Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 19

ഇങ്ങനെയുമുണ്ടോ ഒരു 'ഭര്‍ത്താവ്?'

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

         സംഭ്രമവും സങ്കടവും നിഴലിട്ട മുഖഭാവത്തോടെ വിവശയായി എന്റെ മുറിയില്‍ കയറിവന്ന അവര്‍ നിറകണ്ണുകളോടെ പറഞ്ഞു തുടങ്ങി: ''ഒരു അസാധാരണ സ്ഥിതിയാണ് എന്റേത്. പ്രശ്‌നം ഗുരുതരമാണ്. വിവാഹമോചനം ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, അതിന് സാധിക്കുന്നില്ല.''

''എന്താണ് നിങ്ങളെ അലട്ടുന്ന പ്രശ്‌നം?''

''ഞാന്‍ വിവാഹിതയായിട്ട് പതിനഞ്ച് വര്‍ഷമായി.ജീവിതത്തിലെ മധുരവും കയ്പും പങ്കിട്ട് ഭാര്യക്ക് ചെലവിന് നല്‍കി അവളോട് നല്ല വിധത്തില്‍ പെരുമാറി സന്തോഷകരമായ ദിനങ്ങള്‍ സമ്മാനിക്കുന്നവനായിരിക്കും എന്റെ ഭര്‍ത്താവ് എന്നാണ് ഞാന്‍ മോഹിച്ചതും കരുതിയതും. പക്ഷേ, വിവാഹത്തിന്റെ ആദ്യ ദിവസം തന്നെ ഉണ്ടായ ഞെട്ടലില്‍ നിന്ന് ഞാന്‍ ഇപ്പോഴും കരകയറിയിട്ടില്ല. അയാള്‍ അയാളുടെ ആവശ്യമൊക്കെ നിറവേറ്റി എന്റെ ആഭരണവും പണവുമെല്ലാം എടുത്തുപയോഗിച്ച് എന്നെ ഉപേക്ഷിച്ച് പെരുവഴിയില്‍ തള്ളിയ മാതിരിയാണ്. അയാളുടെ ഈ സമീപനത്തില്‍ ആദ്യമാദ്യം എനിക്ക് അതിശയമാണുണ്ടായത്. അദ്ദേഹത്തിന് എന്തെങ്കിലും പ്രത്യേകമായ സാഹചര്യമോ പ്രശ്‌നമോ ഉള്ളതുകൊണ്ടാവാം ഇങ്ങനെയൊക്കെ എന്ന് ഞാന്‍ സമാധാനിച്ചു. എന്നാല്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഇതേ നില തന്നെ തുടരുകയാണ്. അതിനൊക്കെ പുറമെ, എന്നെ എള്ളോളം ആദരിക്കുകയോ മാന്യമായ ഒരു പെരുമാറ്റത്തിന് അര്‍ഹയായ ഒരു മനുഷ്യ സ്ത്രീയാണ് ഞാന്‍ എന്ന് കരുതുകയോ ചെയ്യാത്ത സമീപനവും. അയാളുടെ ലൈംഗിക കാമനകള്‍ ശമിപ്പിക്കാനുള്ള ഒരു ജീവിയാണ് ഞാന്‍ എന്നേ അയാള്‍ ധരിക്കുന്നുള്ളൂ. എന്നോടൊന്ന് സ്‌നേഹത്തോടെ പെരുമാറുന്നത് പോയിട്ട് സംസാരിക്കാന്‍ പോലും അയാള്‍ക്ക് മനസ്സില്ല. ഏത് നേരവും ദേഷ്യവും പിന്നെ അടിയുടെ പൂരവും. ദാമ്പത്യ ജീവിതം എന്ന ജയിലിലാണ് ഞാന്‍ ഇപ്പോള്‍ പാര്‍ക്കുന്നത്. കുടുംബം എന്ന തടങ്കല്‍പാളയത്തിലാണ് എന്റെ സഹികെട്ട പൊറുതി. ഇതുപോലുള്ള കേസുകളുമായി ആരെങ്കിലും താങ്കളെ സമീപിച്ചിട്ടുണ്ടോ?'' ഒറ്റ വീര്‍പ്പില്‍ അവര്‍ പറഞ്ഞു.

''ഇത്തരം പ്രശ്‌നങ്ങളുമായി നിരവധിയാളുകള്‍ എന്ന സമീപിക്കാറുണ്ട്. എന്റെ ചോദ്യം നിങ്ങള്‍ ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്തു എന്നാണ്. നിങ്ങള്‍ അദ്ദേഹത്തോട് സംസാരിക്കുകയുണ്ടായോ? നിങ്ങളുടെ കൂട്ടുകാരോടോ അദ്ദേഹത്തിന്റെ കുടുംബക്കാരോടോ നിങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയുണ്ടായോ? മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നം തനിക്കുണ്ടെന്ന് അവരെയാരെങ്കിലും നിങ്ങള്‍ ഉണര്‍ത്തുകയുണ്ടായോ?''

''ഉവ്വ്. അതെല്ലാം ഞാന്‍ ചെയ്തു. പക്ഷേ, ഒരു ഫലവുമില്ല. എന്റെ ഭര്‍ത്താവുമായുള്ള പ്രശ്‌നം ഗുരുതരമാണെങ്കില്‍ എന്റെ കുടുംബവുമായുള്ള പ്രശ്‌നം അതീവ ഗുരുതരമാണ്. എന്റെ ദാമ്പത്യ ജീവിതത്തിലെ എല്ലാം വിഷമ പ്രശ്‌നങ്ങളും, ഞാന്‍ നേരിടുന്ന പ്രയാസങ്ങളും എന്റെ പിതാവിനോട് ഞാന്‍ തുറന്നു സംസാരിക്കുകയുണ്ടായിട്ടുണ്ട്. എന്റെ ഭര്‍ത്താവില്‍ എനിക്ക് അരോചകമായി തോന്നിയ കിടപ്പറയിലെ കാര്യങ്ങള്‍ വരെ പിതാവിനോട് എനിക്ക് പറയേണ്ടിവന്നു. വിയര്‍പ്പും ദുര്‍ഗന്ധവുമായി വീട്ടിലേക്ക് കയറിവരുന്ന ഭര്‍ത്താവ് എന്നെ കിടക്കയിലേക്ക് തള്ളി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കും. ഞാന്‍ അതിന് തയാറായില്ലെങ്കില്‍ കലി മൂത്ത അദ്ദേഹം എന്നെ തല്ലും. പിന്നെ ബലം പ്രയോഗിച്ച് വേഴ്ചയില്‍ ഏര്‍പ്പെടും. വികാരങ്ങളും ചോദനകളും കാമനകളും എല്ലാമുള്ള ഒരു മനുഷ്യ സ്ത്രീയാണ് ഞാനുമെന്ന ഒരു ബോധവും അയാള്‍ക്ക് ആ നേരങ്ങളില്‍ ഉണ്ടാവില്ല. ഈ കഥകളെല്ലാം വിശദമായി എനിക്ക് എന്റെ പിതാവിനോട് പറയേണ്ടിവന്നു.''

''എന്തായിരുന്നു പിതാവിന്റെ പ്രതികരണം?'' ഞാന്‍ ചോദിച്ചു.

''എന്റെ പിതാവ് എപ്പോഴും ഉരുവിടുന്ന ഒരു വാക്കുണ്ട്; 'മോളേ നീ ക്ഷമിക്ക്.' പിന്നെ എന്നും ഒരു പല്ലവിയുണ്ട്: 'നമ്മുടെ കുടുംബത്തില്‍ അങ്ങനെ പെണ്‍കുട്ടികള്‍ വിവാഹമോചനം ചെയ്യപ്പെടാറില്ല. അദ്ദേഹം നിന്റെ സ്വര്‍ഗവുമാണ്. നിന്റെ നരകവുമാണ്.' അതും പറഞ്ഞ് പിതാവ് വിദൂരതയിലേക്ക് കണ്ണയച്ചിരിക്കും.''

''നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ അടിക്കുകയും അപമാനിക്കുകയുമൊക്കെ ചെയ്യുന്നതോ? നിങ്ങളുടെ പിതാവ് അതംഗീകരിക്കുമോ?''

''എപ്പോഴും എന്നോട് പറയും, മോളേ ക്ഷമിക്ക്. അടിയൊക്കെ അയാള്‍ നിര്‍ത്തിക്കൊള്ളും.''

''നിങ്ങളുടെ പിതാവ് അയാളോട് ഈ കാര്യങ്ങള്‍ സംസാരിക്കുകയുണ്ടായോ?''

''ഇല്ല.''

''നിങ്ങളുടെ ഭര്‍ത്താവിനോട് സംസാരിക്കാന്‍ പിതാവല്ലാത്ത മറ്റാരോടെങ്കിലും നിങ്ങള്‍ ആവശ്യപ്പെടുകയുണ്ടായോ?''

''മറ്റാരെങ്കിലും ഇടപെടുന്നത് എന്റെ പിതാവിനിഷ്ടമല്ല.''

''നിങ്ങളുടെ അവകാശങ്ങള്‍ വകവെച്ചു കിട്ടാന്‍ കോടതിയെ സമീപിച്ചുകൂടേ?''

''അത് സംഭവിക്കാന്‍ പോകുന്നില്ല. സ്ത്രീകള്‍ കോടതികളെ സമീപിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല.''

''പതിവുകളും പാരമ്പര്യങ്ങളുമെല്ലാം മനുഷ്യനെ അക്രമത്തില്‍ നിന്ന് കാത്തു രക്ഷിക്കാനാവണം. എന്നും അക്രമത്തിന്റെയും ചൂഷണത്തിന്റെയും തടവറയില്‍ തളച്ചിടാനാവരുത് അവ. നിങ്ങളുടെ പിതാവ് സമ്പ്രദായങ്ങളെ തെറ്റായ രീതിയില്‍, മതവിധികള്‍ക്ക് നിരക്കാത്ത വിധത്തിലാണ് നടപ്പാക്കാന്‍ നോക്കുന്നത്. വിവാഹമോചിതകളായ രണ്ട് പെണ്‍കുട്ടികള്‍ നബി(സ)ക്കുണ്ടായിരുന്നുവെന്ന് പിതാവിന് നിങ്ങള്‍ പറഞ്ഞുകൊടുക്കുക. പിന്നെങ്ങനെയാണ് 'നമ്മുടെ കുടുംബത്തില്‍ പെണ്‍കുട്ടികള്‍ വിവാഹമോചനം ചെയ്യപ്പെടാറില്ല' എന്ന് നിങ്ങളുടെ പിതാവ് പറയുക? ഭാര്യയെ അടിക്കുകയും അവഹേളിക്കുകയും, അവള്‍ കിടക്ക പങ്കിടാന്‍ മാത്രമാണെന്ന് ധരിക്കുകയും ചെയ്യുന്നത് ദീനിന് ചേര്‍ന്നതല്ല.''

''എനിക്കറിയാം ഇതൊക്കെ. പക്ഷേ, എന്റെ പിതാവിനെ ഇതൊക്കെ മനസ്സിലാക്കിക്കൊടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.''

''നിങ്ങളുടെ പിതാവ് നബിവചനം തെറ്റായി ധരിച്ചതാണെന്ന് നിങ്ങള്‍ക്കറിയാമോ?''

''എന്നു വെച്ചാല്‍?''

''ഈ ഹദീസിന് ഒരു കഥയുണ്ട്. ഹുസൈന്‍ ബ്‌നു മുഹ്‌സിന്‍ പറഞ്ഞ കഥയാണത്. അദ്ദേഹത്തിന്റെ ഒരു പിതൃസഹോദരി നബി(സ)യെ ഏതോ ഒരു കാര്യം ഉണര്‍ത്തിക്കാന്‍ ചെന്നു. സംസാരമൊക്കെ കഴിഞ്ഞപ്പോള്‍ നബി(സ) അവരോട് ചോദിച്ചു: 'വിവാഹിതയാണോ നീ?' അവര്‍ പറഞ്ഞു: 'അതേ റസൂലേ.' പിന്നെ നബി(സ)യുടെ ചോദ്യം: 'നീ അയാളുമായി എങ്ങനെയാണ്?' 'കഴിയാവുന്നിടത്തോളം അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു വീഴ്ചയും വരുത്താതെ ഞാന്‍ നോക്കുന്നുണ്ട്.' നബി(സ): 'നീ അയാളുമായി എങ്ങനെയെന്ന് നന്നായി ആലോചിക്കണം. അദ്ദേഹം നിന്റെ സ്വര്‍ഗവുമാണ് നരകവുമാണ്.' അതിനര്‍ഥം, ഭര്‍ത്താവിനെ അനുസരിച്ച് ജീവിച്ചാല്‍ ഭാര്യയുടെ സ്വര്‍ഗപ്രവേശത്തിന് ഭര്‍ത്താവ് കാരണക്കാരനായിത്തീരുമെന്നാണ്; അനുസരണക്കോട് കാണിച്ചാല്‍ നരകപ്രവേശത്തിന് ഹേതുവാകുമെന്നും. നിങ്ങളുടെ ഭര്‍ത്താവ് ചെയ്യുന്നതുപോലെ തല്ലുകയും നിന്ദിക്കുകയും ചെലവ് ചെയ്യാതിരിക്കുയും ബലം പ്രയോഗിച്ച് ക്രൂരമായി ലൈംഗിക വേഴ്ച നടത്തുകയുമൊക്കെ ചെയ്തിട്ട് അത്തരമാളുകള്‍ സ്വര്‍ഗവും നരകവും ആണെന്നല്ല നബി(സ) പറഞ്ഞത്. നിങ്ങളെപ്പോലെയുള്ള ഭാര്യമാര്‍ അത്തരം ഭര്‍ത്താക്കന്മാരുടെ നരകഹേതുവാണ്. അത്തരം ഭര്‍ത്താവ് നരകത്തിലെത്തും. അതേസമയം അയാള്‍ നിങ്ങള്‍ക്ക് നരകഹേതുവാകില്ല. കാരണം അയാള്‍ ആസുരനായ ഭര്‍ത്താവാണ്.''

''നിങ്ങളുടെ സംസാരം എനിക്ക് തെല്ലൊന്നുമല്ല ആശ്വാസം പകര്‍ന്നത്. നിങ്ങള്‍ ഇപ്പോള്‍ എന്റെ പ്രശ്‌നം പരിഹരിച്ചുതന്നില്ലെങ്കിലും ചില തെറ്റായ ധാരണകള്‍ തിരുത്താന്‍ നിങ്ങളുടെ സംസാരം ഉതകി.''

''ഇതുപോലുള്ള ഒരു സിറ്റിംഗ് കൊണ്ട് തീരുന്നതല്ല നിങ്ങളുടെ പ്രശ്‌നം. പ്രാര്‍ഥന കൈവിടാതിരിക്കുക. ലക്ഷ്യവേധിയായ അമ്പാണ് പ്രാര്‍ഥന. അതൊരിക്കലും ഉന്നം തെറ്റില്ലെന്നോര്‍ക്കണം. അവസ്ഥകള്‍ നന്നാവാനോ വേര്‍പിരിയാനോ ഉള്ള ആത്മാര്‍ഥ ശ്രമങ്ങള്‍ തുടരുക. മര്‍ദിതന് വൈകിയായാലും അല്ലാഹുവിന്റെ സഹായം ഉണ്ടാവും എന്നോര്‍ത്ത് മനസ്സമാധാനത്തോടെ കഴിയുക. അല്ലാഹുവിന്റെ പക്കല്‍ നിങ്ങള്‍ക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് മറക്കാതിരിക്കുക.''

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21/ അല്‍അമ്പിയാഅ്/ 7-10
എ.വൈ.ആര്‍