Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 19

പ്രാന്തങ്ങളിലുള്ളവര്‍ കേന്ദ്രങ്ങളിലേക്ക് കുടിയേറുമ്പോള്‍

അഹ്മദ് ദാവൂദ് ഒഗ്‌ലു /അഭിമുഖം-2

പാശ്ചാത്യ നാഗരികത പ്രതിസന്ധിയിലാണെന്ന് നിരവധി പടിഞ്ഞാറന്‍ ചിന്തകര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ഇതിലൊട്ടും പുതുമയില്ല. അതേസമയം തുര്‍ക്കി അതിന്റെ ചടുലത വീണ്ടെടുക്കുമെന്നും ഇസ്‌ലാമിക നാഗരികത ഉണര്‍വിന്റെ വഴിയിലാണെന്നുമൊക്കെ താങ്കള്‍ ശുഭാപ്തി പ്രകടിപ്പിക്കുകയും ചെയ്യുന്നു. മുസ്‌ലിം ലോകത്തിന് ഇപ്പോള്‍ ഗസാലിമാരെ സംഭാവന ചെയ്യാന്‍ സാധിക്കുന്നുണ്ടോ?

സകലതും തകിടം മറിയുകയും കുത്തഴിയുകയും ചെയ്യുന്ന ഒരു പുതിയ യുഗത്തിലേക്കാണ് നാമിനി പ്രവേശിക്കാനിരിക്കുന്നത്. പലതിനെയും ഉള്‍ക്കൊള്ളും വിധമുള്ള വിപുലമായ സമന്വയത്തി(synthesis)ലേക്ക് നമുക്ക് എത്തിച്ചേരേണ്ടിവരും. വരാന്‍പോകുന്നത് സ്വര്‍ഗീയ യുഗമാണെന്നൊന്നും ഞാനൊരിക്കലും അവകാശപ്പെടുന്നില്ല. മറിച്ച്, പാരിസ്ഥിതികമായും സത്താ ജ്ഞാനീയപരമായും കുഴഞ്ഞുമറിഞ്ഞത് തന്നെയായിരിക്കും അത്. കുഴഞ്ഞുമറിച്ചിലുകളാണ് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. പ്രതിസന്ധികള്‍ പുതിയൊരുതരം നൈതികതയെ സൃഷ്ടിക്കുകയും അത് നമ്മെ പുതിയൊരു ധൈഷണിക കുതിപ്പിന് പ്രാപ്തരാക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ പരമ്പരാഗത നൈതികത മതിയാവുകയില്ല. നമുക്ക് പുതിയ ജീവശാസ്ത്ര നൈതികതയും പാരിസ്ഥിതിക നൈതികതയും വേണം. പുതിയൊരു മാതൃക പരീക്ഷിക്കപ്പെടുന്ന യുഗത്തിന്റെ നിര്‍മിതിക്കായി നവീനവും എന്നാല്‍ മൗലികവുമായ ക്ലാസിക് രചനകള്‍ നമുക്ക് വേണ്ടി വരും. പൗരാണികലോകം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതായി ഞാന്‍ കാണുന്നു. ഇന്ത്യ ഉണരുകയാണ്. ചൈന ഉണരുകയാണ്.

തുര്‍ക്കിയുടെ അവസ്ഥയോ?

ഈ ധൈഷണിക കുതിപ്പിന് അതുല്യ സംഭാവനകളര്‍പ്പിക്കാനുള്ള ശേഷി തുര്‍ക്കിക്ക് ഉണ്ട്. വരും ദശകങ്ങളില്‍ തുര്‍ക്കിയില്‍ നിന്ന് വലിയ ധൈഷണിക ഉല്‍പന്നങ്ങള്‍ നാം പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്കറിയുമോ, സാമുവല്‍ ഹണ്ടിംഗ്ടണ്‍ തുര്‍ക്കിയെ വിശേഷിപ്പിക്കുന്നത്  'കീറിപ്പറിഞ്ഞ രാഷ്ട്രം' എന്നാണ്. നാഗരികസംവാദത്തില്‍ തുര്‍ക്കിക്ക് കാര്യമായ സംഭാവനകളൊന്നും നല്‍കാനില്ലെന്നും അദ്ദേഹം പറയുന്നു. തുര്‍ക്കി ശിഥിലമാണോ അല്ലേ എന്ന ചര്‍ച്ച നമുക്ക് മാറ്റിവെക്കാം. ഇനി തുര്‍ക്കി ശിഥിലമായ നാടാണെന്ന് തന്നെ സമ്മതിക്കുക. ചരിത്രം പരിശോധിച്ച് നോക്കൂ. ശിഥിലമാക്കപ്പെട്ട നാടുകളില്‍നിന്നാണ് വലിയ ചിന്തകരൊക്കെയും ഉയിര്‍കൊണ്ടിട്ടുള്ളത്. ബ്രിട്ടീഷ് ആഭ്യന്തരയുദ്ധത്തിന്റെ സംഭാവനയായിരുന്നു മാക്‌സ് വെബര്‍. ശിഥിലമായിക്കിടന്ന ജര്‍മനിയില്‍ നിന്നാണ് ഹെഗല്‍ ഉയര്‍ന്നുവന്നത്. അശാന്തമായ മനസ്സുകള്‍ മാത്രമേ പുതിയ ആശയങ്ങള്‍ തേടി പോവുകയുള്ളൂ. മിക്ക പ്രാചീന നാഗരിക കേന്ദ്രങ്ങളിലും ഏറ്റവുമൊടുവില്‍ അധീശത്വമുണ്ടായിരുന്നത് തുര്‍ക്കിക്കാണെന്നും ഓര്‍ക്കണം. അതെ, ഞാന്‍ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയുള്ളവനാണ്.

