Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 03

ഹയ്യ് ബ്‌നു യഖ്ദാന്‍

ഇബ്‌നു തുഫൈല്‍ /നോവല്‍-7

         ഇത്രയും അറിഞ്ഞു കഴിഞ്ഞപ്പോള്‍ വാനമണ്ഡലവും അതിലുള്ള സകല വസ്തുക്കളും പരസ്പരം ബന്ധിതങ്ങളാണെന്ന് അവന്ന് വ്യക്തമായി. നേരത്തെ താന്‍ പരീക്ഷിച്ച മണ്ണ്, വെള്ളം, വായു, സസ്യങ്ങള്‍, ജീവജാലങ്ങള്‍ തുടങ്ങിയ സകലതും അതിനകത്താണ് സ്ഥിതി ചെയ്യുന്നത്. അതിന്റെ അതിരുകള്‍ വിട്ടു പുറത്തുപോകുവാന്‍ അവയിലൊന്നിനും സാധിക്കുകയില്ല. അത് മൊത്തത്തില്‍ ഒരു ജീവിയെപ്പോലെയാണ്. അതിലെ നക്ഷത്രങ്ങള്‍ ആ ജീവിയുടെ ജ്ഞാനേന്ദ്രിയങ്ങള്‍, അതിലെ പരസ്പര ബന്ധിതങ്ങളായ വിവിധ ഗോളങ്ങള്‍ ആ ജീവിയുടെ അവയവങ്ങള്‍, അതിന്റെയുള്ളില്‍ സ്ഥിതി ചെയ്യുന്ന സൃഷ്ടി-സംഹാര ലോകം ആ ജീവിയുടെ വയറ്റിലെ വിവിധ ദ്രവങ്ങളും വിസര്‍ജ്യങ്ങളും. ജീവിയുടെ വയറ്റില്‍ പുതിയ ജന്മങ്ങള്‍ ഉടലെടുക്കുന്നതുപോലെ ഈ ബൃഹദ് പ്രപഞ്ചത്തിലും പുതിയ വസ്തുക്കള്‍ ഉടലെടുക്കുന്നു.

ലോകം ആദിയോ അനാദിയോ?

അഖില പ്രപഞ്ചവും ഒരൊറ്റ വ്യക്തിയെപ്പോലെയാണെന്നും, പരമാധികാരിയായ ഒരു സ്രഷ്ടാവിനെ ആശ്രയിച്ചാണ് അത് സ്ഥിതി ചെയ്യുന്നതെന്നും ഭൗമമണ്ഡലത്തിലെ വ്യത്യസ്ത വസ്തുക്കളെപ്പോലെ വാനമണ്ഡലത്തിലെ വസ്തുക്കളും പരസ്പരബന്ധിതങ്ങളാണെന്നും തിരിച്ചറിഞ്ഞപ്പോള്‍ അവന്‍ മൊത്തം പ്രപഞ്ചത്തെക്കുറിച്ച് ചിന്തിച്ചുനോക്കി. ഇല്ലായ്മക്ക് ശേഷം ഉണ്ടായ ഒന്നാണോ അത്? അതല്ല, അത് അനാദിയാണെന്നും അതിന് മുമ്പൊരു ഇല്ലായ്മ ഉണ്ടായിരുന്നില്ലെന്നും വരുമോ? ഇക്കാര്യത്തില്‍ രണ്ടാലൊരു തീരുമാനം ഉറപ്പിക്കാനാവാത്തവിധം സംശയങ്ങള്‍ അവനെ പൊതിഞ്ഞു.

പ്രപഞ്ചം അനാദിയാണെന്ന വിശ്വാസത്തെ അംഗീകരിച്ചാല്‍ അതിനെതിരെ ഒട്ടനവധി തടസ്സങ്ങള്‍ ഉയര്‍ന്നുവരും. അറ്റമില്ലാത്ത അസ്തിത്വം എന്നത് അറ്റമില്ലാത്ത പദാര്‍ഥം പോലെത്തന്നെ അസംഭവ്യമാണ്. മാത്രമല്ല, അനാദിയാണെങ്കില്‍ തന്നെ പുതുനിര്‍മിതികളില്‍നിന്ന് അത് മുക്തമായിരിക്കുകയുമില്ല. അതിന്റെയര്‍ഥം അത് പുതുതായി ഉണ്ടായതാണെന്നാണല്ലോ. കാരണം, ആ പുതുനിര്‍മിതികള്‍ക്ക് മുമ്പേ ഉള്ളതാണ് അതെന്ന് പറയാന്‍ പറ്റുകയില്ല.

