ഇപ്പോഴും പ്രവാസി <br>സര്‍ക്കാറിന്റെ പരിധിക്ക് പുറത്താണ്...
ആടിനെന്തറിയാം അങ്ങാടി വാണിഭം എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നതാണ് വിവിധ സര്‍ക്കാര്‍ പ്രവാസി വകുപ്പുകളോടും നയങ്ങളോടുമുള്ള ലക്ഷക്കണക്കിന് പ്രവാസി സമൂഹത്തിന്റെ ബന്ധം. ഇത് മനസ്സിലാകണമെങ്കില്‍ ഈയിടെ പ്രഖ്യാപിച്ച പ്രവാസി പെന്‍ഷന്‍ പദ്ധതിയോടുള്ള പ്രവാസി സമൂഹത്തിന്റെ പ്രതികരണം പരിശോധിച്ചാല്‍ മതിയാകും. പ്രവാസികള്‍ക്കായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കുന്ന താഴെ തട്ടിലുള്ള പ്രവാസി സമൂഹത്തിലേക്ക് അതൊന്നും ഇതുവരെ എത്തിയിട്ടില്ല എന്നതാണ് വസ്തുത. വിവിധ പ്രവാസി ക്ഷേമപദ്ധതികളെക്കുറിച്ചോ നയങ്ങളെക്കുറിച്ചോ വകുപ്പിനെ കുറിച്ചോ ഭൂരിപക്ഷം പ്രവാസികള്‍ക്കും കേട്ട് കേള്‍വി പോലുമില്ല. ഇത് കേവലം അതിശയോക്തിയല്ല എന്ന് വര്‍ഷത്തിലൊരിക്കല്‍ എയര്‍പോര്‍ട്ടുമായും, പാസ്‌പോര്‍ട്ട് പുതുക്കാന്‍ കാലാവധി തീരുമ്പോള്‍ വല്ലപ്പോഴും എംബസിയുമായും ബന്ധപ്പെടുന്ന ആടുജീവിതങ്ങളുടെ യഥാര്‍ഥ അവസ്ഥകള്‍ അനുഭവിച്ചറിയുന്നവര്‍ സമ്മതിക്കും.
2004 ല്‍ പ്രവാസികള്‍ക്കായി മിനിസ്ട്രി ഓഫ് ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്‌സും (MOIA) കേരള സര്‍ക്കാറിന്റെ കീഴില്‍ 1996 ല്‍ നോര്‍ക്കയും (NORKA) 2002 മുതല്‍ നോര്‍ക്ക റൂട്ട്‌സും (NORKA ROOT) പ്രവര്‍ത്തിച്ചുവരുന്നതായുള്ള വാര്‍ത്തകള്‍ ഭൂരിപക്ഷം പ്രവാസികള്‍ക്കും പുതിയ പൊതുവിജ്ഞാനമായിരിക്കുമെന്ന് ഉറപ്പ്. ഇത്തരം സംരംഭങ്ങളെ കുറിച്ചൊക്കെ മേല്‍തട്ട് പ്രവാസികള്‍ക്ക് മാത്രമേ അറിയൂ. നിര്‍മാണ മേഖലകളിലും കഫ്റ്റീരിയകളിലും ഗ്രോസറികളിലും ഗാര്‍ഹിക മേഖലകളിലും തൊഴിലെടുക്കുന്ന സാധാരണക്കാരായ പ്രവാസികളിലേക്ക് ഇതിന്റെ വിവരങ്ങള്‍ പോലും എത്തിക്കാന്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ താല്‍പര്യം കാട്ടിയിട്ടില്ല. ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന നൂറ് കണക്കിന് പ്രവാസി സംഘടനകള്‍ ഇല്ലായിരുന്നെങ്കില്‍ സ്ഥിതി ഇതിലും ദയനീയമാകുമായിരുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ സാധാരണക്കാരിലെത്തിക്കാനുള്ള ഗവണ്‍മെന്റ് മെക്കാനിസം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്നും, അത്തരമൊരു സംരംഭം നിലവിലുണ്ടോ എന്നുമുള്ള ചര്‍ച്ചകള്‍ക്കാണ് ഇവിടെ പ്രസക്തി. ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഇല്ലാതിരുന്നത്‌കൊണ്ട് മാത്രമാണ് പ്രവാസി എന്നും സര്‍ക്കാര്‍ പരിധിക്ക് പുറത്ത് നില്‍ക്കേണ്ടിവരുന്നത്.
ഇത്തരം ഒരു മെക്കാനിസം സര്‍ക്കാറുകള്‍ സത്വരം നടപ്പിലാക്കിയില്ലെങ്കില്‍ സര്‍ക്കാറുകളും പ്രവാസി സമൂഹവുമായുള്ള വിടവുകള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കും. പ്രവാസികളുടെ പേരില്‍ അരങ്ങേറുന്ന 'മേല്‍തട്ട്' ബിനാല'കളിലും പഞ്ചനക്ഷത്ര കച്ചവട ചര്‍ച്ചകളിലും സാധാരണക്കാരുടെ അടിസ്ഥാന ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടം കിട്ടുന്നില്ല. പ്രവാസിയുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഇന്നും പരിഹരിക്കപ്പെടാതെ അനന്തമായി നീളുന്നത് പ്രവാസി സമൂഹത്തെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രവാസിയെ സംബന്ധിക്കുന്ന ഏത് പ്രഖ്യാപനങ്ങളെയും പദ്ധതികളെയും തമാശയായി പ്രവാസി സമൂഹം കണ്ടുവരുന്നു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ ചേരാനും ചേര്‍ക്കാനും ആളില്ലാതായി എന്ന വാര്‍ത്ത. ലക്ഷക്കണക്കിന് മലയാളികള്‍ വര്‍ഷങ്ങളായി ജോലി ചെയ്ത് വരുന്ന ഗള്‍ഫ് മേഖലയില്‍ നിന്ന് പദ്ധതിയില്‍ അംഗങ്ങളാകാന്‍ മുന്നോട്ട് വന്നത് കേവലം 1.30 ലക്ഷം പേര്‍ മാത്രമായിരുന്നുവെന്നത് സര്‍ക്കാറുകളെയും ബന്ധപ്പെട്ട ഏജന്‍സികളെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുണ്ട്. ഇവിടെയാണ് പ്രവാസികളും സര്‍ക്കാറുകളും തമ്മിലുള്ള ബന്ധത്തിലെ വിടവുകള്‍ പ്രകടമാവുന്നത്. ആയുസ്സ് മുഴുവന്‍ മരുഭൂമിയില്‍ ചോര നീരാക്കിയ ഇന്ത്യയുടെ അനൗദ്യോഗിക അംബാസഡര്‍മാരായ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ പെന്‍ഷനായി വെച്ചുനീട്ടുന്നത് കേവലം ആയിരം ഉറുപ്പിക മാത്രമാണ് എന്നറിയുമ്പോള്‍ ഗള്‍ഫിലെ സര്‍ക്കാര്‍ അനുകൂല പ്രവാസി സംഘടനകള്‍ പോലും പദ്ധതിയോട് സഹകരിക്കുവാന്‍ മുന്നോട്ട് വരില്ലെന്ന് കട്ടായം. വരും കാലങ്ങളില്‍ പെന്‍ഷന്‍ തുകയില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ടെങ്കിലും മറ്റു കാര്യങ്ങളിലെന്ന പോലെ 'കുറുപ്പിന്റെ ഉറപ്പാ'യിത്തന്നെയാണ് പ്രവാസികള്‍ അതിനെയും കാണുന്നത്.
പ്രവാസികളെ നേരിട്ട് ബാധിക്കുന്ന ഈയിടെ നടന്ന ചില സംഭവങ്ങള്‍ വ്യക്തമാക്കുന്നത് പ്രവാസി ഇപ്പോഴും സര്‍ക്കാറിന്റെ പരിധിക്കും പടിക്കും പുറത്താണ് എന്ന് തന്നെയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള മലപ്പുറം ജില്ലയിലെ എയര്‍ ഇന്ത്യ ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം ലക്ഷക്കണക്കിന് പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്നത് നഗ്‌ന സത്യമാണ്. മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ നിന്ന് മാത്രമായി 1,07,503 പേരാണ് പ്രവാസികളായി വിവിധ ഗള്‍ഫ് നാടുകളില്‍ തൊഴിലെടുക്കുന്നത്. റിപ്പോര്‍ട്ടുകളനുസരിച്ച് പത്തനംതിട്ട, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ മൊത്തം പ്രവാസികളേക്കാള്‍ കൂടുതലാണ് തിരൂരില്‍ നിന്ന് ഗള്‍ഫിലെത്തിയവരുടെ എണ്ണം എന്നുകൂടിയറിയുമ്പോള്‍ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാകും. അതായത് സംസ്ഥാനത്തെ ആകെയുള്ള 3.6 ദശലക്ഷം പ്രവാസികളില്‍ 20.4% പേരും മലപ്പുറത്തുകാരാണ്. മലപ്പുറത്തിന് പുറമെ പാലക്കാട് ജില്ലയിലെ പ്രവാസികളും ആശ്രയിച്ചിരുന്നത് ഈ ബുക്കിംഗ് ഓഫീസിനെയാണ്. മലപ്പുറത്തിന് പുറമെ സമീപഭാവിയില്‍ കണ്ണൂര്‍, തൃശൂര്‍ ഓഫീസുകളും പൂട്ടാന്‍ എയര്‍ഇന്ത്യ തയ്യാറെടുക്കുന്നുവെന്നാണ് വാര്‍ത്ത. ചെലവ് ചുരുക്കലിന്റെ പേരില്‍ സാധാരണക്കാരില്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് എന്നും അപ്രാപ്യമായ ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കാനായി ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം ഇതുവരെയും പിന്‍വലിച്ചിട്ടില്ല. പ്രവാസികളോട് കൂറും അനുകമ്പയും പുലര്‍ത്തുന്നവരാണ് സര്‍ക്കാറുകളെങ്കില്‍ സത്വര വേഗത്തില്‍ പ്രശ്‌നത്തിന്റെ ഗൗരവം കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കുവാനും പരിഹാരം നിര്‍ദ്ദേശിക്കുവാനും തയ്യാറാകേണ്ടതുണ്ട്. കോടിക്കണക്കിന് രൂപ കേന്ദ്രബജറ്റ് വിഹിതം പറ്റുന്ന എയര്‍ഇന്ത്യ തോന്നിയ പോലെയാണ് ഓരോ സീസണിലും ചാര്‍ജുകള്‍ ഈടാക്കുന്നത്. കൂടാതെ വൈകിപ്പറക്കല്‍ 'മണിക്കൂറുകളില്‍ നിന്നും ദിവസങ്ങളിലേക്ക്' കടന്നിരിക്കുകയുമാണ്. ഇത്തരം നയങ്ങള്‍ക്കെതിരെ ശക്തമായ ഇടപെടല്‍ കേന്ദ്രം നടത്തേണ്ടിയിരിക്കുന്നു.
പ്രവാസികളും സര്‍ക്കാര്‍ നയങ്ങളും തമ്മിലുള്ള അകല്‍ച്ചയില്ലാതാക്കാന്‍ ബന്ധപ്പെട്ടവര്‍ ത്വരിതഗതിയില്‍ നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഇതിന് പ്രഥമമായി ചെയ്യേണ്ടത് പ്രശ്‌നങ്ങളുടെ മുന്‍ഗണനാക്രമം പാലിക്കുകയും സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ താഴെക്കിടയിലുള്ള പ്രവാസികള്‍ക്കെത്തിക്കാന്‍ സര്‍ക്കാര്‍ മിഷണറികളെ സജ്ജമാക്കുകയുമാണ്. സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് നടത്തിവരുന്ന വിവിധ പദ്ധതികളായ പ്രവാസി വെല്‍ഫെയര്‍ ഫണ്ട്, സാന്ത്വനം, കാരുണ്യം, പ്രവാസി ലീഗല്‍ ഐയ്ഡ് സെല്‍, തിരിച്ചറിയല്‍ കാര്‍ഡ്, ഓണ്‍ലൈന്‍ ഗ്രീവെന്‍സ് ഫോറം, പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം (Pre-departure Orientation Program), നിതാഖാത് പുനരധിവാസം തുടങ്ങിയവയുടെ ഗുണഫലങ്ങള്‍ സാധാരണക്കാരായ പ്രവാസികള്‍ക്കെത്തിക്കാന്‍ ഇത്തരം മിഷണറികള്‍ക്ക് സാധിക്കേണ്ടതുണ്ട്.
വിവിധ ഗള്‍ഫ് നാടുകളിലെ മാറിവരുന്ന നിയമങ്ങള്‍ കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. തിരിച്ചുവരുന്നവര്‍ ഏറ്റവും കൂടുതല്‍ സ്വാഭാവികമായും മലപ്പുറം ജില്ലക്കാരാണ്. ഇവിടെ 100-ല്‍ 34 വീടുകളില്‍ മടങ്ങിവന്ന പ്രവാസിയുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2011 ല്‍ ഇത് 19.4% ആയിരുന്നെങ്കില്‍ അത് 2014-ല്‍ 34% മായിവര്‍ധിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ നടത്തിവരുന്ന പുനരധിവാസ സംരംഭങ്ങളെ കുറിച്ച് ഇത്തരം ഏജന്‍സികള്‍ പ്രവാസികള്‍ക്ക് വിശദീകരിച്ചുകൊടുക്കേണ്ടതുണ്ട്. 20 ലക്ഷം രൂപവരെ വായ്പ ലഭിക്കുന്നതിനായി സര്‍ക്കാര്‍ 2.3 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് വാര്‍ത്ത. തിരിച്ചുവരുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഇത്തരം പദ്ധതികളെ കുറിച്ച വിവരങ്ങള്‍ പുതിയ ജോലി സാധ്യതകളെ കുറിച്ച് പ്രതീക്ഷയും ആശ്വാസവും പകര്‍ന്നുനല്‍കും.
പ്രവാസികള്‍ അനുഭവിക്കുന്ന അന്യതാബോധം ഒരു പരിധിവരെയെങ്കിലും ഇല്ലാതാക്കാന്‍ ഇത്തരം നടപടികള്‍ സഹായിക്കുമെന്നതില്‍ രണ്ടഭിപ്രായമില്ല. പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയര്‍കേരള വിമാന സര്‍വ്വീസിനെ കുറിച്ച് മുഖ്യമന്ത്രി ഈയിടെ ഗള്‍ഫ് സന്ദര്‍ശന വേളയില്‍ പറഞ്ഞത് സര്‍ക്കാര്‍ ആ പദ്ധതി ഇതുവരെ ഉപേക്ഷിട്ടില്ല എന്നും അതുമായി മുന്നോട്ട് പോകും എന്നുമാണ്. പത്ത് കൊല്ലമായി നാട്ടില്‍ പോകാത്തവര്‍ക്ക് നാമമാത്ര തുകക്ക് ടിക്കറ്റ് നല്‍കുവാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാലങ്ങളായി ദുരിതമനുഭവിച്ചുവരുന്ന പ്രവാസി സഹോദരങ്ങള്‍ക്ക് ഗള്‍ഫ് മണ്ണിലെ സുമനസ്സുകളും നിരവധി സംഘടനകളും സൗജന്യമായി ഭക്ഷണവും പാര്‍പ്പിടവും ടിക്കറ്റും നല്‍കി നാടണയാന്‍ സൗകര്യമൊരുക്കി വരുന്ന വിവരം സര്‍ക്കാറുകള്‍ അറിയാതെ പോകുന്നത് ദൗര്‍ഭാഗ്യകരം എന്നല്ലാതെ മറ്റെന്ത് പറയാന്‍.
Comments