കഅ്ബയും ഹജ്ജും <br>ഉമ്മത്തിന്റെ ഹൃദയത്തുടിപ്പും
കഅ്ബയുടെയും ഇബ്‌റാഹീം നബി(അ)യുടെയും ചരിത്രം വ്യക്തിപരവും സാമൂഹികവുമായ ചില സവിശേഷതകളെ പ്രതിനിധാനം ചെയ്യുന്നുണ്ട്. അല്ലാഹുവിനുള്ള സമര്‍പ്പണം, ഇസ്‌ലാമിക പ്രബോധനം, നിര്‍ഭയമായ സാമൂഹിക ചുറ്റുപാട് എന്നിവ അതില്‍ പ്രധാനമാണ്.
ഇസ്‌ലാമിന്റെ അന്തഃസത്ത അല്ലാഹുവിനുള്ള സമര്‍പ്പണമാണ്. ആ സമര്‍പ്പണത്തിന്റെ ഉയര്‍ന്ന മാതൃകയായാണ് വിശുദ്ധ ഖുര്‍ആന്‍ ഇബ്‌റാഹീം നബി(അ)യുടെ ചരിത്രത്തെ വിശദീകരിക്കുന്നത്. പൂര്‍ണാര്‍ഥത്തിലുള്ള മുസ്‌ലിമിന്റെ (അല്ലാഹുവിന് സമര്‍പ്പിച്ചവന്‍) ചിത്രം അവതരിപ്പിക്കാന്‍ ഖുര്‍ആന്‍ പ്രധാനമായും അവലംബിക്കുന്നത് ഈ ചരിത്രത്തെയാണ്. അതാണ് യഥാര്‍ഥ സമര്‍പ്പണമെന്നും അതിനെ അവഗണിക്കുന്നത് വിഡ്ഢിത്തമാണെന്നും ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു (അല്‍ബഖറ 130,131). ഇബ്‌റാഹീം നബിയുടെ ചരിത്രകഥനം അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ പരാമര്‍ശിക്കാതെ സാധ്യമല്ല.
ഇസ്‌ലാമിക പ്രബോധനത്തിന്റെ ചരിത്രം കൂടിയാണ് കഅ്ബയുടെയും ഹജ്ജിന്റെയും ചരിത്രം. സ്വന്തം ജീവിതത്തെ അല്ലാഹുവിന് സമര്‍പ്പിക്കുകയായിരുന്നു ഇബ്‌റാഹീം നബി(അ). സ്വദേശത്തും അവിടെനിന്ന് പുറപ്പെട്ട ശേഷം ഈജിപ്ത്, സിറിയ, ഫലസ്ത്വീന്‍, അറേബ്യ തുടങ്ങിയ നാടുകളിലും അദ്ദേഹം സഞ്ചരിച്ചത് ദൈവിക ദീനിന്റെ പ്രബോധനം നിര്‍വഹിക്കുന്നതിന് വേണ്ടിയായിരുന്നു. ദൈവദത്തമായി അദ്ദേഹത്തിന് ലഭിച്ച ഇമാമത്ത് പ്രബോധനത്തിന്റെ കൂടി ഇമാമത്തായിരുന്നു. ''താങ്കളെ നാം ജനങ്ങള്‍ക്ക് ഇമാമായി നിശ്ചയിച്ചിരിക്കുന്നു'' (അല്‍ ബഖറ 124) എന്ന ഖുര്‍ആനിക പ്രയോഗം ഇമാമത്തിന്റെ എല്ലാ ആശയതലങ്ങളെയും ഉള്‍ക്കൊള്ളുന്നു. ഇമാമത്തുസ്സ്വലാത്ത്, ഇമാമത്തുല്‍ ഖിലാഫത്ത്, ഇമാമത്തു രിസാലത്ത് എന്നിവയെല്ലാം ഈ നായകത്വത്തിന്റെ പരിധിയില്‍പെടുന്നു എന്ന് ശഹീദ് സയ്യിദ് ഖുത്വ്ബ് നിരീക്ഷിക്കുന്നുണ്ട്. പ്രവാചക ദൗത്യത്തിന്റെ നായകത്വം ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. സന്താനങ്ങളോ ബന്ധുക്കളോ ആയ സമകാലികരായ പ്രവാചകന്മാര്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. സദൂം ദേശത്ത് ലൂത്വ് നബി(അ)യും ഫലസ്ത്വീനില്‍ ഇസ്ഹാഖ് നബി(അ)യും മക്ക കേന്ദ്രീകരിച്ച് ഇസ്മാഈല്‍ നബി(അ)യും ഈ നേതൃത്വത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചത്. പ്രവാചക കുലത്തിന്റെ പിതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ സന്താനപരമ്പരയിലാണ് പില്‍ക്കാല പ്രവാചകന്മാരില്‍ ഖുര്‍ആന്‍ പരാമര്‍ശിച്ച ഒട്ടുമിക്ക പ്രവാചകന്മാരും വന്നിട്ടുള്ളത്. പ്രബോധന ചുമതല സാമൂഹികമായി ഏല്‍പ്പിക്കപ്പെട്ട മൂന്ന് ജനതകള്‍ (ജൂത, ക്രൈസ്തവ, മുസ്‌ലിം സമൂഹങ്ങള്‍) അദ്ദേഹത്തെ തങ്ങളുടെ പിതാവായി, നേതൃത്വമായി അംഗീകരിക്കുന്നവരാണ്.
