സ്ത്രീഹൃദയം കീഴടക്കാന്‍ <br>ആറ് മാര്‍ഗങ്ങള്‍
പുരുഷഹൃദയം കീഴടക്കാനുള്ള ആറ് മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച കഴിഞ്ഞ ലേഖനത്തിന് വന്‍ സ്വീകാരമാണ് ലഭിച്ചത് എന്ന് സന്തോഷപൂര്‍വം സൂചിപ്പിക്കട്ടെ. നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് സമീപനങ്ങള്‍ കൈക്കൊണ്ട സ്ത്രീകള്‍, അവയത്രയും തങ്ങള്‍ക്കേറെ പ്രയോജനപ്പെട്ടുവെന്നും അതിന്റെ സദ്ഫലങ്ങള്‍ കുടുംബാന്തരീക്ഷത്തില്‍ ദൃശ്യമായിത്തുടങ്ങിയെന്നും അറിയിച്ചത് എന്നെ ഏറെ സന്തോഷവാനാക്കി. സ്ത്രീഹൃദയം കവരാനും അവരുടെ മനസ്സില്‍ ഇടം നേടാനും പുരുഷന്മാര്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഇരു വിഭാഗത്തോടും നീതി പുലര്‍ത്താന്‍ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു.
ഒന്ന്, നിങ്ങള്‍ ഒരു നല്ല കേള്‍വിക്കാരനാവണം. സ്ത്രീക്ക് സംസാരമെന്നാല്‍ വളരെ പ്രധാനപ്പെട്ട സംഗതിയാണ്. വര്‍ത്തമാനം ഇഷ്ടപ്പെടുന്നതാണ് അവളുടെ പ്രകൃതി. സംസാരം അവരുടെ വികാരങ്ങളെ ഉണര്‍ത്തുകയും ഭാവനകളെ ഉജ്ജീവിപ്പിക്കുകയും അവര്‍ക്ക് മനഃസമാധാനവും സ്വസ്ഥതയും പ്രദാനം ചെയ്യുമെന്നുമറിയണം. അവളെ കേള്‍ക്കുകയും അവളുടെ സംസാരത്തോട് സചേതനമായി പ്രതികരിക്കുകയും ചെയ്യുന്ന ഒരാളെ കിട്ടിയാല്‍ അവള്‍ സന്തോഷവതിയായി. അയാള്‍ അവളുടെ അഭിപ്രായങ്ങളെ പിന്തുണച്ചിട്ടില്ലെങ്കില്‍ പോലും ഈ സന്തോഷത്തിന് ഒരു കുറവും ഉണ്ടാവുകയില്ല. അവള്‍ പറയുന്ന കാര്യങ്ങളോടും അവളുടെ അഭിപ്രായങ്ങളോടും ചേര്‍ന്ന് നിന്ന് സംസാരിക്കുകയും അവളുടെ നിലപാടുകളെ ശരിവെക്കുകയും ചെയ്യുന്ന ആളാണ് മറുപക്ഷത്തെങ്കില്‍ അവള്‍ ഏറെ ആഹ്ലാദവതിയായി. സംസാരമധ്യേ അലിവോടും കരുണയോടും അനുഭാവത്തോടും കൂടി അയാള്‍ തന്റെ മനസ്സ് തുറന്നെന്നിരിക്കട്ടെ, ഒരു സാമ്രാജ്യം വെട്ടിപ്പിടിച്ച അഭിമാനബോധം ആ മുഖത്ത് അങ്കുരിക്കും.
രണ്ട്, നിനച്ചിരിക്കാതെ നല്‍കുന്ന ആഹ്ലാദങ്ങള്‍. നിനച്ചിരിക്കാത്ത വേളയില്‍ കിട്ടുന്ന ആഹ്ലാദങ്ങള്‍ക്ക് സ്ത്രീ ലോകത്ത് വന്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയും. വിവാഹ വാര്‍ഷികത്തിലോ പ്രസവ ശേഷമോ കുട്ടികളുടെ പരീക്ഷയിലെ വിജയം പ്രമാണിച്ചോ അവള്‍ക്ക് നിങ്ങള്‍ ഉപഹാരമോ സമ്മാനമോ കൊടുത്തു നോക്കൂ. ഒട്ടും വിചാരിക്കാതെ കിട്ടുന്ന ആ സമ്മാനം ജീവിതത്തിലെ അമൂല്യ വസ്തുവായി അവള്‍ സൂക്ഷിച്ച് മരണം വരെ മങ്ങാത്ത ഓര്‍മയായി കൊണ്ടുനടക്കും. അതാണ് പെണ്‍ മനസ്സ്. ഈ ഉപഹാരങ്ങള്‍ക്ക് കേവലം ഒരു പദാര്‍ഥം എന്നതിലപ്പുറം വിശാലമായ ഒരു അര്‍ഥതലമുണ്ട്. അവളെ നിങ്ങള്‍ അംഗീകരിക്കുകയും ആദരിക്കുകയും അവളെ മാനിക്കുകയും ചെയ്യുന്നു എന്നതിന്റെ ജീവിക്കുന്ന ദൃഷ്ടാന്തമാണത്. തന്റെ കൂട്ടുകാരികളോടും സുഹൃത്തുക്കളോടും ഭര്‍ത്താവ് തന്ന സമ്മാനത്തെക്കുറിച്ച് ആയിരം നാവോടെ അവള്‍ സംസാരിക്കും. ലോകം മുഴുവന്‍ പെരുമ്പറയടിച്ച് അതവള്‍ കൊട്ടിഘോഷിക്കും. അതാണ് സ്ത്രീ ഹൃദയത്തിന്റെ നന്മ. നിങ്ങളുടെ ജീവിതത്തില്‍ അവള്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നു എന്ന് അവള്‍ക്ക് ബോധ്യപ്പെടുമ്പോള്‍ ആ ഹൃദയത്തില്‍ നിങ്ങള്‍ അനിഷേധ്യമായ സ്ഥാനം ഉറപ്പിച്ചു.
മൂന്ന്, അവളുടെ പ്രസക്തിയെയും പ്രാധാന്യത്തെയും കുറിച്ച് അവളെ ബോധവതിയാക്കണം. താന്‍ ഭര്‍ത്താവിന് ഏറെ പ്രിയപ്പെട്ടവളും ഏറ്റവും അടുത്തു നില്‍ക്കുന്നവളുമാണ് എന്ന തോന്നലാണ് ഒരു സ്ത്രീയെ സംബന്ധിച്ചേടത്തോളം മുഖ്യമായിട്ടുള്ളത്. പുരുഷന്റെ ജീവിതത്തില്‍ താന്‍ വളരെ വേണ്ടപ്പെട്ടവളാണെന്ന തോന്നലാണ് ഒരു സ്ത്രീക്ക് പ്രചോദനം നല്‍കുന്നത്. എന്ത് വിഷമങ്ങള്‍ സഹിക്കാനും ഭര്‍തൃപരിചരണത്തില്‍ ശ്രദ്ധ പതിപ്പിക്കാനും അവളെ പ്രാപ്തയാക്കുന്നത് ഭര്‍ത്താവിനെക്കുറിച്ച് ഈ വിശ്വാസമാണ്. ഇതിനാലാണ് സ്ത്രീ ഹൃദയം ഭര്‍ത്താവിന്റെ ചതിയെയും വഞ്ചനയെയും സഹിക്കാത്തത്. കാരണം വഞ്ചന അവളുടെ അസ്തിത്വത്തെയാണല്ലോ ചോദ്യം ചെയ്യുന്നത്. അവളുടെ സ്വഭാവം, വസ്ത്രധാരണം, ഗൃഹപരിപാലനം, സൗന്ദര്യബോധം ഇത്യാദി വിഷയങ്ങളെക്കുറിച്ച പ്രശംസ ഭര്‍ത്താവിന്റെ നാവില്‍ നിന്ന് കേള്‍ക്കാന്‍ അവളാഗ്രഹിക്കുന്നു. പ്രശംസാ വചനങ്ങളില്‍ പുളകിതരാവാത്തവരായി ആരാണുള്ളത്!
നാല്, അവളുടെ ജോലികളില്‍ അവളെ സഹായിക്കുക. പ്രസവിച്ചാല്‍ പിന്നെ സ്ത്രീയുടെ മുഖ്യ ശ്രദ്ധ മക്കളിലായിരിക്കും. ഗൃഹപരിപാലനത്തിലും മക്കളെ പരിചരിക്കുന്നതിലും ഒരു കൈ സഹായിക്കുന്ന ഭര്‍ത്താവിനെ ഭാര്യ നന്ദിപൂര്‍വം ഓര്‍ക്കും. അതായിരുന്നുവല്ലോ തിരുമേനിയുടെ രീതി. നബി(സ) വീട്ടുകാര്യങ്ങളില്‍ ഭാര്യമാരെ സഹായിക്കുകയും ഗൃഹജോലികളില്‍ പങ്കുവഹിക്കുകയും ചെയ്യുമായിരുന്നുവെന്ന് പത്‌നി ആഇശ(റ) ഓര്‍ക്കുന്നു. പുലര്‍ന്ന് രാവേറെ ചെല്ലുവോളം അടുക്കളയും ഗൃഹാന്തര്‍ഭാഗങ്ങളും തന്റെ ലോകമെന്ന് കരുതി വിയര്‍പ്പൊഴുക്കുന്ന ഭാര്യയുടെ അതുല്യ സേവനങ്ങളെ നിങ്ങള്‍ ആദരവോടെയും നന്ദിയോടെയും കടപ്പാടോടെയും നോക്കിക്കാണുന്നു എന്നതിന്റെ സൂചനയാണ് ചിലപ്പോഴൊക്കെ അവളെ സഹായിക്കാനുള്ള നിങ്ങളുടെ സന്നദ്ധതയെന്ന് അവള്‍ മനസ്സിലാക്കും.
അഞ്ച്, അവളുടെ ഉപദേഷ്ടാവ് ആവണം. തന്റെ ഹൃദയ വികാരങ്ങള്‍ ആരോടെങ്കിലും തുറന്നു പറഞ്ഞ് ഉപദേശം തേടുന്ന ഒരു പ്രകൃതി സ്ത്രീക്കുണ്ട്. തന്റെ കാഴ്ചപ്പാടുകള്‍ നൂറ് ശതമാനം ശരിയാണെന്ന് അവള്‍ക്ക് ബോധ്യമുണ്ടെങ്കിലും അവയെല്ലാം ശരിയായ തീരുമാനങ്ങളായിരുന്നു എന്ന് മറ്റൊരാള്‍ സാക്ഷ്യപ്പെടുത്തുന്നത് കേള്‍ക്കാന്‍ അവള്‍ ആഗ്രഹിക്കുന്നു. ഭാര്യ പറയുന്നത് സശ്രദ്ധം കേള്‍ക്കുകയും തന്റേതായി ചില നിര്‍ദേശങ്ങള്‍ അതിനോട് ചേര്‍ത്തു പറയുകയും ചെയ്താല്‍, ആ അഭിപ്രായങ്ങള്‍ അസ്വീകാര്യമാണെങ്കില്‍ കൂടി, ഈ സമീപനം അവളില്‍ സുരക്ഷിതത്വബോധം ഉളവാക്കും. പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടാകില്ലെങ്കിലും ഭര്‍ത്താവിന്റെ ശബ്ദം കേള്‍ക്കുന്നത് സ്ത്രീക്ക് മനഃസമാധാനം പകരും. പുരുഷന് ഒരുവേള ചില വര്‍ത്തമാനങ്ങളൊക്കെ നിരര്‍ഥകമായിത്തോന്നാമെങ്കിലും സ്ത്രീ മനസ്സ് അങ്ങനെയല്ല ചിന്തിക്കുന്നതെന്നോര്‍ക്കണം. പുരുഷന് നിസ്സാരമായി തോന്നുന്നത് സ്ത്രീക്ക് ഗുരുതര പ്രശ്‌നമായിരിക്കും.
ആറ്, അവളില്‍ സുരക്ഷിതത്വ ബോധം ഉളവാക്കണം. സ്വന്തം വീട്ടിലായാലും ഭര്‍തൃവീട്ടിലായാലും സുരക്ഷിതത്വ ബോധമാണ് സ്ത്രീക്ക് വേണ്ടത്. ശാരീരിക സുരക്ഷിതത്വത്തെക്കാള്‍ മുഖ്യം മാനസിക സുരക്ഷിതത്വമാണ്. രണ്ടും പ്രധാനം തന്നെ. പുരുഷന്റെ സമീപം സുരക്ഷിതത്വബോധത്തോടെ ജീവിക്കുന്ന സ്ത്രീ തനിക്ക് വിലപ്പെട്ടതെന്തും ത്യജിക്കാന്‍ സന്നദ്ധയായിരിക്കും. ശാരീരികവും മാനസികവും സാമ്പത്തികവുമായ സുരക്ഷിതത്വ ബോധം സ്ത്രീക്ക് ഇല്ലാതായാല്‍ അവള്‍ ആകെ അസ്വസ്ഥതയാവും, അസന്തുഷ്ടയാവും, പരിഭ്രമ ചിത്തയാകും. ഉത്കണ്ഠാകുലയാവും. ഏത് സന്ദര്‍ഭത്തിലും അവളുടെ കൂടെയാണ് നിങ്ങള്‍ എന്നു തോന്നല്‍ ഉളവാക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ ആ ഹൃദയത്തില്‍ നിങ്ങള്‍ക്ക് ഒന്നാം സ്ഥാനം ഉറപ്പ്.
വര്‍ഷങ്ങളായി ദാമ്പത്യ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്ന വ്യക്തി എന്ന നിലയില്‍ ഒരു കാര്യം ഞാന്‍ ഉറപ്പു പറയാം, ഈ ആറ് മാര്‍ഗങ്ങള്‍ സ്ത്രീഹൃദയത്തില്‍ സ്ഥാനമുറപ്പിക്കാന്‍ പുരുഷനെ സഹായിക്കുന്നുണ്ട്. സ്ത്രീയും, രക്തവും മാംസവും മജ്ജയും വികാരങ്ങളും വിചാരങ്ങളും പുഞ്ചിരിയും കണ്ണീരും എല്ലാമുള്ള ഒരു മനുഷ്യാസ്തിത്വമാണെന്നോര്‍ക്കണം. അവള്‍ക്കുമുണ്ട് അവളുടെ ആവശ്യങ്ങളും മുന്‍ഗണനകളും. തന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നവനാണ് തന്റെ ഭര്‍ത്താവെന്ന് അനുഭവങ്ങളിലൂടെ ഒരു സ്ത്രീക്ക് ബോധ്യം വന്നാല്‍, ആ ദാമ്പത്യ ബന്ധത്തോളം സുദൃഢമായ ഒരു ബന്ധമുണ്ടാവില്ല. ആ കുടുംബത്തോളം സന്തോഷമുള്ള ഒരു കുടുംബവും ഉണ്ടാവില്ല.
വിവ: പി.കെ ജമാല്‍
Comments