ശീഈ-സുന്നി ദ്വന്ദ്വവും <br>സമകാലിക മുസ്‌ലിം രാഷ്ട്രീയവും
ശീഈ -സുന്നി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് മുസ്‌ലിം ഐക്യം എന്ന മഹാ നന്മ മുന്‍ നിര്‍ത്തി പലരും പങ്കുവെക്കുന്ന വിചാര വികാരങ്ങള്‍ക്കൊന്നും പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്നും ശീഈ -സുന്നീ തര്‍ക്കം ശാഖാപരമല്ല അടിസ്ഥാനപരമാണെന്നും സ്ഥാപിച്ച് പ്രബോധനം പ്രസിദ്ധീകരിച്ച പഠനം (എം.വി മുഹമ്മദ് സലീം, 'സുന്നികളും ശിഈകളും ഭിന്നത ശാഖാപരമല്ല', ലക്കം 2869) വായിച്ചപ്പോള്‍ ചിലത് കുറിക്കണമെന്ന് തോന്നി. മുസ്‌ലിം ലോകത്ത് വിഭാഗീയ സംഘര്‍ഷങ്ങളുടെ പേരില്‍ കബന്ധങ്ങള്‍ കുമിഞ്ഞു കൂടുന്ന ഒരു പശ്ചാത്തലത്തില്‍ ഹൃദയ വേദന കൊണ്ട് പിടയുന്ന ഏതൊരു മനുഷ്യനും കൊതിച്ചു പോകുന്ന ഐക്യം ഒരിക്കലും സാധ്യമല്ല എന്ന്, അനുഭവസ്ഥനായ ഒരു പണ്ഡിതന്‍ പറയുമ്പോള്‍ ആശ്ചര്യവും വേദനയും തോന്നുന്നു.
വിഷം പുരണ്ട പ്രചാരണങ്ങള്‍; കാലം തേടുന്ന സംയമനം
ശീഈകള്‍ക്കെതിരെ സുന്നീ ലോകത്തും സുന്നികള്‍ക്കെതിരെ ശീഈ ലോകത്തും നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളുടെ ആഴം എത്രമാത്രം ഗുരുതരമാണെന്ന് ഈയുള്ളവന് ബോധ്യപ്പെട്ടത് ക്ലാസ് മുറികളില്‍ നിന്നാണ്. മലേഷ്യ പൊതുവെ ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന രാജ്യമായിട്ടും ഞങ്ങളുടെ യൂനിവേഴ്‌സിറ്റിയുടെ ചുമരുകളിലും പത്രകോളങ്ങളിലും അടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ട ചില പോസ്റ്ററുകളും പ്രസ്താവനകളും ലേഖനങ്ങളും ഏറെ അസ്വസ്ഥതയുളവാക്കുന്നതായിരുന്നു. കടുംപിടുത്തം തീര്‍ത്തും അന്യമായ മലേഷ്യയില്‍ ശീഈ - സുന്നീ പ്രശ്‌നത്തെ മുന്‍നിര്‍ത്തി കാമ്പയിന്‍ നടത്തിയവര്‍ 'ഇതാ പുലി വരുന്നേ' എന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. ഈ പ്രചാരണം പകര്‍ന്നു കൊടുത്ത അറിവുകള്‍ എന്തു മാത്രം അന്ധവും കുടിലവുമാണെന്ന് ചില മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ചോദ്യങ്ങളില്‍ നിന്ന് ഊഹിക്കാനായി. അലി(റ)ക്ക് ലഭിക്കേണ്ട പ്രവാചകത്വം തട്ടിയെടുത്തയാളാണ് മുഹമ്മദ് നബി(സ), വിവാഹേതര സ്ത്രീ-പുരുഷ ബന്ധം അധാര്‍മികമല്ല, നിസ്‌കാരം മൂന്ന് നേരമാണ് എന്ന് തുടങ്ങി ശീഈ വിശ്വാസികളില്‍ മഹാ ഭൂരിഭാഗത്തിനും കേട്ട് പരിചയം പോലുമില്ലാത്ത കാര്യങ്ങളാണ് ശീഈ വിശ്വാസം എന്ന നിലക്ക് പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നത്.
