ഹാഗാറിന്റെ വീട്
മക്കയില്‍ പരിശുദ്ധഹറമില്‍, ഘനചതുരാകൃതിയിലുള്ള കഅ്ബയെ പരിക്രമണം ചെയ്യുന്ന പുണ്യയാത്രികന്‍, അതിന്റെ വടക്കു ഭാഗത്തുള്ള അര്‍ധവൃത്താകൃതിയിലുള്ള ഒരു കൊച്ചു മതിലിനെക്കൂടി അകത്തു പെടുത്തിക്കൊണ്ടാണ് തന്റെ ചുറ്റല്‍ പൂര്‍ത്തിയാക്കുന്നത്. ഈ മതിലിന് ഹിജ്‌റ് ഇസ്മാഈല്‍ അഥവാ ഇസ്മാഈലിന്റെ മടിത്തട്ട് എന്നാണ് പേര്. അബ്രഹാമിന്റെ പത്‌നി ഹാഗാറും മകന്‍ യിശ്മയേലും താമസിച്ചിരുന്ന കുടില്‍ ഇവിടെയായിരുന്നെന്നു പറയപ്പെടുന്നു. പല പണ്ഡിതന്മാരുടെയും വിവരണമനുസരിച്ച്, അബ്രഹാം ജനിച്ച സ്ഥലത്തും സഞ്ചരിച്ച ഇടങ്ങളിലുമുണ്ടായിരുന്ന ജാഹിലിയ്യാ (അജ്ഞ) സമൂഹങ്ങള്‍ ഏറെ പതിത്വം കല്‍പിച്ച് മാറ്റിനിര്‍ത്തിയിരുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയാണ് ഹാഗാര്‍ (ഹാജര്‍). ഒരടിമപ്പെണ്ണ് (അടിമസ്ത്രീയെന്ന് ഖുര്‍ആനിലോ നബിവചനങ്ങളിലോ അവരെ വിശേഷിപ്പിക്കുന്നില്ല. മനുഷ്യന്‍ അല്ലാഹുവിന്റെ മാത്രം അടിമയാണെന്ന് കര്‍ശനമായി പഠിപ്പിക്കുന്ന വേദഗ്രന്ഥം അപ്രകാരം ചെയ്യുകയുമില്ല. എന്നാല്‍, ദാസികുലത്തില്‍പ്പിറന്നവളോ ദാസിയാക്കപ്പെട്ടവളോ ആയിരിക്കാം ഹാഗാര്‍ എന്നാണ് യിസ്രായേല്യരുടെ ആഖ്യാനങ്ങളില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയുക). തന്റെ ഭവനത്തിന്റെ പാര്‍ശ്വത്തില്‍ അവള്‍ക്കും കുഞ്ഞിനും ഇടം നല്‍കിയ അല്ലാഹു, മനുഷ്യന്‍ വെച്ചുപുലര്‍ത്തുന്ന ശ്രേണീബദ്ധ സാമൂഹിക സങ്കല്‍പങ്ങളെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. ഹാഗാറിന്റെ വീടു കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ത്വവാഫ് ചെയ്യാന്‍ ലോകത്തോടവന്‍ കല്‍പിക്കുകയും ചെയ്തു. ഇപ്രകാരവും കൂടിയാണ് ഹജ്ജും ത്വവാഫും ഇസ്‌ലാമിന്റെ ആത്മീയ രാഷ്ട്രീയ പ്രഖ്യാപനമായിത്തീരുന്നത്. മക്കാ വിജയത്തെത്തുടര്‍ന്ന് നബി തിരുമേനി, ജാഹിലിയ്യാ കാലത്ത് അടിമയായിരുന്ന കറുത്ത വര്‍ഗക്കാരനായ ബിലാലിനെ കഅ്ബയുടെ മുകളിലേക്കുയര്‍ത്തിയതും ഈ പ്രഖ്യാപനത്തിന്റെ ഭാഗമായിത്തന്നെ. തന്റെ തോളില്‍ച്ചവിട്ടി മുകളിലേക്കു കയറാന്‍ വേണ്ടി സവര്‍ണ ഖുറൈശി സമൂഹത്തില്‍പ്പെട്ട മുഹമ്മദ്, ബിലാലിനു മുന്നില്‍ തല കുനിച്ചു നില്‍ക്കുകയും ചെയ്തു.
സാറയും ഹാഗാറും അബ്രഹാമിന്റെ ഭാര്യമാരാണ്. ബൈബിള്‍ ആഖ്യാനമനുസരിച്ച്, പ്രായമേറെച്ചെന്നിട്ടും തങ്ങള്‍ക്ക് മക്കളുണ്ടാവാത്തതിനെത്തുടര്‍ന്ന് സാറയുടെ നിര്‍ദേശ പ്രകാരം അബ്രഹാം അവരുടെ ദാസിയായിരുന്ന ഹാഗാറിനെ തന്റെ പത്‌നിയായി സ്വീകരിക്കുകയാണ് ചെയ്തത്. എന്നാല്‍ അവര്‍ ഗര്‍ഭിണിയായതോടെ യജമാനത്തി അവളുടെ കണ്ണിനു നിന്ദിതയായി'എന്നാണ് ഉല്‍പത്തി പുസ്തകം (16:4) പറയുന്നത്. അതേപ്പറ്റി സാറ ഭര്‍ത്താവിനോടു പരാതിപ്പെട്ടപ്പോള്‍ അബ്രഹാം 'നിന്റെ ദാസി നിന്റെ കയ്യില്‍ ഇരിക്കുന്നു, ഇഷ്ടംപോലെ അവളോടു ചെയ്തുകൊള്‍ക' (ഉല്‍പത്തി 16:6) എന്നു പറഞ്ഞുവത്രേ. അതേത്തുടര്‍ന്ന് സാറ ഹാഗാറിനോടു കടുത്തു പെരുമാറിത്തുടങ്ങിയതോടെ അവര്‍ വീടു വിട്ടോടിപ്പോവുകയും എന്നാല്‍ യഹോവയുടെ ദൂതന്‍ ആവശ്യപ്പെട്ടതനുസരിച്ച് തിരികെ വന്ന് യജമാനത്തിയോടൊപ്പം പാര്‍ക്കുകയും ചെയ്തു. അവര്‍ക്ക് പുത്രനായി യിശ്മയേല്‍ പിറന്നു. ഇതിനു ശേഷമാകട്ടെ, ദൈവകല്‍പന പ്രകാരം സാറക്കു പുത്രനായി യിസഹാഖും ജനിച്ചു. എന്നാല്‍ അതേത്തുടര്‍ന്ന് സ്ത്രീകള്‍ രണ്ടു പേരും തമ്മില്‍ ചില അസ്വാരസ്യങ്ങളുണ്ടാവുകയും സാറ 'ഈ ദാസിയെയും മകനെയും പുറത്താക്കിക്കളയുക; ഈ ദാസിയുടെ മകന്‍ എന്റെ മകന്‍ യിസഹാക്കിനോടു കൂടെ അവകാശിയാകരുത്''(ഉല്‍പത്തി 21:10) എന്നു പറഞ്ഞതിനാല്‍ അബ്രഹാം ഹാഗാറിനെ മരുഭൂമിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. ബേര്‍ശേബ മരുഭൂമിയില്‍ ഉഴന്നു നടന്ന ഹാഗാര്‍ മകന്‍ ദാഹിച്ചു നിലവിളിച്ചപ്പോള്‍ ഖിന്നയായതായും ഒടുവില്‍ മരുഭൂമിയില്‍ നീരുറവു കണ്ടതായും ഉല്‍പത്തി പുസ്തകം തുടര്‍ന്നു പറയുന്നു.
ഈ ആഖ്യാനത്തെ ഈ രൂപത്തിലല്ല പക്ഷേ ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. സാറയുടെയും ഹാഗാറിന്റെയും അഹംബോധങ്ങള്‍ (Egos) തമ്മില്‍ ഇത്രയും ഗുരുതരമായ സംഘര്‍ഷം (Conflict) രൂപപ്പെട്ടിരിക്കാനും അതിന്റെ മൂര്‍ഛയില്‍ ഒരു പൈതലുമായി ഒരമ്മ വീടു വിട്ടലയേണ്ടി വരാനും ഇടയുണ്ട് എന്ന് സങ്കല്‍പിക്കാന്‍ പോലും സാധ്യമല്ലാത്ത വിധത്തിലാണ് രണ്ടു പേരുടെയും വ്യക്തിത്വങ്ങളെ ഖുര്‍ആനില്‍ നാം കണ്ടെത്തുന്നത് (വളരെക്കുറച്ചു മാത്രമേ അവരെപ്പറ്റി ഖുര്‍ആന്‍ പ്രതിപാദിക്കുന്നുള്ളൂ. എന്നാല്‍ അവര്‍ക്ക് വേദഗ്രന്ഥം കല്‍പിക്കുന്ന ആദരവ് അറിയാന്‍ അതു തന്നെ മതി). അതുപോലെത്തന്നെ, 'നിന്റെ ദാസി നിന്റെ കൈയിലാണ്, ഇഷ്ടംപോലെ അവളോടു ചെയ്തുകൊള്ളൂ' എന്നും പറയാന്‍ ദൈവത്തിന്റെ ഏകത്വത്തെയും മനുഷ്യസാഹോദര്യത്തെയും സ്വാതന്ത്ര്യത്തെയും പ്രബോധനം ചെയ്യുന്ന ഏത് പ്രവാചകനും പറ്റില്ല. സാറയെയും ഹാജറിനെയും രണ്ട് വലിയ ജനതകളുടെ മാതാക്കളാക്കും എന്ന അല്ലാഹുവിന്റെ വാഗ്ദത്തം നിറവേറ്റുന്നതിന്റെ ഭാഗമായി അവന്റെ തന്നെ കല്‍പന പ്രകാരമാണ് ഇബ്‌റാഹീം ഹാജറിനെയും കുഞ്ഞിനെയും മരുഭൂമിയില്‍ വസിപ്പിക്കുന്നത്. ജനതകളുടെ പിതാവ് എന്ന സ്ഥാനം നല്‍കി ഇബ്‌റാഹീമിനെ അല്ലാഹു ആദരിച്ചതായി ഖുര്‍ആനും ബൈബിളും പറയുന്നുണ്ടല്ലോ (അബ്രഹാം എന്ന പേരിന്റെ തന്നെ അര്‍ഥം ജനതകളുടെ പിതാവ് എന്നാണ്. അബ്രാം എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് എന്നും ഉടമ്പടിയെത്തുടര്‍ന്ന് യാഹ്‌വേ അബ്രഹാം എന്നു പേരു വിളിക്കുകയായിരുന്നുവെന്നും ബൈബിള്‍ പറയുന്നു: ''എനിക്കു നിന്നോടുള്ള ഉടമ്പടിയിതാ, നീ ബഹുജാതികള്‍ക്കു പിതാവാകും. ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടത്; ഞാന്‍ നിന്നെ ബഹുജാതികള്‍ക്കു പിതാവാക്കിയിരിക്കയാല്‍ നിന്റെ പേര്‍ അബ്രാഹാം എന്നായിരിക്കണം'''(ഉല്‍പത്തി 17:4-5). ഹാജറിനെയും ഇസ്മാഈലിനെയും മക്കയില്‍ താമസിപ്പിച്ച ശേഷം ഇബ്‌റാഹീം നിര്‍വഹിക്കുന്ന പ്രാര്‍ഥന ഖുര്‍ആന്‍ ഇപ്രകാരം ഉദ്ധരിക്കുന്നുണ്ട്: ''നാഥാ, എന്റെ സന്തതികളിലൊരു വിഭാഗത്തെ ഞാന്‍, കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍ നിന്റെ ആദരണീയ ഗേഹത്തിനടുക്കല്‍ പാര്‍പ്പിച്ചിരിക്കുന്നു. നാഥാ, അവര്‍ സ്വലാത്ത് നിലനിര്‍ത്തുന്നതിനു വേണ്ടി. അതിനാല്‍ നീ ജനഹൃദയങ്ങളില്‍ അവരോട് അനുഭാവമുണ്ടാക്കേണമേ. അവര്‍ നന്ദിയുള്ളവരാകുന്നതിന് അവര്‍ക്കാഹരിക്കാന്‍ ഫലങ്ങള്‍ നല്‍കേണമേ'' (ഇബ്‌റാഹീം 37). 'സ്വലാത്ത്' എന്നതിന് പല അര്‍ഥങ്ങളുമാവാം. പ്രാര്‍ഥന, നമസ്‌കാരം എന്നതോടൊപ്പം തന്നെ നന്മ, ആദര്‍ശാനുധാവനം എന്നെല്ലാമുള്ള ആശയങ്ങള്‍ അതിലടങ്ങിയിരിക്കുന്നു.
യരുശലേമിന്റെ പ്രതീകം
ഭിന്നമായ വര്‍ണങ്ങളെയും സമൂഹങ്ങളെയും ഇബ്‌റാഹീം എന്ന മാനവികതയില്‍ ലയിപ്പിക്കുന്ന രീതിയിലാണ് ഖുര്‍ആന്‍ ഈ ചരിത്രം പ്രതിപാദിക്കുന്നത്. യിസ്രായേല്യര്‍ അവരുടെ വംശപരമായ ഔദ്ധത്യബോധത്തില്‍ നിന്നു കൊണ്ട് ചരിത്രമെഴുതിയതോടെ ഹാഗാറും സന്തതികളും പരിത്യക്തരായി മാറി. അതേയവസരം യിശ്മയേലിന്റെ മക്കളെ വലിയ ജനതയാക്കും എന്ന് ദൈവദൂതന്‍ ഹാഗാറിനോടും (ഉല്‍പത്തി 16:10) അബ്രഹാമിനോടും (ഉല്‍പത്തി 21:13) അരുളുന്നതായി ഉല്‍പത്തി പുസ്തകത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ദാസിയുടെ മകന്‍ എന്ന ആവര്‍ത്തിച്ചുള്ള ശകാരവും 'കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യന്‍', 'തന്റെ കൈ എല്ലാവര്‍ക്കും വിരോധമായും എല്ലാവരുടെയും കൈ തനിക്കു വിരോധമായും ഇരിക്കുന്നവന്‍', 'തന്റെ സകല സഹോദരന്മാര്‍ക്കും എതിരെ പാര്‍ക്കുന്നവന്‍' തുടങ്ങിയ പ്രയോഗങ്ങളും യിസ്രായേല്‍ പുരാവൃത്തത്തില്‍ നാം വായിക്കുന്നു. ഏറ്റവുമവസാനം പുതിയ നിയമത്തിലെ വിശുദ്ധ പൗലോസും തന്റെ ഇടയലേഖനങ്ങളില്‍ ഇത്തരത്തില്‍ പറയുന്നുണ്ട്. ദാസിയും നിന്ദിതയുമായാണ് പൗലോസ് ഉള്‍പ്പെടെയുള്ളവര്‍ ഹാഗാറിനെ ചിത്രീകരിക്കുന്നത്. ഇതിനാധാരമാകട്ടെ, വംശീയതയും മേല്‍-കീഴ് ബോധവുമാകുന്നു. ശ്രേണീബദ്ധമായ ഒരു സാമൂഹികക്രമത്തെയോ അടിമയുടമകളുടെ അധികാരത്തെയോ പ്രവാചകന്മാരാരും അംഗീകരിച്ചിട്ടില്ല. അറഫയിലെ വിടവാങ്ങല്‍ പ്രഭാഷണത്തില്‍ മുഹമ്മദ് നബി, മുസ്‌ലിംകളുടെ അധീനത്തിലുള്ള യുദ്ധത്തടവുകാരെപ്പറ്റി ഇങ്ങനെ പറഞ്ഞു: ''അവര്‍ അല്ലാഹുവിന്റെ മാത്രം അടിമകളാകുന്നു. അല്ലാഹുവിന്റെ അടിമകളോട് പരുഷമായി പെരുമാറാന്‍ നിങ്ങള്‍ക്കവകാശമില്ല.''
അതേസമയം, പൗലോസിന്റെ, മേല്‍ സൂചിപ്പിച്ച വചനങ്ങളെസ്സംബന്ധിച്ച് പ്രസക്തമായ മറ്റൊരു നിരീക്ഷണവുമുണ്ട്. പൗലോസ് ഗലാത്യര്‍ക്കെഴുതിയ ലേഖനത്തില്‍, ഹാഗാറിനെപ്പറ്റി സീനായ് മലയില്‍ നിന്നുള്ളവള്‍, ദാസ്യവൃത്തിക്കായി മക്കളെ ജനിപ്പിക്കുന്നവള്‍ എന്നൊക്കെ പരാമര്‍ശിച്ചിട്ടുണ്ട് (ഗലാത്യര്‍ 4 :24). തൊട്ടടുത്ത വചനത്തിലാകട്ടെ അവള്‍ അറേബ്യയിലെ സീനാ മലയാണ് എന്നും, ഇന്നത്തെ യരൂശലേമിന്റെ പ്രതീകമാണ് എന്നും പറയുന്നു. യരുശലേം അന്ന് പത്രോസ് തുടങ്ങിയ, യേശുവിന്റെ ശ്ലീഹന്മാരുടെ (അപ്പൊസ്‌തോലന്മാരുടെ) കേന്ദ്രമായിരുന്നു. യരുശലേമില്‍ നിന്നുള്ള മറ്റൊരു സുവിശേഷത്തില്‍ ഗലാത്യാര്‍ ആകൃഷ്ടരായതിനെത്തുടര്‍ന്നാണ് പൗലോസ് അവര്‍ക്കുള്ള ലേഖനം എഴുതുന്നതെന്ന് അതിന്റെ തുടക്കത്തില്‍ത്തന്നെ സൂചിപ്പിച്ചിട്ടുണ്ട് (ഗലാത്യര്‍ ഒന്നാമധ്യായം ആറാം വചനം മുതല്‍). ശ്ലീഹന്മാരുടെ സുവിശേഷം യേശുവിന്റെ നിയമങ്ങളെ അനുവര്‍ത്തിക്കുന്നതിനു വേണ്ടി കല്‍പിക്കുന്നു. എന്നാല്‍ പൗലോസ് ആകട്ടെ, യേശുവിലുള്ള വിശ്വാസം വഴി മാത്രമാണ്, നിയമാനുവര്‍ത്തനം വഴിയല്ല ഒരാള്‍ നീതീകരിക്കപ്പെടുന്നതെന്നു സിദ്ധാന്തിച്ചു. ക്രിസ്തുവിന്റെ, അദ്ദേഹം തന്നെ തെരഞ്ഞെടുത്ത അപ്പൊസ്‌തോലന്മാരും ക്രിസ്തുവിനു ശേഷം മാത്രം 'ക്രിസ്തുമാര്‍ഗ'ത്തില്‍ പ്രവേശിച്ച പൗലോസും തമ്മിലുള്ള ഈ ആശയസംഘര്‍ഷത്തെപ്പറ്റിയും ഗലാത്യര്‍ക്കുള്ള ഇടയലേഖനത്തില്‍ത്തന്നെ പരാമര്‍ശിക്കുന്നുണ്ട് (രണ്ടാമധ്യായം പതിനാറാം വചനം). മോശയുടെ നിയമങ്ങളുടെ അനുവര്‍ത്തനത്തെയാണ് യേശുവിന്റെ വേദം ആവശ്യപ്പെടുന്നത്. ഈ ആശയത്തിലാണ് അപ്പൊസ്‌തോലന്മാരും നിലകൊണ്ടിരുന്നത്. ഉടമ്പടിയുടെ ഭാഗമായ കല്‍പനകള്‍ മോശക്കു ലഭിക്കുന്നത് സീനാ മലയില്‍ വെച്ചാണ്. ദാസിയും ദാസ്യവൃത്തിക്കായി മക്കളെ ജനിപ്പിച്ചവളും കേവല ശാരീരിക രീതിയില്‍ പുത്രനെ ഉല്‍പാദിപ്പിച്ചവളുമെന്നാക്ഷേപിച്ച് ഹാഗാറിനെ നിഷ്‌കാസിതയാക്കുകയും അതോടൊപ്പം തന്നെ സീനാ മലയെയും അന്നത്തെ (അപ്പൊസ്‌തോലന്മാരുടെ) യരുശലേമിനെയും അവളുമായി ബന്ധപ്പെടുത്തുകയും ചെയ്യുക വഴി, യിശ്മായീല്യരെ മാത്രമല്ല, നിയമശാസനങ്ങളെക്കൂടി തള്ളിക്കളയാന്‍ വിശുദ്ധ പൗലോസിനു സാധിക്കുന്നു. വിശ്വാസം വഴി മാത്രം വ്യക്തി നീതീകരിക്കപ്പെടുമെന്ന സിദ്ധാന്തം സ്ഥാപിക്കാനും കഴിയുന്നു. 'ശാരീരികരീതിയില്‍ ജനിച്ചവന്‍ അന്നു നിങ്ങളെ പീഡിപ്പിച്ചതു പോലെ ഇന്നും സംഭവിക്കുന്നു' എന്നു പറയുമ്പോള്‍ (ഗലാത്യര്‍ 4 :29) അദ്ദേഹം ഉദ്ദേശിക്കുന്നത് യരുശലേം കേന്ദ്രമായിക്കൊണ്ടുള്ള അപ്പൊസ്‌തോലിക സുവിശേഷത്തെയാണ് എന്നു വ്യക്തം.
എന്നാല്‍, യഥാര്‍ഥത്തില്‍ സീനായുടെയും യരുശലേമിന്റെയും പ്രതീകമായി ഹാഗാറിനെ അവതരിപ്പിക്കുന്നതു കൊണ്ട് വിശുദ്ധ പൗലോസ് എന്തു തന്നെ ഉദ്ദേശിച്ചാലും നമ്മുടെ വീക്ഷണത്തില്‍ അതവരുടെ മഹത്വത്തെ സൂചിപ്പിക്കുന്നു. ഒട്ടും കുലീനത്വമില്ലാത്ത ദാസിപ്പെണ്ണെന്ന് പൗലോസ് വിശേഷിപ്പിക്കുന്ന ഹാഗാര്‍ അബ്രഹാമിനു ശേഷം മോശയുടെയും യേശുവിന്റെയും അപ്പൊസ്‌തോലന്മാരുടെയും പ്രതീകമായി ഉയര്‍ന്നു നില്‍ക്കുകയാണ് ചെയ്യുന്നത്. മുഹമ്മദ് നബിയാകട്ടെ വംശീയമായിത്തന്നെ ഹാഗാര്‍ എന്ന വിശുദ്ധമാതാവിന്റെ പരമ്പരയില്‍പ്പെടുന്നു.
വംശീയ മുന്‍വിധികളുടെ ഇര?
ഇതിന്റെ മറുഭാഗത്ത്, പരിത്യക്തയും നിന്ദ്യയുമായി ചിത്രീകരിക്കപ്പെട്ട ഹാഗാറിനെക്കുറിച്ച വിവരണങ്ങളില്‍ നിന്നു തന്നെ രൂപപ്പെട്ടതും എന്നാല്‍ അവര്‍ക്ക് വീരപരിവേഷം നല്‍കുന്നതുമായ ഒരു സങ്കല്‍പം ആഫ്രോ അമേരിക്കന്‍ ജനതക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ചും ഒട്ടേറെ ബ്ലാക് അമേരിക്കന്‍ ഫെമിനിസ്റ്റുകള്‍ അമേരിക്കയിലെ അടിമകളുടെ ചരിത്രത്തെയും ഹാഗാറിന്റെ കഥയെയും താരതമ്യം ചെയ്‌തെഴുതിയിട്ടുള്ളതു കാണാം. ഒരു അനബാപ്റ്റിസ്റ്റ്* ഫെമിനിസ്റ്റിന്റെ യഥാര്‍ഥ മാതൃക എന്ന് ഹാഗാറിനെ വിശേഷിപ്പിക്കുന്ന Wilma Bailey കരുത്തിന്റെയും ശേഷികളുടെയും ദാര്‍ഢ്യത്തിന്റെയും ആന്തരിക ബലത്തിന്റെയും പ്രതീകമായി അവരെ കാണുന്നു. സാമൂഹികവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ വഴി ശക്തിപ്പെട്ട വംശീയ മുന്‍വിധിയുടെ (Ethnic Prejudice) അടയാളമായാണ് ചില ആഫ്രോ അമേരിക്കന്‍ ദൈവശാസ്ത്രജ്ഞര്‍ ഹാഗാറിനെ വിലയിരുത്തുന്നത്. മാത്രവുമല്ല, അടിമയാക്കപ്പെട്ട ഒരു സ്ത്രീയില്‍ ദൈവാനുഗ്രഹം നിറഞ്ഞതിന്റെ സാക്ഷ്യമായും ഹാഗാറിന്റെ ചരിത്രത്തെ അവര്‍ കാണുന്നു. എന്തായിരുന്നാലും ബൈബിളിലെ ഒരു വല്‍സല കഥാപാത്രമാണ് കറുത്ത അമേരിക്കന്‍ ക്രൈസ്തവസമൂഹങ്ങള്‍ക്ക് ഹാഗാര്‍.
അപാരമായ ശേഷി-ശേമുഷികളുടെ അടയാളം തന്നെയാണ് ഇസ്‌ലാമിക വിശ്വാസ പ്രകാരവും ഹാജര്‍. എന്നാല്‍ നിന്ദിതയും പീഡിതയുമായ ഹാജര്‍ എന്ന സങ്കല്‍പത്തെ അതംഗീകരിക്കുന്നില്ല. അവരുടെ ചരിത്രത്തെപ്പറ്റി ഭിന്നങ്ങളായ കഥകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്ന് സ്വാലിഹ് നബിയുടെ വംശപരമ്പരയില്‍ മഗ്‌രിബ് (മൊറോക്കോ) രാജ്യത്തെ ഒരു ഭരണാധികാരിയുടെ മകളായാണ് ഹാജര്‍ ജനിച്ചത് എന്നതാണ്. മഗ്‌രിബ് ആക്രമിച്ചു കീഴടക്കിയ ഫറോവ പിതാവിനെ വധിച്ച് അവരെ അടിമയാക്കുകയും തന്റെ രാജ്ഞിയുടെ തോഴിയായി നിശ്ചയിക്കുകയും ചെയ്തു. അയാളാണ് പിന്നീടവരെ സാറക്കു സമ്മാനിച്ചത്. ഈ കഥക്ക് അടിസ്ഥാനമൊന്നുമില്ല. എന്തായാലും ഇബ്‌റാഹീമിന് സാറയും ഹാജറും തുല്യസ്ഥാനമുള്ള പത്‌നിമാരായിരുന്നു. ഇരുവരും തമ്മിലുണ്ടായ പോരുകളെയോ സാറ ഹാജറിന്റെ നേരെ വെച്ചു പുലര്‍ത്തിയതായി ആരോപിക്കപ്പെടുന്ന വംശീയ മുന്‍വിധികളെയോ ഒന്നും ഖുര്‍ആനോ നബിവചനങ്ങളോ അംഗീകരിക്കുന്നില്ല. തന്റെ ഒരു പത്‌നിയെയും കുഞ്ഞിനെയും ഇബ്‌റാഹീം മരുഭൂമിയില്‍ വസിപ്പിച്ചതിന്റെ കാരണം മുകളില്‍ പറഞ്ഞിട്ടുണ്ട്. അടിമ എന്ന നിലക്ക് കൈമാറ്റം ചെയ്യപ്പെട്ടവളെങ്കിലും അബ്രഹാമിന്റെ നേതൃത്വത്തില്‍ സാറയോടൊപ്പം സ്വതന്ത്രയായി ഹാഗാറും നിലകൊണ്ടു.
ഖുര്‍ആന്‍ സക്ലേശകമായ അധ്യാത്മപാതയെ പരിചയപ്പെടുത്തുമ്പോള്‍ ഒന്നാമതായിപ്പറയുന്നത് 'ഫക്കു റഖബ' എന്നാണ്. മനുഷ്യഗളങ്ങളെ ബന്ധനവിമുക്തമാക്കുക എന്നര്‍ഥം. അടിമത്തത്തിനെതിരെ, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ഈശ്വരസാക്ഷാത്കാരത്തിനുള്ള ഒന്നാമത്തെ അനുഷ്ഠാനം എന്നര്‍ഥം. അതോടൊപ്പം കുലീനത്വ സങ്കല്‍പത്തെയും വര്‍ണവിവേചനത്തെയും ഇസ്‌ലാം നിരാകരിക്കുന്നു. അറഫയിലെ പ്രഭാഷണത്തില്‍ത്തന്നെ നബി തിരുമേനി അതും പ്രഖ്യാപിച്ചിട്ടുണ്ട്. ''നിങ്ങളുടെ ദൈവം ഒന്ന്. നിങ്ങളുടെ പിതാവുമൊന്ന്. നിങ്ങളില്‍ അറബിക്ക് അജമിയേക്കാളോ അജമിക്ക് അറബിയെക്കാളോ ഒരു ശ്രേഷ്ഠതയുമില്ല. വെളുത്തവന്‍ കറുത്തവനില്‍ നിന്നോ കറുത്തവന്‍ വെളുത്തവനില്‍ നിന്നോ വ്യത്യസ്തനല്ല. എല്ലാവരും ആദമില്‍ നിന്ന്. ആദമാകട്ടെ, മണ്ണില്‍ നിന്നും.''
എന്തായാലും മേല്‍ കീഴ് വിവേചനത്തിനെതിരെ ആഹ്വാനമുയര്‍ത്തുന്ന ഇസ്‌ലാമില്‍ കരുത്തിന്റെയും ദാര്‍ഢ്യത്തിന്റെയും പ്രതീകമായിത്തന്നെ ഹാഗാര്‍ വാഴ്ത്തപ്പെടുന്നു. ജല, ജന ശൂന്യമായ മരുഭൂമിയില്‍ തന്നെയും കുഞ്ഞിനെയും അധിവസിപ്പിച്ച് തിരിച്ചു പോകാനൊരുങ്ങിയ പ്രിയതമനോട് അവര്‍ ചോദിച്ചത് ഇത് ദൈവത്തിന്റെ കല്‍പനയാണോ എന്നു മാത്രമായിരുന്നു. അതെയെന്ന് ഇബ്‌റാഹീം പറഞ്ഞപ്പോള്‍ അവര്‍ പ്രതികരിച്ചു, ''എങ്കില്‍ താങ്കള്‍ സമാധാനമായിട്ടു പോവുക. ഞങ്ങളുടെ കാര്യം അല്ലാഹു നോക്കിക്കൊള്ളും.'' ഇങ്ങനെ അവതരിപ്പിക്കപ്പെടുന്ന, ഹാഗാറിന്റെ യാഥാര്‍ഥ്യവുമായി ബന്ധപ്പെട്ട വിചാരങ്ങളെപ്പറ്റിയുള്ള അറിവില്ലായ്മയില്‍ നിന്നാണ് മുകളില്‍ സൂചിപ്പിച്ച ചിന്താഗതികള്‍ ഉണ്ടാകുന്നത്.
ഹാഗാര്‍ എന്ന പദത്തിന് Uncertain എന്ന് അര്‍ഥം പറയാറുണ്ട്. എന്നാല്‍, ഹാജര്‍ എന്ന നാമവുമായി ബന്ധപ്പെട്ട് ചിലര്‍ പറയുന്ന അര്‍ഥം ഹാ അജ്‌റുക എന്നാണ്. 'ഇത് നിനക്ക് പാരിതോഷികമാണ്' എന്നര്‍ഥം. ബൈബിളിലെ ആഖ്യാനപ്രകാരം ഫറോവയുടെ പാരിതോഷികമാണല്ലോ ഹാജര്‍. എന്നാല്‍ അതിലുപരിയായി ദൈവത്തിന്റെ പാരിതോഷികം എന്ന് ഹാജറിനെ വിശേഷിപ്പിക്കാനാവും ഇസ്‌ലാം താല്‍പര്യപ്പെടുക.
പുണ്യയാത്രികന്‍ കഅ്ബക്കു ചുറ്റുമുള്ള 'അപ്രദക്ഷിണ' പരിക്രമണത്തിനു** ശേഷം ത്യാഗിയായ ആ ആദിമാതാവിന്റെ സ്മരണയില്‍ സ്വഫാ, മര്‍വാ കുന്നുകള്‍ക്കിടയില്‍ അങ്ങോട്ടുമിങ്ങോട്ടുമായി ഏഴു പ്രാവശ്യം നടക്കുന്നു. 'സഅ്‌യ്' എന്നാണ് ഈ നടത്തത്തിന്റെ സാങ്കേതികമായ പേര്. അതികഠിനമായ പരിശ്രമത്തെയാണ് അറബിയിലെ സആ എന്ന പദം സൂചിപ്പിക്കുന്നത്. ഇതില്‍ നിന്നാണ് സഅ്‌യ് എന്ന വാക്കുണ്ടാകുന്നത്. സമൂഹങ്ങളുടെ സംസ്ഥാപനത്തിനും വികാസത്തിനും വേണ്ടിയുള്ള അധ്വാനമാണതിന്റെ പാഠം. ഈ അധ്വാനത്തില്‍ മാതൃകയായിത്തീരുന്നതാകട്ടെ, ആ ആദിമാതാവ്. കുലീനതയെക്കുറിച്ച നമ്മുടെ സകല മൗഢ്യങ്ങളെയും തിരുത്തുന്നു ഈ അനുഷ്ഠാനം. എക്കാലത്തെയും മാനവസമൂഹത്തിന്റെ നേതാവായി ഹാഗാര്‍ എന്ന പെണ്ണിനെ അംഗീകരിക്കാന്‍ നാം ബാധ്യസ്ഥരാവുകയും ചെയ്യുന്നു.
കുറിപ്പുകള്‍
*അനബാപ്റ്റിസം: ക്രിസ്തുമതത്തിലെ ഒരു നവീകരണപ്രസ്ഥാനമാണ് അനബാപ്റ്റിസ്റ്റ് മൂവ്‌മെന്റ്. ജ്ഞാനസ്‌നാനവുമായി ബന്ധപ്പെട്ട് സഭ കൈക്കൊണ്ടിരിക്കുന്ന നിലപാടിനോടുള്ള വിയോജിപ്പാണ് ഇവരുടെ പ്രധാന സിദ്ധാന്താടിത്തറ. കുഞ്ഞുങ്ങളെ മാമോദീസാ മുക്കി സഭാംഗമാക്കുന്ന രീതിയോട് ഇവര്‍ യോജിക്കുന്നില്ല. പ്രായപൂര്‍ത്തിയും വകതിരിവുമെത്തിയ ശേഷം വേണം ജ്ഞാനസ്‌നാനവും വിശ്വാസപ്രഖ്യാപനവും നടത്താന്‍ എന്നും അത് മാത്രമേ സ്വീകാര്യമാകൂ എന്നും ഇവര്‍ വിശ്വസിക്കുന്നു.
**അപ്രദക്ഷിണം: ത്വവാഫിനെ പ്രദക്ഷിണം എന്നു പറയുന്നത് ഭാഷാപരമായിത്തന്നെ ശരിയല്ല. എന്തെന്നാല്‍ വലത്തോട്ടുള്ള കറക്കം എന്നാണ് പ്രദക്ഷിണം എന്ന പദത്തിന്റെ അര്‍ത്ഥം. Clock-wise എന്ന് ഇംഗ്ലീഷില്‍ പറയുന്ന ദിശയാണല്ലോ അത്. കഅ്ബയെ ആരും വലം വെക്കാറില്ല. ഇടം വെച്ചു കൊണ്ടാണ് കഅ്ബയ്ക്കു ചുറ്റുമുള്ള പരിക്രമണം. അപ്രദക്ഷിണം -Anti clock-wise-എന്നാണ് ഇതിന് പറയേണ്ടത്. പ്രപഞ്ചത്തിലെ സകലഗോളങ്ങളും ദൈവകല്‍പനയനുസരിച്ച് ഏതു ദിശയിലാണോ കറങ്ങുന്നത്, അതേ ദിശയില്‍ത്തന്നെ താന്‍ കഅ്ബക്കു ചുറ്റും കറങ്ങുന്നു എന്ന അനുഭൂതി ത്വവാഫ് മനുഷ്യനിലുണ്ടാക്കുന്നു.
Comments