പരിഷ്‌കരിക്കേണ്ട ഖുര്‍ആന്‍ ബോധനരീതികള്‍
ആറാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ക്ക് ഇംഗ്ലീഷ് ടീച്ചര്‍ നല്‍കിയ ഹോംവര്‍ക്ക് ചെയ്യുന്നതിനായി ഒരു രക്ഷിതാവിന്റെ ഭാഗത്തുനിന്നുള്ള ഗൈഡന്‍സ് നല്‍കുകയായിരുന്നു ഞാന്‍. പ്രായമെത്തിയ ഒരു കുതിര തന്റെ യജമാനന്‍ പുതിയ ഒരു കാര്‍ വാങ്ങിയതിനാല്‍, തന്നെ തീരെ സവാരിക്കായി ഉപയോഗപ്പെടുത്താത്തതിലുള്ള വിഷമം എല്ലാ സൗകര്യങ്ങളോടു കൂടിയ തന്റെ കുതിരാലയത്തില്‍ നിന്ന് വിഷമത്തോടെ ഓര്‍ക്കുന്നതാണ് കവിതയുടെ പശ്ചാത്തലം. രണ്ട് സംഗതികളാണ് കവിത മനസ്സിലാക്കിയ ശേഷം വിദ്യാര്‍ഥികള്‍ ചെയ്യേണ്ടത്. ഒന്നാമത്തേത് ഒരു ചോദ്യമാണ്. അതായത് കുതിരയുടെ അവസ്ഥ ഒരു പ്രായം ചെന്ന വ്യക്തിയുമായി താരതമ്യം ചെയ്യുക. ശേഷം വൃദ്ധസദനങ്ങള്‍ ഇന്നത്തെ സമൂഹത്തിന് ഒരു പരിഹാരമാണോ എന്നതിനെക്കുറിച്ച വിദ്യാര്‍ഥിയുടെ നിരീക്ഷണങ്ങള്‍. രണ്ടാമത്തേത് കുതിര അനുഭവിക്കുന്ന മനോവിഷമം യജമാനന്‍ പിന്നീട് മനസ്സിലാക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിനനുഭവപ്പെടുന്ന വികാരവിചാരങ്ങള്‍ വിദ്യാര്‍ഥിയുടെ സ്വന്തം ഭാവനയില്‍ ഏതാനും വരികളില്‍ കവിതയായി എഴുതുക. പൊതുവേ കവിതകളോട് വിരക്തി തോന്നാറുള്ള എന്നില്‍ രണ്ടാമത്തെ ചോദ്യം വായിച്ച ശേഷം മനസ്സിലെവിടെയോ രണ്ട് വരി കവിത കിനിയുന്നതായി തോന്നി. പറഞ്ഞ് വരുന്നത് ഈ ഹോംവര്‍ക്ക് വിദ്യാര്‍ഥിയില്‍ പഠനത്തിന്റെ ഭാഗമായി ചില ക്രിയാത്മക ചിന്തകള്‍ക്ക് വിത്തിടാനും അതോടൊപ്പം ചില ധാര്‍മിക പാഠങ്ങള്‍ സ്വാംശീകരിക്കാനും സഹായിക്കുന്നു എന്നുള്ളതാണ്.
സിലബസ് അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതിയും കരിക്കുലം അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതിയും തമ്മിലുള്ള വ്യത്യാസത്തിന്റെ ഒരു ലളിത ഉദാഹരണമാണ് മുകളില്‍ സൂചിപ്പിച്ചത്. സിലബസ് പാഠ്യപദ്ധതിയില്‍ വിജ്ഞാനം സ്പൂണ്‍ ഫീഡിംഗിലൂടെ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുമ്പോള്‍, കരിക്കുലം പാഠ്യപദ്ധതിയില്‍ അതേ വിജ്ഞാനം വിദ്യാര്‍ഥികളുടെ കൂടി പങ്കാളിത്തത്തോടെയും അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും സ്വന്തം വീക്ഷണങ്ങളിലൂടെയും അനുഭവിച്ചറിയുകയാണ് വിദ്യാര്‍ഥി. അതുകൊണ്ടുതന്നെ കരിക്കുലം പാഠ്യപദ്ധതിയിലൂടെ സ്വായത്തമാക്കിയ വിജ്ഞാനം ആവശ്യാനുസരണം വിദ്യാര്‍ഥിക്ക് എളുപ്പത്തില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നു. പഠനം അഥവാ ലേണിംഗ് എന്നത് കേവലം അറിവ് സ്വായത്തമാക്കല്‍ മാത്രമല്ല, അതോടൊപ്പം സ്വായത്തമാക്കുന്ന വ്യക്തിയുടെ സ്വഭാവ സംസ്‌കരണത്തില്‍ പങ്കാളിത്തം വഹിക്കല്‍ കൂടിയാണ്.