പിന്നെ ലോകം പുതുതായി ഉണ്ടായതാണെന്ന് വിശ്വസിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരിലും ധാരാളം തടസ്സങ്ങള്‍ ഉയര്‍ന്നുവന്നു. ഒരു വസ്തു പുതുതായി ഉണ്ടായതാണ് എന്നതിന്റെ അര്‍ഥം അതിനുമുമ്പ് അത് ഉണ്ടായിരുന്നില്ല എന്നാണല്ലോ; അതുണ്ടാകുന്നതിന് മുമ്പ് കാലം ഉണ്ടായിരുന്നു എന്നും. അതേസമയം, കാലം ലോകത്തിന്റെ ഒരു ഭാഗമാണ്. കാലത്തില്‍നിന്ന് അതിനെ വേര്‍പ്പെടുത്തുക അസാധ്യം. അതുകൊണ്ടുതന്നെ കാലം ഉണ്ടായ ശേഷമാണ് ലോകം ഉണ്ടായതെന്ന് സങ്കല്‍പിക്കാനും പറ്റുകയില്ല.

പുതുതായുണ്ടായ ഏതു വസ്തുവിനും അതിനെ ഉണ്ടാക്കിയ ഒരുവന്‍ അത്യാവശ്യമാണ് എന്നതിനെക്കുറിച്ച് അവന്‍ ചിന്തിച്ചുനോക്കി. ആ സ്രഷ്ടാവ് ആ സമയത്ത് തന്നെ ലോകത്തെ സൃഷ്ടിച്ചത് എന്തിനാണ്? അതിനുമുമ്പ് അവനതിനെ സൃഷ്ടിക്കാതിരുന്നതെന്ത്? അപ്പോഴാണ് അതിനവസരം ലഭിച്ചത് എന്നതിനാലാണോ? അങ്ങനെയാവാന്‍ വഴിയില്ല. കാരണം അവനല്ലാതെ മറ്റാരും അന്ന് ഉണ്ടായിരുന്നില്ലല്ലോ. എങ്കില്‍ അവന്റെ പ്രകൃതത്തില്‍ വന്ന എന്തെങ്കിലും മാറ്റം കൊണ്ടായിരിക്കുമോ അത്? ഇവ്വിധം തന്നോടുതന്നെ വാദപ്രതിവാദങ്ങള്‍ നടത്തിക്കൊണ്ട് കുറേ വര്‍ഷങ്ങള്‍ അവന്‍ ചെലവഴിച്ചു. രണ്ടഭിപ്രായങ്ങള്‍ക്കും അനുകൂലമായി ഒട്ടനേകം ന്യായങ്ങള്‍ അവതരിപ്പിച്ചു. പക്ഷേ, ഒരു പക്ഷത്തിനും മുന്‍തൂക്കം നല്‍കാന്‍ കഴിഞ്ഞില്ല. അത്രമേല്‍ സമാസമമായിരുന്നു ഇരുപക്ഷത്തിന്റെയും ന്യായവാദങ്ങള്‍. അതിനാല്‍ ഖണ്ഡിതമായൊരു തീര്‍പ്പിലെത്താന്‍ സാധിക്കുകയുണ്ടായില്ല.

ഇതവനെ ഗുരുതരമായ ആശയക്കുഴപ്പത്തിലാക്കി. അതിനാല്‍ ഇരുപക്ഷത്തെയും അനുകൂലിച്ചാലുള്ള പരിണിത ഫലങ്ങളെക്കുറിച്ച് ചിന്തിച്ചുനോക്കി. ലോകം ഉണ്ടായത് കാലത്തിന്റെ ഒരു ബിന്ദുവിലാണെന്നും, അതിനുമുമ്പ് ലോകം ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നുവെന്നുമുള്ള അഭിപ്രായത്തെ അംഗീകരിക്കുക. പക്ഷേ, ലോകം സ്വയം ഉണ്ടാവുകയില്ലല്ലോ. അതിനൊരു സ്രഷ്ടാവ് അനിവാര്യമാണ്. അവനാകട്ടെ ഇന്ദ്രിയഗോചരനല്ലാതിരിക്കുകയും വേണം. എന്തെന്നാല്‍, ഇന്ദ്രിയ ഗോചരനാണെങ്കില്‍ അവനൊരു പദാര്‍ഥമായിരിക്കും. പദാര്‍ഥമാണെങ്കിലോ, അവന്‍ ലോകത്തിന്റെ ഭാഗവുമായിരിക്കും. അപ്പോള്‍ അവനും സൃഷ്ടിക്കപ്പെട്ടവനാകും. അങ്ങനെ വരുമ്പോള്‍ അവന്നും ഒരു സ്രഷ്ടാവ് അനിവാര്യമാകും. ഈ രണ്ടാമത്തെ സ്രഷ്ടാവും പദാര്‍ഥമാണെങ്കില്‍ മൂന്നാമതൊരു സ്രഷ്ടാവ് അനിവാര്യമാകും. പിന്നെ മൂന്നാമത്തേതിന് നാലാമതൊരുവനും. ആ പരമ്പര അങ്ങനെ അനന്തമായി നീണ്ടുപോകും. അതസംബന്ധമാണ്.

അപ്പോള്‍ ലോകത്തിന് പദാര്‍ഥമല്ലാത്തൊരു സ്രഷ്ടാവ് അനിവാര്യമാണ്. അവന്‍ പദാര്‍ഥമല്ലെങ്കില്‍ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അപ്രാപ്യനുമായിരിക്കും. എന്തെന്നാല്‍, പഞ്ചേന്ദ്രിയങ്ങള്‍ക്ക് പദാര്‍ഥങ്ങള്‍ മാത്രമേ ഗോചരമാവുകയുള്ളൂ. അതുകൊണ്ടു തന്നെ അവയിലൂടെ സ്രഷ്ടാവിനെ അറിയുക അസാധ്യമത്രെ. അപ്രകാരം ഭാവന കൊണ്ട് അവനെ സങ്കല്‍പിക്കുവാനും പറ്റുകയില്ല. കാരണം, സങ്കല്‍പിക്കുക എന്നത്, മനസ്സില്‍നിന്ന് മറഞ്ഞുപോയ ഇന്ദ്രിയഗോചര വസ്തുക്കളെ വീണ്ടും മനസ്സിലേക്ക് കൊണ്ടുവരിക എന്നാണല്ലോ.

സ്രഷ്ടാവ് പദാര്‍ഥമല്ലെങ്കില്‍ പദാര്‍ഥത്തിന്റെ ഗുണവിശേഷങ്ങളൊന്നും അവനോട് ബന്ധപ്പെടുത്താവതല്ല. പദാര്‍ഥത്തിന്റെ ഒന്നാമത്തെ ഗുണം നീളം, വീതി, ഘനം എന്ന ത്രിമാന വ്യാപ്തിയാണല്ലോ. ഈ പദാര്‍ഥ ഗുണത്തില്‍നിന്നും അതിന്റെ മറ്റെല്ലാ അനുബന്ധ ഗുണങ്ങളില്‍നിന്നും അവന്‍ സമ്പൂര്‍ണ മുക്തനായിരിക്കും.

അവന്‍ ലോകത്തിന്റെ സ്രഷ്ടാവാണെങ്കില്‍ അതിന്റെ മേല്‍ അധികാരവുമുള്ളവനും അതിനെക്കുറിച്ച് നന്നായി അറിയുന്നവനും ആയിരിക്കുമെന്നത് തീര്‍ച്ചയാണ്. ''സൃഷ്ടിച്ചവന്‍ അറിയുകയില്ലെന്നോ? അവന്‍ രഹസ്യങ്ങളറിയുന്നവനും സൂക്ഷ്മ ജ്ഞാനിയുമാകുന്നു'' (അല്‍മുല്‍ക് 14).

ലോകം അനാദിയാണെന്നും, അതിനു മുമ്പ് ഒന്നും ഇല്ലാതിരുന്ന ഒരു ശുദ്ധ ശൂന്യത ഉണ്ടായിരുന്നില്ലെന്നും, അതങ്ങനെ അനന്തമായി തുടരുമെന്നും വിശ്വസിച്ചാലോ? അപ്പോള്‍ അതിന്റെ ചലനവും അനാദിയാണെന്ന് വന്നുചേരും. അതായത് അതിന്റെ ആരംഭദശയില്‍ അതിനൊരു അറ്റമില്ല. നിശ്ചലതയില്‍നിന്നാണ് അതിന്റെ ചലനം തുടങ്ങിയതെന്നു പറയാന്‍ അതിനുമുമ്പ് ഒരു നിശ്ചലാവസ്ഥ ഉണ്ടായിരുന്നില്ല. എല്ലാ ചലനങ്ങള്‍ക്കും ചാലകം ഉണ്ടായിരിക്കും. അത് ഏതെങ്കിലും വസ്തുവിലുള്ള ഒരു ശക്തി ആയിരിക്കുകയും ചെയ്യും-ഒന്നുകില്‍ ആ ചലിക്കുന്ന വസ്തുവില്‍ തന്നെ, അല്ലെങ്കില്‍ അതിനു പുറത്തുള്ള മറ്റൊരു വസ്തുവില്‍. രണ്ടുമല്ലെങ്കില്‍, അത് ഒരു വസ്തുവിലും ഉള്ളതായിരിക്കുകയില്ല. ഒരു വസ്തുവില്‍ കുടികൊള്ളുന്ന ശക്തി, ആ വസ്തു വിഭജിക്കുമ്പോള്‍ വിഭജിക്കുകയും അത് ഇരട്ടിക്കുമ്പോള്‍ ഇരട്ടിക്കുകയും ചെയ്യും. കല്ലിനെ താഴോട്ട് ചലിപ്പിക്കുന്ന അതിന്റെ ഭാരം ഒരുദാഹരണം. കല്ലിനെ രണ്ടായി പകുക്കുമ്പോള്‍ ഭാരവും രണ്ടായി പകുക്കപ്പെടുന്നു. മറ്റൊരു കല്ല് കൂടി വെച്ച് കല്ലിനെ ഇരട്ടിപ്പിച്ചാല്‍ അതിന്റെ ഭാരവും വര്‍ധിക്കുന്നു. കല്ലിനെ അനന്തമായി വര്‍ധിപ്പിക്കാന്‍ സാധിക്കുകയാണെങ്കില്‍ അതിന്റെ ഭാരവും അനന്തമായി വര്‍ധിക്കും. അതിന്റെ വലിപ്പം ഒരുപരിധിയിലെത്തി നിന്നാല്‍ അതിന്റെ ഭാരവും ആ പരിധിയിലെത്തും.

എന്നാല്‍, എല്ലാ വസ്തുക്കള്‍ക്കും അറ്റമുണ്ടെന്ന് നേരത്തേ അവന് വ്യക്തമായിട്ടുണ്ട്. അതിനാല്‍, വസ്തുക്കളിലെ ശക്തിക്കും അറ്റമുണ്ടായിരിക്കും. അനുസ്യൂതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വല്ല ശക്തിയെയും നാം കാണുകയാണെങ്കില്‍ ആ ശക്തി വസ്തുവിനകത്ത് ഉള്ളതായിരിക്കുകയില്ല. ഖഗോളം അനുസ്യൂതമായി ചലിച്ചുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. ആ ചലനത്തിന് അറ്റമോ വിരാമമോ ഇല്ല. അത് അനാദിയാണെന്നും അതിനൊരു തുടക്കമില്ലെന്നും നാം സങ്കല്‍പിക്കുക. എങ്കില്‍, അത് ചലിപ്പിച്ച ശക്തി അതിന്റെ പദാര്‍ഥത്തിലോ അതിനുപുറത്തുള്ള മറ്റേതെങ്കിലും പദാര്‍ഥത്തിലോ ഉള്ളതായിരിക്കയില്ല. പദാര്‍ഥത്തില്‍നിന്നും പദാര്‍ഥത്തിന്റെ എല്ലാ ഗുണവിശേഷങ്ങളില്‍നിന്നും അത് മുക്തമായിരിക്കും.

നേരത്തെ ഭൗതിക ലോകത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍, ഏതൊരു വസ്തുവിന്റെയും അന്തസ്സത്ത അതിന്റെ രൂപമാണെന്ന് അവന് വ്യക്തമായിരുന്നു. രൂപമാകട്ടെ, പലവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അതിനെ പ്രാപ്തമാക്കുന്ന അതിന്റെ സിദ്ധിയത്രെ. എന്നാല്‍, വസ്തുവിന്റെ ദ്രവ്യാംശം അങ്ങേയറ്റം ദുര്‍ബലവും ഇന്ദ്രിയങ്ങള്‍ക്ക് അഗോചരവുമാണ്. അപ്പോള്‍ ലോകത്തിന്റെ അന്തസ്സത്തയെന്നത്, പദാര്‍ഥ മുക്തവും പദാര്‍ഥഗുണങ്ങളില്‍നിന്ന് പരിശുദ്ധവുമായ ആ ചാലകശക്തിക്ക് വിധേയമായി ചലിക്കുവാനുള്ള അതിന്റെ സിദ്ധിയാകുന്നു. അപ്പോള്‍ വാനമണ്ഡലത്തെ അന്യൂനമായും അനുസ്യൂതമായും ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ശക്തി അതിന്റെമേല്‍ അധികാരമുള്ളവനും അതിനെക്കുറിച്ച് എല്ലാം അറിയുന്നവനുമായിരിക്കും.

അങ്ങനെ, ഈ വഴിക്ക് ചിന്തിച്ചപ്പോഴും, ആദ്യത്തെ വഴിയില്‍ ചിന്തിച്ചപ്പോള്‍ എത്തിയ അതേ സ്ഥാനത്താണ് അവന്‍ എത്തിച്ചേര്‍ന്നത്. ലോകത്തിന്റെ ആദിയെയും അനാദിയെയും കുറിച്ച സംശയങ്ങളൊന്നും അതിന് തടസ്സമായില്ല. രണ്ടു വഴികളിലൂടെയുള്ള ചിന്തയും പദാര്‍ഥമല്ലാത്ത ഒരു സ്രഷ്ടാവിന്റെ അസ്തിത്വത്തെ സാധൂകരിച്ചു. അവന്‍ പദാര്‍ഥത്തോട് ചേര്‍ന്നുനില്‍ക്കുന്നതോ, അതില്‍നിന്നും വേര്‍പെട്ടതോ അല്ല. അവന്‍ പദാര്‍ഥത്തിന്റെ അകത്തുമല്ല, പുറത്തുമല്ല. ചേരുക, പിരിയുക, അകത്തായിരിക്കുക, പുറത്തായിരിക്കുക എന്നതെല്ലാം പദാര്‍ഥത്തിന്റെ ഗുണങ്ങളാണ്. അവനാകട്ടെ അത്തരം ഗുണങ്ങളില്‍ നിന്നെല്ലാം മുക്തനാകുന്നു.

കര്‍ത്താവിന്റെ ആവശ്യകത

ഏതു വസ്തുവിന്റെയും ദ്രവ്യത്തിന് രൂപം അനിവാര്യമാണ്. രൂപത്തെ കൂടാതെ അത് നിലനില്‍ക്കുകയില്ല. രൂപമില്ലാതെ അത് യാഥാര്‍ഥ്യവല്‍ക്കരിക്കുകയില്ല. രൂപമാകട്ടെ പരമാധികാരിയായ ഈ കര്‍ത്താവിന്റെ പ്രവൃത്തിയില്‍നിന്നല്ലാതെ ഉണ്ടാവുകയുമില്ല. അതിനാല്‍, ഏത് വസ്തു ഉണ്ടാകാനും കര്‍ത്താവ് അനിവാര്യമാണെന്ന് അവന് ബോധ്യമായി. അവനെ കൂടാതെ അവയിലൊന്നും നിലനില്‍ക്കുകയില്ല. അപ്പോള്‍ അവന്‍ കാരണവും അവ കാര്യവുമാണ്. അവ ഉണ്ടായത് ഇല്ലായ്മക്ക് ശേഷമാകട്ടെ, അല്ലെങ്കില്‍ കാലത്തെ കണക്കിലെടുക്കുമ്പോള്‍ അത് തുടക്കമില്ലാത്തതാകട്ടെ, രണ്ടവസ്ഥയിലും അവ കാര്യവും അവക്കൊരു കാരണം അനിവാര്യവുമാണ്. അവയുടെ നിലനില്‍പ്പ് ആ കാരണത്തെ ആശ്രയിച്ചാണ്. കാരണം നിലനില്‍ക്കുന്നില്ലെങ്കില്‍ അതു നിലനില്‍ക്കുകയില്ല. കാരണം അനന്തമല്ലെങ്കില്‍ അതും അനന്തമാവുകയില്ല. കാരണം അനാദിയല്ലെങ്കില്‍ അത് അനാദിയാവുകയുമില്ല. എന്നാല്‍ കര്‍ത്താവ് അവയെ ആശ്രയിക്കുന്നില്ല. അവയില്‍നിന്ന് തീര്‍ത്തും സ്വതന്ത്രനാണവന്‍. അത് സ്വാഭാവികം മാത്രം. എന്തെന്നാല്‍ അതിന്റെ കഴിവും ശക്തിയും അനന്തമാണെന്ന് തെളിഞ്ഞതാണ്. എല്ലാ പദാര്‍ഥങ്ങളും പരിധിയുള്ളതാണ്. അവയോട് ചേര്‍ന്നിരിക്കുന്നതും, അവയോട് അല്‍പമെങ്കിലും ബന്ധമുള്ളതുമായ സകലതിനും പരിധിയുണ്ട്. അതിനാല്‍ മൊത്തം പ്രപഞ്ചവും, ആകാശം, ഭൂമി, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍. തുടങ്ങിയവയും, അവക്കിടയിലും അവക്ക് മുകളിലും താഴെയുമുള്ള സകല വസ്തുക്കളും അവന്റെ സൃഷ്ടികളാണ്. അവയെല്ലാം, കാലം കൊണ്ടല്ലെങ്കിലും സത്ത കൊണ്ട് അവന് ശേഷമുള്ളതാണ്. ഒരു വസ്തുവിനെ എടുത്ത് കൈയില്‍ പിടിച്ച് കൈ ചലിപ്പിച്ചാല്‍, കൈയുടെ ചലനത്തിനൊത്ത് ആ വസ്തുവും ചലിക്കുമല്ലോ. ഈ ചലനം സത്തകൊണ്ട് കൈയിന്റെ ചലനത്തിന് ശേഷമുള്ളതാണ്. എന്നാല്‍, കാലം കൊണ്ട് അത് ശേഷമായിരിക്കണമെന്നില്ല. മറിച്ച്, രണ്ട് ചലനങ്ങളും ഒരേ കാലത്ത് സംഭവിച്ചതാകാം. ഇപ്രകാരം ലോകം മുഴുവന്‍ കര്‍ത്താവിന്റെ സൃഷ്ടികളാണ്. കാലം കൊണ്ട് അവ പരസ്പരം മുന്‍കടക്കുന്നില്ല. ''നിശ്ചയം, അവനൊരു കാര്യം ഉണ്ടാവട്ടെ എന്ന് പറയാനുദ്ദേശിച്ചാല്‍, ഉടനെ അത് ഉണ്ടാവുകയായി'' (യാസീന്‍:82).

സകല വസ്തുക്കളും കര്‍ത്താവിന്റെ ക്രിയകളാണെന്ന് വ്യക്തമായപ്പോള്‍, അവന്റെ കഴിവിനെക്കുറിച്ച് അവന്‍ ആലോചിച്ചു. അവന്റെ സൃഷ്ടിവൈദഗ്ധ്യവും യുക്തിവൈഭവവും ജ്ഞാനപാരംഗതത്വവും അവനെ അത്ഭുതപ്പെടുത്തി. തന്റെ കൈവശമുള്ള വളരെ കുറഞ്ഞ വസ്തുക്കളില്‍നിന്നു തന്നെ അവനത് ബോധ്യപ്പെട്ടു. പരമ സമ്പൂര്‍ണനും സകല ന്യൂനതകള്‍ക്കും അതീതനുമായ ഒരു സ്രഷ്ടാവില്‍നിന്ന് മാത്രമേ ആ വസ്തുക്കള്‍ സംഭൂതമാവുകയുള്ളൂ എന്ന് അവന്‍ തിരിച്ചറിഞ്ഞു. 

(തുടരും)

വിവ: റഹ്മാന്‍ മുന്നൂര്

ചിത്രീകരണം: എം. കുഞ്ഞാപ്പ


Comments

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /18-23
എ.വൈ.ആര്‍