Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 27

പുതിയ കര്‍മഭൂമിയിലേക്ക്

ടി.കെ അബ്ദുല്ല / സദ്റുദ്ദീന്‍ വാഴക്കാട്

കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം ആരംഭിച്ച സന്ദര്‍ഭത്തില്‍ തന്നെ പ്രസ്ഥാനത്തിന് ഒരു മുഖപത്രത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടിരുന്നു. ഉര്‍ദുവില്‍ ജമാഅത്തിന് ദഅ്്വത്ത് ത്രൈദിനപത്രവും സിന്ദഗി മാസികയുമാണ് ഉണ്ടായിരുന്നത്. അതിനുമുമ്പ് അല്‍-ഇന്‍സാഫ് വാരികയും ഉണ്ടായിരുന്നു. ഇത് പാര്‍ട്ടിപത്രമാണെന്ന് ഉറപ്പില്ല. ജമാഅത്തിനെ അനുകൂലിക്കുന്ന അല്‍ ഹസനാത്ത്, തജല്ലി മുതലായ പത്രങ്ങളും നടന്നുവന്നു. എന്നാല്‍ മലയാളത്തില്‍ പ്രസ്ഥാനത്തിന്റെ ശബ്ദം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പത്രം എങ്ങനെയും ആരംഭിക്കണമെന്നത് നേതൃത്വത്തിന്റെയും പ്രവര്‍ത്തകരുടെയും വലിയ സ്വപ്നമായിരുന്നു.
പ്രസ്സ് വാങ്ങാന്‍ കാശുണ്ടായിരുന്നില്ല. കൈകൊണ്ട് കറക്കുന്നതായിരുന്നു ആദ്യകാലത്തെ പ്രസ്. സാങ്കേതികവിദ്യ ഇന്നത്തെപ്പോലെ വളര്‍ന്നിട്ടില്ലാത്ത കാലമാണല്ലോ അത്. മറ്റു പ്രസുകളില്‍നിന്ന് അച്ചടിപ്പിച്ചാണെങ്കിലും ഒരു പത്രം വേണമെന്ന് നേതൃത്വം തീരുമാനിച്ചു. ഇസ്ലാമിന്റെ സന്ദേശം സമൂഹത്തിന് എത്തിച്ചുകൊടുക്കുകയെന്നതാണ് ജമാഅത്ത് ഏറ്റെടുത്ത ദൌത്യം. ആ ലക്ഷ്യത്തെ സൂചിപ്പിക്കുന്ന പേരുതന്നെ പത്രത്തിന് നല്‍കാമെന്ന് വെച്ചു. അങ്ങനെയാണ് 'പ്രബോധനം' പിറക്കുന്നത്. കാസര്‍കോട് ആലിയയില്‍ 'പ്രബോധകന്‍' എന്ന പേരില്‍ ഒരു കൈയെഴുത്ത് മാസിക നടത്തിയിരുന്നതായും അതില്‍ നിന്നാണ് 'പ്രബോധനം' എന്ന പേര് സ്വീകരിച്ചതെന്നും കേട്ടിട്ടുണ്ട്. ഏതായിരുന്നാലും, പേരിന് വേണ്ടി ഒരു പേര് ആയിരുന്നില്ല 'പ്രബോധനം'. പത്രം ആരംഭിക്കുമ്പോള്‍ ഞാന്‍ ആലിയയിലോ പുളിക്കല്‍ മദീനത്തുല്‍ ഉലൂമിലോ വിദ്യാര്‍ഥിയായിരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട വസ്തുതകളൊന്നും എന്റെ അനുഭവത്തിലില്ല.
