മോദിയുടെ ജനസമ്മതിയും <br>തെരഞ്ഞെടുപ്പ് ജയത്തിന്റെ പൊയ്ക്കാലുകളും
മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി വന്‍ ഭൂരിപക്ഷം നേടിയതോടെ ഇടക്കാലത്ത് നിശ്ശബ്ദരായിരുന്ന ദേശീയ മാധ്യമങ്ങള്‍ വീണ്ടും മോദിപൂജയാല്‍ മുഖരിതമാവുകയാണ്. ചിതറിപ്പോയ എതിരാളികളുടെ വോട്ടുബലം ഒന്നിച്ചെടുക്കുമ്പോള്‍ ജനപിന്തുണയുടെ നാലില്‍ മൂന്നു ദൂരം ബി.ജെ.പിക്ക് ഇപ്പോഴും മുന്നോട്ടു പോവാനുണ്ടെന്നാണ് ഈ തെരഞ്ഞെടുപ്പും അടിവരയിട്ടത്. മതേതര രാഷ്ട്രീയത്തിന്റെ നടപ്പുദീനങ്ങള്‍ നല്‍കുന്ന പഴുതുകളും കുത്തക മുതലാളിമാരുടെ കാവല്‍ നായ്ക്കളായ മാധ്യമ പ്രവര്‍ത്തകരുടെ വിധേയത്വത്തിന്റെ ആനുകൂല്യവും ഒരിക്കല്‍ കൂടി ബി.ജെ.പിക്കു മുതലെടുക്കാനായി എന്നു മാത്രം. അതേസമയം കോണ്‍ഗ്രസിനാണ് ഈ തെരഞ്ഞെടുപ്പില്‍ നിന്ന് കൂടുതല്‍ പാഠങ്ങള്‍ പകര്‍ത്താനുള്ളത്. ലോക്‌സഭയില്‍ വെറും 44 സീറ്റിലേക്ക് ഒതുങ്ങിയതിന്റെ ആഘാതം വിട്ടുമാറും മുമ്പെ പാര്‍ട്ടിയുടെ എക്കാലത്തെയും തട്ടകമായിരുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഇതു മാത്രമല്ല അവരുടെ നാണക്കേടിന്റെ ആഴം കൂട്ടിയത്. മൂന്നാം സ്ഥാനത്തായിരുന്നു ഈ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ഒടുവിലത്തെ കക്ഷിനില. കോണ്‍ഗ്രസ് ഭരണകൂടങ്ങളുടെയും ദേശീയ നേതൃത്വത്തിന്റെയും പിടിപ്പുകേട് ഇരു സംസ്ഥാന തെരഞ്ഞെടുപ്പുകളിലും പകല്‍ പോലെ വ്യക്തമായിരുന്നു. പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന് സംസ്ഥാന ഘടകങ്ങളിലുള്ള നിയന്ത്രണം പ്രത്യക്ഷത്തില്‍ നഷ്ടമാവുകയാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ചൗഹാനെയും ഹൂഡയെയും തൂത്തുവാരാന്‍ പൊതുജനം കാത്തുനില്‍ക്കുകയായിരുന്നുവെങ്കിലും അക്കാര്യം അറിഞ്ഞിട്ടും നിശ്ശബ്ദത പാലിക്കാന്‍ വിധിക്കപ്പെട്ട നേതൃത്വമായിരുന്നു കോണ്‍ഗ്രസിന്റേതെന്നാണ് ഒടുവില്‍ പുറത്തുവരുന്ന പ്രതികരണങ്ങളിലുള്ളത്. ചൗഹാനും ഹൂഡയും പരാജയം ഏറ്റെടുത്തു കൊണ്ട് നടത്തിയ പ്രസ്താവനകളില്‍ ഏറ്റു പറഞ്ഞ കുറ്റം അതായിരുന്നുവല്ലോ.
കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളില്‍ എന്താണ് പൊടുന്നനെ ബി.ജെ.പിക്ക് അനുകൂലമായി മാറിയ ഘടകങ്ങളെന്നും അവയില്‍ ഏതാണ് കോണ്‍ഗ്രസിന് ഇല്ലാത്തതെന്നും കണ്ടെത്തേണ്ടതുണ്ട്. കോണ്‍ഗ്രസിന് ഒരു നേതൃത്വമില്ല എന്നാണ് പൊതുവെ ആരോപിക്കപ്പെടുന്നത്. എന്നാല്‍, ബി.ജെ.പിയില്‍ അതുണ്ടെന്നും. കാര്യങ്ങള്‍ നേര്‍ക്കു നേരെ വിലയിരുത്തിയാല്‍ കോണ്‍ഗ്രസിന് യഥാര്‍ഥത്തില്‍ നല്ല നേതൃത്വമുണ്ട് എന്നതാണ് വസ്തുത. ഓരോ ഛോട്ടാ നേതാവും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാവാന്‍ വെമ്പുന്ന ആ പാര്‍ട്ടിയെ അകത്തു നിന്ന് ഒരു അപശബ്ദം പോലുമില്ലാതെ കഴിഞ്ഞ 18 വര്‍ഷമായി കൊണ്ടു നടക്കുന്ന സോണിയാ ഗാന്ധിയെ മികച്ച നേതാവായിരുന്നില്ല എന്നു വിലയിരുത്തുന്നത് വസ്തുതാപരമായ ശരിയല്ല. പക്ഷേ ദുരൂഹമാം വിധം അവര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നിശ്ശബ്ദയാണ്. സോണിയ മുന്നില്‍ നിന്നു നയിക്കുന്ന കാഴ്ച അടുത്തൊന്നും കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ല. സോണിയക്ക് ഇനി പാര്‍ട്ടിയെ നയിക്കാനുള്ള ആരോഗ്യമില്ല എന്ന കിംവദന്തികള്‍ക്ക് അടിവരയിടുന്ന അലസതയാണ് ഒരുപക്ഷേ ഇപ്പോഴുള്ളത്. ഇതൊരു യാഥാര്‍ഥ്യമാണെങ്കില്‍ അതിനെ യുക്തിഭദ്രമായി നേരിടുന്നതിനു പകരം അസംബന്ധ ജഢിലമായ നേതൃമാറ്റത്തിന്റെ ആരവമാണ് ഇന്ന് ആ പാര്‍ട്ടിക്കകത്ത് മുഴങ്ങിക്കേള്‍ക്കുന്നത്. രാഹുല്‍ പോയാല്‍ പ്രിയങ്ക എന്നതിലപ്പുറം രാഷ്ട്രീയം അറിയുന്ന ആരെയെങ്കിലും മുകളില്‍ കൊണ്ടുവരാനുള്ള ശേഷി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു കഴിഞ്ഞു. 2ജി കേസുകളെ തുടര്‍ന്ന് മന്‍മോഹനെ രാജിവെപ്പിച്ച് രാഷ്ട്രപതിയാക്കേണ്ടിയിരുന്ന ഘട്ടത്തില്‍ പ്രണബിനെ പാര്‍ട്ടിയില്‍ നിന്ന് കെട്ടുകെട്ടിച്ച കുരുട്ടുബുദ്ധിയാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടേത്. രാഹുലിനെ ഉയര്‍ത്തികൊണ്ടുവന്നതും ഒരു അരമനയുദ്ധം ഒഴിവാക്കുന്നതിന്റെ ഭാഗമായിരുന്നു. ഇതിനെ വകതിരിവോടെ മാറ്റിനിര്‍ത്തുന്നതിനു പകരം അധികാരം വിഷമാണെന്ന് പറഞ്ഞ് മകനെ കെട്ടിപ്പിടിച്ച് കരയുക മാത്രമാണ് സോണിയ ചെയ്തത്. പാര്‍ട്ടിയുടെ അധ്യക്ഷയേക്കാളേറെ ഉപാധ്യക്ഷ്യന് പ്രാമുഖ്യം നല്‍കുന്ന അധികാര സമവാക്യങ്ങള്‍ ഇന്ന് കോണ്‍ഗ്രസ്സിലുണ്ട്. തോറ്റുകഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകള്‍ക്കു ശേഷവും 'തിരിച്ചറിയാനാവാത്ത വിധം കോണ്‍ഗ്രസിനെ മാറ്റു'മെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെട്ടിരുന്നുവല്ലോ. രാഹുലും കുറെ ചോക്കലേറ്റ് പൈതങ്ങളും ചേര്‍ന്ന് 'സോഫ്റ്റ്‌വെയര്‍' ഉണ്ടാക്കി പാര്‍ട്ടിയുടെ അടിത്തറ ഇളക്കുമ്പോഴും ആ മാറ്റം എന്താണെന്ന് സോണിയയോ മുതിര്‍ന്ന നേതാക്കളോ അന്വേഷിക്കുന്നില്ല.
മറുഭാഗത്ത് കോണ്‍ഗ്രസിനേക്കാള്‍ മികച്ച ഒരു ഹൈക്കമാന്റ് ഉണ്ടാക്കി എടുക്കുകയാണ് ബി.ജെ.പി നിലവില്‍ ചെയ്യുന്നത്. ഹിമാചല്‍ പ്രദേശിലെ മൂന്നു മുന്‍ മുഖ്യമന്ത്രിമാരെ ബി.ജെ.പിയുടെ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി 'സമാരാധ്യ'നായ നേതാവ് പച്ചക്ക് തെറിവിളിച്ചതായി ദല്‍ഹിയിലെ വാര്‍ത്താ ലോകത്ത് കഴിഞ്ഞ രണ്ടാഴ്ചയായി ഒരു കഥ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഹിമാചലില്‍ പരാജയപ്പെട്ടിരുന്നുവല്ലോ. അതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു വരുത്തിയതിനു ശേഷം പുറത്തു പറയാന്‍ കൊള്ളാത്ത ഭാഷയിലാണ് ഈ നേതാക്കള്‍ അധിക്ഷേപിക്കപ്പെട്ടത്. സ്തബ്ധരായി ഈ തെറിവിളി കേട്ടു നിന്നവരിലൊരാള്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളില്‍ മാന്യത കൊണ്ട് സര്‍വാദരണീയനായ ഒരു മുന്‍ സൈനികോദ്യോഗസ്ഥന്‍ കൂടിയായിരുന്നു. ബി.ജെ.പിക്കകത്ത് രൂപപ്പെട്ടു വരുന്ന ദേശീയ നേതൃത്വം അണികളിലും നേതാക്കളിലും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ഇത്തരമൊരു ഭീകരതയാണ്. രണ്ടാം നിര നേതാക്കളില്‍ ആര്‍ക്കും പാര്‍ട്ടിക്കകത്ത് ശബ്ദമില്ലാതായി. നിധിന്‍ ഖഡ്കരിയുടെ വീട്ടിലെ ചാര ഉപകരണം മുതല്‍ ആഭ്യന്തരമന്ത്രിയുടെ മകനെ വിളിച്ചു വരുത്തി 'ഞെട്ടിച്ചു' വിട്ടതു വരെയുള്ള സംഭവങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവല്ലോ. സഖ്യകക്ഷികളോ സംസ്ഥാന നേതൃത്വമോ പാര്‍ലമെന്ററി ബോര്‍ഡോ എന്ത് തീരുമാനിച്ചാലും 'രണ്ടംഗ ഹൈക്കമാന്റ്' അന്തിമ തീരുമാനം വേറെ എടുക്കുന്ന ഈ സാഹചര്യം ഇപ്പോഴത്തെ അവസ്ഥയിലെങ്കിലും ബി.ജെ.പിക്ക് ഗുണകരമായാണ് മാറുന്നത്. പക്ഷേ മറുഭാഗത്ത് കോണ്‍ഗ്രസ് ഹൈക്കമാന്റിനെ കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. അവരുടെ ഹൈക്കമാന്റ് 'ലോ കമാന്റായി' നിത്യേനയെന്നോണം ചെറുതാവുകയാണ്. ചുരുങ്ങിയപക്ഷം ഇക്കാര്യത്തില്‍ മാധ്യമങ്ങളെ നിഷേധിക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിയുന്നില്ല.
കോണ്‍ഗ്രസിനകത്ത് രാഹുല്‍ ഗാന്ധിയുടേതെന്ന് അറിയപ്പെടുന്ന 'വ്യാജ' നിയന്ത്രണമാണ് ഇപ്പോഴത്തെ പരാജയങ്ങളുടെ മൂലകാരണം. സംസ്ഥാന നേതൃത്വം എതിരായിട്ടും ചൗഹാനും ഹൂഡയും തന്നിഷ്ടപ്രകാരം പോയി. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിനേക്കാള്‍ മികച്ച സംസ്ഥാനമായിട്ടും മഹാരാഷ്ട്രയിലെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. വികസന രംഗത്ത് നരേന്ദ്ര മോദിയുടെ ഗുജറാത്തിന്റെ സൂചികകളെ പോലും പിന്നിലാക്കിയ സംസ്ഥാനമായിട്ടും ഹൂഡയുടെ ഹരിയാനയിലും പാര്‍ട്ടി ഘടകം നിശ്ചലമായിരുന്നു. സോണിയയും രാഹുലും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിന്നു നയിക്കാനും രംഗത്തുണ്ടായില്ല. മറുഭാഗത്ത് വിമത ശബ്ദങ്ങള്‍ അടിച്ചൊതുക്കാന്‍ അമിത് ഷാക്ക് കഴിഞ്ഞപ്പോഴാണ് ബി.ജെ.പി ജയിച്ചു കയറിയതും. കോണ്‍ഗ്രസായാലും ബി.ജെ.പിയായാലും നേട്ടങ്ങളുടെ കാര്യത്തില്‍ 19-ന്റെയും 20-ന്റെയും വ്യത്യാസമേ യഥാര്‍ഥത്തിലുള്ളൂ. 2004-ല്‍ വാജ്‌പേയിയുടെ കാലത്ത് കര്‍ഷക ആത്മഹത്യയെ ചൊല്ലി രാജ്യത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ച വിദര്‍ഭയില്‍ പോലും ഇന്ന് ബി.ജെ.പി കോണ്‍ഗ്രസിനെ മറികടക്കുകയാണ് ചെയ്തത്. മറുഭാഗത്ത് അമേരിക്കയിലേക്ക് പോകുന്നതിന്റെ മുന്നോടിയായി മരുന്നുകളുടെ വിലനിയന്ത്രണവും തെരഞ്ഞെടുപ്പു ഫലം പുറത്തു വരുന്നതിന്റെ തലേദിവസം ഡീസല്‍ വില നിയന്ത്രണവും എടുത്തു കളയുകയാണ് നരേന്ദ്ര മോദി ചെയ്തത്. വാജ്‌പേയിയുടെയും മന്‍മോഹന്റെയും തെറ്റുകളെ പലമടങ്ങ് തീവ്രതയോടെ ആവര്‍ത്തിക്കുമ്പോഴും അദ്ദേഹത്തിന്റെ ജനപ്രീതി കൂടിവരികയാണെന്നാണ് കോര്‍പറേറ്റ് മാധ്യമങ്ങളുടെ സാക്ഷ്യപത്രം! ജനദ്രോഹത്തില്‍ വാജ്‌പേയി മൂന്ന് ചുവട് അധികം നടന്നപ്പോളാണ് തെരഞ്ഞെടുപ്പില്‍ പൊതുജനം അദ്ദേഹത്തെ പാഠം പഠിപ്പിച്ചത്. പിന്നാലെയെത്തിയ കോണ്‍ഗ്രസ് രണ്ട് ചുവട് മാത്രം നടന്നതുകൊണ്ട് ജനങ്ങള്‍ അല്‍പ്പം കൂടി ക്ഷമിച്ചു എന്നു മാത്രം.
മന്‍മോഹന്‍ പുറകോട്ടു നടന്ന ആ ചുവടുകള്‍ കൂടി കവച്ചു വെച്ച് ഓടാന്‍ തുടങ്ങുന്ന മോദിയെ പുണ്യാത്മാവായി വാഴിക്കാന്‍ ബി.ജെ.പിക്കു കഴിയുന്നത് കോണ്‍ഗ്രസിന്റെ കൊള്ളരുതായ്മ കൊണ്ടു മാത്രമാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലും ഉപതെരഞ്ഞെടുപ്പുകളില്‍ ജനം കോണ്‍ഗ്രസിനെയായിരുന്നില്ലേ കഴിഞ്ഞ മാസം ജയിപ്പിച്ചത്? ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം നരേന്ദ്ര മോദിയുടെ ജനസമ്മതി നാള്‍ക്കു നാള്‍ കൂടിവരികയായിരുന്നുവെങ്കില്‍ യു.പിയില്‍ അഖിലേഷ് സിംഗ് യാദവ് എന്ന കഴിവുകെട്ട മുഖ്യമന്ത്രിയുടെ കാര്യത്തിലെങ്കിലും പൊതുജനം ഒരിക്കല്‍ കൂടി ബി.ജെ.പി പക്ഷത്തു നില്‍ക്കണമായിരുന്നു. അതല്ല യു.പിയില്‍ സംഭവിച്ചത്. സംസ്ഥാനത്ത് നടന്ന 12 ഉപതെരഞ്ഞെടുപ്പില്‍ 9-ലും സമാജ്‌വാദി പാര്‍ട്ടി ജയിച്ചു കയറി. വര്‍ഗീയതയും മോദി മാഹാത്മ്യവുമൊക്കെ താല്‍ക്കാലികമായി ഗുണം ചെയ്യുമെന്നല്ലാതെ അതൊന്നും ഇന്ത്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ അന്തിമമായി വിലപ്പോവില്ലെന്നാണ് ഈ ഉപതെരഞ്ഞെടുപ്പുകള്‍ അടിവരയിട്ടത്. വീണ്ടുമൊരിക്കല്‍ കൂടി കലാപം നടന്ന സഹാരണ്‍പൂരിനും ബി.ജെ.പി തോറ്റ 10 മണ്ഡലങ്ങള്‍ക്കുമിടയില്‍ ഉണ്ടായിരുന്ന സമാനതകള്‍ക്ക് വര്‍ഗീയതയുമായിട്ടായിരുന്നില്ലേ ബന്ധം? മുസഫര്‍ നഗര്‍ കലാപത്തിന്റെ ചൂടും പുളിയും മാറുന്നതിനു മുമ്പെ നടന്ന തെരഞ്ഞെടുപ്പിലാണ് ലോക്‌സഭയിലേക്ക് പാര്‍ട്ടി ജയിച്ചതെങ്കില്‍ റമദാനില്‍ വീണ്ടും കലാപം നടന്നതിനു ശേഷമാണ് സഹാരണ്‍പൂര്‍ അസംബ്ലി ഉപതെരഞ്ഞെടുപ്പില്‍ ഈ മണ്ഡലം ബി.ജെ.പി നിലനിര്‍ത്തിയത്. മേഖലയില്‍ നേരത്തെ തൂത്തുവാരിയ സീറ്റുകളില്‍ മോദിയുടെ ബ്രാന്‍ഡ് അംബാസിഡറായി യോഗി ആദിത്യനാഥിനെ രംഗത്തിറക്കി തെരഞ്ഞെടുപ്പു നേരിട്ടപ്പോള്‍ പാര്‍ട്ടി പരാജയത്തിന്റെ പടുകുഴിയിലേക്കു വീണു. വര്‍ഗീയ കലാപത്തിന്റെ ബാക്കിപത്രമായ സാമൂഹിക ദുരന്തങ്ങള്‍ കണ്ണുതുറപ്പിച്ച അതേ ജാട്ടുകളാണ് ഈ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കെതിരെ തിരിഞ്ഞതെന്നു ശ്രദ്ധിക്കുക. അക്കൂട്ടത്തില്‍ ക്ലാസിക് എന്നു വിശേഷിപ്പിക്കേണ്ട ഒന്നായിരുന്നു ഖൈരാനയിലെ ബി.ജെ.പി പരാജയം. മുസഫര്‍ നഗര്‍ കലാപത്തിന് വഴിമരുന്നിട്ടതിന് കേസെടുത്ത ഹുക്കും സിംഗ് എന്ന മുന്‍ ബി.ജെ.പി മന്ത്രി ഒഴിച്ചിട്ട മണ്ഡലമായിരുന്നു ഖൈരാന. കലാപമുണ്ടാക്കിയ താല്‍ക്കാലിക ഉന്മാദത്തിന്റെ സഹായത്തോടെ എം.എല്‍.എ പദവിയില്‍ നിന്ന് എം.പി സ്ഥാനത്തേക്ക് ഹുക്കും സിംഗ് ജയിച്ചു കയറിയെങ്കിലും ഒരിക്കല്‍ കൂടി ഖൈരാന പിടിച്ചടക്കാന്‍ കിണഞ്ഞു ശ്രമിച്ചിട്ടും ബി.ജെ.പിക്കു കഴിഞ്ഞില്ല. മറ്റൊരു പ്രതിയായ സുരേഷ് റാണയുടെ ബജ്‌നൂരിലും ഇതുതന്നെ സംഭവിച്ചു. സമാജ്‌വാദി പാര്‍ട്ടിയുടെ നാഹിദ് ഹസന്‍ എന്ന യുവ നേതാവിനോടു ബി.ജെ.പി തോറ്റത് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവന്ന അതേ ദിവസമായതു കൊണ്ട് ഈ നാണം കെട്ട പരാജയം ആരും അറിഞ്ഞില്ല എന്നു മാത്രം.
ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സവിശേഷ ജാതി സംഘടനകളില്‍ നിന്ന് വിശാലമായ മതബോധത്തിലേക്കാണ് ബി.ജെ.പി ഇന്ത്യയെ കൊണ്ടുപോകാന്‍ ശ്രമിച്ചത്. പക്ഷേ അതല്ല ബി.ജെ.പിയുടെ വിജയകാരണമെന്നും മറിച്ച് നിത്യജീവിത പ്രശ്‌നങ്ങളില്‍ പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങളായിരുന്നു എന്നുമാണ് ഇപ്പോള്‍ തെളിയുന്നത്. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടാല്‍ 'ഹിന്ദു ഹൃദയ സാമ്രാട്ട്' ആയതു കൊണ്ടു മാത്രം മോദിയെ ജയിപ്പിക്കില്ലെന്നും ഈ ഫലങ്ങള്‍ വ്യക്തമാക്കുന്നു. പക്ഷേ സംഭവിക്കുന്നതോ? എല്ലാ മേഖലകളിലും കോണ്‍ഗ്രസിനേക്കാള്‍ കെട്ട രീതിയില്‍ കോര്‍പറേറ്റ് വിധേയത്വവും ഗൂഢമായ അഴിമതിയുമൊക്കെ ബി.ജെ.പിയുടെയും അടയാളമായി മാറിക്കഴിഞ്ഞു. ചെറിയ പാര്‍ട്ടികള്‍ ഇല്ലാതാവുന്ന ഇന്ത്യ എന്നതാണ് കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യ എന്നതിനേക്കാള്‍ ഇന്ന് ബി.ജെ.പി സ്വപ്‌നം കാണുന്നത്. കരുണാകരന് കേരള രാഷ്ട്രീയത്തില്‍ നിലനില്‍ക്കാന്‍ മറുപുറത്ത് ആന്റണി വേണമായിരുന്നു എന്നതു പോലെ ബി.ജെ.പിയുടെ മറുപുറത്ത് കോണ്‍ഗ്രസിനെ മാത്രമാക്കി നിലനിര്‍ത്തുകയാണ് അവരുടെ തന്ത്രം. ശിവസേനയെ വിഴുങ്ങാന്‍ ബി.ജെ.പി ഒരു കൈ നോക്കിയതിന്റെ കൂടി ഭാഗമായിരുന്നു മഹാരാഷ്ട്രയില്‍ അവരുമായുള്ള ബന്ധം ഉപേക്ഷിച്ചത്. ഈ സാഹചര്യം മുതലെടുക്കുന്നതിനു പകരം, കിട്ടിയ തക്കത്തിന് എന്‍.സി.പിയുമായി ബന്ധം വിടര്‍ത്തുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ശിവസേനയും എന്‍.സി.പിയും ഇല്ലാതാവുമെന്ന് ഇരു കൂട്ടരും മനപ്പായസം ഉണ്ടു. ബിഹാറില്‍ ആര്‍.ജെ.ഡിക്കെതിരെയും യു.പിയില്‍ സമാജ്‌വാദി - ബി.എസ്.പി കക്ഷികള്‍ക്കെതിരെയും ഇതേ മട്ടിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും കരുക്കള്‍ നീക്കിയത്. ബംഗാളിലെ മമത, തമിഴ്‌നാട്ടിലെ ജയലളിത, ആന്ധ്രയിലെ നായിഡു, ഒറീസയിലെ പട്‌നായിക് മുതലായവര്‍ നിലവില്‍ പിടിച്ചു നില്‍ക്കുന്നുണ്ടെങ്കിലും പത്തു വര്‍ഷക്കാലത്തെ അജണ്ടയാണെന്ന് സംശയിക്കാവും വിധം കോണ്‍ഗ്രസും ബി.ജെ.പിയും ഇക്കാര്യത്തില്‍ ഒറ്റ നിലപാടുമായാണ് മുന്നോട്ടു പോകുന്നത്.
Comments