തകിടംമറിയലുകള്‍ നിര്‍ബന്ധമായും ധൈഷണിക കുതിപ്പിന് കാരണമായിക്കൊള്ളണമെന്നില്ലല്ലോ. ബൗദ്ധിക ഉല്‍പന്നം വേണമെങ്കില്‍ നാം വേറെത്തന്നെ ചില ഒരുക്കങ്ങള്‍ നടത്തേണ്ടതല്ലേ?

സത്താ വിജ്ഞാനീയത്തെ തിരിച്ചുപിടിക്കുക എന്നതാണ് അനിവാര്യമായിട്ടുള്ളത്. ഇത് രണ്ട് തരത്തിലുണ്ട്. വ്യക്തിപരമായതും ചരിത്രപരമായതും. ഓരോ വ്യക്തിയുടെയും മനോഘടനയും മനശ്ശാസ്ത്രവും എന്ത് എന്നതാണ് വ്യക്തിപരമായ തലത്തിലെ അന്വേഷണം. സാമൂഹിക സത്താവിജ്ഞാനീയത്തെ ഒരു ചരിത്ര പശ്ചാത്തലത്തില്‍ മനസ്സിലാക്കുക എന്നതാണ് രണ്ടാമത്തേത്. 'ഞാന്‍ ആരാണ്?', 'ഞാന്‍ എന്തിനെ പ്രതിനിധീകരിക്കുന്നു' തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സ്വയം കാഴ്ചയുടെ അടിസ്ഥാനത്തില്‍ നമുക്ക് ഉത്തരങ്ങള്‍ കാണേണ്ടതുണ്ട്. ഇത് ചരിത്രപരവും രാഷ്ട്രീയവുമായ ചോദ്യങ്ങള്‍ കൂടിയാണ്. അതിനാല്‍ സാമൂഹിക തലത്തിലും അവക്ക് ഉത്തരങ്ങള്‍ ലഭിക്കേണ്ടതുണ്ട്.

2009-ല്‍ യൂറോപ്യന്‍ യൂനിയനിലെ അംബാസഡര്‍മാരോട് നടത്തിയ പ്രഭാഷണത്തില്‍ താങ്കള്‍ താങ്കളുടെ സ്വപ്നത്തിലുള്ള ഒരു യൂറോപ്പിനെക്കുറിച്ച് പറയുകയുണ്ടായി. ഇന്നത്തെപ്പോലെ കാര്‍ക്കശ്യമില്ലാത്ത ഒരു യൂറോപ്പ്. ശക്തവും എന്നാല്‍ ഇലാസ്തികവുമായ ഒരു നാഗരികതയെക്കുറിച്ചാണ് താങ്കള്‍ സംസാരിച്ചത്. തുര്‍ക്കിയിലോ മറ്റേതെങ്കിലും പൗരാണിക നാഗരിക കേന്ദ്രങ്ങളിലോ സംഭവിക്കുന്ന ഉണര്‍വ് യൂറോപ്പിനെയോ പാശ്ചാത്യ നാഗരികതയെയോ കാര്യമായി സ്വാധീനിക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

തീര്‍ച്ചയായും. നാഗരികതകള്‍ ഇടപഴകുമ്പോള്‍, നാഗരിക പരിവര്‍ത്തനം അനിവാര്യമായിത്തീരുന്നു. നാഗരികതകളുടെ ചരിത്രം പഠിച്ചുനോക്കിയാല്‍, ഒരു പ്രത്യേക ഘട്ടമെത്തിയാല്‍ ഏതൊരു നാഗരികതയെയും പിന്നീട് വരുന്ന നാഗരികതകള്‍ സ്വാംശീകരിക്കുകയും ഗര്‍ഭം ധരിക്കുകയും ചെയ്യുന്നതായി കാണാന്‍ കഴിയും. പ്രാചീന നാഗരികതകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന പക്ഷം അത് പാശ്ചാത്യ നാഗരികതയുമായി ഇടപഴകുകയും പുതിയൊരു സമന്വയത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുമെന്ന് തീര്‍ച്ചയാണ്.

