Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 19

മൂത്രവാര്‍ച്ചയുള്ളവരുടെ ഹജ്ജ്

ഇല്‍യാസ് മൗലവി

മൂത്രവാര്‍ച്ചയുള്ളവരുടെ ഹജ്ജ്

മൂത്രവാര്‍ച്ചയുടെ അസൂഖമുള്ളയാളാണ് ഞാന്‍. നിക്കര്‍ പോലുള്ള അടിവസ്ത്രം ധരിച്ച്, മൂത്രം അതിലാകാതിരിക്കാന്‍ അതിനടിയില്‍ പരുത്തിയോ ടിഷ്യുവോ വെച്ച് മൂത്രം കുതിര്‍ന്ന് കഴിഞ്ഞാല്‍ അവ എടുത്ത് കളയാറാണ് പതിവ്. ഇടക്കിടെ അടിവസ്ത്രം മാറ്റുക പ്രയാസകരമാണല്ലോ. എന്നാല്‍ ഹജ്ജിന് പോകുന്ന എനിക്ക് ഇഹ്‌റാമില്‍ ഇങ്ങനെ അടിവസ്ത്രം ധരിക്കാന്‍ പാടില്ലെന്ന് കണ്ടു. കൂടക്കൂടെ ഇഹ്‌റാം ചെയ്ത് മാറ്റലും വൃത്തിയാക്കലും ഹജ്ജിലും ഉംറക്കും അത്ര സാധ്യവുമല്ല. ഞാന്‍ വളരെ വിഷമത്തിലാണ്. എന്നെപ്പോലുള്ളവര്‍ക്ക് വല്ല ഇളവും ഇഹ്‌റാമില്‍ ഉണ്ടോ? പലരോടും ചോദിച്ചപ്പോള്‍ നിരാശാജനകമായ മറുപടിയാണ് ലഭിച്ചത്.

താങ്കളെപ്പോലെ പ്രയാസങ്ങളനുഭവിക്കുന്നവര്‍ ഉല്‍കണ്ഠാകുലരാകേണ്ട യാതൊരു കാര്യവും ഇല്ല. കാരുണ്യവാനായ അല്ലാഹു തന്റെ ഏതൊരു കാര്യവും അടിമകളുടെ പരിമിതികളും സാഹചര്യങ്ങളും മനസ്സിലാക്കിക്കൊണ്ടേ നിര്‍ദേശിച്ചിട്ടുള്ളൂ. ഹജ്ജിന്റെ കാര്യത്തില്‍ മാത്രമല്ല സര്‍വ വിധികളിലും ഇത് കാണാവുന്നതാണ്. 

താങ്കളുടെ വിഷയത്തില്‍ ഇഹ്‌റാമില്‍ സാധാരണ ഉപയോഗിക്കുന്ന രണ്ട് വസ്ത്രങ്ങള്‍ക്ക് പുറമെ അടിവസ്ത്രം കൂടി ഉപയോഗിക്കാവുന്നതാണ്. അടിവസ്ത്രം മൂത്രത്തുള്ളി വീണ് നജസാവാതിരിക്കാന്‍ പരുത്തിയോ ടിഷ്യൂ പേപ്പറോ പോലുള്ളവ അടിവസ്ത്രത്തില്‍ വെക്കുകയും ചെയ്യാം. ശരിയാണ്, സാധാരണഗതിയില്‍ ഇഹ്‌റാമില്‍ നിഷിദ്ധമായ ഒരു കാര്യമാണ് താങ്കള്‍ ചെയ്യുന്നത്. എന്നാല്‍ ന്യായമായ പ്രതിബന്ധങ്ങളുള്ളവര്‍ക്ക് ഇവിടെ ചില ഇളവുകളുണ്ടെന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ''നിങ്ങളിലാരെങ്കിലും രോഗം കാരണമോ തലയിലെ മറ്റെന്തെങ്കിലും പ്രയാസം മൂലമോ മുടി എടുത്താല്‍ പ്രായശ്ചിത്തമായി നോമ്പെടുക്കുകയോ ദാനം നല്‍കുകയോ ബലിനടത്തുകയോ വേണം. നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാവുകയും ഉംറ നിര്‍വഹിച്ച് ഹജ്ജ് കാലംവരെ സൗകര്യം ഉപയോഗപ്പെടുത്തുകയുമാണെങ്കില്‍ സാധ്യമായ ബലി നല്‍കുക. ആര്‍ക്കെങ്കിലും ബലി സാധ്യമായില്ലെങ്കില്‍ പത്ത് നോമ്പ് പൂര്‍ണമായി അനുഷ്ഠിക്കണം. മൂന്നെണ്ണം ഹജ്ജ് വേളയിലും ഏഴെണ്ണം തിരിച്ചെത്തിയ ശേഷവും'' (അല്‍ ബഖറ 196). കഅ്ബ് ബിന്‍ ഉജ്‌റ എന്ന സ്വഹാബി പറഞ്ഞു: ''എന്റെ കാര്യത്തിലാണ് ഈ ആയത്ത് അവതരിച്ചത്.'' അദ്ദേഹത്തിന്റെ തലയില്‍ ഈരും പേനും വന്ന് നിറഞ്ഞത് കാരണം (മുടിയില്‍നിന്ന് അവ ഉതിര്‍ന്നു വീഴുവോളം) വല്ലാതെ കഷ്ടപ്പെട്ടു. സംഭവമറിഞ്ഞ അല്ലാഹുവിന്റെ റസൂല്‍ അദ്ദേഹത്തോട് പറഞ്ഞു: ''താങ്കളുടെ തലയിലെ ചെള്ള് താങ്കളെ എടങ്ങാറാക്കിയേക്കും.'' ''അതെ തിരുദൂതരെ'' അദ്ദേഹം പറഞ്ഞു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ''നീ നിന്റെ തലയിലെ മുടി കളയുക. മുടിയും നഖവും കളയല്‍ ഇഹ്‌റാമില്‍ നിഷിദ്ധമാണല്ലോ. എന്നിട്ട് മൂന്ന് ദിവസം നോമ്പെടുക്കുക. അല്ലെങ്കില്‍ ആറ് അഗതികള്‍ക്ക് ഭക്ഷണം നല്‍കുക. അതുമല്ലെങ്കില്‍ ഒരാടിനെ ബലിയറുക്കുക'' (ബുഖാരി 3870/മുസ്‌ലിം:2934). ഇഹ്‌റാം ചെയ്തവര്‍ക്ക് ധരിക്കാന്‍ പാടില്ലാത്തവ വിശദീകരിച്ചശേഷം എന്തെങ്കിലും ന്യായമായ ഒഴികഴിവില്ലെങ്കിലാണിപ്പറഞ്ഞത്. എന്നാല്‍ വല്ല ഒഴികഴിവുമുണ്ടെങ്കില്‍ എന്ന് പറഞ്ഞുകൊണ്ട് ഇമാം നവവി എഴുതുന്നു: ''ഉഷ്ണമോ, ശൈത്യമോ കാരണമായോ, ചികിത്സാര്‍ഥമോ തലമറക്കലോ മറ്റോ ആവശ്യമായി വന്നാല്‍ അതെല്ലാം അനുവദനീയമാകുന്നതാണ്. എന്നാല്‍ ഫിദ്‌യ നിര്‍ബന്ധമായി തീരും'' (ശറഹുല്‍ മുഹദ്ദബ് 7/259). ശേഷം സൂറഃ അല്‍ബഖറയിലെ നാം നേരത്തെ ഉദ്ധരിച്ച ആയത്താണിതിന് തെളിവെന്ന് വ്യക്തമാക്കുകയും ചെയ്തു. 

ബലിയുടെ ഇനങ്ങള്‍

ഹജ്ജ് കൃതികളും ലേഖനങ്ങളും വായിച്ചപ്പോഴും ക്ലാസ്സുകള്‍ കേട്ടപ്പോഴും പലതരത്തിലുള്ള ബലിയുണ്ടെന്ന് മനസ്സിലായി. ആകെക്കൂടി ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ലളിതമായ ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു?

ഹജ്ജും ഉംറയുമായി ബന്ധപ്പെട്ട് അഞ്ച് ഇനം ഹദ്‌യ് (ബലി) ഉണ്ട്. ദൈവസാമീപ്യം പ്രതീക്ഷിച്ച് ഹറമില്‍ സമര്‍പ്പിക്കുന്ന ബലിക്കാണ് ഹദ്‌യ് എന്ന് പറയുന്നത്. എന്നാല്‍ പ്രായശ്ചിത്തമായി നല്‍കുന്ന ബലിക്ക് ഫിദ്‌യ എന്നാണ് പറയുക. ഇനങ്ങള്‍ താഴെ പറയുന്നു.

ഒന്ന്: ഖാരിന്‍ ആയോ മുതമത്തിഅ് ആയോ ഹജ്ജ് ചെയ്യുന്നവര്‍ നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ട ബലി. ഒരാടോ ഒട്ടകമോ മാടോ ആയാല്‍ മതി. ഉദുഹിയ്യത്തിന്റെ വിധിപോലെ, ഒട്ടകവും മാടുമാണെങ്കില്‍ പരമാവധി ഏഴുപേര്‍ക്ക് കൂടി ഒരു ഉരു മതിയാവും (അല്‍ബഖറ 197). ഇതിന് കഴിയാത്തവര്‍ പത്ത് നോമ്പെടുക്കണം-മൂന്നെണ്ണം ഹജ്ജിന് ഇഹ്‌റാം ചെയ്ത ശേഷവും ഏഴെണ്ണം നാട്ടില്‍ തിരിച്ചെത്തിയ ശേഷവും. യാതൊരു നിലക്കും ബലി നല്‍കാന്‍ വകയില്ലാത്തവര്‍ക്കു മാത്രമേ ഈ ഇളവ് ബാധകമാകൂ. എന്നാല്‍ മസ്ജിദുല്‍ ഹറാമിന്റെ പരിസരത്ത് താമസിക്കുന്ന മക്കാ നിവാസികള്‍ക്ക് ഈ ബലി ബാധകമല്ല. കാരണം അവര്‍ക്ക് ഇഫ്‌റാദ് രൂപത്തിലുള്ള ഹജ്ജ് മാത്രമേ ഉള്ളൂ (നിഹായ 10/486, മുഗ്‌നി 6/114). 

രണ്ട്: ഇഹ്‌റാമില്‍ നിഷിദ്ധമായത് ചെയ്താല്‍ പ്രായശ്ചിത്തമെന്ന നിലക്ക്  ബലി നല്‍കണം. മുടി കളയുക, തുന്നിയ വസ്ത്രം ധരിക്കുക തുടങ്ങിയവ ഉദാഹരണം. എന്നാല്‍ ഇവിടെ ബലി തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. മൂന്ന് കാര്യങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം ചെയ്താല്‍ മതി. ഒരാടിനെ ബലിയറുക്കുക, മൂന്ന് നോമ്പെടുക്കുക, അല്ലെങ്കില്‍ ആറ് അഗതികള്‍ക്ക് ആഹാരം നല്‍കുക ''വിശ്വാസികളേ, നിങ്ങള്‍ ഇഹ്‌റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്. ആരെങ്കിലും ബോധപൂര്‍വം അങ്ങനെ ചെയ്താല്‍ പരിഹാരമായി, അയാള്‍ കൊന്നതിനു തുല്യമായ ഒരു കാലിയെ ബലി നല്‍കണം'' (അല്‍മാഇദ 95).

മൂന്ന്: ഹജ്ജിനോ ഉംറക്കോ ഇറങ്ങിത്തിരിച്ചയാള്‍ തനിക്ക് തട്ടി നീക്കാന്‍ കഴിയാത്ത പ്രതിബന്ധങ്ങളോ തടസ്സങ്ങളോ കാരണം ഉപരോധിക്കപ്പെട്ടാല്‍ ഇഹ്‌റാമില്‍ നിന്നൊഴിവാകുന്നത് വഴി നിര്‍ബന്ധമാകുന്ന ബലി. ''നിങ്ങള്‍ അല്ലാഹുവിനായി ഹജ്ജും ഉംറയും തികവോടെ നിര്‍വഹിക്കുക. അഥവാ, നിങ്ങള്‍ ഉപരോധിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് സാധ്യമായ ബലിനടത്തുക. ബലിമൃഗം അതിന്റെ സ്ഥാനത്ത് എത്തുവോളം നിങ്ങള്‍ തലമുടിയെടുക്കരുത്. അഥവാ, നിങ്ങളിലാരെങ്കിലും രോഗം കാരണമോ തലയിലെ മറ്റെന്തെങ്കിലും പ്രയാസം മൂലമോ മുടി എടുത്താല്‍ പ്രായശ്ചിത്തമായി നോമ്പെടുക്കുകയോ ദാനം നല്‍കുകയോ ബലിനടത്തുകയോ വേണം. നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാവുകയും ഉംറ നിര്‍വഹിച്ച് ഹജ്ജ് കാലംവരെ സൗകര്യം ഉപയോഗപ്പെടുത്തുകയുമാണെങ്കില്‍ സാധ്യമായ ബലി നല്‍കുക. ആര്‍ക്കെങ്കിലും ബലി സാധ്യമായില്ലെങ്കില്‍ പത്ത് നോമ്പ് പൂര്‍ണമായി അനുഷ്ഠിക്കണം. മൂന്നെണ്ണം ഹജ്ജ് വേളയിലും ഏഴെണ്ണം തിരിച്ചെത്തിയ ശേഷവും. കുടുംബത്തോടൊത്ത് മസ്ജിദുല്‍ഹറാമിന്റെ അടുത്ത് താമസിക്കാത്തവര്‍ക്കുള്ളതാണ് ഈ നിയമം. അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്'' (അല്‍ബഖറ 196). അറഫാ ദിനത്തില്‍ രോഗം കാരണമോ ഹോസ്പിറ്റലില്‍ അഡ്മിറ്റായതിനാലോ–അറഫയിലെത്താന്‍ കഴിയാതെ വന്നാല്‍ ഹജ്ജ് നഷ്ടപ്പെട്ടു. അപ്പോഴും അത് ഉംറയാക്കി ഇഹ്‌റാമില്‍ നിന്നൊഴിവായി ഈ ബലി നല്‍കേണ്ടതാണ്.

നാല്: ഇഹ്‌റാമില്‍ നിന്നൊഴിവാകും മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വഴി നിര്‍ബന്ധമായിത്തീരുന്ന ബലി. ഒരു ഒട്ടകത്തെയാണ് ബലിയായി നല്‍കേണ്ടത്. അതിന് കഴിയില്ലെങ്കില്‍ മാടിനെയും അതും ലഭിച്ചില്ലെങ്കില്‍ ഏഴ് ആടിനെയുമാണ് ബലി നല്‍കേണ്ടത്. ഇത്തരക്കാരുടെ ഹജ്ജും ഉംറയും ബാത്വിലായിത്തീരും. ഹജ്ജിനിടയില്‍ അങ്ങനെ സംഭവിച്ചു പോയാല്‍ ഹജ്ജ് നഷ്ടപ്പെടുമെങ്കിലും ശേഷിക്കുന്ന കര്‍മങ്ങള്‍ പൂര്‍ത്തിയാക്കലും അടുത്ത വര്‍ഷം ചെയ്ത് വീട്ടലും അയാള്‍ക്ക് നിര്‍ബന്ധമാണ്. ഇഹ്‌റാമില്‍ വിലക്കപ്പെട്ട കാര്യങ്ങളില്‍ ഹജ്ജ് ബാത്വിലാക്കുന്ന ഒരേയൊരു കാര്യം ലൈംഗിക ബന്ധത്തിലേര്‍പ്പെടുക എന്നത് മാത്രമാണ്. ബലിയറുക്കാന്‍ ഉരുവിനെ കിട്ടിയില്ലെങ്കില്‍ ആ തുകക്ക് സമാനമായി ഭക്ഷണം വാങ്ങി ഹറമിലെ സാധുക്കള്‍ക്ക് വിതരണം ചെയ്യണം. അതിനും പറ്റിയില്ലെങ്കില്‍ അത്രയും എണ്ണം ദിവസം നോമ്പനുഷ്ഠിക്കണം. 

അഞ്ച്: വേട്ടയാടിയതിന്റെ പ്രായശ്ചിത്തമായി നല്‍കേണ്ട ബലി. ''വിശ്വാസികളേ, നിങ്ങള്‍ ഇഹ്‌റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്. ആരെങ്കിലും ബോധപൂര്‍വം അങ്ങനെ ചെയ്താല്‍ പരിഹാരമായി, അയാള്‍ കൊന്നതിനു തുല്യമായ ഒരു കാലിയെ ബലി നല്‍കണം'' (അല്‍മാഇദ 95). വേട്ടയാടിയ ഇരയുടെ അതേ പോലെയുള്ളതിനെയാണ് ഇവിടെ ബലി നല്‍കേണ്ടത്. അത് ഹറമിലെ സാധുക്കള്‍ക്ക് വിതരണം ചെയ്യേണ്ടതാണ്. ബലിമൃഗത്തിന്റെ മൂല്യം കണക്കാക്കി, തത്തുല്യമായ തുകക്കുള്ള ഭക്ഷണം വാങ്ങി അര സ്വാഅ് വീതം സാധുക്കള്‍ക്ക് നല്‍കുകയോ അത്രയും ദിവസം നോമ്പെടുക്കുകയോ ചെയ്താലും മതിയാകും.

ബലിയുടെ സമയം:

1. മുതമത്തിഉം ഖാരിനും നല്‍കേണ്ട ബലി ദുല്‍ ഹജ്ജ് പത്ത് മുതല്‍ പതിമൂന്ന് വരെയുള്ള ഏത് ദിവസവും ആകാവുന്നതാണ്.

2. ഹജ്ജ് മുടങ്ങിയതിന്നുള്ള ബലി, എവിടെ വെച്ചാണോ മുടങ്ങിയത് അവിടെ വെച്ചാണ് നിര്‍വഹിക്കേണ്ടത്.

3. ഇഹ്‌റാമില്‍ നിഷിദ്ധമായ പ്രവൃത്തി ചെയ്തതിന്റെ പ്രായശ്ചിത്തമായി നല്‍കുന്ന ബലി, എവിടെ വെച്ചാണോ നിഷിദ്ധമായ കാര്യം ചെയ്തത് അവിടെയാണ് നല്‍കേണ്ടത്-ഹറമിലായാലും പുറത്തായാലും ശരി.

4. വേട്ടയുടെ പ്രായശ്ചിത്തമായ ബലി ഹറമില്‍ തന്നെയാണ് നല്‍കേണ്ടത്. നോമ്പ് എവിടെ വെച്ചും ആകാം. 

ഹജ്ജിന്റെ വാജിബുകളും ഫര്‍ദുകളും

ഹജ്ജിന്റെ വാജിബുകളും ഫര്‍ദുകളും വ്യത്യസ്തമാണെന്ന് കേള്‍ക്കുകയുണ്ടായി. എന്താണവ തമ്മിലുള്ള വ്യത്യാസം? വാജിബാത്തുകള്‍ ഉപേക്ഷിച്ചാലുള്ള വിധി എന്താണ്?

ഫര്‍ദുകളും വാജിബുകളും ശാഫിഈ മദ്ഹബനുസരിച്ച് യാതൊരു വ്യത്യാസവുമില്ല. നമസ്‌കാരത്തിന്റെ ഫര്‍ദുകള്‍ എന്നു പറഞ്ഞാലും വാജിബുകള്‍ എന്നു പറഞ്ഞാലും രണ്ടും ഒന്നു തന്നെയാണ്. ഫാതിഹ ഓതല്‍ പോലെ. എന്നാല്‍ ഹജ്ജിന്റെ വിഷയത്തില്‍ മാത്രം ഫര്‍ദുകളും വാജിബുകളും വെവ്വേറെയാണ്. രണ്ടിനും രണ്ട് വിധികളാണുള്ളത്. ഹജ്ജ് സമ്പൂര്‍ണവും ശരിയായ രൂപത്തിലുമാവാന്‍ അവശ്യം ആവശ്യമായ കാര്യങ്ങളെയാണ് ഹജ്ജിന്റെ വാജിബുകള്‍ എന്ന് പറയുന്നത്. അവയില്‍ ഏതെങ്കിലും ഒന്ന് ബോധപൂര്‍വമോ അല്ലാതെയോ, ഏതു വിധേനയെങ്കിലും ഉപേക്ഷിച്ചാല്‍ പ്രായശ്ചിത്തം ചെയ്യല്‍ നിര്‍ബന്ധമാണ്. അതോടെ അവരുടെ ഹജ്ജ് സ്വീകാര്യമായി. മറ്റൊരിക്കല്‍ അനുഷ്ഠിച്ച് വീട്ടേണ്ടതില്ല എന്നര്‍ഥം. എന്നാല്‍ ഹജ്ജിന്റെ ഫര്‍ദുകള്‍ അങ്ങനെയല്ല. അവയിലേതെങ്കിലും ഒന്ന് അറിഞ്ഞോ അറിയാതെയോ, മനപൂര്‍വമോ അല്ലാതെയോ ഉപേക്ഷിച്ചാല്‍ ഹജ്ജ് ചെയ്തതായി പരിഗണിക്കപ്പെടുകയില്ല. പിറ്റേവര്‍ഷം നിര്‍ബന്ധമായും നഷ്ടപ്പെട്ട ഹജ്ജ് ചെയ്ത് വീട്ടേണ്ടതാണ്. അതിന് മറ്റൊരു പരിഹാരം ഇല്ല. ഇഹ്‌റാം, അറഫയില്‍ നില്‍ക്കല്‍, ത്വവാഫുല്‍ ഇഫാദ, സഅ്‌യ്, മുടിയെടുക്കല്‍ തുടങ്ങിയവയാണ് ഹജ്ജിന്റെ ഫര്‍ദുകള്‍. ഇവയ്ക്ക് ഹജ്ജിന്റെ റുക്‌നുകള്‍ എന്നും പറയാറുണ്ട്.

ഹജ്ജിന്റെ വാജിബാത്തുകള്‍ ഉപേക്ഷിച്ചാല്‍ പ്രായശ്ചിത്തം ചെയ്യല്‍ നിര്‍ബന്ധമാണ്. ഉപേക്ഷിക്കുന്നത് ബോധപൂര്‍വമായാലും അജ്ഞത മൂലമായാലും മറന്നുകൊണ്ടായാലും പ്രായശ്ചിത്തം നല്‍കുക തന്നെ വേണം. ഇഹ്‌റാം ചെയ്യുന്നത് മീഖാത്തില്‍ വെച്ച് തന്നെയായിരിക്കല്‍, സൂര്യാസ്തമയം വരെ അറഫയില്‍ കഴിച്ചുകൂട്ടല്‍, മുസ്ദലിഫയിലും മിനയിലും രാപ്പാര്‍ക്കല്‍, വിടവാങ്ങല്‍ ത്വവാഫ് തുടങ്ങിയവ ഉദാഹരണം. ഇവയിലേതെങ്കിലും വിട്ടുപോവുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ പ്രായശ്ചിത്തമായി ഒരാടിനെ ബലിയറുക്കേണ്ടതാണ്. എന്നാല്‍ ബോധപൂര്‍വം വാജിബുകള്‍ ഉപേക്ഷിക്കുന്നവര്‍ തൗബ ചെയ്യേണ്ടതും അല്ലാഹുവിനോട് പാപമോചനത്തിന് വേണ്ടി പ്രാര്‍ഥിക്കേണ്ടതുമാണ്. ഹറമില്‍ നിന്ന് ബലിയറുക്കാന്‍ തടസ്സം നേരിട്ടാല്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണെങ്കിലും പിന്നീട് മറ്റൊരാളെ ഹറമില്‍ വെച്ച് ബലി നടത്താന്‍ ചുമതലപ്പെടുത്തിയാല്‍ മതി (ഇബ്‌നു ബാസിന്റെ ഫത്‌വകള്‍). ഇങ്ങനെ ചെയ്യാനും കഴിവില്ലാത്തവര്‍ പത്തു നോമ്പുകള്‍ അനുഷ്ഠിക്കേണ്ടതാണ്. മൂന്നെണ്ണം ഹജ്ജിലും ഏഴെണ്ണം നാട്ടില്‍ തിരിച്ചെത്തിയ ശേഷവും. അതാണ് ഉത്തമം. എന്നാല്‍ നാട്ടില്‍ വെച്ച് പത്തും ഒരുമിച്ച് ആകാവുന്നതാണ്. (മുഗ്‌നി, ഇബ്‌നു ഖുദാമ:7/393). 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21/ അല്‍അമ്പിയാഅ്/ 7-10
എ.വൈ.ആര്‍