Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 03

ചോദ്യോത്തരം

മുജീബ്‌

മാധ്യമത്തിന്റേത് വിപരീത 
ഫലമുണ്ടാക്കുന്ന അജണ്ടകളോ?

''കേരളത്തിന്റെ മുഖ്യധാര മാധ്യമരംഗത്ത് ഇന്ന് മുസ്‌ലിം സാന്നിധ്യം ഇല്ല എന്ന് പറയുന്നതാണ് ശരി. അച്ചടി രംഗമെടുത്ത് പരിശോധിച്ചാല്‍ ഏതാനും പത്രങ്ങളുടെ പേര് പറയാന്‍ കഴിയുമെന്നതല്ലാതെ എല്ലാം ചെറിയ വൃത്തങ്ങളില്‍ പരിമിതമാണ്. കേരളത്തില്‍ പൊതുവായി വായിക്കപ്പെടുന്നതില്‍ മുസ്‌ലിം പത്രങ്ങള്‍ വിജയിച്ചിട്ടില്ല. ഉദാഹരണത്തിന് ചന്ദ്രിക ദിനപത്രത്തിന്റെ കാര്യം. മുസ്‌ലിം സമുദായത്തിലെ ചിലര്‍ വായിക്കുന്നുണ്ട് എന്നതല്ലാതെ മലയാളികള്‍ പൊതുവായി വായിക്കുന്നില്ല. മറ്റു മുസ്‌ലിം പത്രങ്ങളുടെ സ്ഥിതിയും ഇങ്ങനെത്തന്നെയാണ്. മാധ്യമം ദിനപത്രമാണ് ജനറലായി കുറച്ചെങ്കിലും വായിക്കപ്പെടുന്നത്. വര്‍ത്തമാനം തുടക്കത്തില്‍ പൊതുവായി വായിക്കപ്പെടാന്‍ തുടങ്ങിയെങ്കിലും പിന്നീടത് പിറകിലേക്ക് പോയി...

ഇതര പത്രങ്ങള്‍ സമുദായത്തിലെ ഭിന്നിപ്പ് വര്‍ധിപ്പിക്കാനാണ് അവരുടെ കോളങ്ങള്‍ ഉപയോഗിക്കുന്നത്. മാധ്യമം ദിനപത്രം സമുദായത്തിന്റെ സുഗമമായ വളര്‍ച്ചയില്‍ വിപരീത ഫലമുളവാക്കുന്ന അജണ്ടകളും പ്രവര്‍ത്തനങ്ങളുമാണ് ലക്ഷ്യമിടുന്നത്. മാധ്യമത്തിന്റെ പിറവിക്കു മുമ്പും ശേഷവുമുള്ള പല പ്രശ്‌നങ്ങളിലും മുസ്‌ലിം സമുദായത്തിന്റെ പ്രതികരണ സ്വഭാവം പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. മാധ്യമം രംഗത്തുവന്ന ശേഷം മുസ്‌ലിം സമുദായത്തിന്റെ അജണ്ട രൂപീകരിക്കുന്നത് അവരായി മാറിയിരിക്കുന്നു. ബൗദ്ധിക തലത്തില്‍ ക്രിയാത്മകമായി ചിന്തിച്ചിരുന്ന ഒരു സമുദായത്തില്‍ നിന്ന് പതിയെപ്പതിയെ ആ ശേഷി ചോര്‍ത്തിക്കളയുകയാണ് അത്. സമീപകാല അനുഭവങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. മുസ്‌ലിം സമുദായത്തെ പുറകോട്ട് കൊണ്ടുപോകുന്ന അജണ്ടകളാണ് മാധ്യമം സ്വീകരിക്കുന്നത്'' (ശബാബില്‍ എം.ഐ തങ്ങളുടെ നിരീക്ഷണം- 2014 സെപ്റ്റംബര്‍ 5). പ്രതികരണം? 

കെ. മുഹമ്മദ് കോയ കണ്ണന്‍കടവ് 

ഒരു പ്രത്യേക സമുദായത്തിന്റെയോ വിഭാഗത്തിന്റെയോ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലക്കൊള്ളുന്നതും അവരുടെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നതുമായ ഒരു മാധ്യമവും പൊതു സ്വീകാര്യത നേടാനുള്ള സാധ്യത വളരെ കുറവാണ്. മലയാളത്തില്‍ ദീപിക, ചന്ദ്രിക, ജന്മഭൂമി, സിറാജ്, ജയ് ഹിന്ദ്, അമൃത തുടങ്ങിയവ ഉദാഹരണം. മറിച്ച് നടത്തിപ്പുകാരിലധികവും പ്രത്യേക സമുദായത്തിലെ അംഗങ്ങളാണെങ്കിലും മാധ്യമത്തിന്റെ മുഖവും ഉള്ളടക്കവും പൊതു സ്വഭാവമുള്ളതാണെങ്കില്‍ സമൂഹത്തെ സ്വാധീനിക്കുകയും ചെയ്യും. മലയാള മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് മുതലായവ ഉദാഹരണം.

മലയാളത്തില്‍ ചന്ദ്രികയും സിറാജും ഉള്‍പ്പെടെ ഒന്നിലധികം മുസ്‌ലിം പത്രങ്ങള്‍ നിലവിലിരിക്കെ കൂടുതല്‍ മെച്ചപ്പെട്ടൊരു സാമുദായിക പത്രം എന്ന അവകാശവാദത്തോടെയല്ല 1987-ല്‍ മാധ്യമത്തിന്റെ രംഗപ്രവേശം. സ്ഥാപിച്ചത് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരുടെ ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റാണെങ്കിലും മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനം ലക്ഷ്യമാക്കി, വാര്‍ത്താ മാധ്യമങ്ങളില്‍ ഒരു വഴിത്തിരിവ് എന്നതായിരുന്നു മാധ്യമത്തിന്റെ പ്രഖ്യാപിത അജണ്ട. കാല്‍നൂറ്റാണ്ടിനു ശേഷം പത്രത്തെ വിലയിരുത്തുമ്പോള്‍ ഈ അജണ്ടയോട് മാധ്യമത്തിന് എത്രത്തോളം നീതി ചെയ്യാനായി എന്നാണ് പരിശോധിക്കപ്പെടേണ്ടത്. സാമാന്യം വസ്തുനിഷ്ഠമായി അത്തരമൊരു വിലയിരുത്തല്‍ നടത്തിയ മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളില്‍ നിന്ന്:

''സ്വാതന്ത്ര്യത്തിന് ശേഷം പ്രസിദ്ധീകരണം ആരംഭിച്ചു കേരളത്തില്‍ വേരുപിടിച്ച പ്രമുഖ ദിനപത്രമാണ് മാധ്യമം. മലയാള പത്രലോകത്ത് മാധ്യമത്തിനുള്ള ചരിത്രപരമായ ഒരു സ്ഥാനം ഇതുതന്നെയാണ്. മാധ്യമത്തിന് മൂന്നു വര്‍ഷം മുമ്പേ രംഗത്തെത്തിയ സിറാജ് നമ്മോടൊപ്പമുണ്ടെങ്കിലും സ്വന്തം സംഘടനാ സംവിധാനത്തിനപ്പുറത്തേക്ക് പത്രത്തിന്റെ പ്രചാരവലയം എത്തിക്കാന്‍ കഴിഞ്ഞോ എന്ന് സംശയമാണ്.

സ്വാതന്ത്ര്യാനന്തരം തുടങ്ങിയ മറ്റു പല പത്രങ്ങളും മണ്ണടിഞ്ഞപ്പോള്‍ മാധ്യമം വ്യത്യസ്തമായ ചരിത്ര രചന നടത്തി. മറ്റു പത്രങ്ങള്‍ കൊടുക്കാന്‍ മടിക്കുന്ന ചില വാര്‍ത്തകള്‍- അത് പ്രാദേശികമാവാം, ദേശീയമാകാം, രാജ്യാന്തരമാകാം- നന്നായി കൊടുക്കുന്നതിലുള്ള മിടുക്ക് മാധ്യമം ആദ്യകാലം മുതല്‍ കാണിച്ചു. അതിലൂടെ ഒരു വിഭാഗം വായനക്കാര്‍ക്കിടയില്‍ സ്വന്തം നിയോജകമണ്ഡലം എളുപ്പത്തില്‍ സ്ഥാപിച്ചെടുക്കാന്‍ മാധ്യമത്തിന് കഴിഞ്ഞു. 'ആട്, തേക്ക്, മാഞ്ചിയം' പരമ്പര പോലുള്ള തുറന്നെഴുത്തുകള്‍ സ്വീകാര്യത വര്‍ധിപ്പിച്ചു. പൊതുസമൂഹത്തില്‍ മൂന്നാമത് ഒരിടം തേടി നടന്നവര്‍ക്ക് മാധ്യമം അത് കൊടുത്തു. ഇടതുപക്ഷവും വലതുപക്ഷവും അല്ലാത്തതായ അസ്തിത്വം (അസ്തിത്വ രാഷ്ട്രീയം പിന്നെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് ഇടം എന്ന കുറേക്കൂടി വലിയ ക്യാന്‍വാസിലെത്തി. അതില്‍ ആരും വരും എന്നായി) തേടി നടന്നിരുന്നവര്‍ക്ക് മാധ്യമം അത് കൊടുത്തു. ഇടത്ത് നിന്ന് ഇടത്തോട്ടു പോയി എങ്ങുമെത്താത്തവരും വലത്ത് നിന്ന് വലത്തോട്ട് പോയി എങ്ങുമെത്താത്തവരും ഇടം കണ്ടത് മാധ്യമത്തിലായി.

സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവേശം കിട്ടാതെ മാറ്റിനിര്‍ത്തപ്പെടുകയോ മാറി നില്‍ക്കുകയോ ചെയ്തിരുന്ന ജനവിഭാഗങ്ങള്‍ക്കും സംഘടനകള്‍ക്കും വ്യക്തികള്‍ക്കും എഴുത്തുകാര്‍ക്കുമെല്ലാം മാധ്യമം ഇടം നല്‍കി. പരിസ്ഥിതി, ദലിത്, ന്യൂനപക്ഷം, മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ക്കും അവരുടെ പ്രശ്‌നങ്ങള്‍ക്കും പ്രാമുഖ്യം നല്‍കി... ഇരുപത്തഞ്ച് വര്‍ഷം- ഒരു പത്രത്തിന്റെ 9132 ദിനങ്ങള്‍. ഇതിലേറെയും മാധ്യമത്തിന് പ്രസന്ന പ്രഭാതങ്ങളായിരുന്നു'' (മാധ്യമം രജത ജൂബിലി പതിപ്പ് 2012 ജൂണ്‍ 27). 

ഇതാണ് പൊതുസമൂഹത്തിന്റെ മാധ്യമത്തെക്കുറിച്ച വിലയിരുത്തലിന്റെ മാതൃക. അതേയവസരത്തില്‍ രാജ്യത്തേറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളുടെ മാനുഷികവും ഭരണഘടനാപരവും നിയമാനുസൃതവുമായ പ്രശ്‌നങ്ങളുടെ പരിഹാരത്തിനും ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനും അതിനു നേരെ നടക്കുന്ന കടന്നാക്രമണങ്ങളുടെ പ്രതിരോധത്തിനും വേണ്ടി മാധ്യമം ധീരമായും ശക്തമായും ശബ്ദമുയര്‍ത്തിയിട്ടുണ്ട് എന്ന് സമുദായ സ്‌നേഹികള്‍ സമ്മതിക്കാതിരിക്കില്ല. ഭഗല്‍പൂര്‍ കലാപം, ബാബരി മസ്ജിദ് ധ്വംസനം, എന്‍.ഡി.എ സര്‍ക്കാറിന്റെ അരങ്ങേറ്റം, ഏക സിവില്‍കോഡ് വാദം, മുസ്‌ലിം യുവാക്കളെ കരിനിയമങ്ങളുപയോഗിച്ച് വേട്ടയാടല്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ സത്യസന്ധവും ആര്‍ജവത്തോടു കൂടിയതുമായ നിലപാടാണ് മാധ്യമം സ്വീകരിച്ചതെന്ന്, മറ്റു കാരണങ്ങളാല്‍ പത്രത്തോട് ഭിന്നാഭിപ്രായമുള്ളവര്‍ പോലും അംഗീകരിക്കാന്‍ നിര്‍ബന്ധിതരാണ്. എന്നാല്‍, സമുദായ പാര്‍ട്ടികളും സംഘടനകളും നേതാക്കളും പണ്ഡിതന്മാരും സ്വീകരിക്കുന്ന എല്ലാ നിലപാടുകളെയും അന്ധമായി പിന്തുണക്കാനോ അവരുടെ എല്ലാ ചെയ്തികളെയും വെള്ള പൂശാനോ തമസ്‌കരിക്കാനോ മാധ്യമം തയാറായിട്ടില്ലെന്നത് വാസ്തവമാണ്. അതായിരിക്കണം താനും സാമുദായിക രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായ എം.ഐ തങ്ങളെ അലോസരപ്പെടുത്തുന്നതും. അതേസമയം സമുദായം നേരിട്ട പൊതു പ്രശ്‌നങ്ങളിലും ഐക്യ ശ്രമങ്ങളിലും എക്കാലത്തും ക്രിയാത്മക സമീപനമാണ് മാധ്യമം സ്വീകരിച്ചതെന്ന പരമാര്‍ഥം അദ്ദേഹത്തിനും നിഷേധിക്കാനാവില്ല. 

നിലനില്‍പിന് 
വര്‍ഗീയ ധ്രുവീകരണം

'ന്യൂനപക്ഷ വോട്ടിനായി മഅ്ദനിയെപ്പോലുള്ള ദേശദ്രോഹികളെയും ഭീകരരെയും ഇരു മുന്നണികളും സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇടതു മുന്നണിയുടെ ഭരണത്തില്‍ മഅ്ദനിയെ മോചിപ്പിക്കാന്‍ നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി. ദേശദ്രോഹിയെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ അന്ന് പ്രമേയം പാസാക്കിയത്. യു.ഡി.എഫ് മുഖ്യമന്ത്രി തന്നെ ബാംഗ്ലൂരില്‍ പോയി മഅ്ദനിയുടെ സുഖമന്വേഷിക്കുന്ന അവസ്ഥയാണുള്ളത്. ഇരു മുന്നണികളും മഅ്ദനിയെ പോലുള്ളവരെ സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കുകയാണ്. മത ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഇവരുടേത്. ഇന്ത്യയില്‍ ഇത്രയും വര്‍ഗീയ പ്രീണനമുള്ള മുന്നണി സംവിധാനം വേറെയില്ലെന്ന് അമിത് ഷാ പറഞ്ഞു (തേജസ്, 2014 സെപ്റ്റംബര്‍ 2). പ്രതികരണം?

പി.വി.സി മുഹമ്മദ് പൊന്നാനി

അബ്ദുന്നാസിര്‍ മഅ്ദനിയെ പൈശാചികമായി കൊലപ്പെടുത്താന്‍ സംഘ്പരിവാര്‍ നടത്തിയ ശ്രമം പൂര്‍ണമായി വിജയിക്കാതെ പോയതുകൊണ്ടാണ് വികലാംഗനും രോഗിയുമായി തടവറയില്‍ കഴിയാനെങ്കിലും അദ്ദേഹം ജീവനോടെയിരിക്കുന്നത്. അവരുടെ ഈ കൃത്യം പക്ഷേ ഭീകരതയോ ദേശദ്രോഹമോ ഒന്നുമല്ല; പ്രശംസനീയമായ ദേശസേവനം മാത്രം! പിന്നീടദ്ദേഹത്തെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് ഒമ്പതര കൊല്ലം ജയിലിലിട്ട് പീഡിപ്പിച്ച ശേഷം വിചാരണക്കോടതി തീര്‍ത്തും നിരപരാധിയാണെന്ന് വിധിച്ചു വിട്ടയച്ച ശേഷവും ഫാഷിസ്റ്റുകളുടെ രോഷം തെല്ലും തണുത്തില്ല. ഈ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ ഹരജിയും മദ്രാസ് ഹൈക്കോടതിയില്‍ തള്ളുകയായിരുന്നു. മഅ്ദനിയാകട്ടെ തന്റെ നേരെ നടന്ന വധശ്രമക്കേസിലെ പ്രതികളോട് പോലും ക്ഷമിച്ചതിന്റെ പേരില്‍ ആ കേസ്സില്‍ പ്രതികള്‍ വിട്ടയക്കപ്പെടുകയാണുണ്ടായത്. പിന്നീടാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ ബംഗളുരു സ്‌ഫോടനക്കേസില്‍ അദ്ദേഹത്തെ തികച്ചും വ്യാജമായും അന്യായമായും പ്രതിചേര്‍ത്തു പരപ്പന അഗ്രഹാര ജയിലില്‍ പാര്‍പ്പിച്ചത്. വര്‍ഷങ്ങളായി നീണ്ടുപോവുന്ന വിചാരണക്കൊടുവില്‍ അദ്ദേഹം നിരപരാധിയാണെന്ന് കോടതി കണ്ടെത്തിയാലും രക്ഷയില്ലാത്ത സ്ഥിതിയാണുള്ളത്. കാരണം, മറ്റു സ്‌ഫോടനക്കേസുകളിലും അദ്ദേഹത്തെ പ്രതിചേര്‍ത്തിരിക്കുന്നു. ഇത്ര കടുത്ത പകയും വിദ്വേഷവും വെച്ചു പുലര്‍ത്തിയാലും പോരാ, മാനുഷിക പരിഗണന വെച്ച് അദ്ദേഹത്തിന് ചികിത്സക്കായി ജാമ്യമനുവദിക്കണമെന്നാവശ്യപ്പെട്ടാല്‍ അതുപോലും ന്യൂനപക്ഷ പ്രീണനത്തിന്റെ പരിധിയില്‍ വരുമെന്നാണ് സംഘ്പരിവാര്‍ ഭാഷ്യം. ഭൂരിപക്ഷ സമുദായത്തെ എത്രവേണമെങ്കിലും പ്രീണിപ്പിച്ചോളൂ, ന്യൂനപക്ഷങ്ങള്‍ക്ക് പച്ച വെള്ളം കൊടുക്കണമെന്ന് പോലും  ആരും ആവശ്യപ്പെട്ടു പോവരുത്! ഇവ്വിധം ഭീകരമായ വര്‍ഗീയ വിഷം വമിച്ചു ധ്രുവീകരണം സൃഷ്ടിച്ചാണ് നരേന്ദ്ര മോദിയെ അമിത് ഷാ കമ്പനി അധികാരത്തിലേറ്റിയത്. ഇനി ആ അധികാരം നിലനിര്‍ത്തണമെങ്കിലും അവര്‍ക്ക് തീവ്ര വര്‍ഗീയ വികാരങ്ങള്‍ ഉല്‍പാദിപ്പിച്ചേ തീരൂ. അതാണ് തിരുവനന്തപുരത്ത് ചെയ്ത അമിത് ഷായുടെ പ്രസംഗം തെളിയിക്കുന്നത്.

മറുവശമോ? സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയായ അമിത് ഷാ ഇതുവരെ കോടതിയില്‍ ഹാജരാവാന്‍ പോലും കൂട്ടാക്കിയിട്ടില്ല. വര്‍ഗീയ വിദ്വേഷവും സാമുദായിക വൈരവും സൃഷ്ടിക്കുന്ന പ്രസംഗം ചെയ്ത കേസിലും അമിത് ഷാ പ്രതിയാണ്. പക്ഷേ, നിയമവാഴ്ചയില്‍ വിശ്വാസമില്ലാത്ത സംഘ്പരിവാര്‍ നേതാക്കള്‍ക്ക് എന്തുമാവാം. അത് ഭൂരിപക്ഷ പ്രീണനമോ രാജ്യദ്രോഹമോ അല്ല, അഗ് മാര്‍ക്ക് ദേശീയത മാത്രം! എല്ലാവിധ അധികാര പ്രമത്തതക്കും അവകാശ വാദങ്ങള്‍ക്കുമപ്പുറത്ത് ദൈവനീതി  എന്ന ഒന്നുണ്ട് എന്നെല്ലാവരും ഓര്‍ത്തിരിക്കുന്നത് നന്ന്. ദൈവ നീതിക്ക് ദാക്ഷിണ്യമില്ല.

കാട്ടുവര്‍ഗങ്ങള്‍ക്ക് 
സത്യത്തിന്റെ സന്ദേശം

'ലാറ്റിനമേരിക്കയിലെ ആമസോണ്‍ മേഖലകളിലും ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലും മറ്റു ചില രാജ്യങ്ങളിലുമുള്ള നിബിഡ വനാന്തരങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ ഇന്നും ലോകത്തിന് വിസ്മയമാവുകയാണ്. ലോകം  ഉത്തരാധുനിക യുഗത്തിലാണെങ്കിലും ഇത്തരം വനമേഖലകളില്‍ താമസിക്കുന്ന മനുഷ്യര്‍ വെറും കാട്ടുവര്‍ഗങ്ങള്‍ തന്നെയാണോ? ലോകവും കാലവും മാറിയിട്ടും നാഗരികതകള്‍ പലതും വന്നുപോയിട്ടും ഇന്നും ഈ കാട്ടു(പച്ച) മനുഷ്യര്‍ എന്തുകൊണ്ടായിരിക്കും നാട്ടു മനുഷ്യരാകാന്‍ മടികാണിക്കുന്നത്? ഇസ്‌ലാം അടക്കമുള്ള മതങ്ങളും ദര്‍ശനങ്ങളും എന്തുകൊണ്ടാണ് ഇവരെക്കുറിച്ച് ആകുലതയും വ്യാകുലതയും കാണാതിരിക്കുന്നത്? ലക്ഷത്തില്‍ പരം പ്രവാചകന്മാര്‍ ഈ ഭൂമിയില്‍ വന്നുപോയിട്ടും ഇത്തരം ഒരു ജനത ഇന്നും ജീവിക്കുമ്പോള്‍ ഇസ്‌ലാമിനും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും എന്താണ്, എന്തായിരിക്കും ഇവരെക്കുറിച്ച് ചിന്തിക്കാനും പറയുവാനുമുള്ളത്?

നസീര്‍ പള്ളിക്കല്‍ രിയാദ്

ആദിമ മനുഷ്യര്‍ വനങ്ങളിലും ഗുഹകളിലുമൊക്കെ നിവസിക്കുകയും പ്രകൃതി വിഭവങ്ങള്‍ തേടി അലഞ്ഞുതിരിയുകയും ചെയ്തവരായിരുന്നുവെന്നാണ് നാഗരികതയുടെ ചരിത്ര ഗവേഷകന്മാര്‍ കണ്ടെത്തിയിരിക്കുന്നത്. മാനവകുലത്തിന് ആദ്യപിതാവ് ആദം മുതല്‍ ദൈവിക മാര്‍ഗദര്‍ശനം ലഭിച്ചിരുന്നതായി സെമിറ്റിക് മതങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു. പിന്നീട് സത്യസന്ദേശം വിസ്മൃതമായപ്പോഴൊക്കെ വിവിധ കാലഘട്ടങ്ങളിലും വിവിധ പ്രദേശങ്ങളിലും വിവിധ ഭാഷക്കാരിലും നിയോഗിതരായ ദൈവദൂതന്മാര്‍ അതോര്‍മിപ്പിക്കാനും വഴിതെറ്റിയവരെ നേരെ നടത്താനും പ്രയത്‌നിച്ചിരുന്നതായും ദിവ്യഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു. പ്രവാചകന്മാര്‍ക്ക് ശേഷം അവരുടെ നിസ്വാര്‍ഥരായ ശിഷ്യന്മാര്‍ സത്യപ്രബോധന ദൗത്യം നിരന്തരം നിറവേറ്റിവന്നതിനും ചരിത്രം സാക്ഷി. അഞ്ച് ഭൂഖണ്ഡങ്ങളിലായി കോടിക്കണക്കിന് വിശ്വാസികള്‍ ഉണ്ടായത് അതിന് അനിഷേധ്യ തെളിവായി അവശേഷിക്കുന്നു. എന്നാല്‍, നാഗരികതയും സത്യസന്ദേശവും എത്തിച്ചേരാത്ത പ്രദേശങ്ങളും ജനവിഭാഗങ്ങളും എക്കാലത്തും ഭൂലോകത്ത് നിലനിന്നിരുന്നു എന്നത് അനിഷേധ്യമാണ്. അവരാണ് പല രാജ്യങ്ങളില്‍ കഴിയുന്ന ആദിവാസികളും ഗിരിജനങ്ങളും കാട്ടുവര്‍ഗങ്ങളുമെല്ലാം. അവരിലേക്ക് ദൈവദൂതന്മാര്‍ വന്നിരുന്നോ, ഇല്ലെങ്കില്‍ എന്തുകൊണ്ട്, ഇപ്പോഴും അവര്‍ നാഗരികതക്ക് പുറത്ത് കഴിയാന്‍ താല്‍പര്യപ്പെടുന്നതെന്ത് കൊണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ  മറുപടി ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍, നാഗരികതയുടെ അനുഗ്രഹങ്ങളോടൊപ്പം അതിന്റെ ശാപങ്ങളില്‍ നിന്നുമവര്‍ അകന്നു കഴിയുന്നു എന്നത് കാണാതിരുന്നുകൂടാ. നാഗരികതരെന്നവകാശപ്പെടുന്നവരുടെ കൈയേറ്റങ്ങളും അതിക്രമങ്ങളുമാണ് യഥാര്‍ഥത്തില്‍ പ്രാകൃത വര്‍ഗങ്ങള്‍ നേരിടുന്ന ഭീഷണി. അവരുടെ ആവാസ വ്യവസ്ഥ പോലും തകര്‍ത്തതിനാല്‍ വംശനാശ ഭീഷണിയിലാണ് പല ഗോത്ര വര്‍ഗങ്ങളും. ആധുനിക ദര്‍ശനങ്ങളും പ്രത്യയശാസ്ത്രങ്ങളും പ്രസ്ഥാനങ്ങളും അവരെക്കുറിച്ച് വെച്ചുപുലര്‍ത്തുന്ന ആശങ്കകള്‍ എത്രത്തോളം ആത്മാര്‍ഥവും സത്യസന്ധവും വാസ്തവികവുമാണെന്നതും ചിന്തനീയമാണ്.

അസ്തിത്വം പോലും കടുത്ത പ്രതിസന്ധിയിലായ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ സംബന്ധിച്ചേടത്തോളം ഇതേക്കുറിച്ചൊക്കെ ആലോചിക്കാവുന്ന സാഹചര്യമല്ല ഉള്ളത്. സാമ്പ്രദായിക മുസ്‌ലിം സംഘടനകളും പണ്ഡിതന്മാരുമാകട്ടെ ബാങ്ക് വിളിയോടെ പ്രബോധന ചുമതല നിറവേറ്റി എന്ന പരിഹാസ്യമായ ആത്മനിര്‍വൃതിയിലും. 'പ്രവാചകനെ നിയോഗിക്കുന്നതുവരെ നാം ആരെയും ശിക്ഷിക്കുന്നവരല്ല' എന്ന വിശുദ്ധ വചനം, തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ സത്യസന്ദേശം നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. 


Comments

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /18-23
എ.വൈ.ആര്‍