ഹയ്യ് ബ്‌നു യഖ്ദാന്‍
പിന്നെയവന്‍ വിവിധ വര്‍ഗങ്ങളില്‍ പെട്ട സസ്യങ്ങളെക്കുറിച്ച് ചിന്തിച്ചു. അപ്പോള്‍ ഓരോ ഇനത്തിലും പെട്ട സസ്യങ്ങള്‍ക്കെല്ലാം പരസ്പരം സാദൃശ്യമുള്ളതായി കാണപ്പെട്ടു. അവയുടെ കൊമ്പുകള്‍, ഇലകള്‍, പൂക്കള്‍, പഴങ്ങള്‍, അവ വളരുന്ന രീതി ഇവയൊക്കെയും ഒരുപോലെയാണ്. അവയെ ജീവികളുമായി താരതമ്യപ്പെടുത്തി നോക്കിയപ്പോള്‍ എന്തോ ഒന്ന് അവയിലും പൊതുവായുള്ളതായി കണ്ടു; ജീവികള്‍ക്ക് ജീവാത്മാവ് ഉള്ളതുപോലെ. ആ ഒന്ന് കാരണം അവയും ഒന്നാകുന്നു.
അപ്രകാരം മുഴുവന്‍ സസ്യവര്‍ഗങ്ങളെക്കുറിച്ചും അവന്‍ പര്യാലോചന നടത്തുകയും അവയെല്ലാം ആഹാരം സ്വീകരിക്കുകയും വളരുകയും ചെയ്യുന്നതായി കാണുകയും അതിന്റെ അടിസ്ഥാനത്തില്‍ സസ്യവര്‍ഗങ്ങളെല്ലാം ഒന്നാണെന്ന നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്തു.
അനന്തരം സസ്യവര്‍ഗങ്ങളെയും ജീവിവര്‍ഗങ്ങളെയും കുറിച്ച് ചിന്തിച്ചപ്പോള്‍ ആഹാരം കഴിക്കുക, വളരുക എന്നീ ഗുണങ്ങള്‍ അവക്കെല്ലാം ഉള്ളതായി കണ്ടു. എന്നാല്‍ സസ്യങ്ങള്‍ക്കില്ലാത്ത ചില അധിക ഗുണങ്ങള്‍ ജീവികള്‍ക്കുണ്ട്. ബോധം, സഞ്ചാരം എന്നിവയാണത്. ചിലപ്പോള്‍ ഇവയോട് അടുത്തുനില്‍ക്കുന്ന ചില ഗുണങ്ങള്‍ ചെടികളിലും കാണാന്‍ കഴിഞ്ഞു; പുഷ്പങ്ങള്‍ സൂര്യന്റെ ഭാഗത്തേക്ക് തിരിയുന്നത്, വേരുകള്‍ ഭക്ഷണമുള്ള സ്ഥലങ്ങളിലേക്ക് നീളുന്നത് എന്നിങ്ങനെ. ഇതിനു കാരണം അവയില്‍ പൊതുവായുള്ള ഒരു ഗുണമാണ്. ജീവികളില്‍ ഈ ഗുണങ്ങള്‍ പൂര്‍ണവും പക്വവുമാണ്. എന്നാല്‍, സസ്യങ്ങളില്‍ അത് പരിമിതവും നിയന്ത്രിതവുമാണ് എന്ന വ്യത്യാസമേയുള്ളൂ. അതിനാല്‍ സസ്യങ്ങളും ജീവികളും ഒന്നാണെന്ന് അവന്‍ മനസ്സിലാക്കി.
അചേതന വസ്തുക്കളെക്കുറിച്ചാണ് പിന്നീടവന്‍ ചിന്തിച്ചത്; ബോധവും വികാരവും ഭക്ഷണവും വളര്‍ച്ചയുമില്ലാത്ത കല്ല്, മണ്ണ്, വെള്ളം, വായു, അഗ്നി തുടങ്ങിയ പദാര്‍ഥങ്ങളെക്കുറിച്ച്. അവയെല്ലാം ത്രിമാനങ്ങളാണ്; അഥവാ അവക്കെല്ലാം നീളവും വീതിയും ഘനവും ഉണ്ട്. നിറമുള്ളത്, നിറമില്ലാത്തത്, ചൂടുള്ളത്, തണുത്തത് തുടങ്ങിയ വ്യത്യാസങ്ങള്‍ മാത്രമേ അവക്കിടയിലുള്ളൂ.
എന്നാല്‍ ചൂടുള്ള വസ്തുക്കള്‍ തണുക്കുന്നതായും തണുത്ത വസ്തുക്കള്‍ ചൂടുപിടിക്കുന്നതായും അവന്‍ നിരീക്ഷിച്ചു. വെള്ളം ആവിയാകുന്നതും ആവി വെള്ളമാകുന്നതും അവന്‍ ശ്രദ്ധിച്ചു. കത്തിച്ച വസ്തുക്കള്‍ കരിയും ചാരവും തീയും പുകയുമായി മാറുന്നു. പുക മേലോട്ട് ഉയര്‍ന്നുപോകുമ്പോള്‍ കല്ലിന്റെ ഒരു മേലാപ്പുകൊണ്ട് തടഞ്ഞുനിര്‍ത്തിയാല്‍ അതവിടെ ഉറച്ച് പറ്റിപ്പിടിച്ച് മണ്‍തരികള്‍ പോലുള്ള ഒരു വസ്തുവായി മാറുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് ഈ വിവിധ വസ്തുക്കളെല്ലാം യഥാര്‍ഥത്തില്‍ ഒന്നാണെന്നാണ്, അവ പലതായും അനേകമായും കാണപ്പെടുന്നത് മറ്റു ചില കാരണങ്ങളും സാഹചര്യങ്ങളും കൊണ്ടു മാത്രമാണ്. ജീവികളും സസ്യങ്ങളുമൊക്കെ അനേകങ്ങളായി കാണപ്പെടുന്നതുപോലെയാണ് ഇതും.
പിന്നെയവന്‍ ജീവികളെയും സസ്യങ്ങളെയും ഒന്നിപ്പിക്കുന്ന ആ വസ്തുവിനെക്കുറിച്ചാണ് ചിന്തിച്ചത്. നീളവും വീതിയും ഘനവുമുള്ള ഒരു ത്രിമാന ശരീരമായിരിക്കണം അതെന്ന് അവന്‍ ഊഹിച്ചു. അചേതന വസ്തുക്കളെപ്പോലെ അതും തണുത്തതോ ചൂടുള്ളതോ ആവാം. ജീവികളിലും സസ്യങ്ങളിലും അവയുടെ അവയവങ്ങളിലൂടെ അത് വെൡപ്പടുത്തുന്ന സവിശേഷമായ പ്രവൃത്തികള്‍ മാത്രമാണ് അതിനെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ ഈ പ്രവൃത്തികള്‍ അതില്‍ത്തന്നെ ഉള്ളതായിരിക്കണമെന്നില്ല. മറ്റു വല്ല വസ്തുവില്‍ നിന്നും അതിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടതാവാമത്. ബാഹ്യദൃഷ്ടിയില്‍ ഈ പ്രവൃത്തികളെല്ലാം അതില്‍ നിന്നുണ്ടാകുന്നതാണെന്ന് തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ എല്ലാ പ്രവൃത്തികളില്‍ നിന്നും മുക്തമായ ഒരു വസ്തുവായിട്ടാണ് അവനതിനെ കണ്ടത്; അചേതന വസ്തുക്കളെപ്പോലുള്ള ഒരു വസ്തു. അങ്ങനെ ചിന്തിച്ചപ്പോള്‍ ഒരു കാര്യം ബോധ്യപ്പെട്ടു: ജീവനുള്ളതും ജീവനില്ലാത്തതും ചലനമുള്ളതും ചലനമില്ലാത്തതുമായ എല്ലാ വസ്തുക്കളും യഥാര്‍ഥത്തില്‍ ഒന്നാണ്. ചിലത് അവയുടെ അവയവങ്ങളിലൂടെ ചില പ്രവൃത്തികള്‍ പ്രത്യക്ഷപ്പെടുത്തുന്നുണ്ടെങ്കിലും ആ പ്രവൃത്തികള്‍ അവയില്‍ തന്നെ ഉള്ളതാണോ അതല്ല, മറ്റു വല്ലതില്‍ നിന്നും കൂട്ടിച്ചേര്‍ക്കപ്പെടുന്നതാണോ എന്ന കാര്യം സ്പഷ്ടമല്ല.
വസ്തുക്കളെക്കുറിച്ച് മാത്രമാണ് ഇത്രയും കാലം അവന്‍ ചിന്തിച്ചുകൊണ്ടിരുന്നത്. അതുവഴി സകല വസ്തുക്കളും ഒന്നാണെന്ന നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്തു. പ്രത്യക്ഷത്തില്‍ എണ്ണവും അറ്റവുമില്ലാത്ത അനേകം വസ്തുക്കളെ അവന്‍ കാണുന്നുണ്ടായിരുന്നു. എങ്കിലും ഈ അനേകത്വം യഥാര്‍ഥമല്ലെന്നും അനേകങ്ങളായി കാണപ്പെടുന്നതെല്ലാം വാസ്തവത്തില്‍ ഒന്നു മാത്രമാണെന്നും അവന്‍ മനസ്സിലാക്കി.
കുറച്ചുകാലം ഈ തോന്നല്‍ നിലനിന്നു. പിന്നെ അചേതനവും സചേതനവുമായ എല്ലാത്തരം വസ്തുക്കളെക്കുറിച്ചും അവന്‍ ആലോചിച്ചു. ചിലപ്പോള്‍ ഒന്നാണെന്നും ചിലപ്പോള്‍ അനേകമാണെന്നും തോന്നിയിരുന്ന അവയെപ്പറ്റി വിചിന്തനം നടത്തിയപ്പോള്‍ അവക്ക് രണ്ടുതരം ചലനങ്ങള്‍ ഉള്ളതായി കാണപ്പെട്ടു. വായു, പുക, ജ്വാല എന്നിവയെപ്പോലെ മേലോട്ടുള്ളതാണ് ഒരു ചലനം. മണ്ണ്, വെള്ളം, കല്ല്, ജന്തുക്കളുടെയും സസ്യങ്ങളുടെയും ഭാഗങ്ങള്‍ എന്നിവയുടേത് പോലെ താഴോട്ടുള്ള ചലനമാണ് രണ്ടാമത്തേത്. ഈ രണ്ടാലൊരു ചലനം ഇല്ലാത്ത യാതൊന്നുമില്ല. മറ്റൊരു വസ്തുവിനെക്കൊണ്ട് തടഞ്ഞുവെച്ചാല്‍ മാത്രമേ അവ നിശ്ചലമായി നില്‍ക്കുകയുള്ളൂ. താഴോട്ട് വീണുകൊണ്ടിരിക്കുന്ന ഒരു കല്ലിനെ ഉദാഹരണമായെടുക്കാം. ഭൂമിയുടെ ഉറച്ച പ്രതലമാണ് അതിനെ തടത്തുനിര്‍ത്തുന്നത്. മണ്ണ് തുളച്ചു മുന്നോട്ടുപോകാന്‍ അതിനു സാധിക്കുമായിരുന്നുവെങ്കില്‍ അതിന്റെ വീഴ്ച തുടരുമായിരുന്നു. അതുകൊണ്ടാണ് അതിനെ എടുത്തുപൊക്കുമ്പോള്‍ അത് കൈകളെ കീഴ്‌പോട്ട് അമര്‍ത്തുന്നത്; താഴോട്ട് തന്നെ പോകാന്‍ അത് ആഗ്രഹിക്കുന്നത് പോലെ. അപ്രകാരം പുക മേല്‍പോട്ടുള്ള അതിന്റെ സഞ്ചാരവും തുടര്‍ന്നുകൊണ്ടിരിക്കാന്‍ ആഗ്രഹിക്കുന്നു. കട്ടിയുള്ള ഒരു മേലാപ്പ് കൊണ്ട് അതിന്റെ ഗതിയെ തടസ്സപ്പെടുത്തിയാല്‍ അത് ഇടതുഭാഗത്തേക്കും വലതുഭാഗത്തേക്കും പിരിഞ്ഞുപോകുന്നത് കാണാം. പിന്നെ മേലാപ്പ് മാറ്റിയാല്‍ വീണ്ടും ഒരുമിച്ചു കൂടി വായുവിലൂടെ മേലോട്ട് കയറിപ്പോവുകയും ചെയ്യുന്നു. വായുവിന് അതിന്റെ സഞ്ചാരത്തെ തടഞ്ഞുനിര്‍ത്താന്‍ മാത്രം കട്ടിയില്ല.
ഒരു തോല്‍പ്പാത്രം വായു നിറച്ച് മുഖം മുറുക്കിയടച്ച് വെള്ളത്തില്‍ മുക്കിപ്പിടിച്ചാല്‍ അത് മേലോട്ട് പൊങ്ങാന്‍ ശ്രമിക്കുന്നത് കാണാം. അതിനെ വെള്ളത്തില്‍ മുക്കിപ്പിടിച്ച കൈകളെ മേലോട്ട് ശക്തിയായി തള്ളുകയും ചെയ്യുന്നു. വായു മണ്ഡലത്തില്‍ എത്തുന്നത് വരെ ഈ പരിശ്രമം അത് തുടര്‍ന്നുകൊണ്ടിരിക്കും. അവിടെ എത്തിയ ശേഷം മാത്രമേ അത് വിശ്രമിക്കുകയുള്ളൂ. അതോടെ അതിന്റെ തള്ളലും മേലോട്ടുള്ള വെമ്പലും അവസാനിക്കുന്നു.
ഇപ്പറഞ്ഞ രണ്ടുതരം ചലനങ്ങളോ അതിനായുള്ള ഒരു വെമ്പലോ കാണിക്കാത്ത ഏതെങ്കിലും വസ്തുവിനെ കണ്ടെത്താന്‍ കഴിയുമോ എന്നായിരുന്നു അവന്റെ അടുത്ത അന്വേഷണം. പക്ഷേ, അങ്ങനെയുള്ള യാതൊന്നിനെയും കാണാന്‍ സാധിച്ചില്ല. വസ്തുക്കളെ അവയുടെ തല്‍സ്വരൂപത്തില്‍, എല്ലാ ഗുണങ്ങളില്‍ നിന്നും മുക്തമായ നിലയില്‍, കാണാനുള്ള ഉല്‍ക്കടമായ ആഗ്രഹം കൊണ്ടാണ് ഈയൊരന്വേഷണത്തിന് അവന്‍ മുതിര്‍ന്നത്. അനേകത്വം ഉടലെടുക്കുന്നത് ഗുണവിശേഷങ്ങളില്‍ നിന്നാണല്ലോ. അതിനാല്‍, നിര്‍ഗുണമായ അവസ്ഥയില്‍ വസ്തുക്കളെ കാണാന്‍ അവന്‍ കൊതിച്ചു. പക്ഷേ, അങ്ങേയറ്റം പ്രയാസകരമായൊരു പണിയാണതെന്ന് എളുപ്പം ബോധ്യപ്പെട്ടു. അതിനാല്‍ ഗുണവിശേഷങ്ങള്‍ ഏറ്റവും കുറഞ്ഞ വസ്തുക്കളെ വെച്ച് അന്വേഷണം തുടര്‍ന്നു. എന്നാല്‍, മുകളില്‍ പറഞ്ഞ ഭാരം അഥവാ ഭാരമില്ലായ്മ എന്നീ രണ്ട് ഗുണങ്ങളില്‍ ഏതെങ്കിലും ഒന്നില്ലാത്ത ഒരു വസ്തുവിനെയും കാണാന്‍ സാധിച്ചില്ല. അതിനാല്‍ ആ രണ്ട് ഗുണങ്ങളുടെ സ്വഭാവത്തെക്കുറിച്ച് അവന്‍ ആലോചിച്ചു. ഈ ഗുണങ്ങള്‍ അവയില്‍ തന്നെ ഉള്ളതാണോ? അതല്ല, പിന്നീട് അവയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഗുണങ്ങളാണോ അവ?
ഭാരവും ഭാരമില്ലായ്മയും വസ്തുക്കളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഗുണങ്ങളാണെന്ന് അവന്‍ മനസ്സിലാക്കി. അവ രണ്ടും വസ്തുക്കളില്‍ തന്നെയുള്ള ഗുണങ്ങളാണെങ്കില്‍ അവയില്ലാതെ വസ്തുക്കളെ കാണുകയില്ലല്ലോ.
എന്നാല്‍, ഭാരമുള്ള വസ്തുക്കളില്‍ ഭാരമില്ലായ്മ എന്ന ഗുണം കാണുന്നില്ല. ഭാരമില്ലാത്ത വസ്തുക്കളില്‍ ഭാരം എന്ന ഗുണവും കാണപ്പെടുന്നില്ല. രണ്ടും രണ്ടു വസ്തുക്കളാണെന്ന കാര്യത്തില്‍ സംശയമില്ല. രണ്ടിനും വസ്തു എന്നതില്‍ കവിഞ്ഞ് ഒരു ഗുണവുമുണ്ട്. ആ സവിസേഷ ഗുണമാണ് അവയെ പരസ്പരം വിഭിന്നമാക്കുന്നത്. അതുണ്ടായിരുന്നില്ലെങ്കില്‍ അവ രണ്ടും എല്ലാ അര്‍ഥത്തിലും ഒന്നാകുമായിരുന്നു.
അങ്ങനെ ചിന്തിച്ചുവന്നപ്പോള്‍ ഭാരമുള്ള വസ്തുവും ഭാരമില്ലാത്ത വസ്തുവും രണ്ട് ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് മനസ്സിലായി. അവയിലൊന്ന് രണ്ടിനും പൊതുവായുള്ളതാണ്. അതാണ് അവയുടെ ധാതു. രണ്ടാമത്തേതാണ് അവയെ പരസ്പരം വ്യത്യസ്തമാക്കുന്നത്. അത് ഒന്നില്‍ ഭാരവും മറ്റേതില്‍ ഭാരമില്ലായ്മയുമാണ്. ധാതുവിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ട ഗുണമാണത്. അതാണ് ഒന്നിനെ മേല്‍പോട്ട് ഉയര്‍ത്തുന്നതും മറ്റേതിനെ താഴോട്ട് വീഴ്ത്തുന്നതും.
ഇപ്രകാരം അചേതനവും സചേതനവുമായ മറ്റു വസ്തുക്കളെക്കുറിച്ചും അവന്‍ വിചിന്തനം നടത്തി. അപ്പോള്‍, അവയുടെയെല്ലാം ഉണ്മ രണ്ട് ഭാവങ്ങളില്‍ സംരചിതമാണെന്ന് ബോധ്യപ്പെട്ടു. ഒരു ധാതുവും അതിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ട ഒന്നോ അതിലധികമോ ഗുണങ്ങളുമാണവ.
അങ്ങനെ വസ്തുക്കളുടെ രൂപങ്ങളെക്കുറിച്ച ഒരാശയം അവന് വെളിപ്പെട്ടു. ആത്മീയ ലോകത്ത് നിന്ന് അവന് ആദ്യമായി വെളിപ്പെട്ട സംഗതിയായിരുന്നു അത്. കാരണം ഈ രൂപങ്ങള്‍ മാംസചക്ഷുക്കള്‍ക്ക് ഗോചരമല്ല. ബുദ്ധി കൊണ്ടുള്ള മനനങ്ങളില്‍ മാത്രമേ അവ പ്രത്യക്ഷമാവുകയുള്ളൂ.
അപ്പോള്‍ മറ്റൊരു കാര്യം കൂടി ബോധ്യപ്പെട്ടു. ഹൃദയത്തില്‍ കുടിയിരിക്കുന്ന ആത്മാവിനും അതിന്റെ ധാതുവിന് പുറമെ മറ്റൊരു ഭാവം കൂടി ഉണ്ടായിരിക്കും. അതാണ് നാനാതരം വികാരങ്ങള്‍, പലവിധ അവബോധങ്ങള്‍, ചലനങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന അനേകം പ്രവൃത്തികള്‍ക്ക് അതിനെ പ്രാപ്തമാക്കുന്നത്. പ്രസ്തുത ഗുണമാണ് അതിന്റെ രൂപം. അതാണ് മറ്റു വസ്തുക്കളില്‍നിന്ന് അതിനെ വ്യത്യസ്തമാക്കുന്നത്. അതിനെയാണ് ദാര്‍ശനികന്മാര്‍ ജീവാത്മാവ് എന്ന് വിളിക്കുന്നത്.
ഇപ്രകാരം, ജീവജാലങ്ങളിലെ ജീവാത്മാവിന്റെ സ്ഥാനത്ത് സസ്യങ്ങളിലും അവക്ക് മാത്രമായുള്ള ഒന്ന് ഉണ്ടായിരിക്കും. അതിനെയാണ് ചിന്തകന്മാര്‍ സസ്യാത്മാവ് എന്ന് വിളിക്കുന്നത്.
ഇതുപോലെ അചേതന വസ്തുക്കളുടെ വ്യതിരിക്തമായ ചലനങ്ങള്‍ക്കും പ്രകൃതങ്ങള്‍ക്കും കാരണമായ ഒന്ന് അവയിലുമുണ്ട്. അതാണ് അവയുടെ രൂപം. ചിന്തകന്മാര്‍ അതിനെ പ്രകൃതി എന്ന് വിളിക്കുന്നു.
ഇങ്ങനെ താന്‍ ഉല്‍ക്കടമായി അന്വേഷിച്ചുകൊണ്ടിരുന്ന ആത്മാവിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ അതിന്റെ യാഥാര്‍ഥ്യം ഒരു ധാതുവും അതിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ട ഗുണവും ചേര്‍ന്നതാണെന്ന് അവന് വ്യക്തമാവുകയുണ്ടായി. ഈ ധാതു എന്ന ആശയം സകല വസ്തുക്കള്‍ക്കും പൊതുവായുള്ളതാണ്. എന്നാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഗുണം ഓരോ വസ്തുവിലും സവിശേഷമത്രെ.
പൊടുന്നനെ, ധാതു എന്ന ആശയത്തോട് അവന് താല്‍പര്യം കുറയുകയും അതുപേക്ഷിച്ച് ഗുണങ്ങളില്‍ ചിന്തയെ കേന്ദ്രീകരിക്കുകയും ചെയ്തു. അതിനെയാണ് ആത്മാവ് എന്ന് വിളിക്കുന്നത്. അതിന്റെ പ്രകൃതം മനസ്സിലാക്കാന്‍ അവന്‍ അദമ്യമായി ആഗ്രഹിച്ചു. ആദ്യം സകല വസ്തുക്കളെയും അവന്‍ വിശകലനം ചെയ്തു. വസ്തുക്കള്‍ എന്ന നിലക്കല്ല. പകരം പരസ്പരം വേര്‍തിരിക്കുന്ന സവിശേഷ ഗുണങ്ങളുള്ള രൂപങ്ങളായി അവയെ കണ്ടുകൊണ്ടാണ് ചിന്തിച്ചത്.
അപ്പോള്‍ ഒരു കൂട്ടം വസ്തുക്കള്‍ ഒരേ രൂപം പങ്കുവെക്കുന്നതായും അവയില്‍ നിന്ന് ഒന്നോ അതിലധികമോ പ്രവൃത്തികള്‍ ഉണ്ടാകുന്നതായും കണ്ടു. മറ്റൊരു കൂട്ടം വസ്തുക്കള്‍ അതേ രൂപം പങ്കിടുമ്പോള്‍ തന്നെ രണ്ടാമതൊരു രൂപം കൂടി ഉള്‍ക്കൊള്ളുന്നതായും മറ്റു ചില പ്രവൃത്തികള്‍ കൂടി ചെയ്യുന്നതായും കാണപ്പെട്ടു. പിന്നെ മൂന്നാമതൊരു കൂട്ടം ഒന്നും രണ്ടും രൂപങ്ങള്‍ പങ്കിടുന്നതോടൊപ്പം അവക്ക് മൂന്നാമതൊരു രൂപം കൂടി ഉള്ളതായും വേറെ ചില പ്രവൃത്തികള്‍ കൂടി ചെയ്യുന്നതായും കണ്ടു.
ഒരു ഉദാഹരണത്തിലൂടെ ഇത് വിശദമാക്കാം: മണ്ണ്, കല്ല്, ഖനിജങ്ങള്‍, സസ്യങ്ങള്‍, ജീവികള്‍ തുടങ്ങിയ വസ്തുക്കളെല്ലാം ഒരേ രൂപം പങ്കുവെക്കുകയും അവയില്‍ നിന്ന് ഒരേ പ്രവൃത്തി ഉണ്ടാവുകയും ചെയ്യുന്നു. താഴോട്ടുള്ള ചലനമാണത്. ഈ ചലനത്തെ തടസ്സപ്പെടുത്തുന്ന ഒന്നുമില്ലെങ്കില്‍ അവ താഴോട്ടുതന്നെ പോയിക്കൊണ്ടിരിക്കും. ഇനി അവയെ മേലോട്ട് തള്ളിയ ശേഷം സ്വതന്ത്രമായി വിട്ടാലും താമസിയാതെ തന്നെ അവ താഴോട്ട് തിരിച്ചുവരും. ഇതേ ഗണത്തില്‍ പെട്ട ജീവികള്‍, സസ്യങ്ങള്‍ എന്നിവക്ക് ആദ്യം പറഞ്ഞ രൂപം ഉണ്ടായിരിക്കെത്തന്നെ മറ്റൊരു രൂപം കൂടിയുണ്ട്. അതില്‍ നിന്നാണ് ആഹാരം കഴിക്കുക, വളരുക എന്നീ പ്രവൃത്തികള്‍ ഉടലെടുക്കുന്നത്. ആഹാരം കഴിക്കുക എന്നാല്‍ ഉപയോഗിച്ചുകഴിഞ്ഞ ഭക്ഷണത്തിന്റെ സ്ഥാനത്തേക്ക് അതുപോലുള്ള പുതിയ വസ്തുക്കളെ സ്വീകരിക്കുകയും അവയെ ദഹിപ്പിച്ച് സ്വന്തം ശരീരാംശമാക്കി മാറ്റുകയും ചെയ്യുക എന്നാണ്. നിശ്ചിത അനുപാതത്തില്‍ നീളത്തിലേക്കും വീതിയിലേക്കും ഘനത്തിലേക്കുമുള്ള വികാസത്തെയാണ് വളര്‍ച്ച എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
ആഹാരം കഴിക്കലും വളരലും ജീവജാലങ്ങളിലും സസ്യജാലങ്ങളിലും പൊതുവായി കാണപ്പെടുന്ന ഗുണമാണ്. രണ്ടിനും പൊതുവായുള്ള രൂപത്തില്‍ നിന്നാണ് ഈ പ്രവൃത്തികള്‍ ഉടലെടുക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനെയാണ് സസ്യാത്മാവ് എന്ന് വിളിക്കുന്നത്.
ഇക്കൂട്ടത്തില്‍ തന്നെയുള്ള മറ്റൊരു വിഭാഗമാണ് ജീവജാലങ്ങള്‍. ഒന്നാമത്തെയും രണ്ടാമത്തെയും രൂപങ്ങള്‍ക്കൊപ്പം അവക്ക് മൂന്നാമതൊരു രൂപം കൂടിയുണ്ട്. സംവേദനവും സഞ്ചാരശേഷിയുമാണത്.
ഇതിനു പുറമെ, ഓരോ ഇനത്തില്‍ പെട്ട ജീവജാലങ്ങള്‍ക്കും പ്രത്യേകമായ ചില ഗുണങ്ങള്‍ ഉള്ളതായി അവന്‍ നിരീക്ഷിച്ചു. അതാണ് മറ്റുള്ളവയില്‍ നിന്ന് അവയെ വ്യതിരിക്തമാക്കുന്നത്. ഓരോ ഇനത്തിനും പ്രത്യേകമായുള്ള ഒരു രൂപത്തില്‍ നിന്നായിരിക്കണം ഈ വ്യത്യസ്തത ഉടലെടുക്കുന്നത്. പ്രസ്തുത രൂപം മറ്റു ജീവജാലങ്ങളുമായി അവ പങ്കുവെക്കുന്ന പൊതുരൂപത്തിന് പുറമെ കൂട്ടിച്ചേര്‍ക്കപ്പെട്ട ഒരധികരൂപവുമായിരിക്കണം. ഇങ്ങനെ തന്നെയാവണം സസ്യങ്ങള്‍ക്കിടയിലും അനേകം ഇനങ്ങള്‍ ഉടലെടുക്കുന്നതെന്നും അവന്‍ മനസ്സിലാക്കി.
(തുടരും)
വിവ: റഹ്മാന്‍ മുന്നൂര്ചിത്രീകരണം: എം. കുഞ്ഞാപ്പ
Comments