പറഞ്ഞു കേട്ടതനുസരിച്ച് പത്രം തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചപ്പോള്‍ എടയൂരിലെ ഓഫീസില്‍ ഹാജിസാഹിബും കെ.സിയും മുഖാമുഖം ഇരുന്നു. എന്താണെഴുതുക, ആരാണ് എഴുതുക ....? ഇതിനെ കുറിച്ച ധാരണയോ മുന്‍പരിചയമോ ഇരുവര്‍ക്കും ഉണ്ടായിരുന്നില്ല. തര്‍ജമ ചെയ്യാന്‍ പറ്റുന്ന ധാരാളം ലേഖനങ്ങള്‍ മുമ്പിലുണ്ടായിരുന്നു. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യലായിരുന്നു പ്രശ്നം. അതിന് മുമ്പ് ഇസ്ലാം മതവും രക്ഷാസരണിയും ഹാജിസാഹിബ് മലയാളത്തില്‍ തര്‍ജമ ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു. എടവയിലെ മുസ്ലിം എഴുത്തുകാരുടെ കാര്യമായ സഹായം അതിനുണ്ടായിരുന്നു. ഒരുതരം സംസ്കൃത മലയാളമായിരുന്നു അത്. അക്കാലത്ത് സംസ്കൃതത്തില്‍നിന്ന് മലയാളം ശരിക്കും വേര്‍പ്പെട്ടിരുന്നില്ല. പൊക്കിള്‍കൊടി ബന്ധം ശക്തമായി നിലനിന്നിരുന്നു. സംസ്കൃത മലയാളം എന്ന നിലയില്‍ ഇസ്ലാംമതത്തിന്റെയും രക്ഷാസരണിയുടെയും തര്‍ജമ ശ്രദ്ധേയമായിരുന്നു. അതേസമയം സാധാരണക്കാര്‍ക്ക് വായിച്ചാല്‍ മനസിലാകുമായിരുന്നില്ല. സാധിക്കാവുന്ന ലളിതവല്‍ക്കരണമൊക്കെ ഹാജിസാഹിബ് നടത്തിനോക്കിയിരുന്നെങ്കിലും അതിന്റെ ഘടന മൌലികമായി സംസ്കൃതമലയാളം തന്നെയായിരുന്നു. ഈ രണ്ട് പരിഭാഷകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, ഇസ്ലാമിനെയും പ്രസ്ഥാനത്തെയും കുറിച്ച് മലയാളത്തില്‍ എഴുതാന്‍ കഴിയുന്ന ആരും സംഘടനാവൃത്തത്തില്‍ ഉണ്ടായിരുന്നില്ല. ഹാജിസാഹിബിനും കെ.സിക്കും മലയാളം എഴുത്തില്‍ പ്രത്യേകിച്ചൊരു പരിചയവും ഇല്ലായിരുന്നു. ഇങ്ങനെയൊക്കെയാണ് അവര്‍ പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്!
കുറച്ചുസമയം പരസ്പരം നോക്കിയിരുന്ന ശേഷം 'ഏതായാലും തുടങ്ങുക തന്നെ.....' എന്ന മട്ടില്‍ എഴുതാനാരംഭിച്ചു. ഹാജിസാഹിബ്, ഉര്‍ദുവില്‍ വന്ന പ്രൌഢമായ ലേഖനത്തിന്റെ തര്‍ജമ പറഞ്ഞു തുടങ്ങി. കെ.സി എഴുതിയെടുത്തു. ആദ്യലക്കത്തില്‍ ആമുഖം എഴുതിയതും ഹാജിസാഹിബ് തന്നെ. ഇതാണ് പ്രബോധനത്തിന്റെ ലളിതമായ തുടക്കം.
പ്രബോധനം ഓഫീസില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട്ടെ സി.പി.എം അബ്ദുല്‍ഖാദിര്‍ സാഹിബ് അസുഖം ബാധിച്ച് നാട്ടിലേക്ക് പോയതിനാലാണ് ഹാജി സാഹിബ് എന്നെ പ്രബോധനത്തിലേക്ക് ക്ഷണിച്ചത്. ടി. മുഹമ്മദ് സാഹിബും ആരോഗ്യപ്രശ്നത്താല്‍ വീട്ടിലായിരുന്നു (അസുഖം ഭേദപ്പെട്ട് ഇരുവരും പിന്നീട് പ്രബോധനത്തില്‍ തിരിച്ചെത്തുകയുണ്ടായി). കച്ചവടപരമായ ആവശ്യത്തിന് കെ.സി കോഴിക്കോട്ടേക്ക് മടങ്ങേണ്ടതായും വന്നു. ഇതാണ് ഞാന്‍ പ്രബോധനത്തിലെത്താനുണ്ടായ പശ്ചാത്തലം.
പ്രബോധനത്തില്‍ ഞാന്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഹാജി സാഹിബ് മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. അധികം വൈകാതെ സെക്രട്ടറിയായി കെ.എം അബ്ദുല്‍ അഹദ് തങ്ങളും എടയൂരില്‍ വന്നുചേര്‍ന്നു. അദ്ദേഹം പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ ഭൌതിക വിഷയങ്ങളില്‍ അധ്യാപകനായിരുന്നു. അവിടുന്നാണ് എടയൂരിലേക്ക് വന്നത്. പിന്നീട് ഓഫീസ് സംബന്ധമായ കാര്യങ്ങളെല്ലാം തങ്ങളാണ് നിര്‍വഹിച്ചിരുന്നത്.   അതെല്ലാം ഏറെ ഭംഗിയായും കാര്യക്ഷമമായും നടത്തിക്കൊണ്ടുപോകാന്‍ തങ്ങള്‍ക്ക് സാധിച്ചിരുന്നു. ആദ്യത്തില്‍ കത്തെഴുത്ത് മുതല്‍ ഹാജിസാഹിബ് പറഞ്ഞുതരുന്ന തര്‍ജമകള്‍ എഴുതിയെടുക്കുന്നതുവരെ എന്റെ ചുമതലയായിരുന്നു.