ഇബ്‌റാഹീം നബി(അ)യുടെ ദൗത്യനിര്‍വഹണത്തിന്റെ അവസാന ഘട്ടമായി ഖുര്‍ആന്‍ പ്രതിപാദിക്കുന്നത് കഅ്ബ നിര്‍മാണവും ഹജ്ജിന് വേണ്ടിയുള്ള ആഹ്വാനവുമാണ്. ഹജ്ജിന് വേണ്ടിയുള്ള വിളംബരം തന്നെയും പ്രബോധനത്തിന് വേണ്ടിയുള്ള ആഹ്വാനമായി കാണേണ്ടിവരും. ഏക ദൈവത്തെ ആരാധിക്കാന്‍ സ്ഥാപിതമായ ഭവനത്തിലേക്ക് തീര്‍ഥയാത്രക്കുള്ള ക്ഷണം പക്ഷേ, വിശ്വാസികളോട് മാത്രമല്ല, മുഴുവന്‍ ജനതയോടും നടത്താനാണ് ഇബ്‌റാഹീം നബി(അ)യോട് അല്ലാഹു ആവശ്യപ്പെടുന്നത്. ''ജനങ്ങള്‍ക്കിടയില്‍ ഹജ്ജിന് വിളംബരം നടത്തുക'' (ഹജ്ജ് 27) എന്ന വാക്യത്തില്‍ നിന്ന് ജനങ്ങളാണ് വിളംബരത്തിന്റെ അഭിസംബോധിതര്‍ എന്ന് വ്യക്തം. വിശ്വാസികളെ മാത്രമല്ല, മുഴുവന്‍ ജനതയെയുമാണ് ഇബ്‌റാഹീം നബി(അ)യുടെ ചരിത്രത്തിലുടനീളം ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വവും (അല്‍ബഖറ 124), കഅ്ബ പോലും മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടിയുള്ളതാണ് (ആലുഇംറാന്‍ 96,97). കര്‍മശാസ്ത്രത്തില്‍ ഇസ്‌ലാമിലെ എല്ലാ ആരാധനാ കര്‍മങ്ങളും നിര്‍ബന്ധമാകുന്നതിന് 'മുസ്‌ലിമായിരിക്കുക''എന്നത് അനിവാര്യ ഘടകമായി അംഗീകരിക്കപ്പെട്ടിരിക്കെ, ഹജ്ജ് എന്ന ബാധ്യതയെ പരാമര്‍ശിക്കുമ്പോള്‍ ഖുര്‍ആന്‍ 'അന്നാസ്' എന്നാണ് പ്രയോഗിച്ചിട്ടുള്ളത്. അതിനാല്‍ ഈ വിളി സമുദായത്തിന്റെ നാല് ചുമരുകളില്‍ തട്ടി തീര്‍ന്നുപോകേണ്ടതല്ല, അതിനപ്പുറം മാനവകുലത്തിന്റെ എല്ലാ സീമകളിലും അത് പ്രതിധ്വനിക്കേണ്ടതുണ്ട്. അവരിലേക്ക് അതെത്തുന്നത് ഇസ്‌ലാം അവരുടെ അടഞ്ഞ കണ്ണുകള്‍ക്ക് വെളിച്ചം നല്‍കുമ്പോള്‍ മാത്രമാണ്.
കഅ്ബ നിര്‍മാണത്തിന് ശേഷം അദ്ദേഹം നടത്തിയ പ്രാര്‍ഥനയും ഇസ്‌ലാമിക പ്രബോധനത്തെയും അതിന്റെ നൈരന്തര്യത്തെയും ഉള്‍ക്കൊള്ളുന്നുണ്ട്. ''നാഥാ, അവര്‍ക്ക് നിന്റെ ആയത്തുകള്‍ പാരായണം ചെയ്തു കേള്‍പ്പിക്കുന്ന, വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിച്ച് കൊടുക്കുന്ന, അവരെ സംസ്‌കരിക്കുന്ന ഒരു പ്രവാചകനെ അവരില്‍ നിന്നു തന്നെ നീ നിയോഗിക്കേണമേ. നിസ്സംശയം നീ പ്രതാപിയും യുക്തിജ്ഞനും തന്നെ'' (അല്‍ ബഖറ 129).
ഈ പ്രാര്‍ഥനയുടെ മറുപടിയെന്നോണമാണ് മുഹമ്മദ് നബി (സ) മക്കയില്‍ നിയോഗിതനാവുന്നത്. ഇബ്‌റാഹീം നബി(അ)യെ പോലെ മുഹമ്മദ് നബിയുടെ ജീവിതത്തിലെയും അവസാനത്തെ പ്രസ്താവ്യമായ സംഭവം അദ്ദേഹത്തിന്റെ ഹജ്ജാണ്. കഅ്ബ നിര്‍മാണവും ഹജ്ജിനുവേണ്ടിയുള്ള വിളംബരവും ഇബ്‌റാഹീം നബിയുടെ ദൗത്യനിര്‍വഹണത്തിന്റെ പൂര്‍ത്തീകരണമാണെന്ന് ദ്യോതിപ്പിക്കുന്നത് പോലെ, ഹജ്ജില്‍ കടന്നുകൂടിയ അനാചാരങ്ങളില്‍ നിന്ന് അതിനെ ശുദ്ധീകരിച്ചും അനുഷ്ഠാനങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടുമുള്ള ഹജ്ജ് നിര്‍വഹിച്ച് മുഹമ്മദ് നബി(സ)യുടെ ദൗത്യവും പൂര്‍ത്തീകരിക്കപ്പെടുന്നതായി നമുക്ക് കാണാം. സമര്‍പ്പണത്തെ മാത്രമല്ല, രണ്ട് പ്രവാചകന്മാരുടെയും പ്രബോധനദൗത്യത്തെക്കൂടി ഹജ്ജ് പ്രതിനിധീകരിക്കുന്നു എന്നര്‍ഥം.
ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനയിലൂടെ തന്നിലെത്തിച്ചേര്‍ന്ന പ്രബോധന ദൗത്യം ഹജ്ജില്‍ വെച്ച് മുഹമ്മദ് നബി(സ) മുസ്‌ലിം സമൂഹത്തിന് ഔദ്യോഗികമായി കൈമാറുകയായിരുന്നു. ഇസ്‌ലാമിന്റെ സന്ദേശം ലഭിച്ചവര്‍ അത് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് എത്തിക്കട്ടെ എന്നായിരുന്നു തിരുമേനിയുടെ ആഹ്വാനം. അങ്ങനെ കഅ്ബയുടെ നിര്‍മാണവും ഹജ്ജിന്റെ ഉത്ഭവവും നവോത്ഥാനവും പ്രവാചകദൗത്യത്തിന്റെ കൈമാറ്റവേദിയായി മാറുകയാണ്. ഈ ആശയം ധ്വനിപ്പിക്കുന്നതാണ് ഇബ്ാഹീം നബി(അ)യുടെ മില്ലത്തിനെയും മുഹമ്മദ് നബി(സ)ടെയും മുസ്‌ലിം സമൂഹത്തിന്റെയും ഉത്തരവാദിത്തത്തെയും ബന്ധിപ്പിച്ചു കൊണ്ടുള്ള സൂറ ഹജ്ജി(78)ലെ പരാമര്‍ശം. ഇബ്‌റാഹീം നബി(അ)യില്‍ നിന്ന് ഇസ്മാഈല്‍ നബി(അ)യിലൂടെ മൂഹമ്മദ് നബിയിലേക്കും പിന്നീട് മുസ്‌ലിം ഉമ്മത്തിലേക്കും ഇസ്‌ലാമിക പ്രബോധന ദൗത്യം കൈമാറ്റം ചെയ്യപ്പെട്ട ചരിത്രമാണ് ഹജ്ജിന്റെയും കഅ്ബയുടെയും ചരിത്രം. തുടര്‍ന്നും ഏറ്റെടുക്കല്‍ ആവര്‍ത്തിക്കണം. ഹാജിമാര്‍ പാപരഹിതരായി തിരിച്ചുവരിക എന്നതു മാത്രമല്ല സംഭവിക്കേണ്ടത്. സമുദായത്തിന്റെ ബാധ്യത നിര്‍വഹിക്കാനാവശ്യമായ പുതുജീവന്‍ ആര്‍ജിച്ചെടുത്ത് കരുത്തുള്ള പ്രബോധകന്മാരായി അവര്‍ മടങ്ങണം. അങ്ങനെ ഓരോ ഹജ്ജും ലോകത്തിന് വെളിച്ചം നല്‍കുന്ന ഊര്‍ജസ്രോതസ്സായി മാറണം. അങ്ങനെയാണ് കഅ്ബാ മന്ദിരം ''ലോകര്‍ക്ക് അനുഗ്രഹവും സന്മാര്‍ഗവു''(ആലു ഇംറാന്‍ 96)മായിത്തീരുക.
