മഹിത ജീവിതത്തിലെ മായാ മുദ്രകള്‍
ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെയും വിജ്ഞാനത്തിന്റെയും മേഖലകളില്‍ കൈയൊപ്പ് പതിച്ച്, കാലത്തിന്റെയും ലോകത്തിന്റെയും മുന്നില്‍ നടന്ന് ജീവിതാവബോധം പകരുകയും ദിശാനിര്‍ണയം നടത്തുകയും ചെയ്ത മഹാന്മാരായ പരിഷ്‌കര്‍ത്താക്കളാണ് ഇമാം അബൂഹനീഫയും ഇമാം മാലികും ഇമാം ശാഫിഈയും ഇമാം അഹ്മദുബ്‌നു ഹമ്പലും. അവരുടെ ത്യാഗപൂര്‍ണമായ ജീവിതത്തിലെ ഓരോ നിമിഷവും തലമുറകള്‍ക്ക് പാഠവും പ്രചോദനവുമാണ്. അവരുടെ സഞ്ചാരത്തിന്റെയും ദേശാടനത്തിന്റെയും കഥകള്‍ വിജ്ഞാനകുതുകികള്‍ക്ക് ആവേശം നല്‍കുന്നതാണ്. തങ്ങളുടെ പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഫലമായി എത്തിച്ചേര്‍ന്ന നിഗമനങ്ങളിലെ വ്യത്യസ്തത, വസ്തുതയായി അംഗീകരിച്ചുകൊണ്ടുതന്നെ ഇമാമുമാര്‍ തമ്മില്‍ പുലര്‍ത്തിയ സ്‌നേഹവും ആദരവും ബഹുമാനവും നമ്മെ അതിശയിപ്പിക്കും. ഇമാം ശാഫിഈ പറയുമായിരുന്നു: ''ഇമാം മാലിക് എന്റെ ഗുരുവര്യനാണ്. അദ്ദേഹത്തില്‍ നിന്നാണ് ഞാന്‍ വിജ്ഞാനമാര്‍ജിച്ചത്.'' ഇമാം അഹ്മദുബ്‌നു ഹമ്പല്‍ ശാഫിഈയുടെ പുത്രന്‍ മുഹമ്മദിനോട് പറഞ്ഞു: ''പാതിരാ നേരത്തുള്ള എന്റെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുന്ന ആറു പേരില്‍ ഒരാളാണ് നിന്റെ പിതാവ്.''
മുഹമ്മദുബ്‌നു ഇസ്ഹാഖ്ബ്‌നു റാഹവൈഹി രേഖപ്പെടുത്തുന്നു: ''ഒരിക്കല്‍ അഹ്മദുബ്‌നു ഹമ്പല്‍(റ) എന്റെ പിതാവിനോട് പറഞ്ഞു: വരൂ, ഞാന്‍ താങ്കള്‍ക്ക് ഒരാളെ കാണിച്ചുതരാം. അതുപോലൊരു വ്യക്തിയെ താങ്കള്‍ ജീവിതത്തില്‍ കണ്ടിട്ടുണ്ടാവില്ല. എന്റെ കൈപിടിച്ച അദ്ദേഹം ഇമാം ശാഫിഈയുടെ സന്നിധിയിലേക്കാണ് പോയത്.''
മുഹമ്മദുബ്‌നു ഇസ്ഹാഖ് ഓര്‍ക്കുന്നു: ''അഹ്മദുബ്‌നു ഹമ്പലിനെ പോലെ ഒരു വ്യക്തിത്വത്തെ ഇമാം ശാഫിഈ പരിചയിച്ചിട്ടില്ല.''
അബ്ദുല്ലാഹിബ്‌നു നാഫിഅ്: ''നാല്‍പതു വര്‍ഷം ഞാന്‍ ഇമാം മാലികിനോടൊപ്പം കഴിഞ്ഞു, വിജ്ഞാനമാര്‍ജിച്ചു.''
ഗുരുമുഖത്ത് നിന്ന് വിജ്ഞാനം നുകരുക മാത്രമല്ല, അവരുടെ ജീവിതം പകര്‍ത്തുകയായിരുന്നു ശിഷ്യഗണങ്ങള്‍. രാഷ്ട്രീയ വടംവലിയും അധികാരമത്സരവും കത്തിനിന്ന നാളുകളില്‍ മര്‍ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും കഠിന ഭേദ്യങ്ങള്‍ക്കും ഏറെ ഇരയാക്കപ്പെട്ടിട്ടും തങ്ങളുടെ സ്വതന്ത്ര വീക്ഷണത്തിലും കാഴ്ചപ്പാടിലും ഉറച്ചുനിന്ന് ഭരണാധികാരികള്‍ക്കും ഭരണീയര്‍ക്കും ഒരുപോലെ വെൡം നല്‍കാന്‍ കഴിഞ്ഞു അവര്‍ക്ക്. ഭിന്ന വീക്ഷാഗതി പുലര്‍ത്തുന്നവരോടും അവര്‍ സൗഹൃദം കാത്തുസൂക്ഷിച്ചു. യൂനുസുസ്സദഫി ഓര്‍ക്കുന്നു: ''ഇമാം ശാഫിഈയെക്കാള്‍ ബുദ്ധിമാനായി ആരെയും എനിക്കറിഞ്ഞുകൂടാ. ഒരു വിഷയത്തില്‍ എനിക്ക് അദ്ദേഹവുമായി ഒരിക്കല്‍ സംവാദത്തില്‍ ഏര്‍പ്പെടേണ്ടിവന്നു. അങ്ങനെ ഞങ്ങള്‍ പിരിഞ്ഞു. പിന്നീടൊരിക്കല്‍ ഒരിടത്ത് വെച്ച് എന്നെ കാണാനിടവന്ന ശാഫിഈ എന്റെ കരം ഗ്രഹിച്ച് എന്നോട്: അബൂ മൂസാ, അന്ന് സംവദിച്ച വിഷയത്തില്‍ നമുക്ക് സഹോദരങ്ങളെ പോലെ കഴിഞ്ഞുകൂടെ?''
കഠിന പീഡനങ്ങളുടെയും പരീക്ഷണത്തിന്റെയും നാളുകളില്‍ ക്ഷമയുടെയും സഹനത്തിന്റെയും നിസ്തുല മാതൃകകള്‍ രചിച്ച ആ അറിവിന്റെ കുലപതികള്‍ ഒരിക്കലും തങ്ങളുടെ സാന്നിധ്യം സമൂഹത്തിന് ഒരു ശാപമായി കൂടാ എന്ന് ശഠിച്ചു. ഇമാം അഹ്മദുബ്‌നു ഹമ്പലിന്റെ പുത്രന്‍ അബ്ദുല്ലാഹിബ്‌നു അഹ്മദ്, ഒടുവിലൊടുവില്‍ പിതാവ് അഹ്മദുബ്‌നു ഹമ്പല്‍ ഏകാന്തതയെ ഇഷ്ടതോഴനായി വരിച്ചെന്ന് അനുസ്മരിക്കുന്നു: ''എന്റെ പിതാവ് പറയുമായിരുന്നു: ഏകാന്തതയില്‍ ഒഴിഞ്ഞിരിക്കലാണ് എന്റെ ഹൃദയത്തിന് ഏറെ ആശ്വാസവും ആഹ്ലാദവും പകരുന്നത്. സംഭവിക്കാത്തതാണ് ഞാന്‍ കൊതിക്കുന്നത്. ഒരു മനുഷ്യനും എത്തിനോക്കാത്ത ഒരിടമാണെനിക്ക് പഥ്യം.''
ഒരാള്‍ ഇമാം അഹ്മദിനോട്: ''ഇസ്‌ലാമിന് അങ്ങ് ചെയ്ത സേവനങ്ങള്‍ മുന്‍നിര്‍ത്തി അല്ലാഹു അങ്ങയ്ക്ക് പ്രതിഫലം നല്‍കട്ടെ.''
ഇമാമിന്റെ മറുപടി: ''എനിക്കാണല്ലോ ഇസ്‌ലാം നന്മ വരുത്തിയത്!''
Comments