ഇസ്‌ലാമിക നാഗരികത പരിവര്‍ത്തനത്തിന്റെ രണ്ട് വലിയ യുഗങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. കുരിശുയുദ്ധ-മംഗോള്‍ അധിനിവേശ യുഗമാണ് ഒന്ന്. രണ്ടാമത്തേത് കൊളോണിയല്‍ യുഗം. അതിനിടക്ക് ചെറിയ മാറ്റങ്ങള്‍ വേറെയും നടക്കുന്നുണ്ട്. ഉദാഹരണത്തിന് ടര്‍ക്കിഷ് ഗോത്രങ്ങള്‍ ഇറാനിലേക്ക് കടന്നപ്പോഴാണ്, ഇരു നാഗരികതകളും ചേര്‍ന്ന് സല്‍ജൂക് ഭരണം എന്നസമന്വയം ഉണ്ടാകുന്നത്. പിന്നീട് ഈ സങ്കര നാഗരികത കിഴക്കന്‍ റോമന്‍-ബൈസന്തിയന്‍ നാഗരികതയുമായി ബന്ധം സ്ഥാപിക്കുകയും അങ്ങനെ ഉസ്മാനി നാഗരികതക്ക് ജന്മം നല്‍കുകകയും ചെയ്തു. പാശ്ചാത്യ നാഗരികതക്കും ഈ സമ്പര്‍ക്കത്തില്‍ നിന്ന് രക്ഷപ്പെടാനാവുകയില്ല. അതിനും പരിണാമങ്ങള്‍ വന്നുകൊണ്ടേയിരിക്കും. 

മാറ്റം വരും എന്ന് ഞാന്‍ പറയുന്നതിന്റെ ഒരു കാരണം, യൂറോപ്പിന്റെ ഹൃദയഭാഗങ്ങളില്‍ മുസ്‌ലിം സമൂഹവും മറ്റു കിഴക്കന്‍ വംശീയ വിഭാഗങ്ങളും പാര്‍പ്പുറപ്പിച്ചിരിക്കുന്നു എന്നതാണ്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്തും കിഴക്കന്‍ നാടുകളിലും പാശ്ചാത്യര്‍ അധീശത്വം സ്ഥാപിച്ചതിന്റെ സ്വാഭാവിക പരിണതിയാണിത്. ഈ കൂടുമാറ്റം ഒരു ചരിത്ര പ്രക്രിയയാണ്. അതായത് ഒരു കേന്ദ്രം അതിന്റെ ചുറ്റുമുള്ള പ്രാന്തങ്ങളെ (Periphery) ഭരിക്കാന്‍ തുടങ്ങുമ്പോള്‍ ആ പ്രാന്തങ്ങളില്‍നിന്ന് ജനം കേന്ദ്രത്തിലേക്ക് ഒഴുകും. റോം ഫലസ്ത്വീനെ കീഴടക്കി ഭരിച്ചിരുന്നില്ലെങ്കില്‍, ജൂതന്മാര്‍ ഒരിക്കലും റോമില്‍ എത്തുമായിരുന്നില്ല. എന്റെ നിരീക്ഷണം ഇതാണ്: പാശ്ചാത്യ അധീശത്വത്തിന്റെ രണ്ട് നൂറ്റാണ്ട് പൂര്‍ത്തിയായിരിക്കെ പ്രാന്തങ്ങളിലുള്ളവര്‍ അധീശത്വ നാഗരിക കേന്ദ്രങ്ങളിലേക്ക് നീങ്ങാന്‍ തുടങ്ങിയിരിക്കുന്നു. പുതിയൊരു സ്വയം കാഴ്ച കേന്ദ്രത്തിലേക്ക് നീങ്ങുന്ന ഈ ജനവിഭാഗങ്ങള്‍ക്കുണ്ടാകും. അത് പിന്നീട് ഒരു രാഷ്ട്രീയ ക്രമമായി മാറും. കാലക്രമത്തില്‍ പുതുതായി വന്നവര്‍ പല നിലയില്‍ ശക്തിയാര്‍ജിക്കുകയും ആ നാഗരികതയുടെ തന്നെ ഭാവിയെ നിര്‍ണയിക്കുകയും ചെയ്യും.

ഉസ്മാനി ഭരണകൂടങ്ങളെ നോക്കൂ. രണ്ട് നൂറ്റാണ്ട് കാലം ഉസ്മാനികള്‍ ബാല്‍ക്കനില്‍ അധീശത്വം നിലനിര്‍ത്തി. അങ്ങനെ സെര്‍ബിയനും മറ്റുമായ ബാല്‍ക്കന്‍ പശ്ചാത്തലമുള്ള ഒട്ടേറെ മന്ത്രിമാര്‍ രംഗപ്രവേശം ചെയ്തു. ഇങ്ങനെ പ്രാന്തങ്ങളിലുള്ളവര്‍ക്ക് വാതില്‍ തുറന്ന് വെച്ച കാലമത്രയും വെല്ലുവിളികളെ നേരിടാന്‍ ഉസ്മാനി ഭരണകൂടം പ്രാപ്തി നേടി. അതുകൊണ്ടാണ് ഉസ്മാനി ഖലീഫയെ പാദുഷ, ഖലീഫ എന്നതിനൊപ്പം കൈസറെ റൂം (റോമന്‍ കൈസര്‍) എന്നും വിളിച്ചിരുന്നത്. ഈ പ്രാന്ത സ്വാധീനങ്ങള്‍ക്ക് നേരെ വാതില്‍ കൊട്ടിയടച്ചപ്പോള്‍ ഉസ്മാനി ഭരണകൂടം നിലം പതിക്കുകയും ചെയ്തു. ഇത് യൂറോപ്പിനും ബാധകമാണ്. ഒന്നുകില്‍ അതിന് മുസ്‌ലിംകള്‍, ഹിന്ദുക്കള്‍, മറ്റു പൗരാണിക നാഗരികതകളുടെ ആളുകള്‍ എന്നിവരുടെ സംഭാവനകള്‍ കൂടി സ്വീകരിച്ചുകൊണ്ട് ഒരു സമുന്നത നാഗരികതയായി വളരാം; അല്ലെങ്കില്‍ അതിന് അധഃപതനത്തിലേക്കുള്ള വഴി തുറക്കാം. അങ്ങനെ സംഭവിച്ചാല്‍ അതൊരിക്കലും ചരിത്രത്തിന്റെ അന്ത്യമായിരിക്കില്ല; യൂറോപ്യന്‍ അധീശത്വത്തിന്റെ അന്ത്യം മാത്രമായിരിക്കും.

