Prabodhanm Weekly

Pages

Search

2014 ഒക്ടോബര്‍ 03

സ്‌നേഹം നട്ടുവളര്‍ത്തുന്നതാകണം <br>നമ്മുടെ ആഘോഷങ്ങള്‍

മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ /കവര്‍‌സ്റ്റോറി

         ഞങ്ങളുടെ തറവാട്ട് വീടിനടുത്ത് താമസിച്ച എന്റെ ഉമ്മയുടെ ഒരു മൂത്താപ്പയുണ്ടായിരുന്നു. ഒരു ചെറിയ കച്ചവടക്കാരന്‍. നാട്ടുകാര്‍ അദ്ദേഹത്തെ വൈദ്യന്‍ എന്നു വിളിച്ചു. ചികിത്സ വശമുള്ളതുകൊണ്ടായിരുന്നില്ല ആ പേര്. അദ്ദേഹത്തിന്റെ ചുമലില്‍ സ്ഥിര സഹചാരിയായി കാണപ്പെട്ടിരുന്ന നീണ്ട സഞ്ചിയാണ് അദ്ദേഹത്തിന് ആ പേര് സമ്പാദിച്ചുകൊടുത്തത്. ആ സഞ്ചിയില്‍ വായുഗുളിക മുതല്‍ അത്യാവശ്യ ഒറ്റമൂലി ഔഷധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടാവും. ആവശ്യക്കാര്‍ക്ക് അദ്ദേഹം മരുന്നു കൊടുക്കും. പ്രതിഫലം കൊടുത്തെങ്കില്‍ വാങ്ങും. ഇല്ലെങ്കില്‍ മരുന്നുകള്‍ സൗജന്യം.

അദ്ദേഹം പുറത്തുപോകുമ്പോള്‍ കുട്ടികളായ ഞങ്ങളെ അദ്ദേഹത്തിന്റെ കടയിലിരുത്തുമായിരുന്നു. വൈകുന്നേരങ്ങളില്‍ സ്‌കൂള്‍ വിട്ടുവന്നാലും ഒഴിവു ദിവസങ്ങളിലും ഞങ്ങള്‍ മൂത്താപ്പയുടെ കടയില്‍ 'സെയില്‍സ്മാന്‍'മാരാകും. അവിടെയിരുന്ന് പത്രങ്ങള്‍ വായിക്കും. മുതിര്‍ന്നവര്‍ രാഷ്ട്രീയം പറഞ്ഞ് വഴക്കുകൂടുന്നത് ശ്രദ്ധിക്കും. കടയില്‍ വരുന്ന നാനാ ജാതിയില്‍ പെട്ട പറ്റുകാര്‍ക്ക് മൂത്താപ്പയോടെന്ന പോലെ ഞങ്ങളോടും വലിയ പ്രിയമായിരുന്നു. ഭക്തനായ മൂത്താപ്പ തിരിച്ചും ആ സ്‌നേഹം നല്‍കി. ആ സ്‌നേഹത്തിന് ജാതിയുടെയോ മതത്തിന്റെയോ അതിരുകളൊന്നും ഉണ്ടായിരുന്നില്ല. നാട്ടുകാര്‍ക്കിടയിലെ ഊഷ്മളമായ ആ ബന്ധം നിലനിര്‍ത്തുന്നതില്‍ ആഘോഷങ്ങള്‍ക്ക് വലിയ പങ്കാണുണ്ടായിരുന്നത്. മൂത്താപ്പ തന്നുവിട്ട പച്ചക്കറികളും മറ്റു സാധനങ്ങളുമായി ഓണത്തിനും വിഷുവിനുമൊക്കെ അദ്ദേഹത്തിന്റെ ഹിന്ദു സുഹൃത്തുക്കളുടെ വീടുകളില്‍ കുട്ടികളായ ഞങ്ങള്‍ പോകുമായിരുന്നു. അവര്‍ സ്‌നേഹത്തോടെ സല്‍ക്കരിക്കുന്ന ഓണസദ്യയില്‍ ഞങ്ങള്‍ പങ്കുചേരും. സമ്മാനങ്ങള്‍ സ്വീകരിക്കും. നോമ്പുകാലത്തും പെരുന്നാള്‍ ദിനങ്ങളിലും തിരിച്ച് അവര്‍ വാഴക്കുലയും പച്ചക്കറിയും കാഴ്ചവെക്കും. മൂത്താപ്പ അവരെ കൂടെയിരുത്തി പെരുന്നാള്‍ ദിവസങ്ങളില്‍ നെയ്‌ച്ചോറും ഇറച്ചിക്കറിയും വിളമ്പും. സ്‌നേഹോദാരമായ ആ കൊടുക്കല്‍ വാങ്ങലുകളാണ് നമ്മുടെ ഗ്രാമങ്ങളില്‍ മതമൈത്രിയും മനുഷ്യസ്‌നേഹവുമൊക്കെ നട്ടുവളര്‍ത്തിയത്; മതസൗഹാര്‍ദത്തെക്കുറിച്ചുള്ള നെടുങ്കന്‍ പ്രഭാഷണങ്ങളായിരുന്നില്ല.

എന്നു മുതലാണ് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നിന്ന് ഉദാത്തമായ ആ സ്‌നേഹബന്ധം പടിയിറങ്ങിപ്പോയത്? സ്‌നേഹസമൃദ്ധമായ ഒരു പൊതുജീവിതം കേരളത്തില്‍ ദുര്‍ബലമായിത്തുടങ്ങിയത് എന്നു തൊട്ടാണെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും കഴിഞ്ഞ ഒന്നു രണ്ടു പതിറ്റാണ്ടുകളായി അതൊരു യാഥാര്‍ഥ്യമാണെന്ന് നാം തിരിച്ചറിയുന്നു. ഒരു പക്ഷേ, കേരളത്തില്‍ മതസംഘടനകള്‍ ശക്തമാവുകയും മതപ്രവര്‍ത്തനങ്ങളും ജാഗരണവും വ്യാപകമാവുകയും ചെയ്തതു മുതല്‍ക്കാണ് മതാന്തര ബന്ധങ്ങള്‍ നേര്‍ത്തുതുടങ്ങിയത്. മനുഷ്യസ്‌നേഹം കൂടുതല്‍ ഈടുറ്റതാക്കി മാറ്റുന്നതിന് പ്രേരണയാകുന്നതിനു പകരം മതപ്രബോധനങ്ങള്‍, സ്വജാതീയത ശക്തിപ്പെടുത്തുകയാണോ ചെയ്തത്? കേരളത്തിലെ എല്ലാ മതസംഘടനകളും ശാന്തമായി ആലോചിച്ച് ഉത്തരം കണ്ടെത്തേണ്ട ഒരു ചോദ്യമാണിത്. മുസ്‌ലിം സംഘടനകളുടെ പ്രവര്‍ത്തനം കൊണ്ട് മാത്രമല്ല, രാജ്യത്ത് മാറിവന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളും നമ്മുടെ പൊതുജീവിതത്തില്‍ വരള്‍ച്ചയുണ്ടാക്കി എന്നു വിശദീകരിക്കപ്പെടാം. എന്നാല്‍ ഒരു കാര്യം ഉറപ്പിച്ചു പറയാം. അന്യമതസ്ഥരുടെ ക്ഷണം സ്വീകരിക്കാമോ, അവരുടെ ആഘോഷദിനങ്ങളില്‍ അവര്‍ക്കൊപ്പം സദ്യ ഉണ്ണാമോ തുടങ്ങിയ പ്രശ്‌നങ്ങള്‍ നമ്മുടെ ഖുത്വ്ബകള്‍ക്ക് വിഷയമായിത്തുടങ്ങിയതും മത സൗഹാര്‍ദത്തെ ക്ഷീണിപ്പിക്കുന്ന വിലക്ക് ഫത്‌വകള്‍ തുടരെ വന്നുതുടങ്ങിയതും വളരെ അടുത്തകാലത്താണ്.

ആഘോഷങ്ങളുടെ അര്‍ഥധ്വനികള്‍

ആഘോഷങ്ങളില്‍ മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും മനോഹരമായ ഭാവനകള്‍ പൂത്തുനില്‍ക്കുന്നുണ്ട്. വിവിധ മതങ്ങളുടെ ആഘോഷങ്ങള്‍ക്ക് നിദാനമായ വിശ്വാസങ്ങളിലും ആഘോഷത്തിന്റെ ഭാഗമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമൊക്കെ വ്യത്യാസങ്ങളുണ്ടെങ്കിലും സാമൂഹിക ബന്ധങ്ങളെ ഉറപ്പിച്ചുനിര്‍ത്തുക എന്ന അടിസ്ഥാന ദൗത്യം അവയെല്ലാം പങ്കിടുന്നുണ്ട്. ഇസ്‌ലാമിലെ രണ്ട് ആഘോഷങ്ങളും ഭക്തിസാന്ദ്രമാണ്. ഈദുല്‍ ഫിത്വ്‌റില്‍ വ്രതപൂര്‍ത്തിയുടെ സായൂജ്യമാണെങ്കില്‍ ഈദുല്‍ അദ്ഹയില്‍ ഹജ്ജിന്റെ ഗംഭീരമായ പരിസമാപ്തിയുടെ ഹര്‍ഷവും ഇബ്‌റാഹീം നബിയുടെ ത്യാഗോജ്ജ്വല ജീവിതത്തിന്റെ സ്മൃതികളും പശ്ചാത്തലമായി വരുന്നു. മുസ്‌ലിംകളെ സംബന്ധിച്ച് ഭക്തിപാരവശ്യത്തിന്റെ ഈയൊരു തലം ആഘോഷങ്ങളില്‍ സുപ്രധാനമാണ്. ഫിത്വ്ര്‍ സകാത്തും തക്ബീര്‍ ധ്വനികളും ഈദ് നമസ്‌കാരവുമെല്ലാം ഈ ആഘോഷങ്ങളുടെ വിശ്വാസപരമായ ചൈതന്യത്തെ പ്രസരിപ്പിക്കുകയും ചെയ്യുന്നു. വിശ്വാസികളുടെ സമൂഹത്തില്‍ ആത്മീയ നിര്‍വൃതിയുടെ ഒരു സന്ദര്‍ഭം സൃഷ്ടിക്കുന്നതോടൊപ്പം തുല്യ അളവില്‍ തന്നെ അവ, വിശ്വാസികള്‍ക്ക് പുറത്തുള്ള മനുഷ്യരിലേക്കും ആഘോഷത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. പതിവു രീതിയില്‍ നിന്ന് മാറി, പെരുന്നാള്‍ നമസ്‌കാരം പൊതു ഇടങ്ങളിലായിരിക്കണം എന്ന മതത്തിന്റെ നിഷ്‌കര്‍ഷയില്‍ തന്നെ അത് വായിച്ചെടുക്കാം. ആഘോഷത്തിന്റെ ഭാഗമായ പ്രാര്‍ഥനകള്‍ പോലും പള്ളിയില്‍ നിന്ന് ജനമധ്യത്തിലേക്ക് കൊണ്ടുവരുമ്പോള്‍ മുസ്‌ലിംകളുടെ ആഭ്യന്തരവും സ്വകാര്യവുമായ ആഘോഷ സന്ദര്‍ഭമാണ് പെരുന്നാള്‍ എന്ന ധാരണയെയാണ് തിരുത്തുന്നത്.

ബഹുസ്വര സമൂഹങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ ഈദാഘോഷങ്ങളുടെ ഈ വശം ഉള്‍ക്കൊണ്ട് ഈദുഗാഹുകളെയും മറ്റും കുറേക്കൂടി അര്‍ഥപൂര്‍ണമാക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. അറബികള്‍ സാധാരണയായി കൂടെ കൊണ്ടുനടക്കാറുള്ള ആയുധം പോലും പെരുന്നാള്‍ പ്രാര്‍ഥനാ സ്ഥലങ്ങളിലേക്ക് പുറപ്പെടുമ്പോള്‍ ഒഴിവാക്കണമെന്ന പ്രവാചക നിര്‍ദേശത്തില്‍ പെരുന്നാളിന്റെ പൊതു ലക്ഷ്യമായ മാനവ സ്‌നേഹത്തിനും സാമൂഹിക ഐക്യത്തിനും വേണ്ടിയുള്ള കരുതല്‍ പ്രകടമാണ്. ആയുധവുമായുള്ള പൊതു ഇടങ്ങളിലെ ഒരുമിച്ചുകൂടല്‍ സ്വഭാവികമായും മറ്റു സമുദായങ്ങളില്‍ ഭീതി സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കാനായിരിക്കാം ഈ നിര്‍ദേശം; ആഘോഷ സന്ദര്‍ഭത്തില്‍ അവരെയും പങ്കുചേര്‍ക്കുകയുമാവാം അതിന്റെ താല്‍പര്യം.

ആഘോഷത്തിലെ അന്യോന്യങ്ങള്‍

ഈദാഘോഷങ്ങളുടെ മതപരമായ വശം, മുസ്‌ലിംകള്‍ക്കു മാത്രം ബാധകമായവയാണ്. ദാനം, പ്രാര്‍ഥന, കീര്‍ത്തനങ്ങള്‍, ബലികര്‍മം തുടങ്ങിയവ ഈദാഘോഷങ്ങളുടെ മതപരമായ അനുഷ്ഠാനങ്ങളാണ്. ഈ അനുഷ്ഠാനങ്ങള്‍ കൃത്യമായ നിര്‍ദേശങ്ങളുടെയും അനുശാസനങ്ങളുടെയും അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തപ്പെട്ടവയും ദൈവപ്രീതിക്കു വേണ്ടി ചെയ്യുന്നതുമാണ്. വാസ്തവത്തില്‍ ഈ അനുഷ്ഠാനങ്ങളിലൂടെ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധമാണ് ആഘോഷിക്കപ്പെടുന്നത്. എന്നാല്‍, ഇതു മാത്രമാണോ ഈദാഘോഷം? അല്ല. മനുഷ്യര്‍ പരസ്പരമുള്ള ബന്ധത്തിന്റെ ആഘോഷം കൂടിച്ചേരുമ്പോള്‍ മാത്രമാണ് ഈദ് സാക്ഷാത്കരിക്കപ്പെടുന്നത്. ഈദിന്റെ സുപ്രധാനമായ ഈ രണ്ടാമത്തെ രംഗം കൃത്യമായ അനുശാസനങ്ങളില്‍ ചിട്ടപ്പെടുത്തപ്പെട്ടവയല്ല. അത് പ്രായോഗികവുമല്ല. ജാതി, മത, വര്‍ണ വൈജാത്യങ്ങള്‍ക്കതീതമായ മനുഷ്യ സ്‌നേഹത്തിന്റെ ആഘോഷ സന്ദര്‍ഭമാണത്. ഓരോ നാടിന്റെയും ജനതകളുടെയും വ്യത്യാസങ്ങള്‍ക്കനുസരിച്ച് വൈവിധ്യപൂര്‍ണമായാണ് ആഘോഷത്തിന്റെ ഈ ഭാഗം പൂരിപ്പിക്കപ്പെടേണ്ടത്. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ വിവരിച്ച പോലുള്ള ആഘോഷവേളകളില്‍ നമ്മുടെ നാട്ടില്‍ നിലനിന്ന കൊടുക്കല്‍ വാങ്ങലുകള്‍ അതില്‍ പെട്ടതാണ്.

ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക് അവരുടെ പെരുന്നാള്‍ ആഘോഷങ്ങളില്‍ മുസ്‌ലിംകളല്ലാത്ത സുഹൃത്തുക്കളെ ഒഴിവാക്കാന്‍ സാധിക്കില്ല. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അയല്‍ക്കാരും നാട്ടുകാരുമൊക്കെയായ ഭിന്ന മതസ്ഥരായ സഹജീവികളെ ക്ഷണിച്ചുവരുത്തുകയും വിരുന്നു നല്‍കുകയും ആശംസകള്‍ കൈമാറുകയുമൊക്കെ ചെയ്യാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഇത് കേവലമായ ഒരു 'അന്നദാന'മല്ല. ഭിന്ന മതസ്ഥരായിരിക്കെ തന്നെ, മറ്റുള്ളവരുടെ വ്യക്തിത്വത്തെ ആദരിക്കുകയും സ്‌നേഹിക്കുകയും അവര്‍ക്കൊപ്പം ഒരു പൊതുജീവിതം ആഘോഷിക്കുകയും ചെയ്യുമ്പോള്‍ തന്റെ മതത്തിന് പോറലേല്‍ക്കുകയല്ല, മതം കൂടുതല്‍ ശോഭയുള്ളതായി മാറുകയാണ് ചെയ്യുക എന്നാണ് വിശ്വാസി കരുതുന്നത്. അങ്ങനെയെങ്കില്‍ മറ്റൊരു ചോദ്യത്തെ അയാള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. തന്റെ ആഘോഷ സല്‍ക്കാരത്തിനെത്തിയ പ്രിയ സുഹൃത്ത് അയാളുടെ ആഘോഷ നാളില്‍ തന്നെ ക്ഷണിച്ചാല്‍ താന്‍ അതില്‍ പങ്കെടുക്കുമോ എന്നതാണത്.

ഈദാഘോഷങ്ങള്‍ക്ക് മതപരവും വിശ്വാസപരവുമായ തലമുള്ളതുപോലെ തന്നെ ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങള്‍ക്കും മതപരമായ പാരമ്പര്യങ്ങളുടെ തലമുണ്ട്. പൂവിടലും ദീപാരാധനയും പൂജകളും പുല്‍ക്കൂടും കൂദാശകളുമൊക്കെ അത്തരം ആഘോഷങ്ങളുടെ മതപരമായ ഭാഗമായി വരാം. നമസ്‌കാരവും തക്ബീറും സകാത്തും ബലികര്‍മവുമൊക്കെ ഈദാഘോഷങ്ങളുടെ ഭാഗമായി വരുന്നതുപോലെയാണതും. അവ അതത് മതവിശ്വാസികള്‍ക്ക് മാത്രം ബാധകമായതാണ്. എന്നാല്‍, എല്ലാ വിശ്വാസികള്‍ക്കും പങ്കിടാവുന്ന രണ്ടാമത്തെ ഒരു തലം ഈ ആഘോഷങ്ങള്‍ക്കുമുണ്ട്. മനുഷ്യര്‍ പരസ്പരമുള്ള ബന്ധത്തിന്റെ ഇഴയടുപ്പം ശക്തിപ്പെടുത്തുന്ന മനുഷ്യസ്‌നേഹത്തിന്റെ സന്ദര്‍ഭമാണത്. ഈ പൊതുസന്ദര്‍ഭത്തില്‍ പങ്കുചേരുന്നതിന് ഇസ്‌ലാം വിലക്കുമെന്ന് കരുതാനാകുമോ? മനുഷ്യ ബന്ധങ്ങളില്‍ ഉയര്‍ച്ച-താഴ്ചകള്‍ പാടില്ലെന്നു വിശ്വസിക്കുന്നുവെങ്കില്‍, മനുഷ്യനെ ആദരിക്കുന്ന വിഷയത്തില്‍ തുല്യദൂരം പാലിക്കണമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ ആഘോഷങ്ങളുടെ പൊതു സന്ദര്‍ഭത്തില്‍ അവര്‍ക്കൊപ്പം നിങ്ങള്‍ പങ്കുചേര്‍ന്നേ തീരൂ.

ഇതര മതസ്ഥരുടെ ആഘോഷങ്ങളുമായി യാതൊരു രീതിയിലും സഹകരിച്ചു കൂടെന്ന തിട്ടൂരങ്ങള്‍ അടുത്ത കാലത്തായി വര്‍ധിച്ചുവരുന്നുണ്ട്. മുസ്‌ലിംകളും മറ്റുള്ളവരും തമ്മില്‍ യുദ്ധസാഹചര്യം നിലനിന്നപ്പോള്‍ ചില പൂര്‍വിക പണ്ഡിതന്മാര്‍ നല്‍കിയ ഫത്‌വകളെ ഉദ്ധരിച്ചാണ് തങ്ങളുടെ വിയോജനവാദം സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍, ആധുനിക പണ്ഡിതന്മാരില്‍ പലരും ആ ഫത്‌വകള്‍ കാലഹരണപ്പെട്ടെന്നും ഇന്നത്തെ ലോക സാഹചര്യത്തില്‍ ഇതര മതാഘോഷ വേളകളില്‍ മുസ്‌ലിംകളുമായി സഹജീവിതം നയിക്കുന്ന അമുസ്‌ലിംകള്‍ക്ക് ആശംസ നേരുകയോ അവരുടെ സദ്യവട്ടങ്ങളില്‍ പങ്കുകൊള്ളുകയോ ചെയ്യുന്നത് തെറ്റല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അറബ് രാജ്യങ്ങളിലെ ഭിന്ന സാഹചര്യത്തില്‍ നല്‍കപ്പെടുന്ന, ബഹുസ്വര സമൂഹങ്ങളില്‍ അപകടം സൃഷ്ടിക്കുന്ന ഫത്‌വകള്‍ അന്ധമായി പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ കേരളത്തില്‍ വളര്‍ന്നുവരുന്ന വര്‍ഗീയ ധ്രുവീകരണ പ്രക്രിയയില്‍ കുറച്ചല്ലാത്ത പങ്കുവഹിക്കുന്നുണ്ടെന്ന് പറയാതിരിക്കാന്‍ വയ്യ.

പൊതുമണ്ഡലത്തില്‍ നിന്ന് ഉള്‍വലിയുന്നവര്‍

ഒരു ബഹുസ്വര, മതേതര സമൂഹം എന്ന നിലയില്‍ ശക്തമായ ഒരു പൊതുമണ്ഡലം നമുക്ക് സാധ്യമാണ്. ജനാധിപത്യ സമൂഹത്തെ ശക്തമാക്കുന്നതും പൗരാവകാശങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തുന്നതും ക്രിയാത്മകമായ പൊതുമണ്ഡലമാണ്. കേരളത്തില്‍ ദൗര്‍ഭാഗ്യവശാല്‍ പൊതുമണ്ഡലം തകര്‍ച്ചയിലേക്കാണ് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. ആരോഗ്യകരമായ ഒരു സംവാദം പോലും നടക്കാത്തവിധം ജാതി, മത സങ്കുചിതത്വങ്ങള്‍ പൊതുമണ്ഡലത്തെ അതിവര്‍ത്തിക്കുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ അപ്രതിഹതമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇടുങ്ങിയ ചിന്താഗതികള്‍ അവരെ പൊതുമണ്ഡലത്തില്‍ നിന്ന് പൂര്‍ണമായി പിന്‍വലിക്കുകയും സ്വയം ഒരു 'അന്യസമുദായമായി' രൂപാന്തരപ്പെടാന്‍ പാകപ്പെടുത്തുകയും ചെയ്തുവരുന്നുണ്ട്.

മുസ്‌ലിംകള്‍ക്ക് മറ്റു സമുദായങ്ങളിലേക്കും തിരിച്ചും 'റീച്ച്-ഔട്ട്' നടത്താനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു. ആഘോഷവേളകളാണ് അതിനു ഏറ്റവും പറ്റിയ സന്ദര്‍ഭങ്ങള്‍. വ്യക്തി-കുടുംബപരമായി പ്രധാനമായ വിവാഹാഘോഷങ്ങളും പ്രാദേശികമായ ആഘോഷങ്ങളും മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളുമൊക്കെ മതാന്തര ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ എത്രമാത്രം പ്രയോജനപ്പെടുത്താമെന്ന് മതപണ്ഡിതന്മാര്‍ ചിന്തിക്കണം. പള്ളിയില്‍ മറ്റു മതസ്ഥര്‍ക്ക് പ്രവേശനം അനുവദിക്കാമോ എന്ന പ്രശ്‌നത്തില്‍ പോലും തീരുമാനമാകാത്ത പണ്ഡിതസഭകള്‍ ഇന്നും നമുക്ക് ചുറ്റുമുണ്ട്. എന്നിരിക്കെ ക്ഷേത്രോത്സവത്തിനോ പള്ളിപ്പെരുന്നാളിനോ സൗഹാര്‍ദ പ്രതിനിധിയായി ക്ഷണിക്കപ്പെട്ടാല്‍ പണ്ഡിതന്മാര്‍ക്ക് അതില്‍ പങ്കെടുക്കാമോ എന്ന 'മസ്അല' തീര്‍പ്പാകാന്‍ കാലമെടുക്കും. മുസ്‌ലിംകള്‍ ന്യൂനപക്ഷമായി ജീവിക്കുന്ന ഒരു ബഹുസ്വര മതേതര ജനാധിപത്യ രാജ്യത്തെ സവിശേഷ പ്രശ്‌നങ്ങള്‍ക്ക് ഇവിടെ തന്നെയാണ് പരിഹാരം ഉരുത്തിരിയേണ്ടത്. ഇക്കാര്യത്തില്‍ യൂറോപ്പിലെ ഇസ്‌ലാമിക പണ്ഡിത സഭകളാണ് നമുക്ക് മാതൃകയാവേണ്ടത്. ഇസ്‌ലാമിക രാജ്യത്ത് ചര്‍ച്ചുകള്‍ക്ക് അനുമതി നല്‍കാമോ തുടങ്ങിയ 'ദിമ്മി'കളുടെ അവകാശങ്ങള്‍ സംബന്ധിച്ച നൂലാമാലകളാണ് അറേബ്യന്‍ പണ്ഡിതന്മാരുടെ തലപുണ്ണാക്കുന്നത്. നമ്മുടേതു പോലുള്ള ഒരു വ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്; സാഹചര്യങ്ങളും. അതുകൊണ്ടുതന്നെ മധ്യകാല ഫിഖ്ഹിന്റെ മാനദണ്ഡങ്ങളും ചട്ടക്കൂടും ഒരു സെക്യുലര്‍ സിവില്‍ സമൂഹത്തിന്റെ ഭാഗമായിട്ടുള്ള നമുക്ക് സ്വീകാര്യമാവുകയില്ല. നമ്മുടേതായ ഒരു കര്‍മശാസ്ത്രം ആവിഷ്‌കരിക്കുക എന്ന വെല്ലുവിളി ധീരമായി ഏറ്റെടുക്കാന്‍ പണ്ഡിതസമൂഹം തയാറാവുന്ന വരെ, പൊതുമണ്ഡലത്തില്‍ ക്രിയാത്മക പങ്കാളികളാകാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.

അകത്തുതന്നെ അയിത്തങ്ങള്‍?

ആഘോഷങ്ങളുടെ മാനവിക സന്ദേശത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ മുസ്‌ലിം സമുദായത്തിനകത്ത് സാഹോദര്യവും ഐക്യബോധവും ശക്തിപ്പെടുത്താന്‍ ആഘോഷങ്ങള്‍ സഹായകമാകുന്നുണ്ടോ എന്ന പുനരാലോചന അനിവാര്യമായി വരുന്നു. ഇസ്‌ലാമിക വിശ്വാസവും അതിന്റെ ആചാരങ്ങളും മനഷ്യര്‍ക്കിടയില്‍ സ്‌നേഹ സാഹോദര്യം സൃഷ്ടിക്കുമെന്ന അവകാശവാദമുന്നയിക്കുമ്പോള്‍, ഒരേ ആദര്‍ശത്തില്‍ വിശ്വസിക്കുന്നവര്‍ക്കിടയില്‍ ഐക്യവും സാഹോദര്യവുമുണ്ടാക്കാന്‍ അതിനു സാധിക്കുന്നുണ്ടോ, ഇല്ലെങ്കില്‍ ഭിന്ന ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവരെ സ്‌നേഹച്ചരടില്‍ കോര്‍ക്കാന്‍ അതിനു കഴിയുമെന്ന് എങ്ങനെ വിശ്വസിക്കും എന്ന ഒരു മറുചോദ്യം പ്രസക്തമാണ്. ഒരേ തക്ബീര്‍ മന്ത്രങ്ങള്‍ ഉരുവിട്ട്, ഒരേ ഖിബ്‌ലക്ക് നേരെ തിരിഞ്ഞ്, ഒരേ രീതിയില്‍ പ്രാര്‍ഥിക്കുകയും ഒരേ ദൈവത്തിലും പ്രവാചകനിലും വിശ്വസിക്കുകയും ചെയ്യുന്ന മുസ്‌ലിംകള്‍ പരസ്പരം അകലുന്ന ചേരികളായി രൂപാന്തരം പ്രാപിച്ച സമകാലിക സാഹചര്യത്തില്‍ ആഘോഷങ്ങളുടെ മാനവിക ദൗത്യത്തെക്കുറിച്ച് മനസ്സാക്ഷിക്കുത്തില്ലാതെ പ്രസംഗിക്കാന്‍ കഴിയുമോ?

നിലവിലെ അനുഭവങ്ങള്‍ മുന്നില്‍ വെച്ചാല്‍ പലപ്പോഴും, മുസ്‌ലിം വിഭാഗങ്ങള്‍ അമുസ്‌ലിംകളുമായി ബന്ധപ്പെടുന്നത്ര പോലും സാഹോദര്യം അവര്‍ പരസ്പരം പുലര്‍ത്തുന്നില്ലെന്നു തോന്നിപ്പോകും. സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നില്ലെന്നതിനേക്കാള്‍ വേദനാജനകം പരസ്പര ശത്രുതയും വൈരവും ഒരു നയം പോലെ മുസ്‌ലിം സംഘടിത ഗ്രൂപ്പുകള്‍ പുലര്‍ത്തിവരുന്നു എന്നതാണ്. ഒരു സംഘടനയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പള്ളിയുടെയോ സ്ഥാപനത്തിന്റെയോ ഉദ്ഘാടന ചടങ്ങോ ഈദ് സംഗമമോ ഉദാഹരണമായെടുത്താല്‍ അതില്‍ മുസ്‌ലിംകളല്ലാത്ത പ്രമുഖരെ ക്ഷണിച്ചെന്നിരിക്കാം (തീര്‍ച്ചയായും അതു നല്ല കാര്യം തന്നെ). എന്നാല്‍, മറ്റു മുസ്‌ലിം സംഘടനകളില്‍ പെട്ടവരെ ബോധപൂര്‍വം മാറ്റിനിര്‍ത്തുന്നു! ഇസ്‌ലാമില്‍ ജാതിയോ അയിത്തമോ ഇല്ലെങ്കിലും ജാത്യാചാരങ്ങള്‍ക്ക് തുല്യമായ തീണ്ടിക്കൂടായ്മ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ വളര്‍ന്നുവരുന്നില്ലേ? ജാതിവ്യവസ്ഥയില്‍ അന്യജാതിക്കാരെ വിവാഹം കഴിക്കാത്ത പോലെ, വിവാഹബന്ധങ്ങളില്‍ പോലും 'സ്വജാതീയത' മുസ്‌ലിം വിഭാഗങ്ങള്‍ക്കകത്ത് ബലപ്പെടുന്നില്ലേ?

സംഘടനകള്‍ക്കിടയിലുള്ള വിശദാംശങ്ങളിലെ വിയോജിപ്പുകള്‍ ഒരു യാഥാര്‍ഥ്യമാണ്. എല്ലാ സംഘടനകള്‍ക്കും അതതിന്റെ സ്ഥാപിത ലക്ഷ്യങ്ങള്‍ ഉണ്ടാവുകയും അവ അതിന് പ്രതിജ്ഞാബദ്ധമായിരിക്കുകയും ചെയ്യുമെന്നതും മനസ്സിലാക്കാം. എന്നാല്‍, ആരോഗ്യകരമായ ഒരു സംവാദ സംസ്‌കാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ 'മുസ്‌ലിം സമുദായം' എന്ന ആശയാടിത്തറയില്‍ അവര്‍ക്ക് പരസ്പരം ഒന്നിക്കാവുന്ന ബിന്ദുക്കള്‍ ധാരാളമില്ലേ? ഒരുപക്ഷേ, വിയോജിക്കാനുള്ള കാരണങ്ങളേക്കാള്‍ പരസ്പരം അടുത്ത് നില്‍ക്കാനുള്ള കാരണങ്ങള്‍ ഉണ്ടായിരിക്കെ, അകന്നേ പോയിക്കൊണ്ടിരിക്കുന്നതില്‍ ഇസ്‌ലാമിന്റെ ആദര്‍ശ താല്‍പര്യങ്ങളാണുള്ളതെന്ന് കരുതാനാകുമോ? വിശ്വാസികള്‍ ഒരു ശരീരത്തിലെ വിവിധ അവയവങ്ങളാണെന്ന പ്രവാചക വചനങ്ങള്‍ ഓര്‍ക്കപ്പെടുന്ന ഈദാഘോഷ വേളകളിലെങ്കിലും തങ്ങള്‍ പരസ്പരം എത്രമാത്രം അകലങ്ങളിലാണെന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും.

സഹൃദയത്വത്തിന്റെ ഇടവേളകള്‍

ജീവിതത്തിന്റെ സങ്കീര്‍ണതകളില്‍ പിരിമുറുക്കം അനുഭവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യര്‍ക്ക് മാനസികമായ ഉല്ലാസവും അയവും നല്‍കുകയാണ് സാമൂഹിക ആഘോഷങ്ങളുടെ മറ്റൊരു നേട്ടം. എല്ലാ മത, സാംസ്‌കാരിക ആഘോഷങ്ങള്‍ക്കും സവിശേഷമായ ആവിഷ്‌കാര രീതികള്‍ ഉണ്ടായി വന്നതായി കാണാം. പ്രാദേശിക ആഘോഷമായ ഓണത്തിന്റെ കലാവിഷ്‌കാരങ്ങളായ പുലികളിയും വള്ളംകളിയുമൊക്കെ പ്രശസ്തമാണ്. ലോകത്തുടനീളം ക്രിസ്മസ് ആഘോഷത്തെ നക്ഷത്രങ്ങളും സാന്താ ക്ലോസുമൊക്കെ പ്രതിനിധീകരിക്കുന്നു. അറബ് രാജ്യങ്ങളില്‍ റമദാനിലും ഈദിലുമൊക്കെ പ്രത്യേക അലങ്കാര വിളക്കുകളും ആശംസാ വചനങ്ങളുമൊക്കെ പ്രചാരത്തിലുണ്ട്. ഇവയെല്ലാം മതാനുസാരമായ ആഘോഷ ചിഹ്നങ്ങളാവണമെന്നില്ല. മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും വിരുദ്ധമല്ലാത്ത കലാ-സാംസ്‌കാരിക ആവിഷ്‌കാരങ്ങള്‍ ആഘോഷ സന്ദര്‍ഭങ്ങളെ പകിട്ടുള്ളതാക്കും. മറ്റു സാധാരണ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായ, മാനസികോല്ലാസത്തിന്റെയും സഹൃദയത്വത്തിന്റെയും ഭാവുകത്വങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടില്ലെങ്കില്‍, പെരുന്നാളിന് ഒരു 'പെരുമ'യുമുണ്ടാകില്ല. പാട്ടും തമാശയും ഇഷ്ടപ്പെട്ട പ്രവാചകന്‍ പെരുന്നാള്‍ ദിനങ്ങളില്‍ അത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചതായി ഹദീസുകളില്‍ സ്പഷ്ടമാണല്ലോ. ഓരോ നാട്ടിന്റെയും പൈതൃകങ്ങളെ സ്വാംശീകരിക്കുന്ന കലാവിഷ്‌കാരങ്ങളെക്കൊണ്ട് പെരുന്നാളിന്റെ ഉത്സവഛായ അനുഭവിക്കുകയാണ് വേണ്ടത്. ആഘോഷ വേളകളില്‍ പോലും കാര്‍ക്കശ്യത്തിന്റെ വാള്‍ ചുഴറ്റുന്നവര്‍, മതം മരം കൊണ്ട് നിര്‍മിക്കപ്പെട്ട വസ്തുവാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു! മനുഷ്യ മനസ്സിന്റെ ലോല തന്ത്രികളെ തൊടുകയും ഹൃദയത്തില്‍ വൈകാരിക നിര്‍വൃതിയുടെ സംഗീതമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാനാവുന്നില്ലെങ്കില്‍ ആഘോഷങ്ങള്‍ കൊണ്ട് പിന്നെന്തുകാര്യം? 


Comments

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /18-23
എ.വൈ.ആര്‍