Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 19

ഉദ്ദേശ്യ ശുദ്ധിയിലെ ശുദ്ധാത്മകത

ടി.കെ അബ്ദുല്ല /നടന്നുതീരാത്ത വഴികളില്‍-48

         മ്മുടെ ദീനീ പ്രവര്‍ത്തകര്‍ പൊതുവെ വലിയ ആവേശവും ആത്മാര്‍ഥതയും ഉള്ളവരാണ്. എങ്ങനെയും ദീന്‍ വിജയിക്കണം, പ്രസ്ഥാനം മുന്നോട്ടുപോകണം- ഈയൊരു ചിന്തയില്‍ പല കൊച്ചു കൊച്ചു യാഥാര്‍ഥ്യങ്ങളും അവര്‍ മറന്നുപോകുന്നു. മറവി പറ്റുന്നവരില്‍ എന്നെ പോലെ ചിലരും പെട്ടുപോകുന്നു. അത്തരം രണ്ട് അനുഭവങ്ങളാണ് ചുവടെ. 

1950-കളില്‍ ഞാന്‍ എടയൂര്‍ പ്രബോധനം ഓഫീസില്‍ ജോലി ചെയ്യുന്നു. അക്കാലത്തെ സജീവ പ്രവര്‍ത്തകരില്‍ മുന്‍പന്തിയിലാണ് എടപ്പാളിലെ താജുദ്ദീന്‍ സാഹിബ്. അദ്ദേഹത്തെ അറിയാത്തവര്‍ കേരള ജമാഅത്തില്‍ അക്കാലത്ത് ഉണ്ടായിരിക്കില്ല. ഫീല്‍ഡ് വര്‍ക്കില്‍ അത്രയും പ്രശസ്തനാണ്. സന്തത സഹചാരിയായ സൈക്കിളുമായി കാലത്ത് ഇറങ്ങും. പ്രബോധനവും പുസ്തകക്കെട്ടും കൂടെയുണ്ടാകും. പകലന്തിയോളം വിശ്രമമില്ലാത്ത യാത്രകളാണ്. പ്രസിദ്ധീകരണങ്ങളുടെ വില്‍പ്പനയും പ്രചാരണവുമാണ് മുഖ്യപ്രവര്‍ത്തനം. ഒരിക്കല്‍ താജുദ്ദീന്‍ സാഹിബ് പ്രബോധനം ഓഫീസില്‍ എന്നെ വന്നുകണ്ടു. അദ്ദേഹത്തിന്റെ നാട്ടില്‍ ഭേദപ്പെട്ട ഒരു പൗരമുഖ്യന്റെ വീട്ടില്‍ കല്യാണമുണ്ട്. നികാഹ് ഖുത്വുബ ടി.കെ തന്നെ നടത്തണം. അതിന് ക്ഷണിക്കാനാണ് വന്നത്. ഇത്രയും പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, 'അതിന് താജുദ്ദീന്‍ സാഹിബേ, കല്യാണക്കാരന്‍ ക്ഷണിച്ചിട്ടുവേണ്ടേ! ക്ഷണിക്കാത്ത വീട്ടില്‍ എങ്ങനെ കല്യാണത്തിന് പോകും?' താജുദ്ദീന്‍ സാഹിബിന്റെ മറുപടി ലളിതവും വ്യക്തവുമായിരുന്നു; 'അതൊന്നും സാരമില്ല. അദ്ദേഹത്തിന്റെ ക്ഷണക്കത്ത് വന്നുകൊള്ളും. അഥവാ കത്ത് വന്നില്ലെങ്കിലും പ്രശ്‌നമില്ല. എല്ലാം ഞാന്‍ ഏര്‍പ്പാട് ചെയ്തുകൊള്ളും. വന്നേ പറ്റൂ' ഈ മറുപടിയില്‍ ഞാനും വീണു. ഇന്നത്തെ പോലെ ടെലഫോണ്‍ സൗകര്യങ്ങളൊന്നും ഇല്ലെന്ന് പറയേണ്ടതില്ലല്ലോ. കല്യാണ നാള്‍ ഞാന്‍ എടയൂരില്‍നിന്ന് എടപ്പാളിലേക്ക് പുറപ്പെട്ടു. കൂടെ സ്ഥല പരിചയമുള്ള സുഹൃത്ത് പൊന്നാനിക്കാരന്‍ സൈനുദ്ദീന്‍ സാഹിബും ഉണ്ട്. എടപ്പാളിലെത്തി ഞങ്ങള്‍ താജൂദ്ദീന്‍ സാഹിബിന്റെ അനുജന്‍ സര്‍ദാര്‍ സാഹിബിന്റെ ഹോട്ടലില്‍ ചായ കഴിക്കാന്‍ കയറി. ചായ മാത്രമല്ല ഉദ്ദേശ്യം; കല്യാണ കാര്യം അറിയലും കൂടിയാണ്. ഞങ്ങള്‍ കയറി ചെന്നപ്പോള്‍ സര്‍ദാര്‍ സാഹിബില്‍ പ്രത്യേക ഭാവഭേദങ്ങളൊന്നും കണ്ടില്ല. ചായ കഴിച്ച് കാശ് കൊടുത്തപ്പോള്‍ വാങ്ങുകയും ചെയ്തു. ഇത്രയുമായപ്പോള്‍ എനിക്ക് തോന്നി കല്യാണ കാര്യമൊന്നും ടിയാന്റെ അറിവിലില്ലെന്ന്. താജുദ്ദീന്‍ സാഹിബ് ഒന്നും ഏല്‍പ്പിച്ചിട്ടില്ലെന്നും മനസ്സിലായി. കല്യാണ കാര്യം സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം അങ്ങോട്ടുള്ള വഴി പറഞ്ഞു തന്നു. ഉച്ച സമയമാണ്. ആദര്‍ശം തലക്ക് കയറിയ അന്നത്തെ പ്രായത്തിലും പരിചയക്കുറവിലും കൂടുതലൊന്നും ചിന്തിക്കാതെ ഞങ്ങള്‍ കല്യാണ വീട്ടിലേക്ക് നടന്നു. ഒരു ഇടവഴിയിലേക്ക് തിരിഞ്ഞപ്പോള്‍ താജുദ്ദീന്‍ സാഹിബ് കല്യാണ വീട്ടില്‍ നിന്ന് ഇറങ്ങി വരുന്നു. ഞങ്ങളെ കണ്ട് സലാമും ആലിംഗനവുമൊക്കെ കഴിഞ്ഞ് പറയാനുണ്ടായിരുന്നത് ഖേദപ്രകടനമായിരുന്നു: 'ഞാന്‍ വളരെ ശ്രമിച്ചുനോക്കി, വിജയിച്ചില്ല. ടി.കെ ക്ഷമിക്കണം. അവസാന സമയം വരെ ശ്രമിച്ചുനോക്കിയതു കൊണ്ട്, വരേണ്ടതില്ല എന്ന് അറിയിക്കാനും പറ്റിയില്ല.' ഇത്രയും സഹിക്കാമായിരുന്നു. പരമ ശുദ്ധനായ താജുദ്ദീന്‍ സാഹിബിന്റെ അടുത്ത വാചകം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു; 'ടി.കെ ഊണു കഴിച്ചില്ലല്ലോ, കല്യാണ വീട് അടുത്താണ്. ഞാന്‍ കൂടെ വരണോ?' ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഈ വാക്കുകള്‍ ഞാന്‍ മറന്നുപോകാതിരിക്കാന്‍ മാത്രം ശക്തിയും ശുദ്ധതയും അതിലുണ്ടായിരുന്നു. എന്നിട്ടുപോലും താജുദ്ദീന്‍ സാഹിബുമായുള്ള ബന്ധത്തില്‍ ഒരു പോറലും ഉണ്ടായില്ല. കാരണം അതിനെല്ലാം അപ്പുറമായിരുന്നു ആ നല്ല മനുഷ്യന്റെ നിഷ്‌കളങ്കതയും വിശുദ്ധിയും. ശുദ്ധന്‍ ദ്രോഹിയുടെ ഫലം ചെയ്യും എന്ന പ്രമാണത്തിനും അപ്പുറമാണ് ആ ശുദ്ധത.

മറ്റൊരു സംഭവം, ബാലുശ്ശേരിയിലെ ഒരു മതപ്രഭാഷണവുമായി ബന്ധപ്പെട്ടതാണ്. അവിടെ മതപ്രഭാഷണ പരമ്പര നടക്കുന്നു. എന്റെ പങ്കാളിത്തം കൂടിയേ തീരൂ. ശിവപുരത്തെ മര്‍ഹൂം ടി.കെ കുഞ്ഞഹമ്മദ് മൗലവിയുടെ നേതൃത്വത്തിലാണ് എന്നെ ക്ഷണിക്കാന്‍ വന്നിരിക്കുന്നത്. ഞാനാകട്ടെ ആയഞ്ചേരി തറവാട്ടില്‍ ഉമ്മയുടെ ചികിത്സയിലാണ്. ആയുര്‍വേദ ചികിത്സ ആയതുകൊണ്ട് തറി മരുന്ന് പറിയും കഷായം വെപ്പും മറ്റു ക്രിയകളുമൊക്കെ വൈദ്യനിര്‍ദേശ പ്രകാരം കൃത്യം തെറ്റാതെ ചെയ്യേണ്ടതുണ്ട്. ഞാന്‍ സമീപത്തുണ്ടെങ്കിലേ ഉമ്മക്ക് തൃപ്തി വരൂ. തികച്ചും ന്യായമായ ഈ പ്രതിബന്ധം പറഞ്ഞെങ്കിലും ക്ഷണിക്കാന്‍ വന്നവര്‍ വിട്ടില്ല; 'നിശ്ചിത ദിവസം കൃത്യസമയത്ത് ജീപ്പ് ഈ മുറ്റത്ത് വരും. പരിപാടി കഴിഞ്ഞ് രാത്രി, എത്ര വൈകിയാലും തിരിച്ചെത്തിച്ചുകൊള്ളാം.' ഈ വാഗ്ദാനത്തില്‍ വിശ്വസിച്ച് ഞാന്‍ പോകാന്‍ സന്നദ്ധനായി. പ്രഭാഷണം തീരുമ്പോള്‍ രാത്രി പതിനൊന്ന് മണി കഴിഞ്ഞിരുന്നു. സ്ഥലത്തെ പൗരമുഖ്യന്‍ കൊല്ലങ്കണ്ടി മമ്മുസാഹിബിന്റെ സഹകരണത്തോടു കൂടിയാണ് പ്രഭാഷണ പരമ്പര നടക്കുന്നത്. അദ്ദേഹത്തിന്റെ ജീപ്പിലാണ് എന്നെ കൊണ്ടുപോയത് എന്ന് ഞാന്‍ മനസ്സിലാക്കുന്നത് പിന്നീടാണ്. അക്കാലത്ത് അപൂര്‍വം ചില നാട്ടുപ്രമാണികള്‍ക്കല്ലാതെ ജീപ്പോ കാറോ ഉണ്ടായിരുന്നില്ല. പ്രഭാഷണം കഴിഞ്ഞ് മമ്മു സാഹിബിന്റെ വീട്ടിലേക്കാണ് എന്നെ കൊണ്ടുപോയത്. സമയം വൈകിയതുകൊണ്ടാകണം അദ്ദേഹം ഉറങ്ങിക്കഴിഞ്ഞിരുന്നു. പ്രവര്‍ത്തകരും ഭാരവാഹികളുമായി എന്നോടൊപ്പം ഒട്ടേറെ പേരുണ്ട്. കരുതിവെച്ച ഭക്ഷണമെല്ലാം കഴിച്ചു. മടക്ക യാത്രയുടെയോ ജീപ്പിന്റെയോ ലക്ഷണമൊന്നും കാണുന്നില്ല. ഭാരവാഹികള്‍ കൂടിയിരുന്ന് എന്തോ സ്വകാര്യം പറയുന്നുണ്ട്. ജീപ്പില്ലെന്ന് ലക്ഷണം കൊണ്ട് ഞാന്‍ മനസ്സിലാക്കി. ഇല്ലാത്തത്, ജീപ്പല്ല, ഡ്രൈവറാണ്. മമ്മു സാഹിബിന്റെ ജീപ്പ് മനസ്സില്‍ കണ്ടാണ് ഭാരവാഹികള്‍ എന്നെ തിരിച്ചെത്തിക്കാന്‍ വാഗ്ദാനം നല്‍കിയിരുന്നതെന്നും ഞാന്‍ മനസ്സിലാക്കി. ചുരുക്കത്തില്‍ രാത്രി അവിടെ തങ്ങേണ്ടിവന്നു. ചെറിയൊരു അമര്‍ഷം തോന്നിയെങ്കിലും നിയന്ത്രിച്ചു. അതികാലത്ത് മറ്റുള്ളവരെല്ലാം ഉറക്കം തെളിയുന്നതിനുമുമ്പ് എഴുന്നേറ്റ് ഇറങ്ങിനടന്നു. ബാലുശ്ശേരി ടൗണില്‍ എത്തുമ്പോള്‍ സ്വുബ്ഹ് ബാങ്ക് വിളിക്കുന്നുണ്ടായിരുന്നു. നമസ്‌കരിച്ച് സ്റ്റാന്റില്‍ ചെന്നപ്പോള്‍ പേരാമ്പ്രക്ക് ബസ് കിട്ടി. പേരാമ്പ്രയില്‍നിന്ന് 13 കിലോമീറ്റര്‍ കുറ്റിയാടിയിലേക്കും കുറ്റിയാടിയില്‍നിന്ന് അത്ര തന്നെ ദൂരം ആയഞ്ചേരിയിലേക്കും കാല്‍നട യാത്ര വളരെ 'സുഖകര'മായിരുന്നു. ഉമ്മയുടെ 'കഷായ സമയം' ഒന്നോ രണ്ടോ തെറ്റിക്കാണും. അപരന്റെ ജീപ്പ് സങ്കല്‍പ്പമാണ് എന്റെ മതപ്രഭാഷണ യാത്ര ഇത്രയും ദുരിതത്തിലാക്കിയത്. അമളി പിണഞ്ഞ ഭാരവാഹികള്‍ വളരെ വിഷണ്ണരായിരുന്നു എന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. പ്രത്യേകിച്ച്, കുഞ്ഞഹമ്മദ് മൗലവി വളരെ ഖേദവും പശ്ചാത്താപവും അറിയിച്ചുകൊണ്ട് എനിക്ക് എഴുതുകയുണ്ടായി. അത് മറന്നു കളയാന്‍ എനിക്ക് സാധിക്കുമായിരുന്നു. ഇത്തരം അമളികള്‍ ചിലപ്പോഴെല്ലാം ആവര്‍ത്തിക്കപ്പെടുക പതിവാണ്. ഉദ്ദേശ്യ ശുദ്ധിയും പ്രായോഗിക ബുദ്ധിയും ഒന്നിച്ചുപോവണം എന്നില്ലെന്ന് മനസ്സിലാക്കി ക്ഷമിക്കുകയാണ് ഭംഗി. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21/ അല്‍അമ്പിയാഅ്/ 7-10
എ.വൈ.ആര്‍