ഇത്തരം പ്രചാരണങ്ങള്‍ സമൂഹത്തെ എപ്രകാരം പ്രതികൂലമായി ബാധിച്ചു എന്ന് തിരിച്ചറിയാന്‍ ഉപകരിക്കുന്ന ഒരു ലേഖനം The Malaysian Link to Terror in Syria എന്ന പേരില്‍ ആത്മവിമര്‍ശനത്തിന്റെ ഭാഷയില്‍ പ്രശസ്ത എഴുത്തുകാരന്‍ ചന്ദ്രമുസഫര്‍ ഈ അടുത്ത് എഴുതുകയുണ്ടായി(http://www.just-international.org/mediastatement/the-malaysian-link-to-terror-in-syria). ഭരണകൂടത്തോട് ഏറ്റവും സൗമ്യമനോഭാവം വെച്ചുപുലര്‍ത്തുന്ന ചന്ദ്രമുസഫര്‍ ആഗോള ഭീകര പ്രവര്‍ത്തനങ്ങളുടെ കണ്ണികളില്‍ ചില മലേഷ്യന്‍ ചെറുപ്പക്കാര്‍ അകപ്പെട്ട പശ്ചാത്തലത്തിലാണ്, കഴിഞ്ഞ രണ്ടര വര്‍ഷമായി പൊതുസമൂഹം രാജ്യത്ത് നടത്തിയ ഒരു പ്രത്യേക ചിന്താധാരക്കെതിരെയുള്ള വിദ്വേഷ പ്രചാരണം ആരെയാണ് സഹായിച്ചത് എന്ന് ചൂണ്ടിക്കാട്ടാന്‍ ഉപര്യുക്ത ലേഖനം പ്രസിദ്ധീകരിച്ചത്. അറബ്-അറേബേതര ലോകത്ത് ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ട ശീഈ ഫോബിയ മുസ്‌ലിം ലോകത്ത് സൃഷ്ടിച്ച അപകടകരമായ സാഹചര്യത്തെ വിശകലനം ചെയ്യുന്നതും പൊതു ശത്രുവിനെതിരായ സായുധ ജിഹാദ് എന്ന അര്‍ഥത്തില്‍ സൃഷ്ടിക്കപ്പെട്ട പരികല്‍പനകള്‍ എന്തു മാത്രം അപകടകരമായിരിക്കും എന്ന് വിശദീകരിക്കുന്നതുമാണ് പ്രസ്തുത ലേഖനം.
ശീഈ ലോകത്ത് സുന്നി ഭൂരിപക്ഷത്തിനെതിരെ ശീഈകളെ തിരിച്ചുവിടാന്‍ അവരുപയോഗിക്കുന്നതും വിഷം പുരണ്ട നാവുകളും പേനകളും തന്നെയാണ്. പ്രസ്തുത നാവുകള്‍ക്ക് ബോംബ് സ്‌ഫോടനങ്ങളും ആത്മഹത്യാ സക്വാഡുകളും സൃഷ്ടിക്കാനുള്ള അത്യപൂര്‍വ സിദ്ധികളാണുള്ളത്. മസ്ജിദുകളിലും മാര്‍ക്കറ്റുകളിലും മനുഷ്യരക്തം ഒഴുകുന്നത് ഇത്തരം വിദ്വേഷ പ്രചാരണത്തില്‍ നിന്ന് ആവേശം കൊണ്ട ചെറുപ്പക്കാര്‍ 'സ്വര്‍ഗം തേടി' ഇറങ്ങിപ്പുറപ്പെട്ടതിനാലാണ്. ഈ വിദ്വേഷ പ്രചാരണം സൃഷ്ടിക്കുന്ന കടുത്ത പകയും രണോത്സുക പക്ഷപാതിത്വവും മുസ്‌ലിം ലോകം മുഴുക്കെ കുരുതിക്കളം തീര്‍ത്തുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍, അത് കണ്ട് ഇസ്‌ലാമിന്റെ ശത്രുക്കളും ഇസ്‌ലാമിന്റെ കപട വേഷം അണിഞ്ഞ് ശത്രുവിന് പച്ചപ്പരവതാനി വിരിക്കുന്നവരും സന്തോഷിക്കുന്നുണ്ട്; തീര്‍ച്ച. എന്നാല്‍ തപിക്കുന്ന മനസ്സുമായി ഒരാശ്വാസം ലഭിക്കാന്‍ വല്ല മാര്‍ഗവും ഉണ്ടോ എന്ന് അന്വേഷിക്കുകയാണ് ഇസ്‌ലാമിക നവജാഗരണത്തില്‍ വിശ്വസിക്കുന്ന, ഭൂമിയും ആകാശവും പുതിയ അസ്ഥിവാരത്തില്‍ പണിയപ്പെടണം എന്ന് ആഗ്രഹിക്കുന്നവരുടെ കടമ.
ഭിന്നതകള്‍ക്കിടയിലെ സമാനതകള്‍
ശീഈ-സുന്നി ഭിന്നത മുസ്‌ലിം ലോകത്ത് ചോരപ്പുഴകള്‍ സൃഷ്ടിക്കുമ്പോള്‍ അഭിപ്രായ ഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇരു കൂട്ടരും തമ്മിലെ പൊതു സമാനതകള്‍ തുറന്ന് കാട്ടി 'തആലൗ ഇലാ കലിമത്തിന്‍ സവാഇന്‍ ബൈനനാ വബൈനകും' എന്ന തത്ത്വത്തിലൂന്നി സമരസപ്പെടേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുമ്പോള്‍, ഒരിക്കലും തീരാത്ത അഭിപ്രായ ഭിന്നത അടിസ്ഥാനപരമായി തന്നെ ശീഈകള്‍ക്കും സുന്നികള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്നു എന്ന മറുവാദം ഉയര്‍ത്തുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. സമകാലിക പശ്ചാത്തലത്തില്‍ പ്രസ്തുത വാദം സൃഷ്ടിക്കുന്ന സാമൂഹിക രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതല്ലേ? പള്ളികളിലും തെരുവുകളിലും ആത്മഹത്യാ സ്‌ക്വാഡുകള്‍ ഇനിയും തുരു തുരാ പ്രത്യക്ഷപ്പെടും എന്നതില്‍ കവിഞ്ഞ് ഇസ്‌ലാമിന്റെയും ശരീഅത്തിന്റെയും ഏത് താല്‍പര്യത്തെയാണ് അവ പ്രതിനിധീകരിക്കുന്നത്?
ശീഈകളും സുന്നികളും രണ്ട് ചിന്താധാരയാണ് എന്നത് ശരി തന്നെയാണ്. എന്നാല്‍, തൗഹീദ്, രിസാലത്ത്, ആഖിറത്ത് തുടങ്ങിയ ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളില്‍ ഭിന്നതയില്ല എന്നിരിക്കെ ഭിന്നത ശാഖാപരമല്ല; അടിസ്ഥാനപരം എന്ന് പറയുന്നതിന്റെ യുക്തി എന്താണ്? തൗഹീദിന്റെയും രിസാലത്തിന്റെയും വിശദാംശങ്ങളില്‍ കൂട്ടിചേര്‍ക്കല്‍ നടത്തലാണ് ഇമാമത്ത് എന്ന് വാദിക്കാം. ഹാകിമിയ്യത്തിന്റെ വിഷയത്തില്‍ ഭിന്നിക്കുന്നവരും ഇതേ അളവ് കോല്‍ വെച്ച് ഇസ്‌ലാമിന്റെ പുറത്ത് നിര്‍ത്തപ്പെടേണ്ടിവരും എന്ന കാര്യം മറക്കാതിരുന്നാല്‍ മതി. ഹാകിമിയ്യത്തിലെ ഭിന്നത അടിസ്ഥാനപരം തന്നെ എന്ന് തറപ്പിച്ച് വിശ്വസിച്ച്, സയ്യിദ് ഖുത്വ്ബിന്റെ ഉദ്ധരണികളുടെ സഹായത്തോടെ തക്ഫീറിനും ഹിജ്‌റക്കും ഇറങ്ങിത്തിരിച്ച ഒരു സംഘം ചെറുപ്പക്കാരുണ്ടായിരുന്നു, ഈജിപ്തില്‍. ദുആത്തുന്‍ ലാ ഖുദാത്ത് എന്ന ഗ്രന്ഥം ഇഖ്‌വാന്റെ സാരഥി ഹസന്‍ ഹുദൈബിക്ക് രചിക്കേണ്ടിവന്നത് അത്തരമൊരു പശ്ചാത്തലത്തിലാണ്. പ്രബോധകരാണ്, വിധി തീര്‍പ്പ് കല്‍പിക്കുന്നവരല്ല നാം എന്ന ആ സുവര്‍ണ പ്രയോഗം ഒരായിരം തവണ ആവര്‍ത്തിക്കേണ്ട കാലം കൂടിയാണിത്.
നമുക്ക് തോന്നുന്ന ഏതൊരു ഭിന്നതയെയും ശാഖാപരമല്ല, അടിസ്ഥാനപരമാണ് എന്ന് ഖുര്‍ആനും സുന്നത്തും ഉപയോഗിച്ച് തന്നെ നമുക്ക് ചൂണ്ടിക്കാട്ടാനാവും. ഇസ്തിഗാസ, മഖ്ബറ സന്ദര്‍ശനം തുടങ്ങിയ എല്ലാറ്റിനും അത് ബാധകമാണ്. മാത്രമല്ല, ശാഖാപരം എന്ന് നാം ഇന്ന് വിലയിരുത്തുന്ന മുഅ്തസിലിസം അടിസ്ഥാനപരമായി ഇസ്‌ലാമിന് പുറത്താണെന്ന് പറഞ്ഞ് ഇബ്‌നു സീന, ഫാറാബി, ഇബ്‌നു റുശ്ദ് തുടങ്ങിയവരെയെല്ലാം ദീനിന് പുറത്ത് നിര്‍ത്തിയിട്ടുണ്ട് നക്ഷത്രങ്ങള്‍ കണക്കെ ജ്വലിച്ച് നിന്ന പൂര്‍വികരായ ചില പണ്ഡിതന്മാര്‍ എന്ന കാര്യവും നാം മറക്കരുത്. മുഅ്തസിലികളും അശ്അരികളും തമ്മിലെ ഭിന്നത ശാഖാപരമല്ല തൗഹീദുമായി ബന്ധപ്പെട്ട, അടിസ്ഥാനപരമായ ഭിന്നതയാണെന്ന് സ്ഥാപിക്കാന്‍ പൂര്‍വസൂരികളായ പണ്ഡിതന്മാര്‍ രചിച്ച നൂറുക്കണക്കിന് ഗ്രന്ഥങ്ങള്‍ നമുക്ക് ഉപയോഗിക്കാനുമാവും. ഈ ഭിന്നതകള്‍ അക്കാലത്ത് സൃഷ്ടിച്ച സംഘര്‍ഷങ്ങള്‍ കാരണം പൂര്‍വ സൂരികളായ ചില പണ്ഡിതന്മാര്‍ക്കെങ്കിലും കഠിനമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു എന്നതും സത്യമാണ്. ഇതെല്ലാം മുമ്പില്‍ വെച്ച് ചരിത്രത്തിന്റെ തടങ്കല്‍പാളയത്തില്‍ സ്വയം ബന്ധിതമായി ദീനിന് പുറത്തും അകത്തും നില്‍ക്കുന്നവരാരെന്ന് തീരുമാനിക്കാനും വിധിതീര്‍പ്പ് കല്‍പിക്കാനുമല്ല പില്‍ക്കാല ഇസ്‌ലാമിക ലോകം ശ്രമിച്ചത്. അക്കാരണത്താലാണ് മുഅ്തസിലി-അശ്അരി ഭിന്നത ഒരു സങ്കീര്‍ണ പ്രശ്‌നമായി ഇന്ന് മഹാ ഭൂരിഭാഗത്തിനും അനുഭവപ്പെടാത്തത്. മാത്രമല്ല, അടിസ്ഥാനപരമായ വിഷയങ്ങളിലുള്ള ഭിന്നതയില്‍ വരെ മുസ്‌ലിം ഐക്യം മുന്‍ നിര്‍ത്തി വിട്ടുവീഴ്ച ചെയ്യാമെന്ന് ഹാറൂന്‍ നബിയുടെ ചരിത്രമുദ്ധരിച്ച് വാദിക്കുന്നവരാണ് ശൈഖ് ഖറദാവിയുള്‍പ്പെടെയുള്ള(വിശദീകരണത്തിന് നോക്കുക: യൂസുഫുല്‍ ഖറദാവി, മുസ്‌ലിം ഐക്യം സാധ്യതയും സാധുതയും, ഐ.പി.എച്ച് കോഴിക്കോട്) പണ്ഡിതന്മാര്‍ എന്ന വസ്തുതയും ഇത്തരം നിലപാടുകളെ ഏറ്റവും പ്രോജ്വലമായി അവതരിപ്പിക്കുന്നവരാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ എന്ന സത്യവും നാം മറന്നുപോകരുത്. കാര്യങ്ങള്‍ ഇപ്രകാരമായിരിക്കെ നാം തന്നെ പലതവണ ആവര്‍ത്തിക്കുന്ന നിലപാടുകളെക്കുറിച്ച് മൗനം പാലിച്ചും അവഗണിച്ചും ഒരു പ്രത്യേക വിഷയത്തില്‍ മാത്രം മറ്റൊരു നിലപാട് സ്വീകരിക്കുന്നതിന്റെ യുക്തി, അതും പ്രസ്തുത നിലപാട് മുസ്‌ലിം ലോകത്തെ മഹാ ദുരന്തത്തിലേക്ക് തള്ളിയിടുമ്പോള്‍, സ്വീകരിക്കുന്നതിന്റെ താല്‍പര്യമാണ് മനസ്സിലാവാത്തത്.
ഇസ്‌ലാമിക പാരമ്പര്യത്തിലെ
കറുപ്പും വെളുപ്പും
നമുക്ക് യോജിക്കാനാവാത്ത നിലപാടുകള്‍ സ്വീകരിക്കുന്നവരുമായി സംവാദത്തിലേര്‍പ്പെടുമ്പോള്‍ ദീക്ഷിക്കേണ്ട ചില അടിസ്ഥാന തത്ത്വങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് മറു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഗരിമയുള്ള പണ്ഡിതന്മാര്‍ അവരുടെ നിലപാടുകളെ കുറിച്ച് പറയുന്നതാണ് അവരുടെ വാദം എന്ന് സൗമ്യമായെങ്കിലും സമ്മതിക്കുക എന്നത്. അല്ലാമാ ത്വബാ ത്വബാഇയും മുര്‍തസാ മുത്വഹരിയും ആലു കാശിഫുല്‍ ഗ്വിതായും ശരീഅത്തിയും ബാഖിര്‍ സദ്‌റുമൊക്കെ മുസ്‌ലിം ലോകത്തെ അറിയപ്പെടുന്ന ശീഈ വ്യക്തിത്വങ്ങളായിരിക്കെ അവര്‍ ശീഈസത്തെക്കുറിച്ച് എഴുതിയതും വിശദീകരിച്ചതുമെല്ലാം അടവ് നയമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ് ശീഈസത്തിലെ തന്നെ വിവിധ അന്തര്‍ധാരകളിലും ഉപശാഖകളിലും നിലനില്‍ക്കുന്ന വാദങ്ങളും വിശ്വാസങ്ങളും പരത്തിപ്പറഞ്ഞും വിശകലനം ചെയ്തും ഇതാണ് ശീഈസം എന്ന് പ്രചരിപ്പിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്?
ഇബ്‌നു സബഇനെയോ ഉമറിന്റെ ഘാതകരെയോ പുകഴ്ത്തുന്ന മേല്‍വിലാസമുള്ള ഏതെങ്കിലും ശീഈ പണ്ഡിതനെ ചൂണ്ടിക്കാണിക്കാനാവാത്തതിനാലാവാം യൂട്യൂബ് പ്രസംഗങ്ങളില്‍ നമുക്ക് അത് പരതേണ്ടിവരുന്നത്. വലിയ ഒരു ചിന്താധാരയായ ശീഈകളില്‍ നൂറ് കണക്കിന് അവാന്തര വിഭാഗങ്ങളുണ്ടെന്നിരിക്കെ, അവരില്‍ ചിലര്‍ ഇസ്‌നാ അശരിയ്യ, സൈദിയ്യ തുടങ്ങിയ പ്രബല ശീഈ വിഭാഗങ്ങളുടെ അഭിപ്രായത്തില്‍ ഇസ്‌ലാമിന്റെ തന്നെ പടിക്ക് പുറത്ത് നിര്‍ത്തപ്പെടേണ്ടവരായിരിക്കെ അവരിലൊക്കെ കാണുന്ന വിശ്വാസപരമായ വൈകല്യം ചൂണ്ടിക്കാണിച്ചും അത്തരക്കാരിലെ കടുംപിടുത്തക്കാരായ ചിലരുടെ പ്രഭാഷണങ്ങള്‍ നോക്കിയുമല്ല ഒരു വിഭാഗത്തെ വിലയിരുത്തേണ്ടത്. അങ്ങനെയാണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതെങ്കില്‍ ഖാദിയാനികള്‍, തുലൂഎ ഇസ്‌ലാം, അഹ്‌ലുല്‍ ഖുര്‍ആന്‍, നാഷന്‍ ഓഫ് ഇസ്‌ലാം തുടങ്ങി സുന്നീ ലോകത്ത് പ്രത്യക്ഷപ്പെട്ട, ഇസ്‌ലാമിക വിശ്വാസത്തില്‍ നിന്ന് ബോധപൂര്‍വം വ്യതിചലിച്ചവരെയും അല്ലാത്തവരെയും ചൂണ്ടിക്കാട്ടി ഇതാണ് സുന്നിസം എന്ന് മറ്റുള്ളവര്‍ക്കും പ്രചരിപ്പിക്കാനാവില്ലേ?
വിശ്വാസപരമായ വൈകല്യങ്ങള്‍ പല അളവിലുള്ളവര്‍ ഇരു ചിന്താധാരയിലുമുണ്ട്. ഖാദിയാനികളെ സുന്നീ ലോകം ഇസ്‌ലാമിന് പുറത്ത് നിര്‍ത്തുന്നത് പോലെ ഇസ്മാഈലിയ്യാ, ബാത്വിനി, ദ്രൂസുകള്‍ തുടങ്ങിയ, വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ച വിഭാഗങ്ങളെ ശീഈ ലോകവും ഇസ്‌ലാമിന് പുറത്താണ് നിര്‍ത്തുന്നത് (സയ്യിദ് മുഹമ്മദ് ഹുസൈന്‍ തബാതബാഇ (2010 ) ഷീഅയ്റ്റ് ഇസ്‌ലാം പേജ് 4652, ക്വാലാലംപൂര്‍, ഇസ്‌ലാമിക് ബുക് ട്രസ്റ്റ്). എന്നാല്‍, ഖബര്‍ പൂജ, മഖ്ബറ സന്ദര്‍ശനം, ഇസ്തിഗാസ, ഔലിയാക്കളുടെ കറാമത്തുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഭിന്നാഭിപ്രായമുണ്ടെങ്കിലും ഇസ്‌ലാമിന്റെ അടിസ്ഥാനത്തെ നിരാകരിക്കാത്തവര്‍ എന്ന പ്രതലത്തില്‍ നിന്നുകൊണ്ട് അനാചാരങ്ങളും അത്യാചാരങ്ങളും കൊണ്ടാടുന്ന എല്ലാ മുസ്‌ലിംകളെയും വിശാല ഉമ്മത്തിന്റെ ഭാഗമായി സുന്നി ലോകം പരിഗണിക്കുന്നുണ്ട്. ഇത് തന്നെയാണ് ശീഈകളുടെയും അവസ്ഥ. കര്‍ബലയില്‍ മാറത്തടിച്ച് നിലവിളിക്കുന്നവരെയും സുജൂദിന് പ്രത്യേക കല്ലെടുത്ത് നടക്കുന്നവരെയും അവര്‍ ഇസ്‌ലാമിന് പുറത്ത് നിര്‍ത്തുന്നില്ല എന്ന് കരുതി അതാണ് ശീഇസം എന്ന് ദയവായി പറയാതിരിക്കാനുള്ള സന്മനസ്സെങ്കിലും നമുക്കുണ്ടാവണം.
സംവാദത്തിലേര്‍പ്പെടുമ്പോള്‍ നാം ദീക്ഷിക്കേണ്ട ഒരു നിലപാടാണ് അപവാദങ്ങളെ പൊതുവത്കരിക്കാതിരിക്കുക എന്നത്. പ്രത്യേകിച്ച് ഇസ്‌ലാമിക ചരിത്രത്തിന്റെ ആരംഭം മുതല്‍ രണ്ട് ചേരികളായി പിരിയുകയും പിന്നീട് നൂറ് കണക്കിന് ഉപവിഭാഗങ്ങളും വീണ്ടും വീണ്ടും ഉപവിഭാഗങ്ങളായി വേര്‍തിരിയുകയും ചെയ്ത രണ്ട് സരണികളെയും അതിലെ അവാന്തര വിഭാഗങ്ങളെയും കറുപ്പും വെളുപ്പുമായി വേര്‍തിരിക്കുന്ന ഒരു നേര്‍ രേഖയും ആര്‍ക്കും വരക്കാനാവില്ല. ശീഈകളിലെ പ്രബല വിഭാഗം ഇസ്‌ലാമിന് പുറത്ത് നിര്‍ത്തുന്ന ഇസ്മാഈലിയ്യ സരണി ഒരു ഉദാഹരണം. നക്ഷത്രാരാധകരാണ് ഇസ്മാഈലിയ്യ വിഭാഗക്കാര്‍ എന്നതാണ് ഇവര്‍ക്കെതിരെ ശീഈ വിഭാഗം ഉന്നയിക്കുന്ന വിമര്‍ശനം. ഇവരുടെ ഉപോല്‍പന്നമാണ് ബോറോ മുസ്‌ലിംകള്‍. നക്ഷത്രാരാധന പോലുള്ള തൗഹീദിന്റെ അടിസ്ഥാന നിഷേധം പക്ഷേ, മുഴുവന്‍ ബോറോ മുസ്‌ലിംകളിലും നമുക്ക് കാണാനാവില്ല.
ശീഈ- സുന്നി എന്നത് രണ്ട് സെക്ടറുകളായിരിക്കെ പലരും ശീഈയും സുന്നിയുമായാണ് ജനിക്കുന്നത് തന്നെ. അങ്ങനെ ഭിന്ന ചിന്താധാരകളില്‍ ജനിക്കുന്നവരെല്ലാം ഇസ്‌ലാമിക സങ്കല്‍പത്തിന്റെ ശരി തെറ്റുകള്‍ ഗവേഷണം ചെയ്തുകൊണ്ടൊന്നുമല്ല ശീഈ ആകണം എന്നും സുന്നി ആകണം എന്നും തീരുമാനിക്കുന്നത്. മറിച്ച് ചില പ്രത്യേക കുടുംബത്തിലും രാജ്യത്തും പിറന്നതു കൊണ്ട് മാത്രം അവര്‍ ശീഈയും സുന്നിയുമായി വിഭജിക്കപ്പെടുകയാണ്. തൗഹീദ്, രിസാലത്ത്, ആഖിറത്ത് തുടങ്ങിയ ഇസ്‌ലാമിക വിശ്വാസം, പഞ്ച സ്തംഭങ്ങള്‍, ഖുര്‍ആന്‍ പ്രതിഫലിപ്പിക്കുന്ന ധാര്‍മിക മൂല്യങ്ങള്‍ ഇവയാണ് ഇരു കൂട്ടരും പൊതുവായി പങ്കിടുന്ന കാര്യങ്ങള്‍. സുന്നികളില്‍ മഹാ ഭൂരിപക്ഷത്തിന് സുന്നി-ശീഈ ഭിന്നതയുടെ മര്‍മം അറിയാത്തത് പോലെ ശീഈകളിലെ നല്ലൊരു ശതമാനത്തിനും അതറിയില്ല. അതൊക്കെ അറിയണമെന്ന് മഹാ ഭൂരിഭാഗത്തിനും നിര്‍ബന്ധവുമില്ല. ഇത്തരം മതില്‍ക്കെട്ടുകള്‍ക്കപ്പുറത്ത് നിന്ന് ഇസ്‌ലാമിനെ, അല്ലാഹുവിന്റെ കലിമത്തിനെ ഉജ്ജ്വലമായി പ്രതിനിധീകരിക്കണമെന്നാഗ്രഹിക്കുന്നവരാണ് ഇരു ചിന്താസരണിയിലെയും നല്ലൊരു ശതമാനം.
ശീഈ-സുന്നി ദ്വന്ദ്വത്തിന്റെ രാഷ്ട്രീയം
എന്നാല്‍, ശീഈ-സുന്നി ദ്വന്ദ്വം കൂടുതല്‍ വ്യാപിക്കണമെന്നതും ഒരിക്കലും തീരാത്ത പക മുസ്‌ലിം ലോകത്ത് നിലനില്‍ക്കണമെന്നതും ഇസ്‌ലാം വിരോധികളുടെയും ഇസ്‌ലാമിന്റെ മുഖംമൂടിയണിഞ്ഞ് ഇസ്‌ലാമിക നവജാഗരണത്തെ തടുക്കാന്‍ യത്‌നിക്കുന്ന ഭരണാധികാരികളുടെയും താല്‍പര്യമാണ്. സുന്നികളുടെ ഇസ്‌ലാമിക മുന്നേറ്റത്തെ തുരങ്കം വെക്കുന്നത് ഏകാധിപതികളായ ഇക്കൂട്ടരാണ്. വര്‍ത്തമാന കാല ഈജിപ്ത്, തുനീഷ്യ, ലിബിയ എന്നിവ ഇതിന്റെ നേര്‍ ചിത്രങ്ങളാണ്. സുന്നി ലോകത്ത് സുന്നികളായ ഇസ്‌ലാമിസ്റ്റുകള്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടായനുഭവിക്കുന്ന കടുത്ത പീഡനങ്ങള്‍, സാത്വികരായ ആയിരക്കണക്കിന് മുസ്‌ലിം പണ്ഡിതന്മാര്‍ അനുഭവിച്ച രക്തസാക്ഷിത്വം, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന തടങ്കല്‍ പാളയങ്ങള്‍ ഇവയെ കുറിച്ചെല്ലാം ഏറെ ബോധവാന്മാരായ നമ്മുടെ അനുഭവങ്ങളെ നിരാകരിച്ചു കൊണ്ടാണ് സുന്നികള്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുമ്പോഴെല്ലാം അതിനെ തുരങ്കം വെക്കുന്നവരാണ് ശീഈകള്‍ എന്നെഴുതുന്നത്. സിറിയന്‍ പ്രശ്‌നത്തില്‍ ഇറാനും ഹിസ്ബുല്ലയും മേഖലയുടെ ശാക്തിക സന്തുലിതത്വവും രാഷ്ട്രീയ ഭാവിയും മുന്നില്‍ കണ്ട് സ്വീകരിച്ച നിലപാടാണ് ഒരപവാദം. തീര്‍ച്ചയായും സിറിയന്‍ പ്രശ്‌നത്തെ ശീഈ-സുന്നീ പ്രശ്‌നമായി ന്യൂനീകരിച്ച്, മര്‍ദക വാഴ്ചക്കെതിരെ നടക്കേണ്ട പോരാട്ടത്തെ ശിഈ-സുന്നീ കലാപമാക്കി മാറ്റിയത് സുന്നികളിലെയും ശീഈകളിലെയും തീവ്ര ചിന്താഗതിക്കാരാണ്. അറബ് വസന്തത്തിന്റെ സാധ്യതകള്‍ കൊട്ടിയടക്കപ്പെടുന്നതില്‍ അത് കലാശിക്കുകയും ചെയ്തു. ഇരു കൂട്ടരും അനുവര്‍ത്തിച്ച തെറ്റായ നിലപാടുകളെ തുറന്ന് കാട്ടാനും ചരിത്രത്തെയും വര്‍ത്തമാനത്തെയും കൃത്യമായ രാഷ്ട്രീയ വീക്ഷണത്തോടെ സമീപിക്കാനും പക്ഷേ, മുസ്‌ലിം പണ്ഡിത നേതൃത്വത്തിന് തുടക്കം മുതല്‍ തന്നെ സാധിച്ചില്ല. തീവ്രവാദ ചിന്താഗതിക്കാരുടെ സമ്മര്‍ദങ്ങളെ അതിജീവിക്കുന്നിടത്ത് മുസ്‌ലിം പണ്ഡിതന്മാര്‍ പരാജയപ്പെട്ടു എന്നര്‍ഥം.
Comments