നാഗരികത പരിവര്‍ത്തനത്തിന് കൂടുതല്‍ സാധ്യതയുള്ളത് അമേരിക്ക(യൂനൈറ്റഡ് സ്റ്റേറ്റ്‌സ്)ക്കാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

തുടക്കത്തിലേ ഇക്കാര്യത്തില്‍ കുറെക്കൂടി അയവും വഴക്കവുമുള്ളത് യു.എസ്സിനാണ്. അതേസമയം കുടിയേറ്റക്കാര്‍ നിര്‍മിച്ച നാട് എന്ന നിലക്ക് അമേരിക്കക്ക് ഈ വെല്ലുവിളി അഭിമുഖീകരിക്കാതിരിക്കാന്‍ കഴിയില്ല. പ്രിന്‍സ്റ്റണ്‍ യൂനിവേഴ്‌സിറ്റിയില്‍ ഞാനൊരു പ്രഭാഷണം നടത്തിയിരുന്നു. 'ടെക്‌സാസില്‍ നിന്നുള്ള ഒരു സീസറിനെയല്ല, ബോസ്റ്റണില്‍ നിന്നുള്ള ഒരു മാര്‍കസ് ഒറീലിയുസിനെയാണ് ഇന്ന് അമേരിക്കക്ക് ആവശ്യം' എന്ന് ഞാന്‍ പറഞ്ഞു. ഒരു നാഗരികത രൂപപ്പെട്ട് വരുന്ന, സ്വയം കാഴ്ച വളരെ ശക്തമായിരിക്കുന്ന ആദ്യഘട്ടത്തില്‍ സീസറെപ്പോലെ ശക്തനും കര്‍ക്കശക്കാരനുമായ ഭരണാധികാരി വന്നാല്‍ അത് മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, നേരത്തേ പറഞ്ഞ പോലെ പ്രാന്തത്തിലുള്ളവര്‍ കേന്ദ്രത്തിലേക്ക് ഒഴുകിത്തുടങ്ങുന്ന ഘട്ടത്തില്‍ അധികാരത്തില്‍ വരുന്നയാള്‍ മറ്റൊരു റോമന്‍ ഭരണാധികാരിയായ മാര്‍കസ് ഒറിലിയുസിനെപ്പോലെ പുതുതായി വരുന്നവരെ സ്വീകരിക്കുന്നവനും അവരുടെ നാഗരിക സംഭാവനകളെ വിലമതിക്കുന്നവനുമായിരിക്കണം. സീസറിന് ശേഷം മാര്‍കസ് ഒറീലിയുസിന് ജന്മം നല്‍കാന്‍ കഴിയാതെ വരുന്ന സമൂഹങ്ങള്‍ പെട്ടെന്ന് തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തും.

അമേരിക്കയില്‍ മാര്‍കസ് ഒറീലിയുസ് വന്നു എന്ന് കരുതുന്നുണ്ടോ?

