Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 27

അമേരിക്ക ഇനി എത്ര നാള്‍?

ഒ.കെ.ഫാരിസ്

പതിറ്റാണ്ടുകളായി അധികാരം കൊണ്ടും സമ്പത്ത് കൊണ്ടും ലോകത്തിന്റെ അച്ചുതണ്ടായി വര്‍ത്തിക്കുകയാണ് അമേരിക്ക. സോവിയറ്റ് യൂനിയന്റെ പതനത്തോടെ എല്ലാറ്റിലും തികഞ്ഞ മേല്‍ക്കൈ അമേരിക്കക്ക് തന്നെയായിരുന്നു. കറന്‍സികളില്‍ ഡോളര്‍, സമാനതകളില്ലാത്ത സ്ഥാനം അലങ്കരിച്ചു. അമേരിക്കന്‍ ട്രഷറി സെക്യൂരിറ്റികളില്‍ ഒട്ടു മിക്ക രാഷ്ട്രങ്ങളും മത്സരിച്ച് നിക്ഷേപിച്ചുപോന്നു. അത്രക്ക് വിശ്വാസ്യത അവ നേടിയെടുത്തിരുന്നു. എന്നാല്‍, പുതിയ സാഹചര്യം അമേരിക്കയുടെ നിലനില്‍പിനെ തന്നെ ചോദ്യം ചെയ്യുകയാണ്. അവരുടെ നിലയും വിലയും എത്ര കാലത്തേക്ക് എന്നാണ് ഇപ്പോള്‍ നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ചോദ്യം.

ക്രെഡിറ്റ് റേറ്റിംഗ് ഇടിവ്
കടം തിരിച്ചടക്കാനുള്ള സര്‍ക്കാറുകളുടെയും കമ്പനികളുടെയും ശേഷിയെ വിലയിരുത്തുന്നതിനെയാണ് ക്രെഡിറ്റ് റേറ്റിംഗ് എന്ന് പറയുന്നത്. മറ്റുള്ളവരില്‍ നിന്ന് കടം സ്വീകരിക്കുന്നതിന് വേണ്ടിയാണ് കടപ്പത്രങ്ങള്‍ ഇറക്കുന്നത്. ക്രെഡിറ്റ് റേറ്റിംഗിലുള്ള ഗ്രേഡ് പരിശോധിച്ചാണ് നിക്ഷേപകര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നത്. രാഷ്ട്രങ്ങളുടെയും കമ്പനികളുടെയും സാമ്പത്തിക ശേഷിയും ഭദ്രതയും വിലയിരുത്തി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളാണ് ഗ്രേഡുകള്‍ നിശ്ചയിക്കുന്നത്. ട്രിപ്പിള്‍ എ, ഡബ്ള്‍ എ പ്ലസ്, ഡബ്ള്‍ എ, ഡബ്ള്‍ എ മൈനസ്, ട്രിപ്പിള്‍ ബി, ട്രിപ്പിള്‍ സി... ഇങ്ങനെ പോകുന്നു ഗ്രേഡുകള്‍.
ഏറ്റവും ഉയര്‍ന്ന ഗ്രേഡായ ട്രിപ്പിള്‍ എയില്‍നിന്ന് തൊട്ടടുത്ത പടിയായ ഡബ്ള്‍ എ പ്ലസിലേക്കാണ് അമേരിക്കയുടെ ഗ്രേഡ് ഇടിഞ്ഞിരിക്കുന്നത്. ലോകത്തിലെ തന്നെ ഒന്നാംകിട ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളിലൊന്നായ 'സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവേഴ്‌സ്' ആണ് അമേരിക്കയുടെ ഗ്രേഡ് കുറച്ചിരിക്കുന്നത്. സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കില്‍ ഗ്രേഡ് വീണ്ടും താഴാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഇത് നിസ്സാര വിഷയമല്ല. കാരണം, 1917 മുതല്‍ അമേരിക്ക നിലനിര്‍ത്തിപ്പോരുന്ന ട്രിപ്പിള്‍ എ നിലവാരമാണ്, നൂറ് വര്‍ഷം തികക്കാന്‍ വെറും ആറ് വര്‍ഷം ബാക്കിനില്‍ക്കെ തകര്‍ന്നിരിക്കുന്നത്. മാത്രമല്ല, 1929 മുതല്‍ 1939 വരെ പത്തു വര്‍ഷം നീണ്ടുനിന്ന വന്‍ സാമ്പത്തിക മാന്ദ്യ(Great Depression) കാലത്തുപോലും ട്രിപ്പിള്‍ എ നിലവാരം തകരാതെ സൂക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.
ഇപ്പോള്‍ റേറ്റിംഗില്‍ വന്ന ഇടിവ് പെട്ടെന്നുണ്ടായതല്ല. ഇതിന്റെ തുടക്കം 2008 സെപ്റ്റംബറിലുണ്ടായ വാള്‍സ്ട്രീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. ഈ വിഷയത്തില്‍ മിക്ക സാമ്പത്തിക വിദഗ്ധരും എത്തിച്ചേര്‍ന്ന നിഗമനവും ഇതുതന്നെയാണ്. മൂന്ന് വര്‍ഷമായിട്ടും പ്രതിസന്ധിയില്‍ നിന്ന് കരകയറാനായില്ലെന്ന് മാത്രമല്ല, പ്രതിസന്ധി ദിനേന രൂക്ഷമാവുകയുമാണ്. ബാങ്കുകളുടെ തകര്‍ച്ച ആരംഭിച്ച 2008-ല്‍ 25 ബാങ്കുകള്‍ തകര്‍ന്നുവെന്നും 252 ബാങ്കുകള്‍ പ്രതിസന്ധി നേരിടുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. 2009-ല്‍ ഇത് യഥാക്രമം 140, 702 എന്നിങ്ങനെ വര്‍ധിച്ചു. 2010 പകുതിയോടെ തന്നെ 103 ബാങ്കുകള്‍ തകര്‍ന്നതായും 775 എണ്ണം തകര്‍ച്ചാ ഭീഷണി നേരിടുന്നതായും  എഫ്.ഡി.ഐ.സി (ഫെഡറല്‍ ഡപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍) പുറത്തുവിട്ടു. അഥവാ 2008-ല്‍ ബാങ്കുകളുടെ തകര്‍ച്ചയില്‍ തുടങ്ങിയ പ്രതിസന്ധി ഇപ്പോള്‍ രാജ്യത്തിന്റെ മൊത്തം സാമ്പത്തിക രംഗത്തെയും തകിടംമറിച്ചുകൊണ്ടിരിക്കുകയാണെന്നര്‍ഥം.

ആഗോള പ്രത്യാഘാതങ്ങള്‍
അമേരിക്കയുടെ ട്രഷറി സെക്യൂരിറ്റികള്‍ വാങ്ങിക്കൂട്ടിയ രാജ്യങ്ങളാണ് പ്രത്യക്ഷമായിതന്നെ പ്രതിസന്ധി നേരിടുക. കാരണം, ട്രഷറി സെക്യൂരിറ്റികളുടെ തിരിച്ചടവ് ശേഷിയാണല്ലോ കുറഞ്ഞിരിക്കുന്നത്. ഡോളറില്‍ നിക്ഷേപിക്കലാണ് ഏറ്റവും സുരക്ഷിതമെന്ന് വിശ്വസിച്ചാണ് പലരും അമേരിക്കന്‍ ട്രഷറി സെക്യൂരിറ്റികളില്‍ നിക്ഷേപിച്ചത്. ലോകത്ത് ഏതാണ്ട് എല്ലാ കറന്‍സികളും അടിച്ചിറക്കുന്നത് ഒരു പരിധിവരെയെങ്കിലും സ്വര്‍ണം പിന്‍ബലമായി വെച്ചാണ്. എന്നാല്‍, 1971-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് നിക്‌സണ്‍, ഡോളറിനുണ്ടായിരുന്ന സ്വര്‍ണ പിന്‍ബലം പൂര്‍ണമായും പിന്‍വലിച്ചു. എന്നിട്ടവര്‍ അഹങ്കാരത്തോടെ പറഞ്ഞു: 'ഡോളര്‍ സ്വര്‍ണത്തേക്കാള്‍ മൂല്യമുള്ളതാണ്.' എന്നാല്‍ ഏതിനാണ് മൂല്യം എന്ന് 2008-ലെയും 2011-ലെയും ഡോളര്‍-സ്വര്‍ണ അനുപാതം പരിശോധിച്ചാല്‍ എളുപ്പത്തില്‍ മനസ്സിലാകും.
2008 മുതല്‍ തന്നെ പലരും നിക്ഷേപം ഡോളറില്‍ നിന്ന് സ്വര്‍ണത്തിലേക്ക് മാറ്റിക്കൊണ്ടിരുന്നു. ഈ പ്രതിസന്ധി കൂടി കടന്നുവന്നതോടെ അമേരിക്കന്‍ ട്രഷറി സെക്യൂരിറ്റികളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള ചൈനയടക്കം (2011 മെയിലെ അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്ക് പ്രകാരം 1159 ബില്യന്‍ ഡോളര്‍) സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റുന്നതിനെ കുറിച്ചാണ് ആലോചിച്ചുകൊണ്ടിരിക്കുന്നത്. അതുകൂടി സംഭവിച്ചുകഴിഞ്ഞാല്‍ ജി.ഡി.പിയുടെ 74 ശതമാനം കടമുള്ള അമേരിക്ക എങ്ങനെ മുന്നോട്ടുപോകുമെന്ന് കണ്ടറിയേണ്ടിവരും. ഇനി അമേരിക്ക തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ലോകത്ത് ഏതാണ്ടെല്ലാ രാഷ്ട്രങ്ങളും പ്രതിസന്ധിയിലാവുകയും ചെയ്യും. അമേരിക്കന്‍ സെക്യൂരിറ്റികള്‍ വാങ്ങിക്കൂട്ടിയതില്‍ നമ്മുടെ ഇന്ത്യക്കുമുണ്ട് 14-ാം സ്ഥാനം (41 ബില്യന്‍ ഡോളര്‍). പ്രതിസന്ധി ഇന്ത്യന്‍ സാമ്പത്തിക രംഗത്തെയും സാരമായി തന്നെ ബാധിക്കാനാണ് സാധ്യത.

ഇനി എങ്ങോട്ട്?
ആഗോളസാമ്പത്തിക രംഗം ദിശാബോധം നഷ്ടപ്പെട്ട അവസ്ഥിയിലാണിപ്പോള്‍. നിരന്തരം പ്രതിസന്ധികള്‍ നേരിടുന്ന ലോക സാമ്പത്തിക ശക്തിയായ അമേരിക്കയെ താങ്ങി നിര്‍ത്തുകയാണ് മറ്റു രാഷ്ട്രങ്ങള്‍. പല സാമ്പത്തിക വിദഗ്ധരും അടുത്ത സാമ്പത്തിക ശക്തിയാകുമെന്ന് പ്രവചിക്കുന്ന ചൈനയാണ് അമേരിക്കന്‍ സെക്യൂരിറ്റികളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപിച്ചത്. ചൈനയുടെ കൈയിലും മുതലാളിത്തത്തിന്റെ കോപ്പുകളല്ലാതെ മറ്റൊന്നും ഇല്ലെന്നര്‍ഥം.
2008 സെപ്റ്റംബര്‍ മുതല്‍ അമേരിക്ക പ്രശ്‌നപരിഹാരത്തിനായി ചില പുറം മിനുക്കുപണികള്‍ മാത്രമാണ് ചെയ്തുവരുന്നത്. എന്നാല്‍, അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനമായ മുതലാളിത്തത്തിന്റെ തകരാറുകളാണ് പരിഹരിക്കേണ്ടതെന്ന ചര്‍ച്ചകള്‍ കാര്യമായി എവിടെയും നടക്കുന്നില്ല. അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തേടത്തോളം കാലം സാമ്പത്തിക അച്ചുതണ്ട് ചൈനയിലേക്കോ മറ്റാരിലേക്കെങ്കിലുമോ മാറ്റിയത് കൊണ്ട് കാര്യമായ ഫലമൊന്നുമുണ്ടാവില്ല.
ഇന്ന് ലോകം അന്വേഷിക്കുന്നത് നല്ല കെട്ടുറപ്പുള്ള ഒരു സാമ്പത്തിക വ്യവസ്ഥയാണ്. പലിശയിലും ഊഹക്കച്ചവടത്തിലും അധിഷ്ഠിതമായ മുതലാളിത്തം കാറ്റിലും കോളിലും പെട്ട് ആടിയുലയുകയാണ്. സാമ്പത്തിക രംഗം ചൂഷണമുക്തമാക്കി സാമ്പത്തിക സമത്വം കൈവരിക്കാന്‍ കച്ചകെട്ടിയിറങ്ങിയ കമ്യൂണിസം സാമ്പത്തിക രംഗത്തെ മുരടിപ്പിക്കുകയാണ് ചെയ്തതെന്ന് ചരിത്രം. ഇനി നമ്മുടെ ലോകത്ത് പരീക്ഷിക്കാന്‍ ഒന്നേ ബാക്കിയുള്ളൂ. ഇസ്‌ലാമിന്റെ പലിശരഹിത സാമ്പത്തിക രീതികള്‍.
ഫിനാന്‍സ് രംഗത്ത് ഇസ്‌ലാമിന്റെ സാമ്പത്തിക രീതികള്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. പരീക്ഷിച്ചേടത്തൊക്കെ നല്ല പ്രതികരണങ്ങളാണ് ഇസ്‌ലാമിക് ഫിനാന്‍സിന് ലഭിച്ചിട്ടുള്ളത്. നിര്‍ണായകമായ ഈ സന്ദര്‍ഭത്തില്‍ ഇസ്‌ലാമിന്റെ സാമ്പത്തിക കാഴ്ചപ്പാടുകളെ രാഷ്ട്രങ്ങള്‍ക്ക് സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനമാക്കി പരീക്ഷിച്ചുനോക്കാവുന്നതാണ്. ചില മുസ്‌ലിം രാഷ്ട്രങ്ങളില്‍ സാമ്പത്തിക രംഗം പൂര്‍ണമായി ഇസ്‌ലാമികവത്കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട് (ഉദാ: ഇറാന്‍, പാകിസ്താന്‍, സുഡാന്‍). ഇത് മറ്റു നാടുകള്‍ക്കും മാതൃകയാക്കാവുന്നതാണ്.
[email protected]

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം