വിവാഹത്തിന് മുമ്പേ ചില അന്വേഷണങ്ങള്‍
വിവാഹത്തിന് മുതിരുന്ന യുവതീയുവാക്കള്‍ പരസ്പരം ചോദിച്ച് ഉത്തരം വാങ്ങേണ്ട ചില ചോദ്യങ്ങളുണ്ട്. വിജയകരമായ ദാമ്പത്യജീവിതത്തിന് അവ ഉതകുമെന്ന് ഈ ചോദ്യാവലിയിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിലാകും.
1. എന്താണ് ഭാവിയെ കുറിച്ച നിങ്ങളുടെ മോഹങ്ങള്‍? എന്താണ് നിങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യമായി കാണുന്നത്?
ഓരോ വ്യക്തിക്കുമുണ്ടാവും ജീവിതത്തില്‍ ചില ആഗ്രഹങ്ങളും അഭിലാഷങ്ങളും. സമൂഹം, കുടുംബം, മതം, വിദ്യാഭ്യാസം, സമ്പത്ത് തുടങ്ങിയ രംഗങ്ങളില്‍ സാക്ഷാത്കരിക്കാനാഗ്രഹിക്കുന്ന ചില ലക്ഷ്യങ്ങളും ആഗ്രഹങ്ങളുമുണ്ടാവും ഏവര്‍ക്കും. കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്യുന്ന ആദ്യ വേളയില്‍ തന്നെ ഇരുവര്‍ക്കും ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാവാന്‍ ഇതുപകരിക്കും. വ്യക്തമായ വീക്ഷണമുണ്ടായാല്‍ ഭാവിയില്‍ അഭിപ്രായ ഭിന്നതകള്‍ കുറയും.
2. വിവാഹം എന്ന ആശയത്തെക്കുറിച്ച് എന്താണ് നിങ്ങളുടെ പരികല്‍പ്പന?
ഇരുവര്‍ക്കും നന്നായി അറിയാനും മനസ്സിലാക്കാനും വളരെ പ്രധാനപ്പെട്ട ചോദ്യമാണിത്. വിവാഹിതയായ ഒരു സ്ത്രീയുടെ പരിദേവനം: ''വിവാഹത്തെക്കുറിച്ച് എന്റെ ഭര്‍ത്താവിന്റെ വീക്ഷണം കേവലം ലൈംഗിക തൃഷ്ണ ശമിപ്പിക്കാനുള്ള ഒരു ഉപാധി മാത്രമാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എനിക്കൊരു പരിഗണനയുമില്ല. എന്റെ വിചാരങ്ങള്‍ക്കും ചിന്തകള്‍ക്കും ഒരു സ്ഥാനവുമില്ല. ഞാന്‍ അദ്ദേഹത്തിന്റെ ശരീരകാമനകള്‍ തൃപ്തിപ്പെടുത്താനുള്ള ജീവനുള്ള ജഡം മാത്രം.'' മറ്റൊരു ഭര്‍ത്താവിന്റെ പരാതി: ''എന്റെ ഭാര്യക്ക് വിവാഹം മക്കള്‍ ഉണ്ടാവാനുള്ള മാര്‍ഗമാണ്. മറ്റൊരു കാഴ്ചപ്പാടും അവള്‍ക്കില്ല. ഞങ്ങള്‍ക്കിടയില്‍ അതിനാല്‍ പ്രശ്‌നങ്ങള്‍ തീര്‍ന്ന നേരമില്ല. നിര്‍ഭാഗ്യത്തിന് ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടായതുമില്ല. തന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടാത്തതോര്‍ത്ത് എന്റെ ഭാര്യ നിരാശയിലും മോഹഭംഗത്തിലും ആണ്ട് കഴിയുന്നു. ഇരുവര്‍ക്കും വിവാഹത്തെക്കുറിച്ച കാഴ്ചപ്പാട് നേരത്തെ അറിയുന്നത് സുസ്ഥിരവും സുഭദ്രവുമായ ദാമ്പത്യജീവിതത്തിന് അനുപേക്ഷ്യമാണ്.
3. നിങ്ങളുടെ ജീവിത പങ്കാളിയില്‍ നിങ്ങള്‍ കാണാനാഗ്രഹിക്കുന്ന സവിശേഷ ഗുണങ്ങള്‍ എന്തെല്ലാമാണ്?
ഓരോരുത്തരും തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും മനസ്സിലെ മോഹങ്ങളും ആഗ്രഹങ്ങളും തുറന്നുപറയുന്നത് നല്ലതാണ്. വിവാഹമാലോചിക്കുമ്പോള്‍ തന്നെ ഇവ പരസ്പരം അറിഞ്ഞ് വെക്കണം. ഇതുമൂലം തങ്ങളിരുവരും ഒന്നിച്ചുള്ള ജീവിതത്തിന്ന് ചേരുന്നവരാണോ എന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് കഴിയും. ഇഷ്ടാനിഷ്ടങ്ങള്‍ എന്ന് നാം സൂചിപ്പിച്ചത് സ്വഭാവം, പെരുമാറ്റം, ജീവിതരീതി, ആഹാരം, ഹോബി തുടങ്ങി എല്ലാറ്റിനെയും കുറിച്ചാണ്.
4. വിവാഹത്തിന്റെ ആദ്യവര്‍ഷം തന്നെ കുഞ്ഞ് വേണമോ?
ഈ ചോദ്യം പ്രധാനമല്ല എന്ന് ഒരുവേള തോന്നാം. എന്നാല്‍ അങ്ങനെയല്ല. ഈ ഒരു പ്രശ്‌നത്തെച്ചൊല്ലി വിവാഹ ബന്ധങ്ങള്‍ തകര്‍ന്നതായി എനിക്കറിയാം. പ്രത്യേകിച്ച് ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ വീട്ടുകാര്‍ ഒരു കുഞ്ഞിക്കാല്‍ കാണാന്‍ സമ്മര്‍ദം മുറുക്കുമ്പോള്‍ ഇതൊരു പ്രശ്‌നമായിത്തീരും. ഈ വിഷയത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒന്നിച്ച് ഒരു തീരുമാനത്തില്‍ എത്തുകയാണ് ഉചിതം. ഭാവിയിലെ പ്രശ്‌നങ്ങള്‍ ഒഴിവായി കിട്ടും. ആദ്യ വര്‍ഷം തന്നെ കുഞ്ഞ് വേണമോ എന്നത് ദമ്പതികള്‍ ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണ്.
5. ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ? സ്വഭാവ വൈകല്യങ്ങളുണ്ടോ?
വിവാഹത്തിന് മുമ്പേ തന്നെ ഇരുവരും തങ്ങളെ അലട്ടുന്ന രോഗങ്ങളെക്കുറിച്ച് അറിയാന്‍ ഇടവരുന്നത് ഒരുപക്ഷേ വിവാഹ തീരുമാനത്തെ പ്രതികൂലമായി ബാധിച്ചെന്ന് വരും. എന്നാല്‍ രോഗവിവരം മറച്ചുവെക്കുന്നത് കരാറില്‍ വഞ്ചന കാട്ടുന്നതിന് തുല്യമല്ലേ? വിട്ടുമാറാത്ത അസുഖങ്ങളോ മറ്റ് ശാരീരിക വൈകല്യങ്ങളോ ഉണ്ടെങ്കില്‍ അത് മറച്ചുവെക്കാതെ ഇരുവരും തുറന്നുപറയുന്നതാണ് ശരി.
6. നിങ്ങള്‍ക്ക് സാമൂഹിക ബന്ധങ്ങളുണ്ടോ? ആരൊക്കെയാണ് നിങ്ങളുടെ സുഹൃത്തുക്കള്‍?
ഓരോ വ്യക്തിയെയും വ്യതിരിക്തനാക്കുന്നത് അയാളുടെ സാമൂഹിക ബന്ധങ്ങളാണ്. 'വിശ്വാസി ഇണങ്ങുന്നവനും ഇണക്കപ്പെടുന്നവനുമാണ്. ഇണങ്ങുകയോ ഇണക്കപ്പെടുകയോ ചെയ്യാത്തവനില്‍ നന്മയില്ല' എന്ന നബിവചനം ഓര്‍ക്കുക. നിങ്ങള്‍ തെരഞ്ഞെടുക്കാന്‍ പോകുന്ന ഇണയുടെ സാമൂഹിക ബന്ധങ്ങളെ കുറിച്ചറിയുന്നത് പരസ്പരം നന്നായി മനസ്സിലാക്കാന്‍ ഉതകും. സമൂഹവുമായി ഇടപഴകുന്നവനാണോ, അന്തര്‍മുഖനാണോ എന്നെല്ലാമുള്ള മുന്നറിവ് ഭദ്രമായ ദാമ്പത്യജീവിതത്തിനുപകരിക്കും.
7. മാതാപിതാക്കള്‍, സഹോദരീ സഹോദരന്മാര്‍, കൂട്ടുകുടുംബങ്ങള്‍ ഇവരോടെല്ലാമുള്ള ബന്ധം എങ്ങനെ?
ആണിന്റെയും പെണ്ണിന്റെയും കുടുംബത്തോടുള്ള ബന്ധം അറിഞ്ഞ് വെക്കേണ്ടത് അത്യന്താപേക്ഷിതമാണ്; വിശേഷിച്ചും വിവാഹം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള, രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധമാണ് എന്നോര്‍ക്കുമ്പോള്‍. ഇരുവരുടെയും മാതാപിതാക്കളും കുടുംബാംഗങ്ങളും തമ്മിലെ ബന്ധം ശക്തമാവുന്നത് ഭര്‍ത്താവിന്റെയും ഭാര്യയുടെയും ബോധപൂര്‍വമായ പെരുമാറ്റത്തിലൂടെയും ഇടപെടലിലൂടെയുമാണ്.
8. ഒഴിവുവേളകള്‍ എങ്ങനെ പ്രയോജനപ്പെടുത്തുന്നു? എന്തെല്ലാമാണ് ഹോബികള്‍?
ഒരാള്‍ തന്റെ ഒഴിവുസമയം എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു അയാളുടെ വ്യക്തിത്വ വളര്‍ച്ചയും വികാസവും.
9. സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണോ?
ജീവകാരുണ്യ-മാനവിക-മത-സാമൂഹിക-സാംസ്‌കാരിക തലങ്ങളില്‍ ആവുന്ന സേവനം അര്‍പ്പിക്കുന്നത് ദമ്പതികള്‍ക്കിടയിലെ ബന്ധം ശക്തമാക്കും. പരമ ലക്ഷ്യമായ ദൈവപ്രീതി കരസ്ഥമാക്കാന്‍ ഇരുവര്‍ക്കും അവ അവസരങ്ങളൊരുക്കും.
10. മാതാപിതാക്കള്‍ നമ്മുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നതിനെ കുറിച്ചെന്താണ് അഭിപ്രായം?
അവരുടെ ഇടപെടലിനെക്കുറിച്ച് ഇരുവര്‍ക്കും വ്യക്തമായ ബോധം വേണം. ധാരണ വേണം. പിതാവിന്റെയോ മാതാവിന്റെയോ ഇടപെടല്‍ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാവും. തങ്ങളുടെ കാര്യങ്ങളില്‍ മറ്റാരും അഭിപ്രായം പറയേണ്ടതില്ലെന്ന് ശഠിക്കുന്നവര്‍ കാണും. ഈ ശാഠ്യവും വാശിയുമൊന്നും പക്വമായ മനസ്സില്‍നിന്നുണ്ടാവുന്നതല്ലെന്നത് വേറെ കാര്യം. മാതാപിതാക്കളുടെ ഇടപെടലിനെ കുറിച്ച് ഇരുവര്‍ക്കുമുള്ള കാഴ്ചപ്പാട് നേരത്തെ അറിഞ്ഞ് വെക്കുന്നത് ഒരു കൂട്ടിമുട്ടല്‍ ഒഴിവാക്കാന്‍ നല്ലതാണ്.
വിവ: പി.കെ ജമാല്‍
Comments