Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 03

എന്തിലും 'പച്ച' കാണുന്ന അസുഖത്തിന് വര്‍ഗീയതയെന്നാണ് പേര്

അന്‍വര്‍ സാദത്ത് കുന്ദമംഗലം

എന്തിലും 'പച്ച' കാണുന്ന അസുഖത്തിന് 
വര്‍ഗീയതയെന്നാണ് പേര്

         കേരള സര്‍ക്കാര്‍ സ്വീകരിച്ച മദ്യനയം അട്ടിമറിക്കാന്‍ പല ഭാഗത്തും പല രീതിയിലും കുതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. സര്‍ക്കാറിന്റെ നിലപാടിനെ സ്വാഗതം ചെയ്ത മതനേതാക്കളുടെ പ്രസ്താവനകളും നിലപാടുകളും ഈ അട്ടിമറിക്ക് വേണ്ടി ചിലര്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. 'മതനേതാക്കളുടെ വാക്കുകേട്ട് എടുത്തു ചാടുന്ന സര്‍ക്കാര്‍ പിന്നീട് ജനങ്ങളോട് മാപ്പു പറയേണ്ടിവരുമെന്ന' ജസ്റ്റിസ് രാമചന്ദ്രന്‍ നായരുടെ പ്രസ്താവനയും (മാധ്യമം 2014 സെപ്റ്റംബര്‍ 1), ബാറുകള്‍ നടത്തുന്നത് 80 ശതമാനവും ഹിന്ദുക്കളാണെന്നും ഒരു പ്രത്യേക വിഭാഗത്തോട് സര്‍ക്കാറിനുള്ള ശത്രുതയാണ് ബാറുകള്‍ പൂട്ടിയതിന് പിന്നിലെന്നുമുള്ള കെ.ആര്‍ ഗൗരിയമ്മയുടെ പ്രസ്താവനയും ഇതിന്റെ സൂചനകളായി വേണം കാണാന്‍. മദ്യനയത്തെ മുസ്‌ലിം ലീഗ് പിന്തുണച്ചതുകൊണ്ട് അതിലും 'പച്ച' കാണാനുള്ള നീക്കവുമുണ്ടായി.

ഇതിനൊക്കെ പുറമെയാണ്, കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നില്‍ മദ്യ വില്‍പന വഴിയുള്ള വരുമാനം കുറഞ്ഞതാണെന്ന് വരുത്താനുള്ള ശ്രമം. ഓവര്‍ ഡ്രാഫ്റ്റ് മറികടക്കാന്‍ ബീവറേജസ് കോര്‍പറേഷനോട് അഡ്വാന്‍സ് തുക വാങ്ങിയതൊക്കെ അട്ടിമറിയുടെ സൂചന തന്നെയാണ്. അടച്ചുപൂട്ടുന്ന ബാറുകളില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ അനുമതി കൊടുക്കണമെന്ന് യു.ഡി.എഫിന്റെ  ആവശ്യം, ഫലത്തില്‍ ബന്ദ് നിരോധിച്ച് ഹര്‍ത്താലിന് അനുമതി നല്‍കുന്നതുപോലെ നിരര്‍ഥകമാവുകയായിരിക്കും ഫലം. സി.പി.എമ്മിന്റെ നിലപാടും മദ്യനയ അട്ടിമറിക്ക് സഹായകമാണ്. കണ്ണീരു കുടിക്കുന്ന കുടുംബിനികളെക്കാള്‍ അവര്‍ക്ക് താല്‍പര്യം ഏതാനും തൊഴിലാളികളുടെ തൊഴില്‍ നഷ്ടം മാത്രമാണ്. ഇത്തരം കടമ്പകള്‍ക്ക് മുന്നില്‍ കണ്ണിലെണ്ണയൊഴിച്ച് കാവല്‍ നിന്നാലും സമ്പൂര്‍ണ മദ്യനിരോധമെന്ന സ്വപ്നം പൂവണിഞ്ഞുകാണാന്‍ കേരള ജനതക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

അന്‍വര്‍ സാദത്ത് കുന്ദമംഗലം

മദ്യനിരോധം എടുത്തുകളഞ്ഞത് 
ഇ.എം.എസ് സര്‍ക്കാര്‍

       'കേരളം കണ്ണില്‍ എണ്ണയൊഴിച്ച് കാവലിരിക്കേണ്ട നയം' എന്ന സജീദ് ഖാലിദിന്റെ ലേഖന(ലക്കം 2867)ത്തില്‍ ഇങ്ങനെ എഴുതിക്കാണുന്നു: ''ഐക്യകേരളത്തിലുണ്ടായിരുന്ന സമ്പൂര്‍ണ മദ്യനിരോധം 1964-ലെ ഇ.എം.എസ് സര്‍ക്കാര്‍ എടുത്തുകളഞ്ഞ ശേഷം മദ്യം കേരളത്തില്‍ ഏതു കോണിലും സുലഭമായിത്തീര്‍ന്നു.''

1964-ല്‍ കേരളം ഭരിച്ചത് ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയാണ്. വിമോചന സമരത്തിന്റെ സന്തതിയായി  പട്ടംതാണുപിള്ള 1960 ഫെബ്രുവരിയില്‍ കേരള മുഖ്യമന്ത്രിയായി. പഞ്ചാബ് ഗവര്‍ണറായി അദ്ദേഹം നിയോഗിക്കപ്പെട്ടപ്പോള്‍ പിന്നെ 1964 സെപ്റ്റംബര്‍ 10 വരെ മുഖ്യമന്ത്രി പദം അലങ്കരിച്ചത് ആര്‍. ശങ്കറായിരുന്നു. അവിശ്വാസ പ്രമേയത്തിലൂടെ പ്രസ്തുത മന്ത്രിസഭ പുറത്താക്കപ്പെട്ടപ്പോള്‍ 1967 മാര്‍ച്ച് 5 വരെ കേരളം രാഷ്ട്രപതി ഭരണത്തിലുമായി.

ഇ.എം.എസ് മുഖ്യമന്ത്രിയാകുന്നത് 1967 മാര്‍ച്ച് ആറിന് സപ്തകക്ഷി മുന്നണിയുടെ നേതാവായിട്ടാണ്. ലീഗിന് കേരള ചരിത്രത്തില്‍ ആദ്യമായി ഭരണപ്രാതിനിധ്യം കിട്ടിയ പ്രസ്തുത മന്ത്രിസഭയില്‍, ലീഗിന്റെ സമുന്നത നേതാക്കളായിരുന്ന സി.എച്ച് മുഹമ്മദ് കോയയും എം.പി.എം അഹമദുകുട്ടി കുരിക്കളും മന്ത്രിമാരായിരുന്നു. നിര്‍ഭാഗ്യവശാല്‍, ലീഗിന് പങ്കാളിത്തമുണ്ടായിരുന്ന 1967-ലെ ഇ.എം.എസ് സര്‍ക്കാറാണ് മദ്യനിരോധം പിന്‍വലിക്കുന്നതും കേരളത്തിലെമ്പാടും മദ്യത്തിന്റെ ലഭ്യത സാര്‍വത്രികമാക്കിയതും.

ബാപ്പു ടി.ടി തൃത്താല

മതനിരപേക്ഷതയുടെ വേരറുക്കാന്‍ നമുക്ക് അനുവാദം നല്‍കാതിരിക്കാം

         ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നാണ് ചിലരുടെയൊക്കെ വാദം. നാനാ ജാതി മതസ്ഥര്‍ സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന നമ്മുടെ പവിത്രമായ പൈതൃകത്തെ മനഃപൂര്‍വം കണ്ടില്ലെന്ന് നടിക്കുന്ന ഒരു വിഭാഗം ആളുകളാണ് നമ്മുടെ രാജ്യത്തെ അരക്ഷിതാവസ്ഥയിലെത്തിക്കുന്നത്. പല മതസ്ഥരിലും പെട്ടവര്‍ ഇന്ത്യാ രാജ്യത്തിന്റെ അധിപന്മാരായിട്ടുണ്ട്. വര്‍ഗീയതയുടെ അടിസ്ഥാനത്തിലായിരുന്നില്ല അന്നവര്‍ ഭരണചക്രം തിരിച്ചിരുന്നത്. മറിച്ച് രാജ്യത്തിന്റെ മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാനും, പുരോഗതിയുടെ പാതയിലെത്തിക്കാനുമാണ് അവര്‍ പരിശ്രമിച്ചത്. ഹിന്ദു-മുസ്‌ലിം രാജാക്കന്മാരുടെ ഭരണകാലത്ത് നേരിയ തോതില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഗൗരവപ്രാധാന്യമുള്ളതായിരുന്നില്ല.

ഇത്തരം വൈകാരികമായ വിഭാഗീയതയുടെ അടിസ്ഥാനത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. സമകാലിക ചരിത്രത്തില്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തി കുറഞ്ഞിട്ടും പ്രതികാര നടപടികളുമായി മുന്നോട്ട് പോകാനാണ് ചില തല്‍പര കക്ഷികള്‍ ശ്രമിക്കുന്നത്. തങ്ങള്‍ ചെയ്യുന്നതാണ് ശരിയെന്ന ധാര്‍ഷ്ട്യത്തോടെ, എല്ലാവരെയും ഒരു കുടക്കീഴില്‍ അണിനിരത്തി മതനിരപേക്ഷതയെ അട്ടിമറിക്കാന്‍ നമ്മുടെ രാജ്യത്തെ ഒരു വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്നു. അപകടകരമാണ് ഈ പ്രയാണം. ഉള്‍ക്കാഴ്ചയും ഇഛാശക്തിയും ചോര്‍ന്നുപോകാതെ ശരിയെപ്പറ്റി മാത്രം ബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനാവട്ടെ ഓരോരുത്തരുടെയും ശ്രമം.

ആചാരി തിരുവത്ര ചാവക്കാട്

പരസ്പരം അംഗീകരിക്കാന്‍ മനസ്സുവെച്ചാല്‍ വലിയ മാറ്റങ്ങള്‍ സാധ്യമാണ്

         പ്രബോധനം  വാരികയിലെ 'പ്രസ്ഥാനം' പംക്തിയില്‍ വരുന്ന  ഡോ. ഫത്ഹീയകന്റെ ലേഖനം മികച്ച പ്രാസ്ഥാനിക പാഠങ്ങളാണ്. കേരളീയ പശ്ചാത്തലത്തില്‍ നിന്നാണ് അദ്ദേഹം എഴുതിയതെന്ന് തോന്നിപ്പോകുന്നു. അദ്ദേഹം ഉന്നയിക്കുന്ന നിര്‍ദേശങ്ങള്‍ പ്രസ്ഥാന നേതൃത്വവും പ്രവര്‍ത്തകരും നടപ്പിലാക്കിയാല്‍ സമൂഹത്തില്‍ ക്രിയാത്മക മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പ്രസ്ഥാനത്തിന് സാധിക്കും. ഓരോ വ്യക്തിയും മറ്റുള്ളവരുടെ കഴിവുകളും യോഗ്യതകളും മനസ്സിലാക്കാനും അംഗീകരിക്കാനും തയാറായാല്‍ വമ്പിച്ച മുന്നേറ്റം എല്ലാ മേഖലകളിലും ഉണ്ടാവും. പലപ്പോഴും ദുരഭിമാനവും തന്‍പോരിമയുമൊക്കെ  പൈശാചിക പ്രേരണകള്‍ക്ക് വശംവദരായി ചിലപ്പോള്‍ നമ്മിലൊക്കെ കടന്നുവരാറുണ്ട്. അതുവഴി വീഴ്ചകളും പ്രതിസന്ധികളും  ഉണ്ടാകുന്നതും നാം കാണുന്നു. ഓരോരുത്തര്‍ക്കും അര്‍ഹമായ അവകാശങ്ങളും അംഗീകാരങ്ങളും  നല്‍കുന്നതില്‍ നാം പിശുക്ക്  കാണിക്കുന്നു. പ്രസ്ഥാന പ്രവര്‍ത്തകര്‍ പ്രത്യേകിച്ചും മറ്റുള്ളവരുടെ  വ്യക്തിത്വം വക വെച്ച്  കൊടുക്കാനുള്ള  മനസ്സ്  വളര്‍ത്തിയെടുക്കണം.

ഡോ. ഫത്ഹീയകന്‍ സൂചിപ്പിച്ചത് പോലെ സാഹചര്യങ്ങളാല്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ നേരത്തെ സജീവമായി രംഗത്തുള്ളവര്‍ പിന്നാക്കം നില്‍ക്കുന്നുവെങ്കില്‍ അതിന്റെ ഹേതു അന്വേഷിക്കാനും വിഷയം പഠിച്ചു പരിഹാരം കാണാനും പ്രസ്ഥാനത്തില്‍  ഉത്തരവാദിത്തം വഹിക്കുന്നവര്‍ തയാറായാല്‍ തന്നെ ഏറെ ഫലം കാണുമെന്നതില്‍ സംശയമില്ല. നേതൃത്വം എല്ലാ  വിഷയങ്ങളിലും ജാഗ്രത്താവുക എന്നത് ചലനാത്മകമായ ഏതു പ്രസ്ഥാനത്തിനും അനിവാര്യമാണ്. ഓരോരുത്തരുടെയും സാഹചര്യങ്ങളും അവസ്ഥകളും  നന്നായി  മനസ്സിലാക്കി വേണം അവരെ സമീപിക്കുന്നതും  അവരോട് പ്രതികരിക്കുന്നതും. അതോടൊപ്പം പ്രസ്ഥാന പ്രതിബദ്ധതയുള്ള  ഒരു  വ്യക്തി  തന്നാല്‍ കഴിയുന്ന വിധം  പ്രാസ്ഥാനിക  പ്രവര്‍ത്തനങ്ങളില്‍  സന്ദര്‍ഭമനുസരിച്ച് ഭാഗഭാക്കാകാനുള്ള  ഒരു  മനസ്സും വളര്‍ത്തിയെടുക്കണം.

ഏത് പ്രസ്ഥാനത്തിനും ആ പ്രസ്ഥാനത്തിലെ ഓരോ വ്യക്തിയെയും അവരുടെ സ്വഭാവ  പെരുമാറ്റങ്ങളെയും നിദാനമാക്കി  പ്രത്യേകം പ്രത്യേകം  നയനിലപാടുകളും  പരിപാടികളും ആസൂത്രണം ചെയ്യുക എന്നതും  പ്രായോഗികമല്ല. പ്രസ്ഥാന  പ്രവര്‍ത്തകരുടെ  വ്യക്തിത്വ  വികാസവും ആത്മീയ വളര്‍ച്ചയും ഉന്നം വെച്ചുള്ള  പരിപാടികള്‍ എല്ലാവരും ഉള്‍ക്കൊള്ളാനും അതുമായി  സമരസപ്പെടാനുമാണ് ആദ്യം  പഠിക്കേണ്ടത്.

അനീസുദ്ദീന്‍  ചെറുകുളമ്പ

         ഡോ. അബ്ദുസ്സലാം അഹ്മദിന്റെ അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സമ്മേളനത്തിന്റെ റിപ്പോര്‍ട്ട് (ലക്കം 2868) വായിച്ചു. ലോക മുസ്‌ലിം ഉമ്മത്തിന്റെ ഉറക്കവും ഉണര്‍വും തിരിച്ചറിയാന്‍ ഉപകരിക്കുന്നതായിരുന്നു അത്. അതേ ലക്കത്തില്‍ പ്രസിദ്ധീകരിച്ച 'പരലോകവാതില്‍ എനിക്കും തുറക്കണേ' എന്ന മോഹന്‍ ദാസിന്റെ കത്തും ഉള്ള് നൊന്തുള്ള തേട്ടവും നിറകണ്ണുകളോടെയല്ലാതാര്‍ക്കാണ് വായിക്കാനാവുക?

മമ്മൂട്ടി കവിയൂര്‍

         മജീദ് കുട്ടമ്പൂര്‍ എഴുതിയ സ്‌ക്രീനേജ് (ലൈക് പേജ്, ലക്കം 2867) വായിച്ചു. ഇന്റര്‍നെറ്റ് മാനിയ ബാധിച്ച തലമുറയെ ഉപകാരപ്രദമായ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. ലോകത്തെ മുഴുവന്‍ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഇന്റര്‍നെറ്റ് സംവിധാനം ഒഴിച്ചുകൂടാനാവാത്ത സാങ്കേതിക വിദ്യയാണ്. പക്ഷേ, അമിതമായ ഉപയോഗം കൊണ്ട് പുതുതലമുറ മനോരോഗികളായി മാറിക്കൊണ്ടിരിക്കുന്നു. തന്റെ ജോലിയും പഠനവും മറന്ന് സൈബര്‍ ലോകത്ത് മാത്രം വിഹരിക്കുന്നവര്‍  യഥാര്‍ഥ ലോകത്ത് നിന്ന് അകന്നുപോകുകയാണ്.

പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ

         പ്രബോധനം വാരിക ലക്കം 2866-ലെ 'ചരിത്രത്തിലെ കാവിയും കാവിയുടെ ദൃശ്യാധിനിവേശവും' എന്ന ഡോ. യാസ്സര്‍ അറഫാത്ത് പി.കെയുടെ ലേഖനം പ്രസക്തമായി. ആര്‍.എസ്.എസ്സും സംഘ്പരിവാറും നമ്മുടെ രാജ്യത്തെ കാവിവത്കരിക്കാന്‍ കിണഞ്ഞ് യത്‌നിക്കുന്നതിന്റെ ഭാഗമായാണ് ദൃശ്യാധിനിവേശത്തിലേക്ക് വരെ അവര്‍ ഇരച്ചുകയറിയത്. ഫാഷിസ്റ്റ് അധീശത്വ വാഴ്ച നടപ്പിലാക്കാന്‍ വേണ്ടി ഒളിയജണ്ടകള്‍ മെനഞ്ഞുകൊണ്ടിരിക്കുന്ന നമ്മുടെ ഭരണകൂടത്തിന് അതെത്രത്തോളം സാക്ഷാത്കരിക്കാന്‍ ഉതകുമെന്ന് കണ്ടുതന്നെ അറിയണം.

കെ.സി കരിങ്ങനാട്‌


Comments

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /18-23
എ.വൈ.ആര്‍