Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 27

മുസ്‌ലിം മനസ്സ് ഇല്ല?

ആദ്യമായി മുസ്ലിം മനസ്സ് എന്ന് ഒരു പ്രതിഭാസമുണ്ടോ എന്ന് നോക്കാം. ലോകത്തോ അല്ലെങ്കില്‍ ഒരു രാജ്യത്തോ ഉള്ള എല്ലാ മുസ്ലിംകളും ഒരുപോലെ ചിന്തിക്കുന്ന, പ്രശ്നങ്ങളെ ഒരേമട്ടില്‍ നോക്കിക്കാണുന്ന, ഒരേ താല്‍പര്യങ്ങളാല്‍ ബന്ധിതരായി നില്‍ക്കുന്ന അവസ്ഥയുണ്ടെങ്കില്‍ പൊതുവായ ഒരു മുസ്ലിം മനസ്സ് ഉണ്ടെന്ന് പറയാമായിരുന്നു. പക്ഷേ, അങ്ങനെയില്ലെന്നു മാത്രമല്ല മറ്റേതൊരു സമുദായത്തിലെയും അംഗങ്ങളെപ്പോലെ മുസ്ലിംകളും മതവിശ്വാസകാര്യത്തിലും ആചാരാനുഷ്ഠാനങ്ങളിലും രാഷ്ട്രീയ നിലപാടുകളിലും ഉള്‍പ്പെടെ സമസ്ത വിഷയങ്ങളിലും വിഭിന്ന കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവരായാണ് നിലകൊള്ളുന്നത്....
മുസ്ലിംസമുദായാംഗങ്ങള്‍ തമ്മിലുള്ള താല്‍പര്യ സംഘര്‍ഷങ്ങള്‍ ഇത്ര പച്ചയായി നമ്മുടെ കണ്‍മുന്നില്‍ നില്‍ക്കുമ്പോഴാണ് ചിലര്‍ 'മുസ്ലിം മനസ്സി'നെക്കുറിച്ച് വാചാലരാകുന്നത്. ഈ ആകാശകുസുമം ഉയര്‍ത്തിക്കാട്ടി മതവികാരാടിസ്ഥാനത്തില്‍ മുസ്ലിംകളെ ഏകോപിപ്പിച്ച് വര്‍ഗീയ നേട്ടങ്ങള്‍ കൊയ്യാമെന്ന് അത്തരക്കാര്‍ കരുതുന്നു. അത് വിലപ്പോവില്ലെന്ന് കാണിച്ചുകൊടുക്കേണ്ട ബാധ്യത യാഥാര്‍ഥ്യബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത മുസ്ലിംകള്‍ക്കുണ്ട്  (ഹമീദ് ചേന്ദമംഗല്ലൂര്‍, 'ഇല്ലാത്ത മുസ്ലിം മനസ്സ്'- മാതൃഭൂമി ദിനപത്രം, ആഗസ്റ് 15). പ്രതികരണം?
കെ.എ കോഴിക്കോട്

ഇസ്ലാമിന് വ്യതിരിക്തമായ ഒരു സംസ്കാരമില്ല, ഓരോ നാട്ടിലെയും മുസ്ലിംകള്‍ ആ നാട്ടിലെ ആചാരമര്യാദകളനുസരിച്ച് ജീവിക്കുന്നു, ഇസ്ലാം ഒരേകീകരണ ശക്തിയല്ല, മുസ്ലിംകള്‍ക്ക് സവിശേഷമായ ഒരു സ്വത്വമില്ല എന്നൊക്കെ മൂന്ന് പതിറ്റാണ്ടിലധികമായി നിരന്തരം എഴുതുകയും പറയുകയും ചെയ്യുന്നയാളാണ് ലേഖകന്‍. വിമര്‍ശനത്തിന്റെ കുന്തമുന ജമാഅത്തെ ഇസ്ലാമിയുടെ നേരെയായതുകൊണ്ട് സാമ്പ്രദായിക മതസംഘടനകളും സാമുദായിക ബുദ്ധിജീവികളുമൊക്കെ തികച്ചും അവാസ്തവികവും ബുദ്ധിശൂന്യവുമായ ഈ പ്രചാരണത്തിനു നേരെ കണ്ണടക്കുകയായിരുന്നു. ഇപ്പോള്‍ 'മുസ്ലിം മനസ്സി'ന്റെ നേരെ തിരിഞ്ഞിരിക്കുന്നത്, എല്ലാ കാര്യങ്ങളിലും തന്നോട് യോജിക്കാനാവാത്ത മതേതര ബുദ്ധിജീവികളെത്തന്നെ ലാക്കാക്കിയാവണം.
