Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 03

ഗാന്ധി മാര്‍ഗം <br>വിജയവും പരാജയവും

കെ.ജെ നസ്‌റുല്‍ അസ്‌ലം /പഠനം

         വിരലിലെണ്ണാവുന്ന ദേശസ്‌നേഹികളുടെയും ആധുനിക വിദ്യാഭ്യാസം നേടിയ എണ്ണപ്പെട്ട ചിലരുടേയും ചട്ടപ്പടി ഇടപെടല്‍ മാത്രമായിരുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ അടിമത്തത്തിന്റെ യഥാര്‍ഥ നുകംപേറുന്ന കോടിക്കണക്കിന് ദരിദ്രനാരായണന്മാരുടെ ബഹുജന പ്രസ്ഥാനമാക്കി വളര്‍ത്തി വിജയിപ്പിക്കുകയും ലോകത്തുടനീളമുള്ള നിസ്സഹായ ജനതക്ക് വിമോചനപ്പോരാട്ടത്തിന്റെ ലളിതവും ഫലപ്രദവുമായ പുതിയ വഴി എന്നെന്നേക്കുമായി തെളിയിച്ചുകൊടുക്കുകയും ചെയ്ത യുഗപുരുഷന്‍ എന്ന നിലയിലാണ് മഹാത്മാഗാന്ധി എന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ചരിത്രത്തില്‍ വിലയിരുത്തപ്പെടുന്നത്. ഒരുഭാഗത്ത് അവതാര ജന്മത്തോളം പോന്ന അപദാനങ്ങളും സ്വഭാവ വൈശിഷ്ട്യങ്ങളുടെ സ്തുതിഘോഷങ്ങളും, മറുഭാഗത്ത് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ ജനകീയ വിപ്ലവത്തിന്റെ യഥാര്‍ഥ വഴികളില്‍നിന്ന് വഴിതിരിച്ചുവിട്ട വിപ്ലവ വിരോധിയും ഒറ്റുകാരനും തുടങ്ങി മറ്റ് വ്യക്തിദൂഷിത ആരോപണങ്ങളും വരെ ഒരുപോലെ ഏറ്റുവാങ്ങുമ്പോഴും, ചരിത്രത്തില്‍ അപ്രസക്തരായിപ്പോയ യഥാര്‍ഥ'വിപ്ലവകാരികള്‍ക്കും, വാഴ്ത്തപ്പെട്ട മാര്‍ഗത്തിനൊടുവിലെ ദയനീയ പരാജയത്തിന്റെ കാരണങ്ങള്‍ക്കായി ഇന്നും പഠനം തുടരുന്ന സ്വന്തം അനുയായികള്‍ക്കും മുകളില്‍ ലോകമെങ്ങുമുള്ള ജനാധിപത്യപ്പോരാട്ടങ്ങള്‍ക്ക് വഴികാട്ടിയാകുന്നു എന്നതുതന്നെയാണ് തീര്‍ച്ചയായും ഗാന്ധിജിയുടെയും ഗാന്ധിസത്തിന്റെയും ചരിത്രപരമായ പ്രസക്തിയും. സത്യം, ത്യാഗം, സ്‌നേഹം, അക്രമരാഹിത്യം എന്നിങ്ങനെ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന സുഭാഷിതങ്ങളിലൂടെ ഗാന്ധിജി തെളിയിച്ചുകൊടുത്ത ആത്മാഭിമാനത്തിന്റെയും ആത്മത്യാഗത്തിന്റേതുമായ സമരായുധം ഫലപ്രദമായി പ്രയോഗിച്ച്, ലോകത്തെമ്പാടുമുള്ള മര്‍ദ്ദിത ജനകോടികള്‍ ചൂഷകരും ദുഷ്ടരുമായ സ്വന്തം ഭരണാധികാരികളെ കെട്ടുകെട്ടിക്കുകയും അടിയറവ് പറയിക്കുകയും ചെയ്യുന്ന ചരിത്രമുഹൂര്‍ത്തങ്ങളില്‍ മാത്രമല്ല, ജനാധിപത്യ സമൂഹങ്ങളിലെ മധ്യവര്‍ഗസമരങ്ങള്‍ മുതല്‍, ഫാഷിസ്റ്റ് പിന്തിരിപ്പന്‍ ശക്തികളുടെ ഗൂഢതന്ത്രങ്ങളില്‍ വരെ ഗാന്ധിമാര്‍ഗം പ്രധാന കര്‍മപരിപാടിയായി മാറുമ്പോള്‍ ഈ ചരിത്ര പ്രസക്തി സവിശേഷ ശ്രദ്ധ അര്‍ഹിക്കുകയും ചെയ്യുന്നു. 

എന്നാല്‍, പരാജയപ്പെട്ട സകല ആധുനിക വിപ്ലവങ്ങള്‍ക്കുശേഷവും ജനലക്ഷങ്ങളുടെ വിധി നിര്‍ണയിക്കുന്ന പുതിയ വിമോചന പ്രസ്ഥാനങ്ങളും വിപ്ലവകാരികളും ചരിത്രത്തില്‍നിന്ന് ഒരു പാഠവുമുള്‍ക്കൊള്ളാതെയും തള്ളാതെയും പഴയ ഭാഗങ്ങള്‍ തന്നെ പാഠഭേദമെന്നോണം വീണ്ടുമുരുവിട്ട് ചരിത്രത്തെ പുതിയ ദുരിതങ്ങളിലൂടെയും സാമൂഹിക ദുരന്തങ്ങളിലൂടെയും ആവര്‍ത്തന വിരസമാക്കുന്ന ഒരു കാലഘട്ടത്തില്‍ പരാജയപ്പെട്ടതും പരാജയമടയാത്തതുമായ പൊതുദര്‍ശനങ്ങളും വഴിയടഞ്ഞതും കാലഹരണപ്പെട്ടതുമായ അവയുടെ പ്രത്യയശാസ്ത്ര രീതിശാസ്ത്രങ്ങളും താത്ത്വികവും ശാസ്ത്രീയവുമായ പുനഃപരിശോധനകള്‍ക്ക് വിധേയമാക്കപ്പെടേണ്ടതുണ്ട്. അല്ലാത്തപക്ഷം ഭരണവര്‍ഗ ചൂഷണങ്ങള്‍ക്കും ഭരണകൂട മര്‍ദനങ്ങള്‍ക്കും ഇരയാകുവാന്‍ എന്നും വിധിക്കപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ആത്യന്തികമായി പുതിയ നാളേയെക്കുറിച്ചുള്ള സ്വപ്നത്തിലും അതിനു വേണ്ടിയുള്ള ത്യാഗപൂര്‍ണമായ സമരങ്ങളിലും അവയുടെ നേതൃത്വത്തിലും മാത്രമല്ല, ആത്മാര്‍ഥമായ അവകാശ സമരങ്ങളില്‍പ്പോലും വിശ്വാസം നഷ്ടപ്പെട്ട് സകല സാമൂഹിക തിന്മകളോടും ദുര്‍ഭരണങ്ങളോടും അവര്‍ രാജിയാകുന്ന സാമൂഹിക ദുരന്തത്തിലേക്ക് വഴിയൊരുക്കുക മാത്രമായിരിക്കും ഫലം.

സത്യാഗ്രഹ മാര്‍ഗത്തിലെ കൃത്യതയും ദുരന്തപൂര്‍ണമായ അന്ത്യവും

നീണ്ട വിദേശ വാസത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തി ദേശീയ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കെത്തുമ്പോഴേക്കും സത്യാഗ്രഹ സമരത്തെ സംബന്ധിച്ച വ്യക്തവും വിശദവുമായ രൂപം ഗാന്ധിജിയില്‍ രൂപപ്പെട്ടുകഴിഞ്ഞിരുന്നു. സംഭവ ബഹുലമായ ദക്ഷിണാഫ്രിക്കന്‍ ജീവിതം 'സത്യാഗ്രഹം എന്ന ജീവിത/ സമര ദര്‍ശനത്തെ ഏതുവിധം രൂപപ്പെടുത്തിയെന്ന് വിശദമായി പ്രതിപാദിക്കുന്ന ദക്ഷിണാഫ്രിക്കയിലെ സത്യഗ്രഹവും, ഗാന്ധിദര്‍ശനം വിഭാവനം ചെയ്യുന്ന രാഷ്ട്ര വ്യവസ്ഥയുടെ സ്വഭാവവും അതിന് ആധുനിക വികസന സങ്കല്‍പ്പങ്ങളോടുള്ള സമീപനവും കൃത്യമായ പ്രത്യയശാസ്ത്ര വീക്ഷണകോണുകളിലൂടെ അതിമനോഹരമായി വിവരിക്കുന്ന ഹിന്ദ് സ്വരാജും പോലുള്ള ഗാന്ധിജിയുടെ കൃതികള്‍ ഇതാണ് വ്യക്തമാക്കുന്നത്. ഇവ്വിധം വ്യക്തമായ ഉള്‍ക്കാഴ്ചയോടെയുള്ള പ്രത്യയശാസ്ത്ര നിലപാടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ സ്വാതന്ത്ര്യസമരത്തിലുടനീളവും, ഗാന്ധിജിതന്നെ അഭിപ്രായപ്പെടുന്നതുപോലെ അതിന്റെ ദുരന്തപൂര്‍ണമായ' പര്യവസാനത്തിനുശേഷം സ്വന്തം രാഷ്ട്രീയ അനുയായികളില്‍ നിന്നും മാനസികമായി അകന്നു ജീവിച്ചു തീര്‍ത്ത ആ സമരജീവിതത്തിലെ അവസാന നിമിഷവും വരെ തന്റെ വിശ്വാസ പ്രമാണങ്ങളില്‍ അടിയുറച്ചുനിന്നു എന്നത് തന്നെയാണ് ഗാന്ധിജി എന്ന സമരനായകനെ സമകാലികരായ ഇതര ജനനേതാക്കളില്‍ നിന്നും വ്യത്യസ്തനാക്കുന്നതും. സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ ജനകീയ മുന്നേറ്റമായ ചൗരിചൗരാ സമരത്തില്‍നിന്നുള്ള അപ്രതീക്ഷിത പിന്മാറ്റവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രതിയോഗികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ മുതല്‍, സ്വന്തം അനുയായികളടക്കമുള്ളവരുടെ സങ്കുചിത രാജ്യസ്‌നേഹത്തിനുമപ്പുറത്തേക്ക് ജീവിതസായാഹ്നത്തില്‍ അദ്ദേഹത്തെ നയിച്ച അവസാന സത്യാഗ്രഹസമരം വരെ ഗാന്ധിജി സ്വീകരിച്ച കൃത്യവും സുചിന്തിതവുമായ നിലപാടുകള്‍ സ്വന്തം ജീവിത ദര്‍ശനത്തോട് ഗാന്ധിജി പുലര്‍ത്തിയ സത്യസന്ധതയും പ്രതിബദ്ധതയും തന്നെയാണ് വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയും ഗാന്ധി ജീവിതത്തിലേയും അവസാന നാളുകള്‍ കാണുക. അക്രമരാഹിത്യത്തിന്റെ മാര്‍ഗത്തില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും അതിനെത്തുടര്‍ന്ന് 1947 ആഗസ്റ്റ് 15-നു നടന്ന അധികാരക്കൈമാറ്റവും അതുവരെ ലോകത്ത് നടന്നിട്ടുള്ള വിപ്ലവങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ജനകീയ വിജയമായിരുന്നു' എന്നും 'ഇത്ര മഹത്തായ ഒരു സംഭവം ഇത്ര കുറച്ചു രക്തച്ചൊരിച്ചിലോടും അക്രമത്തോടും കൂടി ഇതിനു മുമ്പ് സമീപകാല ചരിത്രത്തില്‍ പരിസമാപ്തിയിലെത്തിയിട്ടില്ല എന്നും, മഹാത്മജിയുടെ ആവേശപ്രചോദകമായ നേതൃത്വത്തിന്റെ ഫലമായാണ് ഇതു സാധിച്ചത് എന്നുമെല്ലാം കോണ്‍ഗ്രസ്സ് നേതൃത്വം സ്വാതന്ത്ര്യലബ്ധിയുടെ ആദ്യ നാളില്‍ തന്നെ അവകാശവാദമുന്നയിച്ചിരുന്നു. 

എന്നാല്‍, ഗാന്ധിജിയെ സംബന്ധിച്ചേടത്തോളം ഇത്തരം അവകാശവാദങ്ങള്‍ പോകട്ടെ സ്വാതന്ത്ര്യലബ്ധിയില്‍ ഒരു സാധാരണ ഇന്ത്യക്കാരനുണ്ടാകുന്ന സന്തോഷം പോലും സംഭവിച്ചിരുന്നില്ല എന്നതായിരുന്നു യാഥാര്‍ഥ്യം. പരാജയമടഞ്ഞ പോരാളിയുടേതിനേക്കാള്‍ തകര്‍ന്നടിഞ്ഞ ഒരു സാധാരണ മനുഷ്യന്റെ മാനസികാവസ്ഥയിലായിരുന്നു അദ്ദേഹം. മരണം വരേയും ആ നിരാശബോധം അദ്ദേഹത്തെ വേട്ടയാടുകയും ചെയ്തിരുന്നു. ഞാന്‍ ശൂന്യമായിപ്പോയി, സ്വാതന്ത്ര്യലബ്ധിയുമായി ബന്ധപ്പെട്ട് പൊതുസന്ദേശത്തിനായി സമീപിച്ച വാര്‍ത്താവിതരണ വകുപ്പിലെ ഉദ്യോഗസ്ഥനോടുള്ള ഗാന്ധിജിയുടെ ആദ്യ പ്രതികരണമതായിരുന്നു. സന്ദേശങ്ങളൊന്നും തരാതിരിക്കുന്നത് മോശമാകുമെന്ന് ഓര്‍മപ്പെടുത്തിയ ഉദ്യോഗസ്ഥനോട് 'യാതൊരു സന്ദേശവുമില്ല, അത് മോശമാണങ്കില്‍ അങ്ങനെ ആയിക്കൊള്ളട്ടെ' എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഇന്ത്യാ ചരിത്രത്തില്‍ അത് വരെ കാണാതിരുന്ന സാമുദായിക ഭ്രാന്തിന് രാജ്യം അടിമപ്പെട്ട നാളുകളില്‍ തന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും തകര്‍ന്നടിയപ്പെട്ടതായി ഗാന്ധിജി തിരിച്ചറിഞ്ഞു. കോണ്‍ഗ്രസ്സ് ലീഗ് നേതാക്കള്‍ ബ്രിട്ടീഷ് പ്രതിനിധികളുമായി അധികാരക്കൈമാറ്റ ചര്‍ച്ചകളില്‍ മുഴുകുന്ന സമയത്ത് ഇന്ത്യന്‍ അതിര്‍ത്തികളില്‍ പരസ്പരം കൊന്നുമുന്നേറുന്ന മുസ്‌ലീംകള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയില്‍ മുറിവേറ്റ ഹൃദയവുമായി അക്ഷരാര്‍ഥത്തില്‍ ഓടിനടക്കുകയായിരുന്നു രാഷ്ട്ര പിതാവ്. അന്നേക്കും ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്നായ ഇന്ത്യന്‍ പട്ടാളം തോറ്റുപോയ ഇരുവശങ്ങളിലേയും രാജ്യാതിര്‍ത്തികളിലേക്ക് ഗാന്ധിയെന്ന ഒറ്റയാള്‍ പട്ടാളത്തെ അയച്ച് വൈസ്രോയ് മൗണ്ട്ബാറ്റണ്‍ കലാപം ശമിപ്പിക്കുന്നതിന്റെ അത്ഭുതകരമായ ചിത്രം സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന കൃതിയില്‍ ലാരി കോളിന്‍സും ഡൊമിനിക്ക് ലാപിയറും ഹൃദയസ്പൃക്കാംവിധം വിവരിക്കുന്നുണ്ട്. 

തന്റെ പ്രസ്ഥാനത്തിനും രാജ്യത്തിനും സ്വാതന്ത്ര്യലബ്ധിയോടെ നേരിട്ട ദുരന്തത്തില്‍ അഗാധ ദുഃഖിതനായിരുന്ന ഗാന്ധിജി, മൂന്ന് ദശാബ്ദത്തിലേറെ താന്‍ പ്രചരിപ്പിച്ച അക്രമരഹിത തത്ത്വസംഹിതകളുടെ പരിപൂര്‍ണ പരാജയം തുറന്ന് സമ്മതിച്ചുകൊണ്ട് ചരിത്രത്തോട് നീതിപുലര്‍ത്താനുള്ള അത്യപൂര്‍വ സത്യസന്ധതയും സ്വജീവിതത്തില്‍ പൂര്‍ത്തീകരിക്കുകയായിരുന്നു. താന്‍ വിഭാവനം ചെയ്ത രാഷ്ട്രത്തിന്റെ അസ്ഥിവാരം തകര്‍ക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളായി ഹിന്ദു മുസ്‌ലിം ബന്ധങ്ങളിലെ അസ്വാരസ്യങ്ങളെയും, രാഷ്ട്ര പുനര്‍നിര്‍മാണ ദൗത്യം അര്‍പ്പിക്കപ്പെട്ട കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിനു സംഭവിച്ച അധഃപതനത്തെയും തിരിച്ചറിഞ്ഞ ഗാന്ധിജി അവസാന നാളുകളില്‍ കാതലായ ഈ പ്രശ്‌നത്തിലേക്ക് രാജ്യത്തിന്റെയും ജനങ്ങളുടേയും ശ്രദ്ധ ക്ഷണിക്കുന്നതിന് തന്നാലാവുന്നവിധം അങ്ങേയറ്റം പരിശ്രമിക്കുകയുണ്ടായി. സ്‌നേഹമയനായ ഏകദൈവത്തില്‍ വിശ്വസിച്ച സനാതന ഹിന്ദുവായ ഗാന്ധി സകല സങ്കുചിത സാമുദായിക താല്‍പ്പര്യങ്ങള്‍ക്കെതിരെയും, ഹിന്ദുമുസ്‌ലിം ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെയും സ്വന്തം മനസ്സാക്ഷിക്കനുസൃതമായി നടത്തിയ സമരത്തില്‍ തന്റെ അവസാന ശ്വാസം വരെ ഉറച്ചു നില്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസ്സിലെ മറ്റു നേതാക്കളില്‍ നിന്നും ഇതര ബൂര്‍ഷ്വാ വിപ്ലവകാരികളില്‍നിന്നും ഗാന്ധിജിയെ വ്യതിരിക്തനാക്കുന്ന ഏറ്റവും വലിയ സവിശേഷതയും വ്യക്തിമാഹാത്മ്യവും ഇതു തന്നെയായിരുന്നു എന്ന് ഗാന്ധിയും ഗാന്ധിസവും എന്ന ഗ്രന്ഥത്തില്‍ ഇ.എം.എസ് വിലയിരുത്തുന്നുണ്ട്.

എന്നാല്‍ ദുഷിച്ച സാമുദായികതക്കെതിരെ പ്രായോഗികതലത്തില്‍ ശക്തമായ സമരം നടത്തുമ്പോഴും അതിന്റെ യഥാര്‍ഥ കാരണങ്ങള്‍ തിരിച്ചറിയുന്നതിനോ ശരിയായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനോ കഴിയാനാകാത്ത, ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അദ്ദേഹത്തിന്റെ അവസാന നാളുകള്‍: ''നൂറ്റിരുപത്തഞ്ച് വര്‍ഷം ജീവിക്കാന്‍ ആഗ്രഹിക്കുകയോ അല്ലങ്കില്‍ ഇപ്പോള്‍ത്തന്നെ മരിക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നതല്ല നിസ്സംശയമായും ഉത്തമമായ കാര്യം. ദൈവേഛക്ക് പരിപൂര്‍ണമായും സമര്‍പ്പിതമായ ഒരവസ്ഥയായിരിക്കണം എന്റേത്... നൂറ്റിയിരുപത്തഞ്ച് വര്‍ഷം ജീവിക്കാനുള്ള ആഗ്രഹം പരസ്യമായി പ്രഖ്യാപിക്കാന്‍ തക്ക ഔദ്ധത്യം എനിക്കുണ്ടായിരുന്നെങ്കില്‍, മാറിയ സാഹചര്യങ്ങളില്‍ ആ ആഗ്രഹം പരസ്യമായി ഉപേക്ഷിക്കുന്നതിനുള്ള വിനയവും എനിക്കുണ്ടായിരിക്കണം. അപരിഷ്‌കൃതനായിത്തീര്‍ന്ന മനുഷ്യന്‍  അവന്‍ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ അതല്ല മറ്റേതെങ്കിലും പേരോ സ്വയം വിളിക്കാനുള്ള ചങ്കൂറ്റം കാട്ടിയാലും മനുഷ്യക്കശാപ്പുകളുടെ കാപാലികനായി മാറുന്ന സാഹചര്യത്തില്‍ എന്നെ നിസ്സഹായനായ സാക്ഷിയാക്കുന്നതിനുപകരം, ഈ കണ്ണീര്‍ക്കടലില്‍ നിന്നും എന്നെ കരകയറ്റുന്നതിനായി സര്‍വവ്യാപിയായ ആ മഹാ ശക്തിയുടെ സഹായത്തെ ഞാന്‍ ആവാഹിക്കുകയാണ്.'' തന്റെ അവസാന ജന്മദിനത്തില്‍ നല്‍കിയ അഭിമുഖത്തില്‍ ഗാന്ധിജി വ്യക്തമാക്കി (മഹാത്മ, ഡി.ജി ടെണ്ടുല്‍ക്കര്‍ വാല്യം 8, പേജ് 176). രാജ്യം കണ്ടതില്‍ വെച്ചേറ്റവും ഭീകരമായ മതഭ്രാന്തിന്റെ സാഹചര്യങ്ങളില്‍ സാമുദായിക ഐക്യത്തിനുവേണ്ടി പരിശ്രമിക്കുന്ന ഏതൊരാളും ഇരുവശത്തുമുള്ള യാഥാസ്ഥിതികരുടെ വെറുപ്പ് സമ്പാദിക്കുമെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്ന ഗാന്ധിജി ജനുവരി 28-ാം തിയതി രാജ്കുമാരി അമൃത്കൗറുമായി നടക്കുന്ന സംഭാഷണത്തിനിടയില്‍ 'ഭ്രാന്തുപിടിച്ച ഒരു മനുഷ്യന്റെ വെടിയുണ്ടകളേറ്റു മരിക്കാന്‍ താനിഷ്ടപ്പെടുന്നുവെന്നും, അങ്ങനെ സംഭവിക്കുന്നപക്ഷം പുഞ്ചിരിതൂകിക്കൊണ്ട് താന്‍ മരിക്കുമെന്നും' തന്റെ അന്ത്യത്തെക്കുറിച്ച് ദീര്‍ഘവീക്ഷണം ചെയ്യുന്നുമുണ്ട്. ഒടുവില്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഉപാധികള്‍ അനുസരിച്ച് പാകിസ്താന്‍ എന്ന സഹോദര രാജ്യത്തിനു നല്‍കാന്‍ ബാധ്യസ്ഥമായ സ്ഥാവര ജംഗമ സ്വത്തുവഹകള്‍ കൊടുക്കാനാവില്ലെന്ന് ശാഠ്യം പിടിച്ച സ്വതന്ത്ര ഇന്ത്യയുടെ അഭ്യന്തരമന്ത്രിയും പ്രിയ അനുയായിയുമായ വല്ലഭായ് പട്ടേലിന്റെ നിലപാടിനെതിരെ നീതിയുടെ പക്ഷത്ത് ശക്തമായി നിലയുറച്ച് തന്റെ ജീവിതത്തിലെ അവസാനത്തെ സത്യാഗ്രഹത്തിലൂടെ അന്തിമ പോരാട്ടം പ്രഖ്യാപിച്ച ഗാന്ധിജി ഹിന്ദു തീവ്രവാദി വിഭാഗത്തിന്റെ ആത്യന്തിക ശത്രുതക്കിരയാവുകയും അവരുടെ തന്നെ കൈകളാല്‍ വധിക്കപ്പെടുകയും ചെയ്തു.

അഗാധമായ ദൈവബോധവും മനുഷ്യനിലും അവന്റെ നന്മയിലുമുള്ള അടിയുറച്ച വിശ്വാസവുമായിരുന്നു ഗാന്ധിയന്‍ ജീവിതദര്‍ശനത്തിന്റെ കാതല്‍. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനുവേണ്ടിയുള്ള സമരങ്ങളില്‍ തൊഴിലാളികളും കര്‍ഷകരുമായ സാധാരണക്കാര്‍ പ്രകടിപ്പിച്ച ത്യാഗബുദ്ധിയും സമര്‍പ്പണവുമാണ് നന്മയിലധിഷ്ഠിതമായ ജനകീയസമരത്തിന്റെ യഥാര്‍ഥ ശക്തിയെ തിരിച്ചറിയുന്നതിന് തന്നെ സഹായിച്ചതെന്നും സ്വന്തം അസ്തിത്വവുമായി ബന്ധപ്പെട്ട ഒരു അവകാശപ്പോരാട്ടത്തെ വിട്ടുവീഴ്ച്ചയില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ദൈവവിശ്വാസത്തിനുള്ള പങ്കും പ്രാധാന്യവും ഒരു സാധാരണ ദൈവവിശ്വാസിയില്‍ നിന്നും ഒരുഞെട്ടലോടെ' താന്‍ തിരിച്ചറിയുന്നത് അവിടെ നിന്നാണെന്നും'ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹത്തില്‍ ഗാന്ധിജി വിശദമായി വിവരിക്കുന്നുണ്ട്. ഇത്തരത്തില്‍ ത്യാഗവും അക്രമരാഹിത്യവും ദൈവവിശ്വാസവും അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ജനകീയ വിമോചനപ്പോരാട്ടത്തിന്റെ വിശാല വേദിയെന്ന നിലയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ഗാന്ധിജി അതിനെ ഏഴുലക്ഷം ഇന്ത്യന്‍ ഗ്രാമങ്ങളിലെ പാവപ്പെട്ട ഗ്രാമീണ ജനതയുടെ വന്‍മുന്നേറ്റമാക്കി പരിവര്‍ത്തിപ്പിക്കുന്നതിലും ഭരണകൂടത്തെ വിറപ്പിക്കുന്നതിലും അത്ഭുതകരമായി വിജയിക്കുകയും ചെയ്തു. എന്നാല്‍ അത്തരമൊരു സ്‌നേഹസമരത്തിന്റെ പരിസമാപ്തിയില്‍ മൂന്നുപതിറ്റാണ്ടോളം അക്രമ രാഹിത്യത്തിന്റേയും ത്യാഗത്തിന്റെയും സത്യത്തിന്റെയും പാതയിലൂടെ താന്‍ മുന്നോട്ട് നയിച്ച അതേ ജനവിഭാഗം സകല നന്മകളും കൈവിട്ട് പരസ്പരം കൊന്നുതള്ളുന്നതിന്റെ യഥാര്‍ഥ കാരണങ്ങള്‍ വിശദീകരിക്കാനാവാതെ അമ്പരന്നുപോകുന്ന ഗന്ധിജിയേയാണ് അവസാന നാളുകളില്‍ ലോകം കാണുന്നത്. മഹാത്മാഗാന്ധി എന്ന മനുഷ്യസ്‌നേഹിയായ വിപ്ലവകാരിയുടെ ജീവിതാന്ത്യം ഇത്തരമൊരു അനിവാര്യ ദുരന്തത്തിലെത്തിച്ചേര്‍ന്നതിന്റെ പ്രത്യയശാസ്ത്രപരമായ കാരണങ്ങള്‍ മാര്‍ക്‌സിയന്‍ വീക്ഷണകോണിലൂടെ ഇ.എം.എസ് വിശദീകരിക്കുന്നത് ചരിത്രത്തിന്റെ ഇങ്ങേതലക്കല്‍നിന്നുകൊണ്ട് പരിശോധിക്കുന്നത് കൗതുകകരമായ ഒരനുഭവമാണ്.

''അസ്വാസ്ഥ്യജനകമായ ഈ സംഭവവികാസങ്ങള്‍ക്ക് അദ്ദേഹത്തിന്(ഗാന്ധിജിക്ക്) കാണാന്‍ കഴിഞ്ഞ ഏക കാരണം ഇതായിരുന്നു. മനുഷ്യന്‍, അക്രമരഹിത സമരത്തിന്റെ തത്ത്വവും പ്രയോഗവും ആരുടെ സാന്മാര്‍ഗികമായ പുനരുത്ഥാനത്തെ ലക്ഷ്യമാക്കിക്കൊണ്ട് താന്‍ വളര്‍ത്തിയെടുത്തുവോ ആ മനുഷ്യന്‍, ഭ്രാന്തനായിത്തീര്‍ന്നിരിക്കുന്നു. സ്‌നേഹത്തിന്റെയും അക്രമരാഹിത്യത്തിന്റെയും സുവിശേഷം മൂന്ന് ദശാബ്ദക്കാലം പ്രസംഗിച്ചതിനുശേഷവും ഭ്രാന്തനായ മനുഷ്യന്‍ സ്ഥിരബുദ്ധിയുള്ള മനുഷ്യനായി മാറുകയല്ല, നേരെ മറിച്ചാണ് സംഭവിച്ചത് എന്നതിനു എന്താണ് കാരണം? ഈ ചോദ്യം അദ്ദേഹത്തെ അത്യധികം അമ്പരപ്പിച്ചു. അതുകൊണ്ട് ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുക എന്നതില്‍ കവിഞ്ഞ് യാതൊന്നും ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഗാന്ധിജിയുടെ മാഹാത്മ്യത്തിന്റെ പരിമിതി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തിന്റെ കാഴ്ച്ച ബൂര്‍ഷ്വാസിയുടെ ലോകവീക്ഷണം കൊണ്ട് പരിമിതമാക്കപ്പെട്ടിരുന്നതിനാല്‍, സമുദായിക ബന്ധങ്ങള്‍ വഷളായിത്തീര്‍ന്നതും, അധികാരക്കൈമാറ്റത്തിനു തൊട്ടുമുമ്പും അതിനു ശേഷവും ആയി കോണ്‍ഗ്രസ്സ് അധഃപതിച്ചതും യാദൃഛികമല്ലെന്നും സാമൂഹിക വികസനത്തിന്റെ ചില നിയമങ്ങളുടെ പ്രവര്‍ത്തന ഫലമാണെന്നും കാണാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഇതുകാണാന്‍ സാധിച്ചിരുന്നെങ്കില്‍ ഹിന്ദു മുസ്‌ലിം സംഘട്ടനങ്ങള്‍ ഉണ്ടാകുന്നത് സാധാരണക്കാരായ ഹിന്ദുക്കളിലും മുസ്‌ലിംകളിലും ഒളിഞ്ഞുകിടക്കുന്ന എന്തോ തകരാറുകൊണ്ടല്ലെന്നും അവരെ തമ്മിലടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന വ്യക്തമായ ചില സാമൂഹിക ശക്തികള്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണെന്നും അദ്ദേഹം മനസ്സിലാക്കുമായിരുന്നു. എങ്കില്‍ ഹിന്ദു-മുസ്‌ലിം ബഹുജനങ്ങളുടെ വിധി ദൈവത്തിനു വിട്ടുകൊടുക്കാന്‍ തീരുമാനിക്കാതെ കലാപങ്ങള്‍ കുത്തിപ്പൊക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സാമൂഹിക ശക്തികള്‍ക്കെതിരായി അദ്ദേഹം പോരാടുമായിരുന്നു'' (ഗാന്ധിയും ഗാന്ധിസവും, അധ്യായം 12, പേജ് 156, 157). അത്രയും നന്ന്. എന്നാല്‍ ബൂര്‍ഷ്വാസിയുടെ ലോകവീക്ഷണംകൊണ്ട് പരിമിതമാക്കപ്പെടാത്ത ഒരു പ്രത്യയശാസ്ത്രവും പ്രസ്ഥാനവും, വര്‍ഗതാല്‍പ്പര്യങ്ങള്‍ക്കതീതമയി എന്നും നിലകൊ(ള്ളേ)ണ്ട അതിന്റെ നേതൃത്വവും, സാമുദായികതയും അഴിമതിയും വര്‍ഗീയതതയുമടക്കമുള്ള സകല സാമൂഹിക തിന്മകളും കൂടുതല്‍ സങ്കീര്‍ണവും രൂക്ഷമായ പുതിയ കാലഘട്ടത്തില്‍ അവയുടെ യഥാര്‍ഥ കാരണങ്ങള്‍ കാണാതെ പോകുന്നതിന്റെയും, മൂലകാരണമായ മുതലാളിത്തത്തോട് നിരന്തരം രാജിയാവേണ്ടിവരുന്നതിന്റെയും പ്രത്യയശാസ്ത്ര രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി സത്യസന്ധമായി വിശകലനം ചെയ്യപ്പെടേണ്ടതായി വന്നിരിക്കുന്നു.

എന്തായാലും ദരിദ്രരും അടിച്ചമര്‍ത്തപ്പെടുന്നവരുമായ ജനങ്ങളുടെ വിമോചനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച രണ്ട് യഥാര്‍ഥ വിപ്ലവകാരികള്‍ എന്ന നിലയില്‍ കാള്‍ മാര്‍ക്‌സിനും കരംചന്ദ് ഗാന്ധിക്കുമിടയിലുള്ള സമാനതകള്‍ എടുത്തു പറയപ്പെടേണ്ടതാണ്. ഗാന്ധിജിയെപ്പോലെ മാര്‍ക്‌സും അന്യവല്‍ക്കരണത്തെയാണ് സാമൂഹിക തിന്മകളുടെയെല്ലാം മൂലകാരണമായി കണ്ടത്. എല്ലാറ്റിനുമുപരി മനുഷ്യനിലുള്ള അടിയുറച്ച വിശ്വാസം തന്നെയായായിരുന്നു ഇരുദര്‍ശനങ്ങളുടെയും ചാലക ശക്തിയും. എന്നാല്‍ പുസ്തകക്കൂമ്പാരങ്ങള്‍ക്കിടയിലിരുന്നുകൊണ്ട് അഗാധമായ പാണ്ഡിത്യത്തിന്റെയും കൊടിയ ദാരിദ്ര്യത്തിന്റെയും സ്വാനുഭവതലത്തില്‍ മനുഷ്യരാശിയുടെ വേദനകളെ സ്വാംശീകരിച്ച കാള്‍ മാര്‍ക്‌സ് മനുഷ്യനെന്ന പ്രതിഭാസത്തെക്കുറിച്ച് പുലര്‍ത്തിയ യാഥാര്‍ഥ്യബോധം പോലും സധാരണക്കാര്‍ക്കിടയിലേക്ക് അക്ഷരാര്‍ഥത്തില്‍ ഇറങ്ങിച്ചെന്ന് അവരെ നേരിട്ടറിഞ്ഞ് അവര്‍ക്കിടയില്‍ ജീവിച്ച ഗാന്ധിജിക്കില്ലാതെ പോയി എന്നത്, പ്രായോഗികമതിയായ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ കഴിവു തെളിയിച്ച വ്യക്തി എന്ന സവിശേഷ സാഹചര്യത്തില്‍ പ്രത്യേകിച്ചും, ഇ.എം.എസ് നിരീക്ഷിക്കുന്നതുപോലെ, അദ്ദേഹത്തെ നയിച്ച സാമൂഹിക വീക്ഷണത്തിന്റെയും ജീവിതദര്‍ശനത്തിന്റെയും പോരായ്മയായി മാത്രമേ വിലയിരുത്തുവാനാകൂ. എന്നാല്‍ സകല സൈദ്ധാന്തിക വിശകലനങ്ങള്‍ക്കുമപ്പുറം മനുഷ്യസ്വരൂപത്തെ സമഗ്രമായി തിരിച്ചറിയുന്നതില്‍ ഇരു ദര്‍ശനങ്ങള്‍ക്കും കഴിയാതെ പോയി എന്ന യാഥാര്‍ഥ്യം വളരെ വൈകാതെ തന്നെ ചരിത്രം വെളിച്ചത്തുകൊണ്ടുവരികയും ചെയ്തു. അതില്‍ ഏത് പ്രായോഗിക തലത്തില്‍ മനുഷ്യരോട് കൂടുതല്‍ മനുഷ്യത്വപരമായി നിലകൊണ്ടു എന്നതും അതെന്തുകൊണ്ട് എന്നതും വിശകലന വിധേയമാക്കപ്പെടേണ്ടതുണ്ട്.

പരിമിതികള്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സാമാന്യജനത്തെ പോരാട്ട വീഥിയിലേക്ക് കൊണ്ടുവരുന്നതില്‍ അഭൂതപൂര്‍വമായി വിജയിച്ച ഗാന്ധിയന്‍ സമരമാര്‍ഗത്തിന്റെ വിപ്ലവാത്മക വശത്തെ അംഗീകരിക്കുമ്പോള്‍തന്നെ, അതിനു പല പരിമിതികളും ഉണ്ടായിരുന്നതായി പ്രശസ്ത ചരിത്രകാരനായ ബിപിന്‍ ചന്ദ്ര (ദേശീയത്വവും സാമ്രാജ്യത്വവും ആധുനിക ഇന്ത്യയില്‍) രേഖപ്പെടുത്തുന്നുണ്ട്.'ഇന്ത്യന്‍ ജനതയിലെ ഭൂരിഭാഗം വരുന്ന ദരിദ്ര കര്‍ഷകരേയും കര്‍ഷകത്തൊഴിലാളികളെയും രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവരുന്നതിന്റെ നാലണ അംഗത്വത്തിനപ്പുറം ജനങ്ങളെ രാഷ്ട്രീയമായി സംഘടിപ്പിക്കുന്നതിനോ, രാഷ്ട്രീയപ്രവര്‍ത്തനം വളരെ കണിശമായി മുകളില്‍ നിന്നു നിയന്ത്രിക്കപ്പെട്ട ഒന്നായിരുന്നതിനാല്‍ ഒരു സ്വതന്ത്ര രഷ്ട്രീയശക്തി എന്ന നിലയില്‍ ജനശക്തിയെ പരിവര്‍ത്തിപ്പിക്കുന്നതിനോ, സമരത്തിനു നേതൃത്വം നല്‍കിയിരുന്ന ബുദ്ധിജീവികളും ജനങ്ങളും തമ്മിലുള്ള വിടവ് നികത്തുന്നതിനോ ഗാന്ധിജിയുടെ നേതൃത്വത്തിനു കഴിഞ്ഞില്ല എന്നീ കാര്യങ്ങളാണ് ഗാന്ധിയന്‍ സമരത്തിന്റെ പ്രധാന ദൗര്‍ബല്യങ്ങളായി ബിപിന്‍ചന്ദ്ര എടുത്തു പറയുന്നത്. സമരത്തിന്റെ പരിണതിയോ ഗതിയോ നിയന്ത്രിക്കാന്‍ തക്കതായ ഒരു തന്ത്രത്തിന്റെ അല്ലെങ്കില്‍ ദിശയുടെ പൂര്‍ണ അഭാവത്തില്‍ അല്ലെങ്കില്‍ രാഷ്ട്രീയ പ്രക്രിയയില്‍ ജനങ്ങളുടെ തീര്‍ത്തും പരിമിതമായ കീഴ്‌പ്പെടുന്ന പങ്കിലാണ് ഈ ദൗര്‍ബല്യം ഇരിക്കുന്നതെന്നും അദ്ദേഹം അതിന്റെ കാരണമായി വിശദീകരിക്കുന്നു. പോലീസ്, സര്‍ക്കാര്‍ ഓഫീസുകള്‍ ആശുപത്രികള്‍, കോടതികള്‍, കോളേജുകള്‍, പട്ടാളം, സ്‌കൂള്‍ തുടങ്ങി ആധുനികമായ സകല സംവിധാനങ്ങളെയും നിരാകരിച്ചുകൊണ്ട് നിലവിലുള്ള വ്യവസ്ഥിതിക്കെതിരേയും സര്‍ക്കാരിനെതിരേയും സമരത്തിലേര്‍പ്പെടുമ്പോഴും, പുതിയ അധികാരം കൈയാളുന്നതിനാവശ്യമായ ശക്തിതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുവാനോ ഒരു ബദല്‍ സാമൂഹിക സംവിധാനമോ പ്രാഥമികമായ ഒരധികാര സംവിധാനം പോലുമോ സൃഷ്ടിക്കുവാനോ ഗാന്ധിസത്തിന് കഴിയുന്നില്ല എന്ന വിമര്‍ശനവും ബിപിന്‍ ചന്ദ്ര ഉയര്‍ത്തുന്നുണ്ട്. ഇന്ത്യയില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അധികാരികളായി അവരുടെ ഭാഗധേയം നിശ്ചയിക്കാന്‍ ഊറ്റമുള്ളവരായിരുന്നുവെങ്കില്‍ ഇന്ത്യയുടെ കാലികാവസ്ഥ തീര്‍ത്തും വ്യത്യസ്തമാകുമായിരുന്നു എന്നത് തര്‍ക്കമറ്റതാണ് എന്നു സമ്മതിച്ചു കൊണ്ട് 'ഗാന്ധിയന്‍ സമരങ്ങള്‍ ഇന്ത്യന്‍ ജനതയിലെ കര്‍ഷക ബഹുഭൂരിപക്ഷത്തെ സമരമുഖത്തേക്ക് കൊണ്ട് വന്ന് സജീവ പങ്കാളികളാക്കുന്നതില്‍ വിജയിച്ചില്ല എന്ന ബിപിന്‍ചന്ദ്രയുടെ വാദങ്ങള്‍ പുതിയ കാലത്തില്‍ ആഴമേറിയ ഗവേഷണ പഠനങ്ങള്‍ക്ക് വിധേയമാക്കപ്പെടേണ്ടതാണ് എന്ന അഭിപ്രായമാണ് ബിപിന്‍ചന്ദ്രയുടെ വിമര്‍ശനങ്ങളോട് വലിയൊരു പരിധിവരെ യോജിച്ചുകൊണ്ട് പ്രമുഖ ഗാന്ധിയന്‍ ബുദ്ധിജീവിയായ ഡോ. കെ. അരവിന്ദാക്ഷന്‍ പ്രകടിപ്പിക്കുന്നത് (ഗാന്ധിയുടെ ജീവിതദര്‍ശനം, അധ്യായം അഞ്ച്, പേജ്:175).

എന്നാല്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവാതെ പോയ ഒരു സാമൂഹ വിപ്ലവദര്‍ശനം എന്ന നിലയില്‍ ഗാന്ധിസത്തിന്റെയും അതിന്റെ രീതിശാസ്ത്രത്തിന്റെയും പരിമിതികളും പോരായ്മകളും എന്തൊക്കെയായിരുന്നാലും അധികാരവും അഴിമതിയും ഭരണകൂടഭീകരതയുമെല്ലാം ആഗോളവല്‍ക്കരിക്കപ്പെട്ട ഒരു കാലഘട്ടത്തില്‍ സകല തിന്മകളും ഒന്നു ചേര്‍ന്ന് ഭീകര രൂപംപൂണ്ട അധികാര സ്വത്വത്തിനു മുന്നില്‍ നിസ്സഹായരായിപ്പോകുന്ന സാധാരണ ജനങ്ങള്‍ക്ക് തങ്ങളോട് ഒരു കൂറുമില്ലാത്ത ഭരണകൂടങ്ങളെയൊന്നാകെ നിഷ്പ്രഭമാക്കുവാന്‍ പ്രാപ്തമാക്കുന്നതും, പതിറ്റാണ്ടുകളായി വേരുറച്ച ഏകാധിപത്യ വടവൃക്ഷങ്ങളെപ്പോലും ആധുനികവും ശാസ്ത്രീയവുമായി' മറിച്ചിടുവാന്‍ പര്യാപ്തമാക്കുന്നതും, ലോകത്തിലെ എത്രശക്തമായ സൈനികശക്തിയേയും നിര്‍വീര്യമാക്കുവാന്‍ പോന്നതുമായ ഏറ്റവും ഫലപ്രദമായ ആയുധമെന്ന നിലയില്‍ ഗാന്ധിയന്‍ സമരമുറകളുടെ പ്രായോഗികതയും പ്രത്യയശാസ്ത്രവും ശക്തി ദൗര്‍ബല്യങ്ങളുമെല്ലാം പഠനവിധേയമാക്കുക എന്നത് സാമൂഹിക പ്രതിബദ്ധതയുള്ള ജനകീയ പ്രസ്ഥാനങ്ങളുടെ ചരിത്രപരമായ ദൗത്യമാണ്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /18-23
എ.വൈ.ആര്‍