Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 03

സ്വാമിയുടെ മലക്കം മറിച്ചില്‍

         രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ല. മിത്രങ്ങളുമില്ല. ഉടുപ്പു മാറുന്ന ലാഘവത്തോടെ ആളുകള്‍ പാര്‍ട്ടി മാറുന്നു. അതേ ലാഘവത്തോടെ പാര്‍ട്ടികള്‍ മുന്നണി മാറുന്നു. ഇന്നലെ വരെ സിന്ദാബാദ് വിളിച്ച പാര്‍ട്ടിക്കും മുന്നണിക്കും ഇന്ന് മുര്‍ദാബാദ് വിളിക്കുന്നു. ഇന്നലെ മുര്‍ദാബാദ് വിളിച്ചവര്‍ക്ക് ഇന്ന് സിന്ദാബാദും. പാര്‍ട്ടികളും മുന്നണികളും മാറിക്കൊണ്ടിരിക്കുന്നതിനര്‍ഥം വീക്ഷണങ്ങളും നിലപാടുകളും മാറിക്കൊണ്ടിരിക്കുന്നു എന്നാണ്. കേരളത്തില്‍ പരസ്പരം കഴുത്തറുത്ത് മത്സരിക്കുന്ന പാര്‍ട്ടികളാണ് സി.പി.എമ്മും ബി.ജെ.പിയും. ബി.ജെ.പിയിലെ ഒരുപറ്റം നമോ വിചാര്‍ മഞ്ചുകാര്‍ ഒരു സുപ്രഭാതത്തില്‍ സി.പി.എമ്മിലെത്തുന്നു. സി.പി.എം നേതാക്കള്‍ അവരെ ചുവപ്പ് ഹാരമണിയിച്ചു സ്വാഗതം ചെയ്യുന്നു. ഇടതു മുന്നണിയില്‍ നിന്ന് വലതു മുന്നണിയിലേക്കുള്ള ആര്‍.എസ്.പിയുടെ മാറ്റവും നാം കണ്ടതാണ്. സുസ്ഥിരവും ആദര്‍ശപരവുമായ വീക്ഷണങ്ങളും നിലപാടുകളും ആര്‍ക്കുമില്ല. ഉള്ളത് വ്യക്തികളുടെയും പാര്‍ട്ടികളുടെയും അധികാര താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ബദ്ധപ്പാട് മാത്രമാണ്.

ഇതിപ്പോള്‍ ഓര്‍ക്കാന്‍ കാരണം, ബി.ജെ.പിയുടെ അഭിനവ നേതാവ് സുബ്രഹ്മണ്യ സ്വാമി ഈയിടെ ബാബരി മസ്ജിദ് വിഷയത്തില്‍ ഉന്നയിച്ച ഒരു നിര്‍ദേശമാണ്. നാലു പതിറ്റാണ്ടിലേറെ കാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് സ്വാമി. ജനസംഘത്തിലൂടെയായിരുന്നു അരങ്ങേറ്റം. ജനതാ പാര്‍ട്ടി രൂപീകൃതമായപ്പോള്‍ അതില്‍ ചേര്‍ന്നു. ബാബരി മസ്ജിദ് പ്രശ്‌നം ഉയര്‍ന്നു വന്നപ്പോള്‍ മുസ്‌ലിംകള്‍ക്ക് ഉറച്ച പിന്തുണ നല്‍കിയ അദ്ദേഹം സംഘ്പരിവാറിന്റെ ബദ്ധവൈരിയായിരുന്നു. ബാബരി മസ്ജിദ് നിയമപരമായും ഭരണഘടനാപരമായും മുസ്‌ലിം പള്ളിയാണെന്നും അതു ക്ഷേത്രം തകര്‍ത്തു നിര്‍മിക്കപ്പെട്ടതല്ലെന്നും ശക്തിയുക്തം വാദിച്ചു. ബി.ജെ.പിയെയും അദ്ദേഹം രൂക്ഷമായി എതിര്‍ത്തു. അതൊക്കെ അന്തകാലം. തന്റെ രാഷ്ട്രീയ ഭാവി കൂടുതല്‍ ശോഭനമാക്കുക ഹിന്ദു വര്‍ഗീയതയാണെന്ന് പിന്നീടദ്ദേഹം കണ്ടു. കടുത്ത മുസ്‌ലിംവിരുദ്ധ നിലപാടുകളുമായിട്ടാണ് തുടര്‍ന്ന് മാധ്യമങ്ങളില്‍ തിളങ്ങിയത്. വര്‍ഗീയ വിദ്വേഷവും അസഹിഷ്ണുതയും വമിക്കുന്ന പ്രസ്താവനകളും ലേഖനങ്ങളും സ്വാമിയുടേതായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. കേരള ഗവണ്‍മെന്റ് ഒരു പലിശരഹിത ധനകാര്യ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടപ്പോള്‍ അത് മതേതര വിരുദ്ധമായ ഇസ്‌ലാമിക് ബാങ്കാണെന്നു വാദിച്ചുകൊണ്ട് കോടതി കയറുക വരെയുണ്ടായി. ഇന്നദ്ദേഹം ബി.ജെ.പി നേതാവാണ്. സുബ്രഹ്മണ്യ സ്വാമിയുടെ അസ്ഥിരവും അവസരവാദപരവുമായ നിലപാടുകള്‍ക്കൊരു മികച്ച ഉദാഹരണമാണ് ബാബരി പ്രശ്‌നത്തിന് അദ്ദേഹം ഉന്നയിച്ച പുതിയ പരിഹാര നിര്‍ദേശം. മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്മേലുള്ള അവകാശവാദം മുസ്‌ലിംകള്‍ കൈയൊഴിയണം. തല്‍സ്ഥാനത്ത് മഹത്തായ രാമക്ഷേത്രം ഉയരാനനുവദിക്കുക. അവരുടെ മസ്ജിദ് സരയൂ നദിയുടെ മറുകരയിലെവിടെയെങ്കിലും പണിയാം. സര്‍ക്കാര്‍ അതിനു ഫണ്ട് നല്‍കട്ടെ. ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലുമുള്ള മുസ്‌ലിം ഉലമകളുടെ ഒരു സമ്മേളനം വിളിച്ചു കൂട്ടി ഈ നിര്‍ദേശത്തിന് അവരുടെ പിന്തുണ തേടണം. മുസ്‌ലിം ഉലമകള്‍ അതിനു തയാറാകുന്നില്ലെങ്കില്‍ പാര്‍ലമെന്റില്‍ ഒരു ബില്ലായി അവതരിപ്പിച്ച് നിര്‍ദേശത്തിന് നിയമസാധുത നേടാം. അങ്ങനെ ബി.ജെ.പി അതിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റണം. രാമക്ഷേത്ര 'പുനര്‍നിര്‍മാണ'ത്തിന് സോമനാഥക്ഷേത്ര കമ്മിറ്റി പോലൊരു കമ്മിറ്റി രൂപീകരിക്കണം. ഈ പദ്ധതി ഇരു കക്ഷികള്‍ക്കും തൃപ്തികരമായ രീതിയില്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസുമാരിലൊരാളുടെ സേവനം ലഭ്യമാക്കണമെന്നും സ്വാമി ആവശ്യപ്പെട്ടിരിക്കുന്നു. സ്വാമി ഈ നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രേഖാമൂലം സമര്‍പ്പിച്ചതായാണ് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ റിപ്പോര്‍ട്ട്.

ബാബരി മസ്ജിദിന്റെ യാഥാര്‍ഥ്യവും രാമക്ഷേത്ര നശീകരണവാദത്തിന്റെ പൊള്ളത്തരവും തുറന്നു കാട്ടിക്കൊണ്ട് പണ്ട് നടത്തിയ പ്രസ്താവനകളും പ്രഭാഷണങ്ങളും സുബ്രഹ്മണ്യ സ്വാമി ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ? മറ്റാരെങ്കിലുമായിരുന്നുവെങ്കില്‍ അതൊക്കെ മറന്നുപോയിരിക്കുമെന്ന് കരുതാമായിരുന്നു. പക്ഷേ, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതിബുദ്ധിയും മികച്ച ഓര്‍മശക്തിയുമുള്ള നേതാവാണ് സ്വാമി. ഏതു പ്രശ്‌നത്തിന്റെയും നാരായ വേരിലേക്കിറങ്ങി ചെല്ലാന്‍ അദ്ദേഹത്തിന് അസാമാന്യമായ പാടവമുണ്ട്. നന്നെ ചുരുങ്ങിയത് 1987-ല്‍ ബാബരി മസ്ജിദ് സംരക്ഷണ സമിതി സംഘടിപ്പിച്ച പ്രത്യേക യോഗത്തില്‍, ബാബരി മസ്ജിദ് നിയമപരമായും ഭരണഘടനാപരമായും നിലനിര്‍ത്തപ്പെടേണ്ടതാണെന്നും തല്‍സ്ഥാനത്ത് ക്ഷേത്രം പണിയുന്നത് അക്രമവും അനീതിയുമാണെന്നും അനിഷേധ്യമായ തെളിവുകളും ന്യായങ്ങളും ഉദ്ധരിച്ചുകൊണ്ട് താന്‍ നടത്തിയ ഉജ്ജ്വലമായ പ്രഭാഷണമെങ്കിലും അദ്ദേഹം ഓര്‍ക്കേണ്ടതാണ്. ദല്‍ഹിയിലെ ഈവാനെഗാലിബില്‍ നടന്ന ഈ യോഗത്തില്‍ സ്വാമിക്ക് പുറമെ സ്വാമി അക്ഷയ് ബ്രഹ്മചാരി, പണ്ഡിറ്റ് വിശ്വംഭരനാഥ് പാണ്ഡേ, പ്രഫ. ഷേന്‍ സിംഗ്, അഡ്വ. ആര്‍.കെ ഗരഗ് തുടങ്ങിയ പ്രമുഖ ഹൈന്ദവ വിദ്വാന്മാരും ധിഷണാ ശാലികളും പങ്കെടുത്തിരുന്നു. ഒരു സാധാരണ മനുഷ്യനായിരുന്നുവെങ്കില്‍ സുബ്രഹ്മണ്യ സ്വാമിയോട് നമുക്ക് ചോദിക്കാമായിരുന്നു. 1980-കളില്‍ സയ്യിദ് ശഹാബുദ്ദീന്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം നേതാക്കളോടൊത്ത് നീണ്ട വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചപ്പോള്‍ ബാബരി മസ്ജിദ് ശര്‍ഇ രീതിയില്‍ നിയമാനുസൃതം നിര്‍മിതമായ മുസ്‌ലിം പള്ളിയല്ലെന്നും ഹിന്ദു ക്ഷേത്രം തകര്‍ത്ത് സ്ഥാപിച്ച കെട്ടിടമാണെന്നും മനസ്സിലാക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ലേ? സുബ്രഹ്മണ്യ സ്വാമിയോടായതുകൊണ്ട് ഈ ചോദ്യത്തിനു പ്രസക്തിയില്ല. അന്ന് സ്വാര്‍ഥ ലാഭത്തിനു സെക്യുലര്‍ മുഖംമൂടിയാണ് നല്ലതെന്നു തോന്നി, അതണിഞ്ഞു. ഇന്ന് ഹിന്ദുത്വ മുഖംമൂടിയാണ് നല്ലതെന്നു തോന്നുന്നു. അതണിയുന്നു. അത്രതന്നെ. പക്ഷേ, മുസ്‌ലിംകളുടെ നിലപാട് അന്നും ഇന്നും ഒന്നാണ്. അന്ന് സ്വാമി പറഞ്ഞതുപോലെ, ബാബരി മസ്ജിദ് ചരിത്രപരമായും ശര്‍ഇയായും നീതിന്യായ വ്യവസ്ഥയനുസരിച്ചും നിര്‍മിതമായ മുസ്‌ലിം പള്ളിയല്ലെന്നും ഹൈന്ദവ ക്ഷേത്രം തകര്‍ത്ത് അന്യായമായി നിര്‍മിക്കപ്പെട്ട കെട്ടിടമാണെന്നും സ്ഥിരപ്പെടുത്തുകയാണെങ്കില്‍ മുസ്‌ലിംകള്‍ ആ കെട്ടിടം തികഞ്ഞ തൃപ്തിയോടെ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാം. അതിനു പകരമായി സര്‍ക്കാര്‍ ചെലവിലുള്ള പള്ളിയൊന്നും മുസ്‌ലിംകള്‍ക്ക് വേണ്ട. കാരണം അത്തരം പള്ളികളില്‍ ശര്‍ഇയായി നമസ്‌കാരം അനുവദനീയമാവുകയില്ല. 


Comments

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /18-23
എ.വൈ.ആര്‍