Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 19

വക്കം മൗലവിയും കേരള മുസ്‌ലിം നവോത്ഥാനവും

എ. സുഹൈര്‍, ചെയര്‍മാന്‍ വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ്, തിരുവനന്തപുരം-35

വക്കം മൗലവിയും 
കേരള മുസ്‌ലിം നവോത്ഥാനവും

 

         പ്രബോധനം വാരികയില്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്റെ 'തിരിഞ്ഞുനോക്കുമ്പോള്‍' എന്ന ഓര്‍മക്കുറിപ്പുകള്‍ താല്‍പര്യപൂര്‍വമാണ് വായിക്കുന്നത്, കേരള മുസ്‌ലിം നവോത്ഥാന സംരംഭങ്ങളുടെ പശ്ചാത്തലം വിവരിക്കുമ്പോള്‍ സിദ്ദീഖ് ഹസന്‍ സാഹിബ് വക്കം മൗലവിയുടെ നാമം എവിടെയും പരാമര്‍ശിച്ചുകണ്ടില്ല. മക്തി തങ്ങള്‍ക്ക് ശേഷം ഇസ്‌ലാമിക പ്രബോധന രംഗം ശുഷ്‌കമായി എന്ന പ്രാരംഭ ലേഖനത്തിലെ സൂചനയില്‍ തുടങ്ങി കേരളത്തില്‍ ഇസ്വ്‌ലാഹി ചലനങ്ങളുടെ ആദ്യ കിരണങ്ങള്‍ കെ.എം മൗലവി, ഇ.കെ മൗലവി, മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ നയിച്ച മുസ്‌ലിം ഐക്യ സംഘത്തിന്റെ (1922-'34) കീഴിലാണ് രൂപപ്പെട്ടത് എന്ന പ്രസ്താവനയോടെ വക്കം മൗലവി ഈ മേഖലയില്‍ നല്‍കിയ കനത്ത സംഭാവനകള്‍ പൂര്‍ണമായി വിസ്മൃതമാവുകയാണ് ചെയ്തത്.

മക്തി തങ്ങളും ഹമദാനി തങ്ങളും തുടങ്ങിവെച്ച നവോത്ഥാന സംരംഭങ്ങള്‍ വക്കം മൗലവിയില്‍ എത്തുമ്പോള്‍ ഒരു പുതിയ മാനം കൈവരിക്കുകയായിരുന്നു. പ്രമുഖ പരിഷ്‌കര്‍ത്താക്കളായ ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് രിദ എന്നിവരുടെ ചിന്താധാരകളെ കേരള മുസ്‌ലിം സമൂഹം ആദ്യമായി മൗലവിയില്‍ നിന്നാണ് മനസ്സിലാക്കിയത്. അവകാശങ്ങളുടെയും അറിവിന്റെയും ആശയങ്ങളുടെയും തരംഗങ്ങളാണ് വക്കം മൗലവി തന്റെ പത്രങ്ങളിലൂടെ ജനമധ്യത്തില്‍ എത്തിച്ചുകൊണ്ടിരുന്നത്. 1905-ല്‍ വക്കം മൗലവി പ്രസിദ്ധീകരിച്ച സ്വദേശാഭിമാനി രാജവാഴ്ചക്കാലത്ത് പൗരാവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി നിലകൊണ്ട തിരുവിതാംകൂറിലെ ആദ്യ പത്രമായിരുന്നു. 1906-ല്‍ തുടങ്ങി പത്തു വര്‍ഷം വക്കം മൗലവി നടത്തിയ മുസ്‌ലിം മാസിക സമുദായ പരിഷ്‌കരണത്തിനും വിജ്ഞാനപ്രചാരണത്തിനുമുള്ള ശക്തമായ മാധ്യമമായിരുന്നു. മലയാള ലിപി അറിയാത്ത സാമാന്യ ജനങ്ങളിലേക്ക് കടന്നുചെല്ലാന്‍ വക്കം മൗലവി അറബി-മലയാള ലിപിയില്‍ അല്‍ ഇസ്‌ലാം എന്ന മാസിക 1918-ല്‍ പ്രസിദ്ധീകരിച്ചു. മൗലവി തന്റെ ജീവിതസായാഹ്നത്തില്‍ നടത്തിയ ദീപിക (1930) പലതുകൊണ്ടും ശ്രദ്ധേയമായ മറ്റൊരു പ്രസിദ്ധീകരണമായിരുന്നു.

കാലോചിത വിദ്യാഭ്യാസത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള മൗലവിയുടെ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം അധിവാസ സ്ഥലങ്ങളില്‍ ധാരാളം സ്‌കൂളുകള്‍ സ്ഥാപിക്കപ്പെടാനും അറബിഭാഷാഭ്യസനം സര്‍ക്കാര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും അറബി അധ്യാപകരെ നിയമിക്കാനും ഹേതുവായി.

കേരളത്തിലങ്ങോളമിങ്ങോളം സംഘടനകള്‍ സ്ഥാപിക്കാന്‍ നേതൃത്വവും പ്രചോദനവും നല്‍കിയ വക്കം മൗലവിയായിരുന്നു 1922-ല്‍ രൂപീകരിക്കപ്പെട്ട കേരള മുസ്‌ലിം ഐക്യ സംഘത്തിന്റെ ചാലകശക്തിയും പ്രഥമ അധ്യക്ഷനും (കേരള നവോത്ഥാനം രണ്ടാം സഞ്ചിക, പി. ഗോവിന്ദപിള്ള).

എ. സുഹൈര്‍, ചെയര്‍മാന്‍ വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ്, 

തിരുവനന്തപുരം-35

കേരളത്തില്‍ നിന്ന് 'മദ്യ'വര്‍ഗം നാടൊഴിയുമോ?

 

         ഒരു പതിറ്റാണ്ട് കൊണ്ട് സമ്പൂര്‍ണ മദ്യവിപാടനം എന്ന ചരിത്രപരമായ സാമൂഹിക പരിഷ്‌കരണത്തിലേക്ക് ധീരമായ കാല്‍വെപ്പ് നടത്തിയ സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും സാമൂഹിക നന്മയാഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും മത-ജാതി-രാഷ്ട്രീയ വ്യത്യാസമില്ലാതെ സ്വാഗതം ചെയ്തു കഴിഞ്ഞു. നാട്ടിലും വീട്ടിലും സ്വാസ്ഥ്യവും സമാധാനവും ആഗ്രഹിക്കുന്ന, സമൂഹത്തില്‍ മദ്യത്തിന്റെ ദുരിതവും ദുരന്തവും ഏറെ അനുഭവിക്കുന്ന കുടുംബങ്ങളും കുടുംബിനികളും കുട്ടികളുമടക്കം, സര്‍ക്കാറിന്റെ മദ്യനിരോധന നയത്തെ ഏറെ ആശ്വാസത്തോടും ആഹ്ലാദത്തോടും കൂടിയാണ് വരവേറ്റത്.

എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തിന്റെ മഷിയുണങ്ങും മുമ്പേ മദ്യമാഫിയകള്‍ക്കും ബാര്‍ മുതലാളിമാര്‍ക്കും ഹിതകരമായ രീതിയില്‍ സര്‍ക്കാറിന്റെയും ഭരണത്തിന്റെയും ഭാഗമായവര്‍ തന്നെ സ്ഥാനത്തും അസ്ഥാനത്തും അനുചിതവും അയുക്തികവുമായ പ്രസ്താവനകളും പ്രസംഗങ്ങളും നടത്തുന്നത് ഭീതിയും ആശങ്കയുമുളവാക്കുന്നുമുണ്ട്.

മദ്യലഭ്യതയില്ലെങ്കില്‍ കേരളത്തില്‍ ടൂറിസവും വാണിജ്യവും വേരറ്റുപോകുമെന്ന അപക്വവും അബദ്ധജഡിലവുമായ വാദങ്ങളാണ് ഉന്നത ശ്രേണിയിലിരിക്കുന്നവരില്‍ നിന്നുതന്നെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്! ലക്ഷോപലക്ഷം ടൂറിസ്റ്റുകളെ 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലേക്ക് ആകര്‍ഷിച്ചത് ഇവിടത്തെ പ്രകൃതിയുടെ മനോഹാരിതയും നന്മനിറഞ്ഞ സംസ്‌കാര സുകൃതവുമാണെന്ന വസ്തുത പോലും 'മദ്യ'വാദത്തിന് വീര്യം പകരുന്നതിനു വേണ്ടി മറച്ചുപിടിക്കുന്ന നേതാക്കളും മന്ത്രിമാരും മദ്യലോബിയുടെ താല്‍പര്യങ്ങള്‍ക്ക് ചൂട്ടുപിടിക്കാനുള്ള ശ്രമത്തിലാണോയെന്ന് ന്യായമായും സംശയിച്ചുപോകുന്നു.

വി.എം സമീര്‍ കല്ലാച്ചി

പരലോക വാതില്‍ എനിക്കും തുറക്കണേ

 

         ഈ അടുത്തകാലത്ത് എന്റെയൊരു അധ്യാപക സുഹൃത്താണ് പ്രബോധനം വാരിക പരിചയപ്പെടുത്തിയത്. വാരിക വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ ചില വരികള്‍ കുറിക്കുന്നു.

അല്ലാഹുവിന്റെ മണ്ണില്‍ തിന്മകള്‍ കോര്‍ത്ത്-
അലങ്കാര മാലകള്‍ ചാര്‍ത്തുന്നു മാനവര്‍.
നന്മകള്‍ കൊണ്ട് ചാര്‍ത്തുന്ന തോരണം-
അറിയാതെ പോയിടുന്നു മാനവര്‍.
മനുഷ്യന്റെയുള്ളിലെ തിന്മതന്‍ ശക്തിയെ-
അമര്‍ത്തി ചവുട്ടി തൂത്തെറിഞ്ഞെന്നാല്‍
സത്യത്തിന്‍ മാര്‍ഗം തെളിഞ്ഞു കിട്ടുന്നു-
അവന്‍ സ്രഷ്ടാവിനെയും അറിഞ്ഞിടുന്നു.
പ്രബോധന സൂക്തങ്ങള്‍ കേള്‍ക്കു നീ മാനവാ,
പ്രകാശമായി ദൈവിക സരണിയില്‍ അണിചേരൂ.
നിരക്ഷര ജനതയില്‍ നിന്ന് അന്നൊരാളെ
പ്രവാചകനായി നിയോഗിച്ചയച്ചതും
വേദവും തത്ത്വജ്ഞാനവും പഠിപ്പിക്കാനല്ലയോ
സ്രഷ്ടാവേ നീ തന്നെ വഴികാട്ടിയായി
നന്മകള്‍ തുലാസില്‍ കനം തൂക്കി
പരലോക വാതില്‍ എനിക്കും തുറക്കണേ.

മോഹന്‍ദാസ് മുണ്ടശ്ശേരി

വിയോജിപ്പോടെ 
എന്തുകൊണ്ട് യോജിച്ചുകൂടാ...?

 

         കമ്യൂണിസവും ഇസ്‌ലാമും രണ്ടും വ്യത്യസ്തമാണ്. രണ്ടും മനുഷ്യ മോചനത്തിന് വേണ്ടി നിലകൊള്ളുന്നു എന്നതൊഴിച്ചാല്‍ രണ്ടും വിഭിന്നമാണ്. മനുഷ്യ സമൂഹത്തെ മറ്റെല്ലാ വിശ്വാസ സംഹിതകളില്‍ നിന്നും ദൈവങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും മോചിപ്പിച്ച് ഏകദൈവ വിശ്വാസത്തിലെത്തിക്കുകയാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. എന്നാല്‍ കമ്യൂണിസമാകട്ടെ തികച്ചും ഭൗതികമാണ്. എവിടെയുമുള്ള മര്‍ദിത വിഭാഗത്തെ മോചിപ്പിക്കുകയാണ് അതിന്റെ ലക്ഷ്യം. ഈ ലോകത്തെ മാത്രം മുന്നില്‍ കണ്ട് എഴുതപ്പെട്ട ഒരു ആശയമാണ്-മതമാണ്- മാര്‍ക്‌സിസം. 

ഇന്നത്തെ പരിതസ്ഥിതിയില്‍, കഴിയുന്നത്ര യോജിച്ചുപോകേണ്ട രണ്ട് പ്രസ്ഥാനങ്ങളാണ് ഇസ്‌ലാമും കമ്യൂണിസവും. ഇന്ന് കമ്യൂണിസ്റ്റുകാര്‍ കുത്തകകളുടെ വക്താക്കളായി മാറിയിട്ടുണ്ടെങ്കില്‍ അത് മൂല്യച്യുതിയുടെ ഭാഗമാണ്. അതേപോലെ ചില മുസ്‌ലിം രാഷ്ട്രങ്ങള്‍ വരെ കുത്തകക്കാര്‍ക്ക് കുഴലൂതുന്നുണ്ടെങ്കില്‍ അതും മൂല്യച്യുതിയുടെ ഭാഗമാണ്. ഈ വിരോധാഭാസങ്ങളെ ഇല്ലാതാക്കി ലക്ഷ്യപൂര്‍ത്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ഇന്നാവശ്യം.

അഹ്മദ് കുട്ടി പുത്തലത്ത്

ഇന്ത്യാ വിഭജനം എന്ന ദുരന്തം

 

         മേല്‍ ശീര്‍ഷകത്തില്‍ 2014 ജൂലൈ 25-ന്റെ പ്രബോധനത്തില്‍ വന്ന കത്തിനനുബന്ധമാണീ കുറിപ്പ്.

ഇന്ത്യാ വിഭജനം എന്ന് പറയുമ്പോള്‍ നേരത്തെ ഒരു അഖണ്ഡ ഇന്ത്യ ഏകീകൃത ഭാവത്തിലും സുഭദ്ര ഘടനയിലുമുണ്ടായിരുന്നുവെന്ന തോന്നലാണ് ഉളവാക്കുക. ഇന്ത്യന്‍ ദേശീയതയെന്ന സങ്കല്‍പം അടുത്തകാലത്തുണ്ടായതാണ്. ഇവിടെ നേരത്തെ ഒരൊറ്റ രാജ്യമായി നിലകൊള്ളുന്ന ഒരു വലിയ ദേശരാഷ്ട്രമായി ഇന്ത്യ ഉണ്ടായിരുന്നില്ല. പരസ്പരം പോരടിച്ചുകഴിഞ്ഞിരുന്ന നൂറുക്കണക്കിന് നാട്ടുരാജ്യങ്ങളാണുണ്ടായിരുന്നത്. പല നാട്ടുരാജ്യങ്ങളും വ്യത്യസ്ത ഭാഷയും സംസ്‌കാരവും ജീവിതരീതികളും ആചാര സമ്പ്രദായങ്ങളും പുലര്‍ത്തി വേറിട്ട വ്യക്തിത്വം പുലര്‍ത്തികഴിയുന്നവയായിരുന്നു. ഇതിനെ വേറിട്ട ദേശീയതയെന്ന് തന്നെ വിളിക്കാവുന്നതാണ്. പക്ഷേ, സൗകര്യത്തിന് വേണ്ടി നാമതിനെ ഇന്ന് ഉപദേശീയതയെന്ന് വിളിക്കുന്നു. ഉരുക്കുമുഷ്ടിയുപയോഗിച്ച് എല്ലാ ദേശീയതകളെയും ഒന്നിലേക്ക് ലയിപ്പിക്കുകയാണുണ്ടായതെന്ന നിരീക്ഷണം പലര്‍ക്കുമുണ്ട്. ഉപദേശീയതകള്‍ എന്ന് ഇപ്പോള്‍ വിശേഷിപ്പിക്കപ്പെട്ട പ്രാദേശിക പാരമ്പര്യവും സ്വത്വവും സവിശേഷതകളും തീരെ പരിഗണിക്കപ്പെടുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നുമുണ്ട്.

തമിഴ്‌നാട്ടിലെ ദ്രാവിഡ പ്രസ്ഥാനവും ഹിന്ദിവിരുദ്ധ പ്രക്ഷോഭവും നാഗാലാന്റ് വാദവും പഞ്ചാബിലെ ഖലിസ്ഥാന്‍ വാദവും ബംഗാളി ദേശീയതയിലൂന്നി വിശാല ബംഗാള്‍ രൂപീകരിക്കണമെന്ന ചിന്താഗതിയും മറ്റും ഏതാനും ഉദാഹരണങ്ങള്‍ മാത്രം. കശ്മീരി പ്രശ്‌നത്തിലും ഇങ്ങനെ ഒരു വശമുണ്ടെന്ന നിരീക്ഷണമുണ്ട്. പാകിസ്താനില്‍ നിന്ന് ബംഗ്ലാദേശ് വേറിട്ട് പോയത് പണ്ടേ ഉള്ള ഭാഷാപരവും സാംസ്‌കാരികവും മറ്റുമായ വ്യക്തിത്വം തീരെ പരിഗണിക്കാത്ത നിലപാട് മറ്റുള്ളവര്‍ പുലര്‍ത്തിയതു കാരണമാണ്. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള സാംസ്‌കാരിക വൈജാത്യം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ മേധാവിത്വത്തെ അസംതൃപ്തിയോടെയും അമര്‍ഷത്തോടെയുമാണ് ഇവിടെ പലരും കാണുന്നത്.

'വിഭജനത്തിന് നേതൃത്വം കൊടുത്ത മുസ്‌ലിം ലീഗ്' എന്ന് പറയുന്നതും ശരിയല്ല; മുസ്‌ലിം ലീഗിനേക്കാള്‍ വലിയ പങ്ക് കോണ്‍ഗ്രസ്സിനാണ്. മൗലാനാ ആസാദിന്റെ 'India Wins Freedom' എന്ന കൃതിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. 

നമ്മുടെ സ്വാതന്ത്ര്യം ഒരു ഇരട്ട പ്രസവമായിരുന്നു. ഈ പ്രസവത്തില്‍ ഒരുപാട് രക്തം വാര്‍ന്ന് പോയിരുന്നു. നിരവധി കൊച്ചു കൊച്ചു നാട്ടുരാജ്യങ്ങളായി കഴിഞ്ഞിരുന്ന നമ്മുടെ നാട് ഇന്ത്യ, പാകിസ്താന്‍ എന്നീ രണ്ട് നാടുകളായിട്ടാണ് സ്വതന്ത്രയായത്. ഇന്ന് പാടിപ്പുകഴ്ത്തുന്ന ഇന്ത്യന്‍ ദേശീയതയെന്ന സങ്കല്‍പം ഇന്ന് പറയുന്ന അര്‍ഥത്തില്‍ 1947-ന് മുമ്പ് അത്ര സജീവമായി നിലനിന്നിട്ടില്ല. 1947-ല്‍ സംഭവിച്ചതിനെ ചൊല്ലി ശരിയല്ലാത്ത വിശകലനം ഇപ്പോള്‍ നടത്തുന്നതിലര്‍ഥമില്ല. അതിന് ശേഷം ഒരു തലമുറ ജനിച്ച് വര്‍ഷങ്ങള്‍ പിന്നിട്ട് വീണ്ടും മറ്റൊരു തലമുറയിലേക്ക് എത്തിയിരിക്കുകയാണ്- ഏതാണ്ട് ഏഴ് ദശകം കഴിഞ്ഞു. പുതിയ ലോക സാഹചര്യത്തില്‍ രാം മനോഹര്‍ ലോഹ്യയെ പോലുള്ളവര്‍ വളരെ ശക്തിയായി ഉന്നയിച്ച ഇന്ത്യാ-പാക് -ബംഗ്ലാ കോണ്‍ഫെഡറേഷന്‍ എന്ന ആശയം പ്രസക്തമാണോ എന്ന് അന്വേഷിക്കാവുന്നതാണ്. സാര്‍ക് എന്ന വേദി ഇതിന് സഹായകമായ ഒരു സംവിധാനമാണ്. മൂന്ന് രാജ്യങ്ങള്‍ക്ക് (ഇന്ത്യ, പാക്, ബംഗ്ലാദേശ്) സഹകരിക്കാനും ഒന്നിക്കാനുമാണ് കൂടുതല്‍ കാരണങ്ങളുള്ളത്. എങ്കില്‍ മൂന്ന് നാടുകള്‍ക്കും പ്രതിരോധ ബജറ്റ് വളരെയേറെ വെട്ടിച്ചുരുക്കി ബഹുജന പുരോഗതിക്ക് ഫലപ്രദമായി യത്‌നിക്കാനാവും. പക്ഷേ, ആയുധ വ്യാപാരത്തിന് സകല കുടില തന്ത്രങ്ങളും നാനാ മാര്‍ഗേണ നിരന്തരം ഉപയോഗിക്കുന്നവര്‍ അതിന് നമ്മെ സമ്മതിക്കുകയില്ല. അമേരിക്കയും ഇസ്രയേലും മറ്റും പിന്നെങ്ങനെ, എവിടെ ആയുധം വിറ്റ് ലാഭമുണ്ടാക്കും?

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21/ അല്‍അമ്പിയാഅ്/ 7-10
എ.വൈ.ആര്‍