Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 31

രണ്ട് ഫേസ്ബുക്ക് കഥകളും <br>അറബി നോവലിസ്റ്റിന്റെ മലയാള സാഹിത്യാനുഭവവും

ജിബ്രാന്‍ /റീഡിംഗ് റൂം

         സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ കാലമാണിത്. വാട്‌സ് അപിലെ അവസാന ക്ലിപ്പും കണ്ടെന്ന് ഉറപ്പ് വരുത്തി ഉറങ്ങുകയും നേരം വെളുത്താലുടന്‍ ഫേസ്ബുക്കില്‍ ഗുഡ്‌മോണിംഗ് പറഞ്ഞ് തന്റെ പുതിയൊരു ഫോട്ടോ അപ്‌ലോഡ് ചെയ്യുന്ന കാലം. സ്വയം പ്രോജക്ട് ചെയ്ത് അതിന് ലഭിക്കുന്ന കമന്റുകളും ലൈക്കും നിരന്തരം ചെക്ക് ചെയ്ത് ആത്മരതിയില്‍ മുഴുകുന്ന ഫേസ്ബുക് കാലത്തെ വ്യക്തികളുടെ മനോഭാവത്തെ ചിത്രീകരിക്കുന്നതാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ അക്ബര്‍ കക്കട്ടിലിന്റെ  'ഇപ്പോള്‍ ഉണ്ടാവുന്നത്' എന്ന കഥ. എവിടെ ചെന്നാലും പ്രശസ്തരായ ആരെ കണ്ടുമുട്ടിയാലും ഒരു ഫോട്ടോയെടുത്ത് അത് ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ച് ദിനം മുഴുവന്‍ അതിന് ലഭിക്കുന്ന കമന്റുകളും ലൈക്കുകളും പരിശോധിച്ച് സംതൃപ്തിയും നിരാശയും ദുഃഖവും സന്തോഷവും കണ്ടെത്തുന്ന നളിനന്‍ എന്ന 48കാരനാണ് കഥയിലെ മുഖ്യ കഥാപാത്രം. ഫേസ്ബുക്കിന് മുമ്പിലുള്ള ഈ കുത്തിയിരുപ്പില്‍ കുടുംബവും കുട്ടികളും വീട്ടിലെ അത്യാവശ്യങ്ങളും അവരോടുള്ള ആശയവിനിമയവും നളിനന്‍ മറക്കുന്നു. ഫേസ്ബുക്ക് തലവന്‍ മാര്‍ക് സൂക്ക് ബര്‍ഗിന്റെ കൂടെ ഒന്ന് പോസ് ചെയ്യണം. അത് പോസ്റ്റ് ചെയ്ത് ലോകത്തെ ഞെട്ടിക്കണം. ഇതാണ് നളിനന്റെ ഏറ്റവും വലിയ സ്വപ്നം. നളിനന്‍ ഫേസ്ബുക്കില്‍ കണ്ടെത്തിയ സ്‌കൂള്‍ സഹപാഠിയും പ്രണയിനിയുമായിരുന്ന ശാലിനി നളിനന്റെ ഈ ആത്മരതിയെ ആവോളം കുത്തിനോവിക്കുന്നുണ്ട്. കഥയുടെ തുടക്കവും ശാലിനിയുടെ ചില കമന്റുകളും മിക്ക ഫേസ്ബുക്ക് ഉപഭോക്താക്കളുടെയും ജീവിതചര്യയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നതിനാല്‍ ഇവിടെ പകര്‍ത്തുന്നു:
''വാസ്തവം പറയാമല്ലോ, അയാളുടെ പ്രഭാതം തുടങ്ങുന്നതുതന്നെ അന്ന് ഫേസ്ബുക്കിലിടേണ്ട ഫോട്ടോകളെക്കുറിച്ചാലോചിച്ചുകൊണ്ടാണ്. കുറെക്കാലമായി തന്റെ ഉടുപ്പും നടപ്പും കിടപ്പുമെല്ലാം ഫേസ്ബുക്കിനു വേണ്ടിയായിരിക്കുന്നു. 'ലൈക്കു'കളുടെ എണ്ണം കൂടുന്തോറും അയാള്‍ക്കെന്തൊരഭിമാനമാണെന്നോ? ഇനി അതെങ്ങാനല്‍പം കുറഞ്ഞാലോ? അട്ടത്തുനിന്നും വീണ പല്ലിയെപ്പോലെ ആകപ്പാടെ ഒന്നും തിരിയാത്ത ഒരവസ്ഥയും.
കുറ്റം പറയരുതല്ലോ, ഭാര്യ നളിനിയാണ് ആദ്യമെല്ലാം മൊബൈലില്‍ ഫോട്ടോകള്‍ എടുത്തുകൊണ്ടിരുന്നത്. അയാള്‍ ഓഫീസിലേക്ക് പുറപ്പെടുന്നതിനുമുമ്പ് അടുക്കള ജോലികള്‍ നോക്കുന്നതിനും കുട്ടികളെ സ്‌കൂളിലയക്കുന്നതിനും പുറമെ ഒരു 'ഫോട്ടോഗ്രാഫറു'ടെ പണികൂടി അവള്‍ക്കുണ്ടായിരുന്നു.
ഈയിടെ കുട്ടികളുടെ പഠനകാര്യങ്ങളില്‍ നളിനന് ഒരു ശ്രദ്ധയുമില്ലാതായിട്ടുണ്ട്. മക്കള്‍ രണ്ടു പേരും നഗരത്തിലെ പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍. പഠനത്തിലും റ്റിയൂഷനിലും അവരുടെ പിന്നാലെ എപ്പോഴുമുണ്ടാവേണ്ട സമയമാണ്.  ഹൗസിങ് ലോണ്‍ അടവ് തെറ്റിയിട്ട് നാലഞ്ചുമാസമായി. രണ്ടു പ്രാവശ്യം മാനേജര്‍ വിളിച്ചിരുന്നു. ഇനി എപ്പോഴാണ് ജീപ്പുമെടുത്ത് അദ്ദേഹം വരുകയെന്ന വേവലാതിയാണവള്‍ക്ക്. വീട്ടിലെത്തി മനസ്സിലെ ആധികളെല്ലാമൊന്നു തുറന്നു പറയാമെന്ന് വെച്ചാലോ, അപ്പോഴേക്കും നെറ്റിന് മുമ്പിലെത്തിയിട്ടുണ്ടാവും നളിനന്‍.
നളിനന്‍ ആലോചിക്കുന്നത് ഇങ്ങനെ: വീട്ടുപറമ്പിലെ വാഴത്തോപ്പിലും ഇല്ലിമരക്കൂട്ടത്തിനരികിലും നിര്‍ത്തി നളിനി എടുത്ത ഫോട്ടോകള്‍ എത്ര ലൈക്കുകളാണ് നേടിത്തന്നത്! ബിലാത്തിച്ചേമ്പിന്റെ പശ്ചാത്തലത്തില്‍ വിഷാദമഗ്നനായി നില്‍ക്കുന്ന ഫോട്ടോവിന് വന്ന കമന്റുകള്‍ നിരവധി- നൈസ്, സൂപ്പര്‍, ഗ്രേറ്റ്.. വരിക്കപ്പിലാവിന്റെ ചോട്ടില്‍ ചിരിച്ചുനില്‍ക്കുന്ന ഫോട്ടോവിനും കിട്ടി ഇഷ്ടം പോലെ കമന്റുകള്‍....
എവിടെ ചെല്ലുമ്പോഴും, പറ്റിയ ഒരിടം കണ്ടാല്‍ ഫോട്ടോ എടുക്കാന്‍ തഞ്ചമുണ്ടോ എന്നു മാത്രമാണ് നളിനന്റെ ചിന്ത. ഫോട്ടോ എടുത്തുതരാനുള്ള ആളെ കിട്ടാനാണ് ചിലപ്പോള്‍ ബുദ്ധിമുട്ട്. ഫോട്ടോ ക്ലിയര്‍ ആകാന്‍ വേണ്ടി മാത്രം ഈയടുത്താണ് പഴയ ഫോണ്‍ മാറ്റി എല്ലാ ഫെസിലിറ്റീസുമുള്ള സ്മാര്‍ട്ട് ഫോണ്‍ ആക്കിയത്...
ശാലിനി ചോദിക്കുന്നു: 'നിനക്ക് നിന്നെ കണ്ടിട്ടും നിന്നെ മറ്റുള്ളവര്‍ക്ക് കാണിച്ചിട്ടും മതിവരുന്നില്ലേ നളിനാ? എന്തൊരിഷ്ടമാ നിനക്ക് നിന്നോട്?'...
- ഞാന്‍ എന്റെ ഫോട്ടോസ് മാത്രമല്ലല്ലോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ദുല്‍ഖര്‍ സല്‍മാനോടൊപ്പമുള്ള പടം നീ കണ്ടിട്ടില്ലേ? മറഡോണയോടൊപ്പമുള്ളത് കണ്ടിട്ടില്ലേ? വി.എം സുധീരനോടൊപ്പമുള്ള പടത്തിന് എത്ര ലൈക്കാണ് കിട്ടിയത്? ഈ ഫോട്ടോകളെല്ലാം എത്ര പേര്‍ ഷെയര്‍ ചെയ്തു?
- ശരിയാണ്. അവരെല്ലാം ഓരോ പ്രോഗ്രാമിന് വരുമ്പോള്‍ ഈ ഫോട്ടോസ് ഒപ്പിക്കാനുള്ള നിന്റെ കഷ്ടപ്പാട് എനിക്ക് മനസ്സിലാകുന്നുണ്ട് നളിനാ...
- നീയെന്നെ കൊച്ചാക്കരുത്.
- അയ്യോ, അവര്‍ക്കെല്ലാം നീ പ്രിയപ്പെട്ടവനാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ഉറങ്ങി എണീറ്റാലുടനെ മറഡോണയും സുധീരനുമെല്ലാം 'നളിനന്‍' 'നളിനന്‍' എന്നു നൂറു പ്രാവശ്യം ജപിക്കുമെന്ന് ആര്‍ക്കാണറിയാത്തത്? ആത്മവിശ്വാസമില്ലായ്മയില്‍ നിന്നാണ് നളിനാ സ്വയം പ്രോജക്ട് ചെയ്യാനുള്ള ആവേശമുണ്ടാകുന്നത്...
'ആത്മരതി നടത്തുന്നതിനു പകരം നിനക്ക് സാമൂഹ്യപ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ ഈ വേദി ഉപയോഗിച്ചുകൂടെ നളിനാ?'
'അതിനു നമുക്കെവിടെയാണ് പ്രശ്‌നങ്ങള്‍? പ്രശ്‌നങ്ങള്‍ നമ്മള്‍ ഉണ്ടാക്കുന്നതല്ലേ? പിന്നെ ആത്മരതി... ആത്മരതിയല്ല ശാലിനീ, ആത്മപ്രകാശനം' (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2014 ഒക്‌ടോബര്‍ 12)
ഈ വിഷയത്തില്‍ വായിക്കേണ്ട മറ്റൊരു കഥ കൂടിയുണ്ട്. ഫേസ്ബുക്ക് സൗഹൃദങ്ങളെയും ആണ്‍-പെണ്‍ ബന്ധങ്ങളിലെ കാപട്യങ്ങളെയും ചിത്രീകരിക്കുന്ന അര്‍ഷദ് ബത്തേരിയുടെ 'കുതിരക്കാലുകള്‍' എന്ന കഥയാണത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012-സെപ്റ്റംബര്‍ 9 ലക്കത്തിലാണ് അര്‍ഷദ് ബത്തേരിയുടെ കഥ  പ്രസിദ്ധീകരിച്ചത്.

ഒമാനി നോവലിസ്റ്റിന് ചെമ്മീന്‍ കിട്ടിയപ്പോള്‍
ഒക്‌ടോബര്‍ ലക്കം പച്ചക്കുതിരയിലെ  ചില വായനകള്‍ ഈ ലക്കത്തില്‍ പങ്കുവെക്കേണ്ട മറ്റു വിശേഷങ്ങളാണ്. ഇന്തോ-അറബ് സാഹിത്യ ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പല അറബ് നോവലുകളും കഥകളും കവിതകളും മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ അപൂര്‍വം ചില സാഹിത്യ കൃതികളേ മലയാളത്തില്‍ നിന്ന് അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളൂ. അതുതന്നെ അറബ് ലോകത്ത് ഏറെ വായിക്കപ്പെടുകയും ചെയ്തിട്ടില്ല. അങ്ങനെ വായിക്കപ്പെടണമെങ്കില്‍ അറബ് സാഹിത്യ ലോകത്ത് അഡ്രസ്സുള്ള എഴുത്തുകാരോ നോവലിസ്റ്റുകളോ അത് നിരൂപണം ചെയ്യണം. അത്തരം നിരൂപണങ്ങള്‍ നടക്കണമെങ്കില്‍ പ്രമുഖ അറബ് സാഹിത്യകാരന്മാരുമായി ബന്ധമുള്ള എഴുത്തുകാര്‍ മലയാളത്തില്‍ ഉണ്ടാവണം. അറബ് സാഹിത്യങ്ങള്‍ ഏറെ വായിക്കുന്നവരും വിവര്‍ത്തനം ചെയ്യുന്നവരുമുണ്ടെങ്കിലും  അറബ് സാഹിത്യകാരുമായി നേരിട്ട് ബന്ധമുള്ളവര്‍ തുലോം കുറവാണ്. അത്തരം ബന്ധങ്ങളുണ്ടെങ്കില്‍ മലയാള സാഹിത്യവും അറബി എഴുത്തുകാര്‍ നിരൂപണം ചെയ്യുമെന്നതിനുള്ള മികച്ച തെളിവാണ് ഒമാനി നോവലിസ്റ്റും കോളമിസ്റ്റുമായ അസ്ഹാര്‍ അഹ്മദിന്റെ പച്ചക്കുതിരയിലെ 'ഇന്ത്യന്‍ വായനാനുഭവം.' മലയാളമുള്‍പ്പെടെയുള്ള ഇന്ത്യന്‍ സാഹിത്യത്തെക്കുറിച്ച വായനാനുഭവമാണ് അസ്ഹാര്‍ അഹ്മദ് ലേഖനത്തില്‍ പങ്കുവെക്കുന്നത്. അസ്ഹാര്‍ അഹ്മദിന് മലയാള സാഹിത്യത്തെ പരിചയപ്പെടുത്തുകയും അത്തരം പുസ്തകങ്ങള്‍ നേരിട്ട് അയച്ചുകൊടുക്കുകയും ചെയ്ത വ്യക്തിയെ ലേഖനത്തില്‍ നന്ദിപൂര്‍വം പല പ്രാവശ്യം സ്മരിക്കുന്നുണ്ട്. വായനക്കാര്‍ക്ക് സുപരിചിതനായ എഴുത്തുകാരന്‍ വി.എ കബീറാണ് അറബി സാഹിത്യത്തിനും മലയാള സാഹിത്യത്തിനുമിടയിലെ ആ സാംസ്‌കാരിക അംബാസിഡര്‍. അസ്ഹാര്‍ അഹ്മദിന്റെ വരികള്‍ തന്നെ പകര്‍ത്തട്ടെ:
''..... ഓഫീസില്‍ കാലു കുത്തിയതും എന്റെ മേശപ്പുറത്ത് സാമാന്യം വലുപ്പമുള്ള ഒരു കവര്‍ കണ്ടു. അതെവിടെ നിന്ന് വന്നതാണെന്ന് എനിക്ക് ഒരു ഊഹവും കിട്ടിയില്ല. ഒറ്റനോട്ടത്തില്‍ അതില്‍ പുസ്തകങ്ങളാണെന്ന് തോന്നി. സുഹൃത്തുക്കളുമായി എനിക്ക് പുസ്തകങ്ങള്‍ കൈമാറുന്ന പതിവുണ്ടായിരുന്നു. അയച്ച ആളുടെ പേര് ഞാന്‍ നോക്കി. എന്റെ സുഹൃത്തായ വി.എ കബീറാണ് ആ പാര്‍സല്‍ അയച്ചിരുന്നത്. ആകാംക്ഷയോടെ ഞാന്‍ കവര്‍ തുറന്നു. കമലാ ദാസിന്റെ രണ്ട് പുസ്തകങ്ങളാണ് അതിലുണ്ടായിരുന്നത്. അവരുടെ ആത്മകഥകളായ മൈ സ്റ്റോറിയും, അറബിയിലേക്ക് മൊഴിമാറ്റിയ ആത്മസംഭാഷണ രൂപത്തിലെഴുതിയ യാ അല്ലാഹ് എന്ന കവിതാ സമാഹാരവും.
...... പല ലേഖനങ്ങളും അയച്ചുതന്ന് കബീര്‍ എന്റെ ഇന്ത്യനനുഭവങ്ങളെ തുടര്‍ന്നും സമ്പന്നമാക്കിക്കൊണ്ടിരുന്നു. ചെമ്മീന്‍ എന്ന നോവലാണ് ഒടുവിലയച്ചുതന്നത്. ഒറ്റയിരുപ്പില്‍ തന്നെ ഞാനതു വായിച്ചുതീര്‍ത്തു. അറബി പരിഭാഷയാണ് ഞാന്‍ വായിച്ചത്.
പരോക്ഷമായി സന്ദേശം ധ്വനിപ്പിച്ചുകൊണ്ട് മികച്ച സംഭാഷണത്തിലൂടെ ഒരു നോവല്‍ രചിക്കാമെന്നുകൂടി ചെമ്മീന്‍ എന്നെ പഠിപ്പിക്കുകയുണ്ടായി. 'അക്ബര്‍ മിന്‍ ഹയാത്ത്' (more than life) എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ചെമ്മീനെക്കുറിച്ച് ഞാന്‍ ഒരു നിരൂപണം എഴുതുകയുണ്ടായി. 'എന്റെ ഇഷ്ടപ്പെട്ട പുസ്തകം' എന്ന ഒരു റേഡിയോ പരിപാടിയിലൂടെയും ഈ നോവല്‍ ഞാന്‍ ശ്രോതാക്കളില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നു. ഒരുപാട് വായനക്കാര്‍ അതിനോട് പ്രതികരിക്കുകയും നിരവധി സുഹൃത്തുക്കള്‍ വായിക്കാനായി ആ പുസ്തകം ആവശ്യപ്പെടുകയുമുണ്ടായി.
ഇന്ത്യന്‍ സാഹിത്യവുമായുള്ള പരിചയം എന്റെ സ്വന്തം എഴുത്തിനെത്തന്നെയും സ്വാധീനിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഇന്ത്യയില്‍ നിന്നുള്ള പുസ്തകങ്ങള്‍ ഇനിയും ഇനിയും കിട്ടണമെന്നാണ് എന്റെ മോഹം. എന്റെ പുസ്തകങ്ങള്‍ വായിക്കുകയും എന്റെ ഒരു കഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ചെയ്ത വി.എ കബീറിന് നന്ദി! (പച്ചക്കുതിര ഒക്‌ടോബര്‍ 2014).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /31-35
എ.വൈ.ആര്‍