്യബോധമുള്ളവര്‍ക്കൊക്കെ ചില അഭിപ്രായങ്ങളുണ്ടെന്നും പ്രധാനമന്ത്രി പദവിയുടെ അന്തസ്സോര്‍ത്ത് പൊതുജനം സഹിക്കുകയാണെന്നും സോണിയയും കൂട്ടരും ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ കൊള്ളാം. അഴിമതിക്കെതിരെ മന്‍മോഹന്‍ ഉരിയാടുന്ന വാക്കുകളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ആര്‍ക്കു വേണ്ടിയാണ് പല്ലും നഖവുമില്ലാത്ത ഈ പുതിയ 'ജന്‍ലോക്പാല്‍ ബില്‍' കൊണ്ടുവരുന്നത്? പാര്‍ലമെന്റ് എന്ന സ്ഥാപനമാണ് രാജ്യത്തെ സംബന്ധിച്ചേടത്തോളം പ്രധാനപ്പെട്ടത് എന്ന് ഒരു ഭാഗത്ത് പറയുന്ന സിംഗ് അമേരിക്കയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രധാനപ്പെട്ട എത്ര തീരുമാനങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തതിനു ശേഷം മാത്രം ഒപ്പുവെച്ചു എന്നു കൂടി പറയാന്‍ തയാറാവേണ്ടതല്ലേ? അഴിമതിയുടെ ഏറ്റവും വലിയ കൂത്തരങ്ങായി മാറുന്നത് ഇന്ത്യയുടെ അന്താരാഷ്ട്ര കരാറുകളാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? പ്രത്യേകിച്ചും ആയുധക്കരാറുകള്‍. വിചിത്രമായി തോന്നിയേക്കാം, പക്ഷേ അണ്ണാ ഹസാരെയുടെ സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും മറുതന്ത്രങ്ങളും ഒരു ഭാഗത്ത് മുറുകുമ്പോഴും പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ മുഖം ഈ ചര്‍ച്ചകളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല എന്നോര്‍ക്കുക. കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടത്തില്‍ ഭരണരംഗത്ത് ഏറ്റവും അനുഭവ സമ്പത്തുള്ളയാള്‍ ആന്റണി ആയിരുന്നില്ലേ?
കള്ളപ്പണത്തിന്റെ കുത്തൊഴുക്കായി മാറിയ ഇന്ത്യന്‍ തെരഞ്ഞെടുപ്പു ഗോദയില്‍ ജയിച്ചു കയറുന്ന 540 എം.പിമാര്‍ ചേര്‍ന്ന് തീരുമാനിക്കുന്ന ‘ജനാധിപത്യം’മാത്രം മതി നമുക്കെന്ന ഹുങ്കാണ് ഒരുപക്ഷേ രാഷ്ട്രീയമറിയാത്ത മന്‍മോഹന്‍ സിംഗ് കാഴ്ച വെച്ചത്. അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്തതിനെ ലോക്‌സഭയില്‍ ന്യായീകരിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ ഈ അഹങ്കാരത്തിന്റെ അതിപ്രസരമുണ്ട്. പക്ഷേ എന്ത് അപ്രമാദിത്തമാണ് മന്‍മോഹന്റെ കാലത്തെ പാര്‍ലമെന്റിനുള്ളത്? തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ടിക്കറ്റ് ഉറപ്പിക്കാനും പ്രചാരണത്തിനുമായി പത്തു കോടിയില്‍ കുറയാത്ത തുക മണ്ഡലത്തില്‍ ചെലവഴിക്കാത്ത എത്ര കോണ്‍ഗ്രസ് എം.പിമാരുണ്ട് ലോക്‌സഭയില്‍? സി.പി.എമ്മില്‍ പോലും പാര്‍ട്ടിക്ക് ചെലവിടേണ്ടിവരുന്ന തുകയുടെ കണക്കെടുത്താല്‍ സമ്മതിദായകന്‍ മൂക്കത്ത് വിരല്‍ വെക്കുന്ന ഒരു ലസാഘുവാണ് ഉത്തരം കിട്ടുക. അത്തരക്കാരായ കുറെയധികം എം.പിമാരെ അഴിമതിയില്‍ സഹായിക്കാനല്ലെങ്കില്‍ എന്തുകൊണ്ട് അവരെ സുതാര്യമായ ഒരു നിയമത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ മന്‍മോഹന്‍ തയാറാവുന്നില്ല?
അണ്ണയുടെ സമരത്തിനു പിന്നില്‍ വിദേശകരങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചത് ഇതിനിടയിലാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ അസന്തുലിതമാക്കാന്‍ അമേരിക്ക ഇടപെടുന്നത് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് റാശിദ് ആല്‍വിയാണ് ആവശ്യപ്പെട്ടത്. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തെ ഗവണ്‍മെന്റ് അംഗീകരിക്കണമെന്ന് അമേരിക്ക ഇതിനിടെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതാദ്യമായാണ് ഇന്ത്യയുടെ പരമാധികാരത്തെ പരസ്യമായി ചോദ്യം ചെയ്യുന്ന ഇത്തരമൊരു നിലപാട് മറ്റേതെങ്കിലും വിദേശരാജ്യം സ്വീകരിക്കുന്നത്. ലോകത്ത് 60 രാജ്യങ്ങളില്‍ നിലവില്‍ അരങ്ങേറികൊണ്ടികൊണ്ടിരിക്കുന്ന സി.ഐ.എയുടെ 'ഡിസ്റ്റബിലൈസേഷന്‍' അജണ്ടകള്‍ ഇന്ത്യയുടെ നേര്‍ക്കും വ്യാപിപ്പിക്കാന്‍ തുടങ്ങി എന്നാണ് ആല്‍വിയുടെ പ്രസ്താവന അര്‍ഥമാക്കുന്നതെങ്കില്‍ ചോദ്യം വീണ്ടും കോണ്‍ഗ്രസ്സിനോടു തന്നെയാണ്. അങ്ങനെയെങ്കില്‍ മന്‍മോഹന്‍ സിംഗ് പോകുന്നത് ആരുടെ വഴിയിലൂടെയാണ്? അങ്ങോരാണല്ലോ ഈ അമേരിക്കന്‍ മാരണത്തെ തലയിലേറ്റി നടക്കുന്നത്. കഴിഞ്ഞ എത്രയോ വര്‍ഷമായി സി.പി.എം പോലുള്ള സംഘടനകള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തിന്റെ പരമാധികാരം അമേരിക്കക്ക് പണയം വെക്കുകയാണെന്ന് ആരോപിക്കുന്നുമുണ്ട്. ആല്‍വി പറഞ്ഞതിന്റെ പൊരുള്‍ എന്തായാലും യു.പി.എ മറുപടി പറയേണ്ട പലതും ഈ ആരോപണത്തിലുണ്ട്.
Comments