Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 31

'പുതിയ മധ്യ പൗരസ്ത്യം' വെറും ഭാവനയല്ല

കെ.എം.എ /കവര്‍‌സ്റ്റോറി

         ഒന്നിച്ച് താമസിക്കുന്ന വിവിധ മത വംശീയ വിഭാഗങ്ങളെ വേര്‍പ്പെടുത്തി മധ്യ പൗരസ്ത്യ ദേശത്ത് കൊച്ചു കൊച്ചു രാഷ്ട്രങ്ങളുണ്ടാക്കുക എന്നത് പാശ്ചാത്യ സാമ്രാജ്യ ശക്തികള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ പിന്തുടര്‍ന്നു വരുന്ന നയമാണ്. അറബ് സമൂഹം ഏകീകരിക്കുന്നത് തടയുക, മേഖലയിലെ വിഭവങ്ങള്‍ ചതിയിലും ചുളു വിലയ്ക്കും തട്ടിയെടുക്കാന്‍ വിഭവസമ്പന്നമായ മേഖലകളില്‍ തങ്ങളുടെ ആശ്രിതരെ അധികാരത്തിലിരുത്തുക, പല കാരണങ്ങള്‍ പറഞ്ഞ് മത -വംശീയ വൈരങ്ങള്‍ ഊതിക്കത്തിച്ച് സംഘര്‍ഷമുണ്ടാക്കുക, അതിന്റെ പേരില്‍ പടക്കളത്തിലിറങ്ങുന്ന ഇരു കക്ഷികള്‍ക്കും ആയുധങ്ങള്‍ യഥേഷ്ടം വിറ്റ് കൊള്ളലാഭമുണ്ടാക്കുക- ഇത്തരം സ്വാര്‍ഥ താല്‍പര്യങ്ങളാണ് ശിഥിലീകൃത മധ്യ പൗരസ്ത്യം എന്ന ആശയത്തിലേക്ക് അവരെ കൊണ്ടെത്തിക്കുന്നത്. പക്ഷേ, ഈ ദുഷ്ട ലക്ഷ്യങ്ങളൊക്കെയും മറച്ചു പിടിക്കുന്ന ഇമ്പമുള്ള പദപ്രയോഗങ്ങളാവും അവര്‍ നടത്തുക. ഈ കുടില പദ്ധതിക്ക് അവരിട്ട പേരാണ് 'പുതിയ മധ്യ പൗരസ്ത്യം' (New Middle East). അമേരിക്കന്‍ തീവ്ര വലതുപക്ഷത്തിന്റെയും സയണിസ്റ്റ് ലോബിയുടെയും നാവുകളിലാണ് ഈ പ്രയോഗം വല്ലാതെ തത്തിക്കളിക്കുക. മധ്യ പൗരസ്ത്യ ദേശത്ത് ഇസ്രയേല്‍ എന്ന രാഷ്ട്രത്തെ കുടിയിരുത്തിയത് തന്നെ പാശ്ചാത്യര്‍ ലക്ഷ്യം വെക്കുന്ന പുതിയ മധ്യപൗരസ്ത്യത്തിന്റെ സാക്ഷാത്കാരത്തിന് വേണ്ടിയാണെന്ന് പ്രമുഖ ഈജിപ്ഷ്യന്‍ അക്കാദമിഷ്യനായ അബ്ദുല്‍ വഹാബ് മസീരി നിരീക്ഷിച്ചിട്ടുണ്ട്.
'പുതിയ മധ്യ പൗരസ്ത്യ'ത്തിന്റെ ആദ്യ പതിപ്പാണ് 1916-ലെ സൈക്‌സ്-പികോ (Sykes-Picot) ധാരണയില്‍ രൂപപ്പെട്ടത്. മേഖലയിലെ പ്രധാന കൊളോണിയല്‍ ശക്തികളായ ബ്രിട്ടനും ഫ്രാന്‍സും തമ്മിലുണ്ടാക്കിയ ഈ രഹസ്യ ധാരണയാണ് മധ്യ പൗരസ്ത്യ ദേശത്തെ ഇന്നുള്ള രീതിയില്‍ വെട്ടിമുറിച്ചത്. ഇതിന് റഷ്യയുടെ ആശീര്‍വാദവുമുണ്ടായിരുന്നു. അറബ് സമൂഹത്തിന്റെ സംസ്‌കാരമോ മതമോ പാരമ്പര്യമോ ഒന്നും ഈ വെട്ടിമുറിക്കലില്‍ ഒട്ടും പരിഗണിക്കപ്പെട്ടിരുന്നതേയില്ല. സാമ്രാജ്യത്വ ശക്തികളുടെ രാഷ്ട്രീയ, സാമ്പത്തിക താല്‍പര്യങ്ങള്‍ മാത്രമായിരുന്നു പരിഗണനീയം. തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന നാടുവാഴികളെ ഈ രാഷ്ട്രങ്ങളില്‍ ബ്രിട്ടനും ഫ്രാന്‍സും കുടിയിരുത്തുകയും ചെയ്തു.
ആ വെട്ടിമുറിക്കല്‍ കഴിഞ്ഞിട്ട് ഒരു നൂറ്റാണ്ട് തികയാറായി. അതിനിടക്ക് ശാക്തിക സംതുലനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ലോകം സാക്ഷിയായി. ബ്രിട്ടനും ഫ്രാന്‍സും പോലുള്ള പഴയ കൊളോണിയല്‍ തമ്പുരാക്കന്മാര്‍ പാര്‍ശ്വവത്കരിക്കപ്പെട്ടു. ഇപ്പോള്‍ അമേരിക്കയുടെ ഊഴമാണ്. അവര്‍ക്ക് അവരുടെ രാഷ്ട്രീയ- സാമ്പത്തിക താല്‍പര്യങ്ങള്‍ സുരക്ഷിതമാക്കാനുതകും വിധം മധ്യ പൗരസ്ത്യത്തിന്റെ ഭൂപടം അപ്പാടെ മാറ്റിവരക്കണമെന്നുണ്ട്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലത്തെ അമേരിക്കയുടെ മേഖലയിലെ സൈനികവും അല്ലാത്തതുമായ ഇടപെടലുകളെല്ലാം ഈയൊരു മാറ്റിവരക്കലിന് വേണ്ടിയായിരുന്നു എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് പുതിയ സംഭവ വികാസങ്ങള്‍.
അറബ് വസന്തം കെട്ടടങ്ങുകയും മത, വംശീയ, പ്രാദേശിക ഭിന്നതകള്‍ അവയുടെ പാരമ്യത്തിലെത്തി നില്‍ക്കുകയും ചെയ്യുന്ന മധ്യ പൗരസ്ത്യത്തിന്റെ സമകാലിക രാഷ്ട്രീയ കാലാവസ്ഥയാണ് അതിന് ഏറ്റവും അനുയോജ്യം എന്ന് അമേരിക്കയും സയണിസ്റ്റ് ലോബിയും കരുതുന്നുണ്ടാവണം. ഈജിപ്തില്‍ വിപ്ലവം വഴിതിരിഞ്ഞുപോയി. സിറിയയിലെ അറബ് വസന്തം ആഭ്യന്തര കലാപത്തിന്റെ രാക്ഷസീയ രൂപം പൂണ്ടുനില്‍ക്കുന്നു. യുദ്ധങ്ങളിലും ആഭ്യന്തര കലാപങ്ങളിലും നേരിട്ട് ഇടപെടാത്തവര്‍ കനത്ത ഫണ്ടുകള്‍ നല്‍കിയും ആയുധങ്ങള്‍ ഒളിച്ചു കടത്തിയും പരിശീലനം കിട്ടിയ യുവ പോരാളികളെ പോരാട്ട ഭൂമികളിലേക്ക് പറഞ്ഞയച്ചും ആഭ്യന്തര സംഘര്‍ഷങ്ങളെ പരമാവധി ആളിക്കത്തിക്കുന്നു.
ഈയൊരു പശ്ചാത്തലത്തില്‍ വേണം 2013 സെപ്റ്റംബര്‍ 28-ന് റോബിന്‍ റൈറ്റ് എന്ന അമേരിക്കന്‍ സീനിയര്‍ പത്രപ്രവര്‍ത്തക ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ കുറിപ്പും അതിന് അനുബന്ധമായി ചേര്‍ത്ത മിഡിലീസ്റ്റിന്റെ 'ഭാവനാത്മക ഭൂപട'വും പുനര്‍ വായിക്കാന്‍. ഒരു പത്രപ്രവര്‍ത്തകയുടെ കേവലം ഭാവനാ സൃഷ്ടിയായി തള്ളാവുന്ന ഒന്നല്ല ഇത്. റോബിന്‍ റൈറ്റ് ഒരു സാധാരണ പത്രപ്രവര്‍ത്തകയല്ല. മധ്യ പൗരസ്ത്യ ദേശത്തെയും മറ്റു മുസ്‌ലിം നാടുകളെയും കുറിച്ച് അവര്‍ സവിശേഷം പഠിച്ചിട്ടുണ്ട്. മിഡിലീസ്റ്റ് വിഷയങ്ങളില്‍ അമേരിക്കന്‍ ഗവണ്‍മെന്റിന് വിദഗ്‌ധോപദേശം നല്‍കുന്നവരുടെ പട്ടികയിലും അവര്‍ ഇടം പിടിച്ചിട്ടുണ്ട്. ആയതിനാല്‍ അമേരിക്കന്‍ രാഷ്ട്രീയ ആഢ്യ വര്‍ഗത്തിന്റെ താല്‍പര്യങ്ങളാണ് ഈ മാപ്പ് പുറത്ത് വിടുന്നതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്ന് പ്രമുഖ ഫലസ്ത്വീനി കോളമിസ്റ്റായ റംസി ബാറൂദ് നിരീക്ഷിക്കുന്നു. 'അഞ്ച്, പതിനാല് ആയേക്കാം' എന്നാണ് ഭാവിയില്‍ രൂപപ്പെട്ടേക്കാവുന്ന ഈ ഭൂപടത്തിന് റോബിന്‍ നല്‍കുന്ന തലക്കെട്ട്. അതായത് നിലവിലുള്ള ലിബിയ, സിറിയ, ഇറാഖ്, യമന്‍, സുഊദി അറേബ്യ എന്നീ അഞ്ച് രാഷ്ട്രങ്ങള്‍ ഭാവിയില്‍ 14 രാഷ്ട്രങ്ങളായി മാറുമെന്ന്! ഈ മാറ്റിവരയ്ക്കലിനിടയില്‍ പല രാജ്യങ്ങളുടെയും തുണ്ടുകള്‍ ചേര്‍ത്ത് അധികമായി രണ്ട് രാഷ്ട്രങ്ങള്‍ കൂടി രൂപപ്പെട്ടേക്കാം. സുന്നിസ്താന്‍, ശീഈസ്താന്‍, കുര്‍ദിസ്താന്‍, അലവിസ്താന്‍, വഹാബിസ്താന്‍ തുടങ്ങി വിഭാഗീയത മണക്കുന്ന പേരുകളും അവക്ക് നല്‍കിയിരിക്കുന്നു.
സിറിയ മൂന്നായി പിളരുമെന്നാണ് പറയുന്നത്. അലവി ന്യൂനപക്ഷത്തിന് ഭൂരിപക്ഷമുള്ള തീരദേശം ഉള്‍പ്പെടുന്ന അലവിസ്താനായിരിക്കും ഒന്ന്. ഒരു ഭാഗം കുര്‍ദിസ്താനിലേക്ക് പോകും. ബാക്കിയുള്ളതാണ് സുന്നിസ്താന്‍. ഏതാണ്ട് ഇതേ മാതൃകയില്‍ ഇറാഖും മാറ്റിവരക്കപ്പെടുമെന്നാണ് പ്രവചിക്കുന്നത്. ട്രിപ്പോളിത്താനിയ, ഫെസാന്‍, സൈറനൈക എന്നിങ്ങനെ മൂന്നായാണ് ലിബിയയെ വിഭജിച്ചിരിക്കുന്നത്. സുഊദി അറേബ്യ 'ബാല്‍ക്കനൈസ്' ചെയ്യപ്പെടുമെന്നും അഞ്ചായി പിരിയുമെന്നും പറയുന്നത് കേവല മനോരാജ്യം മാത്രമാണെന്ന് പാശ്ചാത്യ രാഷ്ട്രീയ നിരീക്ഷകര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അമേരിക്കന്‍ പത്രപ്രവര്‍ത്തകയുടെ ഭാവനാ ഭൂപടം, ഇസ്രയേലിന്റെ സുരക്ഷ ഉറപ്പ് വരുത്താന്‍ അറബ് ലോകത്തെ ശിഥിലീകരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് താന്‍ കാണുന്നതെന്ന് ലബനീസ് സോഷ്യലിസ്റ്റ് നേതാവ് വലീദ് ജന്‍ബിലാത്വ് പ്രതികരിക്കുകയുണ്ടായി. പാശ്ചാത്യ ഗൂഢാലോചനക്ക് ശക്തി പകരുമെന്നതിനാല്‍ കുര്‍ദിസ്താന്‍ രാഷ്ട്ര പ്രഖ്യാപനം നടത്തുന്നത് നീട്ടിവെക്കണമെന്ന് ഇറാഖിലെ കുര്‍ദ് നേതാവ് മസ്ഊദ് ബാര്‍സാനിയോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തെക്ക് സുന്നികള്‍ക്കും വടക്ക് സൈദികള്‍ക്കും ഭൂരിപക്ഷമുള്ള രണ്ട് രാഷ്ട്രങ്ങളായി യമന്‍ പിളരുമെന്നും റോബിന്‍ റൈറ്റ് എഴുതുന്നുണ്ട്. ഒരുപക്ഷേ അമേരിക്കയുടെ 'പുതിയ മിഡിലീസ്റ്റി'ന്റെ ആദ്യ പരീക്ഷണശാലയാവുന്നത് യമന്‍ തന്നെയായിരിക്കാം. നിരവധി അറബ് കോളമിസ്റ്റുകള്‍ ആ ആശങ്ക പങ്കുവെക്കുന്നുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /31-35
എ.വൈ.ആര്‍