കഅ്ബയുടെ സമീപത്ത് ഇബ്‌റാഹീം നബി(അ) തന്റെ ഒരു താവഴിയെ പാര്‍പ്പിച്ചതായി ഖുര്‍ആന്‍ പറയുന്നു. അതുവരെ ജനവാസമില്ലാത്ത ആ മരുപ്രദേശത്ത് തൗഹീദിന്റെ തണലില്‍ ഇതര സ്വാധീനങ്ങളില്‍ നിന്ന് മുക്തമായ ഒരു നാഗരികതക്ക് ശിലാസ്ഥാപനം നടത്തുകയായിരുന്നു അതിലൂടെ അദ്ദേഹം ചെയ്തത്. ബഹുദൈവത്വത്തിന്റെ എല്ലാ രൂപ ഭാവങ്ങളെയും നിരാകരിക്കുന്നതാകണം ആ നാഗരികത എന്നതോടൊപ്പം, നിര്‍ഭയത്വമുള്ള സാമൂഹികാവസ്ഥയും അതിന്റെ അവിഭാജ്യ ഘടകമായിരിക്കണം. ആ പ്രദേശത്തിന് വേണ്ടി ഇബ്‌റാഹീം നബി(അ) നടത്തിയ പ്രാര്‍ഥനയില്‍ ഈ രണ്ട് കാര്യങ്ങളും പരാമര്‍ശിച്ചത് കാണാം (ഇബ്‌റാഹീം 35). അല്ലാഹു മക്കയെ നിര്‍ഭയത്വം കളിയാടുന്ന നാടാക്കിയെന്നും ആ സമാധാന അന്തരീക്ഷം അവിടത്തുകാര്‍ അനുഭവിച്ചെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (അല്‍ ഖസ്വസ്വ് 57, അല്‍ അന്‍കബൂത്ത് 67, ഖുറൈശ് 3,4). ആ പ്രദേശത്തും കഅ്ബാ മന്ദിരത്തിലും ഒരാളും ആക്രമിക്കപ്പെടാന്‍ പാടില്ല. ആ പരിശുദ്ധ പ്രദേശത്ത് മനുഷ്യന്‍ മാത്രമല്ല ജീവജാലങ്ങളും സസ്യങ്ങളും മരങ്ങളും നശിപ്പിക്കപ്പെടരുത്. ആ നാഗരികതയില്‍ സത്യവിശ്വാസികളുടെ മൗലികാവകാശങ്ങള്‍ മാത്രം സംരക്ഷിക്കപ്പെട്ടാല്‍ മതിയാവുകയില്ല. കടുത്ത ദൈവനിഷേധിയുടെയും ഭൗതികമായ ആവശ്യങ്ങള്‍ അവിടെ നിവര്‍ത്തിക്കപ്പെടണം (അല്‍ ബഖറ 126).
ഹജ്ജ് നിര്‍വഹിക്കപ്പെടുന്ന ഈ പ്രദേശം മാത്രമല്ല, അതുമായി ബന്ധപ്പെട്ട നാലു മാസങ്ങളും യുദ്ധം നിഷിദ്ധമായ മാസമായി പ്രഖ്യാപിക്കപ്പെട്ടു. ലോകത്തിന്റെ സര്‍വ ദിക്കിലും ആ മാസങ്ങളില്‍ സമാധാനാന്തരീക്ഷം സ്ഥാപിക്കപ്പെടണം. ഹറമിലെ നിര്‍ഭയാവസ്ഥ ലോകത്തോളം വിശാലമാക്കുകയാണ് ഈ മാസങ്ങളുടെ പരിശുദ്ധി പ്രഖ്യാപനത്തിലൂടെ സംഭവിക്കുന്നത്. ഇസ്‌ലാം പ്രതിനിധാനം ചെയ്യുന്ന നാഗരികതയുടെ മൗലിക സ്വഭാവമാണിത്.
Comments