ബറാക് ഒബാമയെക്കുറിച്ചാണോ? അദ്ദേഹം ഒരേസമയം റോമിന്റെ മാര്‍കസ് ഒറിലീയുസും ഉസ്മാനികളുടെ സൊകുല്ലു മുഹമ്മദ് പാഷയും ആണ് (ബോസ്‌നിയയിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച്, പടിപടിയായി ഉയര്‍ന്ന് ഖലീഫയുടെ അധികാരം വരെ കൈയാളിയ ഉസ്മാനി പ്രധാനമന്ത്രിയാണ് സൊകുല്ലു. വിവ). നോക്കൂ, രണ്ട് തലമുറകള്‍ക്ക് മുമ്പ് വെള്ളക്കാരും ആഫ്രോ അമേരിക്കക്കാരും ഒരേ ബസില്‍ യാത്ര ചെയ്യില്ലായിരുന്നു. സാമൂഹിക-സാംസ്‌കാരിക, സാമൂഹിക-രാഷ്ട്രീയ ഘടനയുടെ പുറത്തായിരുന്നു കത്തോലിക്കരും ജൂതരും ഉണ്ടായിരുന്നത്. ഇന്ന് ആ സമൂഹം ഒരു ആഫ്രോ- അമേരിക്കക്കാരനെ തങ്ങളുടെ പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുന്നു. ഇത് തീര്‍ച്ചയായും ഒരു ക്രിയാത്മക നീക്കം തന്നെ. ഒരു നിലക്ക് പറഞ്ഞാല്‍, ആന്തരികവത്കരിക്കാനുള്ള (Internalization) കഴിവ് അമേരിക്കക്കാര്‍ക്ക് കൂടുതലാണ്. യൂറോപ്പും ഇത് ചെയ്യേണ്ടിവരും. പക്ഷേ, ചില കടുത്ത പാഠങ്ങള്‍ പഠിച്ചാലേ യൂറോപ്പിന് ഇത് മനസ്സിലാവൂ എന്നാണ് തോന്നുന്നത്. അമേരിക്കയില്‍ മുസ്‌ലിംകളെയും ഹിസ്പാനിക് നാഗരികതകളെയും ആന്തരികവത്കരിക്കുന്നത് വളരെ സ്വാഭാവികമായ രീതിയില്‍ നടക്കുന്നുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

വിവിധ നാഗരിക മണ്ഡലങ്ങളെ (Civilizational Zones) കുറിച്ച് താങ്കള്‍ സംസാരിക്കുകയുണ്ടായി. പലരും പറയുന്നത്, പഴക്കമുള്ളതും എന്നാല്‍ ശക്തവുമായ ഒരു നാഗരികതക്ക് മാത്രമേ യഥാര്‍ഥ ആഗോളീകരണം കൊണ്ട് വരാന്‍ കഴിയൂ എന്നാണ്. ചരിത്രത്തിന്റെ ഒടുവില്‍ ഒരു ആഗോള നാഗരികത ജന്മമെടുക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

ഒന്നാമതായി മനസ്സിലാക്കേണ്ടത്, നാഗരികതയുടെ പ്രകൃതത്തിന് വൈവിധ്യമാര്‍ന്ന തലങ്ങളുണ്ട് എന്നതാണ്. ഒറ്റ ആഗോള നാഗരികതയേയുള്ളൂ എന്നും, നാം കാണുന്ന വൈവിധ്യങ്ങളും വ്യത്യാസങ്ങളും നാഗരികപരമല്ലെന്നും സാംസ്‌കാരികം മാത്രമാണെന്നും ഒരു വാദമുണ്ട്. ഇത് ഏകരൂപതാ (Uniformist) അവകാശവാദമാണ്. ഒറ്റ നാഗരികതയേയുള്ളൂ, അത് പാശ്ചാത്യ നാഗരികതയാണ് എന്നാണിവര്‍ പറഞ്ഞുവെക്കുന്നത്. അതായത്, മറ്റു നാഗരികതകളെല്ലാം കാലഹരണപ്പെട്ടതും ചരിത്ര പ്രയാണത്തിനിടെ തുടച്ചുനീക്കപ്പെടേണ്ടതുമാണെന്ന്. നാഗരിക അധീശത്വത്തിന്റെ തലത്തില്‍ നിന്നുകൊണ്ടാണ് ഈ സംസാരം. ഇതൊരു അധീശത്വ വ്യാമോഹം മാത്രമാണ്. ഈയൊരു നിലപാട് മറ്റുള്ള സമൂഹങ്ങളും സ്വീകരിച്ചാല്‍ പ്രശ്‌നം സങ്കീര്‍ണമാകും.

ലോകത്ത് വ്യത്യസ്ത നാഗരികതകളുണ്ടെന്ന് വാദിക്കുന്നു മറ്റൊരു വിഭാഗം. പക്ഷേ, അവ പരസ്പരം ഉന്മൂലനം ചെയ്യുന്നതിനുള്ള നിരന്തര പോരാട്ടത്തിലാണ്. ഞാന്‍ വാദിക്കുന്നത്, വിവിധ നാഗരികതകള്‍ ഉണ്ടെന്നും അവ ഏറ്റുമുട്ടുകയല്ല, പരസ്പരം സമ്പര്‍ക്കപ്പെടുകയാണ് ചെയ്യുന്നത് എന്നുമാണ്. സംഘട്ടനം ഒരു അനിവാര്യതയല്ല. സമ്പര്‍ക്കത്തിലൂടെയാണ് പുതിയ സ്വയംകാഴ്ചകള്‍ (Self-Perceptions) രൂപപ്പെടുന്നത്. വിവിധ ബദല്‍ മാതൃകകള്‍ സൃഷ്ടിക്കപ്പെടുകയാണ്; അവ പരസ്പരം പ്രതിയോഗികളാണ് എന്ന് നമുക്ക് പറയാന്‍ പറ്റുകയില്ല.