ഒരു മുസ്‌ലിം വിശ്വാസിയെ സംബന്ധിച്ചേടത്തോളം സുപ്രധാനമായ കാര്യമാണ് അവന്‍ വിശ്വസിക്കുന്ന ദീനിന്റെ അടിസ്ഥാന പ്രമാണമായ ഖുര്‍ആന്‍ അറിഞ്ഞിരിക്കണമെന്നതും അത് ജീവിതത്തില്‍ പകര്‍ത്തണമെന്നതും. കേരളത്തില്‍ മത സംഘടനകള്‍, വിശിഷ്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍ അതുകൊണ്ടുതന്നെ വലിയ പ്രാധാന്യത്തോടെയാണ് ഖുര്‍ആന്‍ പഠനത്തിനായുള്ള സെന്ററുകള്‍/ സംവിധാനങ്ങള്‍ അതിന്റെ പ്രവര്‍ത്തകര്‍ക്കും സമുദായത്തിന് പൊതുവിലുമായി ഒരുക്കിയിട്ടുള്ളത്. ബാല്യകാലത്ത് മദ്‌റസ പഠനം തീരെ നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ക്കും പരമ്പരാഗത രീതിയില്‍ കേവല പാരായണം മാത്രം പഠിച്ചവര്‍ക്കും ഇത്തരത്തിലുള്ള ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍, പാരായണ വ്യാകരണ നിയമങ്ങള്‍ ഉള്‍ക്കൊണ്ട് അര്‍ഥസഹിതം പഠിക്കുന്നതിന് പ്രശംസനീയമായ പങ്കാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കായി അക്കാദമിക സ്ഥാപനങ്ങള്‍ക്ക് പുറത്ത്, എന്നാല്‍ ഏറക്കുറെ അക്കാദമിക നിലവാരത്തോടെ വര്‍ഷാവസാനം പരീക്ഷയോടു കൂടിയുള്ള ഖുര്‍ആന്‍ പഠനകേന്ദ്രങ്ങള്‍ വ്യവസ്ഥാപിതമായി നടത്തപ്പെടുന്നത് ഒരു പക്ഷേ ലോകത്ത് മറ്റെവിടെയും കാണുക പ്രയാസകരമായിരിക്കും.
'നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്' എന്നാണ് പ്രവാചകന്‍ പറഞ്ഞിട്ടുള്ളത്. ഇത്രയും പ്രാധാന്യമുള്ള ഖുര്‍ആന്റെ അധ്യാപനവും പഠനവും സാമ്പ്രദായികമായി തുടര്‍ന്നുവരുന്ന രീതികള്‍ക്കപ്പുറത്ത്, ഓരോ കാലത്തെയും തലമുറകള്‍ക്ക് അനുയോജ്യവും സ്വീകാര്യവുമായ രീതിയിലാകുമ്പോഴാണ് ഖുര്‍ആന്‍ പഠനത്തിന് പുതുതലമുറയെ കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയുക. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ഖുര്‍ആന്‍ പഠനം കാര്യക്ഷമമാക്കാന്‍ ഉതകുംവിധമുള്ള അധ്യാപന രീതിയുടെ ചില ഉദാഹരണങ്ങള്‍/ മോഡല്‍ ഇവിടെ സൂചിപ്പിക്കുന്നു.
കേസ് സ്റ്റഡി അസൈന്‍മെന്റുകള്‍
ദൈനംദിന ജീവിതത്തില്‍ ഒരു വിശ്വാസിക്ക് അവലംബിക്കേണ്ടിവരുന്ന ധാര്‍മിക പാഠങ്ങള്‍ പ്രതിപാദിക്കുന്ന അധ്യായങ്ങള്‍ പഠിപ്പിച്ച ശേഷം കേസ്സ്റ്റഡി അടിസ്ഥാനമാക്കിയുള്ള ഹോം വര്‍ക്കുകള്‍ പഠിതാക്കള്‍ക്ക് നല്‍കണം. ഉദാഹരണമായി, ഒരു വ്യക്തി രാവിലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞ് ടൗണിലുള്ള ഓഫീസിലേക്ക് യാത്രയാകുന്നത് മുതല്‍ അദ്ദേഹം ഉറങ്ങാന്‍ പോകുന്നതുവരെയുള്ള സംഭവവികാസങ്ങള്‍ പ്രതിപാദിച്ചുകൊണ്ടുള്ള ഒരു സാഹചര്യം (scenario) ഈ കേസ് സ്റ്റഡിയില്‍ പരാമര്‍ശിക്കപ്പെട്ട വിവിധ സാഹചര്യങ്ങളിലും സന്ദര്‍ഭങ്ങളിലും ഒരു വിശ്വാസി ഖുര്‍ആനിലെ അധ്യാപനങ്ങളനുസരിച്ച് പുലര്‍ത്തേണ്ട ധാര്‍മിക, സദാചാര, സ്വഭാവമര്യാദകള്‍ പഠിതാവ് അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തുക എന്നുള്ളതാണ് ഈ ഹോം വര്‍ക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, ജിഹാദ്, സ്വഭാവ മര്യാദകള്‍, വിവാഹം, കുടുംബം, അനന്തരാവകാശം, ഭരണനിര്‍വഹണം, സമൂഹം തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വര്‍ത്തമാനകാലത്തിന് അനുയോജ്യമാംവിധമാണ് കേസ് സ്റ്റഡികള്‍ ഡിസൈന്‍ ചെയ്യേണ്ടത്. നിലവിലുള്ള ചോദ്യോത്തര രീതിയേക്കാള്‍ തീര്‍ച്ചയായും പഠിതാവിന് താന്‍ മനസ്സിലാക്കിയ പാഠങ്ങള്‍ കാലഘട്ടത്തിന്റെ തേട്ടത്തിനനുസരിച്ച്, എന്നാല്‍ അടിസ്ഥാനങ്ങളില്‍ ഊന്നിനിന്നുകൊണ്ട് തന്നെ ജീവിതത്തില്‍ പ്രയോഗവത്കരിക്കാനും അതുപോലെ മറ്റുള്ളവര്‍ക്ക് ശുഭാപ്തി വിശ്വാസത്തോടെ പകര്‍ന്നുകൊടുക്കാനും ഇതിലൂടെ കഴിയുന്നു.
ഹ്രസ്വകാല കോഴ്‌സുകള്‍
ബഹുഭൂരിഭാഗം ഖുര്‍ആന്‍ പഠനകേന്ദ്രങ്ങളും ചുരുങ്ങിയത് അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെയുള്ള കാലയളവിലേക്കാണ് കോഴ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതില്‍തന്നെ സാധാരണക്കാര്‍ക്ക് ഗ്രഹിക്കാന്‍ പ്രയാസമുള്ള വ്യാകരണ നിയമങ്ങളും ഉള്‍പ്പെടുന്നു. ഇക്കാരണത്താല്‍ യുവാക്കളടക്കമുള്ള സമൂഹത്തിലെ ഒരു വലിയ വിഭാഗം ഖുര്‍ആന്‍ പഠനകേന്ദ്രങ്ങളിലേക്ക് സ്വമേധയാ കടന്നുവരാന്‍ വിമുഖത കാണിക്കുന്നു. മാത്രമല്ല, തുടങ്ങിയവരില്‍ തന്നെ നല്ലൊരു ശതമാനം പാതിവഴിയില്‍ കൊഴിഞ്ഞുപോകുന്നു. ഇവരെ ആകര്‍ഷിക്കുന്നതിനായി അവര്‍ക്കനുയോജ്യമായ രീതിയില്‍ പ്രധാന വിഷയങ്ങളോ അഥവാ അധ്യായങ്ങളോ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള മൂന്ന് മുതല്‍ ആറ് മാസം വരെ കാലയളവിലേക്കായുള്ള ഹ്രസ്വകാല ലളിത കോഴ്‌സുകള്‍ ഡിസൈന്‍ ചെയ്യുന്നത് ഫലപ്രദമായിരിക്കും. താഴെക്കിടയിലുള്ള ഭൂരിഭാഗത്തിനും ഖുര്‍ആന്‍ പഠന സംവിധാനങ്ങളില്‍ ഇടം നല്‍കുന്നതിന് ഇതിലൂടെ സാധിക്കുന്നു. ഹ്രസ്വകാല കോഴ്‌സില്‍ ഒരിക്കല്‍ ചേര്‍ന്ന പഠിതാവ് പിന്നീട് മറ്റു വിഷയങ്ങള്‍/ അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ പഠന കോഴ്‌സുകളില്‍ ചേരാനുള്ള സാധ്യതയും ഏറെയാണ്.
പ്രഫഷണല്‍ സെഗ്‌മെന്റ്
പ്രഫഷണലുകള്‍ പൊതുവേ സമൂഹത്തിലെ ഉന്നതരായ വ്യക്തികളുമായി കൂടിച്ചേരാനും ബന്ധങ്ങള്‍ നിലനിര്‍ത്താനും ആഗ്രഹിക്കുന്നവരാണ്. ഇവരെ സംബന്ധിച്ചേടത്തോളം എല്ലാ വിഭാഗങ്ങളെയും ഉദ്ദേശിച്ച് ഡിസൈന്‍ ചെയ്തിട്ടുള്ള ഖുര്‍ആന്‍ പഠനകേന്ദ്രങ്ങളിലേക്ക് വരിക മാനസികമായി പ്രയാസമുണ്ടാക്കുന്ന കാര്യമായേക്കാം. എന്നാല്‍ ഡോക്ടര്‍മാര്‍ക്കു വേണ്ടി ഒരു ഡോക്ടര്‍ തന്നെ അധ്യാപകനായുള്ള, അല്ലെങ്കില്‍ അറിയപ്പെടുന്ന ഒരു പണ്ഡിതന്‍ അധ്യാപകനായുള്ള ക്ലാസ്സിലേക്ക് ഡോക്ടര്‍മാരെ പോലുള്ള വിവിധ പ്രഫഷണലുകളെ എളുപ്പം കൊണ്ടുവരാന്‍ കഴിയും. കോഴ്‌സിന്റെ കാലാവധി, പഠനരീതി, സമയം എന്നിവ തീര്‍ത്തും ഈ വിഭാഗത്തിന് അനുയോജ്യമായ രീതിയിലാണ് ഡിസൈന്‍ ചെയ്യേണ്ടത്. ഇതര മതക്കാരുമായി ഇടപെടുന്ന പ്രഫഷണലുകള്‍ ഖുര്‍ആന്‍ അതിന്റെ ചൈതന്യത്തോടെ പഠിക്കുകയും അത് ജീവിതത്തില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുമ്പോള്‍ ഇസ്‌ലാമിനുണ്ടാകുന്ന മൈലേജ് അസൂയാവഹമായിരിക്കും. കേരളത്തിലെ ഓരോ ടൗണ്‍ കേന്ദ്രീകരിച്ചും വിവിധ പ്രസ്ഥാനങ്ങള്‍ക്ക് / സംഘടനകള്‍ക്ക് വിദൂരമല്ലാത്ത ഭാവിയില്‍ തന്നെ 'പ്രഫഷണല്‍സ് ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍' ഉണ്ടാകേണ്ടതുണ്ട്.
അന്യഭാഷാ ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍
പുതുതലമുറക്ക് വിശിഷ്യ ഗള്‍ഫ് നാടുകളിലും അന്യ സംസ്ഥാനങ്ങളിലും ജനിച്ചുവളര്‍ന്ന ആളുകള്‍ക്ക് മലയാളം കേവലം സംസാരഭാഷ മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ പഠനത്തിനായി അവലംബിക്കുന്നതും ഇഷ്ടപ്പെടുന്നതും മലയാളത്തേക്കാള്‍ കൂടുതല്‍ ഇംഗ്ലീഷാണ്. ഈ വിഭാഗത്തിന്റെ അനുപാതം കാലം ചെല്ലുന്തോറും വര്‍ധിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് ഇവരെ അഡ്രസ് ചെയ്യുന്നതിനായി ഇംഗ്ലീഷ് ഭാഷയില്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത കോഴ്‌സുകള്‍ ആരംഭിക്കേണ്ടതുണ്ട്. ഏതാനും ചില ഗള്‍ഫ് നാടുകളില്‍ ആരംഭിച്ച ഇംഗ്ലീഷ് ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍ക്ക് യുവാക്കളില്‍ നിന്നും കൗമാരക്കാരില്‍ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ ഇതോടൊപ്പം കേരളത്തിനകത്തും പുറത്തും പൊതുസമൂഹ സദസ്സുകളില്‍ ഇസ്‌ലാമിനെ ഇംഗ്ലീഷില്‍ അവതരിപ്പിക്കുന്നതിനുള്ള നൈപുണ്യം കൂടി സ്വായത്തമാക്കും. കൂടാതെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടി കേരളത്തില്‍ എത്തുന്ന ആയിരക്കണക്കിന് വരുന്ന വിശ്വാസികള്‍ക്കായി ഉര്‍ദു, ഹിന്ദി മുതലായ ഭാഷകളിലും പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് അവരെ സാംസ്‌കാരികമായി വളര്‍ത്തിയെടുക്കുന്നതിന് സഹായകമാകും.
