ഹജ്ജ് തീര്‍ഥാടക സേവനത്തിന്റെ മാധുര്യം
പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനെത്തുന്ന, അല്ലാഹുവിന്റെ അതിഥികളെ സേവിക്കാന്‍ കിട്ടുന്ന അപൂര്‍വ അവസരം ഏതൊരു വിശ്വാസിക്കും അതീവഹൃദ്യവും അവിസ്മരണീയവുമായ അനുഭവമായിരിക്കും. ഒരു പുരുഷായുസ്സില്‍ ആത്മനിര്‍വൃതിയടയാനും സേവനപാതയില്‍ ആത്മസായൂജ്യം ലഭിക്കാനും കിട്ടുന്ന അസുലഭ നിമിഷങ്ങള്‍ തീര്‍ഥാടക സേവനത്തിന്റെ നേര്‍കാഴ്ചകളായിരിക്കും നമുക്ക് പ്രദാനം ചെയ്യുന്നത്. ഹജ്ജ് വേളയില്‍ പുണ്യനഗരികളില്‍ എത്തുന്ന ഹാജിമാര്‍ക്ക് മനുഷ്യസാധ്യമായ സേവനങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നത് എന്തുമാത്രം സംതൃപ്തവും മധുരതരവുമായിരിക്കുമെന്ന് പറയേണ്ടതില്ല. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മോഹം സാക്ഷാത്കരിക്കപ്പെട്ടത് ഈ വര്‍ഷത്തെ ഹജ്ജ് വേളയിലാണ്.
നീണ്ട വര്‍ഷങ്ങള്‍ തീര്‍ഥാടക സേവന പരിചയ സമ്പത്തുള്ള സുഊദിയിലെ 'തനിമ' കെ.ആര്‍.ഡബ്ല്യു വളണ്ടിയര്‍ വിംഗിലെ ഒരംഗമായാണ് ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് നഗരിയില്‍ ഞാനും സേവനത്തിനെത്തിയത്. രണ്ട് വര്‍ഷം മുമ്പ് ഹജ്ജ് നിര്‍വഹിക്കാനെത്തിയപ്പോള്‍ കാരുണ്യത്തിന്റെ ഒരായിരം കൈകള്‍ നീട്ടിപ്പിടിച്ച്, തീര്‍ഥാടക സേവനത്തിന്റെ തണലും തലോടലും കൊണ്ട് മാനവിക സേവനം കാഴ്ച വെച്ചിരുന്ന പ്രവാസികള്‍ മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. കൈ മെയ് മറന്ന് നിസ്സീമമായ പരസ്‌നേഹത്തിന്റെ ഉദാത്തമായ സേവനങ്ങള്‍ കാഴ്ചവെക്കുന്ന വളണ്ടിയര്‍മാര്‍ മാതൃകാപരമായ ത്യാഗപരിശ്രമങ്ങളാണ് ഓരോ ഹജ്ജ് നാളിലും ചെയ്യുന്നത്. സന്നദ്ധ പ്രവര്‍ത്തനം വ്യക്തിത്വ വികസനത്തിനുള്ള പരിശീലനം കൂടിയാണ്. ഹജ്ജ് സേവനത്തിനിറങ്ങുന്ന ഓരോരുത്തരും ഹാജിമാരുടെ പ്രാര്‍ഥനകളില്‍ ഇടം പിടിക്കുക കൂടി ചെയ്യുമ്പോള്‍ ഹൃദയ ബന്ധങ്ങളുടെ ഊഷ്മളത പറഞ്ഞറിയിക്കാന്‍ നമുക്ക് കഴിയില്ല.
കേരളത്തില്‍ നിന്നുള്ള മലയാളി ഹജ്ജ് വളണ്ടിയര്‍മാരുടെ സേവനം ആരുടെയും പ്രശംസ പിടിച്ചു പറ്റുന്നതായിരുന്നു. കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകളുടെ പ്രതിനിധികള്‍ വിവിധ പേരുകളില്‍ പ്രത്യേകം വളണ്ടിയര്‍ ജാക്കറ്റുകളണിഞ്ഞ് മക്കയില്‍ സേവനം നടത്തുന്നതില്‍ മത്സരിച്ചു മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. സേവനരംഗത്ത് അപൂര്‍വമായി കാണാന്‍ കഴിയുന്ന ഈ ആരോഗ്യകരമായ മത്സരം ഏറെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതു തന്നെയാണ്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍, പ്രത്യേകിച്ച് മലയാളി മുസ്‌ലിംകള്‍, നാട്ടിലാണെങ്കിലും മറുനാട്ടിലാണെങ്കിലും കാണിക്കുന്ന മത്സരവും വാശിയും ഒഴിവാക്കി അത് സേവന രംഗത്തേക്ക് തിരിച്ചുവിട്ടാല്‍ എത്ര നന്നായിരുന്നുവെന്ന് പലപ്പോഴും തോന്നാറുണ്ട്. വിവിധ മുസ്‌ലിം സംഘടനകളുടെ പൊതുവേദിയായ മക്കയിലെയും ജിദ്ദയിലെയും ഹജ്ജ് വെല്‍ഫയര്‍ ഫോറം, കെ.ആര്‍.ഡബ്ല്യു തനിമ, കെ.എം.സി.സി, ഇന്ത്യന്‍ ഫ്രറ്റെണിറ്റി ഫോറം, രിസാല സ്റ്റഡി സര്‍ക്കിള്‍, എസ്.കെ.ഐ.സി, ഒ.ഐ.സി.സി, ഐ.എം.സി.സി എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന വളണ്ടിയര്‍ ഗ്രൂപ്പുകളുടെ മഹിതമായ സേവനം ഏറെ വിലമതിക്കത്തക്കതാണ്. ജിദ്ദയിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും മക്കയില്‍ സേവനനിരതരായിരുന്നു എന്നു കൂടി അറിയുമ്പോള്‍, കൂടുതല്‍ സന്തോഷം അനുഭവപ്പെടുന്നു. ഹജ്ജ് കര്‍മങ്ങള്‍ക്കിടയില്‍ അറഫയിലും മിനായിലും വഴിതെറ്റി പോകുന്ന ഹാജിമാരെ അവരുടെ തമ്പുകളിലെത്തിക്കുക, ഹാജിമാര്‍ക്ക് വേണ്ട വെള്ളം, ഭക്ഷണം എന്നിവ എത്തിച്ച് കൊടുക്കുക, ഭാഷാ പരിജ്ഞാനമില്ലാത്തവരെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സഹായിക്കുക, മറ്റു കാര്യങ്ങളില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും സഹകരണവും നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി വളണ്ടിയര്‍മാര്‍ സജീവമായിരുന്നു. സേവന നിരതരായി എവിടെയും ഓടി നടക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാഹുവിന്റെ പ്രീതി മാത്രമാണ് കാംക്ഷിക്കുന്നത് എന്ന് നാം അറിയുക.
ഹജ്ജ് ദിവസങ്ങളില്‍ ഇരുപതും അതിലധികവും കിലോ മീറ്റര്‍ ദൂരം കാല്‍ നടയായി യാത്ര ചെയ്താണ് വളണ്ടിയര്‍മാരിലധികപേരും ഹജ്ജുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ എത്തിപ്പെട്ടിരുന്നത്. ഹജ്ജ് കര്‍മങ്ങള്‍ക്കിടയില്‍ പ്രായമായ ഹാജിമാരെ അവരുടെ തമ്പുകളിലെത്തിക്കാന്‍ വളണ്ടിയര്‍മാര്‍ ചെയ്ത സേവനം എടുത്തു പറയേണ്ടത് തന്നെ. ദേശവും ഭാഷയും വേഷവും മറന്ന്, പ്രയാസപ്പെടുന്നവര്‍ക്ക് സമാശ്വാസം നല്‍കാന്‍ അതിരുകളില്ലാത്ത സേവനവഴി വെട്ടിത്തെളിക്കാന്‍ മലയാളികള്‍ കാണിക്കുന്ന ത്യാഗ സന്നദ്ധതക്ക് മറ്റൊരു മാതൃക കാണാന്‍ കഴിയില്ല. ഹറം പരിസരം, അറഫ, മുസ്ദലിഫ, മിന, അസീസിയ എന്നിവിടങ്ങളിലും മിന റെയില്‍വേ സ്റ്റേഷനിലും മറ്റും വളണ്ടിയര്‍മാര്‍ പകര്‍ന്ന് നല്‍കുന്ന സേവനങ്ങള്‍ പ്രശംസനീയമാണ്. രോഗികളും വൃദ്ധരുമായ ഹാജിമാരെ വീല്‍ചെയറുകളിലും വാഹനത്തിലും ലക്ഷ്യ സ്ഥാനത്ത് എത്തിക്കാന്‍ നടത്തുന്ന പരിശ്രമം കാണുമ്പോള്‍ നമ്മുടെ കണ്ണുകള്‍ ഈറനണിയും. ഹജ്ജ് ദിവസങ്ങളില്‍ വഴിതെറ്റി പോകുന്നവര്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ മിനായില്‍ ഹാജിമാര്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങളടങ്ങിയ 'മാപ്പ് റീഡിംഗ്' നന്നായി പഠിച്ചാണ് വളണ്ടിയര്‍മാര്‍ സേവന പ്രവര്‍ത്തനങ്ങളിലേക്കിറങ്ങുന്നത്. പരിമിതമെങ്കിലും കേരളത്തില്‍നിന്നുള്ള വനിതകളുടെ സേവനവും എടുത്ത് പറയേണ്ടതാണ്. അവശരായ വനിതാ ഹാജിമാര്‍ക്ക് താങ്ങും തണലും നല്‍കാന്‍ വളണ്ടിയര്‍മാര്‍ക്ക് കഴിഞ്ഞു. തമ്പുകള്‍ സന്ദര്‍ശിച്ചു അവശരായ സ്ത്രീകള്‍ക്ക് പരിചരണവും സഹായങ്ങളും നല്‍കുന്ന സഹോദരികളെ ഹാജിമാര്‍ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്. ഏറെ താല്‍പര്യത്തോടെ സന്നദ്ധ സേവനത്തിനിറങ്ങിയ വിദ്യാര്‍ഥികളുടെ കൂട്ടായ്മയും പ്രശംസ പിടിച്ചുപറ്റി. സേവന പാതയില്‍ നിലയുറപ്പിച്ചവരുടെ ത്യാഗങ്ങള്‍ കാണുമ്പോള്‍ കലര്‍പ്പറ്റ സ്‌നേഹവും പരസ്പര ബന്ധവും പ്രവാസികള്‍ കൈവിടാതെ കാത്തുസൂക്ഷിക്കുന്നു എന്ന സത്യം നമുക്ക് ബോധ്യമാകും. ഹജ്ജ് വേളയില്‍ നമ്മുടെ മുന്നില്‍ തുറന്നുവെച്ചിട്ടുള്ള സേവനമേഖലകള്‍ ഇനിയും ധാരാളമാണ് എന്ന തിരിച്ചറിവും സേവന വീഥിയില്‍ നിന്ന് നമുക്ക് ലഭിക്കും.
163 രാഷ്ട്രങ്ങളില്‍ നിന്നായി ഇരുപത് ലക്ഷത്തോളം തീര്‍ഥാടകരാണ് ഓരോ വര്‍ഷവും ഹജ്ജിന്റെ പുണ്യവും ആത്മീയ വിശുദ്ധിയും നേടാന്‍ മക്കയിലെത്തുന്നത്. കത്തുന്ന സൂര്യന് താഴെ 40 ഡിഗ്രി കൊടും ചൂടിലാണ് ഈ വര്‍ഷം തീര്‍ഥാടക ലക്ഷങ്ങള്‍ മക്കയിലെത്തിയത്. തീര്‍ഥാടകര്‍ക്ക് സുഊദി അധികൃതര്‍ ശാസ്ത്രീയവും അഭൂതപൂര്‍വവുമായ രീതിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു. പ്രയാസങ്ങളും പ്രശ്‌നങ്ങളുമില്ലാതെ ഹജ്ജ് നിര്‍വഹിക്കാനുതകുമാറുള്ള മുന്നൊരുക്കങ്ങള്‍ സുഊദി ഭരണകൂടം ഓരോ വര്‍ഷവും നടത്തുന്നുണ്ടെങ്കിലും ദശലക്ഷങ്ങള്‍ സമ്മേളിക്കുന്ന ഹജ്ജ് വേളകളില്‍ വളണ്ടിയര്‍ സേവനങ്ങള്‍ ചെയ്യാന്‍ എത്രയോ ഇടം ഇനിയും അവശേഷിക്കുന്നു. സുഊദി ഭരണകൂടത്തിനു വമ്പിച്ച പിന്തുണ നല്‍കി ശക്തി പകരുകയാണ് ഓരോ സന്നദ്ധസേവകനും അവരുടെ നിഷ്‌കപടമായ സേവനത്തിലൂടെ ചെയ്യുന്നത്. വളണ്ടിയര്‍ സേവനം ചെയ്യാന്‍ മുന്നോട്ടുവന്ന പ്രവാസികളുടെ സന്നദ്ധത അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും മാതൃകാപരവുമാണ്.
Comments