Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 19

ശ്ലാഘനീയമായ കോടതി വിധി

         വിചാരണത്തടവുകാരുടെ കാര്യത്തില്‍ സുപ്രീംകോടതി ഇക്കഴിഞ്ഞ സെപ്തംബര്‍ 5-ന് പുറപ്പെടുവിച്ച വിധി ഏറെ ശ്ലാഘനീയമാകുന്നു. വധശിക്ഷയര്‍ഹിക്കുന്നവരല്ലാത്ത വിചാരണത്തടവുകാര്‍ കുറ്റം തെളിഞ്ഞാല്‍ ലഭിക്കാവുന്ന ശിക്ഷയുടെ പകുതി കാലമെങ്കിലും ജയിലില്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ സ്വന്തം ജാമ്യത്തില്‍ വിട്ടയക്കപ്പെടണമെന്ന് കല്‍പിച്ചിരിക്കുകയാണ് ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ, ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, റോഹിത്ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ ബഞ്ച്. വര്‍ഷങ്ങളായി തടവറയില്‍ പീഡനമനുഭവിക്കുന്ന ലക്ഷക്കണക്കിന് വിചാരണത്തടവുകാര്‍ക്ക് മുമ്പില്‍ നീതിയുടെയും വിമോചനത്തിന്റെയും വാതില്‍ തുറന്നിരിക്കുകയാണ് കോടതി. വിചാരണത്തടവുകാര്‍ മാത്രമല്ല, അവരുടെ ദുര്‍ഗതിയില്‍ വേപഥു കൊള്ളുന്ന നീതിബോധമുള്ളവരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ വിധിയെ സസന്തോഷം സ്വാഗതം ചെയ്യുന്നു.

രാജ്യത്ത് 3.8 ലക്ഷം തടവുകാരുള്ളതില്‍ 2.5 ലക്ഷവും വിചാരണത്തടവുകാരാണ്. എന്നു വെച്ചാല്‍ മൂന്നില്‍ രണ്ട് തടവുകാരും കുറ്റം തെളിയിക്കപ്പെടാത്തവരാണ്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതികള്‍ നിരപരാധികളായി കണക്കാക്കപ്പെടണമെന്നാണ് നീതിശാസനം. നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അനിവാര്യമായി ചെയ്യേണ്ടിവരുന്ന ഒരന്യായമാണ് വിചാരണത്തടവ്. സംശയിക്കപ്പെടുന്ന പ്രതികളെ സ്വതന്ത്രരായി വിട്ടാല്‍ അവര്‍ ഒളിവില്‍ പോകാം, സാക്ഷികളെ സ്വാധീനിക്കാം, തെളിവുകള്‍ നശിപ്പിക്കാം. ഇതൊഴിവാക്കി നീതിയും നിയമവും സംരക്ഷിക്കാനാണ് വിചാരണത്തടവ്. ഈ പഴുത് ഉപയോഗിച്ച് എതിര്‍ ശബ്ദങ്ങളെയും അനഭിമതരെയും ഒതുക്കുന്നതിനും വര്‍ഗീയ-ജാതീയ വൈരം തീര്‍ക്കുന്നതിനും, സര്‍ക്കാറും പോലീസും നിരപരാധികളെ കേസുകളില്‍ കുടുക്കി വര്‍ഷങ്ങളോളം വിചാരണാത്തടവുകാരാക്കി പീഡിപ്പിക്കുന്നത് ഇന്ത്യയില്‍ സാധാരണമായിരിക്കുന്നു. വിചാരണത്തടവുകാരാക്കി വിടുവേല ചെയ്യിക്കാന്‍ കുട്ടികളെപ്പോലും പോലീസ് പിടികൂടാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജീവപര്യന്തം ശിക്ഷ ലഭിച്ച 'കൊലയാളികള്‍' തടവില്‍ കിടക്കുമ്പോള്‍ കൊല്ലപ്പെട്ടവര്‍ ജീവനോടെ പ്രത്യക്ഷപ്പെട്ട സംഭവങ്ങളുമുണ്ട്. മാലേഗാവ്-മക്കാ മസ്ജിദ് സ്‌ഫോടനങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍ വിചാരണത്തടവില്‍ വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം ആ ചെറുപ്പക്കാര്‍ക്ക് അതില്‍ ഒരു പങ്കുമില്ലെന്നും തങ്ങളാണ് യഥാര്‍ഥ പ്രതികളെന്നും ഏറ്റു പറഞ്ഞുകൊണ്ട് ചില ഹിന്ദുത്വ പ്രവര്‍ത്തകര്‍ രംഗത്ത് വരികയുണ്ടായി. പ്രതികള്‍ അറസ്റ്റിലായാല്‍ 180 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ചട്ടം. അന്വേഷണോദ്യോഗസ്ഥര്‍ക്ക് താല്‍പര്യമുള്ളവരുടെ കാര്യത്തില്‍ മാത്രമേ ഈ നിയമം പാലിക്കപ്പെടാറുള്ളൂ. അല്ലാത്തവരുടെ കുറ്റപത്ര സമര്‍പ്പണവും കുറ്റപത്ര സമര്‍പ്പണ ശേഷം വിചാരണയും അറ്റമില്ലാതെ നീണ്ടുപോകും. ആരോപിക്കപ്പെട്ട കുറ്റത്തിന് പരമാവധി ലഭിക്കാവുന്ന ശിക്ഷയിലധികം കാലം തടവില്‍ കിടക്കുന്ന എത്രയോ പേര്‍ ഇന്ത്യന്‍ ജയിലുകളിലുണ്ട്.

വിചാരണാ പ്രക്രിയ അനന്തമായി നീണ്ടുപോകുന്നതിന് സുപ്രീം കോടതിയുടെ ഈ വിധി പരിഹാരമാകുന്നില്ല. കേസുകള്‍ പെരുകുന്നതിനനുസരിച്ച് കോടതികള്‍ സ്ഥാപിതമാകേണ്ടതുണ്ട്. ഉള്ള കോടതികളില്‍ ആവശ്യമായ അളവില്‍ ഉദ്യോഗസ്ഥരും വേണം. 30 ദശലക്ഷം കേസുകള്‍ കൈകാര്യം ചെയ്യാന്‍ 16000 ജഡ്ജിമാരാണ് നമുക്കുള്ളതെന്ന് കോടതി തന്നെ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഉള്ള കോടതികളില്‍ തന്നെ രണ്ടായിരത്തോളം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ജാമ്യത്തുക കെട്ടിവെക്കാനില്ലാത്തതുകൊണ്ടും ജാമ്യക്കാരെയും അഭിഭാഷകരെയും ഏര്‍പ്പെടുത്താനാവാത്തതുകൊണ്ടും വിചാരണത്തടവ് നീണ്ടുപോകുന്നവരും ഏറെയാണ്. കുറ്റവാളികളെ തടവില്‍ പാര്‍പ്പിക്കുന്നതിന്റെ ലക്ഷ്യം അവരുടെ മനഃപരിവര്‍ത്തനമാണ്. ഇന്നത്തെ ജയിലുകള്‍ ഈ ലക്ഷ്യം നിറവേറ്റുന്നുണ്ടോ?  കേവല സംശയത്തിന്റെ പേരില്‍ ജയിലിലടക്കപ്പെടുന്ന മര്യാദക്കാരും ഒന്നാംതരം ക്രിമിനലുകളായിത്തീരുന്ന അന്തരീക്ഷമാണ് ജയിലിനകത്തുള്ളത്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം യുക്തമായ പരിഹാരമുണ്ടായാലേ നമ്മുടെ നീതിന്യായ സംവിധാനം ലക്ഷ്യം പ്രാപിക്കൂ. 

കൊലപാതകികളല്ലാത്ത വിചാരണത്തടവുകാരെ, അവര്‍ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷയുടെ പകുതി കാലം ജയിലില്‍ കിടന്നിട്ടുണ്ടെങ്കില്‍ വിട്ടയക്കണമെന്ന് 2005-ല്‍ ക്രിമിനല്‍ നടപടിച്ചട്ടം (സി.ആര്‍.പി.സി 436) ഭേദഗതി ചെയ്ത് നിയമമുണ്ടാക്കിയിട്ടുണ്ടായിരുന്നു. പക്ഷേ, ഇതേവരെ അത് നടപ്പിലാക്കിയിരുന്നില്ല. പ്രസ്തുത നിയമം നടപ്പിലാക്കണമെന്നാണ് ഇപ്പോള്‍ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കാനാവശ്യമായ നടപടിക്രമവും നിര്‍ദേശിച്ചിരിക്കുന്നുവെന്നതാണ് ഈ വിധിയെ ഏറെ ആശാവഹവും സൃഷ്ടിപരവുമാക്കുന്നത്. വധശിക്ഷയര്‍ഹിക്കുന്നവരല്ലാത്ത എല്ലാ വിചാരണാ തടവുകാരും ജയില്‍ മോചനത്തിനര്‍ഹരാണ്. ഈ ഒക്‌ടോബര്‍ ഒന്ന് മുതല്‍ ജില്ലാ മജിസ്‌ട്രേറ്റുമാരും ജഡ്ജിമാരും അവരുടെ കീഴിലുള്ള ജയിലുകള്‍ സന്ദര്‍ശിച്ച് വിടുതലര്‍ഹിക്കുന്ന തടവുകാരെ കണ്ടെത്തി നടപടിയെടുക്കണം. ജയിലുകളില്‍ ജഡ്ജിമാര്‍ക്ക് സിറ്റിംഗിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ജയില്‍ സൂപ്രണ്ടുമാരോടും കോടതി നിര്‍ദേശിച്ചിരിക്കുന്നു. കിട്ടാവുന്ന ശിക്ഷയുടെ പകുതിയിലധികം ജയിലില്‍ കഴിച്ചുകൂട്ടിയവരെക്കുറിച്ചുള്ള വിവരങ്ങള്‍, നടപടി പൂര്‍ത്തിയാകുന്ന മുറക്ക് ജഡ്ജിമാര്‍ ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിനെ അറിയിക്കണം. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ആ വിവരങ്ങള്‍ സുപ്രീംകോടതി രജിസ്ട്രാര്‍ ജനറലിനെ അറിയിക്കണം. ഇതൊക്കെയാണ് ചട്ടങ്ങള്‍.

സുപ്രീംകോടതിയുടെ ഉത്തരവ് ഏറെ ഗുണം ചെയ്യുക മുസ്‌ലിം സമുദായത്തിനാണ്. ജനസംഖ്യയുടെ 13 ശതമാനം മാത്രമുള്ള മുസ്‌ലിംകളാണ് വിചാരണാ തടവുകാരില്‍ 21 ശതമാനവും എന്ന് നാഷ്‌നല്‍ ക്രൈംസ് റെക്കോര്‍ഡ് ബ്യൂറോ വെളിപ്പെടുത്തിയിരിക്കുന്നു. മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതത്തിലേറെ പ്രാതിനിധ്യമുള്ള ഏക മണ്ഡലം തടവറകളാണെന്ന് നേരത്തെ സച്ചാര്‍ കമീഷനും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തടവുകാരില്‍ ഏറിയ കൂറും മുസ്‌ലിംകളും ദലിതരുമായതെന്തുകൊണ്ടാണെന്ന ചോദ്യം ഈയിടെ മുംബൈ ഹൈക്കോടതി ഗൗരവപൂര്‍വം ഉന്നയിക്കുകയുണ്ടായി. മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലുമുള്ള മുസ്‌ലിം യുവാക്കളെ തീവ്രവാദ കേസുകളില്‍ പെടുത്തി തടവിലിട്ട് അവരെയും അവരുടെ കുടുംബത്തെയും തകര്‍ക്കുന്ന പോലീസ് ക്രൂരതയും വര്‍ധിച്ചുവരുന്നു. അതിനെതിരെ മുസ്‌ലിം സമുദായമുയര്‍ത്തിയ മുറവിളികളൊക്കെ നിഷ്ഫലമാവുകയായിരുന്നു. സമുദായത്തിന്റെ പരാതിയെ ശരിവെക്കുന്നതാണ് നാഷ്‌നല്‍ ക്രൈംസ് ബ്യൂറോ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് തങ്ങള്‍ക്ക് നീതിയുടെ വെളിച്ചം നല്‍കുമെന്ന ഉത്തമ വിശ്വാസത്തിലാണ്, അകാരണമായി കാരാഗൃഹങ്ങളില്‍ കിടന്നു നരകിക്കുന്ന മുസ്‌ലിം സഹോദരന്മാര്‍.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21/ അല്‍അമ്പിയാഅ്/ 7-10
എ.വൈ.ആര്‍