യുവജന സംഘടനകളുടെ വ്യാജ പ്രകടനങ്ങള്‍
കേരളത്തിലെ യുവജനസംഘടനകളുടെ പ്രതീകാത്മക സമരങ്ങള്‍ യുവാക്കളുടെ ഊര്‍ജവും അധ്വാനവും പാഴാക്കുകയാണ്. സ്വാതന്ത്ര്യത്തെ വീണ്ടെടുക്കാനും അതിനെ സംരക്ഷിക്കാനും ആഹ്വാനം ചെയ്ത് ചെറുപ്പക്കാര്‍ അങ്ങാടികളെ നിറക്കുന്നതുകൊണ്ടുമാത്രം സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമോ എന്ന നിഷ്‌കളങ്കമായ സന്ദേഹമല്ല അത്. വര്‍ഷംതോറും നേര്‍ച്ചപോലെ കൊണ്ടാടുന്ന ഇത്തരം വ്യാജ സമരങ്ങള്‍ യുവജനസംഘടനകളുടെ പൊള്ളയായ കാതലിനെയും അജണ്ടയില്ലായ്മയെയും സൂചിപ്പിക്കുന്നുവെന്ന് തുറന്നു പറയേണ്ടിയിരിക്കുന്നു. ദിവസക്കൂലിയും സൗജന്യ യാത്രയും ഭക്ഷണവും കൊടുത്ത് യുവജനങ്ങളെ നഗരത്തില്‍ നിരത്തിനിറുത്തി സംരക്ഷിക്കേണ്ടതല്ല ഇന്ത്യന്‍ സ്വാതന്ത്ര്യം. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് മറ്റേത് സ്വാതന്ത്ര്യത്തെ നമുക്ക് സേവ് ചെയ്യാനാകും? ഇന്ത്യയുടെ അതിര്‍ത്തിയില്‍ പോരാടിമരിച്ച വീര ജവാന്മാരുടെ ശവപ്പെട്ടിവരെ വിറ്റുകാശാക്കിയ രാഷ്ട്രീയനേതൃത്വത്തെ അലോസരപ്പെടുത്താത്ത ഏതൊരു യുവമുന്നേറ്റവും ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ രക്ഷിക്കുന്നുമില്ല.
നവോത്ഥാനാനന്തര കേരളത്തിലെ വിദ്യാഭ്യാസ രംഗത്തുണ്ടായ കുതിപ്പ് തൊഴിലില്ലായ്മയെയാണ് ആത്യന്തികമായി സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ കേരളത്തിലെ യുവജന സംഘടനകളുടെ ആദ്യകാല മുദ്രാവാക്യങ്ങളും സമരസന്നാഹങ്ങളും മുഴുവന്‍ 'തൊഴില്‍ തരൂ' എന്ന നിലവിളിയായിരുന്നു. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അതിനെതിരെയും അവര്‍ സമരം ചെയ്തു. 'തൊഴിലില്ലായ്മ പരിഹരിക്കൂ, എന്നിട്ടാകാം കമ്പ്യൂട്ടര്‍' എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ അസംതൃപ്തമായ ക്ഷുഭിത യൗവനം യുവജനസംഘടനകള്‍ക്ക് വിത്തും വളവുമായി. അക്കാലത്തൊന്നും ഇത്തരം ദേശീയോല്‍ഗ്രഥന പ്രതീകപ്രകടനങ്ങള്‍ക്കൊണ്ട് നമ്മുടെ ദേശീയദിനങ്ങളില്‍ യുവജനസംഗമങ്ങളും മാര്‍ച്ചുകളുമുണ്ടായിട്ടില്ല. മനുഷ്യചങ്ങല, മനുഷ്യക്കോട്ട തുടങ്ങിയ പ്രകടനങ്ങളാകട്ടെ പിതൃസംഘടനക്ക് ചില പ്രത്യേക കാലങ്ങളിലുണ്ടായ ക്ഷീണം തീര്‍ക്കാനുള്ള ക്ഷീരബലകളായിരുന്നു. പിതൃസംഘടനകളെപ്പോലെ യുവജനസംഘടനകള്‍ക്കും തനിയെ നില്‍ക്കാന്‍ കഴിയാത്തവിധം കാതലില്ലായ്മ അനുഭവപ്പെട്ടുതുടങ്ങിയതാണ് മൂര്‍ത്തമല്ലാത്ത ആശയങ്ങളുടെ പേരില്‍ ഇത്തരം കണ്‍കെട്ടുവിദ്യകളും കെട്ടുകാഴ്ചകളും അവതരിപ്പിക്കേണ്ട സാഹചര്യമുണ്ടായത്.
തൊഴിലില്ലായ്മക്കെതിരെയുള്ള നിലവിളികള്‍ക്കുശേഷം യുവജന സംഘടനകള്‍ പ്രധാനമായുയര്‍ത്തിയത് ആഗോളവല്‍ക്കരണത്തിനെതിരെയുള്ള സമരമുന്നേറ്റങ്ങളായിരുന്നു. ആഗോളവല്‍ക്കരണംകൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കപ്പെട്ടു എന്ന സത്യം സമ്മതിക്കുന്നതിന് നാണിക്കേണ്ടതില്ല. അത്തരം ചില്ലറ നേട്ടങ്ങള്‍ ആഗോളവല്‍ക്കരണത്തിനെതിരെയുള്ള സമരങ്ങളെ ക്ഷമാപണത്തിലാക്കുന്നുമില്ല. കേരളത്തിലെ യുവജന സംഘടനകള്‍ ഇന്ന് ആഗോളവല്‍ക്കരണത്തെ നഖശിഖാന്തം എതിര്‍ക്കുകയും 'തൊഴില്‍ തരൂ സര്‍ക്കാറേ' എന്ന മുദ്രാവാക്യം മറന്നുപോവുകയും ചെയ്തിരിക്കുന്നു. തൊഴിലും കമ്പ്യൂട്ടറും അവര്‍ക്ക് വേണ്ടുവോളമുണ്ടിന്ന്. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ അസംതൃപ്ത സംഘങ്ങള്‍ എന്ന നിലയില്‍ നിന്ന് തൊഴിലും മെച്ചപ്പെട്ട വരുമാനവുമുള്ള യുവജനങ്ങളുടെ ഒഴിവുകാല വിനോദം എന്ന നിലയിലേക്ക് യൂത്ത് വിഭാഗങ്ങള്‍ മാറിപ്പോയി. അതോടെ അവയുടെ പ്രവര്‍ത്തനപരിപാടികള്‍ കുറഞ്ഞു. സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളില്‍ നിന്ന് കുട്ടികള്‍ എന്നതുപോലെ യുവജനസംഘടകളില്‍ നിന്ന് പ്രവര്‍ത്തകര്‍ ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരം വ്യാജസമരങ്ങള്‍ ആവശ്യമായി വരുന്നു. അതിന് ഏറ്റവും സമ്മതമുള്ള സാധ്യതയാണ് പ്രതീകാത്മക പ്രകടനങ്ങള്‍. അത് ആരെയും മുറിവേല്‍പ്പിക്കുന്നില്ല. ആര്‍ക്കും അലോസരം സൃഷ്ടിക്കുന്നില്ല. ദേശീയ ഒഴിവു ദിനങ്ങളിലാകയാല്‍ പ്രവര്‍ത്തകര്‍ക്ക് ഒരു കാഷ്വല്‍ ലീവുപോലും വേണ്ടിവരില്ല.
'സ്വാതന്ത്യത്തിന്റെ കാവലാളാകുക', 'ഇന്ത്യയെ സംരക്ഷിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്കുപോലുമുണ്ട് ഈ നിരുത്തരവാദിത്വത്തിന്റെ സുഖം. മറ്റാരോടോ ഉള്ള ആഹ്വാനങ്ങളാണത്. സ്വന്തത്തിലേക്ക് ചൂണ്ടാത്ത ആഹ്വാനങ്ങള്‍ ഉറക്കെ വിളിച്ചുപറയാന്‍ യുവജനങ്ങളെ ഒരുക്കിയിറക്കുന്നതില്‍ പോലും ആഗോള മുതലാളിത്തത്തിന്റെ രഹസ്യ തന്ത്രങ്ങളുണ്ടെന്ന് എം.എന്‍ വിജയന്‍ പറയുമായിരുന്നു. ആ മുദ്രാവാക്യങ്ങള്‍ ചുരുങ്ങിയ നിലക്ക് മുതലാളിത്തത്തിനു പോലും എതിരാകുന്നില്ല എന്നതുകൊണ്ടാണ് അങ്ങനെ പറയേണ്ടിവരുന്നത്. ഉയര്‍ത്തപ്പെട്ട ഒരു മുദ്രാവാക്യവും തനിക്കുമാത്രം ബാധകമാവില്ല എന്ന് വിപ്ലവ യുവജനസംഘടനയുടെ നേതാക്കള്‍പോലും കരുതുന്നുവെന്നതാണ് സ്വാശ്രയവിദ്യാഭ്യാസരംഗത്തെ കോഴയുമായി ബന്ധപ്പെട്ട് ഈയിടെ ഉന്നയിക്കപ്പെട്ട വിവാദങ്ങള്‍. നാം അഴിമതിക്കെതിരെ സമരം ചെയ്യും, അതോടൊപ്പം അഴിമതിയിലൂടെ നേടിയ പണത്തില്‍ നിന്ന് പാര്‍ട്ടിഫണ്ട് വാങ്ങുകയും ചെയ്യും എന്ന് തലമൂത്ത നേതാക്കള്‍ പഠിപ്പിക്കുമ്പോള്‍ സ്വാഭാവികമായും യുവജനവിഭാഗത്തിന് അത്തരം ആത്മാര്‍ഥതകള്‍ ആവശ്യമായിവരില്ല.
സാമുദായിക യുവജന സംഘടനകള്‍ക്കാകട്ടെ ഇത്തരം വ്യാജ പ്രകടനങ്ങള്‍ തങ്ങളുടെ മതേതരമുഖം വെളിപ്പെടുത്താനുള്ള ഉപാധികൂടിയായിരുന്നു. ദേശീയദിനത്തില്‍ നടത്തുന്ന പ്രതീകാത്മക പ്രകടനങ്ങള്‍ തങ്ങളെ ദേശീയമുസ്‌ലിമെന്ന പദവിയിലേക്കുയര്‍ത്താന്‍ സഹായിക്കുമെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു. ഒരു പ്രമുഖ മുസ്‌ലിം യുവജന സംഘടന കഴിഞ്ഞ വര്‍ഷം നടത്തിയത് വലിയ മൈതാനങ്ങളില്‍ ഇന്ത്യയുടെ ഭൂപടം നിര്‍മിച്ചാണ്. വെളുത്ത വസ്ത്രമുടുത്ത് തൊപ്പിയിട്ട പ്രവര്‍ത്തകര്‍ നിരന്നുനിന്ന് അഖണ്ഡഭാരതത്തിന്റെ ഭൂപടം തീര്‍ത്ത വിസ്മയചിത്രം പത്രങ്ങളിലെ വാര്‍ത്താവിരസതകള്‍ക്കിടയില്‍ കാഴ്ചസുഖം നല്‍കും. എന്നാല്‍, ചിതറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ അവസ്ഥകളിലേക്ക് ആ പ്രകടനം ഒരു സംഭാവനയും നല്‍കുന്നില്ല.
പ്രതീകാത്മക സമരങ്ങളുടെ ഉജ്വലമായ ഒരു ചരിത്രം നമുക്കുണ്ട്. കടലിലെ ഉപ്പ് കുറുക്കി ഗാന്ധിജിയും കൂട്ടരും നടത്തിയ മുന്നേറ്റം വെറുമൊരു പ്രതീകമായിരുന്നില്ല. നിലനിന്നിരുന്ന അധികാരത്തിന്റെ ഹുങ്കിനു നേരെയുള്ള കനത്ത ചെരുപ്പടിയായിരുന്നു. അതുകൊണ്ടാണ് ബ്രിട്ടീഷ് പോലീസുകാര്‍ ഉപ്പുകുറുക്കാന്‍ പോയവരെ മുഴുവന്‍ ചാട്ടകൊണ്ട് തിരിച്ചടിച്ചും ജയിലിലടച്ചും ശിക്ഷിച്ചത്. നിലനില്‍ക്കുന്ന അധികാരത്തെയും അവരുടെ ഹുങ്കിനെയും തെല്ലും മുറിപ്പെടുത്താത്ത ഇക്കാലത്തെ സ്വാതന്ത്ര്യദിന പ്രകടനങ്ങള്‍ ഒന്നും ഉല്‍പാദിപ്പിക്കുന്നില്ലെന്നു മാത്രമല്ല, യുവജനങ്ങളുടെ വിലപ്പെട്ട ഊര്‍ജം പാഴാക്കിക്കളയുകമാത്രം ചെയ്യുന്നു. എന്നാല്‍ ഇന്ന്, സിനിമയിലെ ആദര്‍ശ നായകന്‍ അഴിമതിക്കാരനായ മന്ത്രിയെ നെടുങ്കന്‍ ഡയലോഗിലൂടെ കീഴ്‌പ്പെടുത്തുമ്പോള്‍ കാണികള്‍ ആശ്വസിക്കുന്നതുപോലെ ദേശീയദിനങ്ങളില്‍ മുഷ്ടി ചുരുട്ടി പ്രതിജ്ഞയെടുത്ത് നാം ആശ്വസിക്കുന്നു, ഇന്ത്യ ഇന്നും സംരക്ഷിച്ചുനിറുത്താന്‍ മാത്രം സ്വാതന്ത്ര്യംകൊണ്ട് സമ്പന്നമാണെന്ന്. അതിനെ കാത്തുസൂക്ഷിക്കുന്ന കാവലാളുകള്‍ നമ്മള്‍ മാത്രമാണെന്ന്. പക്ഷേ വാസ്തവം മറിച്ചാണല്ലോ.
പുതിയ കേരളത്തിന്റെ മാറിയ സാമൂഹിക സാഹചര്യങ്ങളില്‍ യുവാക്കളുടെ സന്നദ്ധസംഘങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തികളുണ്ട്. ധീരമായ ചില അജണ്ടകള്‍ യുവജനസംഘടനകള്‍ ഏറ്റെടുക്കേണ്ടതുണ്ട്. പണ്ടത്തെപ്പോലെ വെറുതെ തല്ലുകൊള്ളാന്‍ ചെറുപ്പക്കാര്‍ ഇന്ന് തയാറല്ല എന്നതാണ് വിപ്ലവ യുവജനസംഘടനകളുടെ പ്രധാന വെല്ലുവിളി. അത് ശരിയുമാണ്. ഇന്ന് തല്ലുകൊണ്ട വിഷയത്തിന് നാളെ പാര്‍ട്ടിതന്നെ മുന്‍കൈയെടുക്കുമെന്നതിന് അവര്‍ക്ക് തെളിവുണ്ടല്ലോ. എന്നാല്‍ സമരംചെയ്ത് നേടിയെടുക്കേണ്ട വിടവുകള്‍ കേരളത്തിലെ വികസനപരിപാടികളിലുണ്ട്. അതിന്റെ ഇരകളും അവകാശികളും ഒരുപോലെ രക്ഷകരെ കാത്തിരിക്കുകയാണ്. സേവനത്തിന്റെ ത്യാഗഭൂമിയിലേക്ക് കൈയും മെയ്യും മറന്നു കടന്നുവരാന്‍ യുവജനങ്ങള്‍ ഇന്നും തയാറാണ്. സേവനത്തിനായി സമ്പത്തും അധ്വാനവും നല്‍കാന്‍ അവര്‍ക്ക് മടിയുമില്ല. സമൂഹത്തിലെ ഓരങ്ങളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ട വിഭാഗം അവരുടെ സഹായം കാത്തിരിക്കുകയാണ്. അധഃസ്ഥിതരും പീഡിതരുമായ പാവങ്ങളുടെ തേങ്ങലും സങ്കടങ്ങളും യുവജനസംഘടനകളെ തേടുകയാണ്. വ്യാജമായ പ്രകടനങ്ങളെ മാറ്റിവെച്ച്, തല്ലുകൊള്ളിക്കുന്ന സംഘടനാ വഴക്കങ്ങളെ മാറ്റിവെച്ച്, പിതൃസംഘടനകളുടെ സ്വാര്‍ഥനിര്‍ബന്ധങ്ങളെ അവഗണിച്ച് യുവജനസംഘടനകള്‍ ചങ്കൂറ്റമുള്ള തീരുമാനങ്ങളെടുക്കേണ്ട കാലമാണിത്.
പിന്‍വാതില്‍ - മേലാകെ പച്ച നിറം തേച്ച്, പടക്കം പൊട്ടിച്ച്, ബാന്റുമേളത്തിനൊപ്പം തിമിര്‍ത്തുല്ലസിച്ച് ആനയും ശിങ്കാരിമേളങ്ങളുമായി ഉത്സവയാത്രപോലെ മുന്നോട്ടുപോകുന്ന ഒരു പ്രകടനം കഴിഞ്ഞവര്‍ഷം ഒരു സാമുദായിക യുവജന സംഘടന നടത്തി. 'രാഷ്ട്രീയാവബോധ യാത്ര' എന്നായിരുന്നു അതിന്റെ പേര്. ഒരു സമുദായത്തിന്റെ യുവാക്കളുടെ രാഷ്ട്രീയാവബോധത്തിന്റെ നല്ല മാതൃകയായിരുന്നു ആ പ്രകടനം.
9895 437056
[email protected]
Comments