Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 31

സംസ്‌കരണത്തിന്റെ ശാസ്ത്രീയ രീതികള്‍

പുത്തൂര്‍ ഇബ്‌റാഹീം കുട്ടി /പുസ്തകം

പുതിയ കാലത്ത് കുറ്റകൃത്യങ്ങളും അധാര്‍മികതയും സ്വഭാവദൂഷ്യങ്ങളും പെരുകി, മത-സാമൂഹിക സംഘടനകളുടെ നിയന്ത്രണങ്ങളെപ്പോലും മറികടന്ന് അവ സമൂഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഓരോ സംഘടനയും തങ്ങളുടെ പരിധിയിലുള്ളവരെയും പുറത്തുള്ളവരെയും സംസ്‌കരിക്കുന്നതിന് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പല രീതിയിലും നിര്‍വഹിച്ചുവരുന്നുണ്ട്. മതവിശ്വാസികളുടെയും സാംസ്‌കാരിക സംഘങ്ങളുടെയും ആരാധനാലയങ്ങളുടെയും എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രതിഫലനം വേണ്ടവിധം സമൂഹത്തില്‍ കാണുന്നില്ല.
വ്യക്തിശുദ്ധീകരണ പ്രക്രിയയില്‍ ഭരണകൂടത്തിനും മത-രാഷ്ട്രീയ സംഘടനകള്‍ക്കും പ്രാദേശിക കൂട്ടായ്മകള്‍ക്കും തങ്ങളുടേതായ ബാധ്യതകള്‍ നിര്‍വഹിക്കാനുണ്ട്. ഈ ബോധ്യത്തില്‍നിന്ന് ആദ്യം വ്യക്തിയും പിന്നീട് സംസ്‌കാരപൂര്‍ണനായ പ്രബോധകനും ആര്‍ജിക്കേണ്ട സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയ രീതികള്‍ പരിചയപ്പെടുത്തുന്ന ഒരു കൊച്ചു പുസ്തകമാണ് ഒ.പി അബ്ദുസ്സലാം രചിച്ച സംസ്‌കരണത്തിന്റെ രീതിശാസ്ത്രം.
പാരമ്പര്യ രീതികളില്‍ നിന്ന് വ്യത്യസ്തമായി ഖുര്‍ആന്‍-ഹദീസ് വിവരണങ്ങളോടൊപ്പം, ദീര്‍ഘകാലം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ദഅ്‌വത്ത് മേഖലയില്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങളും ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ചരിത്രാംശങ്ങളും ഇതില്‍ ഇടംപിടിക്കുന്നുണ്ട്. മനുഷ്യന്‍ തന്റെ പ്രകൃതിദത്തമായ സ്വഭാവഗുണങ്ങളില്‍ നിന്ന് വ്യതിചലിച്ചു പോകാനിടയാക്കുന്ന ഒട്ടേറെ കാരണങ്ങള്‍ ഗ്രന്ഥകാരന്‍ പരാമര്‍ശിക്കുന്നുണ്ട്. അജ്ഞത, ലക്ഷ്യബോധമില്ലായ്മ, ഭൗതികാസക്തി, ദാരിദ്ര്യം, പൗരൗഹിത്യാധിപത്യം, ആദര്‍ശ ബലക്ഷയം തുടങ്ങിയ ഒട്ടേറെ കാരണങ്ങളെ ഗ്രന്ഥകാരന്‍ അടിവരയിടുന്നു.
സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ എവിടെ നിന്നു തുടങ്ങണം, എങ്ങനെ തുടങ്ങണം, എങ്ങനെ വ്യക്തികളെ സമീപിക്കണം, മാനസികമായ അതിനുള്ള മുന്നൊരുക്കങ്ങള്‍, സ്ഥലകാലബോധവും വ്യക്തിയെക്കുറിച്ചുള്ള പഠനവും അറിവിന്റെ ആവശ്യകത തുടങ്ങി ഒരു സംസ്‌കരണ പ്രവര്‍ത്തകനുണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ചാണ് ആദ്യ അധ്യായങ്ങളില്‍ പ്രതിപാദിക്കുന്നത്. നിര്‍ബന്ധ കര്‍മങ്ങളേക്കാള്‍ ഐഛിക വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും, ഉള്ളടക്കത്തേക്കാള്‍ പുറംചട്ടകള്‍ക്ക് ഭംഗികൂട്ടുകയും ചെയ്യുന്നവര്‍ ഉള്‍പ്പെട്ട സമുദായത്തെ ഹിക്മത്തും തര്‍ത്തീബും പാലിച്ച് സംസ്‌കരിക്കേണ്ടതുണ്ട്. സംസ്‌കരണ പ്രവര്‍ത്തകന്റെ സങ്കുചിതത്വം, മുന്‍വിധി, വ്യക്തിഹത്യക്ക് മുതിരുന്ന സ്വഭാവം എന്നീ ദുര്‍ഗുണങ്ങള്‍ വരുത്തിവെക്കുന്ന അനന്തര വിപത്തുകളും ഉദാഹരണ സഹിതം ഗ്രന്ഥകാരന്‍ ഓര്‍മപ്പെടുത്തുന്നു.
കുറ്റവാളികളോടും ദുര്‍മാര്‍ഗികളോടുമുള്ള നമ്മുടെ സമീപനങ്ങള്‍ പുനരാലോചനക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു. സൗമ്യമായ ശൈലി, സ്‌നേഹാദരവുകള്‍, സംവാദങ്ങള്‍, ഉത്തമമായ മാതൃകകള്‍ എന്നിവ ബദലായി മുന്നോട്ട് വെക്കുകയും ചെയ്യുന്നു. വായനയും അറിവും വളരെ പ്രധാനമാണ് പ്രബോധകന്റെ ജീവിതത്തില്‍. ഇസ്‌ലാമിക പ്രവര്‍ത്തകര്‍ അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങള്‍ ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നുണ്ട്. ഇസ്‌ലാമിക പ്രബോധന രംഗത്തും സംസ്‌കരണ രംഗത്തും പുതിയ കാലത്തിനനുസരിച്ച് സ്വീകരിക്കേണ്ട മാറ്റങ്ങള്‍ക്ക് അടിവരയിടുന്നു ഈ ഗ്രന്ഥം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /31-35
എ.വൈ.ആര്‍