Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 31

അവഗണിക്കപ്പെട്ട സന്ദേശം

         നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം നടന്ന ഉപ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടി രാജ്യത്തെ മതേതര കക്ഷികള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതായിരുന്നു. എന്നാല്‍, ഈ ഒക്‌ടോബറില്‍ നടന്ന ഹരിയാന, മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ആ ആശ്വാസം ആശങ്കക്ക് വഴിമാറാന്‍ ഇടയാക്കിയിരിക്കുകയാണ്. 90 മണ്ഡലങ്ങളുള്ള ഹരിയാനയില്‍ മുമ്പ് 4 സീറ്റുണ്ടായിരുന്ന ബി.ജെ.പി 46 സീറ്റിലേക്ക് വളര്‍ന്ന് ഒറ്റക്ക് അധികാരമുറപ്പിച്ചിരിക്കുന്നു. 288 മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയില്‍ 46 സീറ്റുണ്ടായിരുന്ന പാര്‍ട്ടി ഇക്കുറി 122 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കുകയാണ്. ഭൂരിപക്ഷത്തിന് 23 സീറ്റിന്റെ കുറവുണ്ടെങ്കിലും 63 സീറ്റുള്ള ശിവസേനയും 41 സീറ്റുള്ള എന്‍.സി.പിയും പിന്തുണക്കാന്‍ തയാറായിട്ടുണ്ട്. രണ്ടിടത്തും ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുന്നു.
ദേശീയതലത്തില്‍ മോദിതരംഗം ക്ഷയിക്കുകയല്ല, കൂടുതല്‍ ശക്തിപ്പെട്ടുവരികയാണെന്നാണ് ബി.ജെ.പി ഈ തെരഞ്ഞെടുപ്പു ഫലത്തെ വിലയിരുത്തുന്നത്. മോദിയുടെ നേതൃത്വത്തെയും ഭരണത്തെയും ജനങ്ങള്‍ ഹാര്‍ദമായി സ്വാഗതം ചെയ്തിരിക്കുകയാണ്. ഇനി സാമ്പത്തിക മേഖലയില്‍ കോര്‍പ്പറേറ്റുവത്കരണവും വിദേശ മൂലധന കുത്തകകള്‍ക്ക് നിര്‍ബാധം കടന്നുവരാന്‍ അവസരമൊരുക്കലും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ കാവിവത്കരണവും ത്വരിതഗതിയിലാക്കാം. ജനാധിപത്യം ഭദ്രവും വികസനോന്മുഖവുമാകാന്‍ രാജ്യത്ത് ഏക കക്ഷി ഭരണവും ഏക നേതൃത്വവും വേണമെന്നാണ് ബി.ജെ.പിയുടെ കാഴ്ചപ്പാട്. ലോക്‌സഭയില്‍ തനിച്ച് ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ അതുണ്ടായിരുന്നില്ല. ഹരിയാനയിലും മഹാരാഷ്ട്രയിലും ഭരണകക്ഷിയാകുന്നതോടെ ആ കുറവ് നികത്തപ്പെടും. 30 വര്‍ഷക്കാലം ബഹുകക്ഷി മുന്നണികള്‍ ഭരിച്ച ഇന്ത്യാ രാജ്യം ഇപ്പോള്‍ ബി.ജെ.പിയുടെ ഏക കക്ഷി ഭരണത്തിലേക്ക് നീങ്ങുകയാണ്. ഇനി അജണ്ടയിലുള്ള ബില്ലുകള്‍ ആരെയും കൂസാതെ ഒന്നൊന്നായി പാസാക്കിയെടുക്കാം. മതേതര ചേരിയെ ആശങ്കപ്പെടുത്തേണ്ടത് തന്നെയാണീയവസ്ഥ.
രണ്ടു സംസ്ഥാനങ്ങളിലും നടന്നത് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലോ നയനിലപാടുകള്‍ തമ്മിലോ ഉള്ള മത്സരമായിരുന്നില്ല. ശക്തമായ നേതൃത്വവും ഐകമത്യവുമുള്ള പാര്‍ട്ടിയും അതില്ലാത്ത ശിഥിലമായ പാര്‍ട്ടികളും തമ്മിലുള്ള മത്സരമായിരുന്നു. പാര്‍ട്ടികളുടെ പ്രത്യയശാസ്ത്രങ്ങള്‍ തമ്മില്‍ വൈരുധ്യങ്ങളില്ല. യു.പി.എ തുടങ്ങിവെച്ച കോര്‍പ്പറേറ്റുവത്കരണം അവരെക്കാള്‍ ശക്തമായും ചടുലമായും നടപ്പിലാക്കുകയാണ് ബി.ജെ.പി ഗവണ്‍മെന്റ്. ജയിക്കുമെന്ന് കണ്ടപ്പോള്‍ വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ കേന്ദ്ര സര്‍ക്കാര്‍ ഡീസലിന്റെ വിലനിര്‍ണയാവകാശം കമ്പനികള്‍ക്ക് വിട്ടുകൊടുത്തു. ഔഷധങ്ങളുടെ വില നിയന്ത്രണത്തില്‍ ഗണ്യമായ ഇളവ് വരുത്തി. ബി.ജെ.പി ഇതര കക്ഷികള്‍ അവകാശപ്പെടുന്ന മതേതര പ്രതിബദ്ധത പോലും അത്രയൊന്നും ആത്മാര്‍ഥവും ദൃഢവുമല്ലെന്ന് ജനങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. കോണ്‍ഗ്രസ് തന്നെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടി മൃദുഹിന്ദുത്വം അവലംബിക്കാറുണ്ട്. പരോക്ഷമായി പ്രയോഗിക്കാറുമുണ്ട്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായിരുന്ന എന്‍.സി.പി ഫലപ്രഖ്യാപനം വന്ന ഉടനെ മന്ത്രിസഭ രൂപീകരണത്തിന് ബി.ജെ.പിയെ പിന്തുണക്കാന്‍ ബദ്ധപ്പെട്ടത് നാം കണ്ടതാണ്. മതേതര കക്ഷികള്‍ എന്നവകാശപ്പെടുന്നവരില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതിന്റെ സാക്ഷ്യപത്രമാണ് മഹാരാഷ്ട്രയിലെ നാല്‍പതോളം മുസ്‌ലിം സംഘടനകള്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്സിന്റെയും എന്‍.സി.പിയുടെയും മിക്ക മുസ്‌ലിം സ്ഥാനാര്‍ഥികളും തോറ്റമ്പിയപ്പോള്‍ സംസ്ഥാനത്ത് ആദ്യമായി മത്സരത്തിനിറങ്ങിയ ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ രണ്ട് സീറ്റുകള്‍ നേടിയതും ശ്രദ്ധേയമാണ്. സി.പി.എം പോലും ഒറ്റ സീറ്റു കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിടത്താണിത്.
പരാജയകാരണമായി കോണ്‍ഗ്രസ് മുഖ്യമായി ഉന്നയിക്കുന്നത് ഭരണവിരുദ്ധ വികാരമാണ്. ഇത് യാഥാര്‍ഥ്യബോധത്തോടെയുള്ള വിലയിരുത്തലായി തോന്നുന്നില്ല. ഇനി അത് സമ്മതിച്ചാല്‍ തന്നെ ഇത്ര കടുത്ത വിരുദ്ധ വികാരത്തിനുത്തരവാദി പാര്‍ട്ടിയുടെ ഗവണ്‍മെന്റുകള്‍ തന്നെയാണ്. ഹരിയാനയിലും മഹാരാഷ്ട്രയിലും സംസ്ഥാന ഭരണകൂടങ്ങള്‍ അടിമുടി അഴിമതിയില്‍ കുളിച്ചിരുന്നുവെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്! ഭരണവിരുദ്ധ വികാരം അവിടെ ഒരനിവാര്യതയായിരുന്നു. ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പുകള്‍ സാര്‍ഥകമാവില്ലല്ലോ. മഹാരാഷ്ട്ര ഗവണ്‍മെന്റിന്റെ വികസനം നഗരകേന്ദ്രീകൃതമായിരുന്നു. ഗ്രാമീണ ദരിദ്ര വിഭാഗങ്ങളുടെ ജീവിതം നാള്‍ക്കുനാള്‍ ദുരിതമയമായി. കര്‍ഷക ആത്മഹത്യക്ക് പേരുകേട്ട വിദര്‍ഭ മേഖല കോണ്‍ഗ്രസിനെ തൂത്തുവാരുകയായിരുന്നു. പാര്‍ട്ടിയുടെ നേതൃത്വ ശൂന്യതയും അനൈക്യവും ഇതിനു പുറമെയാണ്. ഒപ്പമുണ്ടായിരുന്ന എന്‍.സി.പി തെറ്റിപ്പിരിയുക കൂടി ചെയ്തപ്പോള്‍ കോണ്‍ഗ്രസിനു നേരത്തെയുണ്ടായിരുന്ന 82 സീറ്റ് 42 ആയി കുറഞ്ഞു. എന്‍.സി.പിയുടെ 62 സീറ്റ് 41 ആയും. ഹരിയാനയില്‍ കോണ്‍ഗ്രസ്സിന്റെ 40 സീറ്റാണ് 15 ആയി കുറഞ്ഞത്.
നേരത്തെ ബിഹാര്‍, യു.പി, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകള്‍ മതേതര ജനാധിപത്യ കക്ഷികള്‍ക്ക് വ്യക്തമായ ഒരു സന്ദേശം നല്‍കിയിരുന്നു. രാജ്യത്തെ മതേതര ജനാധിപത്യ കക്ഷികള്‍ സങ്കുചിതമായ കക്ഷിതാല്‍പര്യങ്ങള്‍ക്കും അധികാര ദുരക്കും അതീതമായി ജനങ്ങളുടെ ക്ഷേമവും സ്വാതന്ത്ര്യവും സൈ്വര ജീവിതവും ലക്ഷ്യമാക്കി ഒന്നിച്ചു നില്‍ക്കണം. അവക്ക് ജനവിശ്വാസം ആര്‍ജിക്കാന്‍ പര്യാപ്തമായ പ്രതിഛായയും നേതൃത്വ പാടവവുമുള്ള നേതാക്കളുണ്ടാവണം. ആകര്‍ഷകമായ പരിപാടികളും നയനിലപാടുകളും ആവിഷ്‌കരിക്കണം. എങ്കില്‍ മതേതര കക്ഷികള്‍ക്ക് ഇനിയും രാജ്യത്ത് ശോഭനമായ ഭാവിയുണ്ട്. ഇല്ലെങ്കില്‍ ജനങ്ങള്‍ അവരില്‍ നിന്ന് കൂടുതല്‍ അകന്നുകൊണ്ടിരിക്കും. ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ മറ്റൊന്നില്ലാത്ത അവസ്ഥ ഹിന്ദുത്വ ശക്തികള്‍ക്ക് മുതല്‍ക്കൂട്ടാവുകയും ചെയ്യും. ഈ സന്ദേശം അര്‍ഹിക്കുന്ന ഗൗരവത്തോടെ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ്സിനും എന്‍.സി.പിക്കും കഴിഞ്ഞിട്ടില്ലെന്നാണ് അവര്‍ക്കിടയിലുണ്ടായ വിഘടനം തെളിയിക്കുന്നത്. അടുത്ത വര്‍ഷം കൂടുതല്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. ഇനിയെങ്കിലും കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ ഈ പാര്‍ട്ടികള്‍ തയാറാകുമോ?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /31-35
എ.വൈ.ആര്‍