ആഗോളീകരണത്തെക്കുറിച്ച്, അത് ചരിത്രത്തിലെ പുതിയ പ്രതിഭാസമൊന്നുമല്ലെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ ഇവിടെ ഒരു വ്യത്യാസമുണ്ട്. മുന്‍കാല ആഗോളവല്‍ക്കരണങ്ങള്‍ ഭൂമിശാസ്ത്രത്താല്‍ പരിമിതപ്പെടുത്തപ്പെട്ടിരുന്നു. ഇന്നത്തെ ആഗോളവല്‍ക്കരണമാകട്ടെ സര്‍വ ഭൂമിശാസ്ത്ര അതിരുകളെയും ഭേദിക്കുന്നതാണ്. ഈ വ്യത്യാസമുണ്ടെങ്കിലും, പഴയവയും പുതിയതും തമ്മില്‍ ചില താരതമ്യങ്ങള്‍ സാധ്യമാണ്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലത്തെ പരിമിതാര്‍ഥത്തിലുള്ള ആഗോളീകരണം മൂന്ന് ഗ്രീക്ക് തത്ത്വശാസ്ത്ര പ്രവണതകള്‍ക്ക് ജന്മം നല്‍കിയതായി നാം കാണുന്നു. സ്റ്റോയിസിസം, സിനിസിസം, എപ്യുക്യൂറിയനിസം എന്നിവയാണവ. ഗ്രീസിനെയും ബാബലിനെയും അടക്കിവാഴുന്ന ഒരു യാന്ത്രിക ക്രമത്തിന് വേണ്ടി വാദിച്ചവരാണ് സ്റ്റോയിസിസത്തിന്റെ വക്താക്കള്‍. ഈ യാന്ത്രിക ക്രമത്തിനെതിരെയുള്ള പ്രതികരണമായിട്ടാണ് ദോഷാനുദര്‍ശനത്തിന്റെ/സിനിസിസത്തിന്റെ പിറവി. 'എന്റെ വെയിലിന് മറയാകാതെ ഒന്ന് മാറിനില്‍ക്കൂ' എന്ന് ഡയോജനിസ്, അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയോട് ആവശ്യപ്പെടുന്നത് യാന്ത്രിക ക്രമത്തോടുള്ള ചെറുത്തുനില്‍പ്പിന്റെ പ്രതീകാത്മക ആവിഷ്‌കാരമായും മനസ്സിലാക്കാം. ഭോഗാസക്തിയുടെ എപ്പിക്യൂറിയന്‍ ചിന്ത ജന്മമെടുക്കുന്നത് ഈ പുതിയ സാഹചര്യത്തിലാണ്. 'പുതിയ യാന്ത്രികക്രമത്തിന്റെ തണലില്‍ നമുക്ക് സുഖഭോഗങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കാം' എന്നാണ് ഇതിന്റെ വക്താക്കള്‍ ഉപദേശിക്കുന്നത്.

നവീന ആഗോളീകരണം ഈ മൂന്ന് പ്രവണതകളെയും പുനഃസൃഷ്ടിച്ചതായി നമുക്ക് കാണാം. 'പുതിയ ലോകക്രമ'ത്തെക്കുറിച്ച് സംസാരിക്കുന്നവരാണ് അഭിനവ സ്റ്റോയിക്കുകള്‍. പോസ്റ്റ് മോഡേണിസ്റ്റുകളാണ് ഇന്നത്തെ സിനിക്കുകള്‍ അഥവാ ദോഷൈകദൃക്കുകള്‍. നാഗരികതകള്‍ തമ്മിലുള്ള സമ്പര്‍ക്കമോ അന്വേഷണമോ ഒന്നും വേണ്ടെന്നും ഓരോ നാഗരികതയും അന്വേഷണം അതിനകത്ത് തന്നെ ഒതുക്കിയാല്‍ മതിയെന്നുമാണ് അവര്‍ പറയുന്നത്. പരമസത്യത്തെക്കുറിച്ച അന്വേഷണമൊക്കെ മതിയാക്കി ഓരോരുത്തനും അവനവനില്‍ അഭിരമിക്കട്ടെ എന്നാണ് വാദം. പോസ്റ്റ്‌മോഡേണിസത്തിന്റെ ആമുഖമാണ് ഈ വാദം. ആഗോളീകരണത്തോടുള്ള എപ്യുക്യൂറിന്‍ പ്രതികരണമാണ് ഇന്നത്തെ ഉപഭോഗ സംസ്‌കാരം. 'എനിക്കെന്റെ കൊക്കക്കോള കിട്ടുന്നുണ്ടല്ലോ, ഞാന്‍ ഹാപ്പിയാണ്. പിന്നെയെന്തിന് ഞാന്‍ വ്യവസ്ഥകളുടെ തകരാറിനെക്കുറിച്ച് വേവലാതിപ്പെടണം' എന്നതാണ് ചിന്താഗതി.

അലക്‌സാണ്ട്രിയന്‍ ആഗോളീകരണ കാലത്തുണ്ടായത് ഇന്ന് ആവര്‍ത്തിക്കപ്പെടുന്നു. ഇക്കാലത്ത് ലോകത്തെ ഓരോ തെരുവിലും ഇത് സംഭവിക്കുന്നുണ്ട് എന്ന വ്യത്യാസം മാത്രം. ഇപ്പോഴത്തേത് ധ്രുതഗതിയിലുള്ളതാണെന്നും അതൊരു പുതിയ തത്ത്വശാസ്ത്ര ചര്‍ച്ചക്ക് വഴിയൊരുക്കുമെന്നുമാണ് ഇപ്പോള്‍ പറയാന്‍ കഴിയുക. മാര്‍ട്ടിന്‍ ഹൈഡേഗറോടെ (1889-1976) തത്ത്വദര്‍ശനം നിന്നുപോയിട്ടില്ല; നമ്മള്‍ പുതിയൊരു തത്ത്വദര്‍ശനത്തിന്റെ പടിവാതില്‍ക്കലാണ്.

നാഗരികതകള്‍ തമ്മിലെ അഭിമുഖീകരണത്തെപ്പറ്റി പറയുമ്പോള്‍ സമ്പര്‍ക്കം എന്ന വാക്കാണ് താങ്കള്‍ സ്ഥിരമായി പ്രയോഗിക്കുന്നത്. സമന്വയത്തെ (Synthesis) കുറിച്ച് താങ്കള്‍ പറയുന്നു. എന്നാല്‍, വൈരുധ്യാത്മകതയെക്കുറിച്ച് മിണ്ടുന്നുമില്ല?

സമന്വയത്തിലെത്താന്‍ ഹെഗല്‍ നിര്‍ദേശിക്കുന്ന രീതിയുണ്ടല്ലോ, ആശയം-പ്രതി ആശയം-സമന്വയം. ഈ ഹെഗലിയന്‍ വൈരുധ്യാത്മക ദര്‍ശനത്തില്‍ നിന്ന് ഞാന്‍ വിട്ടുനില്‍ക്കുകയാണ്. ഒരു സമന്വയം ഉണ്ടാകുന്നത് ഇങ്ങനെത്തന്നെയാവണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഒരു ആശയ(Thesis)ത്തിന് പ്രതിആശയം (Anti-thesis) ഇല്ലാതെ തന്നെ സമന്വയം സാധ്യമാണെന്നാണ് ഞാന്‍ കരുതുന്നത്. ഹെഗലിന്റെ ഈ ആശയത്രയം പടിഞ്ഞാറും ഇസ്‌ലാമും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതില്‍ ഒരു പ്രയോജനവും ചെയ്യില്ല. പടിഞ്ഞാറും ഇസ്‌ലാമും-ഇതില്‍ ഏതാണ് തിസീസ്, ഏതാണ് ആന്റി തിസീസ്? അതുകൊണ്ടാണ് 'സമ്പര്‍ക്കം' എന്ന വാക്ക് ഞാന്‍ ഉപയോഗിക്കുന്നത്. വൈരുധ്യങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ ക്രിയാത്മകമായ ധൈഷണിക പരിസരം സൃഷ്ടിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല; പക്ഷേ, അതൊരു അനിവാര്യതയല്ലെന്ന് മാത്രം.

ഇനിയൊരു രാഷ്ട്രീയ ചോദ്യം. യൂറോപ്യന്‍ യൂനിയന്‍ തുര്‍ക്കിയെ ഒരു അംഗമായി സ്വീകരിക്കുമെന്നും അങ്ങനെ നാഗരിക സമ്പര്‍ക്കത്തിന് വഴിയൊരുങ്ങുമെന്നും താങ്കള്‍ കരുതുന്നുണ്ടോ?

അതെ, യൂറോപ്യന്‍ യൂനിയന്‍ തുര്‍ക്കിയെ അംഗമായി സ്വീകരിക്കുമെന്ന് തന്നെ ഞാന്‍ കരുതുന്നു. അങ്ങനെയാവുമ്പോള്‍, യൂറോപ്യന്‍ ആഗോളീകരണത്തിന്റെ ലിറ്റ്‌മെസ് പരീക്ഷ കൂടിയാവും അത്. ഇത് യൂറോപ്പിലേക്ക് ഒരു സംസ്‌കാരധാരയെ കടത്തിവിടുകയും ധൈഷണിക ചര്‍ച്ചകള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുകയും ചെയ്യുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇതിന്റെ ഫലമായെന്നോണം, ഏകദൈവത്വാശയങ്ങള്‍ പിന്തുടരുന്ന ശക്തമായ ക്രൈസ്തവ സംഘടനകള്‍ ഉയര്‍ന്നുവരുമെന്നും ഞാന്‍ പ്രവചിക്കുന്നു. വിശദീകരിക്കാം. നഗരങ്ങളുടെ ബാഹ്യരൂപകല്‍പ്പന അവയുടെ താത്ത്വികാടിത്തറകളെ സ്വാധീനിക്കും. ഇന്ന് ചില യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ മിനാരങ്ങള്‍ക്കെതിരെ കടുത്ത നിലപാടെടുക്കുന്നുണ്ടല്ലോ. എന്തുകൊണ്ട്? കടുത്തതും കര്‍ക്കശവുമായ അവരുടെ സ്വയം കാഴ്ച തന്നെയാണ് അതിന് കാരണം. ഇനി അത്തരം യൂറോപ്യന്‍ നഗരങ്ങളില്‍ വിവിധ സംസ്‌കാരങ്ങളുടെ കലാശില്‍പ്പ മാതൃകകള്‍ ഉണ്ടായിരുന്നുവെന്ന് സങ്കല്‍പ്പിക്കുക. എങ്കില്‍ അവിടെ പാര്‍ക്കുന്ന ജനങ്ങള്‍ കൂടുതലായി ബഹുസ്വരതയെ മാനിക്കുന്നവരായിത്തീര്‍ന്നേനേ.

സ്വിറ്റ്‌സര്‍ലന്റിലെ മിനാര പ്രശ്‌നം ചര്‍ച്ച ചെയ്യാനായി വെനീസില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഞാനും പങ്കെടുത്തിരുന്നു. പടിഞ്ഞാറുമായി ഒത്തുപോകുന്നില്ല എന്ന് പറഞ്ഞ് പലരും തുര്‍ക്കിയെയും ഇസ്‌ലാമിനെയും ഭര്‍ത്സിച്ചുകൊണ്ടിരുന്നു. എന്റെ ഊഴം വന്നപ്പോള്‍ ഞാനവരോട് ഒറ്റ ചോദ്യം ചോദിച്ചു: ''വിവിധ സംസ്‌കാരങ്ങളുടെ മുദ്രകളുള്ള -ക്രൈസ്തവത, ജൂതായിസം, ഇസ്‌ലാം എന്നിവയുടേത് മാത്രമല്ല, പ്രാചീന നാഗരികതകളുടേതും-ഒരു നഗരം കാണാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്ന് കരുതുക. നിങ്ങള്‍ എങ്ങോട്ടാണ് പോവുക? ലണ്ടനിലേക്കാ പാരീസിലേക്കോ, അതോ ഇസ്തംബൂളിലേക്കോ മര്‍റാകുശിലേക്കോ ജറൂസലമിലേക്കോ? അങ്ങനെയൊരു നഗരം യൂറോപ്പിലുണ്ടോ?'' അപ്പോള്‍ ചിലര്‍ പറഞ്ഞു, സരയേവോ (ബോസ്‌നിയ) ഉണ്ടല്ലോ. പക്ഷേ സരയേവോ നഗരം ഉസ്മാനി ഭരണകര്‍ത്താക്കളുടെ നിര്‍മിതിയാണ്. സരയേവോവിലെ ബസ്‌കാര്‍സിജ (പഴയ തെരുവ്) യില്‍ മസ്ജിദും സിനഗോഗും ചര്‍ച്ചും തോളുരുമ്മി നില്‍ക്കുന്നത് കാണാം. ബസ്‌കാര്‍സിജക്ക് ചുറ്റുമുള്ളത് ആസ്‌ട്രോ-ഹംഗേറിയന്‍ കാലത്തെ നഗരമാണ്. അവിടെ നിങ്ങള്‍ ചര്‍ച്ചുകള്‍ മാത്രമേ കാണൂ. പിന്നെയുള്ളത് മാര്‍ക്‌സിസ്റ്റ്-യൂഗോസ്ലാവിയന്‍ കാലത്തെ നഗരമാണ്. അവിടെ ഒരു ചര്‍ച്ച് പോലും കണ്ടെത്താന്‍ കഴിയില്ല. കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ ബഹുസ്വരതയുടെ അവസ്ഥയാണിത്.

പക്ഷേ ഞാന്‍ പറഞ്ഞ മാറ്റങ്ങള്‍ ഒരിക്കലും ഏകപക്ഷീയമല്ല. ഒഴുക്ക് അങ്ങോട്ടുള്ളത് പോലെ ഇങ്ങോട്ടുമുണ്ടാകും. അത്തരമൊരു ഒഴുക്ക് കിഴക്കന്‍ യൂറോപ്പില്‍നിന്ന് തുര്‍ക്കിയിലേക്ക് ഉണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. പോര്‍ച്ചുഗീസുകാരും ബ്രസീലുകാരും ഇസ്തംബൂളില്‍ ധാരാളമായി കാണപ്പെടാനും തുടങ്ങും. അവര്‍ അവരുടെ ആവശ്യങ്ങളുമായാണ് വരുന്നത്. ഇത് തുര്‍ക്കിയെയും മാറ്റിത്തീര്‍ക്കും. ഏതെങ്കിലും ഒരു വീക്ഷണഗതിയെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള നില്‍നില്‍പ്പ് തുര്‍ക്കിക്കോ യൂറോപ്പിനോ സാധ്യമല്ലാതെ വരും. ഇതൊട്ടും എളുപ്പമുള്ള പ്രക്രിയയല്ല; എന്നാല്‍ അതില്‍നിന്ന് വിടുതല്‍ നേടുക സാധ്യവുമല്ല. 

(അവസാനിച്ചു)

വിവ: കെ.എം.എ


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21/ അല്‍അമ്പിയാഅ്/ 7-10
എ.വൈ.ആര്‍