ഹാജിസാഹിബിന്റെ പ്രത്യേകത, ഒരു പ്രാവശ്യം ലേഖനം പറഞ്ഞുതന്നാല്‍ പിന്നെ അതിലേക്ക് തിരിഞ്ഞുനോക്കുകയില്ല. അദ്ദേഹത്തിന് നിരന്തരം പ്രസ്ഥാന പര്യടനങ്ങള്‍ ഉണ്ടാകും. പ്രബോധനം അച്ചടിക്കേണ്ടതിന്റെ രണ്ടോ നാലോ ദിവസം മുമ്പു മാത്രം ഓഫീസില്‍ വന്ന് ലേഖനങ്ങള്‍ തയാറാക്കും. ഒരു തവണ പറഞ്ഞുതന്ന് എന്നെ ഏല്‍പിച്ച് പോകും. അതൊരു വലിയ ബാധ്യതയായിരുന്നു. അതിനെക്കുറിച്ച് എനിക്ക് നല്ല ബോധ്യവുമുണ്ടായിരുന്നു. അതുകൊണ്ട് കഴിവിന്റെ പരമാവധി ഭാഷാപരമായും മറ്റും ശ്രദ്ധിച്ചിരുന്നു. ഉര്‍ദു മൂലവുമായി ഒത്തുനോക്കി ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ഈ അനിവാര്യതയില്‍നിന്നാണ് പത്രപ്രവര്‍ത്തനത്തിന്റെയും പരിഭാഷയുടെയും എഴുത്തിന്റെയും ബാലപാഠം ഞാന്‍ പഠിക്കുന്നത്. അതിനു പക്ഷേ, ആ മേഖലയില്‍ പരിചയ സമ്പന്നനായ ഒരു ഗുരുനാഥന്റെ അഭാവം വല്ലാതെ അനുഭവപ്പെട്ടിരുന്നു. ആശയപരമായി എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ പിന്നീട് ഹാജിസാഹിബ് ശ്രദ്ധയില്‍ പെടുത്തുമെന്നല്ലാതെ, മറ്റുകാര്യങ്ങളെല്ലാം ഞാന്‍ തന്നെയാണ് നിര്‍വഹിക്കേണ്ടി വന്നത്. പിന്നീടാണ് ടി. മുഹമ്മദ് സാഹിബ് വന്നു ചേര്‍ന്നത്.
അന്നത്തെ ഒരു പ്രത്യേകത, ഭാഷാപരമായ നിലവാരവും ഒഴുക്കും ലാളിത്യവും എന്തുതന്നെയായാലും ഉള്ളടക്കം ഗംഭീരമായിരിക്കും. കാരണം പ്രസ്ഥാനത്തെ അതിന്റെ ഒറിജിനാലിറ്റിയില്‍ പരിചയപ്പെടുത്തുന്ന മൌദൂദിസാഹിബിന്റെയോ തൊട്ടടുത്ത സഹപ്രവര്‍ത്തകന്റെയോ ലേഖനങ്ങളും പഠനങ്ങളുമായിരിക്കും മിക്കപ്പോഴും പ്രബോധനത്തിന്റെ ഉള്ളടക്കം. അതെല്ലാം കടഞ്ഞെടുത്ത സാധനങ്ങളായിരുന്നു. അതുകൊണ്ടുതന്നെ വായിച്ചെടുത്ത് കഴിഞ്ഞാല്‍ നല്ല ഈടുറപ്പുള്ള ഉള്ളടക്കങ്ങളാണ് വന്നുകൊണ്ടിരുന്നത്. പക്ഷേ, ഭാഷയുടെ കാര്യത്തില്‍ വായനക്കാര്‍ക്ക് നല്ല പ്രയാസം ഉണ്ടായിരുന്നു. പ്രത്യേകിച്ച് മുസ്ലിം സാധാരണക്കാരന്. അറബി മലയാളത്തില്‍ നിന്നും മാപ്പിള മലയാളത്തില്‍നിന്നും അപ്പോഴും മോചിതമായിക്കഴിഞ്ഞിട്ടില്ലാത്ത സമുദായത്തിന് കൊക്കിലൊതുങ്ങുന്ന ഭാഷയായിരുന്നില്ല പ്രബോധനത്തിന്റേത്. സത്യത്തില്‍ പ്രശ്നം ഭാഷയുടേതു മാത്രമല്ല, ഭാഷ അല്‍പം ക്ളിഷ്ടമായതിനൊപ്പം ഉള്ളടക്കം ഗഹനമായ പഠനങ്ങളും ചിന്തകളുമായിരുന്നു. സാധാരണക്കാരെ സംബന്ധിച്ചേടത്തോളം അതും ഒരു വലിയ പ്രയാസമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു നുറുങ്ങ് തമാശ ഓര്‍ക്കുന്നത് രസകരമായിരിക്കും. ഇപ്പോള്‍ ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ് ശാന്തപുരത്ത് പഠിച്ചുകൊണ്ടിരിക്കെ പ്രബോധനത്തില്‍ ഒരു ലേഖനമെഴുതി. അതിന്റെ ഭാഷ അക്കാലത്തെ പ്രബോധനത്തിന്റെ നിലവാരത്തിന് ചേര്‍ന്നതുതന്നെ! കുറ്റ്യാടിയിലെ ജമാഅത്ത് പ്രമുഖന്‍ ബാവാച്ചി ഹാജി പ്രസ്തുത ലേഖനം വായിച്ചു. വി.കെയുടെ പിതാവ് അബ്ബാസ് ഹാജിയുമായി അദ്ദേഹത്തിന് വളരെ അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. സുഹൃത്തിന്റെ മകന്റെ ലേഖനം ബാവാച്ചി ഹാജിയെ വല്ലാതെ സന്തോഷിപ്പിക്കുകയുണ്ടായി. പ്രത്യേകിച്ച് ഒരു വിദ്യാര്‍ഥി അന്ന് പ്രബോധനത്തില്‍ എഴുതുന്നത് അസാധാരണമായിരുന്നു. തര്‍ജമയല്ലാതെ, സ്വന്തം ലേഖനങ്ങള്‍ അപൂര്‍വമായേ വന്നിരുന്നുള്ളൂ. അങ്ങനെ എഴുതുന്നവരില്‍ ഞാനും ഉള്‍പ്പെട്ടിരുന്നു. വി.കെ ഹംസയുടെ ലേഖനം വന്നപ്പോള്‍ ബാവാച്ചി ഹാജി സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും പ്രശംസാപൂര്‍വം എടുത്തുപറഞ്ഞുകൊണ്ടിരുന്നു. കൂട്ടത്തില്‍ ബാവാച്ചി ഹാജി പറഞ്ഞതാണ് കഥാസാരം - "ആ ലേഖനം ഒന്ന് മലയാളത്തിലേക്ക് തര്‍ജമ ചെയ്താല്‍ നന്നായിരുന്നു.'' സാധാരണ വായനക്കാരന് പ്രബോധനത്തിന്റെ ഭാഷയിലുണ്ടായിരുന്ന പ്രയാസം ഈ വാക്കുകളില്‍ വായിച്ചെടുക്കാനാകും. എന്നാലും അവര്‍ ആവേശപൂര്‍വം അത് വായിച്ച് പഠിക്കും. അതില്‍നിന്ന് അവര്‍ക്കും ഒരു മലയാളമൊക്കെ കിട്ടുമായിരുന്നു.
തിരൂര്‍ ജമാലിയ്യ പ്രസിലാണ് പ്രബോധനം അച്ചടിച്ചിരുന്നത്. വലിയ പ്രയാസമായിരുന്നു ആ ഘട്ടത്തില്‍ അനുഭവിച്ചത്. അക്ഷരത്തെറ്റുകള്‍ ആവശ്യത്തിലധികം. കൃത്യമായി അച്ചടിച്ചു കിട്ടാന്‍ പ്രയാസം, കാശ് കൊടുക്കാനില്ലാത്ത ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങളൊക്കെ വലിയ അലോസരങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. സ്വന്തം പ്രസ്സായപ്പോള്‍ കുറേയൊക്കെ ആശ്വാസമായി. കൊച്ചിയിലെ ജമാഅത്ത് നേതാവും ഉദാരമതിയുമായ പള്ളുരുത്തി ഹാജിയുടെ സാമ്പത്തിക സഹായത്തോടെ വാങ്ങിയ ആദ്യത്തെ പ്രസ്സ് കൈകൊണ്ട് കറക്കുന്നതായിരുന്നു. എടയൂരിലെ ബാവയായിരുന്നു അത് പ്രവര്‍ത്തിപ്പിച്ചിരുന്നത്. തനി ഗ്രാമീണനായിരുന്നു ബാവ. പ്രസ് കറക്കികറക്കി അത് അദ്ദേഹത്തിന്റെ പ്രകൃതമായിത്തീര്‍ന്നു. പലപ്പോഴും പാതി ഉറക്കത്തിലാണ് ജോലി ചെയ്യുക. ബാവ ഉറങ്ങിയാലും പ്രസ്സ് കറങ്ങുന്നുണ്ടാകും എന്ന് പലരും തമാശയായി പറയുമായിരുന്നു.
പത്രം പുറത്തിറങ്ങുന്നതിന്റെ തലേദിവസം, എടയൂരിലെ ജമാഅത്ത് ഓഫീസില്‍ ഒരു ആഘോഷത്തിന്റെ പ്രതീതിയായിരിക്കും. പരിസര പ്രദേശങ്ങളിലെ പ്രവര്‍ത്തകരും സഹകാരികളും ഓഫീസില്‍ ഹാജരാകും. എല്ലാവരും കൂടിയാണ് പത്രം മടക്കി, റാപ്പര്‍ ഒട്ടിച്ച് പാക്ക് ചെയ്ത് അയക്കാന്‍ തയാറാക്കുന്നത്. സുബ്ഹ് വരെ ഉറക്കമിളച്ചുകൊണ്ടാണ് പണി ചെയ്യുന്നത്. ഈ സന്നദ്ധ സേവകരുടെ സാന്നിധ്യം വലിയ ഒരാവേശമായിരുന്നു. ആ രാവിനെ 'ലൈലത്തുല്‍ ഖദ്ര്‍' എന്നാണ് ഞങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. അതിനിടെ കിട്ടുന്ന കപ്പയും കട്ടനും ആ രുചിയില്‍ പിന്നീടൊരിക്കലും ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതെല്ലാം പത്രം നടത്തിപ്പിനപ്പുറം, പ്രസ്ഥാന പ്രവര്‍ത്തനത്തിന്റെ അവാച്യമായ അനുഭൂതിയായിരുന്നു. മനസില്‍ എന്നും പച്ചപിടിച്ചു നില്‍ക്കുന്ന നല്ല ഓര്‍മകള്‍.
പ്രബോധനത്തില്‍ പ്രവര്‍ത്തിച്ച കാലത്താണ് ഉര്‍ദുസാഹിത്യലോകവുമായി ഇടപഴകാന്‍ ധാരാളം സന്ദര്‍ഭവും സൌകര്യവും കിട്ടിയത്. പത്രനടത്തിപ്പിന് വേണ്ടി തന്നെ ധാരാളം ഉര്‍ദു പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും വായിക്കേണ്ടതുണ്ടായിരുന്നു. രാജ്യം വിഭജിക്കപ്പെട്ടെങ്കിലും പാകിസ്താനില്‍നിന്ന് പത്രങ്ങള്‍ വരാന്‍ അക്കാലത്ത് തടസമുണ്ടായിരുന്നില്ല. ഈ പരന്ന വായനാനുഭവം വൈജ്ഞാനിക വളര്‍ച്ചക്ക് ഏറെ സഹായകമായി. ആലിയയിലെ പഠനം നിര്‍ത്തേണ്ടി വന്നപ്പോള്‍ അറിവിന്റെ ഒരുവശം നഷ്ടമായെങ്കിലും മറ്റൊരു വശം പ്രബോധനത്തിലൂടെ തുറന്ന് കിട്ടിയത് ആശ്വാസമായി. ആയിടെ എനിക്ക് ഉര്‍ദു അറിയാമെന്ന് സ്വയം ബോധ്യമായ ഒരു സംഭവമുണ്ടായി. വിശുദ്ധ ഖുര്‍ആനിലെ ഒരു ആയത്തിന് തഫ്ഹീമുല്‍ ഖുര്‍ആനില്‍ മൌദൂദി സാഹിബ് നല്‍കിയ തര്‍ജമ ശരിയല്ലെന്ന് മുജാഹിദ് പണ്ഡിതന്മാരുടെ ആരോപണമുയര്‍ന്നു. അത് സൂചിപ്പിച്ച്, മറുപടി ആവശ്യപ്പെട്ടുകൊണ്ട് മൌദൂദി സാഹിബിന് കത്തെഴുതേണ്ടതുണ്ടായിരുന്നു. ശ്രദ്ധാപൂര്‍വം ഉര്‍ദുവില്‍ ഞാനൊരു കത്ത് തയാറാക്കി അയച്ചു. മൌലാനയുടെ തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസികയില്‍ ആ കത്ത് മാറ്റതിരുത്തലുകളൊന്നുമില്ലാതെ പ്രസിദ്ധീകരിച്ചുവന്നപ്പോഴാണ് ഉര്‍ദു പരിജ്ഞാനത്തെപ്പറ്റി ആത്മവിശ്വാസം ഉണ്ടായത്.
1959ലാണ് ജമാഅത്ത് ആസ്ഥാനവും പ്രബോധനം ഓഫീസും കോഴിക്കോട് വെള്ളിമാട്കുന്നിലേക്ക് പറിച്ചുനട്ടത്. തുടര്‍ന്ന് 5 വര്‍ഷത്തോളം ടി. മുഹമ്മദ് സാഹിബ് പത്രാധിപരും ഞാന്‍ സഹപത്രാധിപരുമായി പ്രബോധനം പുറത്തിറങ്ങി. ഈ കാലയളവിലും തുടര്‍ന്നും ഒട്ടേറെ യുവ സഹപ്രവര്‍ത്തകര്‍ പ്രബോധനത്തില്‍ വന്നും പോയുമിരുന്നു. കെ.എം അബ്ദുര്‍റഹീം പെരിങ്ങാടി, അബൂബക്ര്‍ നദ്വി കാസര്‍കോട്, ടി.കെ ഇബ്റാഹീം ടൊറണ്ടോ, വി.പി അഹ്മദ് കുട്ടി കനഡ, വി.കെ ഹംസ (ഗള്‍ഫ് മാധ്യമം), പി. കോയ, വി.എ കബീര്‍, ജമാല്‍ മലപ്പുറം, വി.കെ ജലീല്‍, സി.ടി അബ്ദുര്‍റഹീം, അബ്ദുല്ലാ ഹസന്‍, എന്‍.കെ അഹ്മദ്, കെ. അബ്ദുല്‍ ജബ്ബാര്‍ എന്നീ പേരുകള്‍ ഓര്‍ക്കുന്നു. ഇ.വി അബ്ദുവും പ്രഫ. കെ.എ സിദ്ദീഖ് ഹസനും ഇടക്കാലത്ത് സഹപത്രാധിപരായിരുന്നിട്ടുണ്ട്. എന്നാല്‍ പ്രബോധനം പാക്ഷികം വാരികയായി എന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരണം ആരംഭിച്ചതുമുതല്‍ സഹപത്രാധിപരായി ഉണ്ടായിരുന്നത് ഒ. അബ്ദുല്ലയും ഒ. അബ്ദുര്‍റഹ്മാനുമാണ്. ഒ. സഹോദരന്മാരുടെ കുറിക്കുകൊള്ളുന്ന നര്‍മോക്തികളും നേരമ്പോക്കുകളും പത്ര നടത്തിപ്പിന്റെ ഔദ്യോഗിക വിരസതകളില്‍ ആശ്വാസവും സന്തോഷവും പകര്‍ന്നുതന്നു. അബ്ദുല്ലയുടെ ചിരിയില്‍ ചാലിച്ച വിമര്‍ശന ലേഖനങ്ങളും അബ്ദുര്‍റഹ്മാന്റെ വടിവുറ്റ നിശിത വിശകലനങ്ങളും രണ്ടുതരം വായനാനുഭവമാണ് നല്‍കിയത്. രണ്ടും ജനം ഇഷ്ടപ്പെട്ടു. എനിക്ക് പ്രധാനമായും രണ്ട് ചുമതലയേ ഉണ്ടായിരുന്നുള്ളൂ - എഡിറ്റോറിയല്‍ എഴുതുക, ലേഖനങ്ങളും തര്‍ജമകളും പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തുക. ഇത് എത്രകാലം തുടര്‍ന്നുവെന്നോ ആരൊക്കെ മാറിമാറി വന്നുവെന്നോ ഇപ്പോള്‍ കൃത്യമായി ഓര്‍മയില്‍ ഇല്ല. രണ്ട് സഹപ്രവര്‍ത്തകരും ഉപരിപഠനാര്‍ഥം ഗള്‍ഫിലേക്ക് പോയതിനെ തുടര്‍ന്നാണ് മറ്റു സുഹൃത്തുക്കള്‍ വരാനിടയായത്. ഒരു പാട് വെട്ടും തിരുത്തും വരുത്തിയിട്ടുള്ള ചില ലേഖനങ്ങള്‍ മാറ്റിയെഴുതണമെന്ന് ഞാന്‍ ചിലപ്പോള്‍ അബ്ദുര്‍റഹ്മാനോട് പറയും. വെട്ടിതിരുത്തിയ പേപ്പര്‍ അങ്ങനെത്തന്നെ പ്രസ് ജീവനക്കാരെ ഏല്‍പിച്ചാല്‍ അബദ്ധങ്ങള്‍ ധാരാളം കടന്നുകൂടാം. അതൊഴിവാക്കാനാണ് മാറ്റിയെഴുതണമെന്ന് പറയാറുള്ളത്. എന്റെ വാക്കുകള്‍ കേട്ട് എ.ആര്‍ ചിരിച്ചുതലയാട്ടിപോകും. പിന്നീടൊരിക്കല്‍ അദ്ദേഹം തന്നെ എന്നോട് വെളിപ്പെടുത്തിയതാണ്: "നിങ്ങള്‍ പറഞ്ഞ അധിക സന്ദര്‍ഭത്തിലും എന്റെ ചിരി അര്‍ഥവത്തായിരുന്നു. ഞാനത് തിരുത്താതെ നേരെ പ്രസില്‍ കൊടുക്കും. കമ്പോസ് ചെയ്ത ശേഷം പ്രൂഫിലാണ് തിരുത്തിയിരുന്നത്.'' അതായിരുന്നു ചിരിയുടെ പൊരുള്‍!
പ്രബോധനവുമായി ബന്ധപ്പെട്ടതല്ലെങ്കിലും മറ്റൊരു സംഭവം ഓര്‍ക്കുന്നത് സന്ദര്‍ഭോചിതമാണ്. ഒ. അബ്ദുര്‍റഹ്മാന്‍ ചേന്ദമംഗല്ലൂരില്‍ വിദ്യാര്‍ഥിയായിരുന്ന കാലം. മലയാളത്തില്‍ നിന്ന് ഉര്‍ദുവിലേക്ക് തര്‍ജമചെയ്യാന്‍ അധ്യാപകന്‍ നിര്‍ദേശിക്കും. എപ്പോള്‍ തര്‍ജമ ചെയ്ത് കാണിച്ചാലും അധ്യാപകന്‍ ധാരാളം തെറ്റ് അടയാളപ്പെടുത്തും. എന്നാല്‍ അത്തരം തെറ്റുകള്‍ പലതും യഥാര്‍ഥത്തില്‍ തെറ്റല്ല എന്നാണ് അബ്ദുര്‍റഹ്മാന്റെ വിശ്വാസം. ഒരിക്കല്‍, ഒരു വിഷയം ഉര്‍ദുവില്‍ എഴുതിക്കൊണ്ടുവരാന്‍ അധ്യാപകന്‍ നിര്‍ദേശിച്ചു. അടുത്ത ദിവസം എഴുതിക്കൊടുത്തത് പരിശോധിച്ചപ്പോള്‍, പതിവുപോലെ ധാരാളം തെറ്റുകള്‍. എന്നാല്‍ എഴുതിക്കൊടുത്തത് നിര്‍ദിഷ്ട വിഷയത്തിലുള്ള ദഅ്വത്ത് പത്രത്തിന്റെ എഡിറ്റോറിയല്‍ വാചകങ്ങളായിരുന്നുവത്രെ! പ്രശസ്ത പത്രാധിപരുടെ ഉര്‍ദു തിരുത്തിയ അധ്യാപകനെ ഓര്‍ത്ത് അബ്ദുര്‍റഹ്മാന്‍ ചിരി തുടരുന്നുണ്ടാകും.
പ്രബോധനം വായന ഒരു സാധനയായി സ്വീകരിച്ചവരായിരുന്നു പ്രസ്ഥാന പ്രവര്‍ത്തകര്‍. അവരുടെ പ്രസ്ഥാന പാഠശാലയും പ്രബോധനം തന്നെ. കൊണ്ടോട്ടിയിലെയും വളാഞ്ചേരിയിലെയും മറ്റും ബീഡിത്തൊഴിലാളികള്‍ പത്രം വായിച്ചിരുന്ന രീതി നമ്മെ അതിശയിപ്പിക്കുന്നതാണ്. തൊഴിലാളികള്‍ ഒന്നിച്ചിരുന്ന് ബീഡിതെറുക്കുമ്പോള്‍ കൂട്ടത്തിലൊരാളെ വായിക്കാന്‍ ചുമതലപ്പെടുത്തും. ജോലി ചെയ്തുകൊണ്ട് മറ്റുള്ളവര്‍ കേള്‍ക്കും, ചര്‍ച്ചചെയ്യും. വായിക്കുന്നയാള്‍ക്ക് ബാക്കിയുള്ളവരെല്ലാം ചേര്‍ന്ന് വിഹിതം നല്‍കും. അടുത്ത തവണ മറ്റൊരാളാകും വായനക്കാരന്‍. ആദര്‍ശവിപ്ളവം സൃഷ്ടിക്കുന്നതില്‍ ഈ വായന വലിയ പങ്കു വഹിച്ചിരുന്നതായി മര്‍ഹൂം കൊണ്ടോട്ടി അബ്ദുര്‍റഹ്മാന്‍ സാഹിബില്‍നിന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ വായനക്കൂട്ടായ്മ പ്രസ്ഥാനത്തിന് പുറത്തുള്ള തൊഴിലാളികളുടെയും ശ്രദ്ധ പിടിച്ചു പറ്റുമായിരുന്നു. ഈ വഴിക്ക് ഒട്ടേറെ കമ്യൂണിസ്റ് തൊഴിലാളി പ്രവര്‍ത്തകര്‍ ഇസ്ലാമിക പ്രസ്ഥാനത്തില്‍ ആകൃഷ്ടരായിട്ടുണ്ട്.
പ്രബോധനത്തിന്റെ നിലവാരമുള്ള ഒരു ഇസ്ലാമിക പ്രസിദ്ധീകരണം അക്കാലത്തുണ്ടായിരുന്നില്ല. എന്നാല്‍, എല്ലാ കാലത്തും വൈരുധ്യാത്മകമായ ഒരു പരാതി വായനക്കാരില്‍നിന്ന് പ്രബോധനത്തെക്കുറിച്ച് കേള്‍ക്കാറുണ്ട് - 'പഴയ ലക്കങ്ങളാണ് പുതിയ ലക്കങ്ങളേക്കാള്‍ കാമ്പുള്ളത്!' പുതിയത് പഴയതായി മാറിക്കൊണ്ടിരിക്കുമ്പോഴും പരാതി ആവര്‍ത്തിക്കപ്പെടുന്നു. ഇതിന്റെ അര്‍ഥമെന്താണെന്ന് വിലയിരുത്തേണ്ടതുണ്ട്. ആദര്‍ശപരമായ കെട്ടുറപ്പിനെക്കുറിച്ചാണ് പലരും സൂചിപ്പിക്കാറുള്ളത് എന്ന് തോന്നുന്നു. പഴയകാല ലക്കങ്ങളില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആശയപരമായ അടിസ്ഥാനങ്ങളും ലക്ഷ്യങ്ങളും പ്രാമാണികമായി അവതരിപ്പിക്കുന്ന വൈജ്ഞാനിക പഠനങ്ങളും പ്രൌഢലേഖനങ്ങളും ധാരാളം ഉണ്ടായിരുന്നു. ഇതായിരിക്കണം വിലയിരുത്തലിന്റെ ആന്തരാര്‍ഥം.
പ്രബോധനം വളര്‍ച്ചയുടെ ഒരു ഘട്ടം പിന്നിട്ടുകഴിഞ്ഞതോടെ പാക്ഷികം, വാരികയായി പുറത്തിറങ്ങി. 1964 ഡിസംബറിലായിരുന്നു ഇതിന്റെ തുടക്കം. അതോടെ വാരികക്കു ചേര്‍ന്നവിധം കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും സാരമായ മാറ്റങ്ങള്‍ ഉണ്ടായി. ഞാന്‍ വാരികയുടെ എഡിറ്ററും ടി. മുഹമ്മദ് സാഹിബ് മാസികയുടെ എഡിറ്ററുമായി. 1965 ജനുവരിയിലായിരുന്നു മാസികയുടെ തുടക്കം.
ഭാഷാ ലാളിത്യവും വായനാ സൌകര്യവും പ്രബോധനത്തിന്റെ പ്രത്യേകതയായി അവകാശപ്പെടാനില്ലാതിരുന്നിട്ടും മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഇസ്ലാമിക പത്രം പ്രബോധനം തന്നെയായിരുന്നു. പത്രത്തിന്റെ കോപ്പികള്‍ ഒരു റഫറന്‍സ് ഗ്രന്ഥം പോലെ സൂക്ഷിച്ചുവെക്കുന്ന എത്രയോ വായനക്കാരെ അറിയാം.
പത്രം പുറത്തിറങ്ങുന്ന ദിവസം ദൂരദിക്കുകളില്‍നിന്നുപോലും പ്രവര്‍ത്തകര്‍ പത്രക്കെട്ടെടുക്കാന്‍ ഓഫീസില്‍ എത്തുമായിരുന്നു. തപാലില്‍ കാത്തിരിക്കാന്‍ ക്ഷമയില്ലാതെയാണ് അവര്‍ വരുന്നത്. യാത്രച്ചെലവിനേക്കാള്‍ പ്രബോധനമായിരുന്നു അവര്‍ക്ക് പ്രധാനം. എന്റെ ജ്യേഷ്ഠന്‍ കുഞ്ഞഹമ്മദ്ക്ക ഇക്കാര്യത്തില്‍ മുന്‍പന്തിയിലായിരുന്നു. വടകരക്കപ്പുറത്ത് ആയഞ്ചേരിയില്‍നിന്ന് എടയൂരില്‍ ചെന്ന് പത്രക്കെട്ടെടുത്ത്, കണ്ണൂരിനപ്പുറത്ത് വളപട്ടണം വരെ കോപ്പികള്‍ വിതരണം ചെയ്യാന്‍ പോകുമായിരുന്നു.
(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം