Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 27

ഒരു മിന്നായം പോലെ ഓടിമറഞ്ഞ എന്റെ പെരുന്നാള്‍ കാലങ്ങള്‍

ഒ.പി അബ്ദുസ്സലാം

എന്തുകൊണ്ടെന്നറിയില്ല, പെരുന്നാളെന്ന് കേള്‍ക്കുമ്പോഴേ എവിടെ നിന്നോ സന്തോഷം നുരഞ്ഞുയരും. നെഞ്ചില്‍ നിലാവ് പരക്കും. പഴമയുടെ പെരുമ പാടുന്ന ഒത്തിരി പെരുന്നാളോര്‍മകള്‍ ഉള്ളില്‍ തുടികൊട്ടും.
എത്രകാലമാണ്, ദേശമാണ് ഒരു മിന്നായം പോലെ പൊടുന്നനെ പിന്നിലേക്കോടി മറഞ്ഞത്... ഗാന്ധിജി, സ്വാതന്ത്ര്യസമരം, ബ്രിട്ടീഷ് പട്ടാളം... സമര കലുഷിതമായ ആ കാലം മുതല്‍ നമ്മള്‍ ജീവിതമുന്തിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തിന്റെ ഈയറ്റംവരെ.
ചെറിയ കുഞ്ഞായിരിക്കുമ്പോഴത്തെ പെരുന്നാളിന്റെ മണവും മാറ്റും ഒന്ന് വേറെത്തന്നെയായിരുന്നു. പെരുന്നാള്‍ സ്ഥിരീകരിച്ചാല്‍ പിന്നെ ഉള്ളില്‍ ആഹ്ലാദപ്പൂരമാണ്. ഉറക്കമില്ല അന്ന്. വീട്ടിലെ സ്ത്രീകള്‍ പലഹാരം പടക്കാനുള്ള പെടാപ്പാടിലായിരിക്കും. പെണ്‍കുട്ടികള്‍ മുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍ നിന്ന് ഇലയറുത്ത്, അരച്ച്, കൈയില്‍ മൊഞ്ചൊരുക്കാനുള്ള ശ്രമങ്ങളില്‍ മുഴുകും (ഇന്ന് മുറ്റമെവിടെ, മുറ്റത്ത് മൈലാഞ്ചിച്ചെടിയെവിടെ?).
വല്യുമ്മ ഞങ്ങള്‍ക്ക് തക്ബീര്‍ ചൊല്ലിത്തരും. ഞങ്ങള്‍ കുട്ടികള്‍ മത്സരിച്ചങ്ങനെ ഉറക്കെ ചൊല്ലും...
(വല്യുമ്മ-സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ബ്രിട്ടീഷ് പട്ടാളത്തിന്റെ കണ്ണ് വെട്ടിച്ച് ഭക്ഷണമെത്തിച്ചിരുന്ന ധീരവനിത... അതിന്റെ പേരില്‍ വല്യുമ്മയെ പട്ടാളം അറസ്റ്റ് ചെയ്തിട്ടുണ്ട്).
പിറ്റേന്ന് രാവിലെ എണ്ണ തേച്ച്, കുളിച്ച്, പുതുവസ്ത്രം ധരിച്ച്, ഉപ്പയുടെ കൈയും പിടിച്ച് പള്ളിയിലേക്ക്... പോകുന്ന വഴിയിലൂടെയാകില്ല മടങ്ങുന്നത്. കൂടുതല്‍ ആളുകളെ കണ്ടും കേട്ടും അങ്ങനെ നടക്കും. കുടുംബക്കാര്‍, അയല്‍വാസികള്‍ എല്ലാവരുടെ വീടുകളിലും കയറിയിറങ്ങും.
പലപ്പോഴും തോന്നാറുണ്ട് പെരുന്നാളിന്റെ ഹരം എന്നാല്‍ ഈ നമസ്‌കാരമാണെന്ന്..... ഫിത്വ്ര്‍ സകാത്ത് വിതരണമാണെന്ന്... ഉച്ചത്തിലുള്ള തക്ബീര്‍ വിളിയാണെന്ന്... പരസ്പരമുള്ള ഈ ഒന്നുചേരലാണെന്ന്...
വീട് സന്ദര്‍ശനങ്ങളെല്ലാം കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ കുട്ടികളുടെ കളിമേളമാണ്. ഇന്നത്തെ ക്രിക്കറ്റിന്റെ ആദിമ രൂപമായ ഒരു കളിയുണ്ടായിരുന്നു അന്ന്- തലപ്പന്ത് കളി. വഴക്കും വക്കാണവും വീറും വാശിയുമെല്ലാം ഉള്‍ച്ചേര്‍ന്നതായിരുന്നു അന്നത്തെ കളിരസങ്ങള്‍...
കൂട്ടുകാരന്റെ വേദനയില്‍ പങ്കാളിയായി ആഹ്ലാദങ്ങള്‍ക്ക് സ്വയം വിലക്കേര്‍പ്പെടുത്തിയ ഒരു പെരുന്നാള്‍ ദിനം ഓര്‍മയിലേക്കെത്തുന്നു. എന്റെ കൂട്ടുകാരന്‍, സഹപാഠി, ആത്മസുഹൃത്ത്... അവനൊരു മാരക രോഗം പിടിപ്പെട്ടു, നോമ്പ് കാലത്ത്. ഇടക്കിടക്ക് ഞാനവനെ സന്ദര്‍ശിക്കും. വേദന കൊണ്ടവന്‍ ഉരുകുന്നത് കാണുമ്പോള്‍ ഉള്ള് നോവും.
പെരുന്നാള്‍ രാവില്‍, നാടും നാട്ടുകൂട്ടവും ആഘോഷത്തിമിര്‍പ്പില്‍ ആണ്ടിറങ്ങുമ്പോള്‍ ഞാനുണ്ടായിരുന്നത് എന്റെ കൂട്ടുകാരന്റെ വീട്ടില്‍, അവന്റെ ചാരത്ത്... മുഖം വീര്‍ത്ത്, കണ്ണ് ചെമന്ന്... നിസ്സഹായാവസ്ഥയില്‍ അവനെന്നെ നോക്കും. ഞാന്‍ ആശ്വസിപ്പിക്കും... 'എല്ലാം മാറും...'
പെരുന്നാള്‍ ദിനം കേള്‍ക്കുന്നത് അവന്റെ മരണവാര്‍ത്തയാണ്. ഇന്നും ഉള്ളുലക്കുന്ന പെരുന്നാളാഘാതം.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ പാദചലനങ്ങള്‍ പതിഞ്ഞ മദീനാ മണ്ണിലെ പെരുന്നാളോര്‍മകള്‍ക്കും വ്യത്യസ്തതയുണ്ടായിരുന്നു.
ഞങ്ങള്‍ വിവിധ രാജ്യക്കാര്‍ ഒത്തുചേരും. നെഞ്ചില്‍ ആഞ്ഞുകൊത്തിയ പെരുന്നാള്‍ കഥകള്‍ പങ്കുവെക്കും.
ഒരു സിറിയന്‍ അധ്യാപകന്‍ പറഞ്ഞുവെച്ച അനുഭവം ഹൃദയസ്പര്‍ശിയായിരുന്നു. സിറിയയിലായിരിക്കുമ്പോള്‍ ഓരോ പെരുന്നാള്‍ കാലവും അദ്ദേഹം തന്റെ ഉസ്താദിനെ കാണാന്‍ ചെല്ലും, ആശംസകള്‍ കൈമാറും.... വളരെ ചെറിയ, ഇടുങ്ങിയ ഒരു കുടിലിലാണ് പ്രിയ ഗുരുവര്യന്‍ വസിക്കുന്നത്.
അങ്ങനെ ഒരു പെരുന്നാള്‍ ദിനം ഉസ്താദിനെ കണ്ടുമടങ്ങും നേരം ഉസ്താദ് അദ്ദേഹത്തെ തിരികെ വിളിച്ചു. എന്നിട്ട് പറഞ്ഞു: ''മോനേ, നീയൊരു ഉപകാരം ചെയ്യണം. നീ പോകുംവഴി ദമസ്‌കസിന് കുറച്ചപ്പുറത്തുള്ള സ്ട്രീറ്റില്‍ ഒന്ന് പോകണം. സ്വന്തം മാംസം വിറ്റ് ഉപജീവനം ചെയ്യുന്ന നൂറിലധികം വേശ്യകളുണ്ടവിടെ. അവിടെ ചെന്ന് അവരോടെന്റെ സലാം പറയണം, ഈദാശംസകള്‍ നേരണം...''
അദ്ദേഹം ഇത് കേട്ട് ഒന്നു പകച്ചെങ്കിലും ഉസ്താദ് പറഞ്ഞ പ്രകാരം തന്നെ ചെയ്തു.
കാലങ്ങള്‍ക്ക് ശേഷം ഉസ്താദിന്റെ വീട്ടില്‍ വീണ്ടുമൊരു പെരുന്നാള്‍ സന്ദര്‍ശനം. വളരെ സന്തോഷത്തോടെ സ്വീകരിച്ചിരുത്തിയിട്ട് ഉസ്താദ് അദ്ദേഹത്തോട് പറഞ്ഞത്രെ: ''പണ്ട് ഞാന്‍ നിന്നോട് സ്ട്രീറ്റില്‍ പോയി എന്റെ സലാം പറയാന്‍ പറഞ്ഞിരുന്നില്ലേ. ഒരു സന്തോഷവാര്‍ത്തയുണ്ട്. അവരെല്ലാം ഇപ്പോള്‍ സന്മാര്‍ഗികളായിരിക്കുന്നു!''
മദീനാ യൂനിവേഴ്‌സിറ്റിയിലെ പഠനകാലം കഴിഞ്ഞു. വിസാ കാലാവധി മൂന്ന് മാസം കൂടിയുണ്ട്. ഇനിയെന്തെങ്കിലും ജോലി അന്വേഷിക്കണമെന്ന് മനസ്സിരുത്തി നടക്കുന്ന കാലം. വെറുതെയൊന്ന് റാബിത്വയുടെ ക്വാര്‍ട്ടേഴ്‌സില്‍ കയറി. അവിടെ റാബിത്വയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം മുഹമ്മദ് മഹ്മൂദ് അസ്വവാഫ് ഇരിക്കുന്നുണ്ടായിരുന്നു. പരിചയമുള്ള ആളാണ്. എന്നെ കണ്ടപാടെ ഒരൊറ്റ ചോദ്യം.
''ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലേക്ക് പോകാമോ, ഞങ്ങളുടെ പ്രതിനിധിയായി?''
സാംബിയ- അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുന്നിടം. തൊണ്ണൂറ് ശതമാനവും ക്രിസ്ത്യാനികളാണ്. മുസ്‌ലിംകളിലധികവും ഇന്ത്യയില്‍ നിന്ന് വന്നവര്‍. അവരാകട്ടെ തബ്‌ലീഗ്, ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്, ദയൂബന്ദി, ബറേല്‍വി, അല്‍ട്രാ സെക്യുലരിസ്റ്റുകള്‍, ഹമ്പലി എന്നിങ്ങനെ പലതായി ഭിന്നിച്ചിരിക്കുന്നു.
ആഫ്രിക്കന്‍ മുസ്‌ലിംകള്‍ക്കിടയിലെ ഭിന്നിപ്പ് ത്വരീഖത്ത് അടിസ്ഥാനത്തിലാണ്. തീജാനി ത്വരീഖത്ത്, ജീലാനി ത്വരീഖത്ത്, ബദവീ ത്വരീഖത്ത്.... അങ്ങനെ നാലഞ്ച് ത്വരീഖത്തുകള്‍. അന്ധവിശ്വാസത്തിന്റെ അകമ്പടിയോടെയായിരുന്നു അവിടത്തെ പെരുന്നാള്‍ ആചാരങ്ങള്‍.
പെരുന്നാള്‍ തലേന്ന് പള്ളിയില്‍ ചെന്ന് തങ്ങളുടെ ശൈഖിന് വേണ്ടി നേരം വെളുക്കുംവരെ പ്രാര്‍ഥിക്കും അവര്‍.
പെരുന്നാള്‍ ദിനത്തില്‍ മറ്റൊരു പരിപാടിയുണ്ട്. ഗ്രാമത്തില്‍ ഒരു പ്രത്യേക കേന്ദ്രം ഉണ്ടാകും. 'കുമാത്ത്' എന്ന് വിളിക്കും. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് ഏഴുവട്ടം ചുറ്റും അവരതിനെ.
അവിടെ ഞങ്ങള്‍ മലയാളികളുടെ ഒരു കൂട്ടായ്മക്ക് രൂപം നല്‍കി. ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷവേളകളില്‍ ഞങ്ങള്‍ ഒത്തുചേരുമായിരുന്നു. ഇനി മുതല്‍ പെരുന്നാളിനും ഒത്തുചേരണമെന്ന് ആരോ നിര്‍ദേശം വെച്ചു. അങ്ങനെ ആ വര്‍ഷത്തെ പെരുന്നാള്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ കൂടാമെന്നുറപ്പിച്ചു.
ഞാനും മുന്‍ സോമാലിയന്‍ പാര്‍ലമെന്റ് സ്പീക്കറായിരുന്ന അബ്ദുല്ലയും ഒന്നിച്ചാണ് പെരുന്നാള്‍ദിനം സുഹൃത്തിന്റെ വീട്ടിലേക്ക് പോയത്. അവിടെയെത്തിയപ്പോള്‍ തന്നെ ആകെ ഒരു പന്തികേട് തോന്നി. അവിടെ എത്തിച്ചേര്‍ന്ന എല്ലാവരും അസ്വസ്ഥരായിരുന്നു. ചിലര്‍ ബഹളം വെച്ച് അങ്ങോട്ടുമിങ്ങോട്ടുമോടുന്നു.
സകലരുടെയും ദേഹമെല്ലാം ചൊറിഞ്ഞ് വീര്‍ക്കുന്നു. ഞങ്ങളുടനെതന്നെ എല്ലാവരെയും ഹോസ്പിറ്റലിലേക്ക് മാറ്റി.
ഡോക്ടര്‍ പറഞ്ഞാണറിഞ്ഞത്, നിലത്ത് വിരിച്ചിരുന്ന പുതിയ കാര്‍പെറ്റിന്റെ അലര്‍ജിയായിരുന്നു അതെന്ന്....
ക്രിസ്ത്യന്‍ സുഹൃത്തായ ബാഞ്ചി തന്ന ഒരു പെരുന്നാള്‍ സമ്മാനം ഇപ്പോഴും എന്നെ ചിരിപ്പിക്കാറുണ്ട്.
പെരുന്നാള്‍ദിനത്തില്‍ ഞാന്‍ ക്ഷണിച്ചിട്ട് വന്നതായിരുന്നു അവനും കുടുംബവും. ഒരു വലിയ പൊതി എന്നെ ഏല്‍പിച്ചിട്ട് അവന്‍ പറഞ്ഞു: ''സര്‍, ഇത് ഞങ്ങളുടെ പെരുന്നാള്‍ സമ്മാനമാണ്. നിങ്ങളെനിക്ക് ക്രിസ്മസിന് തന്ന സമ്മാനത്തിന്റെയത്ര വിലയേറിയതല്ല. എങ്കിലും ഞങ്ങള്‍ക്കിത് പ്രിയപ്പെട്ടതാണ്.''
ഞാന്‍ നന്ദി പറഞ്ഞുകൊണ്ടത് വാങ്ങിവെച്ചു.
അവന്‍ തുടര്‍ന്നു: ''സര്‍, ഇതിനകത്ത് എന്താണെന്നറിയാമോ? വലിയ വ്യക്തികള്‍ക്ക് മാത്രം സമര്‍പ്പിക്കപ്പെടുന്ന വിശിഷ്ട ഭോജ്യമാണിത്. അത്യപൂര്‍വമായി മാത്രം കണ്ടുവരുന്ന മുന്തിയതരം വെള്ളെലികളെ ശേഖരിച്ച് പാകം ചെയ്ത സ്വാദിഷ്ട ഭോജ്യമാണ് ഇതിനകത്ത്...!!''
ഏഴു വര്‍ഷം നീണ്ടുനിന്ന ആഫ്രിക്കയിലെ ഔദ്യോഗിക ജീവിതകാലം. സത്യത്തില്‍ എനിക്ക് മറ്റൊരു യൂനിവേഴ്‌സിറ്റിയായിരുന്നു സാംബിയ. ആരോഗ്യപരമായ കാരണങ്ങളാല്‍ സാംബിയയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കേണ്ടിവന്നു. പിന്നെ, ഇവിടെ ഈ കേരളത്തിലായിരുന്നു എന്റെ പെരുന്നാള്‍ ദിനങ്ങളധികവും.
പിന്നിലേക്കൊന്ന് തല തിരിച്ച്, പഴയകാല പെരുന്നാളുകളെ ഓര്‍ത്തെടുക്കുമ്പോള്‍ പിന്നെയും മനസ്സിലേക്കോടിയെത്തുന്നത് കുട്ടിക്കാലമാണ്. ചായയിലിടാന്‍ ശര്‍ക്കരയും പഞ്ചസാരയുമൊന്നുമുണ്ടായിരുന്നില്ല അന്ന്. എങ്കിലും അന്ന് കുടിച്ച പെരുന്നാള്‍ ചായക്ക് ഇന്നത്തേതിനേക്കാളേറെ മധുരമുണ്ടായിരുന്നു; നിറവും രുചിയുമുണ്ടായിരുന്നു....
കേട്ടെഴുത്ത്: മഖ്ബൂല്‍ മാറഞ്ചേരി

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം