'പുതുനൂറ്റാണ്ടില്‍ നമ്മുടെ നാഗരിക ദൗത്യം'
നിരവധി നാഗരികതകളുടെ ഉത്ഥാനപതനത്തിന് ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പൂര്‍ണ ശോഭയോടെയല്ലെങ്കിലും ആഭ്യന്തരവും ബാഹ്യവുമായ നിരവധി വെല്ലുവിളികളെ അതിജീവിച്ച് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിലനിന്ന നാഗരികതയാണ് ഇസ്‌ലാം. പാശ്ചാത്യ കൊളോണിയലിസത്തിന്റെ അപ്രതിരോധ്യമായ മുന്നേറ്റത്തില്‍ ഇസ്‌ലാമിക നാഗരികത തകരുകയും മുസ്‌ലിം സമൂഹം ശിഥിലമായിത്തീരുകയും ചെയ്തിട്ട് കാലമേറെയായി. എന്നാല്‍, ഒരു തിരിച്ചുവരവിനുള്ള നാഗരികോര്‍ജം വേണ്ടുവോളം ഇസ്‌ലാമിന്റെ കൈയിലുണ്ട് എന്ന് സമര്‍ഥിക്കുന്ന ഒരു ലഘു ഗ്രന്ഥമാണ് 'പുതുനൂറ്റാണ്ടില്‍ നമ്മുടെ നാഗരിക ദൗത്യം' എന്ന കൃതി. പുതുലോകക്രമത്തില്‍ ഇസ്‌ലാമിന് നിര്‍വഹിക്കാനുള്ള നാഗരിക ദൗത്യത്തെക്കുറിച്ചുള്ള നിരീക്ഷണമാണ് ഈ പുസ്തകം.
രണ്ടായിരത്തില്‍ ഖത്തറില്‍ ചേര്‍ന്ന ഇസ്‌ലാമിക് കോണ്‍ഫറന്‍സ് (ഒ.ഐ.സി) ഉച്ചകോടിയോടനുബന്ധിച്ച് 'വരാനിരിക്കുന്ന ലോകത്ത് മുസ്‌ലിം സമൂഹത്തിന്റെ നാഗരിക ദൗത്യം' (Civilizational Role of the Muslim Nation in the World of Tomorrow) എന്ന ശീര്‍ഷകത്തിലുള്ള ഒരു സ്മരണിക അവര്‍ പുറത്തിറക്കുകയുണ്ടായി. അതില്‍ നിന്നെടുത്ത അഞ്ച് ലേഖനങ്ങളുടെ സമാഹാരമാണിത്. അശ്‌റഫ് കീഴുപറമ്പ് വിവര്‍ത്തനം നിര്‍വഹിച്ച ഈ കൃതി ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ലോക പ്രശസ്ത ഫ്രഞ്ച് ദാര്‍ശനികനും മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവിയുമായിരുന്ന റജാ ഗരോഡിയുടെ 'ഇസ്‌ലാമും ആധുനികതയും' എന്ന ലേഖനമാണ് ആദ്യത്തേത്. പാശ്ചാത്യ സംസ്‌കൃതിയിലും ഇസ്‌ലാമിലും അവഗാഹമുള്ള അദ്ദേഹം, പാശ്ചാത്യ ആധുനികതയെ വിശകലനം ചെയ്തുകൊണ്ട്, 'തങ്ങളാണ് യഥാര്‍ഥ ആധുനികരെ'ന്ന അവരുടെ അവകാശവാദത്തെ ഖണ്ഡിക്കുന്നു. ആധുനികതയുടെ പേരില്‍ പാശ്ചാത്യര്‍ ചെയ്ത തിന്മകളെ അദ്ദേഹം ചോദ്യം ചെയ്യുന്നു. 'ആ സംസ്‌കാരം പ്രകൃതിയെ മലീമസമാക്കി, അതിന്റെ വിഭവങ്ങള്‍ ചോര്‍ത്തിയെടുത്തു. പ്രകൃതിയെ നശിപ്പിക്കാനുതകുംവിധം സാങ്കേതികവളര്‍ച്ചക്ക് വഴിയൊരുക്കി. കമ്പോളത്തിന്റെ ചതുപ്പ് നിലങ്ങളില്‍ വീണ് ആക്രമണത്തിനും യുദ്ധത്തിനും അനാരോഗ്യകരമായ മത്സരത്തിനും തിരികൊളുത്തി. ഒന്നിച്ചുനിന്ന സമൂഹത്തെ ഭിന്നിപ്പിച്ചു. അവരെ പരസ്പരം പോരടിക്കുന്നവരാക്കി മാറ്റി. വന്യമായ രീതിയില്‍ പണം വാരിക്കൂട്ടുന്ന വടക്കും, പട്ടിണി കിടക്കുന്ന തെക്കും എന്ന നിലയില്‍ ലോകത്തെ വിഭജിച്ചു' എന്നിങ്ങനെ പോകുന്നു വിമര്‍ശങ്ങള്‍. ദൈവത്തെ നിഷേധിക്കുന്ന പാശ്ചാത്യ സംസ്‌കാരം എല്ലാ മൂല്യങ്ങളെയും തള്ളിപ്പറയുകയും എല്ലാറ്റിനും മാനദണ്ഡം മനുഷ്യനും അവന്റെ ദേശീയതയുമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്നും അതിനാല്‍ യഥാര്‍ഥ ആധുനികരായി മാറാന്‍ അവര്‍ക്ക് കഴിയുകയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
പാശ്ചാത്യ ജീവിത രീതിക്ക് ബദലായി ഇസ്‌ലാമിനെ സമര്‍പ്പിക്കാന്‍ കഴിയുമെന്ന് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു. അതിനായി യഥാര്‍ഥ വിശ്വാസികളായ മുസ്‌ലിം സമൂഹം ചെയ്യേണ്ട കാര്യങ്ങള്‍ അക്കമിട്ട് നിരത്തുന്നു. 'കളങ്കമില്ലാത്തതും സമഗ്രവുമായ ഒരു ആധുനികതക്ക് വേണ്ടി യത്‌നിക്കണം. ശാസ്ത്ര സാങ്കേതിക പുരോഗതി പ്രയോജനപ്പെടുത്തുകയും അവ രണ്ടിനെയും സ്വന്തം നിലക്ക് ഒരു ലക്ഷ്യമായി കാണാതെ അവയുടെ വളര്‍ച്ചയില്‍ പങ്കാളിയാവുകയും ചെയ്യണം. എല്ലാറ്റിന്റെയും അടിസ്ഥാനം വ്യക്തിയിലും ദേശീയതയിലും അധിഷ്ഠിതമാണെന്ന ചിന്താഗതി ചെറുക്കണം. വ്യാജകമ്പോളത്തിന്റെയും നാണ്യസംബന്ധമായ അനിവാര്യതയുടെയും കടിഞ്ഞാണുകള്‍ പൊട്ടിച്ച് നീക്കണം. ഒരു പൊതു ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിനുള്ള കൂട്ടുത്തരവാദിത്വബോധമുണ്ടാക്കണം' എന്നിവയാണ് അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍. ഈ ലക്ഷ്യങ്ങള്‍ നേടുന്നതിന് രണ്ട് പ്രതിസന്ധികളെ തരണം ചെയ്യേണ്ടതുണ്ട്. പാശ്ചാത്യ അനുകരണമാണ് ഒന്നാമത്തേത്. മുസ്‌ലിം നാടുകളിലെ കൊളോണിയല്‍ ഭരണകാലത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നുള്ള മോചനമാണ് രണ്ടാമത്തേത്. മതകീയ നവോത്ഥാനം, സാമൂഹിക വിപ്ലവം, സാംസ്‌കാരിക പരിവര്‍ത്തനം എന്നീ ത്രിതല പ്രവര്‍ത്തനങ്ങളിലൂടെ മുസ്‌ലിം സമൂഹത്തിന് അതിജീവനം സാധ്യമാണെന്ന് സമര്‍ഥിച്ചുകൊണ്ട് ലേഖനം അവസാനിക്കുന്നു.
പ്രശസ്ത ജര്‍മന്‍ ചിന്തകനും ബുദ്ധിജീവിയുമായ മുറാദ് ഹോഫ്മാന്റെ 'യൂറോപ്പ് -സാധ്യതകള്‍, പ്രതിസന്ധികള്‍' എന്ന ലേഖനമാണ് രണ്ടാമത്തേത്. റജാ ഗരോഡിയെപ്പോലെ പാശ്ചാത്യ സംസ്‌കാരത്തിന്റെ ശക്തി-ദൗര്‍ബല്യങ്ങള്‍ നന്നായി അറിയുന്ന വ്യക്തിയാണ് ഇദ്ദേഹവും. പാശ്ചാത്യ നാഗരികതയുടെ പ്രതിസന്ധികള്‍ വിശകലനം നടത്തുകയും ഇസ്‌ലാമിന്റെ സാധ്യതകളെ പരിശോധിക്കുകയുമാണ് ലേഖനത്തില്‍. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ ദ്രുതഗതിയിലുള്ള വളര്‍ച്ചയും സാമൂഹിക ജീവിതത്തിലുണ്ടായ തകര്‍ച്ചയും അദ്ദേഹം വരച്ചുകാണിക്കുന്നു. നിലവിലെ പാശ്ചാത്യ ജീവിതത്തിന്റെ സാമൂഹിക രോഗങ്ങളെ അദ്ദേഹം വിശകലനം ചെയ്യുന്നു. കുടുംബത്തിന്റെ തകര്‍ച്ച, ബാലപീഡനം, പ്രകൃതി വിരുദ്ധ ലൈംഗികത, വര്‍ധിച്ചുവരുന്ന അക്രമവാസന, മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും ഉപയോഗം, വ്യക്തിയിലേക്ക് ചുരുങ്ങുന്ന ജീവിതാവസ്ഥ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ യൂറോപ്യന്‍ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ക്കുള്ള യഥാര്‍ഥ പരിഹാരം ഇസ്‌ലാമിലുണ്ടെന്നാണ് ലേഖകന്റെ കണ്ടെത്തല്‍. എന്നാല്‍ ഇസ്‌ലാമിന്റെ ഈ സാധ്യതയെ യൂറോപ്യന്‍ ജനതക്ക് ബോധ്യമാകുന്ന രൂപത്തില്‍ അവതരിപ്പിച്ച് കൊടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇസ്‌ലാമിനെ ഒരു കേവല മതമായി അവതരിപ്പിക്കുന്നതിന് പകരം മനുഷ്യാവസ്ഥകളോടുള്ള ഒരു സയുക്തിക പ്രതികരണമായും ലോകത്തെ വ്യാഖ്യാനിക്കാനുള്ള ഒരു പുതിയ ആധ്യാത്മിക സമവാക്യമായും അതിനെ പുനഃസ്ഥാപിക്കാന്‍ കഴിയണമെന്ന് അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള ഒരവതരണത്തിലൂടെ പാശ്ചാത്യ സമൂഹം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാം പരിഹാരമാണെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു.
ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായ ഡോ. ഹസന്‍ തുറാബിയുടെ 'ഏകീകരണത്തിലൂടെ നവോത്ഥാനം' എന്നതാണ് ഇതിലെ മൂന്നാമത്തെ ലേഖനം. മതത്തെ അടിസ്ഥാനമാക്കി ജീവിതത്തെ മുഴുവനായി ക്രമീകരിക്കുകയും ഏകീകരിക്കുകയും ചെയ്യുമ്പോള്‍ നവോത്ഥാനം സാധ്യമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. മതത്തിന്റെ യഥാര്‍ഥ സത്ത സ്വാംശീകരിക്കുക, ബുദ്ധിപൂര്‍വകവും പ്രായോഗികവുമായ ആസൂത്രണം നടത്തുക, ആത്മാര്‍ഥതയോടെയും സമര്‍പ്പണ മനോഭാവത്തോടെയും പ്രവര്‍ത്തനനിരതരാവുക തുടങ്ങിയ പരിഹാരങ്ങളാണ് ലേഖകന്‍ നിര്‍ദേശിക്കുന്നത്.
പ്രശസ്ത ഇന്ത്യന്‍ പണ്ഡിതനായ അബുല്‍ ഹസന്‍ അലി നദ്‌വിയുടെ 'ആകാരവും മൂല്യവും' എന്നതാണ് ഈ പുസ്തകത്തിലെ നാലാമത്തെ ലേഖനം. പക്വമായ ഒരു ഇസ്‌ലാമിക നേതൃത്വം ഉയര്‍ന്നുവരികയും മുസ്‌ലിം സമൂഹത്തിനകത്ത് രൂപപ്പെടുന്ന രാഷ്ട്രീയവും സാമൂഹികവുമായ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്തുകയാണ് ഒന്നാമതായി ചെയ്യേണ്ടതെന്നും ചിന്തയും പ്രവൃത്തിയും സംയോജിപ്പിച്ചുകൊണ്ട് അനിസ്‌ലാമിക ശക്തികളെ പ്രതിരോധിക്കാനുള്ള നയം രൂപപ്പെടുത്തണമെന്നും അഭിപ്രായപ്പെടുന്നു.
ലോകപ്രശസ്ത പണ്ഡിതനായ ഡോ. യൂസുഫുല്‍ ഖറദാവിയുടെ 'മാനവകുലത്തിന്റെ നാഗരികത' എന്നതാണ് അഞ്ചാമത്തെ ലേഖനം. സാമാന്യം ദീര്‍ഘമായ ലേഖനം വിഷയത്തെ സമഗ്രമായി കൈകാര്യം ചെയ്യുന്നു. പ്രശ്‌നങ്ങളുടെ യഥാര്‍ഥ പരിഹാരമെവിടെയെന്ന് ആദ്യമായി അന്വേഷിക്കുന്നു. ശാസ്ത്രങ്ങളിലും തത്ത്വശാസ്ത്രങ്ങളിലും വിവിധ മതങ്ങളിലും പ്രശ്‌നങ്ങള്‍ക്കുള്ള ആത്യന്തിക പരിഹാരമില്ലെന്നും ഇസ്‌ലാമിലാണ് അന്തിമ പരിഹാരമെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. അതിനാല്‍ മുസ്‌ലിം സമൂഹത്തിന് സവിശേഷമായ നാഗരിക ദൗത്യം നിര്‍വഹിക്കാനുണ്ടെന്നും ഒരു സമൂഹം ഇസ്‌ലാമികമാകുമ്പോഴാണ് അത് നാഗരിക പ്രബുദ്ധമായി തീരുന്നതെന്നും അഭിപ്രായപ്പെടുന്നു. ഉദാത്തവും മാതൃകായോഗ്യവുമായ നാഗരികത ഇസ്‌ലാമിന്റേതാണെന്നും അതു വെച്ചാണ് മറ്റു നാഗരികതകള്‍ പരിശോധിക്കപ്പെടേണ്ടതെന്നും ഖറദാവി അഭിപ്രായപ്പെടുന്നു.
സൈദ്ധാന്തിക തലത്തില്‍ പറഞ്ഞ് ജയിക്കാമെങ്കിലും ഇത്തരമൊരു നാഗരിക ദൗത്യം പ്രവൃത്തിപദത്തില്‍ കൊണ്ടുവരണമെങ്കില്‍ ഒട്ടു വളരെ പ്രശ്‌നങ്ങളും കടമ്പകളും മറികടക്കേണ്ടതുണ്ടെന്ന വികാരം എല്ലാ ലേഖകന്മാരും പൊതുവില്‍ പങ്കുവെക്കുന്നു. പ്രശ്‌നങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട് ഈ ലേഖനങ്ങളില്‍. അഭ്യസ്ത വിദ്യരും ചിന്താശീലരുമായ വായനക്കാര്‍ക്ക് നല്ലൊരു വായനാനുഭവമാണ് ഈ കൃതി നല്‍കുന്നത്.
Comments