Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 27

തിമിംഗലങ്ങളാവാനുള്ള തത്രപ്പാടുകള്‍

'കമലാ സുറയ്യയുടെ ഭൗതികശരീരം' എന്ന ചോദ്യോത്തര പംക്തിയിലെ കുറിപ്പ് വായിച്ചു (ലക്കം 5). മാധ്യമം, കലാകൗമുദി, മാതൃഭൂമി, മലയാളം ന്യൂസ് എന്നിവയെല്ലാം ഈ വിഷയം പോയവാരങ്ങളില്‍ ചര്‍ച്ചചെയ്തിരുന്നു. കലാകൗമുദി കുറച്ചെങ്കിലും മാന്യത പുലര്‍ത്തി. വര്‍ത്തമാന സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ശീലിച്ചുവരുന്ന മാതൃഭൂമി വീണ്ടും പഴയ ആഢ്യസംസ്‌കാരത്തിലേക്ക് തിരിച്ചുപോവുകയാണെന്ന് തോന്നി. തീരെ അപഹാസ്യമായിരുന്നു നിര്‍മല്‍കുമാറിന്റെ എഴുത്ത്. ചെറുമീനുകള്‍ക്ക് തിമിംഗലങ്ങളാവാനുള്ള വ്യാമോഹമാണ് ഇത്തരം വില കുറഞ്ഞ ജല്‍പനങ്ങള്‍ക്ക് പിറകിലുള്ളത്.
അപരാധവും നിരപരാധിത്വവും കൂടിക്കുഴഞ്ഞ ഒരു ജീവിതത്തിന്റെ കനല്‍ചിത്രങ്ങളായിരുന്നു മാധവിക്കുട്ടിയുടേത്. ആ വലിയ മനസ്സിന്റെ 'ദേവീപ്രസാദം' ഇന്ന് നമ്മോടൊപ്പമില്ല. പിന്നെന്തിനീ വിധ കുറ്റപ്പെടുത്തലുകള്‍, വൃണത്തില്‍ കുത്തി നോവിക്കലാണ് മലയാളിയുടെ എപ്പോഴത്തെയും ആനന്ദം. നമ്മള്‍ മാധവിക്കുട്ടിയെ പഠിച്ചില്ല. അവിടെയാണ് പ്രശ്‌നത്തിന്റെ ഉപരിതല ആഴം കിടക്കുന്നത്. ബാഹ്യ പ്രകടനം പ്രചരിപ്പിക്കാനാണ് നമുക്കിഷ്ടം. ഉദര നിമിത്തം ബഹുകൃത വേഷം കെട്ടുന്ന ഉണ്ണിപ്പൂവാലന്മാരുടെ ജല്‍പനങ്ങളാണ് നമുക്ക് വേദവാക്യം.
'എല്ല് പൊട്ടിച്ചാല്‍ സാരവത്തായ മജ്ജ കിട്ടുമെന്ന്' അഭിപ്രായപ്പെട്ട ക്രിസ്തീയ സന്യാസിയുടെ കാഴ്ചപ്പാടിനോളം വിലമതിക്കപ്പെടേണ്ടതായിരുന്നു മാധവിക്കുട്ടി. ഭോഗതൃഷ്ണക്ക് വേണ്ടി മാത്രം ജീവിച്ചു, അന്യതാ മതം മാറിയ കേവലമൊരു സ്ത്രീയായി കമലാദാസിനെ ചുരുക്കിക്കെട്ടുന്നത് തീരെ അവബോധമില്ലായ്മയാണ്.
കാലാതിവര്‍ത്തിയായ നിഷ്‌കളങ്ക ഭാഷയുടെ വരദാനമായിരുന്നു മാധവിക്കുട്ടി. മനുഷ്യരൂപം പൂണ്ട ശുദ്ധപ്രകൃതിയുടെ ഈശ്വരാവതാരം. അതുകൊണ്ടാണ് വെറുതെ ഓരോന്ന് പറഞ്ഞ് രസിച്ചിരിക്കാന്‍ കമലാദാസിന് കഴിഞ്ഞത്. ആര്‍ക്കും എപ്പോഴും തുറന്നു വായിക്കാവുന്ന ഒരു പ്രത്യാശയുടെ പാഠ വേദപുസ്തകം...
കാളിദാസ കാവ്യങ്ങളുടെ മാധുര്യം നുകര്‍ന്ന് വളര്‍ന്ന ബാലാമണിയമ്മയുടെ മുലപ്പാലായിരുന്നു ജ്ഞാനത്തിന്റെ ദേവതയായ മാധവിക്കുട്ടിയുടെ ശക്തിയും ശിക്ഷണവും. സര്‍ഗചേതനയുടെ ഉദാത്ത വിസ്മയം തീര്‍ത്തിരുന്ന അക്ഷരങ്ങളുടെ രാജകുമാരിയെ നീചവും നിന്ദ്യവുമായ ഭാഷയില്‍ ചിലര്‍ അപകീര്‍ത്തിപ്പെടുത്തുന്നത് എന്തുകൊണ്ടായിരിക്കാം? മനസ്സാക്ഷിക്കുത്ത് ഇല്ലാതെ പോയതാകുമോ? ആരുടെയോ കപട സാഹസികത ഇതിന്റെയൊക്കെ പിറകിലുണ്ട്. ഏതോ അനന്തതയിലേക്ക് കണ്ണും നട്ട് നടന്നകലുന്ന ദേഹവിയോഗിനിയോട് ഈവിധം അനുസരണക്കേട് പ്രകടിപ്പിക്കുകയോ!
മലയാളികള്‍ ധാര്‍മികവും സുഖകരവുമായ പക്വതയാണ് സംസ്‌കാരമെന്ന് അറിയാത്തവരല്ല. പ്രതികരിക്കില്ലെന്നറിഞ്ഞുകൊണ്ട് തന്നെയായിരുന്നു പ്രതികാരം. പൂര്‍വസൂരികളോടുള്ള കടപ്പാട് വിസ്മരിച്ച് ലൗകിക സുഖം കടം കൊള്ളുന്നത് മാനവ മൂല്യങ്ങളോടുള്ള തികഞ്ഞ കളങ്കമാണ്. മൃത്യു പൂകിയവരോടല്ല, ജീവിച്ചിരിക്കുന്നവരോടാണ് നാം ശൗര്യം പ്രകടിപ്പിക്കേണ്ടത്.
അനശ്വരത പ്രാപിക്കാന്‍ ഓരോ മനുഷ്യനും ആഗ്രഹിക്കുന്നുണ്ട്. കമലാ സുറയ്യയും അത് കൊതിച്ചിട്ടുണ്ടാവണം. ഒരാളോട് പോലും പരുഷമായി പെരുമാറിയിട്ടില്ലാത്ത മാധവിക്കുട്ടിയുടെ ജീവിതവും മരണവും വേറിട്ട അനുഭവമായതും ഒരു പക്ഷേ ഈ അനന്തസാധ്യത കൊണ്ടുതന്നെയാണ്.
തല മറന്നെണ്ണ തേക്കരുത്. മലയാളിയുടെ അഭിമാനമായിരുന്നു മാധവിക്കുട്ടി. രാജ്യത്തിന് പുറത്ത് അറിയപ്പെടുന്ന ഏക വിശ്വപ്രശസ്ത എഴുത്തുകാരി. സരസ്വതിയൊന്നുമല്ലാത്ത ഒരു ഇംഗ്ലീഷുകാരി മെരിലിയോവസ്‌ബോര്‍ഡിന്റെ അവിവേകം പകര്‍ത്തിയെഴുതി ഇമ്മിണി വല്യ ഒന്നാവാന്‍ വെമ്പുന്നത് വിഷയദാരിദ്ര്യം കൊണ്ടല്ലാതെ മറ്റൊന്നുമല്ല. ചെറുമീനുകള്‍ തിമിംഗലങ്ങളാവാന്‍ കൊതിക്കുന്ന അതിമോഹമാണത്. വിവാദങ്ങള്‍ സര്‍ഗാത്മക ലോകത്ത് പുത്തരിയല്ല. എങ്കിലും എഴുത്തുകാരന്റെ ഔചിത്യബോധം പണയത്തിലാവരുത്.
വിചാരശുദ്ധനും ബോധവാനുമായൊരു നിരൂപകന്റെ സത്യം കണ്ടെത്താനുള്ള പ്രയാണമാവണം വിമര്‍ശനം. സമൂഹത്തില്‍ സമര്‍ഥമായി കൊണ്ടാടപ്പെടുന്ന വിഷവിത്തുകള്‍ പിഴുതെറിയുന്നതിനാവണം. ദുരഭിമാനം കൊള്ളലാവരുത്. വ്യക്തിഹത്യ ആരോഗ്യകരമായ സാഹിത്യ ചര്‍ച്ചയല്ല. കാമവിഭ്രാന്തിയുടെ വിലോഭ ഭാവങ്ങളെ മാധവിക്കുട്ടി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പെണ്ണ് സംശുദ്ധയായ സൗന്ദര്യമാണെന്നറിഞ്ഞുകൊണ്ട് തന്നെയായിരുന്നു ഈ ആശയ പ്രകാശനം. നദീ സമാനങ്ങളായ കഥകളൊരുക്കാന്‍ ഈ സാമര്‍ഥ്യം ഏറെ പ്രയോജനപ്പെടുകയും ചെയ്തു.
മാനുഷിക പ്രശ്‌നങ്ങളായിരുന്നു ആ വലിയ മനസ്സിന്റെ ആധി. ഉള്ളത് മുഴുവന്‍ പലര്‍ക്കും ഊരിക്കൊടുത്ത വിശ്വ തപസ്വിനി. വീതിച്ചു കിട്ടിയ കുടുംബ സ്വത്ത് പോലും അക്ഷരങ്ങള്‍ക്ക് ദാനംചെയ്ത കാവ്യ മനസ്സ് ആദരവര്‍ഹിക്കില്ലെന്നോ? ആഡംബരമായിരുന്നില്ല, ക്ലേശപൂരിതമായിരുന്നു ജീവിതം. മലയാളിയുടെ കപട സദാചാര ബോധത്തെ വെല്ലുവിളിച്ചതാവാം ചെയ്തുപോയ അപരാധം. 'എന്റെ കഥ'യേക്കാള്‍ അശ്ലീല കൃതികള്‍ വിശ്വസാഹിത്യത്തിലുണ്ട്. അതാരും മറക്കരുത്.
ലോകം ഒരു കവയിത്രിയെ നിര്‍മിച്ചത് നിരൂപകന്റെയോ ഗ്രന്ഥകാരിയുടെയോ ഔദാര്യം കൊണ്ടല്ല, വിശ്വശാന്തിയുടെ ഉടമയായതുകൊണ്ടാണ്. പഠിച്ചു മറന്ന ഭാഷയാവാന്‍ മാത്രം കാലം അത്രയൊന്നും വിസ്മൃതിയിലാണ്ട് പോയിട്ടില്ല. ആ വസന്തോത്സവം മുന്നിലിരുന്നിപ്പോഴും ജ്വലിക്കുന്നുണ്ട്. ആരായാലും വിത്തെടുത്ത് കുത്തരുത്. സംസ്‌കാരം ഉറുമ്പരിക്കലാവും ഫലം. കാലമാണിവിടെ പ്രതിക്കൂട്ടിലാവുന്നത്, മലയാള ഭാഷയാണ് അപമാനിക്കപ്പെടുന്നത്. ശുദ്ധ മനസ്സിന്റെ ആഗോള യാഥാര്‍ഥ്യത്തിന് നേരെയാണ് കല്ലെറിയുന്നത്. മതപരിവര്‍ത്തനം അത്ര വലിയ അപരാധമോ? ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതത്തിലഭയം തേടിയ ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്തുകൊണ്ട് ചര്‍ച്ച ചെയ്യപ്പെടുന്നില്ല? വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണത്. മത പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ച പ്രതിഭാശാലികള്‍ അനേകമുണ്ട്. മാനവിക ക്ഷേമമാവണം ഓരോ മതത്തിന്റെയും ആധാരം. ആരെങ്കിലും കൊന്നുകളയുമെന്നുള്ള ഭയമായിരുന്നില്ല സത്യാന്വേഷിണിയുടെ ഇസ്‌ലാമാശ്ലേഷം. 'പരോപകാര പുണ്യായ പാപായ പരപീഡനം' അത്രയേയുള്ളൂ മതം. ബാലാമണിയമ്മ കുറിച്ചിട്ടതാണത്. എളിമയും ശുദ്ധിയും സ്‌നേഹവും ചേര്‍ന്ന മാധവിക്കുട്ടിയുടെ നീണ്ട കഥയാണിത്. റൂസ്സോ അഭിപ്രായപ്പെട്ടതുപോലെ 'പിഴച്ചാല്‍ പ്രകൃതി തന്നെ ശിക്ഷിച്ചുകൊള്ളും'. പിന്നെ നാമെന്തിന് വേദനിക്കണം?
വി.കെ.എം കുട്ടി
ഈസ്റ്റ് മലയമ്മ, ആര്‍.ഇ.സി

ചോന്തുണി മുസ്‌ലിയാര്‍!
ടി.കെ അബ്ദുല്ലയുടെ ഓര്‍മക്കുറിപ്പില്‍ മര്‍ഹൂം വി.കെ.എം ഇസ്സുദ്ദീന്‍ മൗലവിയെ പരാമര്‍ശിച്ചുകണ്ടു. എന്റെ നാടുമായി മൗലവിക്കുള്ള ബന്ധത്തെപ്പറ്റി ചിലത് പറയാം: പറവണ്ണ പള്ളി ദര്‍സില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഉന്നത നേതാവായിരുന്ന മര്‍ഹൂം ഇസ്സുദ്ദീന്‍ മൗലവിയും പഠിച്ചിരുന്നു. അദ്ദേഹം ദര്‍സിലെ വിദ്യാര്‍ഥികള്‍ക്ക് മറക്കാന്‍ പറ്റാത്ത വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു. കാരണം, ദര്‍സില്‍ കിത്താബ് ഓതുന്ന മുത്തഅല്ലിമീങ്ങള്‍ വെള്ള വസ്ത്രധാരികളായിരുന്നു. അത് ഇന്നും തുടരുന്നു. ഇതിന് വിപരീതമായി ഒരു ബനിയനും തോര്‍ത്തുമുണ്ടും ചുകന്ന ചിനായി തുണിയുമായിരുന്നു മൗലവിയുടെ വേഷം. ഇക്കാരണത്താല്‍ മൗലവിയെ ചോന്തുണി മുഹമ്മദ് മുസ്‌ലിയാര്‍ എന്നാണ് വിളിച്ചിരുന്നത്. ഈ വിവരം മൗലവി തന്നെ ഈയുള്ളവനോട് പറഞ്ഞിട്ടുണ്ട്. മറ്റൊരു സംഭവം: മൗലവിയുടെ സഹപാഠിയും പറവണ്ണ സ്വദേശിയുമായ മര്‍ഹൂം ഏനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, എന്റെകൂടെ മൗലവിയെ കണ്ടപ്പോള്‍ ഇതാരെന്ന് അന്വേഷിച്ചു. ഞാന്‍ പറഞ്ഞു: ''വി.കെ.എം ഇസ്സുദ്ദീന്‍ മൗലവി.'' ഇത് കേട്ടമാത്രയില്‍ 'നിന്റെ ഒരു ഇസ്സുദ്ദീന്‍' എന്നു പറഞ്ഞ് കോപിച്ചു. തദവസരം മൗലവി പറഞ്ഞു: ''താനൊന്ന് മാറിനില്‍ക്കൂ. ഞങ്ങള്‍ വൃദ്ധന്മാര്‍ തമ്മില്‍ സംസാരിക്കട്ടെ. ഞാന്‍ ചോന്തുണി മുഹമ്മദ് മുസ്‌ലിയാരാണ്.'' ഇത് കേള്‍ക്കേണ്ട താമസം അവര്‍ തമ്മില്‍ കെട്ടിപിടിച്ചു. അപ്പോള്‍ മൗലവി എന്നോട് ചോദിച്ചു: ''നിന്റെ ഇസ്സുദ്ദീനോ, എന്റെ ചോന്തുണിയോ വിജയിച്ചത്?'' മദ്‌റസ, പള്ളി എന്നിവ നിര്‍മിക്കാനുള്ള ധനശേഖരണത്തിന് വേണ്ടി 'സമസ്ത'യുടെ കാര്യദര്‍ശിയായിരുന്ന മര്‍ഹൂം കെ.പി.എ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ (പറവണ്ണ) ഇസ്സുദ്ദീന്‍ മൗലവിയെ കൊണ്ട് നിരവധി പ്രാവശ്യം മതപ്രസംഗം നടത്തിച്ചതായും ഓര്‍ക്കുന്നു. ഏതായാലും മറക്കാന്‍ പറ്റാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്ന് വീണ്ടും ഉണര്‍ത്തട്ടെ.
കെ.വി.ഒ അബ്ദുര്‍റഹ്മാന്‍
പറവണ്ണ

 


ഭാഷാ പ്രശ്‌നവും സ്‌കൂള്‍ പ്രശ്‌നവും
പഴയ കാര്യങ്ങള്‍, ആ കാര്യങ്ങളുമായി ബന്ധപ്പെട്ട പുതിയ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടും അവയെ പ്രശ്‌നവത്കരിച്ചുകൊണ്ടും ഉന്നയിക്കുമ്പോഴാണ് അത് നവീനവും സന്ദര്‍ഭോന്മുഖവും പുരോഗമനപരവും ആകുന്നത്. പഴയ കാര്യങ്ങളെ കേവലമായി, ഒരു ഓര്‍മപ്പെടുത്തല്‍ എന്ന നിലയില്‍ കൈകാര്യം ചെയ്യുമ്പോള്‍ സംഭവിക്കുന്നത് ആ കാര്യവുമായി ബന്ധപ്പെട്ട പുതിയ പ്രശ്‌നങ്ങളെ മറച്ചുപിടിക്കലാണ്. സര്‍ക്കാര്‍-എയിഡഡ് മേഖലകളില്‍ നിന്ന് സ്‌കൂളുകള്‍ അന്യംനിന്ന് പോകുമ്പോള്‍ അറബിഭാഷ പഠിക്കുന്നവര്‍ ഉള്‍പ്പെടെ സ്‌കൂള്‍ അധ്യാപകരും പെരുവഴിയിലാകുന്നു എന്നതാണ്, അറബി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളില്‍ പഠിക്കുകയും അത് പഠിപ്പിച്ച് ശമ്പളം വാങ്ങി ജീവിക്കുകയും ചെയ്യുന്ന സമൂഹത്തെ സംബന്ധിച്ച പുതിയ പ്രശ്‌നം. സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള പൊതുവിദ്യാഭ്യാസ സമ്പ്രദായവും വ്യവസ്ഥയും തകരുന്നതിലൂടെ സംഭവിക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ ലക്കം 10-ലെ ജമീല്‍ അഹ്മദിന്റെ 'ഇങ്ങനെയോരോന്ന്' ചിന്തയില്‍ ഉണ്ടായില്ല. അദ്ദേഹത്തിന്റെ ചിന്ത കുഴപ്പമുള്ളത് എന്നല്ല. അതിന്റെ വായന പക്ഷേ, സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ അറബി ഉള്‍പ്പെടെയുള്ള ഭാഷകളും മറ്റു വിഷയങ്ങളും പഠിപ്പിക്കുന്ന അധ്യാപകര്‍ നേരിടുന്ന പുതിയ വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും മറച്ചുപിടിക്കുന്നു. മഹല്ലുകള്‍ കേന്ദ്രീകരിച്ചും അവയുടെ ആഭിമുഖ്യത്തിലും പഴയതും പുതിയതും ഇനിതുടങ്ങാനിരിക്കുന്നതുമായ അണ്‍എയിഡഡ് സ്‌കൂളുകളുടെ സാംഗത്യത്തിനും സാധ്യതക്കും വളര്‍ച്ചക്കും ആവശ്യമായ പ്രത്യയശാസ്‌ത്രോല്‍പാദനവും വിതരണവും നടത്തുന്ന അറബി അധ്യാപകരെയും അതില്‍ നിന്ന് റിട്ടയര്‍ ചെയ്തവരെയും കാണാം. അത്തരം ഐറണിയെ ലജ്ജാശൂന്യമായി, മനസ്സാക്ഷിക്കുത്തേതുമില്ലാതെ വിഴങ്ങുന്നതുള്‍പ്പെടെ ഈ പ്രശ്‌നത്തിന്റെ വിശദാംശങ്ങള്‍ ആലോചനക്കും ചര്‍ച്ചക്കും മുമ്പില്‍ നിവര്‍ത്തിപ്പിടിക്കേണ്ടതുണ്ട്.
അഹ്മദ് അശ്‌റഫ് മുടിക്കല്‍

 


ചരിത്രത്തെ അനുസ്മരിക്കുക തന്നെ വേണം
ജമീല്‍ അഹ്മദ് എഴുതിയ 'ചരിത്രത്തെ ഓര്‍ത്തെടുക്കുന്നതില്‍ ഭയപ്പാടെന്തിന്?' എന്ന കുറിപ്പ് (ജൂലൈ 23) വായിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എം. ഗംഗാധരന്‍ എഴുതിയ ലേഖനത്തില്‍, മാപ്പിള ലഹളയെ മലപ്പുറത്തെ മുസ്‌ലിംകള്‍ അതിരുകവിഞ്ഞ് അനുസ്മരിക്കുന്നു എന്ന് ആക്ഷേപിച്ചിരുന്നു. ആധുനിക ഇന്ത്യാ ചരിത്രത്തില്‍ തുല്യതയില്ലാത്ത സമരവും അയ്യായിരത്തോളം വരുന്ന മുസ്‌ലിം ജനങ്ങളുടെ ജീവത്യാഗത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന സ്വാതന്ത്ര്യസമരവുമായിരുന്നു അത്. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ച സിഖുകാരെ ജാലിയന്‍വാലാ ബാഗില്‍ കൂട്ടക്കൊല ചെയ്തില്ലേ? സിഖുകാര്‍ പരാജയപ്പെട്ടെങ്കിലും ഇപ്പോഴും നമ്മള്‍ ആ സംഭവം അനുസ്മരിക്കുന്നു. കുറച്ചു ആദിവാസികളെ വെച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പട നയിച്ച് ഒടുവില്‍ പിടിക്കപ്പെടുമെന്ന് കരുതിയപ്പോള്‍ ആത്മഹത്യ ചെയ്ത പഴശ്ശിരാജയെയും നമ്മള്‍ അനുസ്മരിക്കുന്നു. പോര്‍ച്ചുഗീസുകാര്‍ക്കെതിരായി യുദ്ധം നയിച്ച കുഞ്ഞാലിമരക്കാര്‍മാരെയും ബ്രിട്ടീഷുകാര്‍ക്കെതിരായി ആധുനിക സൈനിക സന്നാഹത്തോടെ യുദ്ധം നയിച്ച ടിപ്പുസുല്‍ത്താനെയും നമ്മള്‍  അനുസ്മരിക്കണം. അല്ലാതെ ബ്രിട്ടീഷുകാര്‍ക്ക് കപ്പം കൊടുത്ത് നാട്ടുകാരെ പീഡിപ്പിപ്പ് ഭരിച്ച കൊച്ചിയിലെയും തിരുവിതാംകൂറിലെയും തമ്പുരാക്കന്മാരെയല്ല നമ്മള്‍ അനുസ്മരിക്കേണ്ടത്.
കൊടക്കാട്ടില്‍ ഹസ്സന്‍
ഒറ്റപ്പാലം

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം