അംറാന്‍ പ്രവിശ്യയുടെ പതനവും <br>ഹൂഥികളുടെ മുന്നേറ്റവും
യമനിലെ അംറാന്‍ പ്രവിശ്യ ഹൂഥി കലാപകാരികള്‍ കൈയടക്കിയതോടെ, 'ഇവിടെ ഒരു ഗവണ്‍മെന്റുണ്ടോ' എന്നാണ് യമനികള്‍ ചോദിക്കുന്നത്. യമനെ സംബന്ധിച്ചേടത്തോളം വളരെ മര്‍മപ്രധാനമാണ് അംറാന്‍ പ്രവിശ്യ. വടക്ക് നിന്ന് തലസ്ഥാനമായ സ്വന്‍ആയിലേക്കുള്ള വഴിയാണത്. തലസ്ഥാനത്തേക്കും അവിടത്തെ വിമാനത്താവളത്തിലേക്കും എത്തി നോക്കുന്ന പര്‍വത നിരകള്‍ ഈ പ്രവിശ്യയിലാണ് നിലകൊള്ളുന്നത്. രാഷ്ട്രത്തിന്റെ പരമ്പരാഗത സൈനിക കേന്ദ്രങ്ങളില്‍ പലതും ഈ പ്രവിശ്യയിലാണ്. ഹാശിദ് ഗോത്രത്തിന്റെ ആവാസ കേന്ദ്രവുമാണത്. യമന്‍ ഭരണത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നത് ഈ ഗോത്രമാണെന്ന് പറയാം; പ്രത്യേകിച്ച് ആ ഗോത്രത്തിലെ അല്‍ അഹ്മര്‍ കുടുംബം.
ഹൂഥികളുടെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് സ്വഅ്ദഃ. അവിടെ നിന്ന് സലഫികള്‍ ഈയിടെ പുറത്താക്കപ്പെട്ടിരുന്നു. അതും അംറാനിലെ സംഭവവികാസങ്ങളും തമ്മില്‍ ബന്ധമുണ്ട്. ഒട്ടേറെ തിരിച്ചടികള്‍ക്ക് ശേഷമാണ് ഹൂഥികള്‍ക്ക് സ്വഅ്ദയിലെ സലഫികള്‍ക്ക് മേല്‍ വിജയം നേടാനായത്. സലഫികളോട് അനുഭാവം പുലര്‍ത്തിയിരുന്ന പല ഗോത്രങ്ങളും ഹൂഥികള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തു. സ്വഅ്ദയില്‍ നിന്ന് സലഫികളെ പുറത്താക്കാന്‍ യമന്‍ ഗവണ്‍മെന്റ് സമ്മതിക്കുന്നത് തികച്ചും ദുരൂഹമായ പശ്ചാത്തലത്തിലാണ്. സലഫി-വഹാബി കേന്ദ്രങ്ങളെ പാശ്ചാത്യ രാഷ്ട്രങ്ങള്‍ ബോംബെറിഞ്ഞ് തകര്‍ക്കും എന്ന ഭീഷണി ഉള്ളത് കൊണ്ടാണത്രെ യമന്‍ പ്രസിഡന്റ് ഇതിന് സമ്മതിച്ചത്. പക്ഷേ, ഈ പാശ്ചാത്യ ഭീഷണി ഇറാന്‍ അനുകൂല ഹൂഥി കലാപകാരികള്‍ക്ക് അനുകൂലമായി മാറുകയായിരുന്നു.
സ്വഅ്ദയിലെ വിജയത്തിന് ശേഷം ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ഹൂഥികള്‍ അംറാന്‍ പ്രവിശ്യയിലെ അല്‍അഹ്മര്‍ കുടുംബത്തിനെതിരെ പടക്കിറങ്ങി. ഇവിടെയും യുദ്ധം അവസാനിക്കുന്നത്, അല്‍ അഹ്മര്‍ കുടുംബത്തെ അവരുടെ ജന്മനാട്ടില്‍ നിന്ന് പുറത്താക്കാം എന്ന യമന്‍ പ്രസിഡന്റിന്റെ തിട്ടൂരം വരുന്നതോടെയാണ്. ഇത് ഹൂഥി പ്രസ്ഥാനത്തിന് മികച്ച സൈനിക വിജയം സമ്മാനിച്ചുവെന്ന് മാത്രമല്ല, മീഡിയയിലും ആ സംഘം നിറഞ്ഞുനിന്നു. താമസിയാതെ അവര്‍ സുഊദി അതിര്‍ത്തിയോട് ചേര്‍ന്ന അല്‍ജൗഫ് പ്രവിശ്യയിലും തലസ്ഥാനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലും പുതിയ യുദ്ധമുന്നണികള്‍ തുറന്നു. അപ്പോഴൊക്കെ യമന്‍ പ്രസിഡന്റ് ഒത്തുതീര്‍പ്പിന് വരികയും അത് ഹൂഥികളുടെവിജയത്തിന് കളമൊരുക്കുകയും ചെയ്തുകൊണ്ടിരുന്നു. ഈ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഒന്നാം കക്ഷിയായ ഗവണ്‍മെന്റ് പാലിച്ചുകൊണ്ടിരുന്നപ്പോള്‍, ഹൂഥികളെ ഒരാളും ചോദ്യം ചെയ്യാനില്ല എന്ന അവസ്ഥയാണ്. ഇത് ഗവണ്‍മെന്റ് തലത്തില്‍ തന്നെ നടക്കുന്ന ഒരു നീക്കുപോക്കാണെന്നര്‍ഥം. അതില്‍ അമേരിക്കയും മേഖലയിലെ ചില രാഷ്ട്രങ്ങളും പങ്കാളികളാണ്. അല്‍ അഹ്മര്‍ കുടുംബത്തിന് പിന്‍ബലം നല്‍കുന്ന അല്‍ഇഖ്‌വാനുല്‍ മുസ്‌ലിമൂനെ ഹൂഥികളെ ഉപയോഗിച്ച് തകര്‍ക്കുക എന്ന തന്ത്രമാണ് ഇതിന് പിന്നില്‍.
ഹൂഥികളുടെ നേതാവ് അബ്ദുല്‍ മലിക് ബദ്‌റുദ്ദീന്‍ അല്‍ഹൂഥി, തന്നെ സ്വയം കാണുന്നത് ഒരു ഭാവി രാജ്യത്തിന്റെ ഭരണാധികാരിയായിട്ടാണ്. ഹൂഥി സംഘത്തെ പിരിച്ചുവിടും, അവരെ നിരായുധീകരിക്കും എന്നെല്ലാം അദ്ദേഹം പറയുന്നുണ്ടെങ്കിലും അത് സ്വന്തം നാട്ടുകാരായ യമനികളെ സമാധാനിപ്പിക്കാന്‍ വേണ്ടി മാത്രമാണ് എന്ന് കരുതിയാല്‍ മതി. കാരണം അദ്ദേഹം മാത്രമല്ല അദ്ദേഹത്തിന്റെ സംഘത്തിന്റെ പിന്നിലുള്ളത്. 'പുതിയ മധ്യ പൗരസ്ത്യ ദേശം' എന്ന ഒരു വലിയ പദ്ധതിയുടെ ഭാഗമായിട്ട് വേണം ഇപ്പോഴത്തെ സംഭവവികാസങ്ങളെ മനസ്സിലാക്കാന്‍. 2013 സെപ്റ്റംബറില്‍ അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസ് 'പുതിയ മധ്യപൗരസ്ത്യ'ത്തിന്റെ ഒരു ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. അറബ് വസന്ത രാജ്യങ്ങളുടെ ഭൂപടം മാറ്റിവരക്കുകയാണ് അതില്‍ ചെയ്തിരിക്കുന്നത്. അത് ഒരു അമേരിക്കന്‍-ഇറാനിയന്‍ നീക്കം കൂടിയാണ്; ചില അറബ് രാഷ്ട്രങ്ങളുടെ സാമ്പത്തിക പിന്തുണയും അതിനുണ്ട്.
ആ പദ്ധതിയെ യമനുമായി ബന്ധപ്പെടുത്തുമ്പോള്‍, ഇഖ്‌വാനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഗോത്ര ശക്തികളെ ശിഥിലമാക്കുക എന്നതാണ് ഉന്നം. അത് നേടിക്കഴിഞ്ഞാല്‍ സിവില്‍ ഭരണസംവിധാനത്തെ താറുമാറാക്കുക എളുപ്പമാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി യമനെ രാഷ്ട്രീയമായി ഒരുമിപ്പിച്ചു നിര്‍ത്തുന്നതും അതിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതും ഇഖ്‌വാന്‍ ഉള്‍പ്പെട്ട മുന്നണിയാണെന്നത് ആര്‍ക്കും അവ്യക്തമല്ല.
വടക്കന്‍ കവാടത്തിന്റെ വീഴ്ച
അംറാന്‍ പ്രവിശ്യയില്‍ 310 ആര്‍മേഡ് ബ്രിഗേഡിനെതിരെ ഹൂഥികള്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ആക്രമണം നടത്തുകയുണ്ടായി. അതൊരു ചതിപ്രയോഗമായിരുന്നു. ആ ഒളിയാക്രമണത്തില്‍ ബറ്റാലിയന്റെ മേധാവി മേജര്‍ ഹമീദ് ഖശീബി ഉള്‍പ്പെടെ നിരവധി ഓഫീസര്‍മാരെയും സൈനികരെയും അവര്‍ കൊലപ്പെടുത്തി. ബ്രിഗേഡിന്റെ കീഴിലുള്ള 50 ടാങ്കുകളും 800 കതിയൂഷ മിസൈലുകളും മറ്റും അവര്‍ കൊള്ളയടിച്ചു. 310 ബ്രിഗേഡും ഹൂഥികളും തമ്മിലുള്ള പോരാട്ടം 2004-ല്‍ തുടങ്ങിയതാണ്. ഈ വര്‍ഷം ആദ്യത്തിലാണ് ഹൂഥികള്‍ക്ക് അല്‍ അഹ്മര്‍ കുടുംബത്തിനെതിരെ വിജയം നേടാനായത്. ഇഖ്‌വാന്‍ അനുകൂല അല്‍ ഇസ്വ്‌ലാഹ് പാര്‍ട്ടിക്കറിയാം, ഇത് തങ്ങളെ പിന്തുണക്കുന്ന സായുധ ഗോത്ര ശക്തികളെ തകര്‍ക്കാനുള്ള നീക്കമാണെന്ന്. ഹൂഥികളുടെ സന്‍ആയിലേക്കുള്ള നീക്കത്തെ തടഞ്ഞുനിര്‍ത്തിയത് ഈ ശക്തികളായിരുന്നു. യമന്‍ ഗവണ്‍മെന്റും അതിന്റെ പ്രതിരോധ വകുപ്പും ഈ ബ്രിഗേഡിനെ കൈവിട്ടതോടെയാണ് ഹൂഥികള്‍ക്ക് വിജയം സാധ്യമായത്. തലസ്ഥാന നഗരമായ സന്‍ആയില്‍ നിന്ന് 50 കി. മീറ്റര്‍ മാത്രം അകലെയാണ് അംറാന്‍ പ്രവിശ്യ എന്നോര്‍ക്കണം. അംറാന്‍ എന്ന, സന്‍ആയിലേക്കുള്ള ഈ വടക്കന്‍ കവാടത്തിന്റെ വീഴ്ച അധികാരികളില്‍ എന്ത് പ്രതികരണമാണ് ഉണ്ടാക്കിയതെന്ന് നോക്കാം.
- 310 ബ്രിഗേഡിനെ തകര്‍ക്കുകയും അതിന്റെ തലവനെ വധിക്കുകയും ചെയ്തതിനെക്കുറിച്ച് പ്രസിഡന്റോ പ്രതിരോധ മന്ത്രാലയമോ ഒരക്ഷരം മിണ്ടിയില്ല. ഹൂഥികള്‍ക്ക് അനുകൂലമായ നിലപാടായേ ഇതിനെ കാണാനാവൂ.
- ആയുധങ്ങളും മറ്റു പടക്കോപ്പുകളും ഹൂഥികള്‍ക്ക് പിടിച്ചെടുക്കാന്‍ പാകത്തില്‍ വിട്ടുകൊടുത്ത് പിന്‍വാങ്ങിയ സൈനികരെ ഇതേവരെയും വിചാരണ ചെയ്തിട്ടില്ല. ഇത് സൈന്യത്തിന്റെ ആത്മവീര്യം വല്ലാതെ ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു.
- വടക്കന്‍ ഭാഗത്തുള്ള ഏറ്റവും ശക്തമായ സൈനിക യൂനിറ്റായിരുന്നു 310 ബ്രിഗേഡ്. ഇതിന്റെ കൈവശമുണ്ടായിരുന്ന പടക്കോപ്പുകള്‍ പലതും തെക്കന്‍ യമനിലേക്ക് നീക്കിയിരുന്നു. ഇത് വടക്കന്‍ യമനില്‍ പിടിമുറുക്കാന്‍ ഹൂഥികള്‍ക്ക് സഹായകമായി.
- പ്രസിഡന്റ് മന്‍സൂര്‍ ഹാദി, ഹൂഥികളെ സമാധാന പ്രക്രിയയിലേക്ക് കൊണ്ടുവരാനാണ് താന്‍ യത്‌നിക്കുന്നതെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് സലഫികള്‍ സ്വഅ്ദയില്‍ നിന്ന് പുറത്താക്കപ്പെടുന്നതും അംറാന്‍ പ്രവിശ്യ ഹൂഥികള്‍ പിടിച്ചടക്കുന്നതും. ഏതു നിമിഷവും തലസ്ഥാന നഗരമായ സന്‍ആ പിടിച്ചടക്കാന്‍ കഴിയുമാറ് ഹൂഥികള്‍ നാല് ഭാഗത്തും നിലയുറപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇത് ഔദ്യോഗികമായ നീക്കുപോക്കാണെന്ന് വ്യക്തം. വടക്ക് ഒരു ശീഈ രാഷ്ട്രവും തെക്ക് ഒരു സുന്നി രാഷ്ട്രവും സ്ഥാപിക്കാനുള്ള അമേരിക്കന്‍ നിര്‍ദേശത്തിന്റെ ചുവടൊപ്പിച്ചാവാം ഈ നീക്കങ്ങള്‍.
- പ്രധാന സൈനിക യൂനിറ്റുകളെ വടക്കന്‍ യമനില്‍ നിന്ന് തെക്കന്‍ ഭാഗങ്ങളിലേക്ക് മാറ്റുന്നത് വടക്കന്‍ മേഖലയില്‍ ഹൂഥി ആധിപത്യം അരക്കിട്ടുറപ്പിക്കാനാണെന്ന് വ്യക്തം.
- ഹൂഥികളോട് മൃദുസമീപനം തുടരുന്ന ഗവണ്‍മെന്റ് അവരെ ഇതുവരെ നിരോധിത ഭീകര സംഘടനകളില്‍ പെടുത്തിയിട്ടില്ല. അതിനാല്‍ യു.എന്‍ രക്ഷാസമിതിക്കോ അതിന്റെ പിന്നില്‍ കളിക്കുന്ന രാഷ്ട്രങ്ങള്‍ക്കോ ഹൂഥികള്‍ക്കെതിരെ സൈനിക നടപടി സ്വീകരിക്കേണ്ടതായി വരുന്നില്ല.
- പ്രസിഡന്റ് മന്‍സൂര്‍ ഹാദി ഹൂഥികളുടെ സകല അതിക്രമങ്ങളും കണ്ടില്ലെന്ന് നടിച്ച് അവര്‍ക്ക് മുമ്പില്‍ മുട്ടുമടക്കുകയാണ്. ഇതുപോലുള്ള ഒരവസരം ഇനി കിട്ടാനില്ലെന്ന് ഹൂഥികളും തിരിച്ചറിഞ്ഞിരിക്കുന്നു.
- അംറാന്‍ പ്രവിശ്യ ഹൂഥികള്‍ പിടിച്ചടക്കി ഒരു ദിവസം കഴിഞ്ഞപ്പോള്‍ പ്രസിഡന്റിന്റെ വക സാമ്പത്തിക പരിഷ്‌കരണ പ്രഖ്യാപനം വരുന്നു! രാഷ്ട്രത്തിന്റെ തന്ത്രപ്രധാനമായ പ്രവിശ്യ കലാപകാരികള്‍ തട്ടിയെടുത്തതിനെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും പറയാനില്ല. സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്നല്ലേ, പുതിയ നിയമനങ്ങളൊക്കെ നിര്‍ത്തിവെച്ചിരിക്കുന്നുവെന്ന്. തൊഴിലില്ലാത്ത ചെറുപ്പക്കാരൊക്കെ ഹൂഥി സൈന്യത്തില്‍ പോയി ചേര്‍ന്നോളൂ എന്ന് വ്യംഗ്യം. ഹൂഥികള്‍ക്ക് ഇറാനില്‍ നിന്ന് ഡോളറുകള്‍ ഒഴുകിയെത്തുന്നുണ്ടല്ലോ.
- യമനിലെ സുരക്ഷാ സേന പറയുന്നത്, തങ്ങള്‍ പറ്റെ പരിഹാസ്യരായിരിക്കുന്നു എന്നാണ്. അംറാന്‍ പ്രവിശ്യ വീണപ്പോള്‍ അധികാരികള്‍ പറഞ്ഞു, സന്‍ആ ആണ് 'ചുവന്നവര'; അത് കടന്നാല്‍ വിവരമറിയും! അതിന് ഒരാഴ്ച മുമ്പ് പറഞ്ഞത്, അംറാന്‍ ആണ് 'ചുവന്ന വര' എന്നായിരുന്നു. ഇങ്ങനെ ചുവന്ന വരകള്‍ മാറി മാറി വരച്ച് സൈന്യത്തെ പറ്റെ നാണം കെടുത്തിയിരിക്കുന്നു.
- സന്‍ആയിലേക്ക് കടക്കാന്‍ ഹൂഥികള്‍ക്ക് തടസ്സമൊന്നുമില്ല. പക്ഷേ, അവരത് ചെയ്യാതിരിക്കുന്നത്, തലസ്ഥാന നഗരി തങ്ങളുടെ കാരുണ്യത്തില്‍ കഴിയട്ടെ എന്ന് കരുതിയാണ്.
- കഴിഞ്ഞ അഞ്ചു വര്‍ഷമായി ഹൂഥികള്‍ ശ്രമിച്ചുകൊണ്ടിരുന്നത് യമന്റെ ചെങ്കടല്‍ തീരം സ്വന്തമാക്കാനാണ്. ഇപ്പോഴത് കൂടുതല്‍ എളുപ്പമായി തീര്‍ന്നിരിക്കുന്നു.
- ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച 'പുതിയ മധ്യ പൗരസ്ത്യ' ഭൂപടത്തെ പറ്റി പറഞ്ഞുവല്ലോ. അത് പ്രകാരം യമന്‍ തെക്കും വടക്കുമായി രണ്ട് രാഷ്ട്രങ്ങളാണ്. സുഊദി അറേബ്യ നാല് രാഷ്ട്രങ്ങളും! വടക്ക് ഭാഗത്ത് ആധിപത്യമുറപ്പിച്ചുകഴിഞ്ഞാല്‍ ഇറാന്റെ പാരമ്പര്യ വൈരി സുഊദിക്കെതിരെയാവും ഇനി ഹൂഥികളുടെ അടുത്ത പടയൊരുക്കം. പക്ഷേ, അതിനും അമേരിക്കയില്‍ നിന്ന് സിഗ്നല്‍ ലഭിക്കേണ്ടതുണ്ട്. നജ്‌റാനിലെയും ജീസാനിലെയും അസീറിലെയും ശീഈകളെ ഒരുക്കി നിര്‍ത്തിയതിന് ശേഷം വേണമല്ലോ അത് തുടങ്ങാന്‍.
- അംറാന്‍ പ്രവിശ്യ എന്തുകൊണ്ട് കലാപകാരികള്‍ പിടിച്ചെടുത്തു എന്നതിനെക്കുറിച്ച് ഒരന്വേഷണം നടക്കുന്നില്ല. അതിന് ഉത്തരവാദികളായ സൈനിക മേധാവികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രതീക്ഷയില്ല. 'അത്തജമ്മുഉല്‍ യമനി ലില്‍ ഇസ്വ്‌ലാഹ്' എന്ന ഇസ്‌ലാമിക കൂട്ടായ്മയെ തകര്‍ക്കുക എന്ന ലക്ഷ്യം മാത്രമേ ഇപ്പോള്‍ ഭരണകൂടത്തിന്റെ മുമ്പിലുള്ളൂ. റിപ്പബ്ലിക്കന്‍ ഭരണ വ്യവസ്ഥയെ തകര്‍ക്കാനേ ഇത് ഉപകരിക്കൂ. രാഷ്ട്ര സ്ഥാപനങ്ങളത്രയും നിര്‍വീര്യമാക്കപ്പെടുകയും രാജ്യം കനത്ത ആഭ്യന്തര യുദ്ധത്തിലേക്ക് വഴുതി മാറുകയുമായിരിക്കും അതിന്റെ സ്വാഭാവിക ഫലം.
* * * *
യമന്‍ എന്ന രാഷ്ട്രത്തിനും പൊതുവെ അറബ് ലോകത്തിനും പ്രശ്‌നത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ പോകുന്നത് അമേരിക്കയെയും അതിന്റെ ആശ്രിത വേദിയായ യു.എന്‍ രക്ഷാസമിതിയെയും വല്ലാതെ ആശ്രയിക്കുന്നത് കൊണ്ടാണ്. യു.എന്നിനെ മറികടന്നുകൊണ്ട് അമേരിക്ക ഹൂഥികളോട് പറഞ്ഞിരിക്കുന്നത് തലസ്ഥാനമായ സന്‍ആയിലേക്ക് കടക്കരുത് എന്ന് മാത്രമാണ്. ഇപ്പോള്‍ നടന്നതിന്റെയൊന്നും ഉത്തരവാദിത്തം അമേരിക്ക ഹൂഥികളുടെ മേല്‍ ചുമത്തുന്നില്ല. അംറാനില്‍ നിന്ന് ഉടനടി പുറത്ത് കടക്കണമെന്നോ 310 ബ്രിഗേഡില്‍ നിന്ന് കവര്‍ന്നെടുത്ത ആയുധങ്ങള്‍ തിരികെ നല്‍കണമെന്നോ ഉപാധിവെക്കുന്നില്ല. ചുരുക്കത്തില്‍, ഹൂഥികള്‍ സന്‍ആ കൈയേറുകയില്ല എന്ന് പ്രസിഡന്റ് മന്‍സൂര്‍ ഹാദിയെ ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
അമേരിക്കയുടെ 'ഭാവി മധ്യപൗരസ്ത്യ ദേശം' യാഥാര്‍ഥ്യമാക്കുന്നതിന് പണിയെടുത്തുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തെ -ഹൂഥികളെ- അമേരിക്ക ശിക്ഷിക്കുമെന്ന് കരുതാന്‍ ന്യായമില്ല. അറബ് സമൂഹങ്ങളെ വിഭാഗീയമായി ശിഥിലമാക്കുക എന്നതാണ് അമേരിക്കന്‍ പദ്ധതിയുടെ കാതല്‍. ഹൂഥികള്‍ അവരുടെ ശീഈ ആഭിമുഖ്യം പരസ്യമായി പ്രഖ്യാപിക്കുന്നുമുണ്ട്. ഇതെല്ലാം മുമ്പില്‍ വെച്ച്, അമേരിക്ക ഹൂഥി വിഭാഗത്തെ ഭീകര സംഘങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് കരുതാന്‍ ന്യായങ്ങളേതുമില്ല.
Comments