ടെക്‌നോളജി ഉപയോഗപ്പെടുത്തല്‍
പതിനഞ്ചു വയസ്സിനും മുപ്പത് വയസ്സിനും ഇടയിലുള്ള യുവതലമുറയെ ഇനിയങ്ങോട്ട് ദീനീ പഠനത്തിനായി പരമ്പരാഗതമായി തുടര്‍ന്നുവരുന്ന ക്ലാസ് റൂം മോഡലിലേക്ക് കൊണ്ടുവരിക പ്രയാസകരമാണ്. ഇവരാണ് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം സമുദായത്തെയും സമൂഹത്തെയും നയിക്കേണ്ടവര്‍. തിരക്കേറിയ വര്‍ത്തമാനകാല ജീവിത സാഹചര്യത്തില്‍ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ വലിയൊരളവില്‍ സഹായകമാവുക ടെക്‌നോളജിയുടെ കൃത്യമായ വിനിയോഗത്തിലൂടെയായിരിക്കും. അധ്യാപകന്‍ കേവലം ഫെസിലിറ്റേറ്റര്‍ മാത്രമാവുകയും പഠനങ്ങള്‍ ടെക്‌നോളജിയുടെ സഹായത്തോടെ പഠിതാക്കള്‍ ഓണ്‍ലൈന്‍ ഗ്രൂപ്പിലൂടെ നേരത്തെ പരാമര്‍ശിച്ച പോലെ ചര്‍ച്ചകളിലൂടെയും അന്വേഷണ നിരീക്ഷണങ്ങളിലൂടെയും പഠിക്കുന്ന ഒരു വെര്‍ച്വല്‍ സ്റ്റഡി സെന്റര്‍. അടുത്തകാലത്ത് പ്രചാരത്തില്‍ വന്ന വാട്ട്‌സ്അപ് ഗ്രൂപ്പ് പഠനമല്ല ഇവിടെ ഉദ്ദേശിച്ചത്. മറിച്ച് അസൈന്‍മെന്റ്, റഫറന്‍സ്, നോട്ട്‌സ്, ഓഡിയോ-വീഡിയോ ഫയലുകള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നതും ഓണ്‍ലൈന്‍ ക്ലാസ് റൂമായി ഉപയോഗപ്പെടുത്താന്‍ പറ്റുന്നതുമായ, മൊബൈലിലും ടാബ്‌ലെറ്റിലും പ്രവര്‍ത്തിക്കുന്ന ഒരു എഡുക്കേഷണല്‍ സോഫ്റ്റ്‌വെയര്‍. ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ പ്രത്യേകിച്ച് ഗള്‍ഫുനാടുകളില്‍ നിന്നുള്ള നല്ലൊരു ശതമാനമാളുകള്‍ ഇത്തരം ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍ നല്ല നിലയില്‍ ഉപയോഗപ്പെടുത്തിയേക്കും.
ഓരോ തലമുറക്കും, അവരില്‍ തന്നെ വിവിധ വിഭാഗങ്ങള്‍ക്കും ആകര്‍ഷകവും അനുയോജ്യവുമായ രീതിയില്‍ ഖുര്‍ആനിക വിജ്ഞാനം പകര്‍ന്നുകൊടുക്കുന്നതിനുള്ള രീതിശാസ്ത്രങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളും സമുദായ സംഘടനകളും ഇനിയും ബഹുദൂരം മുന്നേറാനുണ്ട്.
Comments