ആദ്യമായി പരിശോധിക്കേണ്ടത്, ഹമീദിന്റെ വാദഗതികള്‍ അംഗീകരിച്ചാല്‍ ലോകത്ത് എന്തെങ്കിലും 'മനസ്സ്' ഉണ്ടോ എന്ന കാര്യമാണ്. 'മനുഷ്യ മനസ്സ്' എന്ന ഒന്നില്ല. കാരണം, മനുഷ്യരെല്ലാം ഒരുപോലെയല്ല ചിന്തിക്കുന്നത്, അവര്‍ക്കിടയിലെ ഭിന്നതകളും വൈരുധ്യങ്ങളും എണ്ണിയാലൊടുങ്ങാത്തതാണ്. ഇന്ത്യന്‍ മനസ്സ് എന്ന ഒന്നില്ല. കാരണം, ഇത്രയേറെ ജാതികളും ഭാഷകളും വംശങ്ങളുമുള്ള രാജ്യം വേറെയില്ല. ഹിന്ദു മനസ്സിനെക്കുറിച്ച് പറയുകയേ വേണ്ട. വര്‍ണാശ്രമധര്‍മവും ദ്വൈത-അദ്വൈതവാദങ്ങളും വൈഷ്ണവ-ശൈവ ദര്‍ശനങ്ങളുമുള്ള വൈരുധ്യങ്ങളുടെ കലവറയാണല്ലോ ഹൈന്ദവത. എന്തിന്, സോഷ്യലിസ്റ് മനസ്സോ കമ്യൂണിസ്റ് മനസ്സോ ഒന്നുമില്ല. ഭിന്ന ചിന്താധാരകളും പാര്‍ട്ടികളും നാടുകളും പങ്കിടുകയാണ് സോഷ്യലിസ്റ് കമ്യൂണിസ്റ് പ്രത്യയശാസ്ത്രങ്ങളെ. ഏറ്റവുമൊടുവില്‍ ലേഖകന്‍ പ്രതിനിധീകരിക്കുന്ന മതേതര മനസ്സും കേവലം മിഥ്യ. ഹമീദ്, എം.എന്‍ കാരശ്ശേരി, എം.കെ മുനീര്‍, കെ.എം ഷാജി തുടങ്ങി കേരളത്തിലെ ജമാഅത്ത് വിരോധികളായ മുഴുവന്‍ മതേതരക്കാരെയുമെടുത്താലും അവര്‍ക്ക് പൊതുവായ 'മതേതര മനസ്സ്' ഇല്ല. അത്രമേല്‍ ഭിന്നതകള്‍ അവര്‍ക്കിടയിലുണ്ട്. പറഞ്ഞുവരുമ്പോള്‍ 'മനസ്സ്' തന്നെ ഇല്ലാതാവുന്നേടത്തേക്കാണ് പോക്ക്.
സാധാരണ മനുഷ്യരുടെ മാനദണ്ഡങ്ങള്‍ വെച്ചു നോക്കിയാല്‍ പാശ്ചാത്യ മനസ്സും പൌരസ്ത്യ മനസ്സും ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ മനസ്സുകളും ക്യാപിറ്റലിസ്റ്-സോഷ്യലിസ്റ് മനസ്സുമെല്ലാം ഉള്ളപോലെ മുസ്ലിം മനസ്സും ഉണ്ട്. എല്ലാ വൈരുധ്യങ്ങള്‍ക്കും വൈവിധ്യങ്ങള്‍ക്കുമപ്പുറത്ത് അല്ലാഹുവിലും പ്രവാചകനിലും വേദങ്ങളിലും പരലോകത്തിലുമുള്ള വിശ്വാസം പങ്കിടുന്ന, അസ്സലാമു അലൈക്കും എന്ന് അഭിവാദ്യമായി സ്വീകരിച്ച, നമസ്കാരവും നോമ്പും സകാത്തും ഹജ്ജും അനുഷ്ഠാനങ്ങളായി കൊണ്ടുനടക്കുന്ന, രണ്ട് ഈദുകള്‍ ആഘോഷിക്കുന്ന, കൊലപാതകവും പലിശയും വ്യഭിചാരവും ചൂതാട്ടവും മദ്യവും നിഷിദ്ധമാണെന്ന് താത്ത്വികമായി അംഗീകരിക്കുന്ന, ജപ്പാന്‍ മുതല്‍ അമേരിക്ക വരെയുള്ള രാജ്യങ്ങളില്‍ ജീവിക്കുന്ന ഒരു ജനസമൂഹമുണ്ട് മുസ്ലിംകളെന്ന പേരില്‍. അവരാണ് വിശുദ്ധ ഹജ്ജ് കര്‍മത്തിനായി ആണ്ടുതോറും മക്കയില്‍ സംഗമിക്കുന്ന സുന്നീ- ശീഈ- കുര്‍ദി- സുഊദി- ഇറാനി- തുര്‍ക്കി- ക്യാപിറ്റലിസ്റ് -സോഷ്യലിസ്റ് മുസ്ലിംകള്‍. അവര്‍ക്ക് പൊതുവായ ഒരു മനസ്സുമുണ്ട്. അതാണ് മുസ്ലിം മനസ്സ്. 2001 സെപ്റ്റംബര്‍ 11-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെത്തുടര്‍ന്ന് 'ഇസ്ലാമിക് ടെററിസ'ത്തിനെതിരെ അമേരിക്ക ആരംഭിച്ച യുദ്ധം ആഗോള മുസ്ലിം മനസ്സിനെ തങ്ങളില്‍ നിന്നകറ്റി എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് പ്രസിഡന്റ് ബറാക് ഒബാമ അധികാരമേറ്റതില്‍ പിന്നെ മുസ്ലിം മനസ്സുമായി സംവദിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയൊരു മുസ്ലിം മനസ്സേ ഇല്ലെങ്കില്‍ ഒബാമ ചെയ്യുന്നതൊക്കെ മഹാ വിഡ്ഢിത്തം!
ഇന്ത്യയില്‍ 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് ധ്വംസനത്തെത്തുടര്‍ന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു നയിച്ച കോണ്‍ഗ്രസ്സില്‍ നിന്ന് മുസ്ലിംകള്‍ പൊതുവെ അകന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പുകളില്‍ മുസ്ലിം വോട്ട് പാര്‍ട്ടിക്ക് നഷ്ടമായി. കോണ്‍ഗ്രസ്സിന് വന്‍ തിരിച്ചടിയുണ്ടായി. ശ്രീമതി സോണിയാ ഗാന്ധി കോണ്‍ഗ്രസ്സിന്റെ അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം സംഭവത്തില്‍ മുസ്ലിംകളോട് മാപ്പ് ചോദിച്ചു. അകന്ന മുസ്ലിം മനസ്സിനെ വീണ്ടും അടുപ്പിക്കാന്‍ ശ്രമം ആരംഭിച്ചു. അത് ലക്ഷ്യം കണ്ടതിന്റെ ഫലമാണ് യു.പി.എ അധികാരത്തിലേറിയത്. അത് മനസ്സിലാക്കിയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മുസ്ലിം പിന്നാക്കാവസ്ഥയെപ്പറ്റി പഠിക്കാന്‍ ജസ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്നാണ് മുസ്ലിംകളില്‍ അഷ്റഫുകളും അജ്ലഫുകളും ഉണ്ടെന്ന് ഹമീദ് കണ്ടെത്തിയത് (തീരെ മോശാവസ്ഥയിലുള്ള മുസ്ലിംകളെ അര്‍ദലുകള്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്). മുസ്ലിം മനസ്സ് എന്ന ഒന്നില്ലെങ്കില്‍ ഈ നടന്നതൊക്കെ വ്യഥാ വ്യായാമം. ഹമീദ് തന്റെ ലേഖനം അവസാനിപ്പിക്കുന്നത്, ആകാശകുസുമം ആയ മുസ്ലിം മനസ്സിനെക്കുറിച്ച് വാചാലാരാകുന്നത് വര്‍ഗീയ നേട്ടങ്ങള്‍ കൊയ്യുന്നവരാണ് എന്ന നിഗമനത്തോടെയാണ്. അപ്പോള്‍ പ്രത്യേക മൈനോറിറ്റി സെല്ലുണ്ടാക്കിയ കോണ്‍ഗ്രസ്സും ബി.ജെ.പിയുമെല്ലാം ഈ വര്‍ഗീയവാദികളില്‍ പെടുമോ? അത് വിലപ്പോവുകയില്ലെന്ന് കാണിച്ചുകൊടുക്കേണ്ട ബാധ്യത 'യാഥാര്‍ഥ്യബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത മുസ്ലിംകള്‍ക്കുണ്ട്' എന്ന് പറഞ്ഞു നിര്‍ത്തുമ്പോള്‍ ഹമീദും താനറിയാതെ മുസ്ലിം മനസ്സിനെ അംഗീകരിക്കുകയാണ്. കാരണം, ഇന്ത്യയിലുടനീളം അദ്ദേഹത്തെ പോലെ 'യാഥാര്‍ഥ്യബോധത്തോടെ' ചിന്തിക്കുന്ന ഒരു 'മുസ്ലിം മനസ്സ്' ഉണ്ട് എന്ന് തന്നെയാണല്ലോ അതിനര്‍ഥം!

ഗാന്ധിവധത്തില്‍ ആര്‍.എസ്.എസ്സിന്റെ പങ്ക്
 "ഗാന്ധിവധത്തിന്റെ ഉത്തരവാദിത്വം ആര്‍.എസ്.എസ്സിന്റെ തലയില്‍ കെട്ടിവെക്കുന്ന അപകടകരമായ പ്രചാരണം അവസാനിപ്പിക്കണമെന്ന് ജസ്റിസ് കെ.ടി തോമസ്. ആര്‍.എസ്.എസ് ന്യൂനപക്ഷവിരുദ്ധ പ്രസ്ഥാനമാണെന്ന പ്രചാരണവും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് കൊച്ചി മഹാനഗരം സംഘടിപ്പിച്ച ഗുരുദക്ഷിണ മഹോത്സവ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസ്സിനെക്കുറിച്ച് എനിക്ക് ഒരുപാട് മുന്‍വിധികള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുന്‍വിധികളോടെ ഒന്നിനെയും കാണരുതെന്ന പാഠത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍.എസ്.എസ്സിനെക്കുറിച്ച് പഠിച്ചപ്പോള്‍ അവരുടെ നല്ല വശങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ആര്‍.എസ്.എസ്സിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ പലതും അടിസ്ഥാനരഹിതമാണെന്ന് ബോധ്യമായി. ഗാന്ധിവധത്തില്‍ ആര്‍.എസ്.എസ്സിന് പങ്കുള്ളതായി ഇതുസംബന്ധിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്റെ റിപ്പോര്‍ട്ടില്‍ ഒരിടത്തും പരാമര്‍ശമില്ല. എന്നിട്ടും ആ കുറ്റം ഈ സംഘടനയുടെ പേരില്‍ കെട്ടിവെച്ചുകൊണ്ടുള്ള പ്രചാരണമാണ് തുടരുന്നത്. യേശുവിനെ വധിച്ചത് റോമന്‍ പടയാളികളാണെന്ന് കരുതി എല്ലാ റോമക്കാരും കുറ്റക്കാരല്ല. ഇന്ദിരാഗാന്ധിയെ വധിച്ചത്  ഭീം സിംഗാണെന്ന് കരുതി എല്ലാ സിഖുക്കാരും കുറ്റക്കാരല്ല. ഇതുപോലെ തന്നെയാണ് ഗാന്ധിവധത്തിന്റെയും കാര്യം. അടിയന്തരാവസ്ഥക്കെതിരെ പോരാടിയ ഏക രാഷ്ട്രീയ ഇതര സംഘടന ആര്‍.എസ്.എസ്സാണ്. ഇതിന്റെ കൂടി ഫലമാണ് രാജ്യം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്യ്രം- ജസ്റിസ് കെ.ടി തോമസ് പറഞ്ഞു'' (മലയാള മനോരമ 2011 ആഗസ്റ് 2). മുജീബിന്റെ പ്രതികരണം?
കെ.പി റഫീഖ് ചാലാട്
കണ്ണൂര്‍

ഗാന്ധിവധത്തെക്കുറിച്ച ജസ്റിസ് കപൂര്‍ കമീഷന്റെ റിപ്പോര്‍ട്ടില്‍ ഘാതകരായ നാഥുറാം വിനായക് ഗോദ്സെ, ഗോപാല്‍ ഗോദ്സെ, നാരായണ്‍ ആപ്തെ എന്നിവര്‍ക്ക് ആര്‍.എസ്.എസ്സുമായുള്ള ബന്ധത്തെക്കുറിച്ചോ സംഭവത്തില്‍ ആര്‍.എസ്.എസ്സിനെക്കുറിച്ചോ പ്രത്യേകം പരാമര്‍ശങ്ങളില്ല എന്ന വസ്തുത പൊക്കിപ്പിടിച്ച് രാജ്യത്തെ ഏറ്റവും തീവ്ര ഫാഷിസ്റ് പ്രസ്ഥാനത്തെ വെള്ള പൂശാനാണ് ജസ്റിസ് കെ.ടി തോമസിന്റെ ശ്രമം. സമീപകാലത്തായി രാജ്യത്ത് ശക്തിപ്രാപിച്ചു കഴിഞ്ഞ വലതുപക്ഷ ദേശീയതയുടെ രണോത്സുകവും അപകടകരവുമായ ബോധവത്കരണത്തില്‍ അദ്ദേഹത്തെ പോലെ ഉന്നത ശ്രേണികളിലുള്ളവരും വിധേയരായി എന്നാണതിനര്‍ഥം. അതല്ലെങ്കില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെപോലെ ഭാവി കണ്ടുകൊണ്ടുള്ള നീക്കവുമാവാം.
എന്തായാലും വസ്തുതകള്‍ ജസ്റിസ് തോമസിനെയോ ആര്‍.എസ്.എസ്സിനെയോ തുണക്കുന്നില്ല. ആര്‍.എസ്.എസ്സിന്റെ താത്ത്വികാചാര്യന്‍ ഗുരു ഗോള്‍വാള്‍ക്കര്‍ക്ക് മുമ്പേ കടുത്ത ഹിന്ദുത്വവാദം ഉയര്‍ത്തിയ ദേഹമാണ് വി.ഡി സവര്‍ക്കര്‍. ഹിന്ദുമഹാ സഭയുടെ നേതാവുമായിരുന്നു അദ്ദേഹം. 'സവര്‍ക്കറുടെ നേതൃത്വത്തിലുള്ള ഹിന്ദുമഹാ സഭയിലെ ഒരു കൂട്ടരാണ് ഗാന്ധിവധത്തിന് ഗൂഢാലോചന നടത്തിയതും നടപ്പിലാക്കിയതും' എന്ന് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രിയും ഹിന്ദുത്വ അനുകൂലിയുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ 1948 ഫെബ്രുവരി 27-ന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് എഴുതുകയുണ്ടായി. ആ സവര്‍ക്കറുടെ പ്രതിമ ഇന്ത്യയുടെ പാര്‍ലമെന്റ് ഹാളില്‍ സ്ഥാപിച്ചത് അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്. സവര്‍ക്കറെ ഒരിക്കലും ആര്‍.എസ്.എസ് തള്ളിപ്പറയുകയുണ്ടായില്ല. ഗാന്ധിഘാതകരില്‍ ഒരാളായ ഗോപാല്‍ ഗോദ്സെ തന്നെപ്പറ്റി പറഞ്ഞതിപ്രകാരമാണ്: "ഗാന്ധിജിയെ വധിച്ച ഞങ്ങള്‍ ആര്‍.എസ്.എസ്സുകാരാണെന്നതില്‍ അഭിമാനിക്കുന്നു. എന്നാല്‍, സംഘ്പരിവാര്‍ നേതാക്കള്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ പുലര്‍ത്തുന്ന രക്ഷപ്പെടല്‍ സമീപനം പരിഹാസ്യമാണ്. ഗാന്ധിജിയെ വധിച്ചതിലും ആര്‍.എസ്.എസ്സുകാരായതിലും ഞങ്ങള്‍ക്ക് ആഹ്ളാദമേയുള്ളൂ.'' 1993 ഡിസംബര്‍ 24-ന് ദല്‍ഹിയില്‍, 'ഞാനെന്തിന് ഗാന്ധിയെ കൊന്നു' എന്ന സ്വന്തം പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് ഗോപാല്‍ ഗോദ്സെ ഇക്കാര്യം തുറന്നടിച്ചത്. ഗാന്ധിവധത്തില്‍ ആര്‍.എസ്.എസ്സിന് പങ്കില്ലെന്ന എല്‍.കെ അദ്വാനിയുടെ വാദത്തെ പരാമര്‍ശിച്ച് ഗോദ്സെ പറഞ്ഞത് ഇങ്ങനെ: "ആര്‍.എസ്.എസ്സിന് പങ്കില്ലെന്ന് പറയുന്നത് ഭീരുത്വമാണ്. നിങ്ങള്‍ക്കാകെ പറയാവുന്നത് ഇത്രമാത്രമാണ്: 'പോയി ഗാന്ധിയെ കൊന്നുവാ' എന്ന് ഒരു പ്രമേയം പാസ്സാക്കിയിട്ടില്ല എന്ന് മാത്രം.'' എന്നാല്‍, ഗുരുഗോള്‍വാള്‍ക്കര്‍ അത് പറഞ്ഞില്ലെങ്കിലും അതിന്നടുത്തതൊക്കെ പറഞ്ഞിട്ടുണ്ട്. 1947 ഡിസംബര്‍ എട്ടിന് ഗുരുജി പറഞ്ഞതിങ്ങനെ: "ആര്‍.എസ്.എസ്സിന്റെ വഴിയില്‍ നില്‍ക്കുന്നവരെയും കശാപ്പ് ചെയ്യും. അങ്ങനെ നിന്ന ഒരാള്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ആയിരുന്നു'' ('അരക്ഷിതമാവുന്ന ഇന്ത്യ'-സമാഹരണം ജി.പി രാമചന്ദ്രന്‍, രജി. എം. ദാമോദരന്‍). ഗാന്ധിവധം അന്വേഷിച്ച കപൂര്‍ കമീഷന്‍ തന്നെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നുണ്ട്: "കേസിലെ 95-ാം സാക്ഷിയായ ജെ.എം സാഹ്നി ഒരു രഹസ്യ സംഘടനയെ സംബന്ധിച്ച് സൂചിപ്പിക്കുന്നുണ്ട്. നാഗ്പൂരില്‍ ഗോള്‍വാള്‍ക്കറും പൂണെയില്‍ ദോപ്ടക്കറും നേതൃത്വം നല്‍കിയതായിരുന്നു ഈ പ്രസ്ഥാനം. ഗോള്‍വാള്‍ക്കര്‍ ആര്‍.എസ്.എസ്സിന്റെ തലവനാണെന്ന് ഞങ്ങള്‍ക്കറിയാം. സാഹ്നി ഇവയെല്ലാം ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് പറയുന്നതിന് പകരം ഒരു രഹസ്യ പ്രസ്ഥാനത്തെക്കുറിച്ച് സൂചിപ്പിക്കുകയാണ് ചെയ്യുന്നത്'' (കെ.ഇ.എന്‍- ചരിത്രംചോരുന്ന വഴികള്‍. വാരാദ്യമാധ്യമം 2011 ആഗസ്റ് 14).
ഇന്ത്യയിലെ എല്ലാ ഭീകര കലാപങ്ങളിലും ആര്‍.എസ്.എസ്സിന്റെ പങ്ക് അന്വേഷണ കമീഷനുകള്‍ അനാവരണം ചെയ്തതും ഇവിടെ ഓര്‍ക്കേണ്ടതാണ്. ഇത്തരമൊരു ഭീകര പ്രസ്ഥാനത്തിലാണ് മുന്‍വിധി മാറ്റിവെച്ച് പരിശോധിച്ചപ്പോള്‍ ജസ്റിസ് കെ.ടി തോമസിന് ഗുണങ്ങള്‍ കാണാനായത്!

മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും
ചോ: ജമാഅത്തെ ഇസ്ലാമിയുമായുള്ള ഭിന്നതകളുടെ അടിസ്ഥാനം എന്താണ്?
ഉ: ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിനോട് ഞങ്ങള്‍ക്ക് അടിസ്ഥാനപരമായ എതിര്‍പ്പുണ്ട്. കാരണം, ജമാഅത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിക്കുന്ന ദിവസം വരെ ഞങ്ങള്‍ എല്ലാ കാര്യത്തിലും അവരുമായി സഹകരിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി മനസ്സിലാക്കേണ്ടത്,  ഇവിടെ മുസ്ലിംകള്‍ രാഷ്ട്രീയമായി സംഘടിച്ച് ഒരു സമ്മര്‍ദ ഗ്രൂപ്പായി നിന്നതുകൊണ്ടാണ് സമുദായത്തിന് നേട്ടങ്ങള്‍ ഉണ്ടായത് എന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍ രാഷ്ട്രീയമായി ഭിന്നിച്ചു നിന്നതുകൊണ്ടാണ് മുസ്ലിംകള്‍ പിന്നാക്കമായത്. അപ്പോള്‍ മുസ്ലിംകള്‍ രാഷ്ട്രീയത്തിനുള്ളില്‍ കൂടുതല്‍ പാര്‍ട്ടികള്‍ വരുന്നത് സമുദായത്തിന് ദൌര്‍ബല്യമുണ്ടാക്കും എന്നതാണ് ലീഗിന്റെ കാഴ്ചപ്പാട്. അത് ജമാഅത്തെ ഇസ്ലാമി മനസ്സിലാക്കിയില്ല എന്നതിലാണ് ഞങ്ങള്‍ക്ക് പ്രയാസമുള്ളത്. അപ്പോള്‍ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമ്പോള്‍ ഞങ്ങള്‍ക്ക് സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അതു മാത്രമേ ഇപ്പോള്‍ ഉള്ളൂ. അല്ലാത്ത അഭിപ്രായ ഭിന്നത ഞങ്ങള്‍ക്ക് അവരെ സംബന്ധിച്ച് ഇല്ല.'' (മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദുമായുള്ള അഭിമുഖത്തില്‍ നിന്ന്- മാധ്യമം ദിനപത്രം 30-7-2011). മുജീബിന്റെ പ്രതികരണം?
വി.എം റഹീം

ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലെങ്കിലും ഘടകങ്ങളുള്ള ഒരഖിലേന്ത്യാ സംഘടനയാണ്. അതൊരു തീരുമാനമെടുക്കുമ്പോള്‍ ദേശീയ കാഴ്ചപ്പാടോടെയാണ് അതെടുക്കുന്നത്, കേരളത്തിലേക്കോ മറ്റേതെങ്കിലും സംസ്ഥാനത്തിലേക്കോ മാത്രമായല്ല. ഭരണസംശുദ്ധിയും സാമൂഹിക നീതിയും പിന്നാക്ക -ദുര്‍ബല-ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനവും ലക്ഷ്യമാക്കി, ജനാധിപത്യാടിസ്ഥാനത്തില്‍ ഒരു ദേശീയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കണമെന്ന് ജമാഅത്ത് തീരുമാനിച്ചപ്പോള്‍ ആസ്സാമിലെ എ.ഐ.യു.ഡി.എഫോ, ആന്ധ്രയിലെ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമൂനോ, കേരളത്തിലെ മുസ്ലിം ലീഗോ പ്രവര്‍ത്തിക്കുന്ന ഭൂമികയിലേക്ക് കടന്നുകയറി അവയുമായി കലഹിക്കാന്‍ ഉദ്ദേശിച്ചിട്ടേയില്ല. മാത്രമല്ല, പാര്‍ട്ടി സജീവമായ ശേഷം ഇത്തരം കൂട്ടായ്മകളുമായി പരമാവധി സഹകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ആ നിലക്ക് കേരളത്തിലെ മുസ്ലിം ലീഗിന് ആശങ്കിക്കേണ്ട കാര്യമൊന്നും ഇല്ല. മുസ്ലിം ലീഗുള്ളപ്പോള്‍ മുസ്ലിം സമുദായത്തിന് മറ്റൊരു പാര്‍ട്ടി എന്തിന് എന്ന അവകാശവാദം അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് മാത്രം. ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് കേരളത്തില്‍ ഒതുങ്ങിയിരിക്കുകയാണല്ലോ.
ലീഗിന്റെ ഭിന്നതക്കാധാരം ഈയൊരു ആശങ്ക മാത്രമാണെന്ന വാദത്തെയും അനുഭവം ശരിവെക്കുന്നില്ല. ജമാഅത്തിന്റെ പേരില്‍ തികച്ചും അകാരണമായി തീവ്രവാദവും ഭീകരബന്ധവും ആരോപിച്ച് ലീഗിലെ ചില നേതാക്കളും പത്രവും ലീഗിനോടൊപ്പം നില്‍ക്കുന്ന മതസംഘടനകളും നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണത്തിനും ജമാഅത്തിന്റെ നേരെ പ്രഖ്യാപിച്ച ഊര് വിലക്കിനും ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കാണുന്ന ന്യായീകരണം എന്താണ്? ജമാഅത്തിനെ മതസംഘടനയായി പോലും അംഗീകരിക്കാനാവില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചതും രാഷ്ട്രീയേതര രംഗങ്ങളിലെ സഹകരണത്തെയാണോ സൂചിപ്പിക്